എന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്നത് പോലെ വിദൂരതയിലേക്ക് നോക്കിയായിരുന്നു അവൾ ഇരുന്നത്…

_upscale

കൗൺസിലിങ്

Story written by Aparna Dwithy

================

മകൾക്ക് ഒരു കൗൺസിലിങ് നൽകണം എന്ന് ആവിശ്യപെട്ടാണ് ആ അമ്മ എന്നെ സമീപിച്ചത്. കാരണം അന്വേഷിച്ചപ്പോൾ മകൾ എപ്പോളും ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുന്നു, ആരോടും സംസാരിക്കുന്നില്ല എന്നാണ് മറുപടി നൽകിയത്. അടുത്ത ദിവസം മകളെയും കൂട്ടി വരാൻ പറഞ്ഞു ഞാനവരെ പറഞ്ഞുവിട്ടു.

പിറ്റേന്ന് രാവിലെ തന്നെ ആ അമ്മ മകളെയും ഭർത്താവിനെയും കൂട്ടി എന്നെ കാണുവാനെത്തി. അവരോട് മുറിക്ക് പുറത്തു വെയിറ്റ് ചെയ്യാൻ ആവിശ്യപ്പെട്ട് ആ പത്താം ക്ലാസുകാരിയെ ഞാൻ അകത്തേക്ക് വിളിച്ചു.

തീർത്തും നിരാശ കലർന്ന ഒരു മുഖമായിരുന്നു അവളുടേത്. എന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്നത് പോലെ വിദൂരതയിലേക്ക് നോക്കിയായിരുന്നു അവൾ ഇരുന്നത്.

അല്പനേരത്തെ മൗനം വെടിഞ്ഞു ഞാൻ സംസാരിച്ചു തുടങ്ങി,

“മോളുടെ പേരെന്താ?”

‘അമല’. മുഖത്തു നോക്കാതെയായിരുന്നു അവളുടെ മറുപടി.

“അമലയെ പേരന്റ്സ് എന്തിനാണ് ഇവിടേക്ക് കൊണ്ടുവന്നതെന്നറിയാമോ….?”

‘ഇല്ല’

“അമല ചോദിച്ചില്ലേ എവിടെക്കാ പോകുന്നെ എന്ന് ?”

മൗനം

“പറയൂ അമല ചോദിച്ചില്ലേ ?”

‘ഇല്ല ‘

“എന്തുകൊണ്ട് ?”

വീണ്ടു മൗനം.

“അമലയ്ക്ക് ഇപ്പോൾ പതിനഞ്ചു വയസ്സ് പ്രായം അല്ലേ ? ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടം “കൗമാരം”. ബട്ട് അമല മറ്റു കുട്ടികളെ പോലെ അല്ല എന്നാണ് മോളുടെ അമ്മ പറയുന്നത്. എപ്പോളും ഒറ്റയ്ക്കിരിക്കാൻ ഇഷ്ട്ടപെടുന്നു, ആരോടും സംസാരിക്കുന്നില്ല. എന്താ അതിന്റെ കാരണം ?”

ഞാൻ ഇത്രയും ചോദിച്ചിട്ടും അവൾ എന്റെ മുഖത്തു നോക്കുകയോ മറുപടി നൽകുകയോ ചെയ്തില്ല.

“മോളു ധൈര്യമായി മനസ്സിൽ ഉള്ളത് എന്നോട് പറഞ്ഞോളൂ. മോളു പറയുന്ന കാര്യം ഞാൻ പുറത്തു പറയുകയില്ല. നമ്മുക്ക് പരിഹാരമുണ്ടാക്കാം “

ഞാൻ അവൾക്ക് ധൈര്യം പകർന്നെങ്കിലും അവൾ ഒന്നും സംസാരിച്ചില്ല. അപ്പോളാണ് ഞാൻ അവളുടെ കൈയിൽ ഉള്ള മുറിപ്പാട് ശ്രദ്ധിച്ചത്.

“അമലയുടെ കൈ കാണിക്കൂ” ഞാനത് പറഞ്ഞപ്പോൾ അവൾ ഭയന്നു കൈ പിന്നിലേക്ക് ഒളിപ്പിച്ചു.

ഞാൻ ഉടനെ എഴുന്നേറ്റ് അവളുടെ അടുത്ത് ചെന്നു ബലമായി അവളുടെ കൈകൾ പരിശോധിച്ചു.  ഒറ്റ നോട്ടത്തിൽ തന്നെ അതൊരു ആ ത്മ ഹ ത്യാ ശ്രമമായിരുന്നെന്നു എനിക്ക് മനസിലായി.

“എന്തിനാ മോളിത് ചെയ്തത് “

അവളുടെ കണ്ണുകൾ നിറഞ്ഞു.

“ആരെയും പേടിക്കണ്ട സത്യം പറയൂ. ഞാനുണ്ട് മോളുടെ കൂടെ. എന്ത് പ്രശ്നമാണെങ്കിലും നമ്മുക്ക് പരിഹാരമുണ്ടാക്കാം “

അവൾ ഒന്നും മിണ്ടിയില്ല.

“പ്രണയം?”

അല്ല എന്ന അർത്ഥത്തിൽ അവൾ തലകുലുക്കി

“പിന്നെ?”

ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു അവളുടെ മറുപടി. ഞാൻ അവളെ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു. ഒന്നുകൂടി നിർബന്ധിച്ചപ്പോൾ അവൾ പറഞ്ഞു തുടങ്ങി.

‘എനിക്കും ആഗ്രഹമുണ്ട് ചേച്ചി എല്ലാവരെയും പോലെ ലൈഫ് എൻജോയ് ചെയ്തു ജീവിക്കണമെന്ന്. പക്ഷേ….പണ്ട് മുതലേ അച്ഛനും അമ്മയും പഠിക്കണം, പഠിക്കണം എന്നൊരൊറ്റ കാര്യമേ എന്നോടാവശ്യപ്പെട്ടുള്ളു. ഒരു സ്വാതന്ത്രവും എനിക്കാ വീട്ടിൽ ഇല്ലായിരുന്നു. അടുത്ത വീട്ടിലെ കുട്ടികളോട് മിണ്ടാനോ, ഒന്ന് പുറത്തിറങ്ങാനോ എന്തിന് സ്വന്തം വീട്ടിലിരുന്ന് ഒന്ന് ടി.വി കാണാൻ പോലും അവർ സമ്മതിക്കില്ലായിരുന്നു. എപ്പോളും പുസ്തകത്തിന് മുന്നിലിരിക്കണം. മുൻപൊക്കെ എനിക്ക് തൃപ്തികരമാവുന്ന മാർക്ക് ഞാൻ വാങ്ങുമായിരുന്നു. പക്ഷേ അച്ഛനും അമ്മയ്ക്കും അത് തൃപ്തികരമല്ലായിരുന്നു. അൻപതിൽ നാല്പത്തിഒൻപതു മാർക്ക് വാങ്ങിയപ്പോൾ കൂടി ഒരു മാർക്ക് എവിടെ എന്ന് ചോദിച്ചു വഴക്കുപറഞ്ഞതല്ലാതെ ഒന്ന് അഭിനന്ദിച്ചു കൂടി ഇല്ല. അടുത്ത വീട്ടിലെ കുട്ടി അല്ലെങ്കിൽ പരിചയത്തിലുള്ള ഏതെങ്കിലും ഒരു കുട്ടിക്ക് നല്ല മാർക്ക് ലഭിച്ചാൽ എനിക്ക് അതിലും കൂടുതൽ ലഭിക്കണം. അല്ലെങ്കിൽ അവർ ചിത്രം വരയ്ക്കുമെങ്കിൽ ഞാനും വരയ്ക്കണം, പാട്ടുപാടുമെങ്കിൽ ഞാനും പാടണം….എനിക്ക് മതിയായി….

നിറഞ്ഞൊഴുകിയ കണ്ണുകൾ അവൾ തുടച്ചു വീണ്ടും പറഞ്ഞു തുടങ്ങി,

എന്ത് ചെയ്താലും വഴക്ക്, പഠിച്ചാലും ഇല്ലെങ്കിലും…പിന്നെന്തിനാ ഞാൻ പഠിക്കുന്നേ? എനിക്ക് പേടിയാ…..സത്യമായിട്ടും എനിക്ക് പേടിയാ പത്താം ക്ലാസ് പരീക്ഷയിൽ ഞാൻ തോറ്റുപോയാൽ അവർ എന്നെ കൊല്ലും അതുകൊണ്ടാ ഞാൻ തന്നെ മരിക്കാൻ ശ്രമിച്ചത്…. ‘ അവൾ പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറഞ്ഞവസാനിപ്പിച്ചു.

“മോളു കരയാതെ നമ്മുക്ക് പരിഹാരമുണ്ടാക്കാം. ഒരു കാര്യം ഞാൻ ഉറപ്പ്‌ തരാം അമല ഇനി എന്നെ കാണാൻ വരുമ്പോൾ സന്തോഷവതിയായിരിക്കും. പ്രോമിസ്…..പോരെ ?”

അവൾ കണ്ണുകൾ തുടച്ചു തലകുലുക്കി.

അവളോട് പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു ഞാൻ അവളുടെ മാതാപിതാക്കളെ അകത്തേക്ക് വിളിച്ചു.

“ഞാൻ അമലയോട് സംസാരിച്ചു “. ഞാൻ അത് പറഞ്ഞപ്പോൾ  അവരിരുവരും ആകാംഷയോടെ എന്റെ മുഖത്തേക്ക് നോക്കി.

“അവൾക്കല്ല കൗൺസിലിങ് വേണ്ടത് നിങ്ങൾക്കാണ് “

‘ഞങ്ങൾക്കോ ?’ അവളുടെ അച്ഛൻ അല്പം ദേഷ്യത്തോടെ തന്നെ ചോദിച്ചു.

“അതെ. നിങ്ങൾ മൂന്ന് പേരും ഒരു ദിവസം എത്ര നേരം ഒരുമിച്ച് ചിലവഴിക്കും ?”

അവരിരുവരും മുഖത്തോട് മുഖം നോക്കി.

“പറയൂ ” ഞാൻ ചോദ്യമവർത്തിച്ചു.

‘അത്…..അതിനൊന്നും സമയം കിട്ടാറില്ല. ഞാൻ വീട്ടിൽ എത്തുമ്പോൾ തന്നെ ലേറ്റ് ആവും. പിന്നെ ഇവൾക്കും ജോലി ഉണ്ട് ‘ അമലയുടെ അച്ഛൻ പറഞ്ഞവസാനിപ്പിച്ചു.

“ഓക്കേ. ഇനി അമലയുടെ അമ്മയോടാണ് ചോദ്യം. ക്ലാസ് വിട്ടു വന്നാൽ അന്ന് നടന്ന കാര്യങ്ങൾ നിങ്ങൾ പങ്കുവെക്കാറുണ്ടോ. പഠനത്തെ കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സൗഹൃദസംഭാഷണം ???”

അമ്മയ്ക്ക് മൗനം.

“ഇല്ല ഉണ്ടായിന്നെങ്കിൽ ഒരിക്കലും അവൾ ഇങ്ങനെ ആവില്ലായിരുന്നു. അവളുടെ ഇഷ്ട്ടങ്ങൾ നിങ്ങൾ ഒരിക്കലും മനസിലാക്കാൻ ശ്രമിച്ചിട്ടില്ല മറിച്ചു നിങ്ങളുടെ ആഗ്രഹങ്ങൾ അവളുടെ മേൽ അടിച്ചേല്പിക്കുകയായിരുന്നു. എന്താ ശരിയല്ലേ?”

അവർ രണ്ടുപേരും എനിക്ക് മുന്നിൽ തലകുനിച്ചിരുന്നു.

“കുട്ടികളെ ഒരിക്കലും പുസ്തകപുഴുക്കളായി വളർത്തരുത്. പുസ്തകത്തിൽ മാത്രമല്ല പാഠങ്ങൾ ഉള്ളത്. നമ്മുക്ക് ചുറ്റുവട്ടത്തിൽ നിന്നും, ഈ സമൂഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. സോ അവളെ അതിനുള്ള സ്വാതന്ത്രത്തിനു വിടുക. എട്ടാം ക്ലാസ്സു വരെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നില്ലേ അമല ?”

‘അതെ ‘ അവളുടെ അമ്മ പറഞ്ഞു

“അപ്പോളൊക്കെ നിങ്ങൾ അവളെ അഭിനന്ദിച്ചിട്ടുണ്ടോ ?”

അവരിരുവരും മിണ്ടിയില്ല.

“ഇല്ല അല്ലേ. ഒരു മാർക്ക് കുറഞ്ഞു പോയാൽ അതിന് വേണ്ടി അവളെ വഴക്കു പറഞ്ഞു. അപ്പോൾ അവളുടെ ആ കുഞ്ഞു മനസിനുണ്ടാവുന്ന വേദന എത്രത്തോളമാണ് എന്ന് നിങ്ങൾ ഓർത്തിരുന്നോ ? കുട്ടികളുടെ ചെറിയ കഴിവിനെ പോലും അംഗീകരിക്കുക. നിങ്ങൾ മാതാപിതാക്കൾ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ അവരെ വേറെ ആര് പ്രോത്സാഹിപ്പിക്കാൻ ആണ്. മാർക്ക് കുറഞ്ഞുപോയാൽ പോലും അവരെ വേദനിപ്പിക്കരുത് മറിച് ആശ്വസിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, അത് അവർക്ക് കൂടുതൽ പ്രോചോദനമേകും. കൗമാര പ്രായത്തിൽ പെണ്കുട്ടികളുടെ ബെസ്ററ് ഫ്രണ്ട് അവളുടെ അമ്മ ആയിരിക്കണം. അങ്ങനെ ആണെങ്കിൽ എല്ലാ കാര്യങ്ങളും അവൾ ഒരു മടിയും കൂടാതെ തുറന്നുപറയും. പിന്നെ അമലയുടെ അച്ഛൻ കുടുംബത്തോടൊപ്പം അല്പ സമയം ചിലവഴിക്കാൻ ശ്രമിക്കുക. അതായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ.”

‘ശരി മാഡം. ഞങ്ങൾടെ ഭാഗത്തു തന്നെയാണ് തെറ്റ്. മറ്റുള്ളവരേക്കാൾ എന്നും ഞങ്ങളുടെ മകൾ മുന്നിൽ ഉണ്ടാവണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളു. മാഡം പറഞ്ഞത് ശരിയാണ് ഞങ്ങളുടെ ആഗ്രഹം അവളുടെമേൽ അടിച്ചേല്പിക്കുകയായിരുന്നു ഞങ്ങൾ. അവളുടെ മനസ്സു മനസിലാകാക്കാൻ ഞങ്ങൾ ശ്രമിച്ചില്ല.അതാണ് എന്റെ മോളേ ഈ അവസ്ഥയിൽ എത്തിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. തെറ്റ് പറ്റി ഇനി തിരുത്താൻ ശ്രമിക്കാം ‘ അമലയുടെ അച്ഛൻ പറഞ്ഞു.

“അമലയ്ക്ക് ഒരു കുഴപ്പവും ഇല്ല. ഇപ്പോ ഉള്ളത് തനിച്ചാണെന്നുള്ള ഒരു തോന്നൽ. ദേഷ്യവും, സങ്കടവും, എടുത്തുചാട്ടവും എല്ലാം പെട്ടന്ന് തോന്നുന്ന ഒരു പ്രായമാണിത്. നിങ്ങൾ വേണം ശ്രദ്ധിക്കാൻ. ഞാൻ അമലയ്ക്ക് ഒരു വാക്ക് കൊടുത്തിട്ടുണ്ട് ഇനി അവൾ എന്നെ കാണാൻ വരുമ്പോൾ സന്തോഷവതിയായിരിക്കുമെന്ന്.  ആ വാക്ക് പാലിക്കാൻ നിങ്ങൾ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു “.

‘ഉറപ്പായും. ‘അവർ ഇരുവരും എന്നോട് നന്ദി പറഞ്ഞിറങ്ങി.

********************

ഇന്ന് അമല എന്നെ കാണാൻ വന്നിരുന്നു. പത്താം ക്ലാസ്സിലെ വിജയം പങ്കുവയ്ക്കാൻ.  അന്ന് നിരാശ കലർന്ന മുഖവുമായാണെങ്കിൽ ഇന്നവൾ വന്നത് പ്രതീക്ഷകളുടെ ഒരു പുഞ്ചിരി കലർന്ന മുഖവുമായാണ്.

കുട്ടികൾ പഠിക്കട്ടെ….പുസ്തകങ്ങളിൽ നിന്നും മാത്രമല്ല ചുറ്റുപാടുകളിൽ നിന്നും…നമുക്കവരെ പ്രോത്സാഹിപ്പിക്കാം, നാളെയുടെ വാഗ്ദാനങ്ങൾ ആണവർ…..!

~അപർണ