എഴുത്ത്: വൈദേഹി വൈഗ
===============
“കുഞ്ഞിന് മിയാന്ന് പേരിടാം…മിലൻ മിയ, നല്ല ചേർച്ച അല്ലേ അമ്മേ….ചേട്ടൻ എന്ത് പറയുന്നു….”
കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ ചർച്ചയിൽ രമ്യ ഇങ്ങനൊരു വിഷയം എടുത്തിട്ടത് കീർത്തനക്ക് തീരെ ഇഷ്ടപ്പെട്ടില്ല, രമ്യയുടെ ചേഷ്ടകളും സംസാരരീതിയും ഒക്കെ അവളെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.
ഹാളിലെ ഒരു സോഫയിൽ മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞുമായി ഒതുങ്ങിക്കൂടി ഇരിക്കുകയായിരുന്നു കീർത്തന, താൻ പ്രസവിച്ച കുഞ്ഞിന് പേരിടുന്ന ചർച്ചയാണ് ഇവിടെ നടക്കുന്നത്, അതിൽ തനിക്കൊരു പങ്കുമില്ലെന്ന് ഓർത്തപ്പോൾ അവളുടെ ഉള്ളം നീറി…
രഞ്ജിത്തിനെ കല്യാണം കഴിച്ചു ഈ വീട്ടിലേക്ക് കയറിവന്ന അന്ന് തൊട്ട് തനിക്ക് സ്വന്തമായി അഭിപ്രായങ്ങളൊന്നുമില്ല, എല്ലാവരുടെയും ഇഷ്ടങ്ങളും താല്പര്യങ്ങളും തന്നിലേക്ക് അടിച്ചേല്പിക്കപ്പെടുകയായിരുന്നില്ലേ…ഈയൊരവസരത്തിലെങ്കിലും, സ്വന്തം കുഞ്ഞിന് പേരിടുന്ന കാര്യത്തിലെങ്കിലും ആരും എന്റെ അഭിപ്രായം ചോദിക്കാത്തതെന്താ…
അവളുടെ ഉള്ളിൽ നൂറുനൂറു ചോദ്യങ്ങൾ ഉടലെടുത്തു, അവളെ അറിയാതെ കണ്ണുനിറഞ്ഞു,
രമ്യ രഞ്ജിത്തിന്റെ സഹോദരിയാണ്, അവളുടെ മകൻ മിലൻ, ആ പേരിനോട് സാമ്യമുള്ള ഒരു പേരാണ് അവൾ കുഞ്ഞിന് വേണ്ടി കണ്ടുപിടിച്ചത്.
“ചേട്ടാ മിലൻ & മിയ…ചേർച്ചയില്ലെ, കേൾക്കാനും നല്ല ഇമ്പമുണ്ട്… പറ അമ്മേ….. “
“എന്താന്ന് വച്ചാ നിങ്ങള് മക്കള് തീരുമാനിക്ക്….”
അമ്മയും പിന്മാറിയതോടെ രമ്യ തന്റെ തീരുമാനം ഏതാണ്ട് പൂർണമായും ഉറപ്പിച്ച മട്ടായി.
“ചേട്ടൻ പറയ്, നമുക്ക് ഈ പേര് ഫിക്സ് ചെയ്യാം…”
എന്തോ ആലോചിച്ചിരുന്ന രഞ്ജിത്ത് പെട്ടെന്ന് രമ്യയോടായി പറഞ്ഞു,
“മ്മ്മ് കൊള്ളാം..മിയ, തരക്കേടില്ല…എന്തായാലും കീർത്തു ഡിസൈഡ് ചെയ്യട്ടെ…അവളുടെ ലിസ്റ്റിലും ഉണ്ടാവും കുറെ പേരുകൾ…അല്ലേ കീർത്തൂ…”
രഞ്ജിത്ത് കീർത്തനയെ നോക്കി, അപ്പോഴവളുടെ മനസ്സിൽ മരുഭൂമിയിൽ മഴ പെയ്ത പ്രതീതിയായിരുന്നു. അവളും നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി,
“ഇതിപ്പോ അവളോട് ചോദിക്കാനെന്തിരിക്കുന്നു, നമ്മുടെ കുടുംബത്തിലെ കൊച്ചിന് നമ്മൾ പേരിടുന്നു…ഇതിലിത്ര അഭിപ്രായം ചോദിക്കേണ്ട കാര്യമൊന്നുമില്ല…മിയ തന്നെ ഫിക്സ് ചെയ്യാം….”
രമ്യയുടെ ശബ്ദം കർക്കശമായി, ഇനിയും താനൊന്നും.സംസാരിക്കാതിരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയ കീർത്തന കുഞ്ഞിനെയുമെടുത്ത് റൂമിലേക്ക് നടന്നു. കൊച്ചിനെ തൊട്ടിലിൽ കിടത്തി മുറിയുടെ വാതിൽ ചാരി തിരികെ ഹാളിലെത്തിയ കീർത്തന രമ്യക്ക് അഭിമുഖമായി നിന്നുകൊണ്ട് സംസാരിക്കാനാരംഭിച്ചു.
“പ്രെഗ്നന്റ് ആയിരിക്കുമ്പോൾ തന്നെ രഞ്ജിത്തേട്ടനും ഞാനും കൂടി തീരുമാനിച്ചതാണ്, പിറക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ദ്രുവി എന്നും ആൺകുഞ്ഞാണെങ്കിൽ ദ്രുവദേവ് എന്നും പേരിടണമെന്ന്…..അതുകൊണ്ട് സോറി രമ്യ….എനിക്കും രഞ്ജിത്തേട്ടനും മോൾക്ക് ദ്രുവി എന്ന് പേരിടാനാണ് താല്പര്യം, അല്ലേ രഞ്ജിത്തേട്ടാ…..”
കീർത്തന ചോദ്യഭാവത്തിൽ രഞ്ജിത്തിനെ നോക്കി, അവൻ അവൾക്ക് സമ്മതമെന്ന ഭാവത്തിൽ ഒരു പുഞ്ചിരി സമ്മാനിച്ചു.
“അതെങ്ങനെ ശരിയാവും…മിലൻ ദ്രുവി, ഒട്ടും ചേർച്ചയില്ല. മിയ തന്നെ മതിയെന്നാണ് എന്റെ താല്പര്യം….”
രമ്യ തന്റെ വാദഗതികൾ നിരത്തി.
“ചേർച്ച വേണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ രമ്യാ…നിനക്ക് നിർബന്ധമാണെങ്കിൽ….മിലന് ഏഴ് വയസായില്ലേ, നീ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്ക്…ആ കുഞ്ഞിന് നിനക്ക് താല്പര്യമുള്ള പേരിടാമല്ലോ….”
കീർത്തനയും ഒട്ടും വിട്ടുകൊടുത്തില്ല.
“ഞാനിപ്പോ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിക്കുന്നില്ല, അല്ലെങ്കിൽ തന്നെ ഇപ്പൊ എന്താ….എന്റെ ഏട്ടന്റെ കുട്ടിക്ക് പേരിടാൻ നിന്നെ പോലെ തന്നെ എനിക്കും ഈക്വൽ റൈറ്റ്സ് ഉണ്ട് കീർത്തനാ…അതിന് എനിക്ക് നിന്റെ അനുവാദം ഒന്നും ആവശ്യമില്ല…..”
“ഇതേ റൈറ്റ്സ് നിന്റെ കുട്ടിയുടെ പേരിടൽ ചടങ്ങിൽ ഞങ്ങളാരും കണ്ടില്ലല്ലോ…എന്റെ കാര്യം പോട്ടെ, നീ നിന്റെ ചേട്ടനോട് അഭിപ്രായം ചോദിച്ചോ….?
കീർത്തനയുടെ ഓരോ ചോദ്യങ്ങളും രമ്യയെ ഉത്തരം മുട്ടിക്കുന്നുണ്ടായിരുന്നു….
“അത്… അത് ഞാനും ദിലീപേട്ടനും മോന്റെ പേര് നേരത്തെ ഡിസൈഡ് ചെയ്തിരുന്നു….”
“അതുപോലെ തന്നെയാ ഞങ്ങളും…സോ രമ്യക്ക് മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു…ഞങ്ങളുടെ കല്യാണം മുതൽ ഇന്നലെ വരെ എല്ലാം നിന്റെ ഇഷ്ടപ്രകാരം ആയിരുന്നില്ലേ…എന്തിനേറെ, ഹണിമൂൺ ഡെസ്റ്റിനേഷൻ വരെ നിന്റെ ചോയ്‌സ് ആയിരുന്നു. അന്നൊന്നും ഞാൻ ഒരക്ഷരം എതിർത്തു പറഞ്ഞില്ലല്ലോ…പക്ഷെ ഇക്കാര്യത്തിൽ…ആം സോറി രമ്യാ….”
“ചേട്ടൻ ഇതൊന്നും കേൾക്കുന്നില്ലേ…”
രമ്യ ദേഷ്യത്തോടെ രഞ്ജിത്തിന് നേരേ തിരിഞ്ഞു.
“കീർത്തു പറഞ്ഞ പോലെ നമുക്ക് കൊച്ചിനെ ദ്രുവി ന്ന് വിളിക്കാം..അല്ലേ അമ്മേ…”
“അതുമതി മക്കളേ….ദ്രുവിയും നല്ല പേര് തന്നെയാ…ഇനി ഇതിനെച്ചൊല്ലി ഇവിടൊരു ലഹള വേണ്ടാ….”
അമ്മയും രഞ്ജിത്തും കൂടി കീർത്തനയെ പിന്താങ്ങിയതോടെ രമ്യയുടെ നിയന്ത്രണം വിട്ടു.
“ഓഹോ…അപ്പൊ അങ്ങനെയാണ് കാര്യങ്ങള്…എന്നാലും ചേട്ടനിങ്ങനെ മാറിപ്പോയല്ലോ…ഇവള് തലയിണമന്ത്രം ഓതിത്തന്ന് ചേട്ടനെ അവളുടെ പാവാടത്തുമ്പിൽ കെട്ടിയിട്ടേക്കുവാ…അമ്മയും എന്നെ തള്ളിപ്പറഞ്ഞില്ലേ…ഇനി ഈ വീട്ടിൽ എനിക്കെന്താ സ്ഥാനം, ഇനിയൊരു നിമിഷം പോലും ഞാനിവിടെ നിൽക്കില്ല….”
രമ്യ കോപം കൊണ്ട് ജ്വലിക്കുകയായിരുന്നു, രഞ്ജിത്ത് സാവധാനം അവൾക്കരികിലേക്ക് നടന്നുചെന്ന് അവളെ തന്നോട് ചേർത്ത് പിടിച്ചു.
“രമ്യേ….നിന്റെ ഭർത്താവ് നീ പറയുന്നത് കേൾക്കാറില്ലേ…അത് നീ അവനെ ചരടിൽ കുടുക്കിയിട്ടതുകൊണ്ടോ ഞാനെന്റെ ഭാര്യ പറയുന്നത് കേൾക്കുന്നത് അവളെന്നെ ചരടിൽ കുടുക്കിയിട്ടതുകൊണ്ടോ ഒന്നുമല്ല…അത് പരസ്പരസ്നേഹം കൊണ്ടാ….
നീ ഇങ്ങനെ കൊച്ചുപിള്ളേരെ പോലെ നിസ്സാരകാര്യങ്ങൾക്ക് വീട്ടീന്ന് ഇറങ്ങിപ്പോവാൻ നിന്നാൽ കാര്യങ്ങളെങ്ങനെയാ ശരിയാവുക…നീ പോയാൽ ഇവിടാർക്കെങ്കിലും സമാധാനം ഉണ്ടാവോന്ന് നിനക്ക് തോന്നുന്നുണ്ടോ….?
എനിക്ക് നീയും നമ്മുടെ അമ്മയും പോലെ തന്നെയാ കീർത്തുവും, അവളെന്റെ ഭാര്യയാണ്..അതുപോലെ തന്നെ നിന്റെ ചേട്ടത്തിയുമാണ്…അത് നീ മറക്കരുത്..
നിന്നെപ്പോലെ തന്നെ അവൾക്കും ആഗ്രഹമുണ്ടാവില്ലേ അവളുടെ കൊച്ചിന് പേരിടണമെന്നൊക്കെ, അവൾക്ക് മാത്രമല്ല, അതെല്ലാ പെണ്ണുങ്ങൾക്കും ഉണ്ടാവും…അതിനെ നീ തെറ്റായി കണക്കാക്കരുത്. അത് ഒരമ്മയുടെ അവകാശമാണ്, അക്കാര്യത്തിൽ അവളെ സപ്പോർട് ചെയ്യേണ്ടത് ഭർത്താവെന്ന നിലയിൽ എന്റെ കടമയാണ്.
ഈ കാര്യത്തിൽ നീ ഇങ്ങനെ സങ്കടപ്പെട്ടും കരഞ്ഞും വഴക്കുണ്ടാക്കിയും നാളത്തെ ദിവസത്തിന്റെ സന്തോഷത്തെ മുക്കിക്കളയരുത്…മനസ്സിലായോ….”
രമ്യ കണ്ണീരോടെ രഞ്ജിത്തിന്റെ നെഞ്ചോരം ചേർന്നു, ആ നേരം അവൻ കീർത്തനയെയും തന്നോട് ചേർത്തു പിടിച്ചു…
ഇതൊക്കെയ്ക്കും സാക്ഷിയായി അമ്മ സോഫയിലിരുന്ന് അവരെ പുഞ്ചിരിയോടെ നോക്കി…