കലഹം…
Story written by Jisha Raheesh
================
“ദീപേ നീ പറഞ്ഞത് ശരി തന്നെയാ, ഞാൻ നോക്കുമ്പോൾ രാജേഷേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി വെച്ചേക്കുവാ….”
രാവിലെ വന്നയുടനെ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേയ്ക്ക് വിളിച്ചു നിർത്തി സന്ധ്യ അടക്കം പറഞ്ഞപ്പോൾ ദീപയ്ക്കങ്ങു കുളിരു കോരിപ്പോയിരുന്നു.
“ഞാൻ അപ്പോഴേ പറഞ്ഞില്ലേ സന്ധ്യേ, നിന്റെ രാജേഷേട്ടന്, എന്തോ ഒരു ചുറ്റിക്കളിയുണ്ടെന്ന്..”
സന്ധ്യയുടെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന കനൽ, ഒന്നൂടെ ആളിക്കത്തിയ്ക്കാൻ ശ്രെമിച്ചു കൊണ്ടു ദീപ പറഞ്ഞു..
‘അല്ലേലും സന്ധ്യയുടെയും അവളുടെ കെട്ട്യോന്റെയും മെയ്ഡ് ഫോർ ഈച്ച് അദെർ കളി ദീപയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലം കുറെയായി…’
ഇടയ്ക്കിടെ ഒരുമിച്ചു യാത്ര പോവുന്നു, ബർത്ത്ഡേയ്സ് ആഘോഷിക്കുന്നു, ഫോട്ടോയെടുക്കുന്നു. വേറെയാർക്കും കെട്ട്യോനും കുടുംബവുമൊന്നും ഇല്ലാത്തത് പോലെ…
ദീപയും സന്ധ്യയും വർഷങ്ങളായി ഒരേ സ്കൂളിലെ അദ്ധ്യാപികമാരാണ്. സുഹൃത്തുക്കളും…
രാജേഷിന്റെയും സന്ധ്യയുടെയും പ്രണയവിവാഹമായിരുന്നു. സന്ധ്യയുടെ വീട്ടുകാർക്ക് വിവാഹത്തിന് വലിയ താല്പര്യമൊന്നും ഇല്ലായിരുന്നു. രാജേഷ് ബിസിനസ്സുകാരനാണെന്നത് തന്നെയായിരുന്നു കാരണം..
സന്ധ്യ, ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരുന്നതും രാജേഷിന്റെ ബിസിനസ്സ് നാൾക്കു നാൾ അഭിവൃദ്ധിയിലേയ്ക്കുയർന്നതും, കാരണമാണ്, അവസാനം മനസ്സില്ലാമനസ്സോടെയെങ്കിലും സന്ധ്യയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത്…
സാധാരണ എല്ലാ ബന്ധങ്ങളിലും എന്നത് പോലെ, ഇടയ്ക്കിടെ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടെങ്കിലും സന്തോഷകരമായിരുന്നു അവരുടെ ദാമ്പത്യം..
വിവാഹം കഴിഞ്ഞു, വർഷം മൂന്നാല് കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടാകാത്തതിന്റെ സങ്കടം ഒഴിച്ചാൽ സന്ധ്യയും സംതൃപ്തയായിരുന്നു ജീവിതത്തിൽ…
പക്ഷെ ഇതിപ്പോൾ,.നാലഞ്ച് മാസമായി അവളുടെ മനഃസമാധാനം നഷ്ടമായിട്ട്…
ബിസിനസ്സിന്റേത് ഉൾപ്പെടെയുള്ള കാര്യങ്ങളെല്ലാം സന്ധ്യയോടും കൂടെ ഡിസ്‌കസ് ചെയ്യുകയും അവളുടെ അഭിപ്രായങ്ങളും കൂടെ കേൾക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു രാജേഷിന്റേത്..
അങ്ങനെ ഒളിവും മറവുമൊന്നും ഇല്ലാത്ത ഒരു ബന്ധം..രാജേഷിന്റെ പെൺ സുഹൃത്തുക്കൾ ഉൾപ്പെടെ എല്ലാവരെയും സന്ധ്യയ്ക്കും നല്ല പരിചയമാണ്..തിരിച്ചും അങ്ങനെ തന്നെ…
എന്നിരുന്നാലും ദീപയെ രാജേഷിനു അത്ര പിടുത്തമില്ല..ഏഷണിക്കാരിയാണെന്ന് എപ്പോഴും പറയുമെങ്കിലും, ദീപ പറയുന്നതൊന്നും സന്ധ്യ മുഖവിലയ്ക്ക് എടുക്കില്ലെന്ന് അറിയാവുന്നത് കൊണ്ടു അവരുടെ സൗഹൃദത്തിൽ ഇടപെടാൻ രാജേഷ് നിൽക്കാറുമില്ല…
കുറച്ചൊക്കെ പോസ്സസ്സീവ്നെസ്സ് കാണിയ്ക്കുന്ന ഒരു ഭാര്യ തന്നെയാണ് സന്ധ്യയും..എന്നിരുന്നാലും രാജേഷിന്റെ സൗഹൃദങ്ങളിൽ കാര്യമില്ലാതെ ചിക്കിച്ചികയാനും അവൾ നിൽക്കാറുമില്ല..
പക്ഷെ കുറച്ചു മാസങ്ങളായി, രാജേഷ് തന്നിൽ നിന്നും എന്തോ ഒളിയ്ക്കുന്നത് പോലെ സന്ധ്യയ്ക്ക് തോന്നി തുടങ്ങിയിട്ട്..ചോദിക്കുമ്പോഴൊക്കെ എല്ലാം നിന്റെ തോന്നലാണെന്ന് പറയും..ചിലപ്പോഴൊക്കെ ചാടിക്കടിയ്ക്കാനും വരും…
ബിസിനസ്സിന്റെ ടെൻഷൻ ആണെന്ന് കരുതി ആശ്വസിക്കാൻ ശ്രെമിച്ചുവെങ്കിലും സന്ധ്യയ്ക്ക് അതിനു കഴിഞ്ഞില്ല…
ഫോൺ കോളുകൾ വരുമ്പോൾ ഫോണുമെടുത്ത് തന്റെ അരികിൽ നിന്നും മാറുന്നതും അടക്കിപ്പിടിച്ച സംസാരത്തിന്റെ ദൈര്‍ഘ്യം കൂടുന്നതും, രാജേഷിന്റെ വെപ്രാളവും, താൻ ശ്രെദ്ധിക്കുന്നുണ്ടെന്ന് തോന്നുമ്പോഴുള്ള പരിഭ്രമവുമൊക്കെ, സന്ധ്യയുടെ സംശയങ്ങൾ വർദ്ധിക്കാനുള്ള കാരണങ്ങളായി…
ഒരു ദിവസം സന്ധ്യ, എന്തോ ഒരു ആവശ്യത്തിനായി രാജേഷിന്റെ ഫോൺ എടുത്തപ്പോഴാണ് അടുത്ത ഞെട്ടൽ..എത്രയോ കാലങ്ങളായി ഉപയോഗിക്കുന്ന ലോക്ക് പാറ്റേൺ മാറിയിരിക്കുന്നു…
അത് ചോദിച്ചപ്പോൾ ആദ്യമൊക്കെ എന്തൊക്കെയോ പറഞ്ഞു പിടിച്ചു നിൽക്കാൻ ശ്രെമിച്ചുവെങ്കിലും ഒടുവിൽ ഒന്നും രണ്ടും പറഞ്ഞു,ഇരുവരും തമ്മിൽ വഴക്കായി…
രാവിലെ തൊട്ട് വൈകുന്നേരം വരെയുള്ള, തന്റെ ദിവസത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളുടെയും പൊട്ടും പൊടിയും രാജേഷിനോട് പങ്കു വെച്ചിരുന്ന സന്ധ്യയ്ക്ക്, രാജേഷ് തന്നിൽ നിന്നും എന്തോ ഒളിയ്ക്കുന്നുണ്ടെന്ന കാര്യം ആലോചിക്കുന്നത് തന്നെ അസഹനീയമായിരുന്നു…
ജീവിതം തുടങ്ങുന്നതിനു മുൻപേ തന്നെ ഉറപ്പിച്ച ‘നമുക്കിടയിൽ ഒന്നും മറച്ചു വെക്കാൻ പാടില്ലെന്ന’ പരസ്പരധാരണയാണ് തെറ്റിയതെന്ന ചിന്തയിൽ, സന്ധ്യയുടെ ഉള്ളം പുകഞ്ഞു..
ആദ്യമൊക്കെ ഓരോന്ന് പറഞ്ഞു രാജേഷ് അനുരഞ്ജനത്തിനു ശ്രെമിച്ചുവെങ്കിലും സന്ധ്യ അയഞ്ഞില്ല. നാൾക്കു നാൾ അവർക്കിടയിലെ പിണക്കവും ഈഗോയും വർദ്ധിച്ചു വന്നു..
ഈ ശീതസമരം സന്ധ്യയുടെ സമനില തെറ്റിച്ചു തുടങ്ങിയിരുന്നു..ആരോടും ഒന്നും പറയാനും പറ്റില്ല എന്ന അവസ്ഥയിൽ അവളാകെ വലഞ്ഞു..
വീട്ടിൽ എത്തിയാൽ ആള് മൊബൈൽ കയ്യിൽ നിന്നും താഴെ വെയ്ക്കില്ല..അതിന്റെ പാറ്റേൺ മനസ്സിലാക്കാൻ സന്ധ്യ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും നടന്നില്ല..
ഒരു ദിവസം, കടുത്ത മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂളിൽ വെച്ച് കരഞ്ഞപ്പോൾ, ദീപ കാര്യങ്ങൾ ചോദിച്ചപ്പോൾ സന്ധ്യ തന്റെ മനസ്സിലുള്ളത് മുഴുവനും പറഞ്ഞും പോയി..
അവൾ പറഞ്ഞതൊക്കെ വെച്ചു നോക്കിയാൽ രാജേഷിന് എന്തോ ചുറ്റിക്കളിയുണ്ടെന്ന് ഉറപ്പാണെന്നും അത് കയ്യോടെ പിടിയ്ക്കണമെന്നും ദീപ അടിവരയിട്ട് പറഞ്ഞു..
ദീപയുടെ ശിക്ഷണത്തിൽ, രാജേഷ് ഫോണിന്റെ ലോക്ക് ഓപ്പൺ ചെയ്യുന്നത്, സന്ധ്യ കണ്ടു പിടിച്ചെങ്കിലും.അവൾ പരിശോധിച്ചപ്പോൾ കോൾ ഹിസ്റ്ററി ക്‌ളീനായിരുന്നു..പക്ഷെ വാട്സ്ആപ്പ് ലോക്ക് ചെയ്തിട്ടുണ്ട്…
രാജേഷിന് മറ്റൊരു ബന്ധമെന്നത് സന്ധ്യയ്ക്ക് ചിന്തിയ്ക്കാവുന്നതിനും അപ്പുറത്തായിരുന്നു…അവളുടെ ഊണും ഉറക്കവുമൊക്കെ നഷ്ടമായി..
അങ്ങനെയിരിക്കെ.താൻ ഉറങ്ങി കഴിഞ്ഞുവെന്ന് ഉറപ്പു വരുത്തി രാജേഷ് ആരോടോ ഫോണിൽ അടക്കിപ്പിടിച്ചു സംസാരിക്കുന്നതും സന്ധ്യയുടെ ശ്രെദ്ധയിൽ പെട്ടു..
അതോടെ അവളാകെ തകർന്നു. രാജേഷിനോട് മിണ്ടാൻ പോലും സന്ധ്യയ്ക്ക് തോന്നാതെയായി..രാജേഷ് പിന്നെയും സംസാരിക്കാൻ ശ്രെമിച്ചെങ്കിലും സന്ധ്യ പൊട്ടിത്തെറിച്ചു..അത് അയാളെയും പ്രകോപിച്ചു..
ഒരു ദിവസം രാവിലെ സന്ധ്യയെ കൊണ്ട് വിടാൻ വന്നപ്പോൾ.വൈകുന്നേരം സ്കൂളിൽ മീറ്റിംഗ് ഉള്ളത് കൊണ്ടു വരാൻ വൈകുമെന്ന് അവിടെ വെച്ച് അറിഞ്ഞപ്പോൾ, രാജേഷ് വന്നു പിക്ക് ചെയ്തോളാമെന്ന് ഇങ്ങോട്ട് പറഞ്ഞപ്പോൾ സന്ധ്യയ്ക്കും എതിർക്കാനായില്ല..
മീറ്റിംഗ് കഴിഞ്ഞു,സമയമേറെയായിട്ടും ആളെ കണ്ടില്ല..ഒടുവിൽ അങ്ങോട്ട് വിളിച്ചപ്പോഴാണ്, എന്തോ തിരക്കിൽ പെട്ടു പോയെന്നും വിളിയ്ക്കാൻ വരാൻ പറ്റില്ലെന്നും, സന്ധ്യയോട് ഒരു ഓട്ടോ പിടിച്ചു വരാനും രാജേഷ് പറയുന്നത്….
ആകെ ക്ഷുഭിതയായി വീട്ടിലെത്തിയ സന്ധ്യ അന്ന് ആഹാരമൊന്നും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല,.വൈകി വീട്ടിലെത്തിയ രാജേഷിന്, മുഖം കൊടുക്കാനോ, സംസാരിക്കാനോ തയ്യാറായതുമില്ല…
പക്ഷെ കഥ അവിടെയൊന്നും അവസാനിച്ചില്ല..
പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ.തലേന്ന് വൈകുന്നേരം ഒരു പെണ്ണിനൊപ്പം രാജേഷിനെ കോഫി ഷോപ്പിൽ കണ്ടുവെന്ന് ദീപ വന്നു പറഞ്ഞപ്പോൾ ഉള്ളൊന്ന് കിടുങ്ങിയെങ്കിലും, സന്ധ്യ അത് വല്ല ഫ്രണ്ട്സുമാവുമെന്ന് പറഞ്ഞു ന്യായീകരിച്ചു…മനസ്സ് പുകഞ്ഞു കത്തുന്നുണ്ടായിരുന്നുവെങ്കിലും…
അന്ന് വൈകുന്നേരം, വീട്ടിൽ എത്തിയപ്പോഴാണ് സന്ധ്യയുടെ അനിയൻ വിളിച്ചത്..അളിയനെ തലേന്ന് ഒരു ഫ്രണ്ടിനൊപ്പം ഷോപ്പിൽ വെച്ചു കണ്ട കാര്യം അവനും സംസാരത്തിനിടെ പറഞ്ഞപ്പോൾ, സന്ധ്യയ്ക്ക് കാര്യങ്ങൾ ഏകദേശം ഉറപ്പായി..
രാജേഷിന്റെ പഴയൊരു ക്ലാസ് മേറ്റായിരുന്ന നിഷയാണ് ആ പെണ്ണെന്നും അവൾ കണ്ടെത്തി….
നിഷ പ്രവാസിയാണ്..ഡിവോഴ്സിയും..ആള് നാട്ടിലെത്തിയിട്ടുണ്ടെന്ന കാര്യം മാത്രം സന്ധ്യ അറിഞ്ഞിരുന്നില്ല…
അന്നും രാത്രി കുറച്ചു വൈകിയാണ് രാജേഷ് എത്തിയത്..ആളല്പം മ ദ്യപിക്കുകയും ചെയ്തിട്ടുണ്ട്…
സന്ധ്യ നിഷയുടെ പേരും പറഞ്ഞു ചോദ്യം ചെയ്തതും ആദ്യമൊന്നു പതറിയെങ്കിലും സന്ധ്യ ഓരോന്നൊക്കെ വിളിച്ചു പറയാൻ തുടങ്ങിയതോടെ രാജേഷിന്റെയും നിയന്ത്രണം വിട്ടു….
‘നിങ്ങളും അവളും തമ്മിൽ രഹസ്യബന്ധം ഉണ്ടെന്ന്’ സന്ധ്യ തറപ്പിച്ചു പറഞ്ഞതും, ‘അങ്ങനെയെങ്കിൽ നീ അങ്ങനെ തന്നെ കരുതിയ്ക്കോയെന്നും’ പറഞ്ഞു രാജേഷ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി….
സന്ധ്യയ്ക്ക് സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായിരുന്നു അത്…
തന്റെ ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജീവിതം തകർന്നു, മറ്റുള്ളവരുടെ മുൻപിൽ പരിഹാസപാത്രമായി നിൽക്കുന്നതിനും പകരം മരിയ്ക്കുന്നതാണ് നല്ലതെന്ന ചിന്ത വന്നു അവളുടെ മനസ്സിൽ….
രാജേഷിനെ അവൾ അത്രമാത്രം സ്നേഹിച്ചിരുന്നു..വിശ്വസിച്ചിരുന്നു..അവസാനനിമിഷം വരെ, നിഷയുമായുള്ള ബന്ധം അവൻ നിഷേധിക്കുമെന്ന് തന്നെ സന്ധ്യ കരുതിയിരുന്നു..താൻ പ്രകോപിപ്പിച്ചത് കൊണ്ടാവാം അവൻ അങ്ങനെ പറഞ്ഞതെന്ന് ചിന്തിയ്ക്കാനുള്ള മാനസികാവസ്ഥയൊന്നും സന്ധ്യയ്ക്ക് ഉണ്ടായിരുന്നതുമില്ല….
രാജേഷാകട്ടെ, ലക്ഷ്യമില്ലാതെ, ആ രാത്രിയിൽ കാറിൽ വെറുതെ ചുറ്റിക്കറങ്ങുകയായിരുന്നു..സന്ധ്യയോട് പറഞ്ഞതൊക്കെ ഓർക്കുമ്പോൾ കുറ്റബോധം അവനെ വേട്ടയാടിക്കൊണ്ടിരുന്നു..
തിരികെ പോയി അവളോട് സത്യങ്ങളൊക്കെ തുറന്നു പറയണമെന്ന ചിന്ത ഉറച്ചപ്പോഴാണ് വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വരുന്നത്..
“ഇനി ഒരു ജന്മത്തിലും പരസ്പരം കാണാതിരിക്കട്ടെ..”
സന്ധ്യയുടെ മെസ്സേജ്..പിടയുന്ന മനസ്സോടെയാണ് അവളുടെ നമ്പർ ഡയൽ ചെയ്തത്..സ്വിച്ച്ഡ് ഓഫ്….
ദേഹമാകെ മരവിയ്ക്കുന്നത് പോലെ രാജേഷിനു തോന്നി..വണ്ടി തിരികെ വീട്ടിലേയ്ക്ക് പറപ്പിക്കുകയായിരുന്നു രാജേഷ്…
മുൻപിലെ ഡോർ ലോക്ക് ചെയ്തിരുന്നില്ല..രാജേഷ്,.ഓരോ മുറികളിലായി വേപഥുവോടെ അവളുടെ പേര് അലറി വിളിച്ചു നടന്നെങ്കിലും ആളില്ല..
അടച്ചിട്ട ബാത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് രാജേഷ് തട്ടി നോക്കിയത്..ലോക്കാണ്..സന്ധ്യയുടെ പേരും വിളിച്ചു കരഞ്ഞു കൊണ്ടാണയാൾ വാതിൽ തല്ലി പൊളിച്ചത്..ലോക്ക് നീങ്ങിയ നിമിഷം, അകത്തേയ്ക്ക് കടന്ന രാജേഷ് കണ്ടത്, കയ്യിൽ നിന്നും പരന്നൊഴുകുന്ന ചോ രയുമായി, അബോധാവസ്ഥയിൽ കിടക്കുന്ന സന്ധ്യയെയാണ്….
എങ്ങിനെയാണ് ഹോസ്പിറ്റലിൽ വരെ എത്തിയതെന്ന് രാജേഷിനു തന്നെ അറിയില്ല..രാജേഷിന്റെ സുഹൃത്ത് അരുൺ അവിടെ ഡോക്ടറാണ്..
ആകെ തളർന്നു പോയിരുന്നു രാജേഷ്..സന്ധ്യയില്ലാതെ ഒരു നിമിഷം പോലും താനും ജീവിക്കില്ലെന്ന് ഉറപ്പിച്ച നിമിഷമാണ് സന്ധ്യയ്ക്ക് ബോധം വന്നെന്ന് അരുൺ വന്നു പറയുന്നത്…
നെറ്റിയിൽ അധരങ്ങൾ അമരുന്നതും, കവിളിൽ കണ്ണുനീർ തുള്ളി ഇറ്റ് വീണതും അറിഞ്ഞാണ് സന്ധ്യ അടച്ചു വെച്ച മിഴികൾ തുറന്നത്..
നിറഞ്ഞ മിഴികളുമായി രാജേഷ്..പക്ഷെ അവളാകെ, ഒരു മരവിച്ച അവസ്ഥയിലായിരുന്നു…
അവളൊന്നു സ്റ്റേബിളായിട്ട് സംസാരിക്കാമെന്നും പറഞ്ഞു, അരുൺ അവനെ പുറത്തേയ്ക്ക് കൊണ്ട് പോയി..
പിറ്റേന്ന് രാവിലെ, രാജേഷിനു പറയാനുള്ളത് കേൾക്കാനുള്ള മനസ്സ് കാണിയ്ക്കണമെന്ന് അരുൺ അപേക്ഷിച്ചപ്പോൾ,.ആദ്യമൊന്നും ഒന്നും പറഞ്ഞില്ലെങ്കിലും,.പിന്നെ സന്ധ്യ സമ്മതം മൗനത്തിൽ ഒളിപ്പിച്ചിരുന്നു…
മുറിയിലേയ്ക്ക് വന്നയാൾ,.ആദ്യം തന്നെ കാലിൽ മുഖം ചേർത്തതും ഒരു പിടച്ചിലോടെ സന്ധ്യ കാല് വലിച്ചു…
“സോറി…ഞാൻ നിന്നെ ചതിച്ചിട്ടൊന്നും ഇല്ലെടി..പക്ഷെ എനിയ്ക്കൊരു തെറ്റ് പറ്റി..അത് ഞാൻ നിന്നിൽ നിന്നും മറച്ചു വെച്ചു “
“നിഷ…എല്ലാവരെയും പോലെ ഒരു സുഹൃത്തായിരുന്നു അവളും എനിയ്ക്ക്..നമ്മുടെ ബിസിനസ്സ് തകർന്നു തുടങ്ങിയ അവസ്ഥയിൽ, അന്ന് അത് നിന്നോട് പറയാൻ എനിയ്ക്ക് തോന്നിയില്ല..ഒരു കുഞ്ഞില്ലാത്ത വിഷമം നിന്നെ അലട്ടിക്കൊണ്ടിരിക്കുമ്പോൾ, ഇതും കൂടി നിന്നോട് പറയണ്ടെന്ന് എനിയ്ക്ക് തോന്നി..മാത്രവുമല്ല, അത് എനിയ്ക്ക് മാനേജ് ചെയ്യാനാവും എന്ന് ഓവർ കോൺഫിഡൻസും..എപ്പോഴോ എന്തോ സംസാരിക്കുന്നതിനിടയിൽ നിഷയോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, അവൾ കുറച്ചു കാശ് അറേഞ്ച് ചെയ്തു തരാമെന്ന് പറഞ്ഞു…”
അയാൾ ഒന്ന് നിശ്വസിച്ചു. സന്ധ്യയെ നോക്കി..അവളുടെ മുഖത്ത് പ്രത്യേകിച്ചു ഭാവമാറ്റമൊന്നും ഉണ്ടായില്ല…
“കടത്തിന്റെ കാര്യമൊന്നും നിന്നോട് പറയാത്തത് കൊണ്ടു, ഇതും പറയാൻ തോന്നിയില്ല..ഉടനെ തന്നെ മടക്കി കൊടുക്കാമെന്നു കരുതിയിരുന്നു…പക്ഷെ വിചാരിച്ചത് പോലെയൊന്നും നടന്നില്ല..കോവിഡും ലോക്ക് ഡൗണും എല്ലാം, ബിസിനസ്സ് പഴയതിലും മോശമായി തുടങ്ങി..പണത്തിന്റെ കാര്യവും, അതിനോട് ബന്ധപ്പെട്ട കാര്യങ്ങളുമായി നിഷ ഇടയ്ക്കിടെ വിളിയ്ക്കാൻ തുടങ്ങി..ഞാനും ബിസിനസ്സിലെ വിഷമങ്ങൾ അവളോട് പറഞ്ഞു..പക്ഷെ..”
രാജേഷ് വീണ്ടും അവളെ നോക്കി..സന്ധ്യ അവനെ തന്നെ തറച്ചു നോക്കുന്നുണ്ടായിരുന്നു…
“പതിയെ എപ്പോഴോ,.അവളുടെ സംസാരരീതി മാറിത്തുടങ്ങി..സുഹൃത്തെന്നതിൽ നിന്നും, അവളുടെ ഭാവം മാറി വന്നപ്പോഴേ, ഞാൻ പറഞ്ഞതാണ്, എനിയ്ക്ക് അതിനൊന്നും പറ്റില്ലെന്ന്..നിന്നെ..നിന്നെ മറന്നു ഒന്നിനും പറ്റില്ലെന്ന്….”
സന്ധ്യ മിഴികൾ ഇറുകെ അടച്ചു….
“അപ്പോൾ, അവൾ കാശിന്റെ കാര്യവും പറഞ്ഞു ബ്ലാക്ക് മെയ്ലിംഗ് തുടങ്ങി..ചെകുത്താനും കടലിനും ഇടയിൽ പെട്ടത് പോലെയായിരുന്നു ഞാൻ..ആദ്യമേ കാര്യങ്ങൾ പറയാത്തത് കൊണ്ട്, ഇതൊക്കെ പെട്ടന്ന്, ഒരു ദിവസം പറയുമ്പോൾ, നീ എങ്ങനെ എടുക്കുമെന്ന പേടി ഒരു വശത്ത്….നിഷയുടെ പരോക്ഷമായി തുടങ്ങിയ ഭീഷണികൾ പ്രത്യക്ഷമായി തുടങ്ങിയത്, ഒരു മറുവശത്ത്….തിരികെ കൊടുക്കാനുള്ള ക്യാഷിന് വേണ്ടിയുള്ള നെട്ടോട്ടം, വേറെയും..എന്ത്..എന്ത് ചെയ്യണമെന്നറിയാതെ….”
രാജേഷ് ഇരു കൈ കൊണ്ടും മുഖം മറച്ചപ്പോൾ, സന്ധ്യയുടെ ഉള്ളൊന്ന് പിടഞ്ഞു. അവൾ പതിയെ എഴുന്നേറ്റിരുന്നു..
രാജേഷ് പൊടുന്നനെ അവൾക്കരികെയെത്തി, ഇരുകയ്യും കൂട്ടിപിടിച്ചു
“നിന്നെ മറന്നു ഞാനൊന്നും ചെയ്തിട്ടില്ല..ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. എനിയ്ക്കതിന് കഴിയില്ലെടി..”
സന്ധ്യയുടെ മുഖം കനത്തു തന്നെയിരുന്നു..
“നിങ്ങൾ അന്ന് അവളെ കാണാൻ പോയത്..?”
“അവൾ നാട്ടിൽ വന്നു, രണ്ടു ദിവസം കഴിഞ്ഞു, പണം തിരിച്ചു വേണമെന്ന് പറഞ്ഞു വിളിച്ചു..മുഴുവനും ഇല്ലെങ്കിലും കയ്യിലുള്ളത് തിരിച്ചു കൊടുക്കാനും ബാക്കിയുള്ളതിന് അവധി ചോദിക്കാനും പോയതാണ്..”
“എന്നിട്ട്..? “
“അവൾ….”
“പറയ്..”
“പൈസ ഉടനെ കൊടുത്തില്ലെങ്കിൽ നിന്റെ അടുത്ത് പറയുമെന്നാണ് പുതിയ ഭീഷണി..”
“എന്താണ് അവളുടെ ആവശ്യം…?”
“അത്….”
രാജേഷ് ഒന്ന് മടിച്ചു..പിന്നെ പറഞ്ഞു
“ഞാൻ അവളുടെ കൂടെ നിൽക്കണമെന്ന്..”
“എന്നിട്ട്..നിങ്ങൾ എന്ത് തീരുമാനിച്ചു..?”
“നിന്നോട് എല്ലാം തുറന്നു പറയാൻ..”
“എന്നിട്ട്..ഞാൻ ഡിവോഴ്സ് തരുകയാണെങ്കിൽ അവളുടെ കൂടെ പോയി, പൊറുക്കുമോ….?”
സന്ധ്യയുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കി രാജേഷ്…
“ഞാൻ ഒരുത്തിയെയേ സ്നേഹിച്ചിട്ടുള്ളൂ..ആഗ്രഹിച്ചിട്ടുള്ളൂ…കൂടെ ജീവിക്കുന്നുണ്ടെങ്കിൽ അവളോടൊപ്പം മാത്രമായിരിക്കും..”
വാക്കുകൾ ഉറച്ചതായിരുന്നു…
അവളിൽ നിന്നും നോട്ടം പിൻവലിച്ചു കൊണ്ടായിരുന്നു പറഞ്ഞത്….
പൊടുന്നനെ,സന്ധ്യയുടെ കൈ തന്റെ കവിളിൽ ആഞ്ഞു പതിച്ചതും രാജേഷ് ഞെട്ടി..അയാൾ പകപ്പോടെ അവളെ നോക്കി..
“ഞാൻ….ഞാൻ ചത്തു പോയിരുന്നെങ്കിലോ..?”
രാജേഷ് ഒരു നിമിഷം അവളെ നോക്കി നിന്നു..പിന്നെ കെട്ടിപ്പിടിച്ചു…
“ഞാനും വരുമായിരുന്നു..എനിയ്ക്ക് നീയില്ലാതെ പറ്റില്ലല്ലോ….”
ശബ്ദം വല്ലാതെ നേർത്തിരുന്നു..ഇരുവരുടെയും മിഴികൾ, ഒരുപോലെ നനഞ്ഞിരുന്നു…
രണ്ടു ദിവസം കഴിഞ്ഞുള്ള ഒരു വൈകുന്നേരം, ഫ്ലാറ്റിൽ കോളിങ്ങ് ബെൽ മുഴങ്ങിയപ്പോൾ നിഷ വാതിൽ തുറന്നു..
മുൻപിൽ സന്ധ്യയെ കണ്ടതും അവളൊന്നു പതറി…
“വരൂ..”
സന്ധ്യ അകത്തേയ്ക്ക് കടന്നു ചുറ്റും നോക്കി…..
“സ…സന്ധ്യ ഇരിക്കൂ..”
“ഇരിക്കുന്നില്ല നിഷ..ഒരു കാര്യം പറയാൻ വന്നതാണ്. ഇത് തരാനും..”
ബാഗിൽ നിന്നും ഒരു കെട്ട് നോട്ടെടുത്തു അവൾ നിഷയുടെ കൈ പിടിച്ചു അതിൽ വെച്ചു…
“എന്റെ ഭർത്താവിനെ ഞാൻ വിൽക്കാൻ ഉദ്ദേശിക്കുന്നില്ല..”
നിഷയുടെ മുഖം വിളറി….
“പണം കൊണ്ട് വാങ്ങാൻ കഴിയാത്തത് പലതുമുണ്ട് നിഷ. എന്നെങ്കിലും അത് നിനക്ക് മനസ്സിലാക്കാൻ സാധിക്കും…”
സന്ധ്യയുടെ ശബ്ദം ശാന്തമായിരുന്നു….
“ഞങ്ങൾക്ക് ഉള്ളതൊക്കെ വിറ്റ് പെറുക്കിയതാണ് ഇത്. എന്റെ ഭർത്താവിലും വലുതല്ല എനിയ്ക്കൊന്നും….”
അവളുടെ നോട്ടം കൂർത്തു..
“വാങ്ങിച്ചത് രാജേഷാണെങ്കിലും ഞാൻ തന്നെ ഇത് കൊണ്ട് വന്നത്, ഇനി നിന്റെ നോട്ടം പോലും എന്റെ ഭർത്താവിൽ പതിയ്ക്കാതിരിക്കാനാണ്….നിന്നെ പേടിച്ചിട്ടല്ല, അത് എനിയ്ക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്, കേട്ടല്ലോ…”
സന്ധ്യയുടെ ശബ്ദം കനത്തു….
“അപ്പോൾ ഗുഡ് ബൈ..ഇനിയൊരിക്കലും കാണാതിരിക്കട്ടെ..”
പ്രതീക്ഷിക്കാതെ നടന്ന രംഗങ്ങളിൽ നിഷ പകച്ചു നിൽക്കവേ സന്ധ്യ തിരിഞ്ഞു നടന്നിരുന്നു..
“കാര്യങ്ങൾ തുറന്നു സംസാരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്..എന്ത് തന്നെയായാലും, ഞാൻ കൂടെ നിക്കുമെന്ന് അറിയില്ലേ..ഞാൻ വിഷമിക്കരുതെന്ന് വിചാരിച്ചു മറച്ചു വെച്ച കാര്യത്തിനാണ്, ഞാൻ ജീവൻ കളയാൻ തുടങ്ങിയത്.. “
നിഷയ്ക്ക് കാശ് കൊടുത്തു തിരികെ പോകുമ്പോൾ കാറിൽ വെച്ച് സന്ധ്യ രാജേഷിനോടായി പറഞ്ഞു..
അയാളുടെ മുഖത്ത്, മാസങ്ങളായി താൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന സമസ്യയ്ക്ക് പരിഹാരമായതിലെ ആശ്വാസത്തിന്റെ പുഞ്ചിരിയായിരുന്നു..
കുറച്ചു ദിവസത്തെ ലീവ് കഴിഞ്ഞു, സന്ധ്യ തിരികെ എത്തിയതും, ദീപ സ്റ്റാഫ് റൂമിനു പുറത്ത് വെച്ച് ആകാംക്ഷയോടെ അവളെ തടഞ്ഞു നിർത്തി….
“എന്തായി കാര്യങ്ങൾ..നീ ഡിവോഴ്സിനു കൊടുക്കുന്നില്ലേ….?”
“അത്..ഞാൻ രാജേഷേട്ടനോട് സംസാരിച്ചു..പുള്ളിയ്ക്ക് ഇപ്പോൾ ഡിവോഴ്സിനു സമയമില്ലെന്ന്….”
സന്ധ്യ പറഞ്ഞതും ദീപ അവളെ തുറിച്ചു നോക്കി..
“ങേ..”
“അതേന്ന്, അങ്ങേർക്ക് തിരക്കാണെന്ന്..ഒരു പത്ത് മുപ്പത് കൊല്ലം കഴിഞ്ഞു,.എനിയ്ക്ക് വേണെങ്കിൽ നോക്കാന്ന്..”
കിളി പോയി നിൽക്കുന്ന ദീപയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു, സന്ധ്യ തിരിഞ്ഞു നടന്നു..
“ഛേ..ഇവളിതെന്തോന്ന്….ഒരു ആത്മാഭിമാനമില്ലാതെ….”
സ്വന്തം ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ അറിഞ്ഞിട്ടും, വീട്ടുകാരെയും നാട്ടുകാരെയും ഓർത്ത്, അടങ്ങിയൊതുങ്ങി കഴിയുന്ന സംതൃപ്തയായ ഭാര്യയാണ് താനെന്ന് ഒരു നിമിഷത്തേയ്ക്ക് ദീപ മറന്നു പോയിരുന്നു…
മറ്റുള്ളവരുടെ ജീവിതത്തെയോ, അനുഭവങ്ങളെയോ വെച്ച്, സ്വന്തം പ്രശ്നങ്ങളെ വിലയിരുത്തരുതെന്ന തിരിച്ചറിവിലായിരുന്നു സന്ധ്യയും….
പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞില്ലെങ്കിൽ, കെട്ട്യോളുടെ കയ്യിൽ നിന്നും, ഇനിയും വാങ്ങിക്കൂട്ടേണ്ടി വരുമെന്ന് തിരിച്ചറിവിൽ രാജേഷും….
സൂര്യകാന്തി 💕(ജിഷ രഹീഷ് )