കാലാകാലങ്ങളിൽ കിട്ടിയിരുന്ന വെയിലും മഴയും മഞ്ഞും ഒക്കെ ഇന്ന് ഒരോർമ മാത്രാ കുഞ്ഞേ…

Story written by Neelima

=================

“”അമ്മമ്മേ ….””

സ്കൂളിൽ നിന്നും വന്ന പാടേ ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു ഉണ്ണിക്കുട്ടൻ സുഭദ്രയുടെ മടിയിലേക്ക് ചാടി കയറി ഇരുന്നു . കയ്യിൽ ഇരുന്ന പുരാണ പുസ്തകം മടക്കി വച്ച് സുഭദ്ര അവനെ കെട്ടിപിടിച്ചു .

“”അമ്മാമ്മേടെ ഉണ്ണിക്കുട്ടി വന്നോ ? എന്തെ ഇന്ന് ഇച്ചിരി താമസിച്ചൂല്ലോ ?””

“”ഗേറ്റിൽ വച്ച് മാഷപ്പൂപ്പനെ കണ്ടു . കുറച്ചു നേരം അപ്പൂപ്പന്റെ ഫ്ലാറ്റിനു മുന്നിൽ സംസാരിച്ചു നിന്നു . എന്ത് രസാ മാഷപ്പൂപ്പനോട് സംസാരിക്കാൻ ? അമ്മമ്മയോട് സംസാരിക്കണ പോലെ തന്നെ …””

ഉണ്ണിക്കുട്ടൻ ഒന്ന് കൂടി സുഭദ്രയോട് ഒട്ടി ഇരുന്നു …..അവർ ചിരിയോടെ അവന്റെ മുടിയിൽ തഴുകി .

“”ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ അമ്മമ്മേ ?””

ഉണ്ണി തല ചരിച്ചു സുഭദ്രയെ നോക്കി …

“”അമ്മമ്മേടെ ചക്കര ചോദിക്ക് …””

“”ഈ പൂമ്പാറ്റകളെ കണ്ടാല് പൂക്കളെപ്പോലെ ഉണ്ടാവുക്കോ ?””

“”എന്താ എന്റെ ഉണ്ണിക്കുട്ടിയ്ക്ക് ഇപ്പൊ അങ്ങനെ ഒരു സംശയം ?””

“”മാഷാപ്പൂപ്പൻ ഇന്ന് ഒരു കവിത പാടി തന്നു … കുമാരനാശാൻ എഴുതിയതാത്രേ …””

“”ഏതാ ആ പാട്ട് ?””

“”ഒരു കുഞ്ഞ് അമ്മയോട് പറയണതാ…

‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ തെറ്റി നിനക്കുണ്ണി ചൊല്ലാം -നല്‍പ്പൂ മ്പാറ്റകളല്ലേയിതെല്ലാം മേൽക്കുമേലിങ്ങിവ പൊങ്ങി വിണ്ണിൽ നോക്കമ്മേ എന്തൊരു ഭംഗി അയ്യോ പോയ് കൂടിക്കളിപ്പാൻ അമ്മേ വയ്യേ എനിക്കു പറപ്പാൻ…’

ഇത്രേ ഞാൻ പഠിച്ചുള്ളൂ ….എന്ത് രസാ അത് കേൾക്കാൻ തന്നെ ….””

വിടർന്ന കുഞ്ഞ് കണ്ണുകൾ ഉയർത്തി അവൻ സുഭദ്രയെ നോക്കി …

“”ശെരിക്കും ഈ പൂമ്പാറ്റകള് പൂക്കളാണോ അമ്മമ്മേ ? “”

“”അല്ലല്ലോ ഉണ്ണിക്കുട്ടി ….പക്ഷെ പൂക്കളേക്കാൾ സുന്ദരമാണ് പൂമ്പാറ്റകൾ …””

“”ഉണ്ണി പൂമ്പാറ്റയെ കണ്ടിട്ടില്ലാലോ അമ്മമ്മേ …””

അവൻ സങ്കടത്തിൽ തല ഉയർത്തി സുഭദ്രയെ നോക്കി …അവന്റെ കുഞ്ഞി കണ്ണുകളിൽ വിലപ്പെട്ടത് എന്തോ നഷ്ടമായത് പോലുള്ള വിഷമം അവർ കണ്ടു . അവർ വിഷമത്തോടെ അവന്റെ നെറുകയിൽ മുത്തം നൽകി .

“”ഈ ഫ്ലാറ്റിൽ എവിടെയാ മോനേ പൂമ്പാറ്റ ? ഈ തലമുറയിലെ നിങ്ങളെപ്പോലെയുള്ള കുട്ടിയോൾക്ക് പൂമ്പാറ്റകളും അണ്ണാറക്കണ്ണന്മാരും ഒക്കെ കാണാനുള്ള യോഗോല്യാ….””

“”പക്ഷെ ഇവിടേം പൂക്കൾ ഉണ്ടല്ലോ ? ഫ്ലാറ്റിനു മുന്നിലെ ചെടിച്ചട്ടിയില് ??…പിന്നെ എന്താ പൂമ്പാറ്റകൾ വരാത്തത് ?””

സുഭദ്ര ഒന്ന് ചിരിച്ചു . വിഷാദത്തിൽ കുതിർന്ന ചിരി …

“”തൊടിയും പാടവും വയലും ഒക്കെ നികത്തി ഫ്ലാറ്റും വീടും ഒക്കെ ആയപ്പോൾ പൂമ്പാറ്റയും അണ്ണാറക്കണ്ണന്മാരും മറ്റനേകം ജീവജാലങ്ങളും പുഴയും ഒക്കെ ഓർമ മാത്രമായി കുഞ്ഞേ …..””

“”അപ്പൊ ഉണ്ണിക്ക് ഇനി അതൊന്നും കാണാൻ കഴിയില്ലേ അമ്മമ്മേ ?”” നിഷ്കളങ്കമായ അവന്റെ ചോദ്യത്തിന് മുന്നിൽ ആ പാവം വൃദ്ധയുടെ കണ്ണ് നിറഞ്ഞു .

“”ഇല്ല്യ ഉണ്ണിക്കുട്ടിയെ ….ഇപ്പൊ മഴയും വെയിലും മഞ്ഞും പോലും കാലം തെറ്റിയല്ലേ വരണത് ? ഇപ്പൊ തന്നെ മകര മാസാ …എവിടെയാ മഞ്ഞു ?? പണ്ട് അമ്മമ്മക്ക് മോന്റെ പ്രായം ഉള്ളപ്പോ ഈ അവസരത്തിൽ രാവിലെ ഉണരാൻ ഭയങ്കര മടിയാ….എന്താ കാര്യം ???””

“”എന്താ കാര്യം ??”” ഉണ്ണി അതേ പോലെ ചോദിച്ചു കൊണ്ട് തല ചരിച്ചു അവരെ നോക്കി.

“”തണുപ്പ് തന്നെ ..മകര മാസത്തില് മരം കോച്ചണ മഞ്ഞാണ് …തണുത്തു വിറയ്ക്കും രാവിലെ …എഴുന്നേൽക്കാൻ മടിച്ചു കമ്പിളി പുതപ്പിനുണ്ണിൽ അങ്ങനെ ചുരുണ്ടു കൂടി കിടക്കും ….ഒടുവില് അമ്മെടെ തല്ല് കിട്ടും ന്ന് തോന്നുമ്പള എഴുന്നേക്കണേ …ഇന്ന് അത്രേം തണുപ്പ് വേണോങ്കില് ഫ്രിഡ്ജില് കേറി ഇരിക്കണം ….

കാലാകാലങ്ങളിൽ കിട്ടിയിരുന്ന വെയിലും മഴയും മഞ്ഞും ഒക്കെ ഇന്ന് ഒരോർമ മാത്രാ കുഞ്ഞേ …തുലാത്തിലും ഇടവത്തിലും മഴ …വൃശ്ചികത്തിലും മകരത്തിലും മഞ്ഞു ….കൃത്യമായ ഇടവേളകളിൽ വരുന്ന വേനൽ ….വേനലിന്റെ കാഠിന്യം കുറയ്ക്കാൻ ഇടയ്ക്ക് പെയ്യാറുള്ള വേനൽ മഴ ….എല്ലാം എല്ലാം പോയി …

ഉണ്ണിക്കുട്ടി പത്രങ്ങളിൽ ഒക്കെ കാണുന്നില്ലേ പ്രളയം …കൊടും വേനൽ …..എല്ലാം നമ്മൾ തന്നെ ഉണ്ടാക്കുന്നതാ കുഞ്ഞേ ….””

“”അപ്പൊ ഒക്കേത്തിനും കാരണം നമ്മൾ ആണെന്നാണോ അമ്മമ്മ പറയണേ ….””

“”പിന്നല്ലാതെ …ഉണ്ണിക്കുട്ടിക്ക് അമ്മമ്മ ഒരു കഥ പറഞ്ഞു തരാം ….യുറീക്ക എന്ന ബാല പ്രസിദ്ധീകരണത്തിലെ കഥ …..പണ്ട് മോന്റെ അച്ഛന് നിന്റെ പ്രായം ഉണ്ടായിരുന്നപ്പോൾ അമ്മമ്മ വായിച്ച് കൊടുത്തിട്ടുള്ളതാ ….””

കഥ എന്ന് കേട്ടതും ഉണ്ണി ഉഷാറായി ….നിറഞ്ഞ ചിരിയുമായി അവൻ സുഭദ്രയോട് പറഞ്ഞു …

“”വേഗം പറ അമ്മമ്മേ …അമ്മമ്മേടെ കഥകൾ നല്ല രസാ കേൾക്കാൻ ….””

“”ഉണ്ണിക്കുട്ടി വേഗം പോയി ഉടുപ്പൊക്ക മാറി വരൂ …””

“”അതൊക്കെ പിന്നെ …ഇപ്പൊ അമ്മമ്മ കഥ പറയൂ …”” ഉത്സാഹത്തോടെ അവൻ പറയുന്നത് കേട്ട് സുഭദ്ര അവനെ ഒന്ന് കൂടി ചേർത്ത് പിടിച്ച് കഥ പറയാൻ തുടങ്ങി .

“”കഥയുടെ പേര് തന്നെ രസമാണ് ….ഉണ്ണിയേട്ടന് ഒരക്കിടി പറ്റി ….””

“”ആഹാ ഉണ്ണിക്കുട്ടന്റെ പേരാണല്ലോ ? അപ്പൊ നല്ല കഥയായിരിക്കും ….ഈ അക്കിടി എന്ന് വച്ചാൽ എന്താ അമ്മമ്മേ ?”” അവൻ നെറ്റി ചുളിച്ചു സുഭദ്രയെ നോക്കി .

“”അക്കിടി എന്ന് വച്ചാൽ അബദ്ധം …ഉണ്ണിയേട്ടന് പറ്റിയ ഒരു വലിയ ഒരബദ്ധത്തിന്റെ കഥയാ …””

ആഹാ …നിറഞ്ഞ ചിരി വീണ്ടും ആ കുഞ്ഞു മുഖത്ത് തെളിഞ്ഞു …അത്യുത്സാഹത്തോടെ അവൻ കഥ കേൾക്കാൻ ഇരുന്നു .

“”നമ്മുടെ ഉണ്ണിയേട്ടൻ ആളൊരു നല്ല കർഷകനാണ് ….ഒരു ചെറിയ ഓട് പാകിയ വീട്ടിലാണ് ആളുടെ താമസം ….ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും ഭാര്യയും ഒക്കെ ഉണ്ടവിടെ …വീടിനു ചുറ്റും നൂറായിരം പൂച്ചെടികളും അവയിൽ നിറയെ പാറിക്കളിക്കുന്ന പൂമ്പാറ്റകളും ….ഈ പൂമ്പാറ്റകൾ ചെടിയിൽ നിറഞ്ഞ് ഇരിക്കുന്ന കണ്ടാല് ചെടി പൂക്കളാൽ പൊതിഞ്ഞു ഇരിക്കയാണെന്നു തൊന്നും …അത്ര രസാ കാണാൻ ….

തൊടിയിൽ ആണെങ്കിൽ കേട്ട് കേൾവി പോലും ഇല്ലാത്ത അത്രേം മരങ്ങൾ ….മാവ് പ്ലാവ് ആഞ്ഞിലി നെല്ലി അശോകം മന്താരം വാക തെങ്ങ് കശുമാവ് തേക്ക് ….എന്ന് വേണ്ട പൂക്കളും ഫലങ്ങളും തരുന്ന ഒത്തിരി വൃക്ഷങ്ങൾ !!

എല്ലാത്തിന്റെയും നടുവിലൂടെ ഒഴുകുന്ന ഒരുകുഞ്ഞു അരുവിയും ….””

“”അരുവിയോ ? അതെന്താ അമ്മമ്മേ ?””

“”അതൊന്നും എന്റെ കുഞ്ഞിന് ഇനി കാണാൻ കഴിയില്ല ….ഒരു കുഞ്ഞു പുഴ പോലെ ….കണ്ണ് നീര് പോലെ നല്ല തെളിഞ്ഞ വെള്ളാ അരുവിയില് …അടിത്തട്ടിലെ വെള്ളാരം കല്ലുകൾ വരെ നമുക്ക് വ്യക്തമായി കാണാം . താളത്തിൽ വെള്ളം ഒഴുകുന്ന ശബ്ദം ഒരു പാട്ട് പോലെ തൊന്നും …ചുറ്റിനും നിറയെ പൂച്ചെടികൾ ഉണ്ടാകും ….അതിൽ നിറയെ പൂക്കളും ….

നല്ല കുളിരുള്ള ഇളം കാറ്റേറ്റ് പൂക്കളെയും മരങ്ങളെയും പൂമ്പാറ്റകളെയും ഒക്കെ നോക്കി… കിളികളുടെ കളകളാരവം കേട്ട് .. അരുവിയുടെ കരയിൽ അങ്ങനെ നിൽക്കണം … മനസിനും ശരീരത്തിനും വല്ലാത്ത ഒരു കുളിർമ തരുമത് …””

“”കേട്ടിട്ട് തന്നെ കൊതിയാവണു അമ്മമ്മേ ….”” ഉണ്ണി അമ്മാമ്മേടെ മടിയിൽ നിന്നും താഴെ ഇറങ്ങി അവരുടെ മുഖത്തേയ്ക്ക് നോക്കി ….

“”അതൊന്നും ഇനി തിരികെ വരില്യ കുട്ടിയെ ….അതൊക്കെ പോട്ടെ …നമുക്ക് കഥയിലേക്ക് വരാം””…

ആം …ഉണ്ണി തലയാട്ടി …

“”ഒരു ദിവസം രാവിലെ നമ്മുടെ ഉണ്ണിയേട്ടൻ ഉറക്കമുണർന്നു കയ്യിൽ ഒരു ഗ്ലാസ്സ് ചായയുമായി ഉമ്മുറത്തേയ്ക്ക് വന്നു . ചായ ഒന്ന് മൊത്തിക്കുടിച്ചു ചുറ്റും ഒന്ന് വീക്ഷിച്ചു ….

കണ്ണിൽ ആദ്യം ഉടക്കിയത് രാജാവിനെപ്പോലെ തലയെടുപ്പോടെ നിൽക്കുന്ന നെല്ലിയാണ് . മറ്റു മരങ്ങളിൽ നിന്നും അല്പം മാറിയാണ് നെല്ലിയുടെ നിൽപ്പ് …തഴച്ചു കൊഴുത്തു തളിർത്തു പൂവിടാൻ പാകത്തിന് നിൽക്കുകയാണ് നമ്മുടെ നെല്ലി ….ചുറ്റുപാടും ചെറിയ അനേകം ചെടികൾ വളർന്നു നിൽക്കുന്നു . അതിനിടയിൽ നിന്നും ഒരു ഓന്ത്‌ പുറത്തേയ്ക്ക് വന്നു . ഒറ്റച്ചാട്ടത്തിനു ഒരു നൂറു കീടങ്ങളെ വായിലാക്കി . തല ഉയർത്തി ചുറ്റും നോക്കി .ഒരു സുൽത്താനെപ്പോലെ …. സുൽത്താന്റെ പിറകിൽ ബീഗവും ഉണ്ടായിരുന്നു .രണ്ട് പേരും കൂടി ഓടി നടന്നു കീടങ്ങളെ തിന്നു …

നമ്മുടെ ഉണ്ണിയേട്ടന് ഇതൊന്നും അത്ര പിടിച്ചില്ല. നെല്ലിയുടെ ചുറ്റും കാട് പിടിച്ച് കിടക്കുന്നു എല്ലാം ഒന്ന് വെട്ടി വൃത്തിയാക്കണം ….ഉണ്ണിയേട്ടൻ മൺവെട്ടിയുമായി ചെന്ന് ചുറ്റിനും കിളച്ചു വെടിപ്പാക്കി . ദൂരെ മാറി നിന്ന് എല്ലാം ഒന്ന് കൂടി നോക്കി …ആഹാ ..നല്ല വെടിപ്പായിട്ടുണ്ട് …

പക്ഷെ നെല്ലിയോ ….കൂട്ടുകാരെയൊക്കെ നഷ്ടപ്പെട്ട നെല്ലി ഒറ്റയ്ക്ക് നിന്ന് തേങ്ങി ….അവളുടെ കണ്ണുനീർ ആരും കാണാതെ പോയി …

കുറച്ചു ദിവസം കഴിഞ്ഞ് നമ്മുടെ ഉണ്ണിയേട്ടൻ വീണ്ടും നെല്ലിയുടെ അടുത്തെത്തി . നെല്ലിയുടെ അപ്പോഴത്തെ അവസ്ഥ കണ്ട് ആള് കരഞ്ഞു പോയി ….തളിർത്തു നിന്ന ഇലകൾ ആകെ കീടങ്ങൾ നശിപ്പിച്ച് നെല്ലി ആകെ ശുഷ്കിച്ചു പോയിരുന്നു ….

ഉണ്ണിയേട്ടൻ ആകെ വിഷമിച്ചു .കാരണമറിയാതെ ഉഴറി …””

“”അയ്യോ …നെല്ലിയ്ക്ക് എന്താ അമ്മമ്മേ പറ്റിയെ ?”” ഉണ്ണി ആകംകാഷയോടെ ചോദിച്ചു …

“”ഉണ്ണിയേട്ടൻ തന്നെയാ നെല്ലിയെ നശിപ്പിച്ചത് .””

“”ഉണ്ണിയേട്ടനോ അതെങ്ങനെ ?”” അവന്റെ കുഞ്ഞി കണ്ണുകൾ ഒന്ന് കൂടി വലുതായി .

“”നമ്മുടെ ഉണ്ണിയേട്ടൻ നെല്ലിയുടെ ചുറ്റുമുള്ള ചെടികളെയൊക്കെ വെട്ടി നശിപ്പിച്ചില്ലേ? അവയ്ക്കിടയിൽ നെല്ലിയുടെ കൂട്ടുകാരും ഉണ്ടായിരുന്നു . ഓന്തും തവളയും പുൽച്ചാടിയും അങ്ങനെ അങ്ങനെ …..അവ നെല്ലിയെ ആക്രമിക്കുന്ന കീടങ്ങളെ തിന്നു നശിപ്പിക്കുമായിരുന്നു . ഉണ്ണിയേട്ടന്റെ വൃത്തിയാക്കൽ കൊണ്ട് നെല്ലിയ്ക്ക് നഷ്ടമായത് അവളുടെ കൂട്ടുകാരെയാണ് .അതോടെ കീടങ്ങൾ പെരുകി . അവ നെല്ലിയെ തിന്നു തീർത്തു .നെല്ലി നശിച്ചു .””

“”അയ്യോ ..പാവം നെല്ലി …””

“”കുറച്ചു ചെടികൾ നശിപ്പിച്ചപ്പോൾ ഒരു വലിയ നെല്ലി ഇല്ലാതായെങ്കിൽ ഇക്കണ്ട മരങ്ങളും വയലും കാടുകളും ഒക്കെ വെട്ടി നശിപ്പിക്കുന്ന മനുഷ്യന്റെ ഗതി എന്താകും എന്നറിയുമോ ഉണ്ണിക്കുട്ടിക്ക് ?അവൻ കൂട്ടിയ ചിതയിൽ അവൻ തന്നെ എരിഞ്ഞടങ്ങുന്ന കാലം വിദൂരമല്ല .

കത്തിച്ചു വച്ച മൺ ചിരാതിന് ചുറ്റും പറക്കുന്ന ഈയാം പാറ്റകളെപ്പോലെയാണ് നമ്മളും ….എരിയുന്ന തീയുടെ ഭംഗി കണ്ടു ചുറ്റിനും പാറിക്കളിക്കുമ്പോൾ അവ അറിയുന്നില്ല ,അതേ തീയിലാണ് തങ്ങളുടെ അന്ത്യം എന്ന് . ഒരു വ്യത്യാസ്സം മാത്രം …ആരോ കൊളുത്തിയ തീയിൽ അവ ഇല്ലാതാകുമ്പോൾ സ്വയം കത്തിച്ച അഗ്നിയിൽ എരിഞ്ഞടങ്ങാനാണ് ഓരോ മനുഷ്യന്റെയും വിധി ! നമ്മൾ തന്നെ വരുത്തി വച്ച വിധി !!അവൻ അത് അറിയുന്നില്ല എന്ന് മാത്രം …..

പ്രളയമായും കൊടുങ്കാറ്റായും ഉരുൾപൊട്ടലായും ഒക്കെ പ്രകൃതി മുന്നറിയിപ്പ് തന്നിട്ടും അവൻ ഇപ്പോഴും എന്തിനൊക്കെയോ വേണ്ടിയുള്ള നെട്ടോട്ടത്തിലാ …..ഓടി തളർന്നു തിരികെ എത്തുമ്പോ എന്തിനാണോ ഓടിയത് അതിന്റെ അവശേഷിപ്പു പോലും ബാക്കി ഉണ്ടാകില്ല …..ദാനം തന്നത് എല്ലാം പ്രകൃതി തന്നെ തിരിച്ചെടുത്തിട്ടുണ്ടാകും …..””

“”ഉണ്ണിക്ക് ഒന്നും മനസിലാവാനില്ല അമ്മമ്മേ ….”” ഉണ്ണി സുഭദ്രയെ വിഷാദത്തിൽ നോക്കി .

“”അമ്മാമ്മേടെ ഉണ്ണിക്കുട്ടിക്ക് ഇപ്പൊ ഒന്നും മനസിലാവില്ല്യ …അതിനുള്ള പ്രായവും പക്വതയും ഒന്നും ആയിട്ടില്യ എന്റെ കുട്ടിക്ക് …എല്ലാം മനസിലാകുന്ന പ്രായം എത്തുമ്പോഴും ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി നോക്കി നിൽക്കാനേ എന്റെ കുട്ടിക്ക് കഴിയുള്ളു ….വരും തലമുറയുടെയും വിധി അത് തന്നെ ആകും കുഞ്ഞേ ….വാളെടുത്തവൻ വാളാൽ തന്നെ ഒടുങ്ങിയല്ലേ മതിയാകൂ ….

ഇനി വരുന്ന തലമുറയ്ക്ക് പൂവും പൂമ്പാറ്റയും അണ്ണാറക്കണ്ണനും അരുവിയും പുഴയും കിളികളുമൊക്കെ കേട്ട് കേൾവി പോലും ഉണ്ടാകില്ല …””

സുഭദ്ര ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി .

ഉണ്ണിക്കുട്ടൻ അപ്പോഴും ഒന്നും മനസിലാകാതെ അവരുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു .

(അവസാനിച്ചു )