വരനെ ആവശ്യമുണ്ടോ ഈ പ്രായത്തിൽ?
എഴുത്ത്: നിഷ പിള്ള
===========
“മാളൂ, നീ പെട്ടെന്ന് ഫോൺ വയ്ക്കൂ. ഞാൻ ടൗൺ വരെ പോകുന്നു. മാര്യേജ് ബ്യൂറോയിൽ….ഇനിയിപ്പോൾ വയസ്സായ കാലത്ത് ആരാ എന്നെ സഹായിക്കാൻ. നമുക്കെന്ന് കരുതി ആരെങ്കിലും ഉള്ളത് നല്ലതാ. എൻ്റെ കൂടെ റിട്ടയർ ചെയ്ത മീന കഴിഞ്ഞ മാസമാണ് ഒരു നോർത്തിന്ത്യക്കാരനെ വിവാഹം ചെയ്തത്. ഇപ്പോൾ അവളെന്ത് ഹാപ്പിയാണ്. ഞാനിവിടെ ഒറ്റയ്ക്ക് ജീവിച്ചു മടുത്തു. എനിയ്ക്കും വേണ്ടേ ഒരു കൂട്ട്. എന്തായാലും ഞാൻ പോയി വരാം. നീ പിന്നെ വിളിക്ക്.”
“അമ്മയ്ക്ക് കൂട്ട് ഞാനും ആമിയും ഇല്ലേ, പിന്നെ വേറെ കൂട്ട് എന്തിനാ.”
“നിനക്കും അവൾക്കും അതിന് സമയമില്ലല്ലോ. അടുത്ത വീട്ടിലെ മീനുവാണ് എന്നെ തലകറങ്ങി വീണപ്പോൾ ആശുപത്രിയിൽ കൊണ്ട് പോയത്. ഈ പ്രായത്തിൽ ഒരു കൂട്ടുള്ളത് നല്ലതാണ്.”
“ഞാനും പിള്ളേരും അങ്ങോട്ട് താമസം മാറ്റണോ, പിള്ളേരെ അവിടത്തെ സ്കൂളിൽ ചേർക്കാം. ബാംഗ്ലൂരല്ലേ അനൂപിന് രണ്ടാഴ്ച കൂടുമ്പോൾ ഇങ്ങോട്ട് വരാല്ലോ, പിള്ളേരൊക്കെ എത്തുമ്പോഴേക്കും അമ്മ ലൈവ് ആകില്ലേ.”
“അതൊന്നും വേണ്ട. അനൂപിന് നിന്നെ കാണാതെ നിൽക്കാൻ പറ്റില്ലയെന്നല്ലേ നീ പറഞ്ഞത്. “വരനെ ആവശ്യമുണ്ട് ” എന്നൊരു പരസ്യം കൊടുക്കാം, “
“പിന്നെ ഞങ്ങളുടെ പെൻഷനേഴ്സ് ഫോറത്തിലെ ഒറ്റപ്പെട്ട് പോയ അച്ഛനമ്മമാരുടെ വക കളക്ട്രേറിൻ്റെ മുന്നിൽ, സ്വാതന്ത്ര്യ ദിനത്തിൽ ഒരു പരിപാടിയുണ്ട്. പരസ്പരം മടിയിൽ ഇരുന്ന് കൊണ്ടാണ് പ്രതിഷേധം. ന്യൂ ജൻ സ്റ്റൈലാണ്. പിള്ളേരെ രണ്ടു കയ്യും തട്ടി പ്രോൽസാഹിപ്പിച്ചവരൊക്ക ഉണ്ടാകണമല്ലോ. അല്ലേലും ഇരട്ടത്താപ്പ് പാടില്ലല്ലോ. പിള്ളേരൊന്ന് ഞെട്ടും. ഭരണകൂടവും…ഫോട്ടോസ് ഇടാം. ഷെയർ ചെയ്തു വൈറലാക്കണേ.”
രാവിലെ ബെല്ലടിക്കുന്നതു കേട്ട് വാതിൽ തുറന്നപ്പോൾ, രണ്ടു പെൺമക്കളും കുടുംബസമേതം മുന്നിൽ. അടുത്തവീട്ടിലെ വേണു ആണെന്ന് കരുതി. രാവിലെ വരണമെന്നവനോട് പറഞ്ഞിരുന്നു. “ഹർ ഘർ തിരംഗ” പ്രകാരം പതാക വീടിന് മുകളിൽ ഉയർത്താൻ.
“അമ്മയ്ക്കെന്താ ഭ്രാന്താണോ? ഈ ലൈനിൽ ഒറ്റ വീട്ടിൽ പതാകയില്ലല്ലോ. ഇവിടെ മാത്രം.”
“ആദ്യമായിട്ടാണ് വീടുകളിൽ പതാക ഉയർത്തുന്നത്. അതിനിയിപ്പോൾ ഭ്രാന്താണെങ്കിൽ ആ ഭ്രാന്ത് എനിക്കുമുണ്ട്. ഞാൻ പ്രൊഫൈലും മാറ്റിയിട്ടുണ്ട്.”
“ബൈ ദ ബൈ എല്ലാവരും കൂടെയെന്താ രാവിലെ, ഒരു മുന്നറിയിപ്പും ഇല്ലാതെ…ഞാനൊന്ന് വക്കീലിനെ കാണാൻ പ്ലാനിട്ടിരിക്കുകയായിരുന്നു. ഒരു വിൽപ്പത്രം എഴുതിക്കാൻ”
“അമ്മയിവിടെ ഒറ്റയ്ക്കല്ലേ ഞങ്ങൾ രണ്ടാളും മാറി മാറി അമ്മയ്ക്ക് കൂട്ടായി ഇവിടെ നിൽക്കാം. അമ്മയ്ക്കും ഒരു കൂട്ട് വേണ്ടേ.”
“അത് നല്ലതാണ്. പരസ്പരം സഹകരിച്ച് പോകാം.”
പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച് അമ്മ പതാക ഉയർത്താനുള്ള മുന്നൊരുക്കങ്ങൾ നടത്തി. മക്കൾ കെട്ടും കിടക്കയുമായി വീടിന് ഉള്ളിലേയ്ക്കും…
~നിശീഥിനി