ഗൃഹപ്രവേശം…
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്
==================
പുത്തൻ വീടിന്റെ കിടപ്പുമുറിയിലാകവേ കണ്ണോടിച്ച് സൂരജ് തെല്ലിട നിന്നു. അലങ്കാരവിളക്കുകൾ ഒന്നൊഴിയാതെ ഏതും പ്രകാശം ചൊരിഞ്ഞുകൊണ്ടിരുന്നു. ചുവരുകളിൽ പുത്തൻ ചായത്തിന്റെ സുഗന്ധം. കട്ടിലും മേശയുമടക്കമുള്ള സകല മരസാമാഗ്രികളും, സ്റ്റീൽ അലമാരയും എല്ലാം നവഭാവം പേറിയിട്ടുണ്ട്. വിശാലമായ കട്ടിലിൻമേൽ പതുപതുത്ത ശയ്യ പരന്നുകിടന്നു. ഉരുളൻ തലയിണകൾക്കുമുണ്ട് ഏറെ മോടി.
പുതിയ വീട്ടിലെ ആദ്യരാത്രിയാണിന്ന്. പതിനഞ്ചു വർഷം മുൻപേ അരങ്ങേറിയ അതേ രാത്രിയുടെ ഊഷ്മളതയും, ആവേശവും, സീ ൽക്കാരങ്ങളും പുനരാവർത്തനം ചെയ്യുമോ…..? അതോ, നിഷ പതിവുപോലെ തലവേദനയുടെ ബാം പുരട്ടി വിരസതയും വിരക്തിയും പകരുമോ..? ആർക്കറിയാം. ഓർത്തപ്പോൾ സൂരജിന്റെ അധരങ്ങളിൽ ദ്യുതി മങ്ങിയ ഒരു ചിരി വിടർന്നു.
അകത്തളത്തിൽ നിന്നും, കുട്ടികളുടെ കലമ്പലുകൾ കേൾക്കാം. സുധേച്ചിയുടേയും, ലതേച്ചിയുടേയും മക്കൾ വലിയവരായിരിക്കുന്നു. സുധേച്ചിയുടെ മൂത്ത മകൾ ഡിഗ്രി അവസാന വർഷമാണ്. ഇളയവൾ പ്ലസ് ടുവിനും. ലതേച്ചിയുടെ മകൻ പത്താം ക്ലാസിലും, മോളു എട്ടിലുമാണ്. പക്വത നേടിയവരാണെല്ലാവരും. പക്ഷേ, മാമന്റെ വീട്ടിലെത്തുമ്പോൾ അവർ ചെറുബാല്യക്കാരാവുന്നു. ആർത്തുല്ലസിക്കുന്നു. ഉറക്കേച്ചിരിക്കുന്നു. തന്റെ മക്കളും മോശമല്ല. ആറാം ക്ലാസുകാരനും, നാലാം ക്ലാസ്സുകാരിയും തികഞ്ഞ കുതൂഹലത്തിലാണ്.
ഡൈനിംഗ് ഹാളിൽ, തീൻ മേശയ്ക്കു ചുറ്റുമിരുന്നു ചേച്ചിമാരും അച്ഛനുമമ്മയും, അളിയൻമാരും ഉച്ചത്തിൽ സംഭാഷണം തുടരുന്നുണ്ട്. നിഷയുടെ മാതാപിതാക്കളും സഹോദരനും കൂടെയുണ്ട്. അളിയൻമാർ അപ്പോൾ മൂന്നുപേരുണ്ട്. സൂരജ്, വെറുതേയോർത്തു…
ഇന്നത്തെ ഗൃഹപ്രവേശച്ചടങ്ങുകളേക്കുറിച്ചും, ഹോമാദി പൂജകളേക്കുറിച്ചുമായിരുന്നു ചർച്ചകളുടെ കാതൽ. മൂത്ത അളിയൻ, സൂരജ് എവിടേയെന്നു തിരക്കുന്നതു കേട്ടു. ഇവിടെയകത്തുണ്ടെന്ന് ഇളയ അളിയൻ മറുപടി പറയുന്നു.
അറ്റാച്ച്ഡ് ബാത്റൂമിന്റെ വാതിൽ തുറന്ന്, നിഷ പുറത്തേക്കു വന്നു. കുളി കഴിഞ്ഞ്, ചുരിദാറിന്റെ ടോപ്പ് മാത്രം ധരിച്ചാണ് വരവ്. വന്നപാടെ അവൾ റൂമിന്റെ വാതിൽ തഴുതിട്ട്, ചുവരലമാരയിൽ നിന്നും ലെഗ്ഗിൻസ് എടുത്ത് കട്ടിലിൽ വന്നിരുന്നു. ഏറെ ആയാസപ്പെട്ടാണ് അവളുടെ തടിച്ചു രു ണ്ട കാൽവ ണ്ണ കളിലേക്ക് അതു വലിച്ചു കയറ്റിയത്. ഒരു പാർശ്വത്തിൽ നിന്നും അവളെ നോക്കുമ്പോൾ, അവളുടെ ക റു ത്ത അ ടി വ സ്ത്രത്തിലെ ചുവന്ന സ്ട്രിപ്പുകൾ വ്യക്തമാകുന്നു. വസ്ത്രം ധരിച്ച്, അവൾ എഴുന്നേറ്റു. വെറുതേ നിന്ന അയാളോട്,
“സൂരജേട്ടാ, മുകളിൽ ഏട്ടന്റെ ലൈബ്രറിയിൽ ഞാൻ പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ട്. ഡയറികൾ ക്രമമനുസരിച്ചല്ലാ, തിരക്കിൽ വച്ചേക്കുന്നത്. ഒന്നു നോക്കണേ….അളിയൻമാർ അവിടെ വന്നിരിക്കുമ്പോൾ, നിങ്ങളെന്തിനാണ് ഇവിടേ തനിയേ നിൽക്കുന്നത്..?എല്ലാരും അന്വേഷിക്കണുണ്ടാകും. ഒന്നു പുറത്തേക്കു വരൂ….”
അവൾ, വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. സൂരജ്, അലമാരിയുടെ ഒരു കതകു വലിച്ചു തുറന്നു. അതിൽ രണ്ടു വിദേശ മ ദ്യക്കുപ്പികൾ ഇരിപ്പുണ്ടായിരുന്നു. അളിയൻമാർക്കൊപ്പം, രാത്രിയിൽ ഒത്തുകൂടാനുള്ള വകയാണ്. ഒപ്പം, ഇവിടുത്തെ അച്ഛനും, നിഷയുടെ അച്ഛനും കൂടും…
സൂരജ്, പുറത്തേക്കിറങ്ങി. അളിയൻമാരോട്, ഇതാ വരുന്നു എന്നും പറഞ്ഞ് ഗോവണിയുടെ പടവുകൾ കയറി മുകൾ നിലയിലേക്കെത്തി.
മുകൾ നിലയിൽ, രണ്ടു മുറികളുണ്ട്. അതിലൊന്നിലാണ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. അയാൾ, ആ മുറിയകത്തേക്കു നടന്നു..കമനീയമായ മുറിയകം. ചെങ്കൽച്ചായം തേച്ച ചുവരുകൾ. ചുവരുകളിൽ പല പല ഫോട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. സുഗതകുമാരിയുടെ, എം ടി യുടെ, മുകുന്ദന്റെ, ഗിരീഷ് പുത്തഞ്ചേരിയുടെ, രവീന്ദ്രൻ മാഷിന്റെ , ചിത്രയുടെ, വെസ്റ്റിന്ത്യൻ ക്രിക്കറ്റർ കോട്നി വാൽഷിന്റെ…അങ്ങനെ പലതരം വലിയ ഫോട്ടോകൾ…
മുറിയുടെ വലതുമൂലയിൽ കമ്പ്യൂട്ടർ സെറ്റു ചെയ്തിട്ടുണ്ട്. നെടുനീളൻ ചുവരിൽ സുഭഗമായി ചെയ്ത ഷെൽഫിൽ അനേകം പുസ്തകങ്ങൾ നിറഞ്ഞുകവിഞ്ഞിരുന്നു. മിക്കതും, പഴമ പേറി മഞ്ഞച്ച താളുകളുള്ള ഗ്രന്ഥങ്ങളായിരുന്നു. അടുത്തകാലത്തു വാങ്ങിയ ധവളം പുതച്ച പുസ്തകങ്ങളുമുണ്ട്. കീഴെയൊരു അറ നിറയേ ഡയറികൾ. വിവാഹശേഷം നിർത്തിയ ചര്യയുടെ തിരുശേഷിപ്പുകൾ.
സൂരജ്, ഡയറികളേ വർഷാടിസ്ഥാനത്തിൽ വേർത്തിരിച്ചു വച്ചു. ചുവന്ന പുറംചട്ടയുള്ള ആ ചെറിയ ഡയറി കൂട്ടത്തിൽ കൂടാതെ ഉയരം കുറഞ്ഞു നിന്നു. അയാൾ അതെടുത്തു. താളുകൾ വെറുതേ മറിച്ചു. ഇരുപത്തിരണ്ടാണ്ടു പഴക്കമുള്ള താളുകൾ പതിരിക്കാൻ തുടങ്ങിയിരുന്നു..അതിന്റെ അവസാന താളിൽ, ഒരു കൈപ്പത്തി വരച്ചു ചേർത്തിരിക്കുന്നു. കൈപ്പടം താളിൽ ചേർത്തു വച്ച്, വരച്ചെടുത്ത ചിത്രം. അയാൾ, അതിലേക്കു കണ്ണുംനട്ടങ്ങനേ നിന്നു.
നോക്കി നിൽക്കേ, ആ രേഖാചിത്രത്തിൽ നിന്നും ഒരു കൈത്തലമുയർന്നു വന്നു. അതിൽ, കുപ്പിവളകൾ ചിരിച്ചു. മെലിഞ്ഞു നീണ്ട വിരലുകളിൽ, ചെമ്പിൻ മോതിരം ചേലിട്ടു. അയാളിൽ നിന്നും വർത്തമാനകാലം വേറിട്ടു. പാടശേഖരത്തിന്നരികിലേ പഴയൊരു ഓടു വീടുയർന്നു. അന്തിയിൽ, അനേകം മണ്ണെണ്ണവിളക്കുകളുടെ വെട്ടം തെളിഞ്ഞു. ഇല്ലായ്മകളുടെ കഥയോതി, ദരിദ്രഭവനം ഇരുളു പുതച്ചു നിന്നു. അത്താഴപ്പട്ടിണിക്കാരായ വീട്ടുടമയും കുട്ടികളും പഴമ നിറഞ്ഞ വസ്ത്രങ്ങളണിഞ്ഞു നിന്നു.
സുധേച്ചിയും, ലതേച്ചിയും നന്നായി പഠിക്കുമായിരുന്നു. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ സുധേച്ചിയാണ് പത്താംക്ലാസ്സുകാർക്കും പ്രീഡിഗ്രിക്കാർക്കും ട്യൂഷൻ ആരംഭിച്ചത്…
പത്താംക്ലാസിൽ പഠനം നിർത്തിയ അവരുടെ ആങ്ങള സൂരജ്, വർക്ക് ഷോപ്പിലെ ജോലിയും കഴിഞ്ഞ് അന്തിക്കു വീട്ടിലെത്തുമ്പോൾ, വീട്ടകം കൗമാരങ്ങളേക്കൊണ്ടു മുഖരിതമാകുമായിരുന്നു. അതിലൊരു പ്രീഡിഗ്രിക്കാരിയുടെ മിഴികളിൽ, തന്നെക്കാണുമ്പോൾ നക്ഷത്രങ്ങളുണ്ടാകുന്നത് ഏതു ചിമ്മിണി വിളക്കിന്റെ അരണ്ട വെട്ടത്തിലും വ്യക്തമാകുന്നുണ്ടായിരുന്നു. മൗനമായൊരു പ്രണയത്തിന്റെ തിങ്ങലിൽ, ഹൃദയം ഏറെ നൊമ്പരപ്പെടുന്നുണ്ടായിരുന്നു.
പ്രീഡിഗ്രിയുടെ രണ്ടാംവർഷത്തിലെ അവസാനദിനങ്ങളിലൊന്നിൽ അവൾ തനിച്ചു വീട്ടിലെത്തിയപ്പോൾ, താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവളുടെ ഓട്ടോഗ്രാഫിൽ എന്തെങ്കിലും കുറിക്കാൻ ആവശ്യപ്പെട്ടു. അവസാന പേജിൽ, അന്നെഴുതിയത് ഇന്നും ഓർമ്മയിലുണ്ട്.
“അവസാന താളിന്റെ അന്ത്യത്തിലായി, അവസാന യാത്രാമംഗളങ്ങൾ നേരുന്നു.”
തന്റെ കവിതകൾ വാങ്ങി, അവൾ കോളേജിലെ മാഗസിനിൽ എഴുതി ഏറെ ആരാധകരേ ഉണ്ടാക്കിയ കാര്യം പറഞ്ഞ് ഒത്തിരി പരിഹസിച്ചിട്ടുണ്ട്. പക്ഷേ, ഇന്നവളോടു ഒന്നും പറയാൻ സാധിക്കുന്നില്ല. വാക്കുകൾക്കു വഴിമുട്ടുന്നു.
അവളാണ് സംസാരിച്ചത്.
“സൂരജേട്ടൻ എന്നെ മറക്കുമോ….?കുറച്ചു വർഷങ്ങൾക്കു ശേഷം നമുക്ക് ഒന്നിച്ചു ജീവിക്കാൻ സാധിക്കുമോ…?ഏട്ടന്, ഞാനെന്താണു നൽകേണ്ടത്..?”
തെല്ലിട മിണ്ടാതെ നിന്ന ശേഷം, അവളുടെ കൈത്തലം കവർന്നെടുത്ത് ഡയറിത്താളിൽ ചേർത്തുവച്ചു. എന്നിട്ട്, പേന കൊണ്ടൊരു മേൽരേഖ ചമച്ചു. അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. ഇരുപത്തിരണ്ടു വയസ്സുമാത്രം പ്രായമുള്ള, രണ്ടു പെങ്ങൻമാർ വിവാഹം കഴിക്കാൻ ബാക്കിയുള്ള, ജാലകങ്ങളില്ലാത്ത ഒറ്റമുറി വീടുള്ള ഒരുവനു അതിനു മാത്രമേ ശേഷിയുണ്ടായിരുന്നുള്ളൂ.
അയാൾ, ചുവന്ന ഡയറി മടക്കി തൽസ്ഥാനത്തു വച്ചു. ആറുകൊല്ലങ്ങൾക്കപ്പുറമുള്ള കറുത്ത പുറംചട്ടയുള്ള ഡയറിയെടുത്തു. അതിൽ, ആഗസ്റ്റ് മാസത്തിലെ അവസാന ദിനങ്ങളിലൊന്നിൽ, ഇങ്ങനെ മാത്രം അടയാളപ്പെടുത്തിയിരിക്കുന്നു.
“പക്ഷി, പറന്നകന്നിരിക്കുന്നു…സുമംഗലിയായി, ഞാനും എന്റെ മോഹങ്ങളും, വീണ്ടും അനാഥമായിരിക്കുന്നു. അവൾക്കു സുഖമായിരിക്കട്ടേ….”
പിന്നേയും ഏറെ ഡയറികൾ. വിദേശത്തു പോകും വരേ എഴുത്തു തുടർന്നു. കാലം മാറിയപ്പോൾ, പണവും നല്ല വീട്ടിലെ ബാന്ധവവും ലഭിച്ചു. ഇപ്പോൾ, നിലവിലുള്ള വീടു മാറ്റി പുത്തൻ ഗൃഹവും തീർത്തിരിക്കുന്നു.
സൂരജ്, ഫോണിൽ ഫേസ്ബുക്ക് എടുത്തു. സ്വീകരിക്കപ്പെടാത്ത ഒരു ഫ്രണ്ട് റിക്വസ്റ്റ് ഇപ്പോളും ശേഷിക്കുന്നു. അതിലെ പെൺമുഖത്തിന്, പഴയ കൗമാരക്കാരിയുടെ നക്ഷത്ര മിഴിയിതളുകൾ ഇല്ലായിരുന്നു. സെപ്പരേറ്റഡ് എന്നു വ്യക്തമായി ചേർത്തിരിക്കുന്നു. ഏതു കാരണമാകാം, പക്ഷിയേ തനിച്ചാക്കുവാൻ ഇടയായത്. പലവട്ടം, ആ സൗഹൃദം സ്വീകരിക്കുവാൻ വെമ്പൽ കൊണ്ടതാണ്. പക്ഷേ, മനസ്സ് അതിശക്തമായി അതിനേ പ്രതിരോധിക്കുന്നു.
താഴെ നിന്നും കലമ്പലുകൾ ഉച്ചസ്ഥായിലാകുന്നു. നിഷ, പടി കയറി മുകളിലേക്കു വന്നു.
“സൂരജേട്ടാ, എത്ര നേരമായി അവർ നിങ്ങളെ കാക്കുന്നു. വേഗം, താഴോട്ടിറങ്ങി വരൂ. പുസ്തകങ്ങൾ നാളെ ക്രമീകരിക്കാം. വരൂന്നേ…..”
പെൺ ചന്തം താഴെക്കിറങ്ങി. അയാൾ അവളെ അനുഗമിച്ചു. പോകും വഴി, അയാൾ ആ സൗഹൃദാഭ്യർത്ഥന റിമൂവ് ചെയ്തു. തന്റെ സ്വകാര്യതകളിലേക്കു നുഴഞ്ഞു കയറുവാൻ വെമ്പാത്ത ഭാര്യയോട് വല്ലാത്തൊരാദരവു തോന്നി. ഒരുപക്ഷേ, അവൾ ഏതെങ്കിലും ഡയറികൾ തുറന്നു വായിച്ചിട്ടുണ്ടാകാം. പട്ടിണിയും പരിവട്ടങ്ങളും, പൊട്ടക്കവിതകളും നിറഞ്ഞ താളുകൾ അവളിൽ വിരക്തിയുണർത്തിയിട്ടുമുണ്ടാകാം.
സൂരജ്, താഴെയെത്തി. തീൻമേശയിൽ മ ദ്യവും വിഭവങ്ങളും നിരന്നു. അയാൾ ഏറെ സന്തോഷവാനായിരുന്നു. സിരകളിൽ പടരുന്ന മ ദ്യല ഹരിയേക്കാൾ അയാൾ കാത്തിരുന്നത്, രാത്രി വൈകിയുള്ള ആ ശയനമുഹൂർത്തത്തിനാണ്. ഏറെ വർഷങ്ങൾക്കു മുൻപുള്ള രാത്രിയുടെ ല ഹ രികളുടെ തനിയാവർത്തനത്തിനായി….