ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലാത്ത, ചിരിക്കാൻ അറിയാത്ത ഒരാളായിരുന്നു അവളുടെ ഭർത്താവ്…

Story written by Jishnu Ramesan

=================

നൊന്തു നീറി പെറ്റ കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് വരുമ്പോ ആ പെണ്ണിൻ്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു…

മുരടിച്ച, എപ്പോഴും വിയർപ്പ് നാറ്റമുള്ള ആ മനുഷ്യൻ തൻ്റെ കൂടെയുള്ളത് അവൾക്കൊരു മടുപ്പായിരുന്നു…

രണ്ടു വർഷം മുൻപ് അയാളൊരു താലി കോർത്ത ദിവസം മങ്ങിയതാണ് ആ പെണ്ണിൻ്റെ ചിരി…

തൻ്റെ ഇഷ്ടമില്ലാതെ ആദ്യരാത്രി അയാള് ശ രീരം ചോദിച്ചപ്പോ പേടിച്ച്, വിതുമ്പി നിന്നിരുന്നു ആ പെണ്ണ്….

അവളുടെ മങ്ങിയ മുഖം കണ്ട് ആ മനുഷ്യനും പിന്തിരിഞ്ഞു…

കൂലിപ്പണിയും കഴിഞ്ഞ് മുഷിയും വരെ ക ള്ള് മോന്തി വീട്ടിലേക്ക് കയറി വരുന്ന അയാളോട് അവൾക്ക് ചിലപ്പോ വെറുപ്പ് തോന്നിയിരുന്നു…

ചില ദിവസം മുഷിഞ്ഞ കുറച്ച് നോട്ടുകൾ അയാള് ഭാവിയിലേക്കാണെന്ന് പറഞ്ഞ് മാറ്റി വെയ്ക്കുന്നത് കാണുമ്പോ ആ പെണ്ണിന് അമർഷം നിറഞ്ഞ അത്ഭുതം തോന്നിയിരുന്നു…

അധ്വാനിച്ച് കുടുംബം നോക്കുന്ന ഒരു മനുഷ്യൻ എന്നതിലുപരി മറ്റൊരു ഗുണവും ചിലപ്പോ അവൾക്ക് തോന്നിയിട്ടില്ല…

ഒരിക്കലും ചിരിച്ച് കണ്ടിട്ടില്ലാത്ത, ചിരിക്കാൻ അറിയാത്ത ഒരാളായിരുന്നു അവളുടെ ഭർത്താവ്…

“കുറച്ച് നാള് വീട്ടിൽ പോയി നിൽക്കട്ടെ” എന്ന് പേടിച്ച് ചോദിക്കുമ്പോ ചിരിക്കാതെ, മറ്റു മുഖഭാവമില്ലാതെ സമ്മതം മൂളിയിരുന്നു അയാള്…

ആ പെണ്ണ് പനി പിടിച്ച് ചുരുണ്ടു കൂടി കിടക്കുമ്പോഴൊക്കെ പണിക്ക് പോകാതെ, ആരോടും ഒന്നും പറയാതെ ഉമ്മറത്ത് മുറി ബീഡിയും വലിച്ചിരിക്കുമായിരുന്നു അയാള്…

നാട്ടുനടപ്പ് പോലെ  പൊന്നു പോലെ നോക്കുന്ന അയാളോട് സ്വല്പം വെറുപ്പ് തോന്നിയതിന് ആ പെണ്ണിന് കാരണമുണ്ടായിരുന്നു…

നാരായണൻ ചേട്ടൻ്റെ കടയിലെ ചൂടുള്ള പരിപ്പുവട വാങ്ങിക്കൊണ്ട് കൊടുക്കുമ്പോ അയാള് ആ പെണ്ണിൻ്റെ മുഖത്ത് പോലും നോക്കിയിരുന്നില്ല…

ആദ്യമായി അയാള് മാറി നിന്ന് ചിരിക്കുന്നതും, കണ്ണ് നിറയുന്നതും അവൾക്ക് വയറ്റിലുണ്ടെന്ന് അറിയുമ്പോഴാണ്…

പിന്നീട് ഒരു തരം വെപ്രാളമായിരുന്നു അയാൾക്ക്…എപ്പോഴോ സ്വരുക്കൂട്ടി വെച്ചിരുന്ന മുഷിഞ്ഞ നോട്ടുകൾ അയാളുടെ മടിയിൽ സ്ഥാനം പിടിച്ചിരുന്നു…

ഏഴാം മാസം അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോ ആ മനുഷ്യൻ അവളുടെ കവിളിൽ പിടിച്ച് നിറഞ്ഞു ചിരിച്ചപ്പോ ആ പെണ്ണിൻ്റെ കണ്ണുകൾ കലങ്ങിയിരുന്നു…

ആരുമില്ലാതിരുന്ന, ചിരിക്കാനറിയാത്ത അയാള് ചെലപ്പോഴൊക്കെ നിറഞ്ഞു ചിരിച്ചിരുന്നു…

മഴ കൊള്ളാനിഷ്ടമില്ലാത്ത ആ മനുഷ്യൻ നിറ വയറുള്ള അവളെയും കൂട്ടി മഴ നനഞ്ഞിട്ടുണ്ട്…

ഇന്ന് അയാളുടെ കുഞ്ഞിനെ കൊഞ്ചിക്കുമ്പോ ആ മനുഷ്യൻ ആ പെണ്ണിനെ നോക്കി ചിരിച്ചിരുന്നു…

ഇടയ്ക്കൊക്കെ വയറു നിറയെ ക ള്ളും മോന്തി കയറി ചെല്ലുന്ന ആ മനുഷ്യനെ ശകാരിക്കത്തക്ക ധൈര്യവും ഇഷ്ടവും അവൾക്കും അയാളോട് തോന്നി തുടങ്ങിയിരുന്നു…

കൂലിപ്പണിയും കഴിഞ്ഞ് കയറി വരുന്ന അയാള് കുറച്ച് മുഷിഞ്ഞ, വിയർപ്പൊട്ടിയ നോട്ടുകൾ അവളുടെ കയ്യിലേക്ക് കൊടുത്തിട്ട് പറയും,

” നമുക്കും നമ്മടെ കുഞ്ഞിനും ഭാവിയിലേക്ക് ഉള്ളതാണ്ട്രി ഈ  സ്വരുക്കൂട്ടുന്നത്…”

ആ  ചിരിക്കാത്ത മനുഷ്യനും, അവളും, കുഞ്ഞും മനോഹരമായി സുന്ദരമായി ജീവിച്ചു…

(അപൂർണ്ണമായ ഒരെഴുത്ത്)

~Jishnu Ramesan