മഴവില്ലിൻ നിറമുള്ള തീനാളങ്ങൾ…
Story written by Remya Bharathy
================
ആകാശം മുട്ടെ നിൽക്കുന്ന മരങ്ങളുടെ ഇടയിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെട്ടം മാത്രമേ അവൾക്ക് ചുറ്റും ഉണ്ടായിരുന്നുള്ളു. നടക്കുന്നത് മുന്നോട്ടോ പുറകോട്ടോ എന്നറിയാത്തവണ്ണം ഇടതൂർന്ന കാടാണ് ചുറ്റും.
ഇത്തിരി മുന്നിലൊരു മിന്നാമിനുങ്ങു വെട്ടം കാണുമ്പോൾ അവൾ അതിലെ നടക്കും. പൊടുന്നനെയാവും അതില്ലാതെയാവുക. പിന്നെയവൾ നടക്കുന്നത് ഏതിലേയെന്നു തിരിച്ചറിയാതെ വീണ്ടും അലയും. ഒരു ചുരുളിയിൽ, ചുഴിയിൽ പെട്ട വണ്ണം അവൾ നടന്നുകൊണ്ടേ ഇരുന്നു.
ചീവീടുകളുടെ മാത്രം ശബ്ദമുള്ള, അസഹ്യമായ നിശബ്ദത. പേടിക്കെങ്കിലും ഒരു ജീവിയുടെ ശബ്ദം കേട്ടെങ്കിൽ എന്നവൾ ആശിച്ചു.
ദൂരെയെവിടെയോ ഒരു പ്രകാശത്തിന്റെ വെള്ളകീറു കാണാൻ തുടങ്ങി. ഉദയമായിരിക്കുമോ അതോ ആരോ വെളിച്ചവും കൊണ്ടിങ്ങോട്ട് വരുന്നതോ? അങ്ങനെയെങ്കിൽ അതാരായിരിക്കാം? ഉപദ്രവിക്കാനാവുമോ? അവൾ ആ ദിക്കിലേക്ക് നടക്കാൻ തുടങ്ങി. പതിയെ ഒരു കാട്ടുപാത അവൾക്ക് മുന്നിൽ തെളിഞ്ഞു. നടത്തം പതിയെ ഓട്ടമായി.
അടുത്ത കുതിപ്പിൽ അവൾ അറിഞ്ഞു, കാലിനു താഴെ ഭൂമിയില്ല. അതൊരു വലിയ ഗർത്തമാണ്. താഴേക്ക് എത്രയുണ്ടെന്നറിയാതെ അവൾ അതിലേക്ക് വീണുകൊണ്ടിരിക്കുന്നു. തൂവല് കണക്കെ. അടിവയറ്റിൽ നിന്നും ഭയം ഉരുണ്ടു കയറി ചങ്കിൽ വന്നിരുന്നു ശ്വാസം മുട്ടിക്കുന്നത് അവളറിയുന്നു. അലറി കരയാൻ തൊണ്ടയിൽ നിന്ന് ഒച്ച വെളിയിൽ വരുന്നില്ല.
പെട്ടെന്നൊരു ഞെട്ടലോടെ അവൾ കിടക്കയിൽ നിന്നുയർന്നു. ആദ്യത്തെ കുറച്ചു സെക്കന്റുകൾ മരവിച്ച പേടിയുടെയായിരുന്നു. കണ്ടതൊരു സ്വപ്നമാണെന്ന് മനസ്സിലാവാൻ പിന്നേയും സമയമെടുത്തു. ക്ലോക്കിലെ സമയം നോക്കി.. നാല് മണി…
രാവിലെ എണീറ്റു പോകാനായിട്ട് അലാറം വെച്ചതാണ്. അതിനിയും അടിച്ചിട്ടില്ല. ഇനിയും കിടന്നാൽ ഉണരാൻ വൈകിയാലോ എന്ന് കരുതി അവൾ എണീറ്റു വെള്ളം കുടിച്ചു. ഒന്ന് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. കുളിയൊക്കെ ഇനി വീട്ടിലെത്തിയിട്ടാവാം. അവൾ വസ്ത്രം മാറ്റി. മുഷിഞ്ഞ വസ്ത്രം കൂടെ ബാഗിലേക്ക് കുത്തി കയറ്റി. ഒരാഴ്ചത്തെ വസ്ത്രം മുഴുവൻ ഉണ്ട് അലക്കാൻ.
കോളേജിൽ ചേർന്നിട്ട് മാസം രണ്ടായേ ഉള്ളു. എല്ലാ ആഴ്ചയും നാട്ടിൽ പോകും. വെള്ളിയാഴ്ച ക്ലാസ്സു കഴിയുമ്പോൾ പോയി തിങ്കളാഴ്ച പുലർച്ചേ തിരിച്ചും വരും. തലേന്ന് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങാൻ വൈകി. സ്ഥിരം പോരുന്ന ബസ് കിട്ടിയില്ല. അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ ഇനി അടുത്ത ബസ് നോക്കി വരാൻ നിന്ന് വൈകിക്കണ്ട എന്ന് പറഞ്ഞു. പിറ്റേന്ന് കാലത്തെ ഫസ്റ്റ് ബസിനു വന്നാ മതി എന്ന് പറഞ്ഞു.
അവൾ ബാഗുമെടുത്തു വാതിലു തുറന്നു പുറത്തിറങ്ങി. റൂംമേറ്റ് ഇന്നലെ തന്നെ പോയി. ആദ്യമായിട്ടാണ് ആ റൂമിൽ അവൾ ഒറ്റക്ക് കിടന്നുറങ്ങുന്നത്. അത് കൊണ്ടാവും അംഗമെ ഒരു സ്വപ്നം കണ്ടത് എന്നവൾക്ക് തോന്നി. റൂം പൂട്ടി ചാവിയും എടുത്തവൾ ഇറങ്ങി.
രാവിലെ തന്നെ മെട്രന്റെ മുറിയിൽ തട്ടുന്നത് ശരിയാവുമോ എന്നവൾ ഒന്നാലോചിച്ചു. രാവിലെ തന്നെ വഴക്ക് കേൾക്കുന്നത് ഓർത്തു അവൾ ഒന്നന്തിച്ചു. എന്നിട്ട് പതിയെ വാതിലിൽ മുട്ടി. അകത്തുനിന്ന് അനക്കം കേൾക്കുന്നതും വെളിച്ചം തെളിയുന്നതും അവൾ കാത്തു നിന്നു.
ആ തണുത്ത പുലർച്ചക്ക് വിളിച്ചുണർത്തിയതിന്റെ അലോഹ്യം മുഖത്തുണ്ടെങ്കിലും അവർ വാതില് തുറന്നു അവളുടെ കയ്യിൽ നിന്ന് ചാവി വാങ്ങി. രജിസ്റ്റർ എടുത്ത് മേശമേൽ ഇട്ടു. ബാഗിൽ നിന്ന് പേനയെടുത്തു അവൾ അതിൽ പോകുന്ന സ്ഥലവും സമയവും എഴുതി. ബാഗുമെടുത്തു ഗേറ്റിലേക്ക് നടന്നു. കസേരയിൽ ഇരുന്നുറങ്ങുന്ന സെക്യൂരിറ്റി ചേട്ടനെ വിളിച്ചുണർത്തി ഗേറ്റ് തുറപ്പിച്ചു. വെളിച്ചം വന്നു തുടങ്ങിയിട്ടില്ല. സ്റ്റോപ്പിലേക്ക് നോക്കിയാൽ കാണാവുന്ന ദൂരമേ ഉള്ളു. എന്നാലും വഴിയിൽ വെളിച്ചം കാണാത്തതിന്റെ ഒരു ചെറിയ പേടി.
അവളുടെ തപ്പിപ്പിഴ കണ്ടിട്ടാവും സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു.
“ധൈര്യമായിട്ട് പൊക്കോ. ഞാൻ ഇവിടെ നിന്ന് നോക്കുന്നുണ്ട്. പിന്നേ ഫോണിലെ ലൈറ്റ് ഇട്ടോ. അല്ലേൽ വഴി കാണില്ല. കവലയിലെ ശങ്കരൻ ചേട്ടന്റെ ചായക്കട തുറന്നു കാണും. ഇത്തിരി നടന്നാൽ അവിടെ നിന്നുള്ള വെട്ടം കിട്ടും. 10 മിനിറ്റ് കഴിഞ്ഞാൽ ഒരു ബസ്സുണ്ട്. അത് കിട്ടും.”
ആദ്യമായാണ് ഇന്നേരത്തു ഒരു യാത്ര. പൊതുവെ അസമയങ്ങളിൽ ഉള്ള യാത്രകൾ അച്ഛൻ സമ്മതിക്കാറില്ല. നേരം വെളുത്തിട്ട് ഇറങ്ങിയാൽ മതിയെന്ന് പ്രത്യേകം പറഞ്ഞതാണ്. പക്ഷെ ഇവിടെ എത്ര പേരാണ് ഇങ്ങനെ പോകാറുള്ളത്. തലേന്നും കൂടെ റൂം മേറ്റ് ഇതും പറഞ്ഞു കളിയാക്കി. അവളാണെൽ ഇന്നലെ വൈകിയെങ്കിലും പോയി. അവളുടെ വീട്ടിൽ എല്ലാരും വളരെ ഫോർവേഡ് ആണ്. എല്ലാത്തിനും കൂടെ നിൽക്കുന്ന അച്ഛനും അമ്മയും. ഇവിടെ ആണേൽ അച്ഛൻ…അച്ഛന് എല്ലാത്തിനും പേടിയാണ്. നൂറു കാരണങ്ങളും.
ഇത്രേം ഓർത്തു നിന്നപ്പോഴേക്ക് ബസ് വന്നു. സീറ്റുകൾ എല്ലാം എന്ന പോലെ ഒഴിഞ്ഞു കിടക്കുന്നു. ഒരു സീറ്റിൽ കയറി ഇരുന്ന് ഷട്ടറു പൊക്കി അവൾ തണുത്ത കാറ്റും കൊണ്ടിരുന്നു. ഫോണിൽ ഹെഡ്‍ഫോൺ കുത്തി അവളുടെ സ്ഥിരം പ്ലേലിസ്റ്റ് പാടിക്കാൻ തുടങ്ങി. എവിടെയോ എഴുതി വെച്ച വരികൾ അവൾ ഓർത്തെടുത്തു.
KSRTC ബസ്, സൈഡ് സീറ്റ്, ചെവിയിൽ ഇഷ്ടമുള്ള പാട്ട്. ആഹാ അന്തസ്സ്….
********************
രണ്ടര മണിക്കൂറിന്റെ ദൂരത്തിനപ്പുറം ഒരു വീട്ടിൽ ഇതേ നേരത്ത് ഒരച്ഛൻ ഉറക്കമുണർന്നിരുന്നു.
മോളിന്ന് രാവിലെ വരും. അയാൾ തന്നോട് തന്നെ പറഞ്ഞു. ഫോണെടുത്തു അവളെ ഒന്ന് വിളിച്ചു.
“ഹലോ മോളെ ഇറങ്ങിയോ?”
“ഹാ അച്ഛാ. ബസിലാ.” അവളുടെ ശബ്ദത്തിനും മുകളിൽ കാറ്റിന്റെ ശബ്ദം.
“നീയാ ഷട്ടർ താഴ്ത്തി ഇരിക്ക് കുഞ്ഞി, അസുഖം വരും.”
“ഇല്ലച്ഛാ കുഴപ്പമില്ല. ഞാൻ തലയിലൂടെ ഷാൾ ഇട്ടിട്ടുണ്ട്. “
“പറയുന്നത് കേൾക്കാൻ. പിന്നേ, ഇവിടെ വന്നിട്ട് ഓട്ടോ വിളിച്ചാൽ മതി. അവിടെ സ്റ്റാൻഡിൽ സന്തോഷിന്റെ ഓട്ടോ ഉണ്ടാവും. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. വെറുതെ നടന്നു വരാൻ നിൽക്കണ്ട.”
“ശരി അച്ഛാ. “
ഈ അച്ഛന്റെ ഒരു കാര്യം എന്ന് മനസ്സിൽ പറഞ്ഞ് അവൾ ഫോണിൽ പാട്ടിന്റെ ബാക്കി കേൾക്കാൻ തുടങ്ങി.
അച്ഛൻ വേഗം എണീറ്റ് അടുക്കളയിലേക്ക് നടന്നു. തലേന്ന് അരച്ച് വെച്ച മാവ് എടുത്ത് ഉപ്പു ചേർത്ത് ഇളക്കി വെച്ചു. രണ്ട് ഉരുളക്കിഴങ്ങും കാരറ്റും ബീൻസുമെടുത്തു നന്നാക്കി അറിഞ്ഞു കുക്കറിൽ ഇട്ടു. അടുക്കള മുറ്റത്തു കിടന്ന ഒരു തേങ്ങായെടുത്തു പൊതിച്ചു പൊട്ടിച്ചു ചിരകാൻ തുടങ്ങി. അപ്പവും സ്റ്റൂവും അവളുടെ ഫേവറിറ്റ് ആണ്. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഹോസ്റ്റലിലെ മെസ്സിലെ സ്റ്റൂവിന്റെ നീട്ടത്തെ പറ്റി അവൾ പറഞ്ഞപ്പോഴേ കരുതിയതാണ് ഈ ആഴ്ച അപ്പവും സ്റ്റൂവും ആക്കാം എന്ന്.
അല്ലേലും അവളുടെ കാര്യം നോക്കാൻ വേറെ ആരാണ്. അവളുടെ അമ്മയുണ്ടായിരുന്നെകിൽ എന്തൊക്കെ ചെയ്തേനെ അതൊക്കെ അവൾക്ക് വേണ്ടി ചെയ്യാൻ അയാൾ എന്നും ശ്രദ്ധിച്ചിരുന്നു.
അവൾക്ക് പ്രായം ഉറക്കുന്നതിനു മുൻപ് അവരെ വിട്ടു പോയതാണ് അവളുടെ അമ്മ. ചുറ്റുമുള്ള പലരും നിർബന്ധിച്ചിട്ടും മറ്റൊരു വിവാഹം അയാൾക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
അത്രയും ആഴത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നത് കൊണ്ട് മാത്രമല്ല. മകളുടെ കാര്യത്തിൽ ഒരു തരത്തിലും ഉള്ള വിട്ടു വീഴ്ചക്ക് അയാൾക്ക് സമ്മതമായിരുന്നില്ല. കുഞ്ഞിന് വേണ്ടി അയാൾ അച്ഛനും അമ്മയുമായി. ഒരമ്മയോടെന്ന പോലെ അവൾക്ക് എന്തും തുറന്നു പറയാവുന്ന ഒരച്ഛനായി. ഓഫീസിൽ പലപ്പോഴും സ്ത്രീ സഹപ്രവർത്തകരോട് അയാൾ കൂടുതൽ സംസാരിച്ചു. എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്ന് മകൾക്ക് മനസ്സിൽ പോലും തോന്നാത്ത വിധം അയാൾ അവളെ വളർത്തി.
അവര് തമ്മിൽ എല്ലാം സംസാരിക്കുമായിരുന്നു. അയാളും എല്ലാം അവളോട് തുറന്നു സംസാരിക്കുമായിരുന്നു. ഓരോ കാര്യവും കാര്യകാരണ സഹിതം അവൾക്ക് പറഞ്ഞ് കൊടുക്കാൻ അയാൾ ശ്രദ്ധിച്ചു. അവളോട് സംസാരിക്കാനുള്ള വിഷയങ്ങൾക്ക് വേണ്ടി അയാൾ ഒത്തിരി വായിച്ചു. ഒത്തിരി എഴുതി ഒത്തിരി സംവദിച്ചു. അയാൾക്ക് എപ്പോഴും തോന്നുമായിരുന്നു അവരുടെ ജീവിതം പെർഫെക്ട് ആണെന്ന്.
തേങ്ങ പിഴിഞ്ഞ് പാലെടുത്തു അയാൾ മാറ്റി വെച്ചു. ഉച്ചത്തേക്കുള്ള അരിയെടുത്തു അടുപ്പിൽ വെച്ചിട്ട് അയാൾ ചായയുണ്ടാക്കാൻ തുടങ്ങി. പാതി ചായ ഫ്ലാസ്കിൽ വെച്ച് അയാൾ സ്വന്തം കാപ്പിലേക്ക് ചായ പകർന്ന് ഉമ്മറത്ത് പോയി ഇരുന്നു. പത്രം എത്തിയില്ല. അല്ലേലും പത്രം വായനയൊക്കെ ഇപ്പോൾ വൈകും. ഫോണെടുത്തു ഫേസ്ബുക് തുറന്നു വിരലുകൾ ഓടിക്കാൻ തുടങ്ങി.
പല ഗ്രൂപ്പിലും ഒരേ ചർച്ചയാണ്. L G B T Q + നെ പറ്റി ഒരു പയ്യൻ സംസാരിക്കുന്ന വീഡിയോ ആണ് പലയിടത്തും. പലർക്കും അംഗീകരിക്കാനുള്ള വൈഷമ്യം. പലർക്കും പല അഭിപ്രായങ്ങൾ. ‘ഇതിനെ പറ്റി മക്കളോട് തുറന്നു പറയാനും അവർക്ക് പറഞ്ഞ് കൊടുക്കാനും മാതാപിതാക്കൾ തയ്യാറാവണം.’ ഒരു പോസ്റ്റിനു കമന്റിട്ട ശേഷം അയാൾ അഭിമാനത്തോടെ ഒരു ഇറുക്ക് ചായ കുടിച്ചു. മാസങ്ങൾക്ക് മുന്നേ ഇതിനെ പറ്റി മകളോട് സംസാരിച്ച അച്ഛൻ എന്ന അഭിമാനം അയാളിൽ നിറഞ്ഞു നിന്നു.
ആ ദിവസത്തെ അങ്കലാപ്പും അവളോട് സംസാരിച്ചതിന് ശേഷം തോന്നിയ ആത്മാഭിമാനവും അയാൾ ഓർത്തു. വീണ്ടും അടുത്ത വിഷയത്തിലേക്ക് അയാളുടെ വിരലുകൾ ചലിച്ചു. രാഷ്ട്രീയം, സാഹിത്യം, സിനിമ, വായന, സംഗീതം. ഓരോരോ പോസ്റ്റിലും ഓരോരോ വിഷയങ്ങൾ. അവൾ ഉണ്ടേൽ ഇതെല്ലാം ഒരുമിച്ചായിരുന്നല്ലോ നോക്കുക എന്നയാൾ ഓർത്തു.
അവള് പോയതിൽ പിന്നേ ആളനക്കം ഇല്ലാതെയായി വീട്. ചൂലെടുത്തു കൊണ്ട് വന്ന് അയാൾ മുറ്റമടിക്കാൻ തുടങ്ങി. അല്ലേൽ അവൾ വന്നാൽ ആദ്യം അതിലേക്കാവും. ആ വീട്ടിൽ വരുന്നവരെല്ലാം അയാളുടെ വൃത്തിയെ പറ്റി പറയും. ‘ഒരു വീട്ടമ്മയില്ലാത്ത വീടാണെന്നു തോന്നില്ല’ എന്ന് പറഞ്ഞ് പുകഴ്ത്തും.
മുറ്റമടി വേഗം തീർത്ത് അയാൾ അടുക്കളയിലേക്ക് കയറി. വേവിച്ച പച്ചക്കറി ഉടച്ചു തേങ്ങാപ്പാല് ചേർത്ത് തിളപ്പിച്ച് മാറ്റിവെച്ചു അപ്പങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. എല്ലാം പാത്രങ്ങളിൽ ആക്കി മേശപ്പുറത്തു വെക്കുമ്പോൾ ആണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്. അത് അവൾ ആയിരുന്നു.
പതിവ് പോലെ യാത്രയുടെ ക്ഷീണവും വിശപ്പും അവളുടെ മുഖത്ത് വ്യക്തം. അയാളെ കണ്ടതും അവളുടെ മുഖത്ത് പതിവ് ചിരി തെളിഞ്ഞു.
“ഞാൻ പല്ല് തേച്ചു കുളിച്ചിട്ട് വരാം അച്ഛാ ഇന്നെന്താണ് രാവിലെ കഴിക്കാൻ? “
ഒരു ബാഗ് നിലത്തിട്ട് അവൾ മറ്റേ ബാഗുമായി മുറിയിലേക്ക് കയറി.
“വേഗം റെഡി ആയി വാ ഇന്ന് അപ്പവും സ്റ്റൂവും ആണ്.”
ഇതും പറഞ്ഞ് അയാൾ ആ ബാഗിലെ തുണികൾ വാഷിംഗ് മെഷീനിലേക്ക് ഇടാൻ നേരം അകത്തു നിന്നും അവളുടെ ശബ്ദം വന്നു.
“അത് ഞാൻ ചെയ്തോളാം അച്ഛാ. അതവിടെ ഇരിക്കട്ടെ.”
ആ പറച്ചിലും അതും കേട്ടു കൊണ്ട് അയാൾ തുണി അലക്കാൻ ഇടുന്നതും അവിടെ പതിവാണല്ലോ.
ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോൾ വിശേഷങ്ങൾ പറയുന്നത് അവരുടെ പതിവാണ്. കോളേജിലെ വിശേഷങ്ങളും ഓഫീസിലെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ വിശേഷങ്ങലും എല്ലാം പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുകയായിരുന്നു അവർ.
അന്ന് രാവിലെ കണ്ട പോസ്റ്റുകളെപറ്റി അയാൾ പറഞ്ഞുകൊണ്ടിരിക്കെ അവൾ പെട്ടന്ന് പറഞ്ഞു.
“ഞാൻ ഹോ മോ സെ ക്ഷു വൽ ആയാലോ എന്നോർക്കാ.”
“ആവമെന്ന് ഓർക്കുകയോ?” എന്നും പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. പിന്നേയാണ് ഉള്ളിൽ ഒരു വെള്ളിടി വെട്ടിയത് അയാൾ അറിഞ്ഞത്. അവൾ അയാളെ നോക്കിക്കൊണ്ടേ ഇരിക്കുകയായിരുന്നു. അവളെ നോക്കി അയാൾ ആ തമാശ മട്ടു വിടാതെ പകുതി ഗൗരവത്തിൽ പറഞ്ഞു
“ഇതൊന്നും ഓരോരുത്തരും തോന്നുന്നത് പോലെ ആവുന്നതല്ല കുഞ്ഞി, ജനിക്കുമ്പഴേ അവരുടെ ഉള്ളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ആണ്. വെറുതെ ചിന്തകൾ കൊണ്ട് മാത്രം ഒരാൾ ഇങ്ങനെ ആവുന്നില്ല. അതിരിക്കട്ടെ നിനക്ക് ഇപ്പൊ എന്താ ഇങ്ങനെ തോന്നാൻ?”
“എനിക്ക് ഒരു പെൺകുട്ടിയോട് ഒരു ക്രഷ് തോന്നുന്നുണ്ട്.”
“ക്രഷ് എന്ന് വെച്ചാൽ?”
“എന്ന് വെച്ചാൽ വേറെ ആരോടും തോന്നാത്ത ഒരു അടുപ്പം. “
“ആഹാ കൊള്ളാലോ ആരാ കക്ഷി?”
ചിരിച്ചുകൊണ്ട് ഇത് ചോദിക്കുമ്പോഴും അയാളുടെ ഉള്ളിൽ കാരണം തിരിച്ചറിയാത്ത ഒരു ആളൽ ഉണ്ടായിരുന്നു. താനൊരു പെർഫെക്ട് അച്ഛനല്ല എന്നയാൾക്ക് തോന്നുന്ന ഒരാളൽ. ഒരു സാധാരണക്കാരനെ പോലെ അയാളുടെ മനസ്സിൽ ആധി വരുന്നു. ഇത്രയും കാലം പറഞ്ഞ പുരോഗമനങ്ങൾ അയാൾക്ക് നേരെ ഇളിച്ചു കാണിക്കുന്നു. പക്ഷെ അത് പുറത്തു കാണിക്കാതെ അയാൾ അവളെ കേൾക്കുന്നു എന്ന് ബോധ്യപ്പെടുത്തി അവളുടെ വാക്കുകൾ ശ്രദ്ധിച്ചു.
“എന്റെ റൂംമേറ്റ് ദീപ്തി ഇല്ലേ അവളോട് എനിക്ക് ഒരു ക്രഷ് തോന്നുന്നുണ്ടോ എന്നൊരു സംശയം.”
“എന്നിട്ട് നീ അവളോട് അത് പറഞ്ഞോ?”
“ഏയ് ഇല്ല. വെറുതെ എന്നെ പറ്റി ഒരു ഇഷ്ടക്കേട് ഉണ്ടാക്കണ്ടല്ലോ എന്ന് കരുതി. അവൾക്ക് ഇതിനെ പറ്റിയൊക്കെ ഉള്ള ചിന്ത എന്താ ന്നു ചോദിച്ചിട്ടില്ല. ചോദിക്കണം.”
“ഹാ അത് നന്നായി. വെറുതെ അവൾക്ക് ഒരു ഇഷ്ടക്കേട് തോന്നേണ്ടല്ലോ. അതിരിക്കട്ടെ, നിനക്ക് ഈ ക്രഷ് ആൺകുട്ടികളോട് തോന്നിയിട്ടില്ലേ?”
“അത് പിന്നേ അച്ഛാ കോളേജിലെ ആൺകുട്ടികളോട് ഇടപഴകാൻ എനിക്കെന്തോ വല്യ ഇഷ്ടമല്ല. അവരുടെ ആളാവലും മറ്റും. ഹോസ്റ്റലിലെ ചില കുട്ടികൾക്ക് റിലേഷൻഷിപ്പ് ഉണ്ട്. അവരുടെ ഒക്കെ ലൈഫ് കണ്ടാലേ ചൊറിഞ്ഞു കേറും. എല്ലാത്തിലും കേറി ഇടപെട്ട്, കണ്ട്രോൾ ചെയ്ത്. അതൊക്കെ കാണുമ്പോഴേ മടുക്കും. പിന്നേ ന്യൂസിൽ ഒക്കെ എത്ര പേരാണ് ഈ കാലത്തും ഗാർഹിക പീ ഡനവും, സ് ത്രീ ധ ന മരണങ്ങളും. പ്രണയം നിഷേധിച്ചാൽ ആസിഡ് ഒഴിക്കലും കൊ ന്നു ക ളയലും അങ്ങനെ എന്തെന്തൊക്കെ. അങ്ങനത്തെ ഒരു ലോകത്തു ജീവിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ വയ്യ. ഹോമോ ആണേൽ സേഫ് ആണ്. കുട്ടികളെ വേണേൽ ദത്തെടുത്തു വളർത്തിയാൽ പോരെ?”
“ഓ അപ്പൊ അതാണ് മെയിൻ കാര്യം. അല്ല നിനക്ക് ഏതൊക്കെയോ സിനിമ താരങ്ങളോടോ പാട്ടുകാരോടോ ഒക്കെ ക്രഷ് ഉണ്ടായിരുന്നല്ലോ. അതൊക്കെ പോയോ?”
“ഏയ് അതൊന്നും പോയിട്ടില്ല. അവരോടൊക്കെ എന്നും ക്രഷ് ആണ്. പക്ഷെ അവരെ പോലെ ഉള്ളോരേ ഒന്നും നമുക്ക് കിട്ടൂല്ലല്ലോ. കിട്ടിയാലും ശരിക്കുമുള്ള സ്വഭാവം ഒന്നും നമുക്ക് പറയാൻ പറ്റില്ലല്ലോ.”
അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു. അവൾ ഒന്ന് ആലോചിച്ചിട്ട് പറഞ്ഞു.
“അതോ ഞാൻ ബൈ സെ ക്ഷ്വ ൽ ആണോ? അതാവാം. നല്ല ഒരാളെ കിട്ടിയാൽ വേണേൽ നോക്കാലോ ല്ലെ.”
അയാൾക്ക് വീണ്ടും ചിരി പൊട്ടി. അവളുടെ നിഷ്കളങ്കതയോർത്തു.
“ഇതിനെ പറ്റി ഇപ്പോൾ അധികാരികമായി പറയാൻ അച്ഛന് അറിയില്ല. എന്നാലും എനിക്ക് തോന്നിയത് പറയാം. സെകഷ്വാലിറ്റി എന്നത് നമ്മൾ തിരഞ്ഞെടുക്കുന്ന ഒന്നല്ല എന്നതാണ് എന്റെ അറിവ്. അതിന്റെ യഥാർത്ഥ കാരണങ്ങൾ ജനിതകവും ഹോർമോണലും പിന്നേ കുറച്ചൊക്കെ സാഹചര്യവും ഒക്കെ ആണ്. മോൾക്ക് അതൊക്കെ തീരുമാനിക്കാൻ ഇനിയും സമയം ഉണ്ട്. ഇപ്പോൾ തോന്നുന്ന ഇഷ്ടങ്ങൾക്ക് പല കാരണങ്ങൾ ഉണ്ടാവാം. വ്യക്തമായ തീരുമാനം എടുക്കാറാവുന്ന കാലത്ത് നീ എന്ത് തീരുമാനിച്ചാലും അത് യുക്തിയാണെന്ന് നിനക്ക് നല്ല ബോധ്യമുണ്ടെൽ അച്ഛൻ കൂടെയുണ്ട്. നീ പോയി കൈ കഴുക്. കയ്യുണങ്ങി.”
അച്ഛൻ പറഞ്ഞത് അവളുടെ ചിന്തയിൽ എവിടെയോ തട്ടി. അവൾ അതും ആലോചിച്ചു പാത്രമെടുത്തു അടുക്കളയിലേക്ക് നടന്നു.
അയാളും ചിന്തയിൽ മുഴുകി പാത്രമെടുത്തു അടുക്കളയിലേക്ക് അവളുടെ പുറകെ പോയി.
അയാളുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കിടന്നു കറങ്ങി. സത്യത്തിൽ അവൾക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായത് യഥാർഥ്യമാകുമോ? അവൾക്ക് ഇത് തിരിച്ചറിയാനുള്ള പക്വതയായി എന്ന് കരുതി പറഞ്ഞത് തെറ്റായിപ്പോയോ?
അമ്മയില്ലാത്ത കുട്ടി എന്നെല്ലാം കരുതി കുറച്ചധികം ശ്രദ്ധ കൊടുത്തതും, പെൺകുട്ടികൾ മാത്രമുള്ള സ്കൂളിൽ വിട്ടതും, ആൺകുട്ടികളോട് അടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ പറഞ്ഞ് കൊടുത്തതും എല്ലാം കൂടെ ആയിരിക്കുമ്പോൾ അവൾക്ക് ഈ ചിന്ത വന്നിരിക്ക? തന്റെ വാക്കുകൾ അവളിൽ ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ ഇങ്ങനെ ബാധിച്ചിരിക്കുമോ?
തന്നിൽ നിന്നും അകന്ന കുടുംബക്കാരിൽ നിന്നുമകന്നു, അവൾ ആദ്യമായി അടുത്തിടപഴകിയ, കൂടെ ജീവിച്ച, കൂടെ കിടന്നുറങ്ങിയ ആള് എന്ന നിലയിൽ ഉള്ള ഇഷ്ടക്കൂടുതൽ ആയിരിക്കുമോ? ആവാം.
എന്തായാലും അത്തരം ഒരു സാധ്യതയിൽ കൂടുതൽ ചിന്തകൾ വേണം എന്നയാൾ ഉറപ്പിച്ചു. പുതിയ വാർത്തകളും ചിന്തകളും കുട്ടികളിൽ പുതിയ ആശയങ്ങൾ ഉണ്ടാക്കുമെന്നും അയാൾ തിരിച്ചറിഞ്ഞു.
അന്നത്തെ പകല് അവർ വീണ്ടും കുറെ സംസാരിച്ചു…അന്നത്തെ രാത്രി അവൾ വീണ്ടും ആ സ്വപ്നം കണ്ടു. വെളിച്ചത്തെ തേടിയുള്ള അവളുടെ യാത്രയിൽ ഇടറി വീണ കൊക്കകൾ കണ്ടില്ല. പകരം ഉദിച്ചുയരുന്ന സൂര്യനെ താങ്ങി നിർത്തുന്ന മലനിരകളെ അവൾ കണ്ടു. ഇളം ചൂടുള്ള സൂര്യ കിരണങ്ങളെ കൺകുളിർക്കേ കണ്ടു കൊണ്ട് ഉണർന്നപ്പോൾ അവൾ അറിഞ്ഞു, അവൾ ഈ ലോകത്തിലേക്കും വെച്ചേറ്റവും മനോഹരമായ ഇടത്താണെന്ന്. അവളുടെ സ്വന്തം മുറിയിൽ.