ആദ്യമായി അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കയറി വരുമ്പോൾ സന്തോഷത്തേക്കാൾ ദുഖമായിരുന്നൂ മനസ്സ് നിറയെ…

രണ്ടാനമ്മ…

Story written by Suja Anup

==============

“അദ്ദേഹം പോയി. ഇനി എനിക്ക് ഇവിടെ ആരാണുള്ളത്? “

ചിതയിലേക്കെടുക്കുന്ന ശരീരത്തിൽ അവസാനമായി ഞാനൊന്നു നോക്കി. എൻ്റെ കണ്ണുനീരെല്ലാം എപ്പോഴേ വറ്റിപ്പോയിരുന്നൂ. നീണ്ട 30 വർഷക്കാലം അദ്ദേഹത്തിന് തുണയായി ഞാൻ ഉണ്ടായിരുന്നൂ…

ആദ്യമായി അദ്ദേഹത്തിൻ്റെ ആലോചന വന്നപ്പോൾ എനിക്ക് എതിർപ്പായിരുന്നൂ. എന്നേലും 15 വയസ്സ് കൂടുതലുള്ള മൂന്ന് കുട്ടികളുടെ അച്ഛനായ രണ്ടാം കെട്ടുകാരൻ…

എൻ്റെ സ്വപ്നങ്ങളിൽ ഞാൻ കണ്ട രാജകുമാരൻ അങ്ങനെ ആയിരുന്നില്ല. അച്ഛനില്ലാത്ത, വീട്ടിൽ നാലു പെൺകുട്ടികളിൽ മൂത്തവളായ പതിനേഴുകാരിക്ക് അതിലപ്പുറം മോഹിക്കുവാൻ ഒന്നുമുണ്ടായിരുന്നില്ല.

അമ്മാവൻ പറഞ്ഞു ” ഇനി മറിച്ചൊരു ചിന്ത വേണ്ട”

ആദ്യമായി അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കയറി വരുമ്പോൾ സന്തോഷത്തേക്കാൾ ദുഖമായിരുന്നൂ മനസ്സ് നിറയെ. പോരുമ്പോൾ കളിക്കുവാൻ കരുതി വച്ചിരുന്ന വളപ്പൊട്ടുകൾ ഞാൻ കൂട്ടുകാരിക്ക് നൽകി.

അദേഹത്തിൻ്റെ അമ്മയുടെ ഒക്കത്തു ഞാൻ കണ്ടു “ഒരു പാവം രണ്ടു വയസ്സുകാരൻ”, പിന്നിൽ രണ്ടു വയസ്സ് വ്യത്യാസത്തിൽ ഒരു നാലു വയസ്സുകാരനും, ആറു വയസ്സുകാരനും.

പിന്നീടങ്ങോട്ട് ഒരോട്ടപാച്ചിലായിരുന്നൂ ജീവിതം മൊത്തം. ആദ്യരാത്രിയോ മറ്റു രാത്രികളോ എൻ്റെ ജീവിതത്തിൽ അദ്ദേഹത്തോടൊപ്പം ഒറ്റയ്ക്ക് പങ്കു വയ്ക്കുവാനായില്ല. കൂടെ ഉറങ്ങുബോൾ രണ്ടു ഭാഗത്തും കിടക്കുവാൻ മത്സരിച്ചു ഇളയ രണ്ടു കുട്ടികൾ ഉണ്ടായിരുന്നൂ. മൂത്ത കുട്ടി അദ്ദേഹത്തിൻ്റെ അമ്മയുടെ കൂടെ കിടന്നുറങ്ങി.

കാലം കടന്നു പോയികൊണ്ടിരുന്നൂ….

എപ്പോഴൊക്കെയോ എനിക്കൊരു കുട്ടി, എൻ്റെ ഉദരത്തിൽ വേണമെന്ന് അറിയാതെ ഞാൻ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ അദ്ദേഹത്തോട് ഈ കാര്യം സംസാരിച്ചപ്പോൾ മാത്രമാണ് അദ്ദേഹം “വാസെക്ടമി” കഴിഞ്ഞ ആൾ ആണെന്ന് മനസ്സിലായത്.

പിന്നീടിന്നു വരെ ഞാൻ ഒന്നും ആഗ്രഹിച്ചിട്ടില്ല. മക്കൾ വലുതാകുന്നത് നോക്കി ഞാൻ കാലം കഴിച്ചൂ. അദ്ദേഹത്തിൻ്റെ സ്നേഹം എന്നെ നല്ലൊരു അമ്മയായി അവരെ നോക്കുവാൻ സാഹായിച്ചൂ.

മൂത്തകുട്ടി പത്താം ക്ലാസ്സിലേയ്ക്ക് കടക്കുമ്പോഴേയ്ക്കും അദ്ദേഹം തളർന്നു കിടപ്പിലായി. പിന്നെ അദ്ദേഹത്തെയും നോക്കി, കൂലിപ്പണിയും കൂടെ ചെയ്തു ഞാൻ കുടുംബം നോക്കി. മക്കളെ മൂന്ന് പേരെയും പഠിപ്പിച്ചൂ.

മൂത്ത മകൻ വിവാഹം കഴിച്ചു കെട്ടിയവളുടെ വീട്ടിലേയ്ക്കു പോയി. അതേ പാത തന്നെ രണ്ടാമത്തവനും പിന്തുടർന്നൂ. തളർന്നു വീട്ടിൽ കിടക്കുന്ന അച്ഛൻ അവർക്കു ഒരു ഭാരമായിരുന്നൂ. ഇളയ മകൻ വിവാഹം കഴിക്കുമ്പോൾ മനസ്സിൽ ഭയമായിരുന്നൂ, അവനും കൂടെ പോയാൽ പിന്നെ എനിക്കാരുമില്ല.

പക്ഷേ. വിവാഹം കഴിഞ്ഞിട്ടും അവൻ എൻ്റെ കൂടെ നിന്നൂ. എല്ലാം പറഞ്ഞു മനസ്സിലാക്കി അവൻ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു വന്ന അന്യമതസ്ഥയായ ഇളയ മരുമകൾ, സ്വല്പം മുറുമുറുപ്പോടെ വീട്ടിൽ തന്നെ നിന്നൂ.

“അമ്മ, എന്താണ് ആലോചിക്കുന്നത്” ഇളയമകനാണ്

“ഇല്ല മോനെ, ഒന്നുമില്ല.”

മരണാനന്തര ചടങ്ങുകൾ എല്ലാം മുറെ പോലെ നടന്നൂ….

ഇപ്പോൾ വർഷം ഒന്നായിരിക്കുന്നൂ. ഇന്നും അദ്ദേഹത്തിൻ്റെ മുറിയിൽ കിടക്കുമ്പോൾ അദ്ദേഹം കൂടെ ഉള്ളത് പോലെയാണ് എനിക്ക് തോന്നാറുള്ളത്. ആണ്ടുബലി കഴിഞ്ഞു. എല്ലാവരും ഉമ്മറത്തിരിപ്പുണ്ട്.

ചേച്ചി (അദ്ദേഹത്തിൻ്റെ പെങ്ങൾ) എന്നെ ഉമ്മറത്തേയ്‌ക്ക്‌ വിളിപ്പിച്ചൂ. അവിടെ എന്തോ ചർച്ചകൾ നടക്കുകയാണ്. സ്വത്തു ഭാഗിക്കുകയാണ്…

അദ്ദേഹത്തെ വേണ്ടാതിരുന്ന മൂത്ത രണ്ടു മക്കളും സ്വത്തിനായി മുറവിളി കൂട്ടുന്നൂ. സ്വത്തു മൂന്നായി വീതിചൂ. ഇതിലൊന്നും ചേരാതെ മാറി നിൽക്കുന്ന ഇളയമകനെ ഞാൻ കണ്ടൂ.

ഞാൻ അകത്തെ മുറിയിലേയ്ക്കു തിരിച്ചു നടന്നൂ.

ചേച്ചി പെട്ടെന്ന് അവിടേയ്‌ക്ക് കയറി വന്നൂ പറഞ്ഞു.

“കെട്ടിലമ്മ, എടുക്കേണ്ടതൊക്കെ എടുത്തു ഇറങ്ങിക്കോ. ഇവിടെ ഇനി നിൻ്റെ ആവശ്യമില്ല..”

ഞാൻ ഒന്നും പറഞ്ഞില്ല. പോകുവാൻ ഒരിടമില്ല. എൻ്റെ സ്വന്തമെന്നു പറയുവാൻ എനിക്ക് മക്കളുമില്ല. എന്നാലും ഉണ്ടായിരുന്ന രണ്ടു  മുണ്ടും നേര്യതുo ഒരു പൊതിയിലാക്കി. പതിയെ പുറത്തേയ്ക്കിറങ്ങി.

അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കയറിയ വീടിൻ്റെ പടികൾ ഇറങ്ങുവാൻ തുടങ്ങുബോൾ മനസ്സൊന്നു പിടഞ്ഞു.

പെട്ടെന്ന് ഒരു വിളി കേട്ടൂ.

“അമ്മ ഒന്ന് നിൽക്കൂ”

ഇളയമകനാണ്..

അവൻ എന്തോ പറയുവാൻ തുടങ്ങുന്നൂ…

“സ്വത്തു വീതിച്ചു കഴിഞ്ഞല്ലോ, ഇനി എല്ലാം ഈ വീട്ടിൽ നിന്ന് ഇറങ്ങിക്കൊള്ളണം. ബന്ധുക്കളാണെന്നു പറഞ്ഞു ഒരെണ്ണം പിന്നെ കയറി വന്നേക്കരുത്. ഈ വീടും രണ്ടു സെൻറ് സ്ഥലവും എൻ്റെ പേരിലാണ്.”

“പിന്നെ നിങ്ങൾ ഇവിടെ നിന്നും ഇറക്കി വിടുവാൻ നോക്കിയത് എൻ്റെ അമ്മയെയാണ്. ഞാൻ എവിടെ ഉണ്ടോ അവിടെ എൻ്റെ അമ്മയും ഉണ്ടാവും”

പണ്ട് അച്ഛമ്മ പറഞ്ഞു തന്ന ഒരു കഥ എനിക്കോർമ്മയുണ്ട്.

“രാത്രിയിലെപ്പോഴോ അമ്മിഞ്ഞയ്ക്കായി കരഞ്ഞിരുന്ന ഒരു രണ്ടു വയസുകാരന് സ്വന്തം അമ്മിഞ്ഞ വച്ച് തന്ന ഒരു പതിനേഴുവയസ്സുകാരിയുടെ കഥ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ എൻ്റെ അമ്മയാവേണ്ടി വന്ന ആ പാവം, ഈ വീടിനു വേണ്ടി കഷ്ടപെട്ടതൊക്കെ നിങ്ങൾക്ക് മറക്കാം.”

“എനിക്ക് എൻ്റെ അമ്മയെ ഓർമ്മയില്ല. ഇനി ഓർക്കുകയും വേണ്ട. എനിക്ക് എൻ്റെ ഈ അമ്മ മതി. എൻ്റെ അമ്മയുടെ കണ്ണുനീർ ഈ വീട്ടിൽ ഇനി വീഴില്ല. അവരുടെ അന്ത്യം വരെ എൻ്റെ അച്ഛൻ്റെ ആ മുറിയിൽ അവരുണ്ടാവും..”

എൻ്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞൊഴുകി. മനസ്സ് നിറഞ്ഞു, ഞാൻ എൻ്റെ മകനെ അനുഗ്രഹിച്ചൂ. അവൻ്റെ പുറകിൽ നിന്നിരുന്ന മരുമകൾ എന്നെ കൈ പിടിച്ചു അകത്തേയ്ക്കു കൂട്ടി കൊണ്ട് പോയി.

അവൾ എന്നോട് പറഞ്ഞു..

“അമ്മ, എന്നോട് ക്ഷമിക്കണം, അമ്മയെ ഒരിക്കലും ഞാൻ ഇവിടെ നിന്ന് ഇറക്കി വിടില്ല. അമ്മ ഇല്ലാത്ത ഈ വീട്ടിൽ ഞാനും നിൽക്കില്ല. നാളെ ഒരിക്കൽ ഞാനും ഒരമ്മയാകും, അന്ന് എൻ്റെ മകന് നല്ല കഥകൾ പറഞ്ഞു കൊടുക്കുവാൻ അവൻ്റെ മുത്തശ്ശി ഈ വീട്ടിൽ വേണം. അവൻ്റെ അച്ഛനെ അമ്മ വളർത്തിയത് പോലെ എൻ്റെ മകനെ എനിക്ക് വളർത്തണം..”