അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു…

എഴുത്ത്: മനു തൃശ്ശൂർ

=================

രാവിലെ മുതലുള്ള തിരക്കൊന്ന് ഒഴിഞ്ഞ് തുണികളൊക്കെ എടുത്തു ഒതുക്കി വെക്കുമ്പോഴ, ഒരു അമ്മയും മോനും കടയിലേക്ക് കയറി വരുന്നത്

അവരുടെ മുഖങ്ങളിലും ഇത്രയും വലിയൊരു കടയിൽ എത്തിയ അങ്കാലാപ്പ് ഉണ്ടായിരുന്നു..

ഒരു നിമിഷം എൻ്റെ അമ്മയെ ഓർമ വന്നു കുഞ്ഞുനാളിൽ പലവട്ടം അമ്മയ്ക്ക് ഒപ്പം തുണിയെടുക്കാൻ  പോയ നിമിഷങ്ങൾ..

ഞാൻ മെല്ലെ ക്യാബിനിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേയ്ക്കു ചെന്നു ചോദിച്ചു

“എന്താ..വേണ്ടത് ??”

എൻ്റെ ചോദ്യം കേട്ടിട്ടാകും അവരുടെ മുഖത്തു പരിഭ്രമം മാറി ഒരു ചിരി വിടർന്നു..

“ഇവനൊരു പാന്റും ഷർട്ടും വേണം.”

അതിനെന്താ…വരു നല്ലൊരെണ്ണം തന്നെ എടുക്കാലോ പറഞ്ഞു ഞാനവരെ ജെൻസ് സെക്ഷനിലേയ്ക്കു കൂട്ടികൊണ്ട് പോയി..

ഡ്രസ്സുകൾ എടുത്തിട്ടതും അവരെന്നെ നോക്കി മെല്ലെ പറഞ്ഞു.

“ഇതിനെന്ത വിലയ..ഒരുപാട് വില വരുന്നത് ആണെങ്കിൽ ഇതൊന്നും വേണ്ട മോനെ..!!”

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ശരിയെന്ന് മൂളി..!! ഏറ്റവും താഴെ അടുക്കി വച്ചിരിക്കുന്ന ഒത്തിരി ഡ്രെസ്സുകൾ എടുത്തു അവർക്കു മുന്നിലേക്കു ഇട്ട് കൊടുത്തു…

അവരുടെ കണ്ണുകളും കൈകളും അവർക്ക് മുന്നിൽ നിരന്ന ഓരോ ഡ്രസ്സിലും പരതിനടന്നു കൈയിലെ കാശിന് ഒതുങ്ങും തോന്നിയ ഒരു പാന്റ് ഷർട്ടും അവർ തെരഞ്ഞെടുത്തു..

മെല്ലെ ആ കുട്ടിക്ക് നേരെ തിരിഞ്ഞു ..!! അവർ പ്രതീക്ഷയോടെ ചോദിച്ചു…

“മോനെ ഇത് പോരെ ??”

അവർ വീണ്ടും വീണ്ടും ചോദിച്ചിട്ടും അവനത് ഇഷ്ടമാകതെ തല കുനിച്ചു നിൽക്കുന്നു കണ്ടു ഞാൻ അവനോടു ചോദിച്ചു..

“മോന് ഇഷ്ടമായത് ഏതാണ്..??”

അവൻ്റെ കൈകൾ ആദ്യം ഞാനെടുത്തിട്ട തുണികളിൽ നിന്നും ഒരു മഞ്ഞ ടീഷർട്ട് എടുത്തു എന്നോട് പറഞ്ഞു..

“ഇത് മതി…എനിക്ക് ഈ ഡ്രസ്സ് മതി….” അവൻ വാശിയോടെ പറഞ്ഞു..

ആ സ്ത്രീ അതുക്കേട്ട് അവനെ ഒന്ന് നോക്കി എനിക്ക് നേരെ തിരിഞ്ഞു..

“മോനെ ഇതിനു രണ്ടിനും കൂടി എത്ര രൂപയാകും… ??”

ഞാൻ പ്രൈസ് ടാഗ്  നോക്കി വില പറഞ്ഞു, 1500 രൂപയോളം ആകും ?? പാക്ക് ചെയ്യട്ടെ ??..

അവർ കൈയിൽ ചുരുട്ടിപ്പിടിച്ച ആ മുഷിഞ്ഞ ആ നോട്ടിലേക്കും..!! പിന്നീട് ദയനീയമായി അവരെന്നെ നോക്കി പതിഞ്ഞ വാക്കിൽ പറഞ്ഞു…

“എന്റെ അടുത്ത് അത്രയും ഇല്ല മോനെ..ഞാൻ ആദ്യം എടുത്ത ഉടുപ്പ് ആണെങ്കിൽ അത് എടുക്കാൻ ഉള്ള കാശേ ഉള്ളൂ  !!!”

അതുക്കേട്ട്  ആ കുട്ടി അവരെ നോക്കി ദേഷ്യവും സങ്കടവും നിറഞ്ഞ നോട്ടം..

അവർ തിരിഞ്ഞു നിന്നു അവനോടു പറഞ്ഞു നമ്മുക്ക് നാളെ വന്നിട്ട് എടുക്കം അമ്മയുടെ കൈയ്യിൽ ഇപ്പോൾ അതിനുള്ള കാശില്ല നാളെ എടുത്ത പോരെ…??

“കാശില്ലെ പിന്നെ നിങ്ങൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചോണ്ട് വന്നത്.. ?? ജോലിക്ക് ആണെന്ന് പറഞ്ഞു നിങ്ങൾ എന്നും ഇറങ്ങിപ്പോകുന്നുണ്ടല്ലോ..??”

അത്രയും പറഞ്ഞു ആ കുട്ടി ഷോപ്പിൽ നിന്നും ഇറങ്ങി പോയി…എന്റെ മുന്നിൽ അപമാനിതയായി നിൽക്കുന്ന ആ അവരുടെ കണ്ണുകൾ നിറഞ്ഞു..

ഞാൻ ചുറ്റും നോക്കി..ഭാഗ്യത്തിന് കടയിൽ തിരക്ക് കുറവായതിനാൽ സ്റ്റാഫ് മിക്കവാറും ആഹാരം കഴിക്കാൻ പോയിരുന്നു.

അവര് എന്നെ നോക്കി മോനെ ഞാൻ നാളെ വന്നിട്ട് എടൂക്കാം. എന്ന് പറഞ്ഞു കടയിൽ നിന്നും പുറത്തേക്ക് നടന്നു..

ഞാൻ വേഗം..എനിക്ക് മുന്നിൽ ചിതറി കിടന്ന ഡ്രസ്സുകൾ ഓരോന്നായി മടക്കി വയ്ക്കുമ്പോൾ ഞാൻ നടന്നു പോകുന്ന ആ അമ്മയെ നോക്കി…

നെഞ്ചിൽ എവിടെയോ ഒരു മുറിവ് വീണ്ടും വ്രണപ്പെട്ടു വരുന്നത് ഞാനറിഞ്ഞു..

”ജീവിതത്തിലും ഒരു പുതിയ ഉടുപ്പ് കിട്ടാൻ കൊതിച്ച ദിവസങ്ങൾ..മനസ്സ് ആ പഴയ ഓർമ്മയിലേക്ക് ഒന്ന് പോയി

“ഒരു ഓണത്തിന്റെ തലേ ദിവസം”

അമ്മ അടുത്തുള്ള സിറ്റിയിൽ പോയി വരുമ്പോൾ തലയിൽ സാധനം നിറച്ച ഒരു പ്ലാസ്റ്റിക്‌ ചാക്കിന് ഒപ്പം പിടിച്ച പേര് എഴുതിയ കവർ നോക്കി അത് എന്താണ് എന്ന് ഞാൻ ആകാംക്ഷയോടെ ചോദിച്ചപ്പോൾ..

ഒന്നും പറയാതെ ചിരിച്ചു കൊണ്ട് അമ്മ എനിക്ക് നേരെ നീട്ടി..നീയിത്  തുറന്നു നോക്ക് ഇഷ്ടമായില്ലെ മാറ്റി വാങ്ങാം പറഞ്ഞ്..

ഞാനാ കവർ തുറന്ന് നോക്കിയപ്പോൾ ഒരു ജോഡി പുത്തനുടുപ്പ് ആയിരുന്നു.

ആദ്യമായിട്ട് ആയിരുന്നു അമ്മ എനിക്ക് ഓണക്കോടി എടുത്തു തന്നത്.

സന്തോഷത്തോടെ കവറിൽ നിന്നും ആ ഉടുപ്പ് വലിച്ചെടുത്ത് എന്റെ മുഖത്തോട് അടുപ്പിച്ചു പുതുമണം നുകർന്ന് നെഞ്ചോടു ചേർത്ത് പിടിച്ചു ഞാൻ പറഞ്ഞു.

“ഇതു മതി അമ്മ ഇപ്പോഴിതാ ഫാഷൻ  മാറ്റി ഒന്നും വാങ്ങണ്ട ഇതുതന്നെ മതി അമ്മേ..!!”

അന്ന് എൻ്റെ ആ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞാണ് അമ്മ അകത്തേക്ക് കയറിയത്..

അന്ന് രാത്രി ഉറക്കം വരാതെ എത്രയോ വട്ടം ഞാനത് കവറിൽ നിന്നും ആ വസ്ത്രം എടുത്തു നോക്കിയത്.

പിറ്റേന്ന്കുളി കഴിഞ്ഞ് ഓണക്കോടി ഇട്ട് അമ്മയുടെ വാക്കുകൾക്ക് കാതോർത്തു ചെല്ലുമ്പോൾ “….നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട്….എന്ന് അമ്മ പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നീട്ടുണ്ട്..

ഓർത്തപ്പോൾ മനസ്സിൽ ഒരു ഭാരപ്പോലെ തോന്നി

തുണികൾ മടങ്ങി വെക്കുമ്പോൾ ഒരു നിമിഷം എൻ്റെ കണ്ണുകൾ അതിലെ മഞ്ഞ ടീഷർട്ടിൽ ഉടുക്കി.

ആ നിമിഷം ഞാൻ പുറത്തേക്ക് നോക്കി കണ്ണുകൾ ഒന്ന് നിറഞ്ഞു വന്നു മെല്ലെ ആ ടീഷർട്ട് പാൻ്റ് മടക്കി ഒരു കവറിൽ പാക്ക് ചെയ്തു പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ കണ്ടു..

മറ്റൊരു കടയുടെ മുന്നിൽ സങ്കടപ്പെട്ടു പോവുന്ന മകനെ സമാധനിപ്പിക്കാൻ ശ്രമിക്കുന്ന അമ്മ ഞാൻ വേഗം അവരുടെ അടുത്തേക്ക് ചെന്നു ആ കവർ ആ കുട്ടിയുടെ കൈയ്യിൽ കൊടുത്തു പതിയെ പറഞ്ഞു..

“മോനിഷ്ടമായത ഇതെടുത്തോ, കാശ് ചേട്ടൻ കൊടുത്തോളം…പറഞ്ഞു തിരിഞ്ഞു നടക്കാൻ നേരം ആ സ്ത്രീ എന്നെ വിളിച്ചു ഇടറിയ വാക്കുകളാൽ കൈയ്യിൽ ചുരുട്ടിയ നോട്ടുകൾ നീട്ടി ദയനീയമായി എന്നെ നോക്കി..

എന്ത പറയേണ്ട് എന്നറിയതെ അവർ ഇടറിയ വാക്കുകളിൽ പതിയെ പറഞ്ഞു

“മോനെ ഇത് വച്ചോളു ബാക്കി ഞാൻ തരാം…”

നീട്ടി പിടിച്ച ആ കൈ വിരലുകളെ ചേർത്ത് പിടിച്ചു മടക്കി ഞാൻ മെല്ലെ പറഞ്ഞു…. “സാരമില്ല ഇതെടുത്തോളു,  ഞാനും ജീവിതത്തിൽ ഇങ്ങനെ ഒക്കെ ആയിരുന്നു, എനിക്ക് അറിയാം അമ്മയുടെ മനസ്സ്….”

എൻ്റെ അമ്മയും എപ്പോഴും എൻ്റെ ആഗ്രഹങ്ങൾക്ക് മുന്നിൽ പറയുമായിരുന്നു ഒരു വാക്കുണ്ട്..

“അമ്മയുടെ കൈയ്യിൽ ഇല്ലാഞ്ഞിട്ടല്ലെ മോനെ എന്ന്..!!

ദയനീയ അവസ്ഥയിൽ എൻ്റെ മുന്നിൽ നിൽക്കുന്ന അവരുടെ കണ്ണുകളിലേക്ക് നോക്കി ഞഞാൻ വീണ്ടും പറഞ്ഞു..

“എനിക്ക് അറിയാം അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നുവെന്ന്…”

~മനു തൃശ്ശൂർ

~ബിജി അനിൽ