ഗീത…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
================
മഴ നനഞ്ഞാണ്, വീട്ടിലേക്കു കയറിയത്. പാടത്തെ ചളിമണ്ണു സാരിയിലും, അടിപ്പാവാടത്തുമ്പിലും പറ്റിച്ചേർന്നു കിടന്നു.
തോരാൻ ഒരുക്കമില്ലാത്തൊരു പെരുമഴ. മുറ്റത്തെ ചെണ്ടുമല്ലിച്ചെടികൾ, നടുവളഞ്ഞു നിലം മുട്ടി നിൽക്കുന്നു. തെക്കെത്തൊടിയിലെ പാളയംകോടൻ വാഴ, തൊട്ടപ്പുറത്തെ കശുമാവിൽ താങ്ങുതിരയുന്നു. ഇറയം മുഴുവൻ ചോർന്നൊലിക്കുന്നുണ്ട്. ഓടുപുര ഓട്ടപ്പുര തന്നേ. മഴ നനഞ്ഞ്, വശം കെട്ടൊരു കുളക്കോഴി മണ്ടുന്നു. ഇറവെള്ളത്തിലൂടെ ചരിഞ്ഞു നീങ്ങുന്ന ഞണ്ട്.
അമ്മയും, അച്ഛനും ഉമ്മറത്തേക്കു വന്നു. അടുക്കളയുടെ മുഷിച്ചിലുകൾ മുഴുവൻ അമ്മയുടെ വസ്ത്രങ്ങളിലുണ്ട്. പച്ച വിറകൂതിക്കത്തിച്ച്, കലങ്ങിച്ചുവന്ന കണ്ണുകൾ. അച്ഛൻ്റെ കൈലിയിൽ ചേറു പറ്റിയിരിക്കുന്നു. മഴയത്ത് തൊടിയിലിറങ്ങിയുള്ള വരവാണ്.
“മോളു വന്നോ, സന്ധ്യയാകുമ്പോഴേക്കും എത്തീലോ, ഭാഗ്യം. കോഴിക്കോട് ഇമ്മാതിരി മഴയുണ്ടോ? എന്തോരം വീടു കേറിയിറങ്ങേണ്ടതാ എൻ്റെ മോൾക്ക്. ഈ പെരുമഴയത്ത്, ആശിച്ചൊരു സർക്കാർ ജോലി കിട്ടീത്, ഹെൽത്ത് നഴ്സ് ആയിട്ടായി, എന്തോരം ഫീൽഡിൽ നടക്കണം…”
അമ്മയുടെ പായാരങ്ങളും, പരിഭവങ്ങളും തീരുന്നില്ല. അച്ഛൻ അകത്തേ മുറിയിലേക്കു പിന്തിരിഞ്ഞു നടന്നു. കറണ്ട് വന്നു. റേഡിയോ പാടാൻ തുടങ്ങി. കേട്ടു തഴമ്പിച്ച അതേ പാട്ട്…
“താഴ്വാരം മൺപൂവേ…തീ കായും പെൺ പൂവേ”
ബാഗ്, അകത്തേ മേശമേലിട്ട്, അടുക്കളയിലേക്കു ചെന്നു. അടുക്കളത്തൊടിക്കപ്പുറം, പാടം നീണ്ടു കിടക്കുന്നു. രണ്ടു കുളങ്ങൾക്കിടയിലെ ആ ഇത്തിരിയിടത്തിൽ ജലമരിച്ചെത്താൻ തുടങ്ങിയിരിക്കുന്നു. അടുക്കളപ്പടിയിലെ കട്ടിളപ്പടിയിൽ സാരി വലിച്ചുയർത്തി കുന്തിച്ചിരിക്കുമ്പോൾ, എന്തുകൊണ്ടോ ‘ആരണ്യകം’ സിനിമയിലെ അമ്മിണിയെ ഓർമ്മ വന്നു. കാൽപ്പാദങ്ങളിലൂടെയരിച്ചെത്തി തുടകളേ തിരയുന്ന പിശറൻ കാറ്റ്.
അമ്മ, ചുടുചായ പകർന്നു കൊണ്ടുവന്നു. സ്റ്റീൽ ഗ്ലാസിലെ ചായ, ഊതിയൂതി കുടിക്കുമ്പോഴും നോട്ടം കുളക്കരയിലേക്കായിരുന്നു. കഴിഞ്ഞയാഴ്ച്ച വരുമ്പോളും അവിടെയൊരു കുടിലുണ്ടായിരുന്നു. ചിരട്ടപ്പുട്ടു പോലൊരു വീട്. ഇപ്പോൾ, അവിടം ശൂന്യമാണ്. മണ്ണടർന്ന്, കുളത്തിൽ പതിച്ചതിൻ്റെ ഫലമായി വീടിരുന്നോടത്തു ഇപ്പോൾ കലക്കച്ചേറുവെള്ളം മാത്രം കാഴ്ച്ചയാകുന്നു. അവിടെയൊരു കൂരക്കു ഇടമുണ്ടായിരുന്നോ ഇത്ര കാലം? മനസ്സിൽ ആ ചോദ്യം തുടിച്ചുയരുന്നു.
“കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു, മോള് പോയിട്ട്, രണ്ടു ദിവസം കഴിഞ്ഞ്..പുലർച്ച നേരത്ത്, വലിയൊരു ശബ്ദം കേട്ടു. നോക്കുമ്പോൾ ഗീതേടെ വീടു കാണാനില്ല..മണ്ണിടിഞ്ഞു കുളത്തിലേക്കു മറിഞ്ഞു. ആൾക്കാര് ഓടിച്ചെന്നു നോക്കുമ്പോൾ, രാഘവൻ കലക്കവെള്ളത്തിൽ നീന്തിത്തുടിക്കണുണ്ട്. എത്ര ബോധല്യാണ്ട് കുടിച്ചിട്ടും ആ ദുഷ്ടൻ രക്ഷപ്പെട്ടു. ഗീതയെ കിട്ടിയില്ല. ഫയർഫോഴ്സ് വന്നു തിരഞ്ഞ്,.കിട്ടുമ്പോൾ ഉച്ചകഴിഞ്ഞിരുന്നു. പിറ്റേന്ന്, പൊതുശ്മശാനത്തിലായിരുന്നു. അടക്കമെല്ലാം, രാഘവനെ കുറച്ചു നേരത്തേക്കൂടി ആ ഭാഗത്തു കണ്ടു. കുടിച്ച്, ബോധമില്ലാതെ ആരെയൊക്കെയോ തെറി പറയുന്നുണ്ടായിരുന്നു. അരോചകം പിടിച്ച കാ ലൻ”
ചുടുചായ തണുപ്പിനേ തുരത്തി. ഓർമ്മകളിൽ ഗീത നിറഞ്ഞു നിൽക്കുന്നു. മൂന്നു വയസ്സിനു മൂത്തതായിരിക്കാം ഗീത. താൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ, അവൾ അഞ്ചിലുണ്ടായിരുന്നു. എങ്ങനെയവൾ അഞ്ചിലെത്തീന്ന് അത്ഭുതപ്പെടാറുണ്ട്. ഇൻസ്ട്രുമെൻ്റ് ബോക്സ് നിറയേ പുകയിലയുമായി വരാറുള്ള ഗീത. അധ്യാപകരുടെ തീരാത്തലവേദനയായിരുന്നു. അഞ്ചില് തോറ്റപ്പോൾ, പഠനം നിന്നു. അവൾ പിന്നേയും പാടത്തലഞ്ഞു നടന്നു.
മുഷിഞ്ഞ ചേലകളും, മൂക്കിളയുമായി അലഞ്ഞു നടന്ന പെണ്ണിന്, കാലം അതിൻ്റേതായ മാറ്റങ്ങൾ വരുത്തി. അച്ഛൻ എന്നോ ഉപേക്ഷിച്ചു പോയ, അമ്മ മാത്രം ബന്ധുവായുള്ളവൾ പാടവരമ്പിലൂടെ ഇല്ലാ പാട്ടുകൾ പാടി നടന്നു. പതിനെട്ടു, പത്തൊമ്പതു വയസ്സിലായിരുന്നു അവളുടെ കല്ല്യാണം. റോഡുപണിക്കു വന്ന രാഘവൻ ആ കൂരയിൽ കൂടുകയായിരുന്നു.
ഒറ്റ മുറിയുള്ള പാടവരമ്പിലെ കൂരയിൽ അവരുടെ ജീവിതം ഭാവനയിൽ കണ്ട് എത്ര തവണ മുഖം ചുളിച്ചിരിക്കുന്നു. എന്നും അന്തിക്ക്, പാടവരമ്പളന്ന് ബീഡിപ്പുകയൂതി നടന്നുപോകുന്ന രാഘവനേ കാണുമ്പോൾ വെറുപ്പാണ് തോന്നാറ്. അമ്മയും കൂടെയുള്ള ഒറ്റമുറിയിൽ,.ഒരു മ ദ്യപൻ്റെ ദാമ്പത്യത്തേക്കുറിച്ച് സങ്കൽപ്പിച്ചപ്പോൾ അറപ്പു തോന്നി..ഭാഗ്യത്തിന്, ഗീതയുടെ അമ്മയെ ഒരു പനി ഭൂമിയിൽ നിന്നും പറഞ്ഞയച്ചു. ഗീതയുടെ ദുരിതദാമ്പത്യക്കാഴ്ച്ചകളുടെ മൂന്നുവർഷങ്ങളുടെ ഓർമ്മകൾ പാടത്തുപേക്ഷിച്ച ശേഷം, അവർ പോയി, സ്വർഗ്ഗമുണ്ടെങ്കിൽ ഇപ്പോൾ അവിടെയുണ്ടാകും.
കഴിഞ്ഞയാഴ്ച്ച വന്നപ്പോഴും, ഗീതയെക്കണ്ടതാണ്.
“ഡീ, ബിജീ…നിനക്ക് സുഖാണോ?കോഴിക്കോട് വല്ല്യ സ്ഥലാണോ? കൊറേ വഴീണ്ടോ?”
നിഷ്കളങ്കത സമന്വയിച്ച പതിവു ചോദ്യങ്ങൾ. ഗീത വല്ലാതെ ക്ഷീണിച്ചിരിക്കുന്നു..എന്തെങ്കിലും നല്ല ഭക്ഷണം, ആ രാഘവൻ ഇവൾക്കു വാങ്ങിക്കൊടുക്കുന്നുണ്ടാവുമോ, അയാൾക്കു നിത്യം കുടിക്കാൻ തന്നെ പണം കഷ്ടിയാണ്. പിന്നെയാണ്, പാവം പിടിച്ച, ബുദ്ധിയും അഴകും കുറവുള്ള പെണ്ണിനെ പോഷിപ്പിക്കുന്നത്. അവൾ ഉടുപ്പാണ് ധരിച്ചിരുന്നത്. വെറുതേ ഹാംഗറിൽ കൊളുത്തിയിട്ട പോലെ അതു കിടന്നു. വിവാഹത്തിനു മുൻപ്, ഇവൾക്കു ഇത്തിരികൂടി കൊഴുന്ന മാ റിടങ്ങളുണ്ടായിരുന്നല്ലോ, അവയൊട്ടി നെഞ്ചോടു ചേർന്നോ? താഴ്ന്ന കഴുത്തിറക്കമുള്ള ഉടുപ്പിൻ്റെ ഇടയിലൂടെ അവളുടെ മഞ്ഞ നിറമുള്ള ബ്രാ യുടെ വ ള്ളി കാണാമായിരുന്നു.
“ഗീതേ, നിനക്കു സുഖാണോ? രാഘവൻ എന്തു പറയണൂ?”
“രാഘവൻ, കള്ളനാ ബിജീ, ഏതു നേരോം മോന്തലാ,.എനിക്കു ചിലപ്പോൾ നല്ല ദേഷ്യമൊക്കെ തോന്നും..പിന്നെ, ആ മോറു കാണുമ്പോൾ മിണ്ടില്ല..നല്ല മോറല്ലേ രാഘവൻ്റെ? എടക്കു പറയും, വേറൊരു പെണ്ണും ക്ടാവും ഉണ്ടായിരുന്ന കാര്യം. അവള് ഓടിപ്പോയതാത്രേ, ആർക്കറിയാം, ബോധമില്ലാത്തപ്പോൾ പിറുപിറുക്കുന്നതാ”
ഗീതയുടെ മിഴികൾ സ്വതേ മഞ്ഞച്ചതാണ്. ചെട പിടിച്ച മുടിക്കു ചെമ്പുകമ്പിയുടെ നിറമാണ്. ഇടക്കൊന്നു ചിരിച്ചപ്പോൾ, മുറുക്കാൻ കറപിടിച്ച പല്ലുകൾ, വറുത്ത പുളിങ്കുരു കണക്കേ തോന്നിച്ചു .
“ഗീത എന്തിനാ ഏതു നേരം മുറുക്കണേ, പൊട്ട ശീലല്ലേ ഇത്,.രാഘവന് ഇഷ്ടണ്ടാവില്ല്യ, പെണ്ണുങ്ങള് നല്ല ഭംഗീല് നടക്കണതല്ലേ ആണങ്ങൾക്കിഷ്ടം.”
“ബിജീ, അത് ശരിയാ…എൻ്റെ തൊള്ളേനെ വേറെ ഭാഷേലാ രാഘവൻ പറയാ, മുത്തൻ തെറി..രാഘവൻ്റെ തൊള്ള കണ്ടാലും മതി, ചാ രാ യോം, ബീ ഡീം, അസത്തുമണോം. ഞാനല്ലേ സഹിക്കണ്..ബിജി മാത്രം ഞങ്ങടെ രാത്രി കാര്യങ്ങള് ചോദിക്കാറില്ല. കോമളേച്ചിക്കും, ലീലേച്ചിക്കുമൊക്കെ അതറിഞ്ഞാൽ മതി. വൈകുന്നേരം വായിൽ, ചൂടും പുളിയും കിട്ടുന്നുണ്ടോന്നൊക്കെ ചോദിക്കണുണ്ട്. കുറേ ചോദിക്കുമ്പോ ഞാൻ പറയും. എന്നെ ചെയ്തതും, ഞാൻ ചെയ്തതും. ബിജിക്കൊന്നുമറിയേണ്ടേ? ബിജിക്ക് ജോലിയുള്ള ചെക്കനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം. ബീ ഡി വലിക്കാത്ത, ചാ രാ യം മോന്താത്ത, അരിപ്പക്കലം എടുത്തു വീക്കാത്ത ഒരു ചെക്കനേ കിട്ടാൻ. എൻ്റെ പിന്നാലെ കല്യാണം കഴിച്ചോർക്കൊക്കെ ക്ടാങ്ങളായി. എനിക്കതും ഇല്ല്യ. മൂ ത്രം പരിശോധിക്കാൻ ലീലേച്ചി പറയാറുണ്ട്. മൂ ത്രോം കൊണ്ട് ഇനി പരിശോധിക്കാൻ നടക്കണോ ദൈവേ”
പറഞ്ഞു തീരുമ്പോൾ ഗീതയുടെ മിഴികൾ നനഞ്ഞിരുന്നു. ആ നിഷ്കളങ്കതയോടു ഏറെ വാത്സല്യമാണ് തോന്നിയത്. ചൂണ്ടുവിരലും മോതിരവിരലും ചേർത്തുപിടിച്ച് അവൾ മുറുക്കിത്തുപ്പി പാടവരമ്പിലൂടെ നടന്നുപോയി. അതായിരുന്നു അവസാന കാഴ്ച്ച…
“മോളെ, ആ തണപ്പത്തിരിക്കേണ്ടാ, കാലു മരവിക്കും, ഇങ്ങ് ട് ഏറ്റു പോര്…”
അമ്മ വിളിച്ചു പറഞ്ഞു. പതിയെ എഴുന്നേറ്റു, സാരിയൂർന്നു താഴെക്കു വന്നു. തൊടിയിലൂടെ ഒരു മഞ്ഞച്ചേരയിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു. മഴയിൽ അതിൻ്റെ ശൽക്കങ്ങൾ തിളങ്ങി. പെരുമഴയാർത്തു പെയ്തു കുളക്കരയിലെ, കൂര നിന്നയിടത്തേ പൂർണ്ണമായും മുക്കിക്കൊണ്ട് ജലനിരപ്പുയർന്നുകൊണ്ടിരുന്നു.
അകലങ്ങളിൽ നിന്ന് ഗീത വിളിച്ച പോലെ തോന്നിച്ചു
“ബിജീ…..”
വെറുതേ തിരിഞ്ഞു നോക്കി. പെരുമഴ, കാഴ്ച്ചമറച്ചു പെയ്തു കൊണ്ടിരുന്നു. തോരാതെ….