പ്രണയം
Story written by Neelima
================
“”മോളെ ശ്രീദേവിയും വീട്ടുകാരും ഇന്ന് ഇങ്ങോട്ട് വരുന്നുണ്ടെന്ന് …. കുറച്ചു മുൻപ് അവൾ വിളിച്ചിരുന്നു .””
ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്നും തല ഉയർത്തി അമ്മയെ നോക്കി . എന്റെ ചുളിഞ്ഞ നെറ്റി കണ്ടിട്ടാകും അമ്മ വീണ്ടും പറഞ്ഞു .
“”മനുവിന്റെ വിവാഹം ഒക്കെ ഏതാണ്ട് ശരിയായി എന്ന് കേട്ടു . അത് പറയാനാകും . “”
ഹൃദയത്തിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു പോയി . ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അനുഭവപ്പെട്ടു . നിറഞ്ഞ കണ്ണുകൾ അമ്മയിൽ നിന്നും മറച്ചു പിടിക്കാൻ ഞാൻ പുസ്തകത്തിലേയ്ക്ക് മുഖം താഴ്ത്തി …
“”ഞാൻ അവർക്കായി എന്തെങ്കിലും ഉണ്ടാക്കട്ടെ … ചായ മാത്രമായി എങ്ങനെയാ കൊടുക്കുന്നത്?””
ആരോടെന്നില്ലാതെ പറഞ്ഞിട്ട് അമ്മ ഉള്ളിലേയ്ക്ക് പോയി . ചിലപ്പോൾ എന്റെ എന്തെങ്കിലും സഹായം പ്രതീക്ഷിച്ചു കാണും .
ഞാൻ പുസ്തകത്തിലേയ്ക്ക് തന്നെ കണ്ണ് നട്ടിരുന്നു . കണ്ണുകൾ വരികളിലൂടെ ചലിച്ചു എന്നല്ലാതെ ഒന്നിലും എനിക്ക് ശ്രദ്ധിക്കാൻ ആയില്ല . ഒടുവിൽ വായിക്കാൻ ആകാത്ത വിധം കണ്ണുനീർ കണ്ണുകളെ മൂടിയപ്പോൾ പുസ്തകം അടച്ച് എഴുന്നേറ്റു ….. അടുക്കളയിലേയ്ക്ക് പോകാൻ തോന്നിയില്ല .
എന്തിനാ ഇപ്പൊ ഇങ്ങനെ ഒരു വരവ് ? വേണ്ടിയിരുന്നില്ല ….മറക്കാൻ ശ്രമിക്കുകയായിരുന്നു …അതിന് കഴിയില്ല എന്ന് അറിയാമായിരുന്നിട്ടും …. എന്റേത് അല്ല എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു ….ഇനി ഒരിക്കലും എന്റേത് ആകില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു …..റൂമിൽ എത്തുമ്പോൾ പൊട്ടി കരഞ്ഞു പോയിരുന്നു ….ആരും അറിയാതെ ….ആരോടും പറയാതെ എന്റെ ഉള്ളിൽ ഒളിപ്പിച്ച എന്റെ പ്രണയം ….
പുസ്തകങ്ങൾക്ക് ഇടയിൽ ഒളിപ്പിച്ചു വച്ച ആ കുഞ്ഞു ഡയറി പുറത്തെടുത്തു . അതിന്റെ പുറം ചട്ടയിലെ അക്ഷരങ്ങളിലൂടെ പതിയെ വിരലോടിച്ചു ….’എന്റെ മയിൽപീലി ‘ ….അതേ ….എന്റെ പ്രണയം ഞാൻ സൂക്ഷിക്കുന്നത് എന്റെ ഈ മയില്പീലിക്കുള്ളിൽ ആണ് ……ഈ ഡയറി നിറയെ മയിൽപീലി തണ്ടിനാൽ കോറിയിട്ട എന്റെ പ്രണയമാണ് …. എന്റെ മാത്രം പ്രണയം …..രണ്ട് തുള്ളി മിഴി നീർ അടർന്നു ആ അക്ഷരങ്ങളിക്കേക്ക് വീണു .
പതിയെ ആ ഡയറിയുടെ താളുകൾ മറിച്ചു ….. അതിലെ ഓരോ താളുകളിലും ഒരു നൂറാവർത്തി ആ പേര് എഴുതിയിരുന്നു …..പല വർണ്ണങ്ങളിൽ , പല വലിപ്പത്തിൽ ,പല രൂപത്തിൽ ……. മയിൽപീലി തണ്ടിൽ ചായം മുക്കി ഡയറി താളുകളിൽ ആ പേര് കോറിയിടുമ്പോൾ ഓരോ തവണയും അത് എഴുതപ്പെട്ടത് എന്റെ ഹൃദയത്തിൽ ആണ്…..ആദ്യ താളിൽ മറയായി ഇരുന്ന മയിൽപീലി നീക്കി ആ പേര് വീണ്ടും വായിച്ചു……
“”””അഭിമന്യു “”””
മയിൽപീലിയാൽ കോറിയിട്ട എന്റെ പ്രണയം …..
വളരെ കുറച്ചു തവണ മാത്രമേ തമ്മിൽ സംസാരിക്കേണ്ടി വന്നിട്ടുള്ളൂ ….അതും ഒന്നോ രണ്ടോ വാചകങ്ങൾ ….. ആ വാചകങ്ങൾ പോലും ഈ മയിൽപീലിതാളുകളിൽ ഞാൻ സൂക്ഷിചിച്ചിട്ടുണ്ട് ….
അവൾ ആ ഡയറിയുടെ അവസാന താൽ വരെ മറിച്ചു നോക്കി …. ഓരോ താളിലും എഴുതി വച്ച പേര് വീണ്ടും വീണ്ടും വായിച്ചു …എത്ര വായിച്ചിട്ടും മതിയാകാത്തത് പോലെ …..
ചായക്കൂട്ടുകളാൽ ആ മുഖവും ഇതിലേയ്ക്ക് പകർത്താൻ പലവുരു ശ്രമിച്ചിട്ടുണ്ട് ….. അതിന് മാത്രം കഴിഞ്ഞില്ല …. ആ മാസ്മരികമായ കഴിവ് തനിക്ക് അന്യമായിരുന്നു ….. പക്ഷെ അതിൽ വിഷമം തോന്നിയില്ല …. വെറുതെ ചുവരിൽ ഒന്ന് നോക്കിയാൽ പോലും തെളിഞ്ഞു വരുന്നത് ആ മുഖം ആയിരുന്നു . അത്രയേറെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് ആ മുഖം എന്റെ ഹൃദയത്തിൽ …..
ആണ്കുട്ടികളോട് സംസാരിക്കാൻ ഭയന്നിരുന്ന , അപരിചിതരായ ആണ്കുട്ടികളുടെ മുഖത്ത് നോക്കാൻ പോലും മടി കാണിച്ചിരുന്ന താൻ എപ്പോഴാണ് ഒരാളിനെ പ്രണയിക്കാൻ തുടങ്ങിയത് ? ആദ്യം പ്രണയം ആളിനോടായിരുന്നില്ല , ആ പേരിനോടായിരുന്നു . ‘അഭിമന്യു ‘എന്ന ആ പേരിനോട് ….കുഞ്ഞു നാൾ മുതൽ മുത്തശ്ശി പറഞ്ഞു തന്ന കഥകളിൽ മനസ്സിൽ പതിഞ്ഞ കഥാപാത്രം ….മഹാഭാരതത്തിലെ അഭിമന്യു !!!
മഹാഭാരതം കഥ മുത്തശ്ശി പല തവണ പറഞ്ഞിട്ടുണ്ട് . ഓരോ തവണയും ഇഷ്ടത്തോടെ കേട്ടിരിക്കും ….. കൃഷ്ണനെക്കാൾ ,.അർജുനനെക്കാൾ ,യുധിഷ്ഠിരനെക്കാൾ ഉള്ളിൽ കയറിയത് അഭിമന്യു ആണ് ..ചക്ര വ്യൂഹത്തിൽ അകപ്പെട്ടിട്ടും മരണം മുന്നിൽ കണ്ടിട്ടും അവസാന ശ്വാസം വരെ വീറോടെ പോരാടിയ അഭിമന്യു !
ഓരോ തവണ കേൾക്കുമ്പോഴും ആ കഥാപാത്രത്തിനോടുള്ള ഇഷ്ടം കൂടിക്കൂടി വന്നു…. അഭിമന്യു എന്നെ ആ കഥാപാത്രത്തിനോട് ആരാധന ആയിരുന്നു …. ആ പേരിനോട് പ്രണയവും ….
കൗമാരത്തിൽ എത്തിയപ്പോൾ യുക്തിക്കു പോലും നിരക്കാത്ത പലതും ചിന്തിച്ചു കൂട്ടിയിട്ടുണ്ട് .പോയ ജന്മത്തിൽ അഭിമന്യുവിനെ പ്രണയിച്ച അഭിമന്യുവിനാൽ വരണ മാല്യം അണിയിക്കപ്പെട്ട ഉത്തര ആയിരുന്നു ഞാൻ എന്ന് വരെ ചിന്ദിച്ചിട്ടുണ്ട് ….മഹാഭാരതത്തിൽ അഭിമന്യുവിന്റെ മരണത്തോടെ പകുതിയിൽ മുറിഞ്ഞു പോയ പ്രണയം പൂർത്തീകരിക്കാനുള്ള പുനർജ്ജന്മം ആണ് ഇതെന്ന് ചിന്തിച്ചു അഭിമന്യുവിനെ മാത്രം സ്വപ്നം കണ്ട് ഉറങ്ങിയ കൗമാര ദിനങ്ങൾ …. ആ നാളുകളിൽ എപ്പോഴോ ആ പേരിന് ഒരു മുഖവും സങ്കല്പിച്ചു നൽകിയിരുന്നു …. നക്ഷത്ര കണ്ണുകളും നുണക്കുഴി കവിളുകളുമായി മനോഹരമായി പുഞ്ചിരിക്കുന്ന ഒരു മുഖം….അതൊക്കെയും കൗമാരത്തിലെ മനസ്സിന്റെ ചാപല്യങ്ങൾ ആയിരുന്നു എന്നും ഭ്രാ ന്തൻ ചിന്തകൾ ആണെന്നും മനസിലായത് യൗവനത്തിൽ എത്തിയപ്പോഴാണ് ….
ചിന്തിച്ചു കൂട്ടിയതൊക്കെ ഓർത്ത് സ്വയം പുച്ഛം തോന്നിയിരുന്നു പിന്നീട് . പക്ഷെ അപ്പോഴും ആ പേരിനോടുള്ള പ്രണയം മാഞ്ഞു പോയില്ല .
ഒന്നാം വർഷം പിജിക്കു പഠിക്കുമ്പോഴാണ് ഞങ്ങളുടെ പഴയ വീട്ടിലേയ്ക്ക് പുതിയ താമസക്കാർ വരുന്നത് . അവര് പുതിയ വീട് വയ്ക്കുന്നുണ്ടെന്നും അത് പൂർത്തിയാകുന്നത് വരെ മാത്രമേ ഇവിടെ ഉണ്ടാകുള്ളൂ എന്നും അമ്മ പറയുന്നത് കേട്ടു . ഒരു കൂട്ടുകാരിയെ കിട്ടുന്നതിൽ അമ്മ വലിയ സന്തോഷത്തിൽ ആയിരുന്നു . വന്നതിന്റെ അന്ന് തന്നെ അവർ വീട്ടിലേയ്ക്ക് വന്നു . ഞങ്ങളെയൊക്കെ പരിചയപ്പെടാൻ …. ഒരു അങ്കിളും ആന്റിയും അവരുടെ മകനും .
കോളേജിൽ നിന്നും വരുമ്പോൾ എല്ലാ പേരും ഹാളിൽ ഉണ്ടായിരുന്നു . ആന്റിയെ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത് . ഫ്രഷ് ആയി തിരികെ വരുമ്പോഴും അവർ അവിടെ തന്നെ ഉണ്ടായിരുന്നു . ആന്റി എന്നെയും ഒപ്പം പിടിച്ചിരുത്തി ഒത്തിരി സംസാരിച്ചു . ആന്റി മകന്റെ പേര് പറയുന്നത് വരെ എന്റെ ചിന്ത മുഴുവൻ അടുത്ത ദിവസം നടക്കാനിരിക്കുന്ന പരീക്ഷയെക്കുറിച്ചു മാത്രം ആയിരുന്നു. അഭിമന്യു എന്ന പേര് കേട്ടപ്പോൾ എതിർവശത്തിരുന്ന് അച്ഛനാട് സംസാരിക്കുന്ന ആളിനെ ഒന്നു പാളി നോക്കി. അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി. എന്നോ അഭിമന്യുവിന് ഞാൻ എന്റെ സങ്കല്പത്തിലൂടെ മെനഞ്ഞെടുത്ത അതേ രൂപമായിരുന്നു എന്റെ മുന്നിൽ കണ്ടത്. അച്ഛനോട് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു ആള്. നുണക്കുഴികൾ വിരിയുന്ന ആ ചിരിയിൽ നോക്കി ലയിച്ചിരുന്നു പോയി ഞാൻ. കുറച്ചു സമയം കഴിഞ്ഞാണ് എനിക്ക് സ്ഥലകാലബോധം ഉണ്ടായത്. ചമ്മലോടെ ചുറ്റും നോക്കി . സംസാരത്തിൽ മുഴുകിയിരുന്നവരാരും എന്റെ നോട്ടം കണ്ടില്ല എന്ന് മനസ്സിലായപ്പോഴാണ് ആശ്വാസമായത്.
പിന്നീട് ആന്റി ആളിനെക്കുറിച്ചു പറഞ്ഞതൊക്കെ ഞാൻ ശ്രദ്ധയോടെ ശ്രവിച്ചിരുന്നു…. ആന്റിക്ക് രണ്ട് മക്കളാണ് …. ഇരട്ടകൾ , മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ചവർ … ഇളയ ആളുടെ പേര് അഭിജിത്ത് . ആള് സോഫ്റ്റ്വെയർ എഞ്ചിനീയർ ആണ് . മൂത്തയാളാണ് എന്റെ മുന്നിൽ ഇരിക്കുന്നത് . ആള് സിറ്റിയിലെ സാമാന്യം പ്രസിദ്ധമായ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും .
പിന്നീട് അങ്ങോട്ട് എനിക്ക് ഉണ്ടായ മാറ്റം എനിക്ക് പോലും ഉൾക്കൊള്ളാൻ ആയില്ല . ഞാൻ പോലും അറിയാതെ ആ പേരിനുടമ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു . എന്റെ ചിന്തകൾ ശരിയായ ദിശയിൽ അല്ല എന്ന തോന്നൽ ഉണ്ടായപ്പോൾ മനസ്സിന് കടിഞ്ഞാൺ ഇടാൻ ശ്രമിച്ചു . പരസ്പരം കാണേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു . കണ്ടാൽ തന്നെ ആളിനെ ശ്രദ്ധിക്കാതിരിക്കാൻ നോക്കി …. എല്ലാം വിഫലമാവുകയായിരുന്നു ….എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പലപ്പോഴും എനിക്ക് കഴിഞ്ഞില്ല .
എന്റെ ഉള്ളിൽ പ്രണയം നാമ്പിടുന്നതും എന്റെ ഹൃദയം പൂർണമായും അതിന് വിധേയമാകുന്നതും വേദനയോടെ ഞാൻ നോക്കി നിന്നു …. കടിഞ്ഞാൺ പൊട്ടിച്ചു അനുസരണ ഇല്ലാതെ പായുന്ന ഒരു കുതിരയെപ്പോലെ എന്റെ മനസ്സ് ആ പേരിന്റെ ഉടമയ്ക്ക് പിറകെ സഞ്ചരിച്ചു കൊണ്ടേ ഇരുന്നു …. പക്ഷെ ആരോടും ഒന്നും തുറന്നു പറയാൻ എനിക്ക് ധൈര്യം ഉണ്ടായില്ല .
എന്റെ പ്രണയം അറിഞ്ഞത് എന്റെ ഈ മയിൽപീലി ആയിരുന്നു …എന്റെ പ്രണയത്തെക്കുറിച്ചു ഞാൻ സംസാരിച്ചത് ഇവളോട് മാത്രം ആയിരുന്നു …ഞങ്ങൾ മാത്രം ഉള്ളപ്പോൾ ഞാൻ എന്റെ പ്രണയത്തെക്കുറിച്ച് ഇവളോട് വാചാലയാകും ….ഓരോ മയിൽപീലി താളിലും എന്റെ പ്രണയം നിറച്ചിടും ….തുറന്നു പറയാൻ ധൈര്യം ഇല്ലാതിരുന്നിട്ടും , സ്വന്തമാകും എന്ന് പ്രതീക്ഷ ഇല്ലാതിരുന്നിട്ടും ഞാൻ ഭ്രാന്തമായി പ്രണയിച്ചു …. സ്വപ്നങ്ങളിലും ആ മുഖം വിരുന്നു വരാൻ തുടങ്ങിയപ്പോൾ ആ പേരിനേക്കാൾ അധികം ഞാൻ ആളിനെ സ്നേഹിക്കാൻ തുടങ്ങി …..
ഒരിക്കൽ ഒരാളിനോട് മാത്രം എനിക്ക് എന്റെ പ്രണയം തുറന്ന് പറയേണ്ടി വന്നു . എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ആവണിയോട് ….ഞങ്ങൾ കോളേജിലേക്ക് പോകുന്നതും വരുന്നതും ഒരുമിച്ചാണ് . ഒരിക്കൽ കോളേജിൽ നിന്നും തിരികെ വരുമ്പോൾ അവളെ ഒരു ബൈക്ക് ചെറുതായി മുട്ടി . ആഴത്തിലുള്ള പരിക്കുകൾ ഉണ്ടായില്ലെങ്കിലും മറിഞ്ഞു വീണ് കാലിലും കയ്യിലും ഒക്കെ മുറിവുകൾ ഉണ്ടായി . ഞാൻ അവളെയും കൂട്ടി അടുത്തുള്ള ഹോസ്പിറ്റലിലേയ്ക്ക് പോയി . ക്യാഷ്വലിറ്റിയിൽ അവളെ നോക്കാനായി വന്ന ഡോക്ടറിനെ കണ്ടപ്പോഴാണ് ആള് അവിടെയാണ് ജോലി ചെയ്യുന്നത് എന്ന് എനിക്ക് മനസിലായത് . മനസ്സ് വിലക്കിയിട്ടും അനുസരണയില്ലാതെ കണ്ണുകൾ പല തവണ ആ മുഖത്തേയ്ക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു . വീട്ടിൽ എത്തി ഉടനെ ആവണിയുടെ കാൾ വന്നു . ഒടുവിൽ അവളോട് എല്ലാം സമ്മതിക്കേണ്ടി വന്നു .
കേട്ട പാടേ അവൾ പറഞ്ഞു
“”പെണ്ണേ നീ വേഗം ആ ഡോക്ടറിനോടോ വീട്ടുകാരോടോ പറഞ്ഞോ . അതാ നല്ലത് …പറയാൻ പേടിയാണ് മടിയാണ് എന്നൊന്നും പറഞ്ഞു ഇരുന്നിട്ട് ഒരു കാര്യോം ഇല്ല …””
“”എനിക്ക് ഇതൊന്നും ആരോടും പറയാൻ കഴിയില്ലെടി … എന്റെ പ്രണയം ഈശ്വരൻ കാണും എന്ന് തന്നെയാണ് എന്റെ വിശ്വാസം . “”
“”മ്മ് …നീ അവിടെ ഓരോ വട്ടും പറഞ്ഞ് ഇരുന്നോ …അയാളെ വല്ല ഡോക്ടർ പെൺപിള്ളേരും അടിച്ചോണ്ട് പോകും .നോക്കിക്കോ ?”” മറുപടിയായി ഞാൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത് .
ദിവസങ്ങൾ കഴിയും തോറും ആ മുഖം എന്റെ മനസ്സിൽ ഒരിക്കലും മായ്ക്കാനാകാത്ത വിധം പതിഞ്ഞു തുടങ്ങിയിരുന്നു ….
പ്രാക്ടിക്കൽ എക്സാമിന്റെ തലേന്നാണ് അച്ഛൻ വീണ്ടും എന്നോട് വിവാഹ കാര്യം സംസാരിച്ചത് . ഞാൻ എന്റെ ജീവിതം നൽകാൻ ആഗ്രഹിച്ച , എന്റെ ഹൃദയം നിറഞ്ഞു നിന്ന ആളിന്റെ പേര് അച്ഛന്റെ നാവിൽ നിന്നും കേട്ടപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു എനിക്ക് ….
പക്ഷെ ആ സന്തോഷത്തിനു അധികം ആയുസ്സ് ഉണ്ടായില്ല . ജാതകം വില്ലൻ ആയപ്പോൾ ,ഇനി ഒരിക്കലും ഒന്നിക്കാനാകാത്ത വിധം എന്റെ പ്രണയം എന്നിൽ നിന്നും അകന്ന് പോകുന്നത് അറിഞ്ഞു ഹൃദയം നുറുങ്ങുന്ന വേദനയോടെ നിശ്ശബ്ദയാകാനേ എനിക്ക് കഴിഞ്ഞുള്ളു ….
അവസാന താളും മറിച്ചു കഴിഞ്ഞ് ‘എന്റെ മയിൽപീലി’ മടക്കി വയ്ക്കുമ്പോൾ കണ്ണുകൾ കവിഞ്ഞു ഒഴുകിയ കണ്ണുനീർ കവിളിനൊപ്പം ഹൃദയത്തെയും പൊള്ളിക്കുന്നുണ്ടായിരുന്നു .
കണ്ണുകൾ തുടച് അടുക്കളയിലേയ്ക്ക് ചെല്ലുമ്പോൾ അമ്മ അമ്മയുടെ ജോലിയിൽ മുഴുകിയിരുന്നു.
എന്റെ വിഷാദം നിറഞ്ഞ മുഖം കണ്ടിട്ടാകും അമ്മ അരികിലേക്ക് വന്ന് ചേർത്തു പിടിച്ചു …
“”എന്ത് പറ്റി അമ്മേടെ കുട്ടന് ? വയ്യായ്ക വല്ലതും ഉണ്ടോ ?”” എന്ന ചോദ്യത്തോടൊപ്പം കൈ നെറ്റിയിലും കവിളിലും വച്ച് നോക്കുകയും ചെയ്തു .
“”ഒന്നും ഇല്ലമ്മേ …ഒരു ചെറിയ തല വേദന “” എന്നൊരു നുണ പറഞ്ഞു അമ്മയോട് ….
“”എന്നാ പിന്നെ മോള് പോയി കിടന്നോ . ഇവിടെ എനിക്ക് ചെയ്യാനുള്ള പണികളെ ഉള്ളൂ “”
അമ്മ വീണ്ടും അമ്മയുടെ ജോലികളിലേക്ക് തിരിഞ്ഞു .
കിടക്കാൻ തോന്നിയില്ല . വെറുതെ ടീവി യുടെ മുന്നിൽ പോയിരുന്നു . കണ്ണ് ടീവി യിൽ ആയിരുന്നു എങ്കിലും മനസ്സ് മറ്റെവിടെയൊക്കെയോ ആയിരുന്നു . എനിക്ക് നിയന്ത്രിക്കാൻ ആകാത്ത എന്തൊക്കെയോ ചിന്തകളിൽ അത് മുഴുകി പോയിരുന്നു .
അവരൊക്കെ വന്നപ്പോഴും ഞാൻ ടീവി യുടെ മുന്നിൽ തന്നെ ആയിരുന്നു …. തല വേദന ആയിട്ടും ടീവി കണ്ടതിനു അമ്മ സ്നേഹത്തോടെ ശകാരിക്കുകയും ചെയ്തു . ഇത്തവണ എന്റെ കണ്ണുകളെ ബന്ധിക്കുന്നതിൽ മനസ്സ് ഒരു പരിധി വരെ വിജയിച്ചു . ഒന്നോ രണ്ടോ തവണ മാത്രമേ ആ മുഖത്തേയ്ക്ക് എന്റെ നോട്ടം എത്തിയുള്ളൂ …
പതിവിനു വിപരീതമായി ഞാൻ പൂർണമായും നിശ്ശബ്ദയായിരുന്നു . സാധാരണ ആന്റിയോട് എന്തെങ്കിലുമൊക്കെ സംസാരിക്കാറുള്ളതാണ് . അത് കൊണ്ടാകും ആളുടെ നോട്ടം ഇടയ്ക്കൊക്കെ എന്റെ നേരെ നീളുന്നുണ്ടായിരുന്നു . പോകുന്നതിന് മുൻപ് കുറച്ചു സമയം ആന്റിയും അങ്കിളും അച്ചനോടും അമ്മയോടും എന്തോ കാര്യമായി ചർച്ച ചെയ്യുന്നത് കണ്ടു . ആ നേരമത്രയും എന്റെ തല വേദന മാറാനുള്ള മാർഗങ്ങൾ എനിക്ക് പറഞ്ഞു തരികയായിരുന്നു ആള് . ആദ്യമായാണ് ദീർഘ നേരം ആള് എന്നോട് സംസാരിക്കുന്നത് . മറ്റൊരിക്കൽ ആയിരുന്നു എങ്കിൽ ഞാൻ ഒത്തിരി സന്തോഷിച്ചേനെ …. ഇപ്പോൾ എങ്ങനെയും ആ മുന്നിൽ നിന്നും രക്ഷപെട്ടാൽ മതിയെന്നാണ് തോന്നിയത് .
അവരൊക്കെ പോയിക്കഴിഞ്ഞു അച്ഛൻ എന്നെ അടുത്ത് പിടിച്ചിരുത്തി ചേർത്ത് പിടിച്ചു പറഞ്ഞു …
“” അച്ഛന്റെ മോളുനോട് അച്ഛന് ഒരു കൂട്ടം പറയാനുണ്ട് . മനുന്റെ വിവാഹം തീരുമാനിച്ച വിവരം പറയാൻ വേണ്ടി മാത്രമല്ല അവര് വന്നത് . “” അച്ഛൻ എന്നെ ഒന്ന് കൂടി ചേർത്ത് പിടിച്ചു .
“”അവർക്ക് മോളെ ഒത്തിരി ഇഷ്ടമാണ് . വീണ്ടും മരുമകളായി മോളെ ചോദിക്കാൻ കൂടിയാണ് അവര് വന്നത് “”
അതിശയത്തിൽ തല ഉയർത്തി അച്ഛനെ നോക്കി . ഉള്ളിൽ എവിടെയോ അണയാതെ കിടന്ന പ്രതീക്ഷയുടെ തിരി നാളം ജ്വലിക്കാൻ തുടങ്ങുന്നതറിഞ്ഞു .
“”മനുവിന്റെ അനിയൻ അഭിജിത്തിനെ മോൾക്ക് അറിയാല്ലോ ? നല്ല പയ്യനാ…മനുവിന്റെയും ജിത്തുവിന്റെയും കല്യാണം ഒരുമിച്ച് നടത്തണം എന്നാണ് അവരുടെ ആഗ്രഹം . ഞാൻ അർദ്ധ സമ്മതം അറിയിച്ചു . മോളോട് ചോദിച്ചിട്ട് തീർച്ചപ്പെടുത്താം എന്ന് കരുതി .””
ഒരു നിമിഷം കൊണ്ട് പ്രതീക്ഷകൾ എല്ലാം തകർന്നു . മുഖം ഒളിപ്പിക്കാൻ എന്ന വണ്ണം ഞാൻ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു …. എന്ത് പറയണം എന്ന് എനിക്ക് അറിയുമായിരുന്നില്ല ….
“” മോള് സമ്മതിക്കണം. അവര് നല്ല ആൾക്കാരാ… ശ്രീദേവിടെ അടുത്തേയ്ക്ക് നിന്നെ വിടാൻ എനിക്ക് സന്തോഷം ആണ് മോളെ . എന്നേക്കാൾ നന്നായി അവൾ നിന്നെ നോക്കും . നിന്റെ നല്ല ഭാവി ആണ് ഞങ്ങൾക്ക് വലുത് . മോള് സമ്മതിക്ക് “”
അമ്മയോട് പറയാൻ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല . നിശബ്ദയായി ഞാൻ ഉള്ളിൽ കരഞ്ഞു കൊണ്ടിരുന്നു . ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നതാണ് . പക്ഷെ , ആളിന്റെ അനുജനെ തന്നെ വിവാഹം ചെയ്യേണ്ട അവസ്ഥ ! ഇനി കാണരുത് എന്ന് കരുതിയ ആളിനെ എന്നും കാണേണ്ടി വരും …… സംസാരിക്കേണ്ടി വരും …. ആളിന്റെ വിവാഹം അടുത്ത മാസം ആണെന്ന് പറയുന്നത് കേട്ടിരുന്നു . അപ്പോൾ തന്റേതും ….?? അതിനിടയിൽ എല്ലാം മനസ്സിൽ നിന്നും മായ്ച്ചു കളയണം … ആ പേരും മുഖവും എല്ലാം …. കഴിയുമോ ?
“” നിങ്ങൾ തമ്മിൽ നേരത്തേ കണ്ടിട്ടുണ്ടല്ലോ ? അത് കൊണ്ട് ഇനി പെണ്ണ് കാണലും എൻകേജ്മെൻറും ഒന്നും വേണ്ട എന്നാണ് അവര് പറയുന്നത് .””
അച്ഛന്റെ തീരുമാനത്തെ എങ്ങനെ എതിർക്കും ? അമ്മയുടെ അപേക്ഷ എങ്ങനെ തള്ളി കളയും ? എന്ത് കാരണമായി പറയും ? നുണകൾ ഒന്നും ഇല്ല എന്റെ പക്കൽ …. വിശ്വസനീയമായ നുണകൾ ഒന്നും കിട്ടാനും പോകുന്നില്ല . ഇരുവരുടെയും മുഖത്തെ പ്രതീക്ഷ എന്നെ കൂടുതൽ തളർത്തി ….നിശ്ശബ്ദയാക്കി ….
ദിവസങ്ങൾ ശര വേഗത്തിൽ കടന്ന് പോയി . ഒരിക്കലും വരരുത് എന്നാഗ്രഹിച്ച ആ ദിവസം തൊട്ടരികിൽ എത്തി …
വിവാഹ തലേന്നുള്ള ഫങ്ക്ഷൻ ഒക്കെ കഴിഞ്ഞ് ബന്ധുക്കൾ പോയിക്കഴിഞ്ഞു …. റൂമിലേയ്ക്ക് എത്തി ഫ്രഷ് ആയിക്കഴിഞ്ഞു ആദ്യം തിരഞ്ഞത് ‘എന്റെ മയിൽപീലി ‘ ആണ് . കൈയിലെ ഡയറി നെഞ്ചോട് ചേർത്ത് പിടിച്ചു കുറച്ചു സമയം നിന്നു .. താൻ പോലും അറിയാതെ തന്നിൽ നാമ്പിട്ട പ്രണയം …. സ്വപ്ങ്ങളും പ്രതീക്ഷകളും നൽകി വളർത്തിയ തന്റെ പ്രണയം …. അത് തളിർക്കുന്നതും ഇലകൾ വരുന്നതും ശിഖരങ്ങൾ മുളയ്ക്കുന്നതും ഒട്ടൊരു കൗതുകത്തോടെയാണ് വീക്ഷിച്ചിരുന്നത് ….അത് പടർന്നു പന്തലിക്കാൻ തുടങ്ങിയപ്പോൾ എപ്പോഴൊക്കെയോ പറിച്ചു മാറ്റാൻ ശ്രമിച്ചിട്ടുണ്ട് . കഴിഞ്ഞില്ല ….ഇന്നതിന്റെ വേരുകൾ ഹൃദയത്തിൽ ആകെ പടർന്നിരിക്കുന്നു …അത് കൂടുതൽ കൂടുതൽ ഹൃദയത്തെ വരിഞ്ഞു മുറുക്കുന്നു …. ഇനി ഒരിക്കലും പൂവിടില്ല എന്ന് ഉറപ്പുള്ള ആ വൃക്ഷത്തെ പറിച്ചെറിയണം ഹൃദയത്തിൽ നിന്നും …. അതിന് ശ്രമിച്ചപ്പോഴൊക്കെ ഹൃദയത്തിനു ഉള്ളിലേയ്ക്ക് അതിന്റെ വേരുകൾ ആഴ്ന്നിറങ്ങുകയാണ് ചെയ്തത് . പറിച്ചെറിയുമ്പോൾ രക്തം കിനിയുമായിരിക്കും ….എങ്കിലും അത് ചെയ്യണം …. ആ വൃക്ഷത്തണലിന്റെ സുഖമുള്ള നേർത്ത കുളിരിൽ സുഖ സുഷുപ്തിയിൽ ആണ്ടിരുന്ന , സുന്ദര സ്വപ്നങ്ങൾ കണ്ട് ഉറങ്ങിയിരുന്ന നാളുകൾ ഇനി അന്യമാണ് . ഇനി ആ ഓർമ്മകൾ പോലും ഉണ്ടാകാൻ പാടില്ല .
ആ ഡയറി നശിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത് . അതിന് കഴിയാതെ വന്നപ്പോൾ അതിനുള്ളിലെ മയില്പീലിയോട് തന്റെ പ്രണയവും ഹൃദയവും ചേർത്ത് വച്ച് പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു . പിന്നെ ഭദ്രമായി ഷെൽഫിൽ പൂട്ടി വച്ചു .
പിറ്റേന്ന് രാവിലെ അമ്മയോടൊപ്പം ദേവിയുടെ തിരു നടയിൽ കണ്ണുകൾ അടച്ച് കൂപ്പു കൈകളോടെ നിൽക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് ‘ എല്ലാം മറക്കാൻ ശക്തി തരണേ ദേവീ’ എന്നുള്ള പ്രാർത്ഥന ആയിരുന്നു . ഭാര്യയായി മരുമകളായി ആ വീട്ടിലേയ്ക്ക് നില വിളക്കുമായി വലത് കാൽ വച്ചു കയറുമ്പോൾ ഞാൻ എന്റെ മയില്പീലിയ്ക്കുള്ളിൽ പൂട്ടി വച്ചതൊന്നും എന്റെ ഹൃദയത്തിലേക്ക് തിരികെ എത്തരുതേ എന്ന് , ഭർത്താവിന്റെ ജേഷ്ഠനെ സ്വന്തം ജേഷ്ഠനായി കാണാൻ കഴിയണേ എന്ന് , ഞാൻ കാരണം ആ വീട്ടുകാർക്ക് ഒരു വിഷമവും ഉണ്ടാകാൻ ഇട വരരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു . തൊഴുത് ഇറങ്ങുമ്പോഴും ഒന്ന് കൂടി തിരിഞ്ഞു നിന്നു .കൈകൾ കൂപ്പി ഒന്ന് കൂടി വിഗ്രഹത്തിലേയ്ക്ക് നോക്കി തൊഴുതു….നിയന്ത്രിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി .
അതേ അമ്പല നടയിൽ വച്ചായിരുന്നു താലി കെട്ട് . ആളുടെ മുന്നിൽ വന്ന് നിൽക്കുമ്പോഴും താലിയ്ക്കായി തല കുനിയ്ക്കുമ്പോഴും ആ മുഖത്തേയ്ക്ക് നോക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല . താലി കഴുത്തിൽ വീഴുമ്പോഴും ഒഴുകുന്ന മിഴികളോടെ കണ്ണുകൾ അടച്ച് കൈ കൂപ്പി നിന്നു . എന്തോ വലിയ തെറ്റ് ചെയ്തത് പോലെ മനസ്സാകെ കലങ്ങി മറിഞ്ഞിരുന്നു ….
ആള് എന്റെ തടിയിൽ പിടിച്ചു മുഖം ഉയർത്തിയപ്പോഴാണ് ഞാൻ ആ മുഖത്തേയ്ക്ക് നോക്കിയത് തന്നെ …ഒന്ന് ശബ്ദിക്കാൻ പോലും ആകാതെ അദ്ഭുതത്താൽ വിടർന്ന മിഴികളോടെ ആ മുഖത്തേയ്ക്ക് തന്നെ നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളു….
“”എന്താടി കാന്താരി …നീ പ്രതീക്ഷിച്ച ആളല്ല അല്ലേ ?””
എന്ന അച്ഛന്റെ ചോദ്യം കേട്ടപ്പോഴാണ് ഞാൻ ബോധത്തിലേക്ക് തിരികെ വന്നത് .
“”നിനക്ക് ഇവനോടുള്ള ഇഷ്ടം നിന്റെ കൂട്ടുകാരി പറഞ്ഞിട്ട് വേണം അല്ലേ ഞങ്ങൾ അറിയാൻ ? നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ നിന്റെ അമ്മ . അവളോടെങ്കിലും നിനക്ക് പറയാമായിരുന്നു .”” എന്ന് അച്ഛൻ പറഞ്ഞപ്പോൾ ആ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു പോയി ഞാൻ .
“”നിന്റെ നാവിൽ നിന്ന് തന്നെ അത് കേൾക്കാൻ ഞങ്ങൾ പലതും പറഞ്ഞില്ലേ ?പറയില്ല എന്ന് നിനക്ക് വാശി ആയിരുന്നല്ലോ ?അപ്പൊ പിന്നെ നിന്നെ ഒന്ന് കളിപ്പിക്കാൻ തന്നെ ഞങ്ങളും തീരുമാനിച്ചു .”” എന്നെ ചേർത്ത് പിടിച്ചു അച്ഛൻ അത് പറയുമ്പോൾ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ .
ഒക്കെ കെട്ട് ചിരിയോടെ നിൽക്കുകയായിരുന്നു അമ്മയും ആവണിയും അദ്ദേഹവും എല്ലാം ….
കതിർ മണ്ഡപത്തിൽ എന്റെ കൈ അദ്ദേഹത്തിന്റെ കയ്യിലേക്ക് ചേർത്ത് വയ്ക്കുമ്പോൾ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു …..
എന്റെ കയ്യിൽ അദ്ദേഹം മുറുകെ പിടിക്കുമ്പോൾ കണ്ണുകൾ ഉയർത്തി ആ മുഖത്തേയ്ക്ക് നോക്കി …. നുണക്കുഴികൾ വിരിയിച്ചു നിറഞ്ഞ ചിരിയോടെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ , ആ മയിൽപീലി താളുകളിൽ ഒളിപ്പിച്ച എന്റെ പ്രണയം വീണ്ടും എന്റെ ഹൃദയത്തോട് ചേരുന്നത് ഞാൻ അറിഞ്ഞു . മനസ്സ് നിറഞ്ഞു ചിരിക്കുമ്പോഴും രണ്ട് തുള്ളി നീർ മുത്തുകൾ എന്റെ കൺ കോണിൽ തങ്ങി നിന്നിരുന്നു .
(അവസാനിച്ചു )
പ്രണയം വിഷയമാക്കി ഒരു ചെറുകഥ എഴുതുന്നത് ആദ്യമാണ്. നന്നായൊന്നു അറിയില്ല. അഭിപ്രായങ്ങൾ പറയണേ…