തന്റെ മുറിയിൽ ഡയറിയിലെന്തോ എഴുതിക്കൊണ്ടിരുന്ന അപ്പുവിനരികിലേക്ക് പുറകിലൂടെ ഓടി വന്ന് അപ്പുവിനെ നന്ദു കെട്ടിപിടിക്കുമ്പോൾ…

അപ്പുവിന്റെ ചങ്ങാതി…

Story written by Sadik Eriyad

==============

തിരിഞ്ഞ് മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് ഒത്തിരി മണിക്കൂറുകളായെങ്കിലും അപ്പുവിന്റെ മനസ്സിൽ കൂട് കൂട്ടിയ ചിന്തകൾ അവനെ ഉറങ്ങാൻ സമ്മതിക്കുന്നില്ലായിരുന്നു..

രാവിലെ കടയിലേക്ക് പോകാനിറങ്ങുമ്പോൾ അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകൾ…തന്റെ മനസ്സിനെ വല്ലാതെ നോവിച്ചിരിക്കുന്നു..

ഇത് വരെ അമ്മയുടെ നാവിൽ നിന്ന് കെട്ടിട്ടില്ലാത്ത വാക്കുകൾ കേട്ടപ്പോൾ തന്റെ ഹൃദയം വല്ലാതെ ചുട്ട് പൊള്ളുന്നത് പോലെ…

പ്രായം കൂടും തോറും അമ്മയുടെ ആരോഗ്യവും കുറയുന്നതിനനുസരിച്ച് എന്നെയോർത്തും ഒരുപാട് നീറുന്നുണ്ട് ആ നെഞ്ച്..

അമ്മേടെ മുത്തിന് അമ്മയില്ലെ…ന്റെ കുട്ടിക്ക് അമ്മയുണ്ട്….ന്റെ അപ്പൂന്റെ കാലുകൾ അമ്മയല്ലെ…എന്ന് നിരന്തരം തന്നോട് പറഞ്ഞ് തനിക്ക് ശക്തി പകർന്നിരുന്ന തന്റമ്മയാണിപ്പോൾ ആകെ തകർന്ന് പോയിരിക്കുന്നത്..

ഒന്നുറപ്പാണ് അമ്മയുടെ പ്രായത്തിൽ വരുന്ന മാറ്റത്തിന്റെയും വർഷങ്ങളൊരുപാട് എന്നെ ഒറ്റയ്ക്ക് പൊക്കിയും താങ്ങിയും രോഗിയായത് കൊണ്ടും വന്ന് പോകുന്നതാണ് ഈ സങ്കടമെല്ലാം…

പിന്നെ അമ്മ ഇല്ലാതായാലുള്ള എന്റെ ജീവിതത്തെ കുറിച്ച് ഓർത്തിട്ടും..

അമ്മയുടെ ഈ തളർച്ച എന്റെ ഹൃദയത്തിന്റെ ശക്തിയും  ഇല്ലാതാക്കുകയാണോ..

കിടന്നു കൊണ്ട് തന്നെ ഫോണെടുത്ത്‌ സമയം നോക്കിയ അപ്പു, എഴുന്നേറ്റ് ഭിത്തിയോട് ചേർന്നിരുന്ന് കിടക്കകരികിൽ തനിക്ക് കുടിക്കാൻ സ്ഥിരമായി അമ്മ കൊണ്ട് വക്കുന്ന മൊന്തയിലെ വെള്ളമെടുത്ത്‌ കുറേ യേറെ കുടിച്ചു.

പിന്നെ കൈകൊണ്ട് ഇഴഞ്ഞ് ഇഴഞ്ഞ് വീട്ടിലെ മുൻ വാതിലിന്റെ അടിയിൽ മാത്രം ഇട്ട് വെക്കുന്ന കൊളുത്ത്‌ തുറന്ന് ഉമ്മറപ്പടിയിൽ ചെന്നിരുന്നു..

വീടിന് തൊട്ട് മുന്നിലെ റോഡിലൂടെ ചീറി പാഞ്ഞു പോകുന്ന ലോറികളേയും മറ്റു വണ്ടികളെയും നോക്കിയിരിക്കുമ്പോൾ അപ്പു മനസ്സിൽ കൊതിച്ചു ഇത്തിരി കട്ടൻ ചായ കിട്ടിയിരുന്നെങ്കിലെന്ന്..

പിന്നെ സ്വയം മനസ്സിൽ പറഞ്ഞു. വേണ്ട അമ്മയെ വിളിച്ചുണർത്തണ്ട ഉറങ്ങിക്കോട്ടെ. തന്നെ പ്രസവിച്ച നാൾ മുതൽ ഉറക്കം നഷ്ട്ടപ്പെട്ടതാണ് ആ പാവത്തിന്റെ..

സിറ്റൗട്ടിലെ പടിക്കെട്ടിലിരുന്ന് മനസ്സ് വീണ്ടും ചിന്തകളിലേക്ക് ഊളിയിടാൻ തുടങ്ങവെ തൊട്ട് പുറകിൽ നിന്ന് അമ്മേടെ വിളി കേട്ടു..

അപ്പു കുട്ട്യേ  ഇതാ ചായ…

ഞാനിപ്പൊ മനസ്സിൽ ചിന്തിച്ചപ്പോഴേക്കും ചായ കൊണ്ട് വന്നൊ എന്റെ അമ്മ…

തന്റെ കയ്യെടുത്ത് അമ്മേടെ കാലിൽ പിടിച്ചു കൊണ്ട് നിറഞ്ഞ കണ്ണുകളോടെ അപ്പു പറഞ്ഞു..

ഈ കാലമത്രയും ഞാനെന്ന മകന് എന്റെ ഈ അമ്മ നൽകിയ  സഹനത്തിനും സ്നേഹത്തിനും എന്ത് പകരം നൽകുമമ്മേ ഈ മകൻ…

രണ്ട് കാലുകളും തളർന്ന് തനിച്ചൊന്ന് എഴുന്നേൽക്കുവാൻ പോലും കഴിയാത്ത ഞാൻ എന്ത് നൽകും എന്റെ ഈ പുന്നാര അമ്മക്ക്…എന്റെ ദൈവമേ…

അമ്മയുടെ കാലിലേക്ക് വീണ് പൊട്ടിക്കരയുന്ന മകനെ കെട്ടിപ്പുണർന്ന് അമ്മയും ഹൃദയം പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു…

ന്റെ കുട്ട്യേ അമ്മക്ക് ഒന്നും വേണ്ട അപ്പുവേ..നിന്നെ നോക്കാൻ ജീവൻ മാത്രം മതി ഈ അമ്മക്ക്…

സാവിത്രിയമ്മയും മകൻ അപ്പുവും വാവിട്ട് കരയുമ്പോൾ…മരചില്ലകളിലിരുന്ന് കിളികളും കുരുവികളും ശബ്ദമുണ്ടാക്കുകയായിരുന്നു..

അവറ്റകളും ചിലപ്പോൾ അമ്മക്കും മകനുമൊപ്പം കരയുകയായിരുന്നിരിക്കും…

രണ്ട് പേരും ഹൃദയം വിങ്ങി കരയുമ്പോൾ വിദൂരതയിൽ നിന്നുതിരുന്ന തണുത്ത കാറ്റ് അമ്മയെയും മകനെയും തഴുകി തലോടി സമാധാനിപ്പിക്കാൻ കൊതിക്കുന്നുണ്ടായിരുന്നു…

******************

രാവിലെ ഏഴര മണിക്ക് തന്നെ അപ്പു തന്റെ ഫോട്ടോസ്റ്റാറ്റ് കടയിലേക്ക് പോകാൻ തയ്യറായിരുന്നു…

അപ്പുവിന്റെ മൂന്ന് വീലുള്ള സൈക്കിൾ വണ്ടി ഉമ്മറപ്പടിക്കടുത്തേക്ക് ഉന്തി കൊണ്ട് വന്ന് അപ്പുവിനെ അതിലേക്ക്  താങ്ങി കയറ്റുന്നതിനിടയിൽ അപ്പു ചോദിച്ചു..അമ്മക്ക് ഇപ്പൊ എന്നെ താങ്ങണില്ല അല്ലെ…

അതിന് മറുപടി പറയാതെ പുഞ്ചിരിച്ചു കൊണ്ട് സൈക്കിൾ തള്ളി റോഡിലേക്ക് കയറ്റുമ്പോൾ സാവിത്രിയമ്മ മകനോട് ചോദിച്ചു…

അപ്പൂനെ നന്ദു മോനിപ്പൊ വിളിക്കാറില്ലെ..

കുറച്ച് നാളയമ്മെ അവൻ എന്നെ  വിളിച്ചിട്ട്.

ഇപ്പൊ രണ്ട് വർഷം കഴിഞ്ഞില്ലെ നന്ദു നാട്ടിൽ വന്ന് പോയിട്ട്..

ഉം…

മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി നന്ദുവിനെയും ഓർത്ത് പയ്യെ പയ്യെ  സൈക്കിൾ പെടല് കൈകൊണ്ട് കറക്കി തന്റെ ചെറിയ കട ലക്ഷ്യമാക്കി അപ്പു നീങ്ങി..

അപ്പുവിന്റെ ജീവിതത്തിലെ ഒരേ ഒരു കളി കൂട്ട്കാരനായ നന്ദു..കുറച്ചു വർഷങ്ങളായ് ദുബായിൽ ജോലി ചെയ്യുകയാണ്..

കടയിലിരിക്കുമ്പോളും അപ്പുവിന്റെ മനസ്സിൽ തന്റെ ബാല്യകാല ചങ്ങാതി നന്ദുവും അവനുമൊത്തുള്ള സ്കൂൾ ജീവിതവുമായിരുന്നു…

എന്നും തന്റെ മൂന്നു വീലിന്റെ സൈക്കിൾ വണ്ടി പുറകിൽ നിന്നും തള്ളി കൊണ്ട് തന്നെ സ്കൂളിലേക്ക് കൊണ്ട് പോകുകയും വരികയും ചെയ്തിരുന്ന സ്നേഹിതൻ…

സ്കൂൾ പടിക്കെട്ടിൽ നിന്നും തന്നെ പൊക്കിയെടുത്ത് സൈക്കിൾ വണ്ടിയിലേക്ക് ഇരുത്തുകയും ഇറക്കുകയും ചെയ്തിരുന്ന തന്റെ പ്രിയ ചങ്ങാതി..

ഇന്നും ഞാൻ ഓർക്കുന്നു…ഞങ്ങൾ പഠിച്ച ആ സ്കൂൾ കാലവും….അതിൽ തന്റെ പഠനം അവസാനിപ്പിക്കേണ്ടി വന്ന ആ ഒരു ദിവസത്തെയും..

അന്നത്തെ ദിവസം അവസാന ബല്ലടിച്ച് സ്കൂൾ വിട്ട നേരം…

എന്നും എന്നെ പൊക്കിയെടുത്ത് സൈക്കിളിൽ കൊണ്ടിരുത്തുന്ന നന്ദു അന്ന് ഓഫീസ് റൂമിലേക്ക് പോയിട്ട് വരാൻ താമസിച്ചപ്പോൾ അവൻ വരാൻ കാക്കാതെ ക്ലാസ്സിൽ നിന്ന് ഇഴഞ്ഞിഴഞ്ഞ് പടിക്കെട്ട് വരെ ചെന്ന് പടിക്കെട്ടിനോട് ചേർത്തിട്ടിരിക്കുന്ന സൈക്കിളിലേക്ക് തനിച്ച് കയറാൻ ശ്രമിക്കവെ..ഈർക്കില് പോലെ വണ്ണ മില്ലാത്ത കാല് കുത്തി ഞാൻ നിലത്തേക്ക് വീണു പോയിരുന്നു..

എന്റെ വീഴ്ച്ചയും കണ്ട് അപ്പു…എന്ന് വിളിച്ചോടിവന്ന നന്ദു എന്നെ കോരിയെടുക്കുമ്പോൾ വണ്ണമില്ലാത്ത എന്റെ രണ്ട് കാലുകളും ഒടിഞ്ഞാടുകയായിരുന്നു..

സഹിക്കാൻ കഴിയാത്ത വേദന കൊണ്ട് ഞാനന്ന് പിടഞ്ഞ് കരയുമ്പോൾ..എനിക്കൊപ്പം രണ്ട് പേർ കൂടി അന്ന് കരയുന്നുണ്ടായിരുന്നു….എന്റെ കൂട്ട് കാരൻ നന്ദുവും ഏഴാം ക്ലാസ്കാരിയായ അവന്റെ കുഞ്ഞു പെങ്ങൾ ഉമയും..

എനിക്ക് രണ്ട് വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെവിട്ട് പോയത് മുതൽ ഒന്ന് തൊട്ടാൽ പൊട്ടുന്ന കാലുകളുമായി ഞാനിന്നും ജീവിക്കുന്നു എന്റമ്മയുടെ തണലിൽ…

മറ്റു കുട്ടികൾ ഓടി നടന്ന് കാണുന്ന പോലെ ഈ ലോകമൊന്ന് കാണുവാൻ ഞാനും കൊതിച്ച നാളുകളായിരുന്നു അത്…

അതെ ആ കുഞ്ഞ് നാൾ മുതൽ അമ്മയാണ് എന്റെ കാലുകൾ…പിന്നെ ഗൾഫിലേക്ക് പോകും വരെ ഒരു വെറുപ്പും കാട്ടാതെ എന്നെ പൊക്കി താങ്ങി അങ്ങാടിയിലും ഉത്സവപറമ്പുകളിലും കൊണ്ട് നടന്ന എന്റെ നന്ദുവെന്ന ചങ്ങാതിയും..

കുഞ്ഞിലെ ഒടിഞ്ഞ് നുറുങ്ങിയ കാലുകൾ സർജറി കഴിഞ്ഞ് കിടക്കുന്ന നാൾ മുതൽ..ഇന്നും ഇപ്പോഴും ഇടക്ക് വന്ന് പോകും ഞങ്ങടെ വീട്ടിൽ അവന്റെ ആ കുഞ്ഞ് പെങ്ങൾ ഉമ..

എപ്പോ വന്നാലും അപ്പുവേട്ടന് വെള്ളം വേണോ ചായ വേണോ എന്നും ചോദിച്ച് കുറേ നേരം എന്റെ അരികിലിരുന്ന് എപ്പോഴും എനിക്ക് ധൈര്യം പകർന്ന് തരുന്ന ഉമയെന്ന എന്റെ കൂട്ട് കാരന്റെ കുഞ്ഞ് പെങ്ങൾ..

******************

അന്നൊരു ഞായറാഴ്ച്ചയായിരുന്നു…നന്ദുവും അച്ഛനും അമ്മയും പെങ്ങൾ ഉമയും അപ്പുവിന്റെ വീട്ടിലേക്ക് വന്ന ദിവസം…

തന്റെ മുറിയിൽ ഡയറിയിലെന്തോ എഴുതിക്കൊണ്ടിരുന്ന അപ്പുവിനരികിലേക്ക് പുറകിലൂടെ ഓടി വന്ന് അപ്പുവിനെ നന്ദു കെട്ടിപിടിക്കുമ്പോൾ..

സന്തോഷത്തോടെ അപ്പു പറഞ്ഞു. നന്ദു..എന്റെ പ്രിയ ചങ്ങാതി..

നന്ദുവിനോപ്പം നീന്തി നീന്തി സിറ്റൗട്ടിലേക്ക് വന്ന അപ്പുവിന് എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നു..

പുറത്ത് കിടന്ന കാറിൽ നിന്ന് അപ്പുവിനായി കൊണ്ട് വന്ന ഇലക്ട്രിക് വീൽചെയർ എടുത്തു വന്ന് അപ്പുവിനെ അതിലേക്ക് പൊക്കിയിരുത്തുമ്പോൾ പുഞ്ചിരിയോടെ നന്ദു പറഞ്ഞു..

നീ ഇനി ഇതിൽ കടയിലേക്ക് പോയാമതിട്ടൊ…

ഒലിച്ചിറങ്ങിയ കണ്ണ് നീർ നന്ദു കാണാതെ തുടച്ചു കൊണ്ട് അപ്പു പറഞ്ഞു..

വീട് പണിത കടം തീരാതെ എന്തിനാ നന്ദു എനിക്ക് ഈ വണ്ടി…

വീട് വെക്കുന്ന ആഗ്രഹത്തിനൊപ്പം ഞാൻ ആഗ്രഹിച്ചതാടാ നിനക്കുള്ള ഈ വീൽ ചെയറും..

എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുന്നതിനിടയിൽ നന്ദു അപ്പുവിന്റെ അമ്മയോടായ് പറഞ്ഞു…

അമ്മ ഇനി ഒരിക്കലും ഇവനെ ഓർത്ത് ഇവന് ആരുമില്ലല്ലോ എന്നോർത്ത് കരയരുത് ട്ടൊ….എന്റെ ഈ പെങ്ങൾ ഉമയെ ഞങ്ങൾ ഇവന് കൊടുക്കുകയാണ് അമ്മയുടെ ഈ അപ്പുവിന്..ഇനി മുതൽ ഇവന്റെ കാലുകൾ എന്റെ ഈ അനുജത്തിയാണ്…

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അപ്പുവും അമ്മയും സ്തംഭിച്ചിരിക്കുമ്പോൾ..ബാക്കി പറഞ്ഞത് നന്ദുവിന്റെ അച്ഛനാണ്…

ഞങ്ങൾ മനസ്സ് തുറന്നു തന്നെ പറഞ്ഞതാണ് സാവിത്രിയമ്മേ…എന്റെ മകൾ ഉമയുണ്ട് ഇനി അപ്പുവിന്റെ കൂടേ..

കല്ല്യാണാലോചനകൾ തുടങ്ങിയപ്പോൾ തന്നെ ഉമ പറഞ്ഞു അവൾക്ക് അപ്പു മോന്റെ ഭാര്യയായാൽ മതിയെന്ന്..

സത്യം പറയാലോ സാവിത്രിയമ്മേ സ്വാർത്ഥതയുള്ള ഏതൊരു മനുഷ്യനെയും പോലെ ഞാനും ഒരുപാട് എതിർത്തുട്ടൊ..പക്ഷെ എന്റെ മകളുടെ മനസ്സ്….ആ മനസ്സ് മാറ്റാൻ മാത്രം എനിക്ക് കഴിഞ്ഞില്ലാ..

അവസാനം എന്റെ ഈ മകൻ നാട്ടിൽ വന്നപ്പോൾ ഞാൻ അവനോടും പറഞ്ഞു പെങ്ങടെ മനസ്സിലെ ആഗ്രഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ..

കുഞ്ഞ് പെങ്ങടെ മനസ്സിലെ ആഗ്രഹം അറിഞ്ഞ ആങ്ങള അപ്പൊ ചെയ്തത് എന്താണെന്നറിയോ..അവളെ ചേർത്ത് പിടിച്ച് നെറ്റിയിലൊരു മുത്തം നൽകികൊണ്ട് പറയുവാ…

നിന്റെ ഇഷ്ട്ടം അച്ഛനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാമെന്ന്..അതെ സാവിത്രിയമ്മേ എന്റെ ഈ രണ്ട് മക്കളുടെ ഹൃദയം നിറച്ച് നിങ്ങടെ അപ്പുമോനോടുള്ള കളങ്കമില്ലാത്ത സ്നേഹം മാത്രമാണ്…

എല്ലാം ദൈവത്തിന്റെ കൂടി തീരുമാനങ്ങളായിരിക്കും. എന്റെ ഈ മക്കളുടെ ഹൃദയത്തിന്റെ നന്മക്കു മുന്നിൽ ഞാൻ പോലും തോറ്റു പോയില്ലെ സാവിത്രിയമ്മേ…

എല്ലാം കേട്ട് ഒരു മരവിപ്പിൽ തലയും കുമ്പിട്ടിരുന്ന അപ്പു വാതിലിന് പുറകിൽ നിൽക്കുന്ന ഉമയുടെ മുഖത്തേക്ക് നോക്കുമ്പോൾ..

അവന്റെ മനസ്സും ഒപ്പം പറയുകയായിരുന്നു. ഈ കാലുകൾ തളർന്നവനെ സ്വന്തമാക്കാൻ തോന്നിയ ഉമയുടെ മനസിനോടുള്ള തീർത്താൽ തീരാത്ത നന്ദി…

****************

പിന്നീടുള്ള കാലം കടന്ന് പോകുമ്പോൾ ഒരിക്കൽ പോലും അപ്പുവിന്റെ മനസ്സ് തളരാൻ ഉമ സമ്മതിച്ചിരുന്നില്ല..

ഇന്ന് അപ്പുവും ഉമയും ജീവിക്കുന്നത് സന്തോഷം മാത്രമുള്ള ലോകത്താണ്   നന്മകൾ മാത്രമുള്ള കുടുംബമെന്ന ഇമ്പമുള്ള ലോകത്ത്‌…

ദൈവം പെട്ടന്ന് നൽകുന്ന സമ്മാനം  ആർക്കും വിശ്വസിക്കാൻ കഴിയില്ല അല്ലെ..അതെ അപ്പു ഇന്ന് ദൈവം നൽകിയ ഉമയെന്ന നന്മയുള്ള സമ്മാനവുമായി അമ്മക്കൊപ്പം ജീവിക്കുകയാണ്..

കൂടേ അപ്പുവിന്റെയും ഉമയുടെയും കണ്ണിനും ഹൃദയത്തിനും കുളിരേകി ഓടി നടക്കുന്ന രണ്ട് കുഞ്ഞ് അപ്പുകുട്ടൻ മാർക്കൊപ്പം…

ശുഭം…

ഒത്തിരി സ്നേഹത്തോടെ നിങ്ങളുടെ

സാദിഖ് എറിയാട്..