വഴിവിളക്ക്….
Story written by Suja Anup
==============
“എനിക്ക് ഇനിയും പഠിക്കണം…”
തേങ്ങലുകൾക്കിടയിൽ ആമിനയുടെ വാക്കുകൾ മുങ്ങി പോയി..
ഒരു ട്യൂഷൻ ക്ലാസ്സിൽ പോലും പോവാതെ പത്താം തരത്തിൽ ഫസ്റ്റ് ക്ലാസ് വാങ്ങിയ കുട്ടിയാണ്, എന്നിട്ടും അവൾക്കു പ്ലസ് ടുവിനു പോകാനാവുന്നില്ല. അവളുടെ ആങ്ങളമാർ ഉഴപ്പൻമ്മാർ ആയിട്ട് കൂടി ബിരുദത്തിനു പഠിക്കുന്നുണ്ട്.
അവൾ എൻ്റെ മുന്നിലേയ്ക്ക് വച്ച ആവശ്യമാണ് “അവളുടെ വാപ്പിച്ചിയോട് ഞാൻ തന്നെ സംസാരിക്കണം…”
ശരിയാണ്..അദ്ധ്യാപിക പറഞ്ഞാൽ അയാൾ ഒരു പക്ഷേ കേൾക്കുമായിരിക്കും.
ഏതായാലും ഒന്ന് ശ്രമിച്ചു നോക്കണം. ആ ഒരു ഉദ്ദേശത്തോടെയാണ് ഞാൻ അവിടെ എത്തിയത്. രണ്ടും കൽപ്പിച്ചാണ് ആ വീട്ടിലേയ്ക്കു കയറി ചെന്നത്. ഉള്ളിൽ നല്ല പേടി ഉണ്ടായിരുന്നൂ..
വലിയ വീട്ടുകാർ ആണ്. വ്യാപാരികൾ..
സംസാരത്തിനിടയിൽ ആണ് മകളെ കോളേജിൽ അയക്കുന്ന കാര്യം ചോദിച്ചത്..
അവളുടെ വാപ്പിച്ചിയുടെ മറുപടി ഉടനെവന്നൂ..
“പെണ്ണുങ്ങൾ കഷ്ടപ്പെട്ട് പണി എടുത്തു പോറ്റേണ്ട കാര്യം ഈ വീട്ടിൽ ഇല്ല.പെൺമക്കൾ വീട്ടിൽ ഇരിക്കുന്നതാണ് കുടുംബത്തിന് അഭിമാനം. ഗതിയില്ലാത്ത വീട്ടുകാർ പെൺമക്കളെ ജോലിക്കയക്കും”
“ഓരോന്ന് കോലം കെട്ടി നടന്നു കൊള്ളും കുടുംബത്തിന് ചീത്തപേരുണ്ടാക്കുവാൻ..”
“എൻ്റെ ആമിനയ്ക്കു എല്ലാം തികഞ്ഞ ഒരുവനെ ഞാൻ കണ്ടെത്തിയിട്ടുണ്ട്. പെൺമക്കളെ അഴിച്ചുവിടുന്നവർ ചീത്തപ്പേര് കിട്ടിക്കഴിയുമ്പോൾ പഠിച്ചോളും..”
തൊലി ഉരിയുന്നതു പോലെ തോന്നി…
“എനിക്കറിയാം, എന്നെ കളിയാക്കിയതാണ്.”
കഷ്ടപ്പെട്ടു കൂലി വേല ചെയ്താണ് ഉപ്പ എന്നെ പഠിപ്പിച്ചത്. താഴെ രണ്ടു അനിയത്തിമാരുണ്ട്.
ബിരുദം കഴിഞ്ഞ ഉടനെ ഞാൻ അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ജോലിക്കു കയറി. തുടർന്ന് പഠിക്കുവാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല, ഞാൻ കൂടി ജോലിക്കു പോയാൽ മാത്രമേ കുടുംബം മുന്നോട്ടു പോവുകയുള്ളൂ..
തല കുനിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്…
നാട്ടുകാരുടെ ഭാഷയിൽ കെട്ടുപ്രായം കഴിഞ്ഞ പെണ്ണാണ് ഞാൻ…
പക്ഷേ..എൻ്റെ ലക്ഷ്യം നേടുവാൻ എനിക്ക് ഒന്നും തടസ്സമല്ല, ഉപ്പയുടെയും ഉമ്മയുടെയും അനുഗ്രഹം മാത്രം മതിയാകും..
“ഈ നിമിഷം എനിക്ക് സന്തോഷമുണ്ട്. പണക്കാരനായ വാപ്പയുടെ മകളായി ജനിച്ചില്ലെങ്കിലും സ്നേഹമുള്ള എന്നെ മനസ്സിലാക്കുന്ന ഉപ്പയുടെ മകളായി എന്നെ ജനിപ്പച്ചതിനെ ഓർത്തു. ഇനി എന്നെ പടച്ചവൻ കാത്തുകൊള്ളും. അവൻ്റെ മുന്നിൽ പണക്കാരനോ പാവപെട്ടവനോ ഇല്ല. “
“ഈ നാട് ഒരിക്കൽ എൻ്റെ പേരിൽ അറിയപ്പെടണം, എൻ്റെ പാവപ്പെട്ട ഉപ്പയേയും ഉമ്മയേയും ഓർത്തു എല്ലാവരും അഭിമാനിക്കണം.” ഒഴുകി കൊണ്ടിരുന്ന കണ്ണുനീർ തുടച്ചു ഞാൻ പ്രാർത്ഥിചൂ.
ഇന്ന് വീണ്ടും ഞാൻ ആ വീട്ടിലേയ്ക്കു കടന്നു ചെന്നൂ ഒരുപാടു കാലത്തിനു ശേഷം…
അവിടെ എൻ്റെ ആമിന ഉണ്ട്..അവളെ ഒന്നു കാണുവാൻ വേണ്ടി മാത്രം…
കയറി ചെന്ന എന്നെ സ്വീകരിക്കുവാൻ എല്ലാവരും ഓടി വന്നൂ.
വീട്ടിലേയ്ക്കു കടന്നു വരുന്നത് പഴയ ആ പാവപ്പെട്ട, ഒരു ഗതിയും ഇല്ലാത്ത അദ്ധ്യാപിക അല്ലല്ലോ, ജില്ലാ കളക്ടർ ആണ്…
നീണ്ട അഞ്ചു വർഷങ്ങൾ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കി. കഷ്ടപ്പെട്ട് പഠിച്ചതിനു ദൈവം തന്ന പ്രതിഫലം…
ആമിനയും ഒത്തിരി മാറി പോയിരുന്നൂ. ആമിനയെ അവർ ആ നല്ല പയ്യനെ കൊണ്ട് വിവാഹം കഴിപ്പിച്ചൂ…പണവും പ്രതാപവും ഒരിക്കലും സന്തോഷം കൊണ്ട് വന്നു തരില്ല, എന്ന് പറഞ്ഞത് സത്യമായി..
പൊരുത്തക്കേടുകൾക്കിടയിൽ ആമിനയ്ക്ക് ബന്ധം വേർ പിരിയേണ്ടി വന്നൂ..
എല്ലാം എൻ്റെ അനിയത്തിമാർ എന്നെ അറിയിക്കുന്നുണ്ടായിരുന്നൂ. എൻ്റെ അനിയത്തിമാരുടെ ഒപ്പം മാത്രമേ എന്നും ഞാൻ ആമിനയെ കണ്ടിട്ടുള്ളൂ.
അകത്തു ഞാൻ കണ്ടു നിരാശയുടെ മൂടുപടം അണിഞ്ഞു ഒറ്റയ്ക്കിരിക്കുന്ന എൻ്റെ ആമിനയെ. അവൾ തന്നെ ആണ് അത് എന്ന് വിശ്വസിക്കുവാൻ പ്രയാസം തോന്നി.
അറിഞ്ഞിരുന്നൂ.. “നിക്കാഹിനു ശേഷം റസാഖ് എത്ര മാത്രം അവളെ അവളെ ഉപദ്രവിച്ചിരുന്നൂ എന്ന്..”
അവൾ പുറത്തിറങ്ങാറില്ലത്രേ..ആ മുറിയാണ് അവളുടെ ലോകം.
ആമിനയുടെ കൈയ്യിൽ ഞാൻ പിടിച്ചൂ. അവൾ എന്നെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. ഞാൻ തടഞ്ഞില്ല. ഉള്ളിലെ ദുഃഖം മൊത്തം ഒഴുകിത്തീരട്ടെ എന്ന് ഞാൻ വിചാരിച്ചൂ…
ആമിനയോടു ഞാൻ ഒന്നേ ചോദിച്ചുള്ളു..
“എൻ്റെ കൂടെ പോരുന്നോ….”
അവളുടെ വാപ്പിച്ചി ഒന്നും പറഞ്ഞില്ല. മൗനം സമ്മതം എന്ന് ഞാൻ കരുതി..
ഇന്ന് വർഷങ്ങൾക്കു ശേഷം ഞാൻ എൻ്റെ ആമിനയെ അവർക്കു തിരിച്ചു കൊടുക്കുന്നൂ. ഈ വർഷമത്രയും അവൾ എൻ്റെ കൂടെ ഉണ്ടായിരുന്നൂ..
അവളെ എൻ്റെ പഴയ ആമിനയാക്കി കരുത്തു നൽകുവാൻ ഒരുപാടു എനിക്ക് കഷ്ടപ്പെടേണ്ടി വന്നൂ..
ഞാൻ തിരിച്ചു കൊടുക്കുന്നത് പഴയ തേങ്ങി കരയുന്ന, ജീവിതത്തിൽ നിന്ന് ഒളിച്ചോടി പോയിരുന്ന ആമിനയെ അല്ല, നല്ലൊരു കോളേജ് അദ്ധ്യാപികയെ ആണ്..
വാപ്പിച്ചിയെ ഞാൻ കണ്ടു. അദ്ദേഹം ഒത്തിരി മാറി പോയിരിക്കുന്നൂ.
അദ്ദേഹത്തിൽ പഴയ പുച്ഛം നിറഞ്ഞ കണ്ണുകൾക്ക് പകരം അനുഗ്രഹം ചൊരിയുന്ന കണ്ണുകൾ ഞാൻ കണ്ടു. ഒരിക്കൽ എന്നെ അവഹേളിച്ചത്തിലുള്ള കുറ്റബോധം അവിടെ ഉണ്ടായിരുന്നൂ.
ഒരു അദ്ധ്യാപിക എന്ന നിലയിൽ ആമിനയോടുള്ള എൻ്റെ കർത്തവ്യം അവിടെ പൂർത്തിയായി…
“എനിക്കറിയാം, ഇനി അവൾ വഴിവിളക്കാകും അവളെ പോലെ ദുഃഖം അനുഭവിക്കുന്ന ഒത്തിരി പേർക്ക്…”
~സുജ അനൂപ് (28.10.2019)