നമ്മളിവിടെ പുതിയ താമസക്കാരല്ലേ അത് കൊണ്ട് ഒന്ന് പരിചയപ്പെടാൻ വന്നതാണെന്നാ ആദ്യം പറഞ്ഞത്…

പ്രണയം സത്യമാണ്….

Story written by Saji Thaiparambu

===============

”രാഹുൽ നീ എത്ര സുന്ദരനാണല്ലേ?”

”ഹഹഹ , അത് നിനക്കിപ്പോഴാണോ തോന്നിയത്?”

ഓഫീസിൽ നിന്ന് വന്ന് ഡ്രസ്സ് അഴിച്ചിടുമ്പോഴും തന്നിൽ നിന്ന് കണ്ണെടുക്കാതെ നോക്കി കൊണ്ടിരിക്കുന്ന സാക്ഷിയോട് അവൻ ചോദിച്ചു.

“ഹേയ്, അത് എനിക്ക് പണ്ടേ അറിയാമായിരുന്നു, അത് കൊണ്ടാണല്ലോ? വിരൂപയായ ഞാൻ നിന്റെ അഭിരുചികൾ നോക്കാതെ എന്റെ ഇഷ്ടം നിന്നിൽ അടിച്ചേല്പിച്ചത് ”

“എന്തൊക്കെയാ സാക്ഷി, നീ ഈ പറയുന്നത് “

രാഹുലിന്റെ മുഖത്തെ ചിരി മാഞ്ഞു.

“അതേടാ, ഇന്നിവിടെ അപ്പുറത്തെ വീട്ടിലെ ചേച്ചി വന്നിരുന്നു, നീ ഓഫീസിലേക്ക് പോയതിന് ശേഷമായിരുന്നു അത് “

”ഉം എന്നിട്ട്?”

അവൻ ആകാംക്ഷാഭരിതനായി.

“നമ്മളിവിടെ പുതിയ താമസക്കാരല്ലേ അത് കൊണ്ട് ഒന്ന് പരിചയപ്പെടാൻ വന്നതാണെന്നാ ആദ്യം പറഞ്ഞത്…”

“ഉം എന്നിട്ട് പരിചയപെട്ടോ?”

”പെട്ടു, എന്ന് പറഞ്ഞാൽ പോരാ, അവരെന്നെ ശരിക്ക് പെടുത്തിക്കളഞ്ഞു എന്ന് പറയുന്നതാണ് ഉചിതം”

“അതെന്താടോ അങ്ങനെ?”

രാഹുൽ ജിജ്ഞാസുവായി.

“അവർക്കെന്റെ മുഖത്തെ പാടുകൾ വസൂരി വന്നതാണോന്നറിയണം, എന്റെ ലേറ്റ് മാര്യേജായിരുന്നോ ? നിനക്ക് ജാതകദോഷമുള്ളത് കൊണ്ടാണോ?എന്നെ തന്നെ കെട്ടിയത് അങ്ങനെ, ഒരു നൂറായിരം സംശയങ്ങൾ “

“അതൊക്കെയെന്തിനാ അവരറിയുന്നത്….”

“നിന്നെ കണ്ടപ്പോൾ അവർ കരുതിയത്, എന്റെ അനുജനായിരിയ്ക്കുമെന്നാണെന്ന്. നിനക്ക് ഒരിക്കലും യോജിച്ച പെണ്ണല്ല ഞാനെന്നാണ് അവർ പറഞ്ഞത് “

അത്രയും പറഞ്ഞവൾ വിതുമ്പി പോയി.

“ഏയ് ,ഡാ..എന്തായിത്, അവരാണോ നമ്മുടെ ഇഷ്ടങ്ങൾ തീരുമാനിക്കുന്നത് , വസൂരിക്കലയുള്ള നിന്റെയീ മുഖം അവർക്ക് വികൃതമായി തോന്നിയെങ്കിൽ അതവരുടെ കാഴ്ചപ്പാടിന്റെയാണ്, ഈ ലോകത്ത്, എനിക്ക് നീയാണ് ഏറ്റവും സുന്ദരിയായി തോന്നിയിട്ടുള്ളത്, നിന്റെയീ തവിട്ട് നിറമാണ് എന്റെ കണ്ണിൽ ഏറ്റവും നല്ല നിറമായി തോന്നുന്നത്, എല്ലാവർക്കും എല്ലാം തികച്ച് കിട്ടില്ലല്ലോ ? ഒരു പക്ഷേ ഞാൻ എന്നെപ്പോലെ ഒരു സുന്ദരിയെ തേടി പോയിരുന്നെങ്കിൽ, എന്റെ ജീവിതം, ഇത്ര സുന്ദരമാകുമായിരുന്നില്ല, അവരോട് പോയി പണി നോക്കാൻ പറ “

രാഹുൽ തന്റെ പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ചു.

“ഇല്ല രാഹുൽ, നീ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറയുകയാണെന്നെനിക്കറിയാം, ഇപ്പോഴും വൈകിയിട്ടില്ല, ഇനിയും എന്നെ സഹിച്ച് നീ കഴിയേണ്ട, പൊയ്ക്കോളു, നിന്റെ മുന്നിൽ ഞാനൊരിക്കലും ഒരു വിലങ്ങ് തടിയാവില്ല”

അയൽക്കാരിയുടെ വാക്കുകൾ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടാവാം, അല്ലെങ്കിൽ ഇത്ര വികാരക്ഷോഭം മുമ്പ് അവൾ പ്രകടിപ്പിച്ചിട്ടില്ല, സ്വന്തം വൈരൂപ്യത്തെ അവൾ തന്റെ സൗന്ദര്യവുമായി താരതമ്യം ചെയ്യുന്നത് കൊണ്ട് ഇനി മുതൽ, അവൾക്ക് എപ്പോഴും നെഗറ്റീവ് ചിന്താഗതിയായിരിക്കും ഉണ്ടാവുക

രാഹുൽ ആലോചനയോടെ ,ലിവിങ്ങ് റൂമിലെ സോഫയിൽ വന്നിരുന്നു.

ഈ സമയം, ബെഡ്ഡിൽ കമിഴ്ന്ന് കിടന്ന് കരയുകയായിരുന്നു, സാക്ഷി.

അടുക്കളയിൽ നിന്ന് ,സ്റ്റൗവ്വിൽ വച്ചിരിക്കുന്ന പ്രഷർകുക്കറിന്റെ വിസിലടി കേട്ട് തുടങ്ങി.

മൂന്ന് നാല് പ്രാവശ്യം വിസിലടിച്ചിട്ടും സാക്ഷി ബെഡ്ഡിൽ നിന്ന് അനങ്ങിയില്ല.

ഒടുവിൽ രാഹുൽ എഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു.

കുക്കറിന്റെ മുകൾഭാഗം പതഞ്ഞ് പൊങ്ങിയത് കണ്ട് രാഹുൽ പെട്ടെന്ന് സ്റ്റൗവ്വിൽ നിന്ന് കുക്കർ ഇറക്കി വച്ചിട്ട്, ലോക്കായിരുന്ന മൂടി ശക്തിയായി പിടിച്ച് തുറന്നു

പെട്ടെന്നാണ് ഉഗ്രശബ്ദത്തോടെ കുക്കറിന്റെ അടപ്പ് മുകളിലേക്ക് തെറിച്ചത്.

അടുക്കളയിൽ നിന്ന് പൊട്ടിത്തെറിയും രാഹുലിന്റെ അലർച്ചയും കേട്ട് സാക്ഷി അടുക്കളയിലേക്ക് ഓടി വന്നു.

കുക്കറിലെ തിളച്ച കഞ്ഞി വീണ് പൊള്ളിയ മുഖം പൊത്തിപ്പിടിച്ചിരിക്കുന്ന രാഹുലിന്റെ നെഞ്ചിലൂടെ ചോരകലർന്ന കഞ്ഞിവെള്ളമൊഴുകുന്നത് കണ്ട് സാക്ഷി അലറിക്കരഞ്ഞു.

*******************

ഹോസ്പിറ്റലിലെ നിശബ്ദത തളം കെട്ടി നില്ക്കുന്ന ഐസിയുവിന്റെ മുന്നിൽ കണ്ണീരോടെ പ്രാർത്ഥിച്ച് കൊണ്ട് സാക്ഷി നിന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഡോക്ടർ ഇറങ്ങി വന്നു.

“ഡോക്ടർ, രാഹുലിന് എങ്ങനുണ്ട്.”

ജിജ്ഞാസയോടെ അവൾ ചോദിച്ചു.

“ഇരുപത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്, പക്ഷേ അയാളുടെ മുഖത്തെയും നെഞ്ചിലെയും തൊലി മുഴുവൻ പൊളിഞ്ഞ് പോയിട്ടുണ്ട്. അത് കൊണ്ട് അയാൾക്കിനി പഴയ രൂപം തിരിച്ച് കിട്ടാൻ സാധ്യത കുറവാണ് “

“ഓഹ് ഗോഡ്, ഡോക്ടർ ഞാൻ ഒന്ന് കയറി കണ്ടോട്ടെ?”

“ഉം, കണ്ടോളു, പക്ഷേ ഒട്ടും സ്ട്രെയിൻ കൊടുക്കരുത് “

വാതിൽ തള്ളി തുറന്ന് സാക്ഷി അകത്ത് ചെല്ലുമ്പോൾ, കാണുന്നത് കണ്ണുകൾ ഒഴിച്ച് ബാക്കി,മുഖവും നെഞ്ചുമൊക്കെ പൊള്ളിയടർന്ന, രാഹുലിനെയായിരുന്നു.

“ഇനി നീ പറയു, എനിക്കോ, അതോ നിനക്കൊ സൗന്ദര്യം കൂടുതൽ “

പുഞ്ചിരിച്ച് കൊണ്ട് രാഹുൽ, സാക്ഷിയോട് ചോദിച്ചു.

“ഇപ്പോഴും നീ തന്നെയാടാ, സുന്ദരൻ, എന്തിനായിരുന്നെടാ…പൊട്ടിത്തെറിക്കുമെന്ന് അറിയാമായിരുന്നിട്ടും നീയാ കുക്കർ തുറന്നത്?

“അതോ, അതെനിക്ക് നിന്റെയൊപ്പം തന്നെ ജീവിക്കണമായിരുന്നു. ഞാനും നീയും തുല്യമാണെന്ന് നിന്നെ ബോധ്യപ്പെടുത്തണമായിരുന്നു, നിന്റെ മനസ്സിലെ അപകർഷതാബോധമില്ലാതാക്കണമായിരുന്നു, എനിക്ക് നിന്നെ തന്നെ വേണമെടാ…എന്നും എന്റെ പങ്കാളിയായിട്ട് “

ആ സ്നേഹവായ്പ്പിൽ മറുപടിയില്ലാതെ സാക്ഷി അവന്റെ കൈവിരലുകൾ മുറുകെ പിടിച്ചു. ഇനിയൊരിക്കലും കൈവിട്ടു പോകില്ല എന്ന ഉറപ്പോടെ…

~സജിമോൻ തൈപറമ്പ്.