ഞാനിതൊന്നു പോസ്റ്റു ചെയ്യട്ടേ. ലൈക്കും കമൻ്റുമൊക്കെ വരട്ടേ, നല്ലതല്ലേ, പ്രോത്സാഹനവുമാണ്. വിമർശനോം വരണണ്ടു ട്ടോ…

സൈബറിടങ്ങൾ…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

===============

“ഉണ്ണിയേട്ടാ….. “

യമുനയുടെ നീട്ടിയുള്ള വിളിക്കു മറുപടിയായി ഉണ്ണിക്കൃഷ്ണൻ ചെറുതായൊന്നു മൂളി. പിന്നെ, മേശമേൽ വച്ചിരുന്ന ടാബിൽ എഴുത്തു തുടർന്നു. യമുന, തൊട്ടരികിലെത്തി വീണ്ടും വിളിച്ചു.

“ഉണ്ണിയേട്ടാ, നാളെ രാവിലേ എന്താണ് വേണ്ടത്? പുട്ടു വേണോ, അതോ നൂലപ്പമോ, വെള്ളേപ്പമോ? ഞാൻ പറയണത് കേക്കണുണ്ടോ?പുട്ടിനാണെങ്കിൽ കിടക്കും മുമ്പേ ഇത്തിരി കടല കുതിർത്താനിടാനാണ്. നാളെ ഞായറാഴ്ച്ചയായ കാരണമാണോ, ഈ കുത്തിയിരിപ്പ്?സമയം ഒമ്പതാകാറായീട്ടാ. ഇനിയെപ്പോളാ കുളിച്ച്, അത്താഴം കഴിക്കണേ? മതി, ബാക്കിയുള്ളത് നാളെയെഴുതാം. ഇന്നു പോസ്റ്റു ചെയ്താലും, നാളെ ചെയ്താലും ലൈക്കിനും കമൻ്റിനുമൊന്നും ഒരു പഞ്ഞവുമില്ലല്ലോ, വായോ, ഊണു കഴിഞ്ഞിട്ടു വേണം, എനിക്കു പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി, കുളിച്ചിട്ടു കിടക്കാൻ. ഹരിക്കുട്ടൻ ഉറക്കായി ട്ടാ…നമ്മള് കിടക്കുന്നതിനു മുമ്പേ, അവനെയുണർത്തി മൂ ത്രമൊഴിപ്പിച്ചു കിടത്തണം. പത്തു വയസ്സായിട്ടും, പായിൽ മുള്ളലിനു ഒരു കുറവൂല്യാ..വാ….വേഗം, എഴുന്നേൽക്ക് മനുക്ഷ്യാ”

യമുന തിരക്കു കൂട്ടി….

ഉണ്ണികൃഷ്ണൻ അവളേ നോക്കി പുഞ്ചിരിച്ചു. നൈറ്റി തെല്ലു മടക്കിക്കുത്തി, ഒക്കത്തു കൈവച്ചുള്ള ആ നിൽപ്പുകണ്ടപ്പോൾ അയാൾക്കു ചിരി വന്നു. ആ ചിരി വരവ്, അവളിൽ ശുണ്ഠി പിടിപ്പിച്ചു.

“മോളേ, യമുനാ…കഴിഞ്ഞു എഴുത്ത്. ഇനിയൊരു ചിത്രം ചേർത്ത് പോസ്റ്റു ചെയ്താൽ മതി. അഞ്ചു നിമിഷം, ഞാനിതാ വരുന്നു.”

“എൻ്റെ ഉണ്ണിയേട്ടാ, വേഗം പോസ്റ്റു ചെയ്യ്. ഇപ്പോ വരും, ആദ്യ ലൈക്കും കമൻ്റും. എന്താ അവളുടെ പേര്? ‘ശ്യാമാനായർ’ ല്ലേ? ലൈക്കല്ല, നല്ല ചുവന്ന ലവ്..പിന്നെ, തേൻ പുരട്ടിയ കമൻ്റും. അവളുടെ ഉണ്ണിയേട്ടാനുള്ള എഴുത്ത് എനിക്ക് ദഹിക്കണില്ലാ ട്ടാ. പിന്നേയുമുണ്ടല്ലോ തോഴിമാർ. നിങ്ങളിത്തിരി ഗ്ലാമർ കുറഞ്ഞത് നന്നായി. അല്ലെങ്കിൽ, ഞാനും മോനും കഷ്ടത്തിലായേനെ… ഹും.”

യമുന, ചുണ്ടു കോട്ടി. അവളുടെ കൃത്രിമ ഗൗരവത്തിന് ഏറെ ചേലുണ്ടായിരുന്നു. അലസമായിക്കിടന്ന മുടിയിഴൾ അവളുടെ നെറ്റിയിലെ വിയർപ്പിൽ പതിഞ്ഞു കിടന്നു. അവൾ, അയാളുടെ കവിളിൽ കവിളുരസി പതിയേ തുടർന്നു.

“എന്നേം, മോനേമൊക്കെ മറന്നാലുണ്ടല്ലോ നിങ്ങളെ ഞാൻ തട്ടിക്കളയും…കേട്ടോ, എഴുത്തുകാരാ..ബാങ്കിലെ ക്ലർക്കിന്, ഒട്ടും ചേരാത്ത കുപ്പായമാണ് ഈ എഴുത്തു വേഷം. നിങ്ങള്, കണക്കെഴുതിയാൽ മതി”

അവളയാളുടെ കവിളിൽ പതിയേ കടിച്ചു. ഉൾക്കിടലങ്ങളിൽ നിന്നൊഴിഞ്ഞ്, അയാൾ പറഞ്ഞു.

“എട്യേയ്, ഞാനിതൊന്നു പോസ്റ്റു ചെയ്യട്ടേ. ലൈക്കും കമൻ്റുമൊക്കെ വരട്ടേ, നല്ലതല്ലേ, പ്രോത്സാഹനവുമാണ്. വിമർശനോം വരണണ്ടു ട്ടോ. നീയതൊന്നും കാണുന്നില്ലേ? പിന്നേ, ശ്യാമ നായർ…ഭയങ്കര എഴുത്തല്ലേ അവരുടേതു. എത്ര ചമൽക്കാരങ്ങളാണ് അവർ അക്ഷരങ്ങളിൽ തീർക്കുന്നത്. എന്തു ചേലാണ് ആ ഭാഷയ്ക്ക്. ചിലരുടെ പേനയിലെ അക്ഷരങ്ങളിൽ എന്നും ഋതുഭാവങ്ങളുണ്ടാകും. വിരഹവും, വിഷാദവും പ്രണയവും, എത്ര ഭംഗിയിലാണ് എഴുത്തിൽ വരുന്നത്. ശ്യാമ മാത്രമല്ല, എഴുത്തിനെ ഇഷ്ടപ്പെടുന്ന ഏറെയാളുകൾ ഉണ്ട് കൂട്ടുകാരായി. അവർ, എൻ്റെ എഴുത്തുകളേയാണ് ഇഷ്ടപ്പെടുന്നത്. അക്ഷരങ്ങളേ മാത്രം.”

“എൻ്റെ ഉണ്ണികൃഷ്ണാ, എഴുത്തുകാരാ…ഞാനൊരു കാര്യം പറയട്ടേ, അകത്തളങ്ങളിൽ മൗനം തളംകെട്ടി നിന്നു, മഴനൂലുകൾ പെയ്തിറങ്ങി എന്നൊക്കെയല്ലേ ശ്യാമേടെ ഭാഷ? തളം കെട്ടിക്കിടക്കാൻ മൗനമെന്താണ് ചളിവെള്ളമോ?മഴയെന്നത് നൂലല്ല, വെള്ളമാണ് എന്നാരാ അവൾക്കു പറഞ്ഞു കൊടുക്കുക. വല്ലാണ്ട് അവളെ പൊക്കി വക്കണ്ടാട്ടോ. മു റിക്കും ഞാൻ. ക ത്തി കണ്ടിട്ടില്ലേ നമ്മുടെ? പച്ചക്കറി മാത്രല്ലാട്ടാ മുറിയാ…”

ഉണ്ണികൃഷ്ണൻ, എഴുത്തു പോസ്റ്റു ചെയ്ത ശേഷം എഴുന്നേറ്റു. അലമാരിയിൽ നിന്നും, തോർത്തുമെടുത്ത് കുളിമുറിയിലേക്കു നടന്നു. തെല്ലുനേരം കഴിഞ്ഞപ്പോൾ, ചിതറിത്തെറിക്കുന്ന ജലശബ്ദങ്ങൾ കേൾക്കാറായി.

യമുന, പതിയേ മേശക്കരികിലേ ടാബിനരികിലെത്തി. നോട്ടിഫിക്കേഷൻ ടോണുകൾ ഇടതടവില്ലാതെ വന്നുകൊണ്ടിരിക്കുന്നു. അവൾ, തിടുക്കത്തിൽ ടാബെടുത്ത് വാട്സ് ആപ്പ് മെസേഞ്ചറും, ഫേസ്ബുക്ക് മെസേഞ്ചറും പരിശോധിച്ചു. ഇല്ല, ഭയപ്പെടുന്നതായി യാതൊന്നുമില്ല. എല്ലാം, മികച്ചതും മാന്യവുമായ സൗഹൃദ സംഭാഷണങ്ങൾ മാത്രം. പിന്നേ, ഓഫീസിലെ കണക്കുകളുടെ ലോകങ്ങൾ. എഴുത്തുകാരുടെ സാഹിതി ചർച്ചകൾ.

തൻ്റെ സുഹൃത്തുക്കൾ മുഴുവൻ ഉണ്ണിയേട്ടൻ്റെ എഴുത്തുകളെക്കുറിച്ചു പ്രകീർത്തിക്കുമ്പോൾ അഭിമാനം തോന്നാറുണ്ട്. വല്ലാതെ ആർദ്രമായ വാഴ്ത്തുമൊഴികൾ കേൾക്കുമ്പോൾ, പ്രത്യേകിച്ചും സ്ത്രീജനങ്ങളുടെ, വല്ലാതെയൊരു അസ്വസ്ഥതയും തോന്നാറുണ്ട്. കുളിനേരങ്ങളിലുള്ള ഈ പരിശോധന തെറ്റാണെന്നറിയാം. എങ്കിലും, ഏറെ നാളുകളായി ഈ തെറ്റു തുടർന്നു കൊണ്ടേയിരിക്കുന്നു. ഇന്നേക്കിതു മതി, ഇനിയുള്ള തിരച്ചിലുകൾ, നാളെയുള്ള കുളിവേളയിലാകാം.

ജലശബ്ദങ്ങൾ നിലച്ചു. തോർത്തു കുടയുന്ന ശബ്ദം വ്യക്തമാണ്. യമുന, ടാബ് നിശബ്ദം താഴെ വച്ച് തീൻമേശക്കരികിലേക്കു നടന്നു. പാത്രങ്ങളിൽ ഭക്ഷണം വിളമ്പി, ഉണ്ണികൃഷ്ണൻ്റെ വരവിനായി കാത്തിരുന്നു. മീനരാവു വളരുകയായിരുന്നു.