ഗായത്രിയുടെ ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി, തന്റെ ഹൃദയമിടിപ്പിന്റെ ധ്വനി ഫോൺ വഴി അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുമോ എന്ന് പോലും…

മൗനം ഈ അനുരാഗം….

എഴുത്ത്: വൈദേഹി വൈഗ

==============

“ശരിക്കും നിനക്കവളെ ഇഷ്ടമാണോ….?”

ഉറ്റസുഹൃത്തിന്റെ ആ ചോദ്യം കേട്ട് ശരത് ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ വിനീതെ അങ്ങനെ ചോദിച്ചേ….”

“അല്ലളിയാ….വെറും ഒരു ക്യാമ്പസ്തമാശയാണ് നിനക്ക് അവളോടെങ്കി അത് വേണ്ടെടാ….എല്ലാരേം പോലെ അല്ല ആ കുട്ടി, അതൊരു പാവം കൊച്ചാ….പാവപ്പെട്ട വീട്ടിലെയാ….”

വിനീതിന്റെ സംസാരം കേട്ടതും ശരത് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു കുറച്ചു നേരം….എന്നിട്ട് പറഞ്ഞു,

“നീ വാ നമ്മുക്കൊരു ചായ കുടിക്കാം…”

അവർ നേരേ പോയത് ക്യാന്റീനിലേക്കാണ്. നാരായണേട്ടന്റെ ഏലക്കായ ചേർത്ത ചൂട് ചായ ഊതിക്കുടിച്ച് കൊണ്ട് ശരത് വിനീതിനോട് പറഞ്ഞു.

“എടാ എനിക്കവളെ ശരിക്കും ഇഷ്ടാ…ഒരുപാടിഷ്ടം….നീ പറഞ്ഞത് ശരിയാ, ഇപ്പൊ പ്രണയം എന്നൊക്കെ പറഞ്ഞാൽ ചിലർക്കൊക്കെ അതൊരു തമാശയാ…പക്ഷെ…അവളോട്‌ എനിക്ക് എന്തോ ഒരാത്മബന്ധം തോന്നുന്നുണ്ട്,

അവളെന്നെ നോക്കി ചിരിക്കുമ്പോൾ, മിണ്ടുമ്പോൾ…ഒരായിരം വട്ടം ആലോചിച്ചിട്ടുണ്ട് തുറന്നു പറഞ്ഞാലോ എന്ന്….അപ്പോഴൊക്കെ എന്നേ തടുക്കുന്നത് ഞാൻ പറഞ്ഞ് അവൾക്കത് ഇഷ്ടമായില്ലെങ്കിലോ എന്ന ചിന്തയാ….ഒരുപക്ഷേ അവൾക്കെന്നെ ഇഷ്ടമല്ലെങ്കിൽ എന്നോട് മിണ്ടുന്നതു പോലും ഒഴിവാക്കില്ലേ അവള്…. “

അത്രയും പറയുമ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.

“എടാ….നിന്റെ മനസ്സിൽ ഇത്രയൊക്കെ ഉണ്ടായിരുന്നോ… നിനക്കവളെ ഇഷ്ടമാണെങ്കിൽ തുറന്നു പറയെടാ, പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരാന… “

“വേണ്ടെടാ…എന്തേലും വിപരീതമായി സംഭവിച്ചാൽ എനിക്കവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടാലോ…പേടിയാടാ…”

“എടാ ശരത്തെ… അടുത്ത ആഴ്ച എക്സാം തുടങ്ങും, അത് കഴിഞ്ഞാൽ നമ്മൾ ഈ കോളേജിൽ നിന്ന് പടിയിറങ്ങേണ്ടവരാ…അതിനും മുന്നേയെങ്കിലും നിനക്കിത് അവളോട് തുറന്നു പറഞ്ഞൂടെ…ഇടക്ക് കേറി ആരെങ്കിലും ഗോളടിക്കുന്നേനും മുന്നേ പറയെടാ……”

അവനും ചിന്തിച്ചു, ശരിയാണ്… ഇപ്പോഴെങ്കിലും പറഞ്ഞില്ലെങ്കിൽ….

*******************

ഇതേ സമയം കോളേജ് ലൈബ്രറിയിൽ….

“എന്നിട്ട് നീയെന്ത് തീരുമാനിച്ചു….”

“ശൂ….ഒന്ന് പതുക്കെ പറ രേഷ്മേ… ഇത് ലൈബ്രറി ആണ്, ഇവിടെ കിടന്നു ബഹളം വച്ചാൽ നമ്മളെ രണ്ടിനേം ചവിട്ടി പുറത്താക്കും….”

ഗായത്രി റോയിൽ നിന്ന് മാധവിക്കുട്ടിയുടെ ‘നീർമാതളം പൂത്ത കാലം’ തിരഞ്ഞെടുത്തു വന്ന് ഡസ്കിന്റെ മേലെ വച്ചപ്പോഴാണ് രേഷ്മ പടക്കം പൊട്ടിച്ച പോലെ ഉച്ചത്തിൽ ചോദിച്ചത്.

“ശരി…. നീയെന്തെങ്കിലും തീരുമാനിച്ചോ….? എന്താ നിന്റെ ഉദ്ദേശം….?”

പരമാവധി ശബ്ദം കുറച്ചു കൊണ്ട് രേഷ്മ പിന്നെയും ചോദ്യമാവർത്തിച്ചു,

“എന്ത് തീരുമാനിക്കാൻ…. ഒന്നും തീരുമാനിച്ചില്ല,….”

“ഹാ കൊള്ളാം നീയിങ്ങനെ നടന്നോ….ഒടുക്കം മണ്ണും ചാരി നിന്നവള് ചെക്കനേം കൊണ്ട് പോവാതെ സൂക്ഷിച്ചാൽ മതി….”

“നീയിതെന്തൊക്കെയാ മോളെ ഈ പറയണേ….”

“എടീ മോളെ… നമ്മുടെ കോളേജിലെ സകലതരുണീമണികളുടെയും സ്വപ്നനായകനെയാണ് നീ രഹസ്യമായി പ്രേമിച്ചു കൊണ്ടിരിക്കുന്നത്…. നീ ഇങ്ങനെ അവാർഡ് സിനിമാ നായികയെ പോലെ ശോകമടിച്ചിരുന്നാലുണ്ടല്ലോ ചെക്കനെ കൊത്തിക്കൊക്കൊണ്ട് പോവാൻ പെൺപിള്ളേർ ക്യൂ നിക്കുവാ, അത് നീ ഓർത്തോ….”

ഗായത്രിയുടെ മുഖം വാടി,

“എടീ ഞാൻ നിന്നേ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല….പിന്നൊരിക്കൽ നീ ഒരുപാട് വിഷമിക്കരുത് എന്നാഗ്രഹമുള്ളത് കൊണ്ടാ…. നീയും പുള്ളിക്കാരനും ആയി ചാറ്റിങ് ഒക്കെ ഉള്ളതല്ലേ….ഒന്ന് സൂചിപ്പിച്ചൂടെ നിനക്ക്….”

“എടീ മോളെ….ഞാനെങ്ങാനും തുറന്നു പറഞ്ഞ് ആൾക്ക് എന്നേ ഇഷ്ടമല്ലെങ്കിലോ….ഉള്ള ഫ്രണ്ട്ഷിപ്പും കൂടി പോവില്ലേ…അതെനിക്ക് സഹിക്കാൻ പറ്റില്ല,

പിന്നെ ഈ ഇഷ്ടം പറയുന്ന പെൺപിള്ളേരോട് ആൺപിള്ളേർക്ക് അത്ര താല്പര്യം ഉണ്ടാവില്ല ന്ന് ദീപ്തിയും പറഞ്ഞിരുന്നു….”

“ദീപ്തി…തേ ങ്ങാ ക്കൊല….”

രേഷ്മ ദേഷ്യത്തിൽ പറഞ്ഞത് അല്പം ഉറക്കെയായിപ്പോയി, ലൈബ്രറിയിലുള്ള എല്ലാവരും അവരെ ഒന്ന് നോക്കി,

“എന്റെ പൊന്നു രേഷ്മേ ഒന്ന് പതുക്കെ……”

“അല്ലെടീ ഗായു….നീ അല്ലാതെ ഈ പൊട്ടത്തരങ്ങളൊക്കെ വിശ്വസിക്കോ…

മോളെ ഞാൻ ഒരു കാര്യം നിന്നോട് പറയുവാ… ഈ എക്സാം കൂടി കഴിഞ്ഞാൽ നാലുവഴിക്ക് പിരിയേണ്ടവരാ നമ്മളൊക്കെ…പിന്നെ ഒന്ന് കാണാൻ പോലും ചിലപ്പോ പറ്റിയെന്നു വരില്ല…അതിനും മുൻപ് നിനക്ക് സൗകര്യമുണ്ടേൽ തുറന്നു പറഞ്ഞോ….”

‘ശരിയാണ്….ഇനിയെങ്കിലും പറഞ്ഞില്ലെങ്കിൽ തനിക്ക് ചിലപ്പോ പറയാനേ പറ്റിയില്ലെങ്കിലോ…’

“സ്നേഹം നഷ്ടപ്പെട്ട  ജീവിതങ്ങൾ ഇലകളും ശിഖരങ്ങളും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണത്രെ…..”

തുറന്നു പറയാം…. ഗായത്രി മനസ്സിൽ ഉറച്ച തീരുമാനമെടുത്തു.

***************

രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു, ശരത് ഓൺലൈൻ ഉണ്ട്, ഒരു മെസ്സേജ് അയച്ചാലോ….

ഒടുവിൽ രണ്ടും കല്പിച്ചു ഗായത്രി മെസ്സേജ് അയച്ചു,

“ഹായ്…”

സെൻറ് ആയ ഉടനെ തന്നെ ഡബിൾ ടിക് ബ്ലൂ ആയതും typing….എന്ന് കാട്ടിയതും അവളെ എന്തിനോ വല്ലാതെ സന്തോഷിപ്പിച്ചു,

“ഹായ്….ഗായു ഉറങ്ങീലെ….”

“ഇല്ല…. സമയമായി വരുന്നതേ ഉള്ളൂ….”

‘എനിക്കൊരു കാര്യം പറയാൻ…..’

അത്രയും ടൈപ്പ് ചെയ്തപ്പോഴേക്കും ശരത് ന്റെ റിപ്ലൈ വന്നിരുന്നു,

“എനിക്കൊരു കാര്യം ഗായുവിനോട് സീരിയസ് ആയി പറയാനുണ്ട്….”

ഗായത്രിയുടെ ഹൃദയം ക്രമാധീതമായി മിടിക്കാൻ തുടങ്ങി, തന്റെ ഹൃദയമിടിപ്പിന്റെ ധ്വനി ഫോൺ വഴി അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുമോ എന്ന് പോലും അവൾ ചിന്തിച്ചു,

“ഹേയ്… എന്താ ഒന്നും മിണ്ടാത്തെ…”

“ഏയ്‌ ഒന്നുമില്ല…. പറഞ്ഞോളൂ…”

“എടോ…. തനിക്ക് ആരോടേലും ഇഷ്ടം തോന്നീട്ടുണ്ടോ…..”

തന്റെ ഹൃദയം പുറത്ത് ചാടുമോ എന്നുപോലും അവൾക്ക് തോന്നിപ്പോയി,

“എന്താ ഇപ്പൊ അങ്ങനെ തോന്നാൻ….”

ഓരോ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോഴും കോലുമുട്ടായി കിട്ടിയ കുഞ്ഞിനെപ്പോലെ അവളുടെ മനസ്സ്  തുള്ളിച്ചാടുകയായിരുന്നു.

“അല്ല വെറുതെ ചോദിച്ചതാ….ഒരു ഫ്രണ്ട് വന്നു തന്നെ പ്രൊപ്പോസ് ചെയ്താ താൻ അക്സെപ്റ്റ് ചെയ്യുവോ….”

ആഹ്ലാദത്തിന്റെ കൊടുമുടിയിൽ ആയിരുന്നു അവളപ്പോൾ…ചില നോട്ടത്തിലും ഭാവത്തിലും ആൾക്ക് തന്നോടിഷ്ടമുണ്ടെന്ന് ഗായത്രിക്ക് തോന്നിയിരുന്നു, ഇപ്പോൾ അത് ഉറപ്പായി….ശരത്തിനും തന്നെ ഇഷ്ടമാണ്.

“അത്…..”

“എനിക്കൊരാളെ ഇഷ്ടാടോ….നമ്മുടെ ബാച്ചിൽ തന്നെ….ഇത്രയും നാളും ഫ്രണ്ടിനെ പോലെ ഇടപഴകിയിട്ട് പെട്ടെന്നൊരു ദിവസം ഇഷ്ടമാണെന്ന് പറഞ്ഞാൽ….താൻ പറ, എന്താ തന്റെ അഭിപ്രായം…..”

“അതിപ്പോ ഓരോരുത്തരും ഓരോ രീതിയിൽ അല്ലേ എടുക്കുക പറഞ്ഞാൽ അല്ലേ അറിയൂ….”

“അതല്ലെടോ….താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ, തന്റെ അഭിപ്രായം കേട്ടിട്ട് വേണം എനിക്ക് അവളോട് ഇഷ്ടം പറയാൻ താൻ പറ….”

‘അപ്പൊ തന്നെയല്ലേ അവൻ ഇഷ്ടപ്പെടുന്നത്….’

അവൾക്കാകെയൊരു വല്ലായ്മ തോന്നി,

“അല്ല ആരാ ആളെന്ന് പറഞ്ഞില്ല…..?”

മനസിന്റെ വിങ്ങൽ അടക്കവയ്യാതെ അവൾ ചോദിച്ചു,

“അതൊക്കെ സസ്പെൻസ്, താൻ നാളെ വാ അപ്പൊ നേരിട്ട് കാണാല്ലോ എന്റെ പെണ്ണിനെ….”

ഗായത്രിക്ക് ലോകം അവസാനിച്ചുപോയ പോലെ തോന്നി, നെഞ്ചിൽ താങ്ങാനാവാത്തൊരു ഭാരം കേറിക്കൂടിയ പോലെ…അല്പനേരം മുൻപ് സന്തോഷത്തിന്റെ വേലിയേറ്റത്തിൽ ആയിരുന്ന താൻ ഇപ്പൊ സങ്കടക്കടലിൽ മുങ്ങിത്താഴുകയാണെന്ന് അവൾക്ക് തോന്നി,

കണ്ണ് നിറഞ്ഞു, മൊബൈൽ സ്ക്രീൻ പോലും മറച്ചു കൊണ്ട് കണ്ണുനീർ തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു..കരയാൻ ഒരു വ്യക്തമായ കാരണം പോലും കിട്ടാതെ അവൾ പിടഞ്ഞു.

“എടോ… താൻ പോയോ…. ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല…”

ശരത്തിന്റെ മെസ്സേജ്…സീൻ ചെയ്തിട്ടും ഒന്നും റിപ്ലൈ അയക്കാൻ ആവാതെ അവൾ നെറ്റ് ഓഫ് ചെയ്തു ഫോൺ ബെഡിലേക്കിട്ടു, അവളുടെ കണ്ണീരിൽ തലയണ കുതിർന്നു….

“ആൾക്ക് വേറൊരാളെ ഇഷ്ടാ മോളെ…നമ്മള് വെറുതെ മോഹിച്ചു….”

രേഷ്മക്ക് ഒരു ടെക്സ്റ്റ്‌ മെസ്സേജ് അയച്ച് അവൾ പൊട്ടിക്കരഞ്ഞു,

നമ്മൾ ഇഷ്ടപ്പെടുന്നൊരാൾക്ക് വേറൊരാളെ ഇഷ്ടമാണെന്ന് പറയുന്നത് ആർക്കാണ് താങ്ങാനാവുക….

രേഷ്മയുടെയും ശരത്തിന്റെയും ഫോൺ കോളുകൾ മാറിമാറി വന്നുകൊണ്ടിരിക്കുന്നു, പക്ഷെ അറ്റൻഡ് ചെയ്യാനോ സംസാരിക്കാനോ ഗായത്രിക്ക് ആവതുണ്ടായിരുന്നില്ല.

ശരത്തിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല,

“ഹലോ വിനീതെ….”

“എന്താടാ ഈ നേരത്ത്….നീ ഉറങ്ങീലെ, മണി ഒന്നായല്ലോ….”

“എടാ… അവള്….”

“എന്താടാ… എന്തുപറ്റി, കാര്യംപറ….”

“എടാ അവൾക്ക് താല്പര്യം ഇല്ലെന്നാ തോന്നുന്നേ, ഞാൻ മെസ്സേജ് ചെയ്തിരുന്നു, കൊടുക്കാവുന്നതിൽ കൂടുതൽ ഹിന്റ് കൊടുത്തു. അവൾക്ക് മനസിലായിട്ടുണ്ടാവും എനിക്കവളെ ഇഷ്ടമാണെന്നാ ഞാൻ പറയുന്നേന്ന്…

എന്നിട്ടും അവള് എന്റെ മെസ്സേജ് നു റിപ്ലൈ തന്നില്ല, ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല….

ഇനിയെങ്ങാനും അവൾക്ക് എന്നേ ഇഷ്ടമല്ലായിരിക്കോ….?”

“എടാ അങ്ങനെയാണേൽ നമുക്ക് ഈ വിഷയം ഇവിടെ വച്ച് വിടാം… നീ പറഞ്ഞത് പോലെ അവൾ നിന്നോടുള്ള ഫ്രണ്ട്ഷിപ്പ് വേണ്ടാ എന്ന് വച്ചാലോ….”

“ഇല്ലെടാ, എന്തായാലും നനഞ്ഞു, ഇനി കുളിച്ചു കയറാം…നാളെ ഞാൻ പറയാൻ പോവാ… മുഖത്തു നോക്കി, എനിക്കവളെ ഇഷ്ടമാണെന്ന്……നീ നോക്കിക്കോ, അവളെന്റെ പെണ്ണാ…. അവൾക്ക് ഇഷ്ടമാവും….”

അവന്റെ ഓരോ വാക്കിലും പ്രതീക്ഷയുണ്ടായിരുന്നു,

******************

പക്ഷെ സംഭവിച്ചതൊക്കെ ഇഷ്ടങ്ങൾക്കും വിപരീതമായിരുന്നു,

തുടർന്നുള്ള ദിവസങ്ങളിൽ ഒന്നും ഗായത്രി കോളേജിൽ വന്നില്ല. എക്സാമിനു വന്നപ്പോൾ അവൾ ശരത്തിനു മുഖം കൊടുത്തതുമില്ല.

അവളുടെ ഈ അവഗണനക്ക് പിന്നിൽ തന്നോടുള്ള ഇഷ്ടക്കേട് ആണെന്ന് അവനും കരുതി. കോളേജ് കാലഘട്ടം അവസാനിച്ചു, അവർ തമ്മിലുള്ള കോൺടാക്ടും ക്രമേണ ഇല്ലാതായി…

അങ്ങനെ അവരുടെ പ്രണയം ഇരുവഴിക്കായ് പിരിഞ്ഞു, എങ്കിലും മനസ്സിന്റെ ഒരു കോണിൽ കനലായി ഇരുവരും പരസ്പരം തങ്ങളുടെ പ്രണയത്തെ സൂക്ഷിച്ചിരുന്നു.

***************

“എടീ കുറച്ചു മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ നിങ്ങളുടെ ഫസ്റ്റ് നൈറ്റ്‌ ആണ്, ഇനിയെങ്കിലും പറഞ്ഞൂടെ നിനക്ക് ആളേ പണ്ടേ ഇഷ്ടമായിരുന്നു ന്ന്….”

ഗായത്രി രേഷ്മയുടെ കൈയിൽ നുള്ളിക്കൊണ്ട് പറഞ്ഞു,

“എന്താ ആൾക്ക് എന്നോട് പറഞ്ഞാല്….”

“ഇനി നിന്നോട് പറയണമായിരിക്കും…എല്ലാം തെറ്റിദ്ധാരണയായിരുന്നു ന്ന് ശരത്തിന്റെ ആലോചന വന്നപ്പോൾ മനസിലായില്ലേ… ഇനി നീ തുറന്നു പറ നിന്റെ ഇഷ്ടം….”

“ഹ്മ്മ്മ് നോക്കാം….”

അവൾ ചിരിച്ചു, ഒപ്പം ഗായത്രിയും…അവരെയും നോക്കി അല്പം മാറി നിക്കുകയായിരുന്നു  ശരത്തും വിനീതും,

“എടാ ശരത്തെ….ഫസ്റ്റ് നൈറ്റ്‌ ന് നീ പറയണം നിനക്കവളെ പണ്ടേ ഇഷ്ടമായിരുന്നു ന്ന്…”

“അതെന്തിനാ….”

“നിനക്കീ പെണ്ണുങ്ങളുടെ സൈക്കോളജി അറിയില്ലേ…നീ പറഞ്ഞു നോക്ക് അപ്പൊ കാണാം മാജിക്…”

“ഓ ഉവ്വാ…”

“പിന്നേ…നിന്റെ ഭാര്യയോട് പറഞ്ഞ് ആ രേഷ്മേ എനിക്കൊന്ന് സെറ്റ് ആക്കി  തരോ….”

“ങേ…. ന്ത്‌… പോടാ….”

“ഹാ ഇതാണ്….പാലം കടക്കുന്ന വരെയേ നമ്മുടെ ആവശ്യം ഉള്ളല്ലേ…നടക്കട്ടെടാ…. എൻ നന്പനെ പോൽ യാരും ഇല്ലേ….”

“ഒന്നുപോടാപ്പാ….”

ആ സംഭാഷണം ഒരു പൊട്ടിചിരിയിലാണ് കലാശിച്ചത്,

പറഞ്ഞപോലെ ഫസ്റ്റ് നൈറ്റിൽ അവർ എല്ലാം സംസാരിച്ചു, വിനീതിന്റേയും രേഷ്മയുടെയും കാര്യം പോലും,

അപ്പോഴും അവരുടെ ആ പ്രണയം ഇരുവരും തുറന്നു പറഞ്ഞിരുന്നില്ല,

തുറന്നു പറയാത്ത പ്രണയവും ഒരു സുഖമാണെന്ന് തോന്നിയത് കൊണ്ടാവും അല്ലേ…..

~ജാനകി