പതിവില്ലാതെ ഫോണിന് ലോക്കിട്ട് വെച്ചപ്പോൾ മുതൽക്കാണ് അത് എടുത്തു നോക്കണമെന്ന് ഒരു വാശി തോന്നിയതും…

കിളികൾ പറന്നുവോ…

എഴുത്ത്: ശാലിനി മുരളി

=================

ഭർത്താവ് കുളിമുറിയിലേയ്ക്ക് പോയ തക്കത്തിനാണ് ലോക്കിട്ട് വെച്ച പുള്ളിക്കാരന്റെ മൊബൈൽ ഞാൻ പതിയെ കയ്യിലെടുത്തത്. എന്താന്ന് അറിയില്ല, അത് കയ്യിൽ എടുക്കുമ്പോൾ മാത്രം നെഞ്ചിലെ മിടിപ്പിന് ശക്തിയേറും..പതിവില്ലാതെ ഫോണിന് ലോക്കിട്ട് വെച്ചപ്പോൾ മുതൽക്കാണ് അത് എടുത്തു നോക്കണമെന്ന് ഒരു വാശി തോന്നിയതും! ഞാൻ അറിയാൻ പാടില്ലാത്ത എന്ത് രഹസ്യമാണ് അതിലുള്ളതെന്ന് ഒന്നറിയണമല്ലോ.

എനിക്ക് ലോക്ക് അറിയില്ലെന്നാണ്  പാവത്തിന്റെ ധാരണ. ഞാൻ ആരാ മോൾ?

എന്റെ സമീപത്ത് വെച്ചു ഫോൺ ഓണാക്കേണ്ട സാഹചര്യം വരുമ്പോൾ അദ്ദേഹത്തിന്റെ കഷ്ടപ്പാട് കുറയ്ക്കാൻ ഞാൻ ഒന്നുമറിയാത്തവളെ പോലെ അവിടുന്ന് നൈസായി മാറിക്കൊടുക്കും. ഇത് പോലൊരു ഭാര്യയെ എവിടെ കിട്ടും സുഹൃത്തുക്കളെ!

ഫോൺ ലോക്കഴിച്ചു വാട്സ്ആപ്പ് എടുത്തു നോക്കാൻ തുടങ്ങിയതേയുള്ളൂ. പെട്ടന്നാണ് ബാത്‌റൂമിന്റെ വാതിൽ തുറക്കപ്പെട്ടത്.

ങേഹെ! ഇതെന്താ ഇത്രപെട്ടെന്ന്??ഈശ്വരാ! എങ്ങനെയാണ് വാട്സ്ആപ്പിൽ നിന്ന് പുറത്ത് കടന്നതെന്നും മൊബൈൽ ഓഫാക്കി വെച്ചതെന്നും എനിക്കും സർവ്വേശ്വരനും മാത്രമേ അറിയൂ..

അടുക്കളയിൽ എത്തിയിട്ടും വിറയൽ മാറുന്നില്ല. നെഞ്ചിനു പകരം കാലുകൾ പട പടാന്നു കൂട്ടിയിടിയ്ക്കുന്നു. കള്ളത്തരം കണ്ടു പിടിച്ച ഒരു കുട്ടിയുടെ പെടച്ചിൽ..

തലയിൽ പുരട്ടാനുള്ള എണ്ണയെടുക്കാൻ അടുക്കളയിലേയ്ക്ക് വന്ന ആൾ എന്റെ പരുവക്കേട് കണ്ടാകണം  കാര്യം തിരക്കിയത്.

“എന്താന്ന് അറിയില്ല ചേട്ടാ..കാലെല്ലാം വല്ലാതെ വിറയ്ക്കുന്നു.. “

ഞാൻ എത്ര സത്യസന്ധയാണെന്ന് നോക്കിക്കേ..ഉള്ള കാര്യമങ്ങു തുറന്നു പറഞ്ഞു.

“വയറ്റിൽ ഒന്നുമില്ലാഞ്ഞിട്ടാവും..ദേ, എത്തയ്ക്കയല്ലേ ഇരിക്കുന്നത്. നിനക്ക് എടുത്തു കഴിയ്ക്കരുതോ..”

സ്നേഹമയനായ ഭർത്താവ് തന്നെ ഉള്ളതിൽ വലിയൊരു ഏത്തയ്ക്ക എടുത്തു എന്റെ നേർക്ക് നീട്ടി!

കയ്യിലിരുന്ന ഏത്തയ്ക്കയിലേയ്ക്ക് നോക്കി ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ നിൽക്കുമ്പോൾ പിന്നിൽ വലിയൊരു ചിരിയോടെ മകന്റെ കമന്റ്!

“ഇപ്പൊ അമ്മയുടെ കിളി പോയേനെ..”

~ശാലിനി മുരളി