സിവണ്ണൻ….
Story written by Shabna Shamsu
=================
ഞാൻ ഏഴിലും എട്ടിലും ഒക്കെ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ചത് വൈക്കോല് കൊണ്ട് മേഞ്ഞ ഒരു ചെറിയ വീട്ടിലായിരുന്നു..
മുള ചീന്തി കഷണങ്ങളാക്കി മെടഞ്ഞെടുത്തത് കൊണ്ടാണ് ചുമര് കെട്ടിയത്…അതിന് മേലെ കുഴച്ച് വെച്ച ചെളി എറിഞ്ഞ് പിടിപ്പിക്കും…ചുവന്ന മണ്ണ് നല്ല കട്ടിയില് കലക്കി വെച്ച് അതിൽ ഒരു പഴന്തുണി മുക്കി ചുവരൊക്കെ മിനുസപ്പെടുത്തും..
ഞണ്ട് മാളത്തിൻ്റെ മുകളിലുള്ള മണ്ണും പൊടിയാക്കിയ കരിയും കൂട്ടി കുഴച്ചതാണ് അന്നത്തെ മാർബിൾ..മാസത്തിലൊരിക്കൽ ഇത് വെച്ച് ഉമ്മ നിലം മെഴുകും..ഒരു കോലായിയും നടു റൂമും അടുക്കളയും മാത്രമുള്ള ഞങ്ങളുടെ സ്വർഗം..
കോലായിലൊരു തെണയുണ്ട്..കട്ടിലിൻ്റെ പൊക്കത്തിൽ ഉയർത്തി കെട്ടിയത്..അതിൽ പുൽപായ വിരിച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ച് വെച്ചാണ് ഞാനും ഇക്കാക്കയും പഠിക്കാൻ ഇരിക്കാറ്…അരി വറുത്തതും കൂട്ടി കട്ടൻ ചായ കുടിക്കുമ്പോ മഴ കൊണ്ട് നനഞ്ഞ വൈക്കോലിൻ്റെ മണത്തിന് കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ട് പോവാനുള്ള ഒരു പ്രത്യേക കഴിവുണ്ട്..
തറവാടിന് താഴെയുള്ള നെല്ല് ഉണക്കുന്ന കളത്തിനടുത്താണ് ഈ വീട്..ഇതിനോട് ചേർന്ന് പുതിയ വീടിൻ്റെ പണിയും തുടങ്ങി വെച്ചിരുന്നു…
ആ സമയത്താണ് ഗുണ്ടേൽ പേട്ട നിന്നും ശിവൻ എന്ന് പേരുള്ള ഒരു അണ്ണൻ പണി അന്വേഷിച്ച് ഞങ്ങൾടെ നാട്ടിലെത്തുന്നത്..
ഉപ്പ അയാളേം കൂട്ടി വീട്ടിലെത്തി..വെറുതേ വാ തുറന്ന് പിടിച്ച് ചിരിക്കുന്ന ശിവൻ്റെ വലത് വശത്തെ പല്ല് രണ്ടും കോന്ത്രപ്പല്ലായിരുന്നു..അന്നൊക്കെ ചുണ്ട് പൂട്ടാൻ പ്രയാസത്തിൽ എനിക്കും വലത് വശത്ത് കോന്ത്രപ്പല്ലാണ്..
ശിവന് ഉമ്മ വയറ് നിറയെ കഞ്ഞിയും മുളക് ചമ്മന്തിയും ഉണക്ക മീനും കൊടുത്തു..കണ്ണടച്ച് കൈ കൂപ്പി ചമ്രം പടിഞ്ഞിരുന്ന് മുഴുവനും കുടിച്ചു..മുണ്ടിൻ്റെ തലക്കല് ചിറി തുടച്ചു…
“എൻ സേവന്തി മാതിരി…നന്നാ മകള് കൂടാ നിമ്മാ വയസ്സി നിവളെ..നമ്മ മക്കളിക്കെ കൂടാ നിമ്മ ഹാഗനെ സോട്ടാ ഹല്ല് ഇതേ…”
എന്നെ കാണാൻ ശിവൻ്റെ മോളെ പോലെയുണ്ടെന്നും എന്നെ പോലെ മോൾക്കും കോന്ത്രപ്പല്ലുണ്ടെന്നും മോളെ മിസ്സെയ്യാണ്ടിരിക്കാൻ ഇവടെ തന്നെ പണിക്ക് നിന്നോളാന്നും പറഞ്ഞ് ശിവൻ പണി തുടങ്ങി..
അന്ന് തൊട്ട് ഉപ്പാൻ്റെ വലം കയ്യായി ശിവൻ ഉണ്ടായിരുന്നു..വീട് പണിക്കും കുരുമുളക് പറിക്കാനും വാഴക്കുല കയറ്റാനും നെല്ല് ഒക്കാനും എല്ലാത്തിനും ഉപ്പാൻ്റെ സിവാ….എന്നൊരു വിളി മതിയായിരുന്നു..
വിറക് കൊത്താനും കറുമൂസ പറിക്കാനും അരി പൊടിക്കാൻ മില്ലിൽ പോവാനും പറ്റ് ബുക്കും കൊണ്ട് സാധനങ്ങൾ വാങ്ങാനും ആളായപ്പോ ഉമ്മാക്കും സന്തോഷം..
വാർപ്പ് കഴിഞ്ഞ് തേക്കാത്ത വീടിൻ്റെ ഒരു മുറിയിലായിരുന്നു ശിവൻ്റെ താമസം..വൈക്കോല് നിരത്തി വെച്ച് അതിന് മേലെ പായ ഇട്ട് ചുരുണ്ട് കൂടി കിടക്കും..രാവിലെ എണീച്ച ഉടനെ വിരലോണ്ട് വായിലൊന്ന് സർക്കസ് കാണിച്ച് ഒരു കവിൾ വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞ് പല്ല് തേക്കും…അര ബക്കറ്റ് വെള്ളത്തിൽ വല്ലപ്പോഴും ഒന്ന് കുളിക്കും..
കോന്ത്രം പല്ല് കാണിച്ച് നീട്ടി വലിച്ച് ചിരിക്കുമ്പോ എനിക്ക് പൂള പുയുങ്ങിയത് ഓർമ വരും..ഞാനന്നേരം എൻ്റെ ചുണ്ട് രണ്ടും അമർത്തി പൂട്ടി കാറ്റ് പോവാൻ ഇടമില്ലാത്ത വിധം വലിച്ച് പിടിക്കും…
അലക്കാത്ത മുഷിഞ്ഞ മുണ്ടും ഷർട്ടും, നിറയെ കരിമ്പൻ കുത്തിയ ഒരു തോർത്തും തോളിലിട്ടാണ് നടക്കാറ്..ഇടക്കൊക്കെ മദ്റസ് വിട്ട് വരുമ്പോ പോക്കർക്കാൻ്റെ കടേന്ന് എനിക്ക് ജോക്കര മുട്ടായി വാങ്ങി തരും..ഉജാലക്കളറുള്ള മുട്ടായിക്കവറിന് ശിവൻ്റെ ഉള്ളിച്ചൂരുണ്ടാവും..സബന മോളേന്നുള്ള വിളിയിൽ മണം മറന്ന് കൂട്ടുകാർക്കൊപ്പം മിട്ടായി പങ്കിടും..
കുട്ടപ്പൻ ചേട്ടൻ്റെ വയൽ വരമ്പത്തിരുന്ന് ഞാനും മറിയത്താത്തൻ്റെ ഹൈറുവും കൂടെ ഈർക്കിലി കഷണത്തിൽ കെട്ടി വെച്ച നൂല് കൊണ്ട് തട്ട്മുല്ല കോർത്തെടുക്കുമ്പോ സംബികെ ഹ ളളിഗെ എന്ന തൻ്റെ ഊരിനെ കുറിച്ച് ശിവൻ വാചാലനാവും….
സേവന്തി മോള് ദുണ്ടു മല്ലിഗ പൂവ് കൊണ്ട് നന്നായി മാല കെട്ടുമെന്നും ഒരിക്കൽ അവിടം വരെ പോവാമെന്നും പറയും..
“നൻ മകളു സേവന്തി ദുണ്ടു മല്ലിഗേ ഹൂവിനല്ലി ഹാര മാടി കൊടുത്താളെ അതിരല്ലി നീവു ഹട്ടാ അടുമ്പോദു…”
എന്നും പറഞ്ഞ് നെടുവീർപ്പിടുമ്പോ ശിവൻ്റെ രണ്ട് കണ്ണിലും ഞാൻ ചെണ്ട് മല്ലിപ്പാടം കാണും…വലിയ മാല കോർത്ത് കഴുത്തിലിട്ട് ചോളത്തോട്ടത്തിലൂടെ ഓടി കളിക്കുന്ന മെല്ലിച്ച കോന്ത്രപ്പല്ലുള്ള മുഷിഞ്ഞ പെറ്റിക്കോട്ടിട്ട രണ്ട് പെൺകുട്ടികളെ കാണും…ഞാൻ മുറുക്കനെ പിടിച്ച സേവന്തിയുടെ കയ്യിലെ കുപ്പിവളകള് പോലെ ഞങ്ങൾ രണ്ടും നിറഞ്ഞ് ചിരിക്കും….
അപ്പോഴൊക്കെ എനിക്ക് സംബികെ ഹളളിഗെ എന്ന ഊരിൽ പോവാൻ വല്ലാത്ത കൊതി തോന്നും…
മഗ്രിബ് നിസ്കരിച്ച് മൂന്ന് യാസീനും ഓതി ഈമാനോട് കൂടി ഉമ്മാൻ്റെട്ത്ത് ചെല്ലും…
“ഇമ്മാ….ഇനിക്ക് ശിവൻ്റെ വീട്ടിൽ പോണം…”
“ന്തിന് “
“സേവന്തിനെ കാണണം..”
“ഏ… അൻ്റെ മൂത്താപ്പാൻ്റെ മോളാണല്ലോ… മുണ്ടാണ്ട് പോയിരുന്ന് പഠിക്കാൻ നോക്ക്…”
ഓടക്കുഴലോണ്ട് തല്ലാനോങ്ങും വരെ ഞാൻ സേവന്തീന്ന് പറഞ്ഞ് കരയും..
പിന്നെ പോയി പഠിക്കാനിരിക്കും…ഒന്നും പഠിക്കാണ്ട് തലേലെ പേനെടുത്ത് അലുമിനിയ വിളക്കിൻ്റെ സൈഡില് വെച്ച് അമർത്തി കൊ ല്ലും…ചോ ര തെറിക്കുമ്പോ മൂത്താപ്പൻ്റെ മോൾക്കും സേവന്തിക്കും തൊലിപ്പുറത്തിനുള്ള് നിറയെ ഈ ചോപ്പും ഈ ചോരയും മാത്രമല്ലേന്നോർത്ത് ഉള്ള് തേങ്ങും….
ഒരിക്കൽ സ്ക്കൂളിലേക്ക് ഉച്ചച്ചോറ് കൊണ്ട് പോവാൻ മറന്ന ഒരു ദിവസം..
ഉമ്മ ശിവൻ്റെ കയ്യിൽ ചോറ് കൊടുത്തയച്ചു..തോർത്തിൽ പൊതിഞ്ഞ ചോറ്റ് പാത്രം പിടിച്ച് എട്ട് ബി യുടെ വാതിൽക്കല് നിന്ന് സബിനാ എന്ന് ഉറക്കെ വിളിച്ചു…
ചോറ്റ് പാത്രം വാങ്ങിയ ടീച്ചറ് മുഖം ചുളിച്ചു..കോന്ത്രം പല്ല് കാട്ടി ശിവൻ വാ തുറന്ന് ചിരിച്ചു…
ടീച്ചറ് പോയ്ക്കോളാൻ പറഞ്ഞപ്പോ ക്ലാസിൽ കയറി വന്ന് രണ്ട് ജോക്കര മുട്ടായിയും തന്ന് തിരിച്ച് പോയി…
ഉള്ളിച്ചൂരേറ്റ് പലരും മൂക്ക് പൊത്തി…ഞാനന്നേരം അര ബക്കറ്റ് വെള്ളത്തിൽ നന്നായൊന്ന് നനഞ്ഞ് കുളിച്ചു..
വീട്ടിലെ പണിക്കാരനാന്ന് പറഞ്ഞപ്പോ ക ക്കൂസിലും ട്യൂബ് ലൈറ്റോന്നോർത്ത് ടീച്ചറെൻ്റെ കുളിക്കാത്ത തല തൊട്ട് കാൽപ്പാദം വരെ നോക്കി…
അന്ന് ചോറ് കഴിച്ചോണ്ടിരിക്കുമ്പോ എൻ്റെ കൂട്ടുകാരി അയാൾടെ കോന്ത്രം പല്ല് കണ്ടപ്പോ അൻ്റെ ബാപ്പയാണെന്നാടീ ഞാൻ വിജാരിച്ചേന്നും പറഞ്ഞ് കുലുങ്ങി ചിരിച്ചു…
ഒരു മൂന്നാല് കൊല്ലം കൂടെ ഞങ്ങൾടെ കൂടെ നിന്ന ശേഷം ശിവൻ നാട്ടിലേക്ക് പോയി…വർഷത്തിൽ ഒന്നോ രണ്ടോ പ്രാശ്യം ഉപ്പാനെ കാണാൻ വീട്ടിലേക്ക് വരും…ചോളവും മുതിരയും മുത്താറിയും പൊരിയും നിറച്ച വലിയ പൊതിയും കൊണ്ട് വാ തുറന്ന് പിടിച്ച് അങ്ങനെ ചിരിക്കും..
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വാഴക്കുലയും നെല്ലും പൊടിയരിയും കാപ്പിപ്പൊടിയും കൊണ്ട് തിരിച്ചും പോവും… ഒരിക്കൽ പോലും കാണാൻ കഴിയാത്ത ആ മൂത്താപ്പാൻ്റെ മോളോട് എന്നും സ്നേഹം മാത്രം…
ഈ കഴിഞ്ഞ ആഴ്ച ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഫാർമസിക്ക് മുമ്പിൽ നിരതെറ്റിയ കോന്ത്രം പല്ല് കാട്ടി ഭംഗിയായി ചിരിച്ച ഒരു പന്ത്രണ്ട് വയസ്കാരി..ശീട്ടിലെ പേരെഴുതിയ കോളത്തിൽ സേവന്തി എന്ന് കണ്ടപ്പോ ചോളപ്പാടത്തിലെ തണുത്ത കാറ്റേറ്റ് എൻ്റെ ഉള്ളം നനഞ്ഞു..ജോക്കര മുട്ടായിയുടെ മധുരം തൊണ്ടയിൽ കിടന്ന് തിക്ക് മുട്ടി…കണ്ണടച്ചിരുന്നപ്പോ ഒരു കൂട്ടം ചെണ്ടുമല്ലി പൂക്കളുടെ ഗന്ധം മൂക്കിൽ ഉമ്മ വെച്ചു…എൻ്റെ കോന്ത്രപ്പല്ല് കാട്ടി കണ്ണിറുക്കി ഞാൻ സേവന്തിയോട് ചിരിച്ചു..
“ഔഷധി കൊടി അക്കാ…അപ്പാ കൈ തൈതരേ… “
കുപ്പിവള കിലുക്കം പോലെ സേവന്തിയുടെ ശബ്ദം കേട്ടപ്പോ പാട് പെട്ടാണേലും ഞാനാ വൈക്കോൽ പുരയുടെ ഓർമകളിൽ നിന്നും ഓടിയെത്തി മരുന്നിന് കാത്ത് നിക്കുന്ന അപ്പാ കൂടെ സേവന്തിയെ പറഞ്ഞയച്ചു…
Shabna Shamsu ❤️