അവൾ, അകത്തു കയറി ഉമ്മറവാതിലടച്ചു. വിശാലമായ അകത്തളത്തിലെ സെറ്റിയിൽ അമർന്നിരുന്നു…

_upscale

ബിന്ദു

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

=================

പ്രഭാതം…..

ഒരുക്കങ്ങൾ പൂർത്തിയാക്കി, പ്രസാദ് ഒരാവർത്തി കൂടി കിടപ്പുമുറിയിലെ നിലക്കണ്ണാടിയിൽ പ്രതിബിംബം കണ്ടു തൃപ്തിയടഞ്ഞു. മുകുരത്തിൽ, നാൽപ്പത്തിയഞ്ചുകാരന്റെ തുടിയ്ക്കുന്ന പൗരുഷത്തിന്റെ പ്രതിഫലനം.

“ബിന്ദൂ, ഞാനിറങ്ങുകയാണ്. മോനിതു വരേ ഉണർന്നില്ലല്ലോ. ഇന്ന്, കൃത്യസമയത്തേ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കണം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും, ചെയർമാനും ഇന്നെത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകളുമായി എഗ്രിമെന്റ് ചർച്ചയാണ്. സെക്യൂരിറ്റി സ്‌റ്റാഫുകളെല്ലാം കൃത്യമായി അതതിടങ്ങളിൽ വേണമെന്ന് അരവിന്ദ് സർ പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും, ഞങ്ങൾ പട്ടാളക്കാർക്ക് വിരമിച്ചാലും സമയനിഷ്ഠ കൈവിടാൻ കഴിയില്ലല്ലോ…”

പ്രസാദ്, അരികിൽ ചേർന്നു നിന്ന ബിന്ദുവിനേ ഗാഢം പുണർന്നു. അവളുടെ കവിൾത്തടത്തിൽ അമർത്തി ചും ബിച്ചു. ഷേവിംഗ് ലോഷന്റെ ത്രസിപ്പിക്കുന്ന ഗന്ധം അവളിലേക്കു പടർന്നു. ഭർത്താവിന്റെ യാത്രാമൊഴികളുടെ ചും ബനങ്ങൾ പതിവുള്ളതാണ്. തലേ രാത്രിയിലെ സ ഫ ല സു ര തത്തിന്റെ ആവേശമാകാം, അയാൾ അവളുടെ പിൻകഴുത്തിൽ മൃദുവായി ക ടിച്ചു. അവളുടെ ഉടൽ കി ടുകി ടുത്തു.

മുറിയകത്തു നിന്നും അകത്തളത്തിലേക്കിറങ്ങുമ്പോൾ ഇരുവരും മകന്റെ കിടപ്പുമുറിയിലേക്കു കണ്ണോടിച്ചു.

ഇല്ല, ഏഴാം ക്ലാസ്സുകാരൻ ഉണർന്നിട്ടില്ല. പ്രസാദ്, പോയിട്ടു വേണം അവനെ ഉണർത്താൻ. ഇന്ന്, ഉച്ചതിരിഞ്ഞ് അവന്റെ സ്കൂളിലേക്കു പോകണം. പാരന്റ്സ് ടീച്ചേർസ് മീറ്റിംഗുണ്ട്. വരും വഴി, വായനശാലയിലൊന്നു കയറണം. ജോസഫ് മാസ്റ്ററുടെ ‘അറ്റുപോകാത്ത ഓർമ്മകൾ’ ഉണ്ടെങ്കിൽ എടുക്കണം. ആ ഓർമ്മക്കുറിപ്പിനാണ് കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഒന്നുരണ്ടു പുസ്തകങ്ങൾ തിരികേ ഏൽപ്പിക്കാനുമുണ്ട്. സാധിക്കുമെങ്കിൽ, ടൗണിലെ ഷോപ്പിൽ നിന്നും രണ്ടു ജോഡി വർണ്ണമത്സ്യങ്ങളെക്കൂടി വാങ്ങിക്കണം. ഫിഷ് ടാങ്ക് ക്ലീൻ ചെയ്ത ശേഷം വേണം, പുതിയവയേ നിക്ഷേപിക്കാൻ. അങ്ങനെയങ്ങനെ കൊച്ചുകൊച്ചു കാര്യങ്ങൾ….

പ്രസാദ്, മുറ്റത്തേക്കിറങ്ങി. പോർച്ചിൽ, പുതിയ സെല്ലോറിയക്കപ്പുറം നിർത്തിയ എൻഫീൽഡ് ബുള്ളറ്റ് സ്റ്റാർട്ടു ചെയ്തു. ബിന്ദു, ഗേറ്റു തുറന്നു കൊടുത്തു. തുറന്ന പടിയിലൂടെ ബുള്ളറ്റ് പതിയേ നിരത്തിലേക്കിറങ്ങി. പിന്നേയതു ചീറിയകന്നു. മുഴക്കങ്ങൾ തെല്ലിട കൂടി ശേഷിച്ചു. മുറ്റത്തു നിന്നും ഉമ്മറത്തേക്കു തിരികേക്കയറും നേരത്താണ്, ഇറയത്തിന്റെ ചാരുപടിയിൽ വിശ്രമിച്ച പത്രത്താളുകളും ചായക്കോപ്പയുമെടുത്തത്. ചുടുചായയ്ക്കൊപ്പം, പ്രസാദിന് പത്രപാരായണവും നിർബ്ബന്ധമാണ്. താളുകൾ തെല്ലുപോലും ചുളുങ്ങാതെ, വിസ്തൃതമായ വായനക്കുശേഷം പത്രം മടക്കി വച്ചിരിക്കുന്നു.

അവൾ, അകത്തു കയറി ഉമ്മറവാതിലടച്ചു. വിശാലമായ അകത്തളത്തിലെ സെറ്റിയിൽ അമർന്നിരുന്നു. ടീപ്പോയിൽ കപ്പും വച്ച്, അവൾ വർത്തമാന പത്രത്തിന്റെ താളുകളിലേക്കു കാഴ്ച്ചകളെ കേന്ദ്രീകരിച്ചു. ഒന്നാം താളിലെ നെടുങ്കനും ഇടത്തരവുമായ തലക്കെട്ടുകൾക്കു കീഴെയായി നിരയിട്ട വാർത്തകളിലൂടെ ഒരു വീക്ഷണപ്രദക്ഷിണം ചെയ്ത്, രണ്ടാം പേജിലേക്കു കടന്നു.

അകത്താളിന്റെ ഓരത്തായി ചെറിയ ശീർഷകത്തോടു കൂടിയ സമാചാരത്തിൽ അവളുടെ മിഴികളുടക്കി നിന്നു. വാർത്തയ്ക്കനുബന്ധമായി ചിത്രവുമുണ്ടായിരുന്നു.

ആ ചിത്രത്തിലേക്കു നോക്കിയിരിക്കേ, കാലം അശ്വവേഗത്തിൽ പുറകിലേക്കു പാഞ്ഞു. തീഷ്ണയൗവ്വനത്തിന്റെ ഗിരിനിരകൾക്കരികിലേക്ക് സമയം പറന്നെത്തുകയായിരുന്നു.

നഗരത്തിലെ ട്യൂട്ടോറിയൽ ക്ലാസിലെ കലപിലകൾ ഇപ്പോൾ കാതുകളിൽ ഇരമ്പിയാർക്കുന്നു..സുമുഖനായ മലയാളം അധ്യാപകന്റെ കവിതാ പരിചയപ്പെടുത്തലുകൾ. സുഗതകുമാരിയുടെ രാത്രിമഴ പെയ്തിറങ്ങിയ ക്ലാസ് മുറിയിൽ, തരുണികളുടെ കടക്കൺ മുനയേറ്റ് മാഷ് തളർന്നിട്ടുണ്ടാകാം..എത്ര പൊടുന്നനേയാണ് ഗുരുശിക്ഷ്യ ബന്ധത്തിനു പ്രണയം സുഗന്ധം വിതാനിച്ചത്. എല്ലാവർക്കും മുൻപേയുള്ള എത്തിച്ചേരലുകൾ. കുറിയ ഇടനാഴിക്കപ്പുറത്തേ ഇരുണ്ട നിശബ്ദതയിൽ മാറു മാറോടു ചേർന്നത്. കട്ടിമീശക്കാരന്റെ ചുണ്ടുകൾ അനേകമാവർത്തി കീഴ്ച്ചുണ്ടിനെ നുകർന്നു. മാഷ്, വാടകയ്ക്കു താമസിക്കുന്ന ഇടുങ്ങിയ ഒറ്റമുറിയിലെ കട്ടിലിനെ ഉലഞ്ഞു കരയിച്ച സായന്തനങ്ങൾ. സുരക്ഷിതമായ ഇണചേരലുകൾ.

മാഷ്, യാത്ര പറയാതെയാണു പോയത്. തുച്ഛവരുമാനത്തിന്റെ അസ്വസ്ഥതകളിൽ നിന്നു വിടുതൽ നേടാൻ പ്രവാസ ജീവിതം തിരഞ്ഞെടുത്തുവത്രേ. ഏകാന്തതകളിൽ, ഉൾക്കോണിലെവിടെയോ ഒരു ജീർണ്ണിച്ച കട്ടിലുലഞ്ഞിളകി. കീഴ്ച്ചുണ്ടിനെ അധരം കീഴടക്കുമ്പോൾ ഉരുവായ കയ്പ്പുരുചിയുടെ ഓർമ്മകൾ പിന്നേയും പിന്തുടർന്നു.

വർഷങ്ങൾ കഴിഞ്ഞായിരുന്നു, പ്രസാദുമായുള്ള വിവാഹം. വിവാഹത്തിനു ശേഷം ഏഴുവർഷം കൂടിയേ പ്രസാദ് സൈന്യത്തിലുണ്ടായിരുന്നുള്ളൂ. വിടുതൽ നേടിയ ശേഷം, ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ സെക്യൂരിറ്റി സ്റ്റാഫായി ജോലി നോക്കുന്നു. പെൻഷനും, ശമ്പളവുമൊക്കെയായി നല്ല വരുമാനമുണ്ട്. വലിയ വീടും മികച്ച അനുബന്ധ സൗകര്യങ്ങളുമുണ്ട്. ഏകമകൻ ഏഴാം ക്ലാസിൽ പഠിയ്ക്കുന്നു..ബിന്ദു, പഴയ കാമുകിയിൽ നിന്നും കാതങ്ങൾ സഞ്ചരിച്ച് തികഞ്ഞൊരു കുടുംബിനിയായിരിക്കുന്നു.

അകമുറിയുടെ വാതിൽ തുറക്കുന്ന ശബ്ദമാണ് ചിന്തകളിൽ നിന്നുണർത്തിയത്. മോനുണർന്നിരിക്കുന്നു. അവൻ അരികിൽ വന്നിരുന്നു.

“കാപ്പി…..” എന്നു ചിണുങ്ങി. അവൾ എഴുന്നേറ്റു. പത്രം, താഴെ വയ്ക്കും മുൻപ് ഒരാവർത്തി കൂടി ആ താളിലൂടെ കണ്ണോടിച്ചു.

“വിവാഹ വാഗ്ദാനം നൽകി യുവതിയെ പീ ഢി പ്പിച്ചു. അധ്യാപകൻ അറസ്റ്റിൽ”

എന്നതായിരുന്നു വാർത്തയുടെ തലക്കുറി..അതിനു താഴെ ചിത്രവും. അന്നത്തേ കട്ടിമീശയേ കാലം ലോപിപ്പിച്ചിരിക്കുന്നു..കവിത പഠിപ്പിയ്ക്കുമ്പോൾ മുഖത്ത് ഇതൾ വിരിയുന്ന മൃദുഭാവം അതേപടി തന്നെയുണ്ട്..വിദേശത്തു നിന്നു തിരിച്ചു വന്നു, വീണ്ടും ക്ലാസുകളാരംഭിച്ച കഥ വരികളിൽ വായിച്ചു.

ബിന്ദുവിനു തല വല്ലാതെ വേദനിയ്ക്കുന്നതായി തോന്നി..അവൾ അടുക്കളയിലേക്കു നടന്നു. ദ്രവിച്ച അഴികളുള്ള കട്ടിലിന്റെ ഞെരക്കങ്ങൾ തന്നെ പിന്തുടരുന്നതായി അവൾക്കു തോന്നി. അവൾ, ചുവരിലേ ക്ലോക്കിലേക്കു നോക്കി. അതിൽ, സമയം എട്ടു മണിയെന്നു കാണിച്ചു. അവൾ, സ്വന്തം തിരക്കുകളിലേക്കു അലിഞ്ഞുചേർന്നു..പ്രഭാതം, പൂത്തുലഞ്ഞുകൊണ്ടേയിരുന്നു.