ആത്മാവ്….
Story written by Suja Anup
=================
തിരക്ക് പിടിച്ച ജോലിക്കിടയിലെ ഇടവേളകൾ ആനന്ദകരമാക്കിയിരുന്നത് അവൻ്റെ തമാശകളായിരുന്നൂ. എത്ര രസമായിട്ടായിരുന്നൂ അവൻ സംസാരിച്ചിരുന്നത്.
പതിയെ പതിയെ ഞാനറിയാതെ എൻ്റെ മനസ്സ് അവനിലേയ്ക്ക് ചായുന്നതു ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നൂ.
“തെറ്റാണ്….മതത്തിൻ്റെ വലിയൊരു മതിൽകെട്ടു ഞങ്ങൾക്ക് ഇടയിൽ ഉണ്ട്. എന്നിൽ വിശ്വാസം അർപ്പിച്ചു ആവശ്യത്തിൽ കൂടുതൽ സ്വാതന്ത്ര്യം തരുന്ന മാതാപിതാക്കൾ. അവരെ ഒന്നും വഞ്ചിക്കുവാൻ എനിക്ക് ആവുമായിരുന്നില്ല.”
പലപ്പോഴും കൂടുതൽ അടുത്തിടപഴകുവാൻ ശ്രമിക്കുന്ന അവനെ മനഃപൂർവം നീക്കി നിർത്തുവാൻ ഞാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ…
പക്ഷെ…അവനിലേയ്ക്ക് ചാഞ്ഞ എൻ്റെ മനസ്സിന് കടിഞ്ഞാണിടുവാൻ എനിക്ക് സാധിക്കുമായിരുന്നില്ല…
ഒരു പുരുഷനിൽ സ്ത്രീ ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും അവനിൽ ഉണ്ടായിരുന്നൂ. അറിയാതെ ഞങ്ങൾ പരസ്പരം സ്നേഹിച്ചു തുടങ്ങി.
ലോകത്തിലെ ഒരു ശക്തിയും ഞങ്ങളെ പിരിക്കില്ല എന്ന് ഞങ്ങൾ വിശ്വസിക്കുവാൻ ശ്രമിച്ചൂകൊണ്ടിരുന്നൂ…
പക്ഷെ എങ്ങനെയോ എല്ലാം വീട്ടിൽ അറിഞ്ഞു. അതോടെ ഞാൻ വീട്ടു തടങ്കലിൽ ആക്കപെട്ടു.
എനിക്ക് പക്ഷെ അവനെ പിരിയുവാൻ സാധിക്കുമായിരുന്നില്ല..
ഒരു ദിവസ്സം ഒത്തു കിട്ടിയ സാഹചര്യം മുതലാക്കി അത്യാവശ്യം വേണ്ട സാധനങ്ങളുമായി ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവനോടൊത്തുള്ള ഒരു ചെറിയ ജീവിതം മാത്രമേ എൻ്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ…
റയിൽവേ സ്റ്റേഷനിൽ ചെന്നിട്ടാണ് അവനെ പോലും ഞാൻ ആ വിവരം അറിയിച്ചത്..
ഓടി വന്നെത്തിയ അവൻ എന്നെ പക്ഷെ കൂടെ കൊണ്ട് പോകുവാൻ തയ്യാറായില്ല..
അവൻ ഒന്ന് മാത്രമേ പറഞ്ഞുള്ളൂ..
“ഇത്ര നാളും സ്നേഹിച്ചു വളർത്തിയ മാതാപിതാക്കളെ വിഷമിപ്പിച്ചു നീ എൻ്റെ കൂടെ പോരേണ്ട. അവരുടെ സമ്മതത്തോടെ നിന്നെ എനിക്ക് വേണം. നീ ഇറങ്ങി പോന്ന വിഷമം മൂലം അവർ അബദ്ധം വല്ലതും ചെയ്താൽ ജീവിതകാലം മുഴുവൻ നീ നീറി നീറി കഴിയേണ്ടി വരും”
ഞാൻ അവനെ പല രീതിയിൽ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കി. പക്ഷെ അവൻ നിർബന്ധിച്ചു എന്നെ വീട്ടിലേയ്ക്കു പറഞ്ഞു വിട്ടു…
വീട്ടിൽ തിരിച്ചെത്തിയ എന്നെ പക്ഷെ വീട്ടുകാർ ഒരു പെരുങ്ക ള്ളിയെ പോലെ നോക്കി തുടങ്ങി. അവർക്കു എന്നെ തീരെ വിശ്വാസം ഇല്ലാതെ ആയതുപോലെ….
ധൃതി പിടിച്ചാണ് അവർ എൻ്റെ വിവാഹം എൻ്റെ സമ്മതമില്ലാതെ ഉറപ്പിച്ചത്…
“വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ വിഷം കുടിച്ചു ചാ വുമെന്നാണ് അച്ഛനും അമ്മയും അനിയത്തിയും പറഞ്ഞത് “
“ചെറുക്കനെ പറ്റി ഒന്ന് അന്വേഷിക്കണ്ടേ” എന്നുള്ള അമ്മയുടെ ചോദ്യത്തിന് അച്ഛൻ മറുപടി ഒന്നും പറഞ്ഞില്ല.
വിവാഹ ശേഷം അവനെ മറക്കുവാൻ ഞാൻ ശ്രമിച്ചൂ നോക്കി…
പക്ഷെ എവിടെയൊക്കെയോ എൻ്റെ മനസ്സ് വേദനിക്കുന്നത് ഞാൻ അറിഞ്ഞു..
“പണം ഉണ്ട്, എന്നതിൽ ഉപരി ഒരു ഗുണവും എൻ്റെ ഭർത്താവിൽ ഞാൻ കണ്ടെത്തിയില്ല. എന്നെ ഒരു ഉപഭോഗവസ്തുവായി മാത്രം അദ്ദേഹം കാണുന്നത് എന്നെ വേദനിപ്പിച്ചൂ…സുന്ദരമായിരുന്ന എൻ്റെ ദേഹം മുഴുവൻ അദ്ദേഹം ഉപദ്രവിച്ച പാടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..”
കാലം കടന്നു പോയികൊണ്ടിരുന്നൂ. ഒപ്പം അദേഹത്തിൻ്റെ ദേഹോപദ്രവങ്ങളും…
അന്ന് ഞാൻ ഏഴുമാസം ഗർഭിണി ആയിരുന്നൂ. പെട്ടെന്ന് എനിക്ക് അവൻ്റെ ഫോൺ വന്നു..അവനു എന്നോട് വെറുപ്പായിരിക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.
എന്നാൽ അവൻ ഫോണിലൂടെ എന്നെ ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്..
“ഒരിക്കലും നീ വിഷമിക്കരുത്. പ്രേമത്തെക്കാൾ വലുതാണ് മാതാപിതാക്കളോടുള്ള കടപ്പാട്. നിന്നോട് എനിക്ക് ബഹുമാനം മാത്രെമേ ഉള്ളൂ.”
അടുത്ത ആഴ്ച അവൻ്റെ വിവാഹം ആണത്രേ….വിവാഹത്തിന് വരണം എന്ന് പറയുവാൻ വിളിച്ചതാണ്…
കുട്ടി അമ്മാവൻ്റെ മകളാണ്. ഒരു അപകടത്തിൽ പെട്ട് അവൾക്കു ഒരു കാല് നഷ്ടമായി. അവൾക്കു ഒരു തുണയാകുവാൻ അവൻ ഇഷ്ടപ്പെടുന്നൂ. അത്രമാത്രം പറഞ്ഞു അവൻ ഫോൺ വച്ചൂ…
ഞാൻ ഓർത്തു….
“ഈ മനസ്സ് കാണാതെ പോയതാണ് എൻ്റെ മാതാപിതാക്കൾ ചെയ്ത ഏറ്റവും വലിയ തെറ്റ്.”
അദ്ദേഹം ഞാൻ അവനോടു ഫോണിൽ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടുകൊണ്ടു നിൽക്കുകയായിരുന്നൂ എന്ന് ഞാൻ അറിഞ്ഞില്ല.
അവനെ പറ്റി ആരോ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടായിരുന്നൂ..
അദ്ദേഹം എന്നോട് ദേഷ്യപെട്ടു…
ആ ദേഷ്യത്തിൽ അദ്ദേഹം എൻ്റെ വ.യറ്റിൽ ചവിട്ടയപ്പോൾ എനിക്ക് ഒന്നും ചെയ്യാനായില്ല. ര ക്തം ഒഴുകുന്നത് മാത്രം എനിക്ക് മനസ്സിലായി.
എൻ്റെ കുഞ്ഞു അതിനെ മാത്രം എനിക്ക് മതിയായിരുന്നൂ….അപ്പോഴേയ്ക്കും ഞാൻ താഴെ വീണു…..
കണ്ണ് തുറക്കുമ്പോൾ ഞാൻ എൻ്റെ സ്വന്തം വീട്ടിൽ ആയിരുന്നൂ. അടുത്ത് അച്ഛനും അമ്മയും അനിയത്തിയും ബന്ധുക്കളെല്ലാവരും ഉണ്ടായിരുന്നൂ..എനിക്ക് ഒത്തിരി സന്തോഷം ആയി….
ഞാൻ പതിയെ എഴുന്നേൽക്കുവാൻ ശ്രമിച്ചൂ..
ഭാഗ്യം കുഴപ്പമൊന്നും ഇല്ല…
“അമ്മ വിഷമിക്കേണ്ട ഞാൻ എഴുന്നെറ്റല്ലോ” എന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞു നോക്കി.
ആരും കേൾക്കുന്നില്ല. ചുറ്റിലും ബന്ധുക്കൾ, നാട്ടുകാർ എല്ലാവരും കരയുന്നുണ്ട് എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ആരും എന്നെ നോക്കുന്നില്ല…
പതിയെ തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് പെട്ടിയിൽ കിടക്കുന്ന എന്നെ തന്നെയാണ്.
ആ സത്യം എനിക്ക് ഉൾക്കൊള്ളുവാൻ സാധിച്ചില്ല.
ഞാൻ അവിടെ നിലത്തിരുന്നൂ..
അപ്പോഴാണ് എൻ്റെ ഭർത്താവു അവിടെ ഇല്ല എന്ന് ഞാൻ മനസ്സിലാക്കിയത്..
എന്നാലും എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ..എൻ്റെ കുഞ്ഞു ഇല്ലാത്ത ലോകത്ത് എനിക്കും ഒരു സ്ഥാനവും വേണ്ട….
ശവസംസ്കാരം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു..എനിക്ക് എവിടേയ്ക്ക് പോകണം എന്ന് അറിയില്ലായിരുന്നൂ…..
ഇനിയുള്ള ദിനങ്ങൾ ഒരാത്മാവായി അലയാനാവും എൻ്റെ വിധി…
സാരമില്ല അദ്ദേത്തിൻ്റെ ഉപദ്രവത്തിൽ നിന്നും രക്ഷപെട്ടല്ലോ അത് മതി…
അപ്പോഴാണ് അവൻ വന്നത്, തൻെറ ഭാര്യയെയും കൂട്ടി.
അറിയുവാൻ വൈകിയത്രെ…സിമിത്തേരിയിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വെള്ള റോസാപ്പൂക്കൾ വച്ചിട്ടുള്ള വരവാണത്രെ…
അവൻ അച്ഛനോട് ഒന്ന് മാത്രമേ ചോദിച്ചുള്ളൂ…
“എനിക്ക് തരാമായിരുന്നില്ലേ അച്ഛാ….”
അച്ഛൻ അവൻ്റെ മേലേയ്ക്ക് വീണു പോയി..അവനെ കെട്ടിപിടിച്ചു അച്ഛൻ മാപ്പു ചോദിച്ചൂ.
അവനെ ആശ്വസിപ്പിക്കുവാൻ അച്ഛനായില്ല.
ഞാൻ ആ നിമിഷം ദൈവത്തോട് പ്രാർത്ഥിചൂ..
“എനിക്ക് ജീവിച്ചു കൊതി തീർന്നിട്ടില്ല. ഒത്തിരി കഷ്ടപെട്ടില്ലേ ഞാൻ ഈ ജീവിതത്തിൽ…ഇനി ഒരു ജന്മം എനിക്ക് തരുമോ അവൻ്റെ മകളായി ജീവിക്കുവാൻ എങ്കിലും”