അവൾ തിരഞ്ഞു നടന്നപ്പോൾ അവൾ ധരിച്ച വസ്ത്രത്തിലേക്കായി അയാളുടെ നോട്ടം. തീരെ….

പൗരുഷമുള്ള സ്ത്രീ…

എഴുത്ത്: നിഷ പിള്ള

================

സക്കറിയ രാമാനന്ദിന്റെ ഫ്ളാറ്റിലെ ബാൽക്കണിയിൽ ഇരുന്നു കൊണ്ട് പുറം കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

രാമാനന്ദ് അടുത്ത് തന്നെയിരുന്നു എന്തോ എഴുതുകയാണ്. അയാളിപ്പോൾ ജോലിയൊക്കെ ഉപേക്ഷിച്ചു മുഴുവൻ സമയ എഴുത്തുകാരനായി മാറി. രണ്ടു മാസത്തെ ലീവിന് ഓസ്‌ട്രേലിയയിൽ നിന്നുമെത്തിയ സക്കറിയയെ നിർബന്ധിച്ചു കൂടെ താമസിപ്പിച്ചിരിക്കുകയാണ് രാമാനന്ദ്.

രാമാനന്ദ്, സക്കറിയ, കവിത മൂന്നുപേരും ഒന്നാം ക്ലാസ് മുതൽ നഗരത്തിലെ ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ സഹപാഠികളായിരുന്നു. പഠിക്കുന്ന സമയം മുതൽ കവിതയും രാമാനന്ദും പ്രണയത്തിലായിരുന്നു. ആ പ്രണയത്തെ വിവാഹം വരെ വളർത്തിയതിൽ സക്കറിയ എന്ന ആത്മാർത്ഥസുഹൃത്തിനും പങ്കുണ്ട്.

“രാമു ,കേരളമൊക്കെ ഒത്തിരി മാറിയല്ലേ? നമ്മള് വളർന്ന കേരളമല്ല ഇപ്പോൾ.”

സക്കറിയ പറഞ്ഞത് തലയാട്ടി സമ്മതിച്ചു രാമാനന്ദ്

“നമ്മൾ പരസ്പരം കണ്ടിട്ട് വർഷങ്ങളായി. നിങ്ങളുടെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നറിയില്ല. അറിയാനുള്ള ആകാംഷ കൊണ്ട് ചോദിക്കുകയാണ്, എല്ലാ ആണുങ്ങളും മോഹിക്കുന്ന, ആരാധിക്കുന്ന ഒരു പെണ്ണായിരുന്നു കവിത. അതെ പോലെ പെൺകുട്ടികളുടെ മനസിലെ ഋതിക് റോഷനായിരുന്നു നീ. സുന്ദരൻ, എഴുത്തുകാരൻ, ക്രിക്കറ്റ് പ്ലേയർ. ഞങ്ങളൊക്കെ നിന്നെയും അവളെയും അസൂയയോടെ നോക്കി ഇരുന്നിട്ടുണ്ട്. നിങ്ങളുടെ വിവാഹം ഈ ലോകത്തിലെ ഏറ്റവും പവിത്രമായതും പ്രേമ സുരഭിലവുമാണെന്നു ഞാൻ വിശ്വസിച്ചു. അത് കഴിഞ്ഞു എന്ത് സംഭവിച്ചു, എന്താണ് പിരിയാൻ കാരണം? എന്നും ഇപ്പോഴും നിങ്ങളുടെ തോഴനായി കൂടെയുണ്ടായിരുന്നത് ഞാനായിരുന്നല്ലോ. ഞാൻ പോയതിനു ശേഷം എന്ത് സംഭവിച്ചു .”

രാമു എഴുത്തു നിർത്തി. പേപ്പർ ഫയൽ മടക്കി വച്ച് എഴുന്നേറ്റു. സക്കറിയയുടെ അടുത്തിരുന്നു തല അവന്റെ തോളിലേക്ക് ചായ്ച്ചു.

“അതെ എല്ലാരും ആഘോഷിച്ച പ്രണയം, ആനന്ദിച്ച  കല്യാണം. അങ്ങനെയായിരുന്നു എനിക്കും അവൾക്കും. എനിക്കും അവൾക്കും ഒരേ സ്വപ്നങ്ങളായിരുന്നു. ആദ്യം കരിയർ, പിന്നെ കുടുംബം. നിനക്കറിയാല്ലോ അവളെ, പെർഫെക്റ്റ് എന്ന് പറഞ്ഞാൽ പെർഫെക്റ്റ്. അവളെ പോലെ എല്ലാം തികഞ്ഞ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല. എനിക്കെന്നും ആരാധനയായിരുന്നു അവളോട്. അവളുടെ വസ്ത്രം, പ്രവൃത്തികൾ, വിരൽ തുമ്പുകൾ പോലും പെർഫെക്റ്റ് ആയിരുന്നു. കൂടെ നടക്കുമ്പോൾ മറ്റുള്ളവർ അസൂയയയോടെ എന്നെ നോക്കും. ഇരുപതു വർഷങ്ങൾക്കിപ്പുറവും എനിക്കതു മാത്രമേ പറയാനുള്ളു. എല്ലാം എന്റെ കുറ്റമായിരുന്നു. അവളെ എനിക്ക് കിട്ടിയപ്പോൾ പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടി പുതുമ നശിക്കുമ്പോൾ കളിപ്പാട്ടം വലിച്ചെറിയുന്ന പോലെ…മെല്ലെ മെല്ലെ എന്നിലെ സ്നേഹം കുറഞ്ഞു വന്നു. ഞാൻ കുറെ അഭിനയിച്ചു നോക്കിയെങ്കിലും അവൾക്കു മനസിലായി. അവൾക്കു മാത്രമേ എന്നെ അത്രത്തോളം മനസിലാക്കാൻ കഴിഞ്ഞിരുന്നുവുള്ളു. നിറഞ്ഞു ഒഴുകിയ മിഴികളോടെ അവളെന്റെ മുന്നിൽ വന്നു നിന്നു….

ഒന്നേ പറഞ്ഞുള്ളു, രാമു നമുക്ക് പിരിയാം, നമ്മുടെ ഇടയിലെ പ്രണയം പൂർണമായും ഇല്ലാതാകുന്നതുവരെ കാത്തിരിക്കാൻ എനിക്ക് വയ്യ. കാലം കഴിയും തോറും അത് കുറഞ്ഞു അതിന്റെ നീരുറവ വറ്റും. അപ്പോൾ നമ്മളുടെ ഇടയിൽ പ്രണയമില്ലായിരുന്നു എന്ന് നമ്മൾ സമർത്ഥിക്കും. വയ്യ, ഇനി വയ്യ, നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം.”

രാമു എഴുന്നേറ്റു ബാൽക്കണിയിലെ കൈവരിയിൽ പടർന്നു വളരുന്ന പോത്തോസ്‌ ചെടികളുടെ ഇലകളെ തടവി.

“ആവശ്യത്തിൽ കൂടുതൽ വെള്ളം നൽകിയ ചെടികൾ അഴുകി നശിക്കുന്ന പോലെ, വയററിയാതെ കഴിക്കുന്ന രുചികരമായ സദ്യ മടുപ്പായി മാറുന്ന പോലെ, അവളുടെ സ്നേഹക്കടലിൽ നീന്തി നീന്തി എനിക്കതൊരു മടുപ്പായി തോന്നി. പാവം കവിത അവൾക്കു സ്നേഹിക്കാൻ മാത്രമേ അറിയൂ. ഒടുവിൽ ഞാനെന്ന ചെ കുത്താനിൽ നിന്നും മോചനം തേടി അവൾ യാത്രയായി.

ഇപ്പോൾ അവളെ കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. എല്ലാ വർഷവും എന്റെ പിറന്നാളിന് മുടങ്ങാതെ ഈ വിലാസത്തിൽ അവളുടെ സ്നേഹ സമ്മാനം വരും. അതിപ്പോൾ ഒരു പ്രത്യാശയാണ്. അത് കൊണ്ട് താമസം പോലും മാറാതെ ഞാനിവിടെ കഴിയുന്നത്. ഇപ്പോൾ ഒരാഴ്ചയായി നിന്റെ സാമീപ്യം വളരെ ആശ്വാസമാണ്.”

ഈ സമയത്തു സക്കറിയയുടെ ഫോൺ റിങ് ചെയ്തു. അയാൾ ഫോണുമായി അകത്തേയ്ക്കു നടന്നു. നഗരത്തിലെ പ്രധാനപ്പെട്ട ഫ്ളാറ്റ് സമുച്ചയത്തിലെ മൂന്നാം നിലയിലിരുന്നാൽ പ്രധാന റോഡും ഗേറ്റും ഒക്കെ നല്ലപോലെ കാണാൻ പറ്റും. കുറെ നേരം റോഡിലേയ്ക്ക് നോക്കിയിരുന്നു. പെട്ടെന്നാണ് ഗേറ്റു തുറന്നു  അവൾ വന്നത്, നന്ദിനി…

തന്റെ ഫ്ലാറ്റിന്റെ എതിർവശത്താണ് അവളുടെ ഫ്ലാറ്റ്. നാല്പത്തഞ്ചോളം വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ. വളരെ വേഗതയിൽ ആണുങ്ങളെ പോലെ നടക്കുന്ന തന്റേടിയായ നന്ദിനി.

“ഇമ്മാതിരി ആൾകാർക്കൊക്കെ ഇത്രേം പോഷ് ഫ്ലാറ്റിൽ താമസിക്കുവാൻ പറ്റുമോ. ഇതവരുടെ സ്വന്തമാണോ, അവരുടെ വേഷം ഒക്കെ കണ്ടിട്ട് സാമ്പത്തികമായി അത്ര മെച്ചമല്ല എന്നറിയാം.”

ഒരു ഗ്ലാസിൽ വി സ്കിയും പിടിച്ചു കൊണ്ട് സക്കറിയ വന്നു. മറ്റൊരു ഗ്ലാസ് രാമുവിന്റെ മുൻപിൽ വച്ചു.

“ഇവിടെയെല്ലാവർക്കും സംശയമാണ്. പക്ഷെ ഫ്ലാറ്റ് അവരുടെ പേരിലാണ്. ദാരിദ്ര്യത്തിന്റെ പേരിൽ ഇറക്കി വിടാൻ പറ്റില്ലല്ലോ. അവരുടെ കാലശേഷമേ ഇത് വിൽക്കാൻ പാടുള്ളു എന്ന് നിബന്ധനയുണ്ടത്രേ. ഇവർക്ക് പ്രായം കുറവല്ലേ, ഇനിയും കാണുമല്ലോ ഒരു ഇരുപത് വർഷത്തോളം. മൂന്നു ആണ്മക്കളാണിവർക്കു…മൂത്തതും ഇളയതും കുഴപ്പമില്ല. നടുക്കത്ത ചെക്കനെ ഇന്നാള് മ യക്കുമരുന്ന് കേസിനു പോലീസ് പൊക്കി. ഇവരെ പുറത്താക്കാൻ റെസിഡൻസ് അസോസിയേഷൻ കുറെ ശ്രമിച്ചതാ. പക്ഷെ നടന്നില്ല. ഇവർക്ക് ആരോ ഉന്നതരുമായി ബന്ധമുണ്ടെന്ന്. ചെക്കന്റെ കേസ് ഒത്തു തീർപ്പാക്കി. അവരാണേൽ ആരുമായും മിണ്ടില്ല.

അവളെ കൊണ്ടൊരു ഗുണമുണ്ടായി ഇവിടത്തെ പെണ്ണുങ്ങൾക്ക്, എല്ലാ പെണ്ണുങ്ങളോടും കിന്നരിച്ചു നടക്കുന്ന ഒരു കേണൽ അങ്കിൾ ഉണ്ടിവിടെ. ഒരിക്കൽ നന്ദിനി അയാളെ പിടിച്ചു രണ്ടു പൊട്ടിച്ചു. അതിൽ പിന്നെ ആർക്കും അയാളെ കൊണ്ടൊരു ശല്യവുമില്ല. അത് പോട്ടെ ,ആരാ നിന്നെ വിളിച്ചത്?.”

“ജെന്നിഫർ ആണ് വിളിച്ചത്, അവൾക്കു ഉടനെ ഡിവോഴ്സ് വേണമെന്ന്. ഞാനവളെ പാരിസിൽ വച്ച് കാണുമ്പോൾ വെറും പതിനേഴു വയസ്സ് മാത്രമാണ് അവൾക്കു. നിനക്ക് എന്നെ അറിയാമല്ലോ…ഞാൻ സ്ത്രീകളെ കാ മത്തിന്റെ കണ്ണുകളിലൂടെ മാത്രമേ കണ്ടിരുന്നുള്ളൂ. അവളെ കണ്ടതിനു ശേഷമാണു പെണ്ണ് എന്താണെന്നു എനിക്ക് മനസിലായത്. എന്റെ കാഴ്ചപ്പാടുകൾ മാറ്റിത്തന്നത് അവളായിരുന്നു. അവളെ ഒരുപാടു  എനിക്കിഷ്ടമായിരുന്നു. എന്റെ ജേക്കബിനെ എനിക്ക് സമ്മാനിച്ചത് അവളല്ലേ. അതും അവളുടെ പതിനെട്ടാം വയസിൽ. ആദ്യമായി ജേക്കബിനെ കണ്ടപ്പോൾ അവളുടെ മുഖം മങ്ങിയത് ഞാനിന്നും ഓർക്കുന്നു. എന്നെ പോലെ ഒരു തവിട്ടു നിറക്കാരനായ കുഞ്ഞ്‌. പിന്നെ അവനെ അവൾ കൂടുതൽ സ്നേഹിച്ചു, അപ്പോഴും അവളുടെ മനസ്സിൽ അവളുടെ നിറമുള്ള  വെള്ളക്കാരനായ കുഞ്ഞൊരു സ്വപ്നമായിരുന്നു. അത് എന്റെ ആകരുതെന്ന ഒരു നിർബന്ധവും. ഒഴിഞ്ഞു പോകാൻ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ സന്തോഷപൂർവം പോയേനെ, പക്ഷെ ഇത് ചതിയല്ലേ. ഭർത്താവു കൂടെയുള്ളപ്പോൾ ഒരു അന്യപുരുഷനിൽ നിന്നും ഗർഭം ധരിക്കുക. അത് ജന്മദിന പാർട്ടിയിൽ വച്ച് ഭർത്താവിന്റെയും  പതിനേഴുകാരനായ മകന്റെയും മുൻപിൽ വച്ച് മറ്റുള്ളവരോട് പറയുക. നീ പറ പൗരുഷമുള്ള ഒരാണ് ആ നിമിഷം എങ്ങനെ പ്രതികരിക്കണമെന്ന്. അഭിമാനം നഷ്ടപ്പെട്ടു ജീവിച്ചിട്ട് എന്ത് കാര്യം. പിറ്റേന്ന് തന്നെ രണ്ടു മാസത്തെ ലീവിന് അപേക്ഷിച്ചു. ജേക്കബിനെ അവന്റെ അമ്മയുടെ അരികിൽ നിർത്തി. ഞാൻ ഇങ്ങു പോരുന്നു.”

“ജേക്കബ് എന്ത് പറയുന്നു.?”

“അവൻ നല്ല അഭിമാനിയാണ്, അവനു എന്റെ രക്തമാണ്. പിന്നെ വളർന്ന സാഹചര്യങ്ങൾ അവിടത്തെ സ്വാതന്ത്ര്യം, കൾച്ചർ ഇതൊക്കെ അല്ലെ അവനറിയൂ. ഞാനവളെ ആദ്യമായി പാരിസിൽ വച്ച് കാണുമ്പോൾ ജെന്നി  ഞാൻ താമസിച്ച ഹോട്ടലിലെ പരിചാരികയായിരുന്നു. ജോലിയോട് ആത്മാർത്ഥതയുള്ള ഒരു പതിനേഴുകാരി. അവൾക്കു ആദ്യം കൗതുകം എന്റെ തവിട്ടു നിറമായിരുന്നു. പിന്നെ കൂടുതൽ അടുത്തപ്പോൾ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. പക്ഷെ അവളുടെ ഉള്ളിൽ ഉറങ്ങി കിടന്ന വർണവിവേചനം പുറത്തു വന്നത് ജേക്കബിന്റെ ജനനത്തോടെയാണ്. അതങ്ങനെ അവസാനിച്ചു. കവിതയും ജെന്നിയും രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്ത്രീകൾ. ജെന്നി എന്നും സ്വാർത്ഥയായിരുന്നു .”

സക്കറിയ കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി. അടുത്ത പെ ഗിനായി അകത്തേയ്ക്കു പോയി. അകത്തേയ്ക്കു പോയപ്പോൾ ഉണ്ടായ ദുഃഖഭാവത്തിനു പകരം ചെറിയ പുഞ്ചിരിയുമായി ആണയാൾ മടങ്ങിയെത്തിയത്.

“രാമു നീ ഒരു കഥാകൃത്തല്ലേ, നിനക്കെന്തു കൊണ്ട് നന്ദിനിയുടെ കഥ എഴുതിക്കൂടാ…കവിതയിൽ നിന്നും ജെന്നിയിൽ നിന്നും വ്യത്യസ്തയായ ഒരു പെണ്ണ്.”

“ആര്? എതിർവശത്തെ  ഫ്ളാറ്റിലെ സ്ത്രീയോ, എന്റമ്മേ വേണ്ട…ഒരിക്കൽ അവർക്കു വേണ്ടി ലിഫ്റ്റിൽ കാത്ത് നിന്നതിനു അവരെന്നെ തുറിച്ചൊരു നോട്ടം, നിന്ന നില്പിൽ ഞാൻ ഉരുകി പോയി. അവര് പെണ്ണൊന്നുമല്ല. ഒരു പെണ്ണിനും ആണുങ്ങളെ ഇങ്ങനെ വിരട്ടാൻ കഴിയില്ല. നോട്ടവും നടപ്പും രൂപവും ഒക്കെ ആണിനെ പോലെ. താഴത്തെ നിലയിലെ സ്വാമി അവരുടെ നോട്ടത്തിനു മുൻപിൽ നിന്ന നിലയിൽ മൂ ത്ര മൊഴിച്ചു പോയി. അവൾ ദ്വിലിം ഗം ആണെന്നൊരു  കിംവദന്തിയുണ്ട്.”

“ശേ അനാവശ്യം പറയാതെ, എന്നിട്ടാണോ അവര് മൂന്നു  കുട്ടികളുടെ അമ്മയായത്. നമ്മള് അകലെ നിന്ന് നോക്കുമ്പോൾ പലരുടെയും ജീവിതം അങ്ങനെയായി തോന്നും. ഇന്നലെ ഞാനവരുമായി സംസാരിച്ചു. എനിക്കവരുടെ കണ്ണിൽ ഒരു ദുഃഖകടൽ അലയടിക്കുന്നു കണ്ടു.”

“നീയോ? എങ്ങനെ അവരുമായി…പണ്ടേ നീ പെണ്ണുങ്ങളെ ചാക്കിടാൻ മിടുക്കനല്ലേ.”

“നാട്ടിൽ വന്നാൽ ഞാൻ ഞങ്ങളുടെ പള്ളിയിൽ പോകുന്ന പതിവുണ്ട്. അപ്പോഴാണ് എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യുന്ന പതിവുണ്ട്. അവിടത്തെ വീട്ടമ്മമാരുടെ കൂട്ടായ്മയുടെ ഒരു പരിപാടിയുടെ  നോട്ടീസ് അച്ചടിച്ച് കൊടുക്കാമെന്നു ഏറ്റു. അതുമായി കയറി ചെന്നത് അവള് ജോലി ചെയ്യുന്ന അച്ചടി പ്രെസ്സിലായിരുന്നു. നാളെ പോയി നോട്ടീസ് വാങ്ങണം. ആ പരിചയം കൊണ്ടാകണം ഇന്ന് ലിഫ്റ്റിൽ വച്ച് കണ്ടപ്പോൾ അവരെന്നെ നോക്കി ചിരിച്ചു.”

“സത്യമാണോ? നീ വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളൂ. ഞാൻ അവരുടെ എതിർവശത്തെ ഫ്ലാറ്റിൽ എട്ടു വർഷമായി  ജീവിക്കുന്നു. നിന്റെ പഴയ പഞ്ചാര സ്വഭാവം ഒന്നും മാറിയില്ലേ. അല്ലെങ്കിലും അവള് അങ്ങനെ ഒന്നും വീഴുന്ന ടൈപ്പ് അല്ല.”

“ആണോ പെണ്ണൊയെന്നല്ല, മനുഷ്യനാണോ…അവര് കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരമ്മയാണ്. ഒരാഴ്ച സമയം നീ താ. ഞാൻ അവരുടെ കഥ കണ്ടു പിടിക്കും.”

പിന്നീടുള്ള ദിവസങ്ങളിലും സക്കറിയ പകൽ പുറത്തും രാമാനന്ദ് എഴുത്തു പുരയിലുമായി ചിലവഴിച്ചു. തന്റെ സ്വകാര്യ മുറിയെ രാമു അങ്ങനെയാണ് വിളിക്കാറുള്ളത്. വൈകുന്നേരങ്ങളിൽ സക്കറിയ പുറത്തു നിന്ന് വരുമ്പോൾ മാത്രമാണ് രാമു മുറിയിൽ നിന്നും പുറത്തിറങ്ങുന്നത്

അന്ന് വൈകുന്നേരം സക്കറിയയെ കാണാതെ രാമു പുറത്തിറങ്ങിയപ്പോളാണ് എതിരെ വരുന്ന നന്ദിനിയെ കാണുന്നത്. പതിവില്ലാതെ അവൾ മുഖത്ത് നോക്കി, അടുത്ത് വന്നപ്പോൾ ഒരു ചെറു പുഞ്ചിരി.

“സാർ, ഇത് സക്കറിയ സാറിനെ ഏല്പിക്കാമോ ? സാറിന്ന് വൈകുമെന്ന് പറഞ്ഞിരുന്നു. രാമാനന്ദിനെ ഏൽപ്പിച്ചാൽ മതിയെന്ന് പറഞ്ഞു. സാറിന് എന്നെ പരിചയം കാണില്ല. എതിർവശത്തെ ഫ്ലാറ്റിലാണ് ഞാൻ താമസിക്കുന്നത്.”

അവളൊരു പൊതി അയാളെ ഏല്പിച്ചു. അവൾ തിരഞ്ഞു നടന്നപ്പോൾ അവൾ ധരിച്ച വസ്ത്രത്തിലേക്കായി അയാളുടെ നോട്ടം. തീരെ വിലകുറഞ്ഞ വസ്ത്രങ്ങൾ. പക്ഷെ ആണിന്റെ തലയെടുപ്പോടെ അവൾ പടിക്കെട്ടുകൾ കയറി പോയി. ആരോഗ്യവതിയാണ്. സുന്ദരിയാണ്. പക്ഷെ ആർക്കും ആകർഷണം തോന്നാത്ത വിധത്തിൽ സൗന്ദര്യത്തെ മറച്ചു വച്ചിരിക്കുന്ന പോലെ.

പിറ്റേന്ന് വൈകിട്ട് സക്കറിയ രാമുവിനെ കൂട്ടികൊണ്ടു പോയത് അവൾ ജോലി ചെയ്യുന്ന പ്രെസ്സിലേയ്ക്കായിരുന്നു. അവനെ കണ്ടപ്പോൾ ബഹുമാനത്തോടെ ഇറങ്ങി വന്നു.

“ഇന്നലെ തന്നെ ഈ സാറിനെ ഏല്പിച്ചായിരുന്നു. കിട്ടിയില്ലേ.”

“നോട്ടീസ് കിട്ടി, വേറെ ഒരു കാര്യം ചോദിക്കാനായിരുന്നു. രാമുവിന്റെ ഒരു പുസ്തകം അച്ചടിക്കുന്ന സംബന്ധിച്ച്.”

“സാർ, ഞാൻ സാറിന്റെ ഫ്ലാറ്റിലേക്ക് വരാം. നമുക്ക് സംസാരിക്കാം.”

പതിവുപോലെ സായാഹ്നത്തിലെ വെള്ളമടി സക്കറിയ ഉൽഘാടനം ചെയ്തു. പുള്ളിയുടെ കൈകൊണ്ടു പാചകം ചെയ്ത ചെമ്മിൻ റോസ്റ്റും….അപ്പോഴാണ് കാളിങ് ബെൽ മുഴങ്ങിയത്. അതവളായിരുന്നു, നന്ദിനി….വന്നപാടെ അവൾ ഞങ്ങളുടെ അടുത്തുള്ള കസേരയിലിരുന്നു.

“സമയമില്ല, നമുക്ക് കാര്യത്തിലേക്കു വരാം. എത്ര കോപ്പിയാണ് സാർ അച്ചടിക്കേണ്ടത്. ഡീറ്റെയിൽസ് തരൂ. ആര് ഓഫർ ചെയ്യുന്നതിനേക്കാൾ മികച്ച ഡിസൈനിൽ ഞങ്ങൾ അത് ചെയ്തു തരാം.”

“ഡീറ്റെയിൽസ് ഞാൻ തരാം. ഒരു ചായ ആകാമല്ലോ അല്ലേ.”

അവൾ ഞങ്ങളുടെ അടുത്തിരുന്നു ചായ കുടിച്ചു. പോകാനായി എഴുന്നേറ്റു.

“കുറെ പണിയുണ്ട്, നാളെ കാണാം സാറെ.”

അവൾ പോയപ്പോൾ സക്കറിയ രാമുവിന്റെ  അടുത്ത് വന്നിരുന്നു

“നിനക്കറിയുമോ, അവളെങ്ങനെ ഇങ്ങനെ ആയെന്ന്. കാരിരുമ്പിന്റെ കരുത്തുള്ളവളായെന്ന്. ഞാൻ അവളുടെ മകനൊരു വിസ ഓഫർ ചെയ്തു. അതുകൊണ്ടാകും അവളെന്നോട് അവളുടെ കഥ തുറന്നു പറഞ്ഞത്. നമ്മൾ കോളേജിൽ പഠിക്കുന്ന സമയം ഇവിടെയൊരു ബംഗ്ലാവ് ഉണ്ടായിരുന്നു ഓർക്കുന്നുണ്ടോ?. രാജശേഖരൻ സാറിനെ…അദ്ദേഹത്തിന്റെ ഭാര്യയുടെ ഓഹരി ആയിരുന്നു ആ വലിയ വീട്. അവരുടെ കുടുംബത്തിന്  കയറുല്പന്നങ്ങളുടെ കയറ്റുമതി ആയിരുന്നു. രാജശേഖരൻ സാറിന് രണ്ടു പുത്രന്മാർ  ആയിരുന്നു. മൂത്തയാൾ ഒരു ഡോക്ടർ ആണ്, പേര് പറയുന്നില്ല. നഗരത്തിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധൻ. ഇപ്പോൾ വിദേശത്താണ്. ഇളയത് ചന്ദ്രശേഖർ ആസാദ്. ഒരു കാൽ തളർന്നു പോയ, ബുദ്ധിക്കുറവുള്ള പയ്യൻ. തെരുവിൽ പാട്ടുപാടുന്ന അറുമുഖനും മകൾ നന്ദിനിയ്ക്കും കിടക്കാൻ കിടപ്പാടം പോലുമില്ലായിരുന്നു. ഒരു മഴയത്തു മാവിന്റെ മറവിൽ കയറി നിന്ന നന്ദിനിയെ ഡോക്ടർ കൊതിയോടെ നോക്കി നിന്നു. പതിനാറു വയസ്സ് മാത്രമുള്ള നന്ദിനിയ്ക്കും അച്ഛനും ഡോക്ടറുടെ ശുപാർശയിൽ ഒരു ജോലി രാജശേഖരൻ കൊടുത്തു. അയാളുടെ ഇളയ മകൻ ആസാദിന്റെ പരിചരണം. ഇഷ്ടം പോലെ ഭക്ഷണവും വസ്ത്രവുമൊക്കെ ലഭിച്ചപ്പോൾ നന്ദിനി കൂടുതൽ സുന്ദരിയും കരുത്തയുമായി. ഡോക്ടറെ അവൾക്കിഷ്ടമായിരുന്നു. അവൾക്കു വേണ്ടതെല്ലാം സമയാസമയം എത്തിച്ചത് ഡോക്ടറായിരുന്നു. അവൾ ഗർഭം ധരിച്ചപ്പോഴും ആരും ഡോക്ട്ടറെ സംശയിച്ചില്ല. കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വിവാഹമായിരുന്നു പോംവഴി. ആരുമറിയാതെ നന്ദിനി അവിടത്തെ മരുമകളായി. ബുദ്ധി കുറവുള്ളവരുടെ ചില ബലഹീനതകളിലൊന്നായി അതിനെ ഡോക്ടർ ചിത്രീകരിച്ചു .അപ്പോഴും ഡോക്ടറുടെ ഭാര്യ കന്യകയായി തുടർന്നു. നന്ദിനി ഒരാൺകുഞ്ഞിനെ പ്രസവിച്ചു.രാജശേഖരനെ പോലെ ഒരു സുന്ദരൻ.”

“കുഞ്ഞിന് രണ്ടു വയസായപ്പോഴേക്കും രാജശേഖരൻ സാർ മരിച്ചു. എന്നിട്ടും ഡോക്ടർ അവിടെ സന്ദർശനം തുടർന്നു. നന്ദിനി പിന്നെയും പ്രസവിച്ചു വീണ്ടും രണ്ടാൺകുട്ടികൾ. ഇളയ മകനെ ഡോക്ടറുടെ ഭാര്യ ഒന്നേ നോക്കിയുള്ളൂ. സ്വന്തം ഭർത്താവിനാൽ വഞ്ചിക്കപ്പെട്ട പെൺകുട്ടിയെയും. പിന്നെ ഡോക്ടർ അവിടെ ചെന്നിട്ടില്ല. കുടുംബ സ്വത്ത് വിട്ടപ്പോഴും ഷെയർ ചെയ്തപ്പോഴും നന്ദിനി ഒന്നും ആവശ്യപ്പെട്ടില്ല. ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റ് വാങ്ങി നൽകിയതും കുടുംബ സ്വത്തായ പ്രസ് അവൾക്കു നൽകിയതും ഡോക്ടറുടെ ഭാര്യയാണ്. അവർക്കു ഒരു മകൾ മാത്രമാണുള്ളത്. ആ പ്രസ് നടത്തി, ആസാദിനെ പരിചരിച്ചു, കുട്ടികളെ പഠിപ്പിച്ചു. മൂത്തമകൻ ജോലി നേടി വിദേശത്തു പോയി, വിവാഹം കഴിച്ചു.

ഇളയമകനും പഠിക്കാൻ മിടുക്കനാണ്. അവനും താമസിയാതെ ജോലിയിൽ പ്രവേശിക്കും. പക്ഷെ ഇടയ്ക്കുള്ള മകൻ, അവനാണ് അവളുടെ പ്രശ്നം. ഡോക്ടറുടെ മകനാണ്…പക്ഷെ ആസാദിനെ പോലെ ബുദ്ധിയിൽ കുറച്ചു അപാകതയുള്ള മകൻ. ഇടയ്ക്കു മ യക്കുമ രുന്ന് കേസിൽ പെട്ടു. ചിലകാര്യങ്ങൾ ആർക്കും പിടി കിട്ടാത്തതാണ്. അവനെങ്ങനെ അങ്ങനെ ആയി. ഒരു പക്ഷെ പരമ്പാഗതമായി ജനിതകത്തിലൂടെ സംഭവിച്ചതാകാം.

അവൾക്കു ഏറ്റവും ഇഷ്ടം അവനോടാണ്. നല്ല പോലെ പടം വരയ്ക്കുന്ന അവന്റെ ഡിസൈനുകൾ അവൾ അച്ചടിയിൽ പ്രയോജനപ്പെടുത്താറുണ്ട്. അവനു വേണ്ടിയാണു അവൾ ആ അച്ചടി പ്രസ് നടത്തി കൊണ്ട് പോകുന്നത്. അവനൊരു ജീവിത മാർഗം. അവളുടെ കാലശേഷവും അവനു ജീവിക്കണ്ടേ. ഇപ്പോൾ ഫ്ലാറ്റിൽ അവളും മകനും മാത്രം. മറ്റുമക്കൾക്കു അവനെ സഹിക്കാൻ പറ്റില്ലത്രേ, അവനുവേണ്ടി രാപകൽ കഷ്ടപ്പെടുന്ന അമ്മ. ഈ ഫ്ലാറ്റ് വിട്ടു ദൂരെ എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ അവളുടെ മരണശേഷം മാത്രമേ അത് വിൽക്കാൻ സാധിക്കുകയുള്ളു. അവൾക്കു ഈ നാട്ടിൽ നിന്ന് രക്ഷപ്പെട്ടാൽ കൊള്ളാമെന്നുണ്ട്. അതിനെന്താ ഒരു മാർഗമെന്ന് ചോദിച്ചു.”

“എന്തിനാ ഒരു ഒളിച്ചോട്ടം. ഇത്രയും നാൾ എല്ലാവർക്കും വേണ്ടി ജീവിച്ചില്ലേ. ഇനി ഇവിടെ തന്നെ ധൈര്യമായി ജീവിച്ചാൽ പോരെ. ആരെയാ ഭയപ്പെടുന്നത്. ഡോക്ടറും ഫാമിലിയും അങ്ങ് വിദേശത്തല്ലേ.”

“ഞാനും അവരോടു അങ്ങനെ തന്നെ ചോദിച്ചു, ഇനി എന്തിനാണ് ഒരു ഒളിച്ചോട്ടമെന്നു, അവരുടെ മറുപടി എന്താണെന്നറിയുമോ. അവര് ഇതുവരെ അവർക്കു വേണ്ടി ജീവിച്ചിട്ടില്ലായെന്നു. കുറച്ചുനാൾ സ്വസ്ഥമായി അവരും മകനും അരുമറിയാത്തൊരു നാട്ടിൽ…പ്രസ്സും ഫ്ലാറ്റും നാട്ടുകാരുമൊക്കെ അവർക്കു ഉണ്ടാകുന്ന ടെൻഷൻ കുറച്ചൊന്നുമല്ല. അവർ ഉറങ്ങിയിട്ട് തന്നെ വർഷങ്ങളായി എന്ന്.അവർക്കു എല്ലാരേയും പേടിയും സംശയമാണ്. നല്ല വസ്ത്രം ധരിക്കാൻ പേടി .ചിരിക്കാൻ പേടി. തുറന്നു സംസാരിക്കാൻ പേടി. തെരുവിലെ പാട്ടുകാരന്റെ മകൾക്കു ഭക്ഷണവും വസ്ത്രവും കൂരയും ഇല്ലായിരുന്നുവെങ്കിലും സമാധാനവും ഉറക്കവും ഉണ്ടായിരുന്നു. അതൊക്കെ നഷ്ടമായി .”

“നമുക്ക് എങ്ങനെ സഹായിക്കാൻ കഴിയും സക്കറിയ. നമ്മൾ ഹെൽപ്‌ലെസ്സ് അല്ലെ.”

“ഞാൻ ആലോചിക്കുന്നത്, അവളെ ഞാൻ കൂടെ കൊണ്ട് പോയാലോ എന്നാണ്. എന്തായാലും ജെന്നിഫർ പോകും, പിന്നെ എന്റെ മകനെ നോക്കാൻ എന്ന പേരിൽ നന്ദിനിയെ കൊണ്ട് പോകാം. കൂടെ അവളുടെ മകനെയും. അവിടെയൊക്കെ ആകുമ്പോൾ അവനു ചിത്രരചനയും ഗ്രാഫിക്‌സും ഒക്കെ പഠിക്കാൻ ധാരാളം അവസരങ്ങളുണ്ട്. ഞാൻ തീരുമാനിച്ചു രാമു, അവൾ മടങ്ങി വരുന്നവരെ പ്രസ് നോക്കി നടത്താൻ ഒരാളെ കണ്ടെത്തണം. ഞാൻ വിളിച്ചാൽ അവൾ വരും. അവൾക്കു സമ്മതമാണെങ്കിൽ അവളെ എന്റെ ജീവിതത്തിലേക്ക് വിളിക്കാനും ഞാൻ തയാറാണ്. അവൾ അതിനു ഒരിക്കലും തയാറാകില്ലായിരിക്കും.”

“നല്ലകാര്യമാണ് സക്കറിയ. ഇത്രയും വർഷങ്ങൾക്കു ശേഷം ഞാനാദ്യമായി അവരെ ചിരിച്ചു കണ്ടത് നീ വന്നതിനു ശേഷമാണ്. അവരെ സഹായിക്കൂ.”

ലീവിന് ശേഷം സക്കറിയ മടങ്ങിയപ്പോൾ നന്ദിനിയും മകനും ഒപ്പമുണ്ടായിരുന്നു….

വിമാനത്താവളത്തിൽ നിന്നും മടങ്ങി വന്ന രാമാനന്ദിനെ കാത്ത് മറ്റൊരു സർപ്രൈസ് സക്കറിയ ഒരുക്കിയിരുന്നു….

എതിർവശത്തെ ഫ്ളാറ്റിലെ പുതിയ താമസക്കാരി, കവിത.

~നിശീഥിനി