Story written by Sajitha Thottanchery
================
“അമ്മയ്ക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ?”
രാത്രി അത്താഴം കഴിക്കുന്നതിനിടയ്ക്ക് നീരജയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് ഞെട്ടി.
“ഇഷ്ടമോ, എന്ത് ഇഷ്ടം ?”.ഞാൻ ഒരു മറുചോദ്യം ചോദിച്ചു
“ഓ….മനസ്സിലാവാത്ത പോലെ, എന്റെ മാനസ ടീച്ചർ ആരേലും പ്രണയിച്ചിട്ടുണ്ടോ ന്നു?” കള്ളച്ചിരിയോടെ അവൾ അമ്മയോട് ചോദിച്ചു.
“എന്താപ്പോ ഇങ്ങനെ ഒരു സംശയം?.” ഒട്ടും വിലയില്ലാത്ത ഒരു ചോദ്യം കേട്ട ഭാവത്തിൽ ഞാൻ മറുപടി പറഞ്ഞു.
“അല്ല, എന്റെ അമ്മക്കുട്ടി കാണാൻ ഇപ്പോഴേ നല്ല സുന്ദരിയാണല്ലോ…ഈ നാല്പത്തിരണ്ട്‍ വയസ്സിൽ ഇത്രേം സുന്ദരി ആണേൽ ആ പ്രായത്തിലൊക്കെ എന്തായിരിക്കും.”
“ഒന്ന് പോടീ കളിയാക്കാതെ, ഇനി ഒരു മാസമേ ഉള്ളു നിന്റെ കല്യാണത്തിന്. ഒരുക്കങ്ങൾ ബാക്കി ഒരുപാട് ഉണ്ട്. തന്നെ എങ്ങനെ എല്ലാം ചെയ്തു തീർക്കും എന്ന ടെൻഷനിൽ ഓരോന്നു ഓർത്തു ഇരിക്കുമ്പോഴാ അവളുടെ ഓരോ സംശയങ്ങൾ.” ഞാൻ അവളോട് സീരിയസ് ആയി പറഞ്ഞു.
“എന്നാൽ ആ തനിയെ ആണെന്നുള്ള ടെൻഷൻ ഒഴിവാക്കാനുള്ള വഴിയാ ഞാൻ ആലോചിക്കുന്നേ.” എവിടെയും തൊടാതെ നീരജ പറഞ്ഞു.
ഞാൻ അതിനു മറുപടിയൊന്നും കൊടുത്തില്ല. അല്ലേലും പെണ്ണിന് കുട്ടിക്കളി കൂടുതലാ. അവൾ പറയുന്നതിന്റെ അർത്ഥം ചികയാൻ പോയാൽ വട്ടാകും. ഒരു അമ്മ മകൾ എന്നതിനേക്കാൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളെ പോലെയും ആണേ. എന്നാലും ഇന്നത്തെ അവളുടെ ചോദ്യത്തിന് ഒരു ഉത്തരം കൊടുക്കാൻ തോന്നിയില്ല. അവളുടെ ചോദ്യത്തിനുള്ള ഉത്തരം മനസ്സിൽ എന്നോ മണ്ണിട്ട് മൂടിയ ഒന്നാണ്
അച്ഛന്റെ സുഹൃത്തിന്റെ മകൻ. ഞാൻ പോലുമറിയാതെ എന്റെ മനസ്സിൽ കയറി പറ്റിയവൻ. ജാതി വേറെയാണെന്ന കാരണത്താൽ വീട്ടിൽ എതിർത്തപ്പോൾ വാശി പിടിച്ചു നിന്ന ദിനങ്ങൾ…ജീവിക്കുകയാണെങ്കിലും മരിക്കുകയാണെങ്കിലും ഒരുമിച്ച് എന്ന് ഒരായിരം പ്രാവശ്യം പറഞ്ഞിട്ടും അച്ഛന്റെയും അമ്മയുടെയും ആ ത്മഹത്യ ഭീഷണിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നു
അല്ലെങ്കിലും അന്നത്തെ കാലത്തേ പെൺകുട്ടികൾക്ക് അതിനുള്ള ധൈര്യമല്ലെ കാണു…ഇന്നിപ്പോ എന്റെ നീരജയോട് എങ്ങാനും ഞാൻ പറഞ്ഞിരുന്നേൽ എനിക്ക് ആ ത്മഹത്യ ചെയ്യാനുള്ള വഴിയും പറഞ്ഞു തന്നു അവൾ പോയേനെ….അതാ കാലം……ചിരിയോടെ ഞാനോർത്തു.
“എന്താണാവോ…വല്ലാത്തൊരു ചിന്ത. ടീച്ചറമ്മ ഇവിടൊന്നും അല്ലാലോ” നീരാജയുടെ ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി.
അവളോട് മറുപടിയൊന്നും പറയാതെ ബാക്കി പണികൾ തീർത്തു ഞാൻ കിടക്കാൻ ചെന്നു. അവൾ ഫോണിൽ ശ്രീക്കുട്ടനോട് കൊഞ്ചിക്കൊണ്ട് ബാല്കണിയിൽ നിൽപ്പായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ വന്നു കിടന്നു എന്നെ കെട്ടിപ്പിടിച്ചു.
“കുറച്ചു ദിവസം കഴിഞ്ഞു കെട്ടിച്ചുവിടേണ്ട പെണ്ണാ…ഇപ്പോഴും കൊഞ്ചാൻ നിക്കണേ” ദേഷ്യം അഭിനയിച്ചു ഞാൻ പറഞ്ഞു.
“പിന്നെ…എന്റെ അമ്മയോട് ഞാനല്ലാതെ ആരാ കൊഞ്ചുന്നെ. ഞാൻ ചോദിച്ച ചോദ്യത്തിന് മറുപടി കിട്ടീല്യാട്ടോ. സാരല്യ ഞാൻ കണ്ടുപിടിച്ചോളാം” അവൾ പറഞ്ഞു.
“ഒന്ന് മിണ്ടാതെ കിടക്കു പെണ്ണെ, ഉറക്കം വരുന്നു” തിരിഞ്ഞു കിടന്നു ഞാൻ പറഞ്ഞു.
അങ്ങനെ ഒരു രാത്രി കൂടി ഞങ്ങൾക്കിടയിലൂടെ കടന്നു പോയി.
ഒരാഴ്ചയായിട്ട് നേരം വൈകിയാ പെണ്ണിന്റെ വരവ്. ശ്രീക്കുട്ടനാണ് കൊണ്ട് വന്നാക്കുന്നെ. കല്യാണം തീരുമാനിച്ചതൊക്കെ ശെരി തന്നെ. അവൻ നല്ല കുട്ടിയുമാണ്. അത് കൊണ്ടാണ് ഇഷ്ടമാണെന്ന് പറഞ്ഞു ആലോചനയുമായി അവൻ വീട്ടുകാരെ കൂട്ടി വന്നപ്പോൾ എതിർക്കാതിരുന്നതും. എന്നാലും ഇതൊക്കെ കുറച്ചു കൂടുതലാ. പറഞ്ഞാൽ പണ്ടത്തെ കാലമല്ലെന്നു പറഞ്ഞു കളിയാക്കും. നീരജയെ കാത്തിരിക്കുന്നതിനിടയിൽ ഞാനോർത്തു.
അവൾ വന്നു കയറിയപ്പോൾ ഞാൻ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.
കവിളത്തൊന്നു പിച്ചി അവൾ അകത്തേക്ക് കയറിപ്പോയി…
“നാളെ ഇവിടെ ഒരു അതിഥി വരും. കാലത്തേ കുളിച്ചു സുന്ദരിക്കുട്ടി ആയി നിന്നോണം.” നീരജ കിടക്കാൻ നേരം എന്നോട് പറഞ്ഞു.
“എന്താ എന്നെ പെണ്ണുകാണാനാണോ വരുന്നേ? ” തമാശ മട്ടിൽ ഞാൻ ചോദിച്ചു.
“വേണമെങ്കിൽ അങ്ങനേം പറയാം” അവളുടെ ആ മറുപടി ഞാൻ കാര്യമാക്കിയില്ല.
കാലത്തെ പണികൾക്കിടയിൽ കാളിങ് ബെൽ കേട്ട് ചെന്ന് വാതിൽ തുറന്ന എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ കൂട്ടുകാരി ലീനയും പിന്നെ വീട്ടുകാർക്ക് വേണ്ടി ഞാൻ ഉപേക്ഷിച്ച അവളുടെ സഹോദരൻ ലിനേഷേട്ടനും…കുറച്ചു നിമിഷങ്ങളിലെ മരവിപ്പ് മാറ്റി ഞാൻ അവരെ അകത്തേക്ക് ക്ഷണിച്ചു. അതിനു പിന്നാലെ ശ്രീക്കുട്ടനും അവന്റെ വീട്ടുകാരും അങ്ങോട്ട് വന്നു.
ഒരുപാട് നാളുകൾക്ക് ശേഷം ലീനയെ കണ്ടതിന്റെ സന്തോഷം പറയാൻ വയ്യായിരുന്നു. സംസാരം തുടങ്ങിയത് ലീന തന്നെയാണ്.
“ഞങ്ങൾ വന്നത് മുൻപ് ഒരിക്കൽ ഞാൻ നിന്നോട് സംസാരിച്ച അതെ കാര്യം തന്നെ പറയാനാണ്. രണ്ടു ദിവസം മുന്നേ നീരജമോൾ വന്നു കണ്ടു സംസാരിച്ചപ്പോൾ ഞാനും ആദ്യം ഒന്ന് ഞെട്ടി. അവളുടെ വിവാഹശേഷം നീ തനിച്ചാകുമെന്ന വിഷമം ആണ് അവൾക്ക്. അതിനുള്ള വഴിയായി അവൾ നിന്റെ കല്യാണം നടത്താൻ തീരുമാനിച്ചത് അറിഞ്ഞപ്പോൾ എനിക്ക് അവളോട് ബഹുമാനം തോന്നി. നീ ഭാഗ്യവതിയാ മോളെ. നിനക്ക് ദൈവം സ്നേഹമുള്ളൊരു മോളെയാ തന്നിരിക്കുന്നെ” ലീനയുടെ ഈ വാക്കുകൾ കേട്ടപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി.
“എന്റെ കല്യാണം നടത്താനോ. നിങ്ങൾക്കൊന്നും വേറെ പണിയില്ലേ. അവളുടെ പൊട്ടത്തരത്തിനു കൂട്ടുപിടിച്ചു വന്നേക്കാനോ എല്ലാരും. ആള്ക്കാര് കേട്ടാൽ എന്ത് പറയും. മോളുടെ കല്യാണം തീരുമാനിച്ച സമയത്തു അമ്മ…അയ്യേ….” മനസ്സിൽ തോന്നിയ നാണക്കേട് എന്റെ വാക്കുകളിൽ പ്രകടമായിരുന്നു .
“നാട്ടുകാർ എന്ത് പറയാൻ. നാണക്കേട് തോന്നേണ്ടത് ഞങ്ങൾക്കല്ലേ ?ഞങ്ങൾക്ക് തോന്നാത്തത് വേറെ ആർക്ക് തോന്നാന. അമ്മയെ തനിച്ചാക്കി വേറൊരു വീട്ടിൽ സമാധാനമായി ജീവിക്കാൻ എനിക്ക് പറ്റില്യ. ലിനേഷ് അങ്കിൾ ഇത് വരെ വിവാഹം പോലും കഴിച്ചിട്ടില്യ. ഒരിക്കൽ ഇഷ്ടപ്പെട്ട ആ ആളോട് അമ്മയ്ക്ക് ഒന്നും പറയാനില്ലേ. അമ്മയാണ് ആളുടെ ജീവിതം നഷ്ടപ്പെടുത്തിയത്. അന്നൊരിക്കൽ വീട്ടുകാരുടെ കാര്യം പറഞ്ഞു അമ്മ ആളെ ഉപേക്ഷിച്ചു. ഇന്ന് നാട്ടുകാരാണ് അമ്മയുടെ സമ്മതക്കുറവിനു കാരണം.” നീരജ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
അവളുടെ ആ വാക്കുകൾക്ക് മുന്നിൽ എനിക്ക് മറുപടി ഉണ്ടായില്ല. സങ്കടമോ ദേഷ്യമോ നാണക്കേടോ എന്തൊക്കെയോ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചു. അവിടെ വന്നിരിക്കുന്ന ആരെയും നേരിടാൻ വയ്യാതെ ഞാൻ റൂമിൽ കയറി കതകടച്ചു. ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞു കാണും. എന്റെ ഫോൺ ബെല്ലടിച്ചു.
“ഞാൻ ലീനയാണ്. ഞങ്ങൾ കുറച്ചു നേരം മുൻപ് അവിടന്ന് പോന്നു. തന്റെ മാനസികാവസ്ഥ അറിയാവുന്നത് കൊണ്ട് വിളിക്കാൻ നിന്നില്ല. താൻ ഒന്ന് കൂടി ആലോചിച്ചു നോക്കെടോ. രണ്ടു വർഷത്തെ വിവാഹജീവിതം തന്നെ എത്രമാത്രം കണ്ണുനീര് കുടിപ്പിച്ചെന്നു എനിക്കറിയാം. ഇതൊന്നും ഇപ്പൊ അത്ര വലിയ തെറ്റൊന്നുമല്ല. സത്യത്തിൽ എനിക്ക് നീരജ മോളോട് വല്ലാത്ത ഇഷ്ടം തോന്നി.” ലീനയുടെ വാക്കുകൾക്ക് ഞാൻ ഒന്നും മറുപടി പറഞ്ഞില്ല
വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ നീരജ മുഖം വീർപ്പിച്ചു ഇരിപ്പുണ്ട്. ഞാൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ കൈ വച്ചു.
“മോളെ…എന്തിനാ ഇങ്ങനൊക്കെ, അമ്മയെ നിനക്കറിഞ്ഞു കൂടെ.” അവൾ എന്റെ കൈ തട്ടി മാറ്റി.
“കുറെ വർഷങ്ങൾക്ക് മുൻപ് ലീന ആൻ്റി ഇത് അമ്മയോട് സംസാരിച്ചപ്പോൾ എന്റെ കാര്യം പറഞ്ഞു അമ്മ അത് ഒഴിവാക്കി. ഇപ്പോഴും ഇങ്ങനെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ മതിയോ അമ്മെ. സ്വന്തം ഇഷ്ടങ്ങൾ എന്തിനാ എങ്ങനെ മൂടി വയ്ക്കുന്നെ. അങ്ങനെ ആണേൽ എന്റെ ഇഷ്ടവും ഞാൻ വേണ്ടെന്നു വയ്ക്കുകയാണ്. അമ്മയ്ക്ക് വേണ്ടി അമ്മേടെ കൂടെ തന്നെ ജീവിക്കാന് എന്റെ തീരുമാനം. അമ്മയ്ക്ക് ഒരു വിവാഹം വേണ്ടെങ്കിൽ ഇനി എന്റെ കല്യാണവും നടക്കുമെന്ന് കരുതണ്ട. ഞാൻ അമ്മയെയോ അമ്മ എന്നെയോ നിർബന്ധിക്കരുത്. അമ്മേടെ മോൾ തന്നെയാ ഞാനും” ഇത്രയും പറഞ്ഞു അവൾ അകത്തേക്ക് കയറിപ്പോയി.
ആഴ്ച രണ്ടു കഴിഞ്ഞിട്ടും അവളുടെ തീരുമാനം മാറ്റമില്ലാതെ തുടരുകയാണ്. ശ്രീക്കുട്ടനെ വിളിച്ചപ്പോൾ അവനും അവളുടെ അതെ അഭിപ്രായം തന്നെയാണ്. കീഴടങ്ങുകയല്ലാതെ വേറെ വഴിയില്ലെന്ന് എനിക്ക് തോന്നി. ലീനയെ തിരിച്ചു വിളിച്ചു ഞാൻ.
“നിങ്ങൾ എന്താന്ന് വച്ചാൽ തീരുമാനിക്ക് ലീനെ. അവളുടെ ഭാവി തന്നെയാ എനിക്ക് വലുത്. അവൾ പറഞ്ഞതും ശെരിയാ. എനിക്ക് വേണ്ടി ഞാൻ ജീവിച്ചിട്ടില്യ ഇത് വരെ. ഇപ്പോൾ ഇങ്ങനെ നടക്കാനാണ് യോഗമെങ്കിൽ നടക്കട്ടെ ” ഇത്രയും പറഞ്ഞപ്പോൾ ലീനയുടെ സന്തോഷം എന്തായിരിക്കുമെന്ന് എനിക്ക് ഇവിടെ ഇരുന്നു കാണാമായിരുന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ ബെല്ലടിച്ചു. പരിചയമില്ലാത്ത നമ്പർ ആയിരുന്നു. എടുത്തപ്പോൾ അപ്പുറത് ലിനേഷേട്ടൻ ആണ്. എങ്ങനെ സംസാരിക്കണം എന്ത് സംസാരിക്കണം എന്നറിയാതെ മടിച്ചു നിൽക്കുന്ന സമയത്താണ് സന്തോഷം കൊണ്ട് തുള്ളിച്ചാടി നീരജ ഓടിക്കയറി വന്നത്. പറയാൻ ആവാത്ത ഒരു വികാരം എന്നെ അവളുടെ മുഖത്തു നോക്കാൻ മടി തോന്നിപ്പിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അവളുടെ കല്യാണത്തിന്റെ മുൻപേ തന്നെ നടത്തണം എന്നത് അവളുടെ വാശി ആയിരുന്നു. ആഘോഷങ്ങൾ ഒന്നുമില്ലാതെ ചെറിയൊരു ചടങ്ങായി അങ്ങനെ അവൾ എന്നെ ലിനേഷേട്ടന്റെ ഭാര്യയാക്കി. ലീനയും അവളുടെ ഭർത്താവും പിന്നെ ശ്രീക്കുട്ടന്റെ വീട്ടുകാരും അതിനു സാക്ഷിയായി. ഒരുപാട് വർഷങ്ങൾക്ക് മുന്നേ കരിഞ്ഞുപോയ ഈ സ്വപ്നം ഇന്ന് ഈ പ്രായത്തിൽ പിന്നെയും തളിരിട്ടു. ഞങ്ങളെ നോക്കി ദൂരെ ശ്രീക്കുട്ടനോട് ചേർന്ന് നിൽക്കുന്ന അവൾക്ക് അപ്പോൾ ഒരു കടമ നിർവഹിച്ച ഭാവമായിരുന്നു…..
~സജിത