സാധാരണ ഒന്നാം തീയതി കിട്ടുന്ന ശബ്ബളം കൊണ്ട്, മുപ്പതാം തീയതി വരെ എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു….

അണക്കെട്ട്….

Story written by Saji Thaiparambu

=================

“ബിന്ദു…ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടുണ്ട് കെട്ടാ ”

വിയർപ്പിൽ മുങ്ങിയ കാക്കിഷർട്ട് അഴിച്ചിടുമ്പോൾ സുഗുണൻ ഭാര്യയോട് പറഞ്ഞു.

“ഈശ്വരാ ,നിങ്ങളുടെ ആഗ്രഹപ്രകാരം പുതിയ വീട് വച്ചിട്ട് മനസ്സമാധാനത്തോടെയൊന്ന് കിടന്നുറങ്ങാൻ പോലും കഴിഞ്ഞില്ലല്ലോ?

ബിന്ദു പരിതപിച്ചു.

“ഉം സാരമില്ലെടി, അടുത്ത വർഷമിങ്ങ് തിരിച്ച് വരാമല്ലോ?

സുഗുണൻ ഭാര്യയെ സമാധാനിപ്പിച്ചു.

ഇലക്ട്രിസിറ്റിബോർഡിലെ ലൈൻമാനാണ് സുഗുണൻ, ഭാര്യ ബിന്ദുവും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബം

രാത്രി….അത്താഴം കഴിഞ്ഞിട്ട്, വിശാലമായ ബെഡ് റൂമിലെ ഫാമിലി കോട്ട് കട്ടിലിൽ വിരിച്ച, പത്തിഞ്ച് കനമുള്ള സ്പ്രിങ്ങ് മാട്രസ് മെത്തയിൽ സുഗുണൻ മലർന്ന് കിടന്നു.

പകല് മുഴുവൻ പൊരിവെയിലത്ത് പണി ചെയ്ത് തളർന്ന ശരീരത്തെ വിശ്രമിക്കാൻ വിട്ടിട്ട്, സുഗുണന്റെ മനസ്സ്, പിന്നെയും പ്രാരാബ്ദചിന്തകളിലേക്ക് ചേക്കേറി

മുൻപ് ഒരു സഹപ്രവർത്തകന്റെ ഹൗസ് വാമിങ്ങിന്  പോയ സമയത്ത്, അവന്റെ ഇരുനില വീട് കണ്ടപ്പോൾ തുടങ്ങിയ അടങ്ങാത്ത ത്വരയാണ്, തനിക്കും ഇരുനില മാളിക പണിയാൻ പ്രേരണയായത്.

പിന്നെ ഒട്ടും താമസിച്ചില്ല, ടാർ റോഡ് ഫ്രെണ്ടേജുള്ള സ്ഥലത്തിന്റെ ആധാരവും നാല്പതിനായിരം രൂപയ്ക്കടുത്ത് മതിപ്പുള്ള, സാലറി സർട്ടിഫിക്കറ്റും കാണിച്ചപ്പോൾ, ബാങ്ക് മാനേജർ, വീട് വയ്ക്കാനാവശ്യമായ 25 ലക്ഷം രൂപ കണ്ണുമടച്ച് ഹൗസിങ്ങ് ലോണായി തന്നു.

അങ്ങനെ തന്റെയും, ഭാര്യയുടെയും മക്കളുടെയും, വ്യത്യസ്ത ആഗ്രഹങ്ങൾക്കനുസരിച്ച് വീട് പണി പൂർത്തിയാക്കി.

പിറ്റേമാസം, അക്കൗണ്ടിലേക്ക് ശബ്ബളം വന്നപ്പോഴാണ്, മൂന്നിൽ രണ്ട് ഭാഗവും ലോണിന്റെ EMI പിടിച്ചെന്നറിയുന്നത്.

സാധാരണ ഒന്നാം തീയതി കിട്ടുന്ന ശബ്ബളം കൊണ്ട്, മുപ്പതാം തീയതി വരെ എങ്ങനെയെങ്കിലും ഒപ്പിക്കുമായിരുന്നു.

പക്ഷേ, ആദ്യമായി പത്താം തിയതി ശബ്ബളം തീർന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന തനിക്ക് ഭാര്യ ബിന്ദുവാണ് ധൈര്യം തന്നത്.

“സാരമില്ല, സുഗുണേട്ടാ ഞാൻ നാളെ മുതൽ പീലിങ്ങ് ഷെഡ്ഡിൽ ചെമ്മീൻ തോട് നുള്ളാൻ പോകാം. ഇവിടെയുള്ള എല്ലാരും പോകുന്നുണ്ടല്ലോ? പിന്നെ എനിക്കെന്താ പോയാല്”

അവളുടെ ചോദ്യത്തിന് തനിക്കപ്പോൾ മറുപടി ഉണ്ടായിരുന്നില്ല.

താനൊരു ഉദ്യോഗസ്ഥനായപ്പോൾ ഭാര്യയെ, ദുർഗന്ധം വമിക്കുന്ന പീലിങ്ങ് ഷെഡ്ഡിലേക്ക് അയക്കാൻ, തനിക്ക് അത് വരെ ഇല്ലാതിരുന്ന  ദുരഭിമാനം സമ്മതിച്ചിരുന്നില്ല.

പിന്നെ, തന്റെ പാതി സമ്മതത്തോടെ ബിന്ദു, ചെമ്മീൻ തോട് നുള്ളാൻ കൂടി പോയത് കൊണ്ടാണ് വലിയ ബുദ്ധിമുട്ടില്ലാതെ രണ്ട് മൂന്ന് മാസങ്ങൾ കടന്ന് കൂടിയത്

ഇനിയിപ്പോൾ, വയനാട്ടിലേക്ക് ട്രാൻസ്ഫറായത് കൊണ്ട് ഇത് വരെയുള്ള കുടുംബത്തിന്റെ വരവ് ചിലവ് കണക്കുകളൊക്കെ തെറ്റും.

താനൊറ്റയ്ക്ക് അങ്ങോട്ട് പോകുന്നത് പ്രായോഗികമല്ല.

കാരണം, തനിക്ക് ഒരു ഗ്ളാസ്സ് ചായവേണമെങ്കിൽ പോലും ബിന്ദുവിനെ ആശ്രയിച്ചേ മതിയാവു.

മാത്രമല്ല, അന്നന്നുള്ള മുഷിഞ്ഞ തുണികൾ കഴുകണമെങ്കിലും അവൾ വേണം

എന്തിനേറെ പറയുന്നു, വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ വാതിൽക്കൽ തന്നെയും കാത്ത്, ഒരു നിറഞ്ഞ പുഞ്ചിരിയോടെ ബിന്ദു, നില്ക്കുന്നത്, അവളോട് പറഞ്ഞിട്ടില്ലെങ്കിലും അത് താനെത്രത്തോളം ആസ്വദിച്ചിട്ടുണ്ട്.

അപ്പോൾ പിന്നെ ബിന്ദുവിനെയും, പഠിച്ച് കൊണ്ടിരിക്കുന്ന രണ്ട് മക്കളെയും കൊണ്ട്  പോണം.

പക്ഷേ ,അതിനൊക്കെ വലിയ ചിലവ് വരില്ലേ? മാത്രമല്ല ഒരു വീട് വാടകയ്ക്കെടുക്കുമ്പോൾ വാടകക്കാശും വേറെ അറിയണം

ഓരോന്നാലോചിച്ചിട്ട്, തലയ്ക്ക് ഭ്രാ ന്തായി സുഗുണൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.

“ഇതെന്താ, സൂണേട്ടാ..നിങ്ങളീ കാണിക്കുന്നത് കട്ടിലിന് വീതി പോരാന്ന് തോന്നുണ്ടോ?

സുഗുണന്റെ വെപ്രാളം കണ്ടിട്ട് ബിന്ദു തമാശ രൂപേണ ചോദിച്ചു.

“അല്ലെ ടീ…എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. നമ്മൾ വയനാട്ടിലേക്ക് പോയാൽ എങ്ങനെയാ പിന്നെ നമ്മുടെ ചിലവും വീട്ടുവാടകയും പിള്ളേരുടെ പഠനവും ഒക്കെ നടക്കുന്നത്, ഓർത്തിട്ട്, എനിക്കൊരു സമാധാനവുമില്ല “

സുഗുണൻ അസ്വസ്ഥതയോടെ തല ചൊറിഞ്ഞു.

“ഉം അതിനാണോ ഇത്ര ആലോചന, ഞാനൊരുവഴി പറയാം “

ബിന്ദു അയാളുടെ അരികിൽ കൊടും കൈയ്യും കുത്തി കിടന്ന് നെഞ്ചിലെ രോമക്കെട്ടിൽ വിരലുകൾ കോർത്ത് കൊണ്ട് പറഞ്ഞു.

“ങ് ഹേ എന്താടീ ഒന്ന് വേഗം പറ”

സുഗുണൻ, ഒരു പിടിവള്ളിക്കായി അവളെ ആശ്രയിച്ചു.

“അതായത് നമ്മുടെ ഈ വീട് ഒരു വർഷത്തേക്ക് നമ്മൾ പതിനഞ്ച് ലക്ഷം രൂപയ്ക്ക് പണയം കൊടുത്തിട്ട് നേരെ വയനാട്ടിലേക്ക് പോകുന്നു.”

അവൾ സസ്പെൻസിൽ നിർത്തി

“എന്നിട്ട്….എന്നിട്ട്…..”

സുഗുണൻ ആവശഭരിതനായി.

“എന്നിട്ടോ ? എന്നിട്ട് ആ പതിനഞ്ച് ലക്ഷത്തിന് അവിടെ, ചെറിയൊരു വിടും സ്ഥലവും വാങ്ങുന്നു..അവിടെ എന്തായാലും ഇവിടുത്തെ പോലെ സ്ഥലത്തിന് വിലയുണ്ടാവില്ല.”

“അപ്പോൾ ഒരു വർഷം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അത് വിറ്റിട്ട് നമ്മുടെ സ്വന്തം വീട് തിരിച്ചെടുക്കാമല്ലേ?

ബാക്കി സുഗുണൻ പൂരിപ്പിച്ചു.

“അതന്നെ “

ബിന്ദു ആവേശത്തോടെ അയാളുടെ തോളിൽ കടിച്ചു.

പിറ്റേന്ന് തന്നെ ഓഫീസിൽ ചെന്ന് എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ സഹപ്രവർത്തകനായ അറുമുഖൻ മുന്നിലേക്ക് വന്നു.

“ടാ അളിയാ…കാട്ടാനയും, കരിമ്പുലിയുമൊക്കെയുള്ള കാട്ടിലോട്ടാണ് പോണതെന്ന് ഓർമ്മ വേണംകേട്ടാ നിന്റെയൊക്കെ ഒരു ഗതികേട്….ഹ ഹ ഹ”

അത്രയും പറഞ്ഞ് അയാൾ സുഗുണനെ നോക്കി കളിയാക്കി ചിരിച്ചു. ഒപ്പം ട്രാൻസ്ഫറിൽ പെടാത്ത ഭാഗ്യവാന്മാരും ആ ചിരിയിൽ പങ്ക് ചേർന്നു.

“ചിരിക്കണ്ട അറുമുഖാ..നാളെ ഈ ഗതികേട് നിനക്കും വരാതിരിക്കില്ലല്ലോ?

സുഗുണൻ തിരിച്ചടിച്ചു.

“ഒരിക്കലുമില്ല അതിനല്ലേ ഞാൻ എപ്പോഴുംഭരണപക്ഷ യുണിയനിൽ തന്നെ മാറി മാറി നില്ക്കുന്നത്. “

അയാൾ അഭിമാനത്തോടെ പറഞ്ഞു.

“ഉം ,നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ…”

അതും പറഞ്ഞ് സുഗുണൻ ഓഫീസിൽ നിന്നിറങ്ങി.

ഒരാഴ്ചയ്ക്കുള്ളിൽ വീട് പണയപ്പെടുത്തിയ 15 ലക്ഷം രൂപയുമായി ആ ചെറിയ കുടുoബം, മലയും കാടുമില്ലാത്ത നാട്ടിൽ നിന്ന് പ്രകൃതി സുന്ദരമായ വയനാടൻ ചുരം കയറി.

“അതെന്താ അച്ഛാ ആ വലിയ മതില് പോലെ കാണുന്നത് .?

ഇരുവശവും അഗാധ ഗർത്തങ്ങൾ അതിരിടുന്ന ഇടുങ്ങിയ ഗട്ട് റോഡിലൂടെ ജീപ്പ് സഞ്ചരിക്കുമ്പോൾ വിഷ്ണു, സുഗുണനോട് ചോദിച്ചു.

“ങ്ഹാ, അതാണ് മോനെ അണക്കെട്ട്, ഇവിടുന്ന് താഴേക്ക് വലിയ പൈപ്പിലൂടെ വെള്ളം പവ്വർ ഹൗസിലെത്തിച്ചിട്ടാ കറന്റുല്പാദിപ്പിക്കുന്നത്. “

അയാൾ അഭിമാനത്തോടെ മകനെ നോക്കി പറഞ്ഞു.

സുഗന്ധദ്രവ്യങ്ങൾ പൂത്തുലഞ്ഞ് മണം പരത്തുന്ന മലഞ്ചെരിവിലെ, റബ്ബർ മരങ്ങൾ തണൽ വിരിച്ച കുത്തനെയുള്ള കയറ്റം കയറി അവരാ ചെറിയ വീടിന് മുന്നിലെത്തി.

“ഓഹ് എന്ത് തണുപ്പാ സൂണേട്ടാ..ഇവിടെ “

ബിന്ദു അത് പറയുമ്പോൾ,പല്ല് കൂട്ടിയടിച്ച് ചുണ്ട് മുറിഞ്ഞ് പോകുമെന്ന് തോന്നി

“ഉം…ഉച്ചകഴിയുമ്പോൾ ഇവിടെ മൊത്തം കോട വീഴും ,നീ കണ്ടില്ലേ ആ പുക “

സുഗുണൻ അടിവാരത്തിലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

കണ്ണിനും മനസ്സിനും കുളിർമയേകുന്ന പുതിയ സ്ഥലത്തേക്ക് വന്നപ്പോൾ അവരെല്ലാം ആവേശത്തിലായി.

ഇനി കുറച്ച് നാൾ പ്രാരാബ്ദങ്ങളെ അതിന്റെ വഴിക്ക് വിട്ടിട്ട് ലളിതജീവിതത്തിനായ് അവർ വലത് കാൽ വച്ച് ആ വീട്ടിലേക്ക് കയറി.

കുട്ടികളെ സ്കൂളിലേക്കയച്ച് സുഗുണൻ ഓഫീസിലും പോയി കഴിഞ്ഞാൽ പിന്നെ ബിന്ദു ഫ്രീയാണ്.

വെറുതെയിരിക്കാതെ, അവൾ മുറ്റത്ത് ഒരു പൂന്തോട്ടവും അടുക്കള ഭാഗത്ത് പച്ചക്കറിത്തോട്ടവുമുണ്ടാക്കി.

അങ്ങനെ അവളും ഫുൾ എൻഗേജ്ഡ് ആയി.

റബ്ബറിന്റെ ഇലകൾ കൊഴിയുന്ന വേഗത്തിൽ ദിവസങ്ങൾ കടന്ന് പോയി.

അന്ന് വൈകിട്ട് സുഗുണൻ വന്നത് ഒരു സന്തോഷ വാർത്തയുമായിട്ടാണ്.

“എടീ…നാട്ടിലേക്ക് ട്രാൻസ്ഫറായെടീ “

അത് കേട്ട് ബിന്ദുവും മക്കളും തുള്ളിച്ചാടി.

എന്ത് പറഞ്ഞാലും ജനിച്ച് വളർന്ന മണ്ണിലേക്ക് തിരിച്ച് പോകുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്.

“ഇനി ഈ വീടും സ്ഥലവും വില്ക്കേണ്ടെ സൂണേട്ടാ “

ങ്ഹാ ,അതൊക്കെ ഞാൻ നേരത്തെ പറഞ്ഞ് വച്ചിരിക്കുവായിരുന്നു, ഈ തോട്ടത്തിന്റെ മുതലാളി ചോദിച്ചിട്ടുണ്ടായിരുന്നു, അവരുടെ മാനേജർക്ക് വേണ്ടി..ഞാൻ വെറുതെ 22 ലക്ഷം പറഞ്ഞു, അയാൾ അത് സമ്മതിക്കുകയും ചെയ്തു”

സുഗുണൻ അതിരറ്റ സന്തോഷത്തിൽ പറഞ്ഞു.

“ങ് ഹേ നേരോ, സൂണേട്ടാ….അപ്പോൾ ഈ ട്രാൻസ്ഫറിന്റെ പേരിൽ ഏഴ് ലക്ഷം രൂപാ ലാഭമോ ? “

ബിന്ദുവിന് അത് വിശ്വസിക്കാനായില്ല.

അങ്ങനെ അടുത്ത അദ്ധ്യായന വർഷത്തിന് മുൻപ് അവർ കുട്ടികളെ നാട്ടിലെ സ്കൂളിൽ തന്നെ തിരിച്ച് കൊണ്ട് വന്ന് ചേർത്തു.

അടുത്ത ദിവസം പഴയ ഓഫീസിൽ ചെന്ന് സുഗുണൻ എല്ലാവരോടുമായി കഴിഞ്ഞ ഒരു വർഷത്തെ വിശേഷങ്ങളെല്ലാം പറഞ്ഞു.

“ങ് ഹേ, നിനക്ക് ഏഴ് ലക്ഷം രൂപാ ലാഭം കിട്ടിയെന്നോ? അത് കൊള്ളാല്ലോ, അങ്ങനെയെങ്കിൽ, വയനാട്ടിലേക്ക് ഞാനുമൊരു ട്രാൻസ്ഫർ റിക്വസ്റ്റ് കൊടുക്കാൻ പോകുവാ, നമുക്ക് തിരുവന്തപുരത്ത് പിടിയുള്ളത് കൊണ്ട് നിസ്സാരമായാട്ട് കിട്ടും.”

സുഗുണന്, ട്രാൻസ്ഫർ മൂലം ഉണ്ടായ ലാഭക്കണക്ക് അറിഞ്ഞപ്പോൾ അറുമുഖൻ അസൂയ മൂത്ത് റിക്വസ്റ്റ് ട്രാൻസ്ഫറിൽ, ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തി, ഒപ്പം ഭാര്യയുടെയും മകളുടെയും സ്വർണ്ണവും വിറ്റ്, വയനാട്ടിൽ ചെന്ന് 30 ലക്ഷം രൂപയുടെ വീടും സ്ഥലവും വാങ്ങി…

അടുത്ത വർഷമാകുമ്പോഴേക്കും നാല്പത്തിയഞ്ച് ലക്ഷം രൂപയ്ക്ക് വീട് മറിച്ച് വിറ്റ് 15 ലക്ഷം രൂപ ലാഭം വാങ്ങി തിരിച്ച് നാട്ടിലേക്ക് പോകാമെന്ന അതിമോഹത്താൽ അറുമുഖൻ പുതിയ ഓഫീസിൽ ചാർജ്ജെടുത്തു.

കൊടുംവേനലിൽ, വിയർത്തൊലിച്ച് കംപ്ലയിന്റുകൾ തീർക്കുവാനായി മലകൾ കയറിയിറങ്ങുന്നോൾ അയാൾ ദൈവത്തോട് പ്രാർത്ഥിച്ചു.

എന്റെ ദൈവമേ എത്ര നാളായി ഈ ചൂട് സഹിക്കുന്നു, ഒന്ന് മഴ പെയ്തിരുന്നെങ്കിൽ എത്ര ആശ്വാസമായിരുന്നു…

അയാളുടെ പ്രാർത്ഥന കൊണ്ടൊ, എന്തോ അന്ന് രാത്രി മഴ പെയ്തു. അത് ഒരു ഒന്നൊന്നര മഴയായിരുന്നു.

തണുത്ത് വിറച്ച അറുമുഖൻ ഒരു പാട് ദിവസങ്ങൾക്ക് ശേഷം ഇത്തിരി ചൂടിനായി ആജാനബാഹുവായ തന്റെ ഭാര്യയെ ആശ്രയിച്ചു.

പിറ്റേന്ന് മഴ തോർന്നിട്ട് പോകാമെന്ന് കരുതി ഇരുന്ന അറുമുഖന്റെ മൊബൈലിലേക്ക് ഓഫീസ് ഫോണിൽ നിന്ന് വിളി വന്നു.

“വേഗം വാ എല്ലാ ഫീഡറുകളും മരങ്ങൾ വീണ് തകരാറിലാ, എത്രയും പെട്ടെന്ന് സപ്ളെ, റീ സ്റ്റോർ ചെയ്യണം”

സബ്ബ് എൻജിനീയറുടെ അലർച്ചകേട്ട് അറുമുഖന്റെ സപ്ത നാഡികളും തളർന്നു.

കോരിച്ചൊരിയുന്ന മഴ വകവയ്ക്കാതെ അറുമുഖൻ ബൈക്കുമെടുത്ത് ഓഫീസിലേക്ക് പോയി

വെള്ളിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ തിങ്കളാഴ്ചയും തോരാതിരുന്നപ്പോൾ, അത് വേനൽ മഴയല്ല, വർഷകാലം തന്നെയാണെന്ന് ഉറപ്പിച്ചു.

വൃഷ്ടി പ്രദേശത്ത് ,തോരാതെ പെയ്ത് കൊണ്ടിരുന്ന മഴ ഡാമുകളിലേക്ക് നിർത്താതെ ഒഴുകിയെത്തി.

റേഡിയോയിലൂടെയും ദൃശ്യമാധ്യമത്തിലൂടെയും ഡാമിന്റെയടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമുണ്ടായി

“എത് നിമിഷവും ഡാമ് തുറന്ന് വിടും, അറുമുഖന്റെ വീട് കനാലിന്റെ സൈഡിലല്ലേ “

അസിസ്റ്റന്റ് എൻജിനീയർ അറുമുഖ നോട് ചോദിച്ചു

“അതേ സാർ, എന്നാലും വീടിരിക്കുന്നിടത്ത് ഇത് വരെ വെള്ളം വന്നിട്ടില്ലെന്നാ എല്ലാരും പറയുന്നത് “

അറുമുഖൻ സ്വയം സമാധാനിക്കാനെന്നോണം പറഞ്ഞു.

സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം നിറഞ്ഞപ്പോൾ ഡാമുകൾ കുറെശ്ശെയായി തുറന്നു.

പക്ഷേ, മലവെള്ളപാച്ചിലിൽ ഒഴുകി വന്ന വൻ മരങ്ങൾ ഡാമിന്റെ ഷട്ടറുകൾ നിർദ്ദയം തകർത്തെറിഞ്ഞു.

കണക്കു കൂട്ടലുകളെല്ലാം തെറ്റിയെത്തിയ വർഷമേഘങ്ങൾ അതിലുെമെത്രയോ ഇരട്ടി ജലം മഴയായി ഭൂമിയിലേക്ക് പെയ്തിറക്കി.

കനാലുകളുടെ ഇരു കരകളെയും തകർത്തെറിഞ്ഞ് ജലത്തിന്റെ ഒഴുക്ക് ഒരു മഹാപ്രളയമായി മാറുകയായിരുന്നു.

തങ്ങളുടെ വീടിനോട് ചേർന്നുള്ള അരമതിലും, ഒഴുകി വന്ന വെള്ളം കൊണ്ട് പോയപ്പോൾ, അറുമുഖൻ ഭാര്യയെയും മകളെയും കൊണ്ട്, ജീവരക്ഷാർത്ഥം അടുത്ത മലമുകളിലേക്ക് ഓടിക്കയറി.

അവിടെ നിന്ന് കൊണ്ട് താൻ മുപ്പത് ലക്ഷത്തിന് വാങ്ങിയ വീടും പറമ്പും, മലയിറങ്ങി വന്ന പ്രളയജലം നക്കിതുടച്ച് കൊണ്ട് പോകുന്നത്, ഹൃദയവേദനയോടെ നോക്കി നില്ക്കാനെ അറുമുഖന് കഴിഞ്ഞുള്ളു.

“നശിപ്പിച്ചില്ലേ എല്ലാം, എന്റെയും മോളുടെയും സ്വർണ്ണാഭരണങ്ങൾ വരെ വിറ്റ കാശാ, ആ ഒഴുകി പോകുന്നത്. ഇനി തിരിച്ച് നാട്ടിൽ ചെല്ലുമ്പോൾ എന്തെടുത്തിട്ട് കൊടുത്താ പണയം വച്ച വീട് തിരിച്ചെടുക്കുന്നത്, “

അറുമുഖന്റെ ഭാര്യ അയാളെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.

പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അയാൾ, ആകാശത്തേക്ക് നോക്കി, തങ്ങളെ രക്ഷിക്കാൻ വരുന്ന ഹെലിക്കോപ്റ്ററിന്റെ ഇരമ്പത്തിനായി കാതോർത്തു.

~സജിമോൻ തൈപറമ്പ്.