അവിടെ മുറിയിൽ  പുതുമയൊന്നുമില്ലാതെ അതി സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു…

Story written by Jishnu Ramesan

==============

മുഷിഞ്ഞ തുണിയുടുത്ത് കയ്യിലൊരു പൊതിയുമായി വേ ശ്യാലയത്തിലേക്ക് കയറി പോകുന്ന പ്രായം അറുപത് കഴിഞ്ഞ അയാളെ നോക്കി വഴിവക്കിൽ നിന്നവരെല്ലാം അടക്കം പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു…

ചുരുണ്ട മുടിയുള്ള, ചോ ര കണ്ണുള്ള ഒരാൾക്ക് അഞ്ഞൂറ് ഉറുപ്പിക ചുരുട്ടി കൊടുത്തിട്ട് അയാള് ചൂണ്ടി കാണിച്ച മുറിയിലേക്ക് ആ വൃദ്ധൻ കയറി ചെന്നു…

അവിടെ മുറിയിൽ  പുതുമയൊന്നുമില്ലാതെ അതി സുന്ദരിയായ ഒരു പെണ്ണുണ്ടായിരുന്നു…

നരച്ച കുറ്റി താടിയുള്ള, കറുത്ത ചുണ്ടുള്ള, ഇളകുന്ന കണ്ണട വെച്ച അയാളെ നോക്കി ആ പെണ്ണ് നെറ്റി ചുളിച്ചു…

അവളുടെ അടുത്തേക്ക് ചെന്ന അയാള് കയ്യിലുള്ള പൊതി ആ പെണ്ണിന് നേരെ നീട്ടി…

“ഇത് പൊതി ചോറാണ്…ഞാനുണ്ടാക്കിയതാണ്…”

മടിച്ച് മടിച്ച് അവളത് വാങ്ങി…

“അവിടെയിരുന്ന് സമാധാനത്തോടെ കഴിക്ക്…”

ആദ്യമൊന്ന് മടിച്ചെങ്കിലും അവളുടെ ഒട്ടിയ വയറിൻ്റെ പൊരിച്ചില് കാരണം അവളാ പൊതി തുറന്നു…ചൂടുള്ള ചോറും മീൻ പൊരിച്ചതും തോരനും കണ്ടപ്പോ അവളുടെ കണ്ണുകൾ വെറുതെ അങ്ങനെ നിറഞ്ഞു…

കഴിച്ച് കഴിഞ്ഞ് അവള് കട്ടിലിൻ്റെ ഓരത്ത് വന്നിരുന്നു…

“എന്നോട് അല്പ നേരം സംസാരിക്കാമോ…?”

അയാളുടെ ചോദ്യം കേട്ട് കണ്ണുകൾ ചുളുക്കി ആ പെണ്ണ് ഒന്ന് നോക്കി…

‘അല്ല നിങ്ങൾക്ക് എന്നെ വേണ്ടേ…?എൻ്റെ ശ രീരം…!’

“ഞാൻ വന്നത് അതിനല്ല…എനിക്ക് മിണ്ടാൻ, എന്നോട് മിണ്ടാൻ അങ്ങനെ ആരുമില്ല…നമുക്ക് അല്പ നേരം മിണ്ടി പറഞ്ഞിരിക്കാം…”

ഒരു കൗതുകത്തോടെ അവള് അയാളെ നോക്കി…പിന്നെ അയാളെ നോക്കി മനോഹരമായി ഒന്ന് ചിരിച്ചു…അയാളും ഒന്ന് ചിരിച്ചു കൊഴിഞ്ഞ പല്ല് കാട്ടി സുന്ദരമായി ചിരിച്ചു…

‘ഈ ഇടുങ്ങിയ മുറിയിൽ ശ്വാസം മുട്ടുന്ന അന്തരീക്ഷത്തിൽ എന്നോട് മിണ്ടിയും പറഞ്ഞും ഇരുന്നിട്ട് എന്തിനാ നിങ്ങൾക്ക്…! പുറത്ത് കൊറേ ആളുകൾ ഉണ്ടല്ലോ, അവരുടെ അടുത്ത് പൊയ്ക്കൂടെ…?’

“അവരാരും എൻ്റെയടുത്ത് വരില്ല…ഒരു ഭ്രാ ന്തനാണെന്നാണ് എല്ലാരും പറയണത്…പറ്റുന്ന പണിയൊക്കെ ചെയ്ത് കഴിഞ്ഞ് വീട്ടിൽ ഒറ്റയ്ക്കിരുന്നു ശ്വാസം മുട്ടുന്നു എനിക്ക്…”

അന്നാദ്യമായി ആ ഇടുങ്ങിയ മുറിയിൽ ആ പെണ്ണ് പല്ലുകൾ കാണിച്ച് ചിരിച്ചു…എന്നിട്ട് വിരലുകളിലെ പൊതി ചോറിൻ്റെ ഗന്ധം ആസ്വദിച്ചിട്ട് പറഞ്ഞു,

‘എനിക്ക് ഇനിയും കഴിക്കണമെന്നുണ്ട് നിങ്ങളുണ്ടാക്കിയ സ്വാദുള്ള പൊതി ചോറ്…’

“ഞാൻ, ഞാൻ കൊണ്ടു വരാം…ഇന്നല്ല, അടുത്തയാഴ്ച…”

അത്രയും പറഞ്ഞ് അയാള് എഴുന്നേറ്റു…എന്നിട്ട് ചോദിച്ചു,

“ഇനി ഞാൻ വരുമ്പോ ഇത് പോലെ ചിരിച്ച് കൊണ്ട് എന്നോട് സംസാരിക്കുമോ…?”

‘അതിനെന്താ, എനിക്കിഷ്ടമാണ് നിങ്ങളോട് മിണ്ടാൻ…കണ്ടാൽ ഭയം തോന്നിപ്പിക്കുന്ന നിങ്ങളുടെ സംസാരം മനോഹരമാണ്…’

പോകാൻ നേരം തിരിഞ്ഞു നിന്ന് കൊണ്ട് ഒന്നുകൂടി ചോദിച്ചു ആ മനുഷ്യൻ,

“എനിക്ക് ഭ്രാ ന്താണെന്ന് തോന്നുന്നുണ്ടോ…?”

അതിനു മറുപടിയായി അവളൊന്നു ചിരിക്കുക മാത്രം ചെയ്തു…

ആ അറുപത് കഴിഞ്ഞ മനുഷ്യൻ പിന്നെയും അവളെ തേടി വന്നു…അപ്പോഴൊക്കെ കയ്യിലൊരു പൊതിയും ഉണ്ടായിരുന്നു…

ആഴ്‌ചകളിൽ മുടക്കമില്ലാത്ത അയാളുടെ സന്ദർശനം പതിവായി…ഒരുപാട് സംസാരിക്കുന്ന ദിവസങ്ങൾ, ഇടുങ്ങിയ മുറിയിൽ ചിരിയുടെ ശബ്ദം, അങ്ങനെ അങ്ങനെ…

ഒരിക്കൽ ആ പെണ്ണ് ചോദിച്ചു, ‘നിങ്ങളിങ്ങനെ എല്ലാ ആഴ്ചയും വന്നാൽ എങ്ങനെ ശരിയാവും…! പെട്ടന്ന് ഒരു ദിവസം നിങ്ങളെ കാണാതായാൽ ഞാൻ വീർപ്പുമുട്ടി ചത്തു പോവില്ലെ…!’

“ഞാൻ എൻ്റെ വിലാസം തരാം…തിരക്കി വരാമല്ലോ…”

‘അത്, അത് വേണ്ട…കഴിഞ്ഞതെല്ലാം ഒരു നല്ല സ്വപ്നമായി അറിഞ്ഞാൽ മതി…’

“എങ്കിൽ ഞാൻ ഇനി മുതൽ വരാതിരുന്നാലോ…!”

‘അങ്ങനെ ചെയ്യരുത് എന്നോട്…ഇനിയും എനിക്ക് ചിരിക്കണം, ഇനിയും നിങ്ങളുടെ പചകത്തിൻ്റെ സ്വാദ് അറിയണം…’

നരച്ച കുറ്റി താടിയുള്ള, കറുത്ത ചുണ്ടുള്ള, ഇളകിയ കണ്ണട വെച്ച ആ മനുഷ്യൻ പിന്നെയും പിന്നെയും ആ പെണ്ണിനുള്ള പൊതി ചോറുമായി വന്നു…

അവര് തമ്മില് ഒരുപാട് സംസാരിച്ചു…ചിരിച്ചു…

ഇടുങ്ങിയ മുറി അയാളെ പിന്നെയും പിന്നെയും വരവേറ്റു…പിന്നീട് എപ്പോഴോ അയാളുടെ വരവും ഇല്ലാതായി…ആ പെണ്ണിൻ്റെ ദിവസങ്ങളും ആഴ്ചകളും വീണ്ടും പഴയ പടിയായി…

ഇടയ്ക്ക് തൻ്റെ വിരലുകൾ മണത്തു നോക്കും ആ പെണ്ണ്…അയാളുടെ ഭക്ഷണത്തിൻ്റെ ഗന്ധം ആ മുറിയിൽ എന്നും ഉള്ള പോലെ തോന്നിക്കും…

“അവൾക്കിഷ്ടമായിരുന്നു അയാളോട് മിണ്ടാൻ…കണ്ടാൽ ഭയം തോന്നിപ്പിക്കുന്ന അയാളുടെ സംസാരം മനോഹരമായിരുന്നു…”

~Jishnu Ramesan