കല്യാണസാരി മാറിയുടുക്കാൻ ഡ്രസ്സിങ്ങ് റൂമിലേക്ക് കയറിയ ഇന്ദു ബാലയെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ…

_upscale

ഒറ്റക്കമ്പിയുള്ള വീണ

Story written by Saji Thaiparambu

===============

കല്യാണസാരി മാറിയുടുക്കാൻ ഡ്രസ്സിങ്ങ് റൂമിലേക്ക് കയറിയ ഇന്ദു ബാലയെ ഏറെ നേരമായിട്ടും കാണാതിരുന്നപ്പോൾ ശ്യാം സുന്ദർ കതകിൽ മുട്ടി വിളിച്ചു.

“ഇന്ദു…കഴിഞ്ഞില്ലേ?

നിമിഷങ്ങൾ കഴിഞ്ഞ് കതക് തുറക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞിരിക്കുന്നത് അയാൾ കണ്ടു.

“എന്ത് പറ്റിയെടോ…താനെന്താ കരയുകയായിരുന്നോ?

“ഹേയ്, ഞാൻ…വിനുക്കുട്ടന്റെ കാര്യമോർത്തപ്പോൾ സങ്കടം വന്നതാ “

“ഓഹ്, അതിന് അവൻ നിന്റെ അമ്മയുടെ കൂടെയല്ലേ നില്ക്കുന്നത്. പിന്നെന്താ പ്രശ്നം?”

“അതിനി എത്രനാൾ, അമ്മയ്ക്ക് പ്രായമേറി വരികയല്ലേ? അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൻ തനിച്ചാവില്ലേ?

“ഒഹ്, അതപ്പോഴല്ലേ ഇന്ദൂ..അന്നേരം നമുക്ക് എന്തേലും വഴി നോക്കാം “

“അപ്പോഴെങ്കിലും ഞാൻ എന്റെ മോനെ ഇങ്ങോട്ട് കൊണ്ട് വന്നോട്ടെ ശ്യാമേട്ടാ..”

അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.

“ഇന്ദൂ…നമ്മൾ തമ്മിലുള്ള എഗ്രിമെന്റ് നീ മറന്നോ ? വിധവയായ നിൻറടുത്തേക്ക് ഞാൻ കല്യാണാലോചനയുമായി വന്നപ്പോൾ നിനക്ക് ഏഴ് വയസ്സുള്ള ഒരു മോൻ ഉണ്ടെന്നറിഞ്ഞ് പിന്മാറിയതായിരുന്നു. അപ്പോൾ നിന്റെ അമ്മയാണ് പറഞ്ഞത്, വിനു കുട്ടന്റെ കാര്യങ്ങൾ നിന്റെ അമ്മ നോക്കിക്കൊള്ളാമെന്നും നമ്മുടെ ജീവിതത്തിൽ ഒരിക്കലും അവൻ ഒരു ബാധ്യതയായി തീരില്ലെന്നും “

അയാളുടെ മുഖത്തെ ചിരി മാഞ്ഞു

“അത് ശരിയാണ് ശ്യാമേട്ടാ…അമ്മയുടെ കാലശേഷം ഞാൻ വഴിയാധാരമാകരുത് എന്ന സ്വാർത്ഥ ചിന്തയായിരിക്കാം അമ്മയെ കൊണ്ട് അങ്ങനെ പറയിച്ചത്. ഹാർട്ട് പേഷ്യന്റായ അമ്മയുടെ വാക്കുകൾ ധിക്കരിക്കാൻ എനിക്കും കഴിഞ്ഞില്ല “.

അവൾ കുറ്റബോധത്തോടെ നിന്നു.

“ഇന്ദു…കല്യാണമേ വേണ്ട, എന്ന് പറഞ്ഞ്, ഇത്രനാളും നടന്ന ഞാൻ, ഒടുവിൽ കല്യാണം കഴിക്കാൻ തീരുമാനിച്ചത് അപ്രതീക്ഷിതമായിട്ടുള്ള അമ്മയുടെ മരണവും അതേ തുടർന്നുള്ള ഒറ്റപ്പെടലുമാണ്. ബന്ധുക്കളൊക്കെ ചേർന്ന് നിർബന്ധം തുടങ്ങിയപ്പോൾ ഞാനും പിന്നെ മടിച്ചില്ല. അപ്പോഴേക്കും പ്രായം നാല്പത്തിയഞ്ചായി കഴിഞ്ഞിരുന്നു. ആ ഒരു പരിമിതിയുള്ളത് കൊണ്ടാണ് പുനർ വിവാഹത്തിനൊരുങ്ങുന്ന സ്ത്രീയെ അന്വേഷിച്ചതും ഇന്ദുവിനെ കണ്ട് ഞാനിഷ്ടപ്പെട്ടതും “

“ഒക്കെ എനിക്കറിവുള്ളതല്ലേ ശ്യാമേട്ടാ….പക്ഷേ എന്ത് കൊണ്ടാണ് എന്റെ മോനെ ഇങ്ങോട്ട് കൊണ്ട് വരുന്നതിന് അങ്ങ് എതിർക്കുന്നതെന്ന് മനസ്സിലാഒന്നില്ല.”

“ഹും, അത് ഞാൻ പറയാം, വേറൊന്നുമല്ല, കുറച്ച് നാൾ കഴിയുമ്പോൾ നമുക്ക് കുട്ടികളുണ്ടാവും, അപ്പോൾ ഇന്ദു, വിനുവിനെ സ്നേഹിക്കുമോ അതോ എനിക്കുണ്ടാകുന്ന കുട്ടിയെ സ്നേഹിക്കുമോ ?”

“അതിലെന്താ സംശയം? ഞാൻ രണ്ട് പേരെയും സ്നേഹിക്കും, ഒരമ്മയ്ക്ക് മക്കളെയെല്ലാം ഒരു പോലെ കാണാൻ പറ്റൂ….”

“ഹ ഹ ഹ, അതെനിക്കറിയാം, അത് കൊണ്ട് തന്നെയാ ഞാൻ സമ്മതിക്കാതിരുന്നത്. എന്റെ ഭാര്യ, എന്റെ കുഞ്ഞിനെ വേണം സ്നേഹിക്കാൻ, അല്ലാതെ മറ്റൊരാളുടെ രക്തത്തിൽ പിറന്ന കുഞ്ഞിന് കൂടി നിന്റെ സ്നേഹം വീതം വയ്ക്കുമ്പോൾ, അത് എന്റെ കുഞ്ഞിന്റെ ജീവിതത്തെയും സന്തോഷത്തെയുമൊക്കെ സാരമായി ബാധിക്കും. വേണമെങ്കിൽ നിനക്ക് എന്നെ സ്വാർത്ഥനെന്ന് വിളിക്കാം, പക്ഷേ ഇന്ന് മുതൽ നമ്മൾ പുതിയ ജീവിതം തുടങ്ങുകയാണ്. അത് കൊണ്ട് പഴയതൊന്നും ഇനി നമ്മുടെ ഇടയിലേക്ക് കടന്ന് വരാൻ പാടില്ല. അത് നിന്റെ മോനായാൽ പോലും മനസ്സിലായോ?

അതെല്ലാം കേട്ട്, നിസ്സഹായതയോടെ നില്ക്കാനേ അവൾക്ക് കഴിഞ്ഞുള്ളു….

******************

കാലം കടന്ന് പൊയ്ക്കൊണ്ടിരുന്നു. ശ്യാം സുന്ദറിനും ഇന്ദുബാലയ്ക്കുമായി ഒരു ആൺ കുട്ടി പിറന്നു.

വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിക്കുന്നത് വരെ ഇന്ദുലേഖ മാസത്തിലൊരിക്കൽ വിനുക്കുട്ടനെ കാണാൻ തറവാട്ടിലേക്ക് പോകുമായിരുന്നു.

പ്രസവശേഷം കുഞ്ഞിന്റെയടുത്ത് നീ എപ്പോഴുമുണ്ടാവണമെന്ന് ശ്യാം സുന്ദർ അവളോട് ചട്ടം കെട്ടിയിരുന്നു.

അത് കൊണ്ട് തന്നെപിന്നെ തറവാട്ടിലേക്കുള്ള പോക്ക് കുറഞ്ഞു. പിന്നീട് വിനുക്കുട്ടന്റെ വിശേഷങ്ങൾ ഫോൺ ചെയ്ത് തിരക്കാൻ തുടങ്ങി.

ഇപ്പോൾ മോൻ, എൽ കെ ജി യിൽ പോകാൻ  തുടങ്ങിയപ്പോൾ അതിനും കൂടെ സമയം കിട്ടുന്നില്ലല്ലോ ഈശ്വരാ…എന്ന് ഇന്ദു മനസ്സിലോർത്തു.

മോനെ സ്കൂൾ ബസ്സിൽ കയറ്റി വിട്ടിട്ട് അകത്തേക്ക് കയറുമ്പോൾ ശ്യാം സുന്ദർ, അവളോട്പറഞ്ഞു…

“ഇന്ദു…നീ വേഗം റെഡിയാക്..നമുക്ക് നിന്റെ വീട് വരെയൊന്ന് പോകാം “

“എന്ത് പറ്റി ശ്യാമേട്ടാ?

ഒരു ഉൾക്കിടിലത്തോടെ അവൾ ചോദിച്ചു.

“അത്…..അമ്മ…..”

അപ്പോഴേക്കും അവൾക്ക് എല്ലാം മനസ്സിലായിരുന്നു.

ഒരു നിലവിളിയോടെ ബെഡ് റൂമിലേക്കോടി.

ശവദാഹം കഴിഞ്ഞ് എല്ലാരും പിരിഞ്ഞ് പോയപ്പോൾ ഇന്ദുബാല വിനുകുട്ടന്റെയടുത്തേക്ക് വന്നു.

“മോനെ, നീ വേഗം റെഡിയാക്, നമുക്ക് പോകാം “

“എങ്ങോട്ട്?

“അത് പിന്നെ….തത്ക്കാലം അദ്ദേഹത്തിന്റെ വീട്ടിലേക്ക്. അത് കഴിഞ്ഞ് മറ്റെവിടേക്കെങ്കിലും ഷിഫ്റ്റ് ചെയ്യാം “

“ങ്ഹും, എനിക്കറിയാം, അത് കഴിഞ്ഞ് ഏതെങ്കിലും അനാഥാലയത്തിൽ ചേർക്കും അല്ലേ? ഞാൻ എല്ലാം കേട്ടിരുന്നു. നിങ്ങൾ തമ്മിൽ സംസാരിച്ചതും, തീരുമാനിച്ചതും.”

“മോനേ..അതല്ലാതെ വേറെ വഴിയില്ലാ, അമ്മ നിസ്സഹായയാണ്.”

“അറിയാം അമ്മേ, സ്വന്തം ജീവിതം സുരക്ഷിതമാക്കാൻ അമ്മ പോയപ്പോൾ, എനിക്ക് നഷ്ടമായത് എന്തൊക്കെയാണെന്നറിയാമോ. ടിവിയിൽ, സീരിയലിലും സിനിമയിലുമൊക്കെ കുട്ടികൾക്ക് അമ്മമാർ കഥ പറഞ്ഞ് ചോറ് വാരി കൊടുക്കുന്നത് കാണുമ്പോൾ ഞാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്, എന്റെ അമ്മ അടുത്തുണ്ടായിരുന്നെങ്കിൽ എന്ന്. അമ്മയെ കാണണമെന്ന് പറയുമ്പോഴൊക്കെ എന്നെ കൂട്ടികൊണ്ട് പോകാൻ അമ്മ വരുമെന്ന് പറഞ്ഞ്, അമ്മൂമ്മ എന്നെ ആശ്വസിപ്പിക്കുമായിരുന്നു.”

“മോനേ നീ അമ്മയെ ഇങ്ങനെ കുത്തിനോവിക്കല്ലേടാ “

“ഹും…അമ്മയ്ക്ക് വേദനയോ?എന്തിനാണ് അമ്മ വിഷമിക്കുന്നത്. എന്തെങ്കിലും നഷ്ടപ്പെട്ടോ? എന്നെ ഉപേക്ഷിച്ചപ്പോൾ, പകരമായി അമ്മയ്ക്ക് ദൈവം ഒരു മോനെ തന്നില്ലേ? അങ്ങനെ അമ്മ സന്തോഷമായിട്ട് ജീവിച്ചില്ലേ? പക്ഷേ, എനിക്ക് പകരമായി ഒരമ്മയെ കിട്ടില്ലല്ലോ? മക്കളെ നഷ്ടപ്പെട്ടാൽ ഒരമ്മയ്ക്ക് വീണ്ടും സ്വന്തം മക്കളെ തന്നെ കിട്ടും, പക്ഷേ സ്വന്തം അമ്മയെ മക്കൾക്ക് ഒരിക്കൽ മാത്രമേ കിട്ടു. അതറിയുമോ ?

വിനുകുട്ടന്റെ ചോദ്യത്തിന് മുന്നിൽ, ഉത്തരം മുട്ടി, ഇന്ദു നിന്നു.

“എന്റെ കാര്യമോർത്ത് നിങ്ങൾ വിഷമിക്കണ്ട. പോയ്ക്കോളു, എവിടെയായാലും ഞാൻ തനിച്ചല്ലേ, ഇവിടെ എന്റെ അമ്മുമ്മയുടെ ആത്മാവെങ്കിലുമുണ്ടാവും”

അതും പറഞ്ഞ് വിനു കുട്ടൻ അകത്ത് കയറി വാതിൽ കൊട്ടിയടച്ചു.

~സജിമോൻ തൈപറമ്പ്