ഉമ്മയുടെ സ്വന്തം….
Story written by Saji Thaiparambu
=================
കല്യാണം കഴിഞ്ഞ പിറ്റേ മാസം മുംതാസിന്റെ കുളി തെറ്റിയപ്പോഴെ ആമിനുമ്മ പറഞ്ഞു.
“ഇദ്, അതന്നെ, നീ ഓളെ കൂട്ടിട്ട് ഡോക്ടറെ കാണാൻ നോക്ക് ജമാലെ, ഓക്ക് വയറ്റിലുണ്ട്. അതിന്റെ യാ ഈ ഓക്കാനോം ,തലകറക്കവുമൊക്കെ
ഉമ്മ അത് പറഞ്ഞപ്പോൾ തെല്ലൊരു നാണം വന്നു എങ്കിലും ജമാലിന് അത് കേട്ടപ്പോൾ പെരുത്ത് സന്തോഷായി.
മുംതാസിനെ കൂട്ടി പട്ടണത്തിലെ ഡോക്ടറെ കാണാൻ പോയി തിരികെ വരുമ്പോൾ വടക്കേപ്പുറത്തെ മൈലാഞ്ചിച്ചോട്ടിലിരുന്ന് ആമിനുമ്മ ഛർദ്ദിക്കുന്നു.
ഉപ്പ, ഉമ്മാന്റെ പുറം തടവികൊടുക്കുന്നു.
ജമാല് വേഗം ഓടിച്ചെന്നു.
“എന്ത് പറ്റി ഉപ്പാ “
അവൻ ഉത്ക്കണ്ഠയോടെ ചോദിച്ചു.
“ചക്കപ്പുഴുക്ക് കണ്ടാൽ അന്റുമ്മാക്ക് പിരാന്തല്ലേ ? വലിച്ച് വാരി കഴിച്ചപ്പേഴെ ഞാൻ പറഞ്ഞതാ വയറ്റീ പിടിക്കത്തില്ലെന്ന് “
ബഷീറ് കെട്ട്യോളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു
“ഉമ്മാ..എന്നാ വേഗം പർദ്ദയിട്ടോണ്ട് വന്നോളീൻ, ലീലാമ്മ ഡോക്ടറുടെ ക്ളിനിക്കിൽ പോയി കാണിച്ചിട്ട് വരാം “
“ജമാലെ..ഉമ്മാനെ ഞാൻ കൊണ്ടു പോയിക്കൊള്ളാം. നീ അകത്തോട്ട് ചെല്ല് “
ബഷീർ അവനോട് പറഞ്ഞു.
“വേണ്ട…നിങ്ങള് കച്ചോടം കഴിഞ്ഞ് ക്ഷീണിച്ച് വനതല്ലേ. കുറച്ച് വിശ്രമിക്ക്, ഞാൻ ഓനുമായിട്ട് പോയി വരാം”
ആമിനുമ്മ അതും പറഞ്ഞ് പർദ്ദ ധരിക്കാനായി അകത്തേക്ക് കയറി.
****************
ലീലാമ്മ ഡോക്ടർ പരിശോധന മുറിയിൽ നിന്ന് പുറത്ത് വന്ന് ജമാലിനെ അകത്തേക്ക് വിളിച്ചിട്ട് അവനോട് പറഞ്ഞു.
“ജമാലെ തനിക്ക് ഒരു കൂടപ്പിറപ്പിനെ കൂടി കിട്ടാൻ പോകുന്നു”
അത് കേട്ട ജമാൽ ചിരിക്കണോ കരയണോ എന്നറിയാതെ വിളറി നിന്ന് പോയി.
“എന്താടോ താൻ ഇങ്ങനെ മിഴിച്ച് നോക്കുന്നത്. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുകയല്ലേ വേണ്ടത് “
ഡോക്ടർ അന്തം വിട്ട് നില്ക്കുന്ന ജമാലിനോട് ചോദിച്ചു.
“അതല്ല ഡോക്ടർ, എന്റെ ഭാര്യയും പ്രെഗ്നൻറാണ്, അവളും അവളുടെ വീട്ടുകാരുമൊക്കെ ഇതറിഞ്ഞാൽ “
അവൻ പാതിയിൽ നിർത്തി.
“ഓഹ്, അറിഞ്ഞാൽ തനിക്ക് നാണക്കേടാകുമെന്ന് അല്ലേ? എടോ ഞാനും എന്റെ അമ്മയും ഒരു മുറിയിൽ, ഒരേ സമയം പ്രസവിച്ച് കിടന്നിട്ടുണ്ട്, അറിയുമോ തനിക്ക്, അന്ന് എന്റെ ആദ്യ പ്രസവവും അമ്മയുടെ ഏഴാമത്തെയുമായിരുന്നു.
ഇതിപ്പോൾ ആമിനയ്ക്ക് നാല്പത് വയസല്ലേ ആയിട്ടുള്ളു…നല്ല ആരോഗ്യവതിയും…താൻ ഒരൊറ്റ മകനല്ലേയുള്ളു, ഒരു മകനോ മകളോ കൂടെ വേണമെന്ന് അവർക്കുമില്ലേ ആഗ്രഹം “
ഡോക്ടർ അവനോട് ചോദിച്ചു.
“അതെനിക്കുമുണ്ട് ഡോക്ടർ അങ്ങനെയൊരാഗ്രഹം. കുഞ്ഞ് നാള് മുതലെ ഞാൻ ഉമ്മയോടും ഉപ്പയോടുംപറയുമായിരുന്നു, എനിക്കൊരു അനുജനോ അനുജത്തിയോ കൂട്ട് വേണമെന്ന്, സാരമില്ല ഇത്തിരി വൈകിയിട്ടാണെങ്കിലും എന്റ ആഗ്രഹം അവർ സാധിച്ച് തന്നല്ലോ”
ജമാൽ ചിരിച്ച് കൊണ്ട് ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആമിനുമ്മാക്ക് മോന്റെ മുഖത്ത് നോക്കാൻ ലജ്ജ തോന്നി.
അത് മനസ്സിലാക്കിയ ജമാൽ മൗനം മുറിച്ച് കൊണ്ട് ചോദിച്ചു.
“ഉമ്മയ്ക്ക് എന്താ കഴിക്കാൻ വേണ്ടേ, രാമേട്ടന്റെ കടേന്ന് രണ്ട് മസാല ദോശ മേടിക്കട്ടെ, ഒന്ന് മുംതാസിനും കൊടുക്കാം “
“ഉം.”
അവന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കൊണ്ട് ആമിനുമ്മ ഒന്ന് മൂളിയതേയുള്ളു.
വീട്ടിലെത്തുമ്പോൾ ബഷീർ ഉമ്മറത്ത് അവരെ കാത്ത് നില്പുണ്ടായിരുന്നു.
“ഡോക്ടർ എന്ത് പറഞ്ഞ് മോനെ ,ഉപ്പ പറഞ്ഞത് തന്നല്ലേ?”
ബഷീർ അക്ഷമയോടെ ചോദിച്ചു.
അത് കേട്ട് ജമാൽ ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു.
“ഉപ്പാ..ഇങ്ങള് ഒരേ സമയം ഉപ്പയും ഉപ്പൂപ്പയുമാകാൻ പോകുവാ “
മോൻ പറഞ്ഞത് മനസ്സിലാകാത്ത പോലെ ബഷീർ ആമിനുമ്മയെ നോക്കി.
“ഇങ്ങള് ഒന്ന് അകത്തോട്ട് ബരീൻ “
ആമിനുമ്മ അയാളെ വിളിച്ചിട്ട്, അകത്തേയ്ക്ക് കയറി പോയി
ജമാല്, മുംതാസിന്റെയടുത്തേക്ക് ചെല്ലുമ്പോൾ അവളുടെ മുഖം കടന്നല് കുത്തിയത് പോലുണ്ട്
“എന്താ, മുംതാസെ, എന്ത് പറ്റി “
അവൻ ജിജ്ഞാസയോടെ ചോദിച്ചു
“ഇതിൽ കൂടുതലിനി എന്ത് പറ്റാൻ…നാണമില്ലേ നിങ്ങടെ ത ന്തയ്ക്കും ത ള്ള യ്ക്കും….ഈ വയസ്സാൻ കാലത്ത്, ഇവർക്ക് ഇതെന്തിന്റെ കേടാ “
മുംതാസിന്റെ രോഷം ആളിക്കത്തി.
“നിർത്തെടി, നീ പറയുന്നത് കേട്ടാൽ തോന്നും അവരെന്തോ കൊടുംപാതകം ചെയ്തുന്ന്, മൂന്നാല് സഹോദരങ്ങളുള്ള നിനക്ക് ഒരു പക്ഷേ എന്റെ സന്തോഷം തിരിച്ചറിയാൻ കഴിയില്ല. ഞാനിപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാ, ഞാനൊരു അച്ഛനും, ഒപ്പം ജ്യേഷ്ടനുമാകാൻ പോകുവാ “
അത് പറയുമ്പോൾ അവന്റെ കണ്ണുകളിൽ സന്തോഷാശ്രു പൊടിഞ്ഞിരുന്നു.
“നിങ്ങൾക്കത് പറയാം നാണം കെടുന്നത് ഞാനും എന്റെ വീട്ടുകാരുമാ, അറിയ്യോ ?”
“അതൊക്കെ ശരിയാ, എന്ന് വച്ച്, ഉമ്മയെ വി ഷം കൊടുത്ത് കൊ ല്ലാ ൻ പറ്റുമോ ?”
ജമാൽ പരിഹാസത്തോടെ അവളോട് ചോദിച്ചു.
“ഉമ്മയെ കൊ ല്ല ണ്ട, ആ കുഞ്ഞിനെ ഒന്ന് കൊ ന്നാ ൽ മതി “
“എ ടീ “
അത് കേട്ട്, വർദ്ധിച്ചകോപത്തോടെ, മുംതാസിനെ തല്ലാനായി കയ്യോങ്ങിയപ്പോഴാണ് പുറകിൽ നിന്ന് ആമിനുമ്മയുടെ വിളി.
“ജമാലെ.നീയെന്താ ഈ കാട്ടണെ, അവള് അറിവില്ലായ്മ കൊണ്ട് എന്തേലും പറഞ്ഞെന്ന് കരുതി, ഉടനെ കൈ പൊക്കുവാണോ വേണ്ടേ…അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ “
അപ്പോഴേക്കും ബഷീറും അങ്ങോട്ട് വന്നു
“അതെ, മോളെ, പടച്ചോൻ തന്ന, ജീവനെടുക്കാൻ നമുക്കവകാശമില്ല, ഇല്ലെങ്കിൽ മോള് പറഞ്ഞ പോലെ നമ്മള് ചെയ്തേനെ, എന്റെ മോള് ഈ ഉപ്പയോടും ഉമ്മയോടും പൊറുക്ക്. മോള് വീട്ടിൽ പോയി പ്രസവം കഴിഞ്ഞ് വരുമ്പോഴേക്കും ഞാനും ആമിനയും കൂടി വേറൊരു വീടെടുത്ത് മാറിക്കൊള്ളാം. മോൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.”
“മോളെ ഈ സമയത്ത് മനസ്സിനും ശരീരത്തിനും നല്ല വിശ്രമം വേണം, ഇവിടെ നിൽക്കാൻ മോൾക്ക് ബുദ്ധിമുട്ടാണെങ്കിൽ, ജമാലിന്റെ കൂടെ നാളെ തന്നെ വീട്ടിലോട്ട് പൊയ്ക്കോളൂ”
അത്രയും പറഞ്ഞ് ബഷീറും ആമിനുമ്മയും അവരുടെ മുറിയിലേക്ക് തിരിച്ച് പോയി
“ഹും, നിങ്ങളെന്നെ ത ല്ലാൻ കയ്യോങ്ങിയല്ലേ ? നിങ്ങള് നോക്കിക്കോ ? ആ കുഞ്ഞിനെ നിങ്ങൾക്ക് കിട്ടില്ല. അത് ചാ പി ള്ള യായി പോകുകയേ ഉള്ളു”
മുംതാസ് ശപിച്ച് കൊണ്ട് മുറിയിൽ നിന്നിറങ്ങി അടുക്കളയിലേക്ക് പോയി
****************
മാസങ്ങൾ കടന്ന് പോയി….
ആമിനുമ്മയ്ക്കും മുംതാസിനും ഒരേ ഡേറ്റായിരുന്നു.
രണ്ട് പേരെയും പ്രസവത്തിനായി ഒരേ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ആമിനുമ്മയുടെ ആരോഗ്യനില മോശമായത് കൊണ്ട് സിസേറിയനായി അവരെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി.
ഇതറിഞ്ഞ മുംതാസ് ഉള്ള് കൊണ്ട് സന്തോഷിച്ചു.
“അത് ചാപിള്ള തന്നെയാകും “
അവൾ മനസ്സിലുരുവിട്ട് കൊണ്ടിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ മുംതാസിന് പ്രസവവേദന അനുഭവപ്പെട്ടു.
അവളെ വേഗം ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.
****************
പ്രസവം കഴിഞ്ഞ് നാല്പതാം ദിവസം, ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോൾ, ആമിനുമ്മ മുംതാസിനോട് പറഞ്ഞു.
“മോളെ അടുത്ത മാസം നല്ലൊരു ദിവസം നോക്കി, ഉമ്മ ജമാലുമായിട്ടിങ്ങ് വരാം, അവിടിപ്പോൾ, ഞങ്ങൾക്ക് കൊഞ്ചിക്കാനായി റബ്ബ് ഇതിനെ മാത്രമല്ലേ തന്നത് ?”
അത് പറഞ്ഞപ്പോൾ ആമിനുമ്മയുടെ നിറഞ്ഞ കണ്ണ്നീർ മുംതാസിന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ മേൽ വീണു.
“പോട്ടെ ഉമ്മാ…നമുക്കാ കുഞ്ഞിനെ വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക് “
മുംതാസ് പുറമെ അത് പറഞ്ഞെങ്കിലും അവളുടെ ഉള്ളിൽ സന്തോഷമാണെന്ന് ജമാലിനറിയാമായിരുന്നു.
****************
മാസങ്ങൾക്ക് ശേഷം ആ വീടിന്റെ അന്തരീക്ഷം ഒരു പിഞ്ച് കുഞ്ഞിന്റെ കളി ചിരിയും കരച്ചിലും കൊണ്ട് മുഖരിതമായി.
കുഞ്ഞിനെ മുംതാസിന്റെ കൈയ്യിൽ കിട്ടുന്നത്, മു ല കൊ ടുക്കാൻ വേണ്ടി മാത്രമായിരുന്നു.
ആമിനുമ്മയും ബഷീറും ആ ഓമനയെ നിലത്ത് വയ്ക്കാതെയാണ് കൊണ്ട് നടക്കുന്നത്
മുംതാസും ഏറെ സന്തോഷത്തിലാണ്. കാരണം, ആമിനുമ്മയ്ക്ക് ജീവനോടെ, സ്വന്തം കുഞ്ഞിനെ കിട്ടാതിരുന്നത് കൊണ്ടല്ലേ ? തന്റെ കുഞ്ഞിന് ഇത്ര പരിഗണന ഇവിടെ കിട്ടുന്നത് എന്ന് അവളോർത്തു
കുഞ്ഞ് വിശന്ന് കരയാൻ തുടങ്ങിയപ്പോൾ പാല് കൊടുക്കാനായ് മുംതാസ് കുഞ്ഞിനെയുമെടുത്ത് അകത്തേയ്ക്ക് പോയി.
“ആമിനാ..എത്ര നാള് നമ്മളീ രഹസ്യം അവളിൽ നിന്ന് മറച്ച് വയ്ക്കും, എന്നെങ്കിലും അവളറിയില്ലേ അവള് പോറ്റി വളർത്തിയത് അവള് പ്രസവിച്ച കുഞ്ഞിനെയല്ല, നിന്റെ കുഞ്ഞിനെ ആയിരുന്നെന്ന്…”
ബഷീർ ആശങ്കയോടെ ചോദിച്ചു.
“എന്ന് കരുതി അവൾപെറ്റത് ഒരു ചാ പി ള്ള യായിരുന്നെന്ന് അറിയുമ്പോൾ അവള് തളർന്ന് പോകില്ലേ?
എന്തായാലും പോകുന്നിടത്തോളം പോകട്ടെ നമ്മുടെ വായിൽ നിന്നും ഒരിക്കലും അവളതറിയാൻ പാടില്ല…പിന്നെ ആരെങ്കിലും പറഞ്ഞറിയുമ്പോഴല്ലേ ? അതപ്പോൾ ആലോചിക്കാം”
ആമിനുമ്മക്ക് ആ കാര്യത്തിൽ ഒട്ടും ആശങ്കയില്ലായിരുന്നു.
തന്റെ നേരെ എന്നെങ്കിലും മരുമകൾ പോരിന് വരുമ്പോൾ അവളെ പ്രതിരോധിക്കാനുള്ള മൂർച്ചയേറിയ ആയുധമായി ആ രഹസ്യം അവർ സൂക്ഷിച്ച് വച്ചു.
~സജിമോൻ തൈപറമ്പ്.