ജോലി തിരക്കുകൾക്കിടയിൽ രാത്രിയിൽ എപ്പോഴോ വന്നു കയറിയിരുന്ന അവർ എന്നെ ശ്രദ്ധിക്കുവാൻ മറന്നു പോയിരുന്നൂ….

തെറ്റ്…

Story written by Suja Anup

================

ഇന്നാദ്യമായി ഞാൻ പരാജയം സമ്മതിക്കുന്നൂ. അഹങ്കാരം കൊണ്ട് നേടിയതൊന്നും നേട്ടം ആയിരുന്നില്ല.

പണം ഉണ്ട്, എന്തും വിലക്ക് വാങ്ങാം എന്ന അഹങ്കാരം അത് എന്നെ കൊണ്ടെത്തിച്ചത് എവിടെയായിരുന്നൂ…

ഞാൻ ചെയ്യുന്നത് തെറ്റാണു എന്ന് അറിഞ്ഞിട്ടും തിരുത്താതെ ഇരുന്ന മാതാപിതാക്കളോട് എനിക്ക് പരാതിയില്ല..

പ്ലസ് ടു ക്ലാസ്സിൽ എത്തിയപ്പോൾ മുതലാണ് എന്നിൽ മാറ്റങ്ങൾ വന്നത്. എന്തിനോടും ഏതിനോടും ഒരു പുച്ഛം മാത്രം എന്നിൽ അവസാനച്ചൂ.

അന്നൊരിക്കൽ അദ്ധ്യാപകനോട്  സംസാരിച്ച രീതി ശരിയല്ല എന്ന് കൂട്ടുകാർ എല്ലാവരും പറഞ്ഞപ്പോഴും ഞാൻ അത് ചെവികൊണ്ടില്ല.

ആ അദ്ധ്യാപകനോട് തീർത്താൽ തീരാത്ത വൈരാഗ്യം എനിക്ക് ഉണ്ടായിരുന്നൂ.

അയാൾക്ക് എന്നെ എപ്പോഴും വഴക്കു പറയണം.

എന്നെ ബിബിനിൽ നിന്നും അകറ്റുവാൻ അയാൾ ശ്രമിക്കുന്നത് എനിക്ക് ഇഷ്ടം ആയിരുന്നില്ല…

“എൻ്റെ മാതാപിതാക്കൾക്ക് ഇല്ലാത്ത പ്രശ്‌നം അയാൾക്കെന്തിനാണ്…?”

പ്രതികാരമെന്ന നിലയിലാണ് അയാൾക്കെതിരെ പ്രിൻസിപ്പളിനോട് ഞാൻ അന്ന് പരാതി പറഞ്ഞത്.

അതിനുള്ള അവസരവും ഞാൻ തന്നെ ഒരുക്കിയിരുന്നൂ..

വൈകുന്നേരം സ്പെഷ്യൽ ക്ലാസ് വേണം എന്ന ആവശ്യം എൻ്റെതു മാത്രം ആയിരുന്നൂ. ക്ലാസ്സിൽ വച്ച് അയാൾ മോശമായി പെരുമാറി എന്നും പറഞ്ഞാണ് ഞാൻ ഓടി പ്രിൻസിപ്പാളിൻ്റെ മുറിയിൽ കയറിയത്. ക്ലാസ്റൂമുകളിൽ സിസി ടീവി ക്യാമെറ ഉണ്ടായിരുന്നില്ല.

സാക്ഷി പറയുവാൻ ഞാൻ പൈസ കൊടുത്തു സ്കൂളിലെ തൂപ്പുകാരിയെ ഒരുക്കി നിർത്തിയിരുന്നൂ. അൻപതിനായിരം രൂപ അവർക്കു അന്ന് ഒരു വലിയ തുകയായിരുന്നൂ..

തല കുമ്പിട്ടാണ് അയാൾ പ്രിൻസിപ്പാളിൻ്റെ മുന്നിൽ നിന്നത്.

അന്ന് ഞാൻ മനസ്സിൽ ഒത്തിരി സന്തോഷിച്ചൂ. എന്നെ എന്നും വഴക്കു പറഞ്ഞ അയാൾക്ക്‌ തക്ക ശിക്ഷ ഞാൻ തന്നെ നല്കിയിരിക്കുന്നൂ..

അതൊരു പ്രൈവറ്റ് സ്കൂൾ ആയിരുന്നൂ. അതുകൊണ്ടു തന്നെ പിറ്റേന്ന് അയാളെ പിരിച്ചു വിട്ടു. സ്കൂൾ മൊത്തം സംഭവം അറിഞ്ഞിരുന്നത് കൊണ്ട് തന്നെ തല താഴ്ത്തിയാണ് അയാൾ നടന്നു നീങ്ങിയത്.

പോകുന്നതിനു മുൻപേ അയാൾ എൻ്റെ അടുത്ത് വന്നു എല്ലാവരും കേൾക്കെ പറഞ്ഞു

“ഇതെനിക്ക് എന്നും ഒരു പാഠം ആയിരിക്കും. ഒരിക്കലും വഴിപിഴച്ചു പോകുന്നവരെ നന്നാക്കുവാൻ ഞാൻ ഇനി ശ്രമിക്കില്ല. ഞാൻ ആദ്യമായി പഠിപ്പിച്ചത് ഇവിടെയാണ്. എൻ്റെ അദ്ധ്യാപന ജീവിതവും ഇവിടെ അവസാനിക്കുന്നൂ. ഒരിക്കലും നിന്നെ ഞാൻ ശപിക്കില്ല. പക്ഷേ… എനിക്കേറ്റ അപമാനം ഓർത്തു വിലപിക്കുന്ന എൻ്റെ മാതാപിതാക്കളുടെ കണ്ണുനീരിനു ഒരിക്കൽ നീ ഉത്തരം പറയേണ്ടി വരും…”

ആ സ്കൂൾ വിട്ടതിനു ശേഷം ഒരിക്കൽപോലും ഞാൻ അയാളെ പറ്റി അന്വേഷിച്ചിട്ടില്ല…

കുത്തഴിഞ്ഞ എൻ്റെ ജീവിതം എന്നെ കൊണ്ട് പോയി എത്തിച്ചത് മയക്കുമരുന്നുകളുടെ ലോകത്തായിരുന്നൂ..

അമ്മയോ അച്ഛനോ അറിയാതെ എല്ലാം ഞാൻ ഒളിപ്പിച്ചു കൊണ്ട് നടന്നൂ..

ബിരുദത്തിനു പഠിക്കുമ്പോഴാണ് ഒരിക്കൽ ഞാൻ കോളേജിൽ തല കറങ്ങി വീണത്..

ആശുപത്രിയിൽ വെച്ചാണ് ഞാൻ ഗർഭിണിയാണ് എന്ന് മനസ്സിലായത്.

“അ ബോർഷൻ ചെയ്യുവാൻ സാധിക്കില്ല, നാലുമാസം കഴിഞ്ഞിരിക്കുന്നൂ..” എന്ന ഡോക്ടറുടെ മറുപടി അച്ഛനെ തളർത്തി.

“കുഞ്ഞിൻ്റെ അച്ഛൻ ആരാണ് എന്ന് എനിക്ക് അറിയില്ല” എന്ന മറുപടി അച്ഛനും അമ്മയ്ക്കും താങ്ങാവുന്നതിലും അപ്പുറം ആയിരുന്നൂ.

രാത്രികാലങ്ങളിൽ വൈകി എത്തുന്ന എന്നെ അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല…

അല്ലെങ്കിൽ തിരുത്തുവാൻ ശ്രമിച്ചിരുന്നില്ല.

ജോലി തിരക്കുകൾക്കിടയിൽ രാത്രിയിൽ എപ്പോഴോ വന്നു കയറിയിരുന്ന അവർ എന്നെ ശ്രദ്ധിക്കുവാൻ മറന്നു പോയിരുന്നൂ..

പിന്നെ കുറെ നാൾ ഞാൻ വീട്ടു തടങ്കലിൽ ആയിരുന്നൂ..

ജനിച്ച കുഞ്ഞിനെ അനാഥാലയത്തിൽ ആക്കിയിട്ടു എന്നെ അവർ വിനോദിന് വിവാഹം ചെയ്തു കൊടുത്തു…

ഒരിക്കലും ഒന്നും അദ്ദേഹത്തെ ഞാൻ അറിയിച്ചില്ല..

സുഖകരമായിരുന്ന ഞങ്ങളുടെ ജീവിതത്തിൽ പോറൽ ഏൽപിച്ചുകൊണ്ട് ആ സത്യം ഞങ്ങൾ തിരിച്ചറിഞ്ഞു..

“ഇനി ഒരിക്കലും എനിക്ക് അമ്മയാകുവാൻ കഴിയില്ല.”

കാരണം അവർ അദ്ദേഹത്തെ അറിയിചൂ..

“ആദ്യ പ്രസവത്തിൽ പറ്റിയ പിഴവുകളൾ മൂലമാണത്ര ഗ ർഭിണി ആകുവാൻ സാധിക്കാത്തത്…”

അങ്ങനെ ഞാൻ വീണ്ടും ഒറ്റയ്ക്കായി…ആ ദിവസ്സങ്ങളിൽ എപ്പോഴോ എനിക്ക് തിരിച്ചറിവ് കിട്ടി.

“ചെയ്ത തെറ്റുകൾക്ക് മാപ്പു ചോദിക്കണം..”

ഞാൻ നേരെ അനാഥാലയത്തിൽ പോയി എൻ്റെ മകനെ കൂട്ടി കൊണ്ട് വന്നൂ…

പിന്നെ ഞാൻ തിരഞ്ഞത് അദ്ദേഹത്തെ ആയിരുന്നൂ..എൻ്റെ പഴയ അദ്ധ്യാപകനെ..

എല്ലാം തുടങ്ങിയത് അവിടെ നിന്നാണ്.. അവസാനിക്കേണ്ടതും അവിടെയാണ്…

അദ്ദേഹത്തെ തേടി അവിടെ എത്തിയ എന്നെ സ്വീകരിച്ചത് അദ്ദേഹത്തിൻ്റെ അമ്മയായിരുന്നൂ…

തീരെ വയസ്സായി ആരും തുണയില്ലാതെ ഒരമ്മ…

പറമ്പിലെ ഒരു കോണിൽ ഉണ്ടായിരുന്ന ആ കുഴിമാടം ചൂണ്ടി അമ്മ എന്നോട് പറഞ്ഞു

“ചില തെറ്റുകൾ തിരുത്തുവാൻ പറ്റില്ല കുട്ടി..കാലം കാത്തു നിൽക്കാറില്ല ഒന്നിനും. ഒരപകടത്തിൽ പെട്ട് അദ്ദേഹം മരിച്ചിട്ടു വർഷങ്ങൾ ആയത്രേ..”

എനിക്ക് എന്ത് ചെയ്യണം എന്ന് ആറിയില്ലായിരുന്നൂ..

ഏതു ഗംഗയിൽ കുളിച്ചാലാണ് ശാപമോക്ഷം കിട്ടുക..

ഗുരുവിൻ്റെ ശാപം അല്ലെ എൻ്റെ ജീവിതം ഇങ്ങനെ തകർത്തത്….

ബാക്കിയുള്ള ജന്മം ഞാൻ ആ അമ്മയ്ക്കും എൻ്റെ മകനും വേണ്ടി  ജീവിക്കുവാൻ തീരുമാനിച്ചൂ….

അത്രയെങ്കിലും എൻ്റെ അദ്ധ്യാപകന് വേണ്ടി ഞാൻ ചെയ്യണം….