മരിക്കാനുള്ള ഒഴിവില്ല…
Story written by Remya Bharathy
================
നാളേക്ക് എന്താപ്പോ ചോറിന് കറി ഉണ്ടാക്കാ?
കുറച്ചു കൈപ്പക്ക ഇരിക്കുന്നുണ്ട്. കുറച്ചങ്ങോട്ടു ഉപ്പും മുളകും മഞ്ഞളും പുരട്ടി വറുക്കാം. ഒഴിച്ചു കൂട്ടാൻ പരിപ്പും തക്കാളിയും മതി. വേറെ പച്ചക്കറി നുറുക്കാനൊന്നും വയ്യ. വേണേൽ കോഴിമുട്ട പൊരിക്കാം.
രാവിലത്തേക്ക് എന്താ? ദോശ മാവ് എല്ലാർക്കും കൂടെ തികയുമോ? ലേശം മൈദ കലക്കി ചേർത്താലോ? വേണ്ട ഇനി ഇപ്പൊ അത് കണ്ടു പിടിച്ചാൽ രാവിലെ തന്നെ അതിനാവും ബഹളം.
അപ്പൊ ന്നാ പുട്ടാക്കാം. തേങ്ങാ പൊതിച്ചത് ഉണ്ടാവുമോ? കറിക്ക് കടലയും ചെറുപയറും ഒന്നും വെള്ളത്തിൽ ഇട്ടില്ലല്ലോ. ചെറുപഴം എത്രണ്ണം കാണും? നാലോ അഞ്ചോ? മൂന്നാല് നേന്ത്രപ്പഴം കൂടെ ഉണ്ടായിരുന്നല്ലോ അത് പുഴുങ്ങാം. അതോ കറി എന്തേലും വെക്കണോ? എണീറ്റ് പോയി കടലയോ ചെറുപയറോ വെള്ളത്തിൽ ഇട്ടു വെക്കണോ?
കിടന്ന കിടപ്പിലാണ് ചിന്ത. എല്ലാം അടച്ചു ഭദ്രമാക്കി ലൈറ്റും ഓഫ് ആക്കി കിട്ടുന്നതിന് ശേഷമുള്ള ചിന്തയാണ്. ഇപ്പോഴെങ്കിലും ചിന്തിക്കാൻ സമയം കിട്ടിയത് ഭാഗ്യം. വൈകിട്ട് ഓഫീസിൽ നിന്ന് വന്നപ്പോൾ തുടങ്ങിയ ഓട്ടമാണ്. ഇട്ടോണ്ട് പോയ സാരിയൊന്ന് മാറ്റിയത് വന്നിട്ട് ഒരു മണിക്കൂറിന് ശേഷമാണ്.
ബാഗൊന്നു റൂമിൽ വെച്ചു നേരെ അടുക്കളയിൽ കയറിയതാണ് ഒരു ചായയിടാൻ. ഇന്നാണേൽ ഒട്ടും പ്രതീക്ഷിക്കാതെ വന്ന മീറ്റിങ് കാരണം സ്ഥിരം വരുന്ന ബസ് കിട്ടിയതുമില്ല. താൻ വന്നില്ലേൽ ചായ ഇറങ്ങാതെ കാത്തിരിക്കുന്ന കുറെ നിഷ്കളങ്കർ ഉള്ള ഇടമല്ലേ. വേറെ എന്ത് ചെയ്യും.
ഒരു കൂട്ടർക്ക് ചായ മാത്രം പോര നൂഡിൽസ് കൂടെ വേണം. അത് കഴിച്ചാൽ ഇനി രാത്രി ഭക്ഷണം കഴിപ്പിക്കാൻ പാടാണ്. എന്നാലും വിശക്കാൻ ഇത്തിരി വൈകുമല്ലോ. ആ ഒരു ഗ്യാപ് കിട്ടുമല്ലോ…
പ്ലാനുകൾ ഒക്കെ വെള്ളത്തിൽ വരച്ച വര പോലെ ആയി. മൂന്നു ദിവസത്തെ തുണി അലക്കാൻ ഉണ്ട്. അത് തരാതരമായി അലക്കാനിട്ടു നേരെ മേലു കഴുകാൻ പോയി. തിരിച്ചു വന്നപ്പോൾ രണ്ടാള് ഡയറിയും പിടിച്ചു നിൽപ്പുണ്ട്. ചെയ്ത് വരാനുള്ള ഹോം വർക്കിന്റെയും പ്രോജക്ടുകളുടെയും ലിസ്റ്റ്. ഇവർക്ക് ഇത് രണ്ടു ദിവസം മുന്നേ എഴുതി വിട്ടൂടെ? ഇന്നേരത്തു ഇനി ഈ സാധനങ്ങൾ ഒക്കെ എവിടുന്ന് കിട്ടാനാ? എന്തൊക്കെയോ പഴയ ഏതൊക്കെയോ ബുക്കുകളിൽ നിന്നും ഗൂഗിളിൽ നിന്നും എല്ലാം ഒപ്പിച്ചു വന്നപ്പോഴാണ് രാത്രി ഭക്ഷണത്തിന് ഒന്നും ഒരുക്കിയില്ലല്ലോ എന്ന് ഓർത്തത്.
അരിയും പരിപ്പും കുറച്ചു പച്ചക്കറിയും കൂടെ ഒന്നിച്ചിട്ടു കുക്കറിൽ വേവിച്ചു അച്ചാറും തൈരും കൂട്ടി കൊടുത്തപ്പോൾ അരുടേം മുഖത്തിന് ഒരു തെളിച്ചവും ഉണ്ടായില്ല എന്നത് ശരി തന്നെ. തിരിച്ചു എന്തേലും പറഞ്ഞാൽ എല്ലാരേയും അടുക്കളയിൽ കയറ്റിയാലോ എന്ന പേടികൊണ്ടാണെന്നു തോന്നുന്നു ഒന്നും മിണ്ടാതെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എല്ലാരും എണീറ്റു പോയി.
പാത്രവും കഴുകി, ഇതിനിടെ ഓടി നടന്നു മൂന്ന് ട്രിപ്പ് തുണിയും അലക്കി വിരിച്ചിട്ടു വന്നപ്പോഴാണ് ഓർത്തത്. ഇന്ന് ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല എന്ന്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണമത്രെ. അതിന് വിശപ്പും ദാഹവും അറിഞ്ഞാലല്ലേ. ഒരു ഗ്ലാസ് വെള്ളം കുടിച്ചു.
എല്ലായിടവും പൂട്ടി, ലൈറ്റ് എല്ലാം ഓഫ് ആക്കി, മൊബൈലിലെ അലാറം ഒന്നൂടെ ഉറപ്പു വരുത്തി അത് ചാർജ് ചെയ്യാനിട്ടു,ഒന്ന് ബാത്‌റൂമിൽ പോയി, കയ്യും കാലും മുഖവും കഴുകി കിടക്കാൻ വന്നപ്പോഴേക്ക് എല്ലാരും ഉറക്കമായിട്ടുണ്ട്. ബെഡിലേക്ക് വീഴാൻ നേരം, മേശപ്പുറത്തേക്ക് കണ്ണോടിച്ചപ്പോൾ കണ്ടു, വന്നപ്പോൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ ബാഗിനുള്ളിൽ, ബാക്കി വീട്ടിൽ വന്നു ചെയ്യാം എന്ന് കരുതി എടുത്തു വെച്ച ഫയലുകൾ.
ഒന്നൂടെ എണീറ്റ് അലാറം അര മണിക്കൂർ നേരത്തെ ആക്കി. നാളത്തേക്ക് അത്യാവശ്യമായി വേണ്ട ഫയലുകൾ ആണ്. ഇത് ഇങ്ങോട്ട് എടുത്തത് ആരും അറിഞ്ഞിട്ടില്ല. രാവിലെ എല്ലാം തീർത്തു തിരികെ വെക്കണം. അര മണിക്കൂർ നേരത്തെ എണീറ്റാൽ എന്തേലും ഒപ്പിക്കാൻ സാധിക്കുമായിരിക്കും.
എണീറ്റാൽ ചെയ്യേണ്ട പണികളുടെ ലിസ്റ്റും ഓർത്തുകൊണ്ടാണ് അവൾ കിടന്നത്. കിടന്നപ്പോഴാണ് കടയിൽ നിന്ന് വാങ്ങിക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് ഓർമ വന്നത്. എണീറ്റ് എഴുതി വെച്ചാലോ? വേണ്ട നാളെ ഓർമ കാണുമായിരിക്കും എന്നോർത്ത് തിരിഞ്ഞു കിടന്നു. ഒരു മിനിട്ടിന്റെ നൂറിലൊന്നു നേരം കൊണ്ട് അവൾ ഉറക്കത്തിന്റെ കുഴിയിലേക്ക് വീണു.
നിവർന്ന് കിടന്ന് കാലു നേരെ നീട്ടി വെച്ചപ്പോൾ നടുവിലേക്ക് കയറിയ വേദനയിൽ ആ ഉറക്കത്തിലും അവൾ ഒന്നു ഞെരങ്ങി.
വർഷങ്ങളായി അവൾ സ്വപ്നം കാണാറില്ല. കട്ടിലു കണ്ടാൽ കൂർക്കം വലിക്കുന്നവൾക്ക് സ്വപ്നം കാണാൻ പോലും സമയം ഇല്ലായിരിക്കാം.
ജനല് അടക്കാൻ മറന്നു, വേനൽക്കാലത്ത് അതൊരു പതിവാണ്. അറിഞ്ഞുകൊണ്ടുള്ള മറവി. വേനലായത് കൊണ്ട് തന്നെ പുതപ്പും എടുത്തിട്ടില്ല. മടിയോടെ കറങ്ങുന്ന ഫാനിൽ നിന്ന് ഒച്ച മാത്രമേ ഉള്ളു. കാറ്റൊന്നും ഇല്ല. എന്നാലും അതങ്ങനെ കറങ്ങണം. എങ്ങാനും കറണ്ട് പോയി ആ ഒച്ച നിന്നാൽ അപ്പോ എണീക്കും, ആന കുത്തിയാലും അറിയാത്ത പോലെ ഉറങ്ങുന്നു എന്ന് ചീത്തപ്പേര് കേട്ട അവൾ.
ജനലിലൂടെ തണുത്ത കാറ്റ് വരുന്നു. മഴക്കുള്ള കോളുണ്ടോ? അതോ ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടോ? കാലാവസ്ഥ ആകെ ഒന്ന് മാറിയോ? പെട്ടന്ന് നേരം വെളുത്തോ? അലാറം അടിച്ചോ? ഏയ് അത് സ്വപ്നം കാണുന്നതാവും, അലാറം അടിക്കാൻ സമയമായില്ലല്ലോ. ഇപ്പൊ കിടന്നതല്ലേ ഉള്ളു.
അലാറം അടിക്കുന്നത് ഓഫാക്കണമല്ലോ. അത് ചാർജ് ചെയ്യാൻ വെച്ചിടത്തല്ലേ? അത് ഓഫ് ആക്കാൻ ആദ്യം എണീക്കണ്ടേ? എണീക്കാൻ പറ്റുന്നില്ല. കണ്ണു തുറക്കാൻ നോക്കി. കൺ പോളകളിൽ കരിങ്കല്ല് തൂക്കി ഇട്ടിരിക്കുന്നത് പോലെ. തുറക്കാനാവുന്നില്ല.
അടുത്തു കിടക്കുന്ന ഭർത്താവിനെ വിളിക്കാനായി കൈ പോക്കാൻ നോക്കിയിട്ടും സാധിക്കുന്നില്ല. എപ്പോഴോ ചെരിഞ്ഞു കിടന്നപ്പോൾ ഒരു കൈ മടക്കി തലക്ക് അടിയിൽ വെച്ചതാണ്. അതവിടെ ഐസ് പോലെ മരവിച്ചു കിടക്കുകയാണ്. മറ്റേ കൈ കൊണ്ട് പിടിച്ചു നിവർത്താൻ നോക്കിയിട്ട് ആ കൈ എവിടെ എന്നു പോലും.മനസ്സിലാവുന്നില്ല.
കാലൊന്ന് മടക്കി അങ്ങേരെ ചവിട്ടി നോക്കിയാലോ? ഉണരുമായിരിക്കും. അതും സാധിക്കുന്നില്ല. കാലുകൾ ഇട്ടടിക്കണം എന്നു തോന്നുന്നു. പക്ഷെ കാലും അനക്കാൻ പറ്റുന്നില്ല.
അപ്പൊ പിന്നെ ഇത്? മരണം? ഉറക്കത്തിൽ ആരും അറിയാതെ വേദനയറിയാതെ മരിച്ചോ? ഇങ്ങനെ മരിച്ചവർക്ക് ഈ അനുഭവം പങ്കു വെക്കാൻ പറ്റിയിട്ടുണ്ടാവില്ലല്ലോ. അപ്പൊ ഇതു തന്നെ.
അയ്യോ എങ്ങനെ മരിക്കും? മരിച്ചാൽ ശരിയാവില്ല. എന്തൊക്കെ പറഞ്ഞു വെക്കാൻ ബാക്കി ഉണ്ട്. എന്തൊക്കെ ചെയ്തു തീർക്കാൻ ബാക്കിയുണ്ട്. ചെറിയ മക്കൾ ഉള്ളതാണ്. അവരുടെ ഭാവി. അങ്ങനെ ഒരു ദിവസം പെട്ടന്ന് ഇല്ലാതെയായാൽ ഈ വീടിന്റെ അവസ്ഥ. ഓരോന്നും എവിടെയാ ഇരിക്കുന്നത് എന്ന് വേറെ ആർക്കാ അറിയാ? ഓരോരുത്തരും ഓരോന്ന് ചോദിക്കുമ്പോൾ കുപ്പിയിൽ നിന്ന് വന്ന ഭൂതം പോലെ ആർക്ക് എടുത്തു കൊടുക്കാൻ ആവും?
ഗ്യാസിന്റെയും കറണ്ടിന്റെയും പാലിന്റെയും പലചരക്കിന്റെയും ബില്ലും കണക്കും വെക്കുന്ന ബുക്ക് ഇന്നലെ ഓര്മയില്ലാതെ സ്ഥലം മാറ്റി വെച്ചത് അബദ്ധമായി. മക്കളുടെ യൂണിഫോം ഉണങ്ങിയിട്ടുമില്ല തേച്ചിട്ടുമില്ല.
അയ്യോ ഓഫീസിലെ ഫയല്… അത് ആരോടെങ്കിലും ഒന്ന് പറയാമായിരുന്നു. ഇനി എല്ലാരും തപ്പും. ആരെങ്കിലും ബാഗ് തപ്പുമോ ആ ഫയല് നാളേക്ക് അത്യാവശ്യമാണ്. ഒരു മെസ്സേജ് എങ്കിലും സാറിന് അയക്കാമായിരുന്നു
താൻ മരിച്ചു എന്ന് എല്ലാരും എങ്ങനെ അറിയും? കുടുംബക്കാരൊക്കെ അറിയും. ഓഫീസിലുള്ളവരും. കൂട്ടുകാരോ? വർഷങ്ങളായി നേരിട്ട് കാണാത്ത പഴയ കൂട്ടുകാരോ? ഇന്ന് വരെ കാണാത്ത ഫേസ്ബുക്ക് സുഹൃത്തുക്കളോ? വല്ല അസുഖവും വന്നു മരിക്കായിരുന്നു എങ്കിൽ അവർക്കൊക്കെ ഒരു സൂചന കൊടുക്കാൻ സാധിച്ചേനെ. ഒരു പോസ്റ്റ് ടാഗ് ചെയ്തിടാൻ ആരെയെങ്കിലും ഏല്പിക്കാമായിരുന്നു.
എല്ലാം തീർന്നു. ഉള്ളിൽ ഒരു ആധി. അലമാരയിലെ അറയിൽ പൂട്ടി വെച്ച ആ ഡയറി ഇനി ആരേലും ഒക്കെ എടുത്തു വായിക്കുമായിരിക്കും. അത് ആലോചിക്കുമ്പോൾ എങ്ങനെയും മരണത്തിൽ നിന്ന് തിരിച്ചു വരാൻ അവൾ ആഗ്രഹിച്ചു. ശ്വാസം മുട്ടുന്നത് പോലെ…
പെട്ടന്ന് അവൾക്കും ചുറ്റും വെളിച്ചം പരന്നു. കണ്ണുകൾ തുറക്കാൻ പറ്റുന്നില്ലെങ്കിലും അവൾക്ക് ആ വെളിച്ചം തിരിച്ചറിയുന്നു. സ്വർഗത്തിലേക്ക് എത്തിക്കാണുമോ? കണ്ണു തുറന്ന് ഒന്നും കാണാൻ വയ്യ. പതിയെ നീങ്ങുന്നുണ്ടോ? കാലുകൾ അനങ്ങുന്നില്ല. അപ്പോൾ പറക്കുകയാണോ? ആയിരിക്കാം. പെട്ടന്ന് കാറ്റടിക്കുന്നു. കൊടുങ്കാറ്റ്. അതിൽ പിടിച്ചു നിൽക്കാൻ സാധിക്കുന്നില്ല. ആഴം അറിയാൻ പറ്റാത്ത കൊക്കയിലേക്ക് വീഴുന്നത് പോലെ.
പെട്ടന്നാണ് അവളുടെ മേലേക്ക് എന്തോ വന്നു വീണത്. കുറച്ചു സെക്കന്റുകളിൽ ശ്വാസം നിലച്ചു പോയി. പെട്ടന്നൊരു ദീർഘ ശ്വാസത്തോടെ അവൾ എണീറ്റിരുന്നു കണ്ണുകൾ തുറന്നു.
ലൈറ്റും ഇട്ട് കൺമുന്നിൽ ഭർത്താവ്. അപ്പൊ മരിച്ചില്ലേ? സ്വർഗ്ഗത്തിൽ എത്തിയില്ലേ? ഏയ് ഇത് സ്വന്തം കിടപ്പുമുറി തന്നെ. മുന്നിൽ കാലനല്ല. കെട്യോനാ. ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യം മുഴുവൻ ആ മുഖത്തുണ്ട്.
അലാറം വെക്കുന്നുണ്ടേൽ മര്യാദക്ക് ഫോൺ അടുത്തു വെച്ചോളണം. ബാക്കി ഉള്ളവരുടെ ഉറക്കം നശിപ്പിക്കുന്ന പോലെ ഇങ്ങനെ അലാറം വെച്ചേക്കരുത്. അര മണിക്കൂറായി അടിക്കുന്നു. നിന്നെ എത്ര നേരമായി വിളിക്കുന്നു? നീയാണേൽ എന്തൊക്കെയോ പിച്ചും പേയും പറയുന്നു. അവസാനം നിവർത്തി ഇല്ലാഞ്ഞിട്ടാ ഒരു തട്ട് വെച്ചു തന്നത്…
ബോധവും അബോധവും തമ്മിൽ തല്ലു പിടി ഒന്ന് നിലക്കാനും സ്വബോധത്തിലേക്ക് വരാനും മിനിറ്റുകൾ എടുത്തു. ബോധം ഒന്ന് തെളിഞ്ഞപ്പോൾ ക്ലോക്കിലേക്ക് നോക്കി. നേരത്തെ എണീക്കണമെന്നു കരുതിയ അര മണിക്കൂറും പോയി, പുറമെ ഒരു അര മണിക്കൂർ വൈകി. അടിപൊളി.
സ്വപ്നത്തിൽ കണ്ടത് എന്തൊക്കെ എന്ന് ഓർക്കാൻ പോലും ഒഴിവില്ലാതെ അവൾ ഇറങ്ങി ഓടി അവളുടെ തിരക്കുകളിലേക്ക്. മരിക്കാനോ? എവിടെ? ഒട്ടും സമയമില്ല ട്ടോ. പോയിട്ട് പത്തിരുപതു കൊല്ലം കഴിഞ്ഞു വരൂ…