അമ്മായിയുടെ മകൻ്റെ പാത്രത്തിൽ പലതരം വിഭവങ്ങൾ നിറയുമ്പോൾ എൻ്റെ പാത്രത്തിൽ ഒരിക്കലും…

നല്ല പാതി….

Story written by Suja Anup

==============

“മുന്നോട്ടുള്ള ജീവിതം അങ്ങനെ നോക്കുകുത്തി പോലെ നില്പുണ്ട്. ബിരുദം വരെ അമ്മ വീട്ടുകാരുടെ കാരുണ്യത്തിലാണ് പഠിച്ചത്.”

ഇന്ന് കെട്ടും കിടക്കയും എടുത്തു തിരിച്ചു വീട്ടിലേയ്ക്കു പോകണം. കൂടുതൽ പഠിപ്പിക്കുവാൻ അമ്മായി സമ്മതിക്കില്ല….

എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…

*****************

പഴയ തറവാട്ടുകാരാണെന്നു പറഞ്ഞിട്ട് കാര്യമില്ല. തറവാട്, വീതം വച്ചപ്പോൾ അച്ഛന് ഒന്നും കിട്ടിയില്ല. പ്രൈവറ്റ് കമ്പനിയിലെ ചെറിയ ജോലി കൊണ്ട് അച്ഛന് വീടിൻ്റെ രണ്ടറ്റങ്ങളും കൂട്ടി മുട്ടിക്കുവാൻ കഴിയുമായിരുന്നില്ല. വാടക വീട്ടിലാണ് താമസിക്കുന്നത് തന്നെ..

താഴെയുള്ള രണ്ടു അനിയത്തിമാരെ പഠിപ്പിക്കുവാൻ അച്ഛൻ തീരുമാനിച്ചൂ. സ്ത്രീധനമോ കൊടുക്കുവാനില്ല വിദ്യാഭ്യാസവും കൂടെ ഇല്ലെങ്കിൽ എന്ത് ചെയ്യും.

പത്താം തരം കഴിഞ്ഞപ്പോൾ പഠനം നിറുത്തി പണിക്കു പോകുവാൻ തീരുമാനിച്ച എന്നെ അമ്മയോടുള്ള പ്രത്യേക സ്നേഹം കൊണ്ട് അമ്മാവൻ വീട്ടിൽ കൊണ്ട് പോയി നിറുത്തി പഠിപ്പിക്കുവാൻ തീരുമാനിച്ചൂ…

അമ്മായിയുടെ മകൻ്റെ പാത്രത്തിൽ പലതരം വിഭവങ്ങൾ നിറയുമ്പോൾ എൻ്റെ പാത്രത്തിൽ ഒരിക്കലും മാറ്റം വരാതെ തുടർന്നത് ചമ്മന്തി മാത്രം ആയിരുന്നൂ.

എല്ലാം സഹിച്ചു പിടിച്ചു നിൽക്കുവാനേ ആകുമായിരുന്നുള്ളു, വീട്ടിൽ പലപ്പോഴും പട്ടിണിയാണ്, എനിക്ക് ഇവിടെ അത് അനുഭവിക്കേണ്ടി വരുന്നില്ലല്ലോ എന്നാണ് അച്ഛൻ ചോദിച്ചത്….

*****************

ബിരുദ ഫലം വന്നപ്പോൾ ഡിസ്റ്റിംഗ്‌ഷൻ ഉണ്ട്. ബിരുദാനന്ത ബിരുദത്തിനു വിടണമെന്ന് അച്ഛനോട് അപേക്ഷിച്ചൂ…

“കോളേജ് വാദ്യാര്  ആവണം എന്നുള്ളത് കുട്ടിക്കാലം മുതലേ മനസ്സിൽ കൊണ്ട് നടന്ന മോഹമാണ്. ഇതു വരെ ഒരു ദുഃശീലവും ഇല്ല. ഒരു രൂപ പോലും അനാവശ്യമായി ചെലവ് ചെയ്തിട്ടില്ല.”

അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല….

പിറ്റേന്ന് അച്ഛൻ എന്നെയും കൂട്ടി കമ്പനിയിലെ സൂപ്പർവൈസറിനെ കണ്ടൂ. അവിടെ തന്നെ ഒരു ചെറിയ ജോലിയും ശരിയാക്കി തന്നൂ. എന്നെലും മാർക്ക് കുറഞ്ഞവർ പഠിക്കുവാൻ പോകുന്നത് കണ്ടപ്പോൾ പിടഞ്ഞത് എൻ്റെ മനസ്സാണ്…

ആകെയുള്ള ആശ്രയം അമ്മയാണ്..അമ്മയോട് സങ്കടം പറഞ്ഞു…

“എന്തിനാണമ്മേ എന്നെ ജനിപ്പിച്ചത്, ഒരു കുട്ടി മതിയായിരുന്നില്ലേ, അതിൻ്റെ ആഗ്രഹങ്ങൾ എങ്കിലും സാധിച്ചു കൊടുക്കുവാൻ പറ്റുമായിരുന്നല്ലോ. എന്നെ പോലെയുള്ള ജന്മങ്ങൾ ഭൂമിക്കു ഭാരമാണ്.”

കഴുത്തിൽ ആകെയുള്ള താലി മാല അമ്മ ഊരി തന്നൂ..

“ഇതു കൊണ്ട് നിനക്കാവുന്നത് ചെയ്തു കൊള്ളൂ, എൻ്റെ കൈയ്യിൽ ഇതേ ഉള്ളൂ. ഇതു വരെ കളയാതെ കാത്തു സൂക്ഷിച്ചൂ. നിന്നേലും വലുതായി എനിക്കൊന്നുമില്ല”

പെട്ടെന്നാണ് പുറകിൽ ശബ്ദം കേട്ടത്. അച്ഛൻ വന്നത് ഞാൻ അറിഞ്ഞിരുന്നില്ല. താലിയിൽ നോക്കിയ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞുവോ….

“വേണ്ടമ്മേ, എൻ്റെ മോഹങ്ങൾ എനിക്ക് അമ്മയുടെ സ്നേഹത്തേക്കാളും വലുതല്ല..”

ജോലിയുടെ കൂടെ സർക്കാർ ഉദ്യൊഗത്തിനായി പരീക്ഷകൾ എഴുതി തുടങ്ങി. കൂട്ടുകാരോട് അധികം സംസാരിക്കാതെ നോക്കി. അവരുടെ കലാലയ ജീവിത നിമിഷങ്ങൾ എന്നോട് പറയുമ്പോൾ ഉള്ളിൽ കരയുന്ന എന്നെ നിയന്ത്രിക്കുവാൻ എനിക്ക് ആവുമായിരുന്നില്ല…

പ്രതീക്ഷിക്കാതെയാണ് സെക്രട്ടറിയേറ്റിൽ ജോലി കിട്ടിയത്. ഒരുപാടു പരീക്ഷകൾ എഴുതിരുന്നൂ, മിക്കവാറും പരീക്ഷകളുടെ റാങ്ക് ലിസ്റ്റിലും കയറി പറ്റിയിരുന്നൂ….

ജോലി കിട്ടിയപ്പോൾ ഏറ്റവും സന്തോഷിച്ചത് അച്ഛനായിരുന്നൂ. പുതിയ ജോലി, പുതിയ സ്ഥലം, പതിയെ ഞാൻ എല്ലാം മറന്നു.

അവിടെ വച്ചാണ് ആദ്യമായി സുഷമയെ ഞാൻ കാണുന്നത്. പതിയെ ഞങ്ങൾ കൂട്ടുകാരായി. എനിക്ക് എന്തും ഏതും അവളോട് തുറന്നു പറയുവാൻ സാധിക്കുമായിരുന്നൂ. സൗഹ്രദത്തിൽ ഞാൻ ഒളിപ്പിച്ചു വച്ചിരുന്ന പ്രണയം ഒരിക്കലും അവളെ ഞാൻ അറിയിച്ചില്ല.

പൂജ അവധിക്കു നാട്ടിൽ പോയി തിരിച്ചു വന്ന എന്നോട് പറയുവാൻ സുഷമ ഒരു വിശേഷം കരുതി വച്ചിരുന്നൂ.

“അവൾക്കു നല്ലൊരു ആലോചന വന്നിട്ടുണ്ട്. ഉറപ്പിച്ചോട്ടെ എന്ന് അച്ഛൻ ചോദിച്ചൂ…”

അവൾ എൻ്റെ കണ്ണിലേയ്ക്ക് നോക്കി. “നിനക്ക് എന്നെ കെട്ടിക്കൂടെ”

ഞാൻ നിന്നിരുന്ന ഭൂമി പിളരുന്നതു പോലെ എനിക്ക് തോന്നി. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്.

“ഇരുപത്തി നാലാം വയസ്സിൽ, കെട്ടണം എന്ന് എങ്ങനെ അച്ഛനോട് പറയും. അനിയത്തിമാർ പഠിക്കുന്നൂ. ഒരു സ്ഥലം വാങ്ങി വീട് കെട്ടണം, പാവപ്പെട്ടവന് സ്വപ്നങ്ങൾ കാണുവാൻ അവകാശം ഉണ്ടോ. അവർക്കു മോഹിക്കുവാൻ അവകാശം ഉണ്ടോ. എല്ലാവരും കുറ്റം പറയില്ലേ, ജോലി കിട്ടിയപ്പോൾ തന്നെ അവൻ സ്വന്തം കാര്യം അന്വേഷിച്ചു പോയി എന്ന്”

അന്ന് രാത്രി മുഴുവൻ ഞാൻ കരഞ്ഞു. പക്ഷേ…ആദ്യമായി ഞാൻ മനസ്സിൽ ഒരു ഉറച്ച തീരുമാനം എടുത്തൂ…

******************

ഏതായാലും രണ്ടു വീട്ടുകാരുടെയും എതിർപ്പുകൾ അവഗണിച്ചു ഞാൻ സുഷമയെ കെട്ടി. ആദ്യരാത്രിൽ അവൾ എന്നോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ.

“ഹരിയുടെ ശമ്പളം വീട്ടിൽ കൊടുത്തേക്കണം, എൻ്റെ ശമ്പളം കൊണ്ട് നമുക്ക് ജീവിക്കാം. ഉള്ളത് കൊണ്ട് ഓണം പോലെ…..”

പിന്നീട് ഞാൻ തിരിച്ചറിഞ്ഞു, ജീവിതത്തിൽ ഞാൻ എടുത്ത ഒരേ ഒരു നല്ല തീരുമാനം അവളെ കെട്ടിയതായിരുന്നൂ എന്ന്….

*******************

“ഹരി, ഇന്ന് ജോലിക്കു കയറുകയല്ലേ, എല്ലാം നന്നായി വരട്ടെ…”

അമ്പലത്തിൽ  വച്ച് കണ്ടവരെല്ലാം നന്മകൾ നേർന്നൂ…”

എന്തിനും ഏതിനും തുണയായി നല്ലൊരു ജീവിത പങ്കാളി ഉണ്ടെങ്കിൽ എന്തും സാധ്യമാവുമെന്നു ഞാൻ തിരിച്ചറിയുകയായിരുന്നൂ…”

*******************

അന്ന് എൻ്റെ കൂടെ ഓഫീസിൽ സുഷമ വന്നില്ല. എന്തൊക്കെയോ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുണ്ട് എന്നും പറഞ്ഞു അവൾ പോയി..

വൈകീട്ടു ഓഫീസിൽ നിന്നും വരുമ്പോൾ ചിരിച്ചു കൊണ്ട് അവൾ കോലായിൽ കാത്തു നില്പുണ്ടായിരുന്നൂ. ചെന്ന് കയറിയ എൻ്റെ കൈയ്യിൽ അവൾ ഒരു കവർ തന്നൂ. ഞാൻ അത് തുറന്നു നോക്കി.

“ബിരുദാന്ത ബിരുദത്തിനു ഞാൻ ആഗ്രഹിച്ച കലാലയത്തിൽ ചേരുവാനുള്ള ആപ്പ്ളിക്കേഷൻ ഫോം ആയിരുന്നൂ അതിൽ..”

ഞാൻ എത്ര വേണ്ട എന്ന് പറഞ്ഞിട്ടും ജോലിയിൽ നിന്നും ലീവ് എടുപ്പിച്ചു അവൾ എന്നെ പഠിപ്പിച്ചൂ. ബിരുദാന്തര ബിരുദവും കഴിഞ്ഞ് NET പാസ്സായി ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജോലിയിൽ പ്രവേശിച്ചൂ..”

“എൻ്റെ പെങ്ങമ്മാരെ ഞാൻ ആഗ്രഹിച്ച രീതിയിൽ പറഞ്ഞയക്കുവാൻ എനിക്ക് ഇനി സാധിക്കും, ഇതുവരെ എൻ്റെ പെങ്ങമ്മാരേയും മാതാപിതാക്കളെയും ഒരു കുറവും അറിയിക്കാതെ നോക്കിയത് എൻ്റെ നല്ല പാതിയാണ് “

********************

“ഈ നിമിഷം എനിക്ക് സന്തോഷമുണ്ട്. ജീവിതം ഒന്നേയുള്ളൂ. നേടണം എന്ന് ഒത്തിരി ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നും ഉണ്ടാവില്ല. അതിനു തുണയായി ഒരു നല്ല പാതി ഉണ്ടെങ്കിൽ ജീവിതം മനോഹരമാണ്…”