ബ്ലിങ്കസ്യാ…
Story written by Abdulla Melethil
===============
‘ഓരോ സ്റ്റോപ്പ് എത്തുമ്പോഴും കിളി വിളിച്ചു പറയുന്ന സ്ഥലപ്പേരുകൾ ആരതി ശ്രദ്ധാ പൂർവ്വം കേട്ടു..അവളുടെ ആശങ്ക നിറഞ്ഞ മുഖം കാണുമ്പോൾ തന്നെ കിളി നിങ്ങളുടെ സ്ഥലം എത്തിയിട്ടില്ല എത്തുമ്പോൾ പറയാം എന്ന് പറയും.
എന്നാലും അവൾ പുറത്തേക്കും കിളി വിളിച്ചു പറയുന്ന സ്ഥലപ്പേരിലേക്കും ചെവിയോർക്കും വട്ടത്താണി എന്നാണോ കിളി പറയുന്നതെന്ന്..
ബ്ലിങ്കസ്യാ വട്ടത്താണി അതാണ് ശരിക്കും സ്ഥലപ്പേര് ബ്ലിങ്കസ്യാ എന്ന പേര് അമ്മാവനെ നാട്ടുകാർ വിളിക്കുന്നതാണ് അമ്മാവൻ നാട്ടുകാരോട് എന്ത് കാര്യം സംസാരിക്കുമ്പോഴും അപ്പോഴെല്ലാം നിനക്കെന്താ ഒരു ബ്ലിങ്കസ്യാ എന്ന് ചോദിക്കും ക്രമേണ അമ്മാവനെ ബ്ലിങ്കസ്യാ എന്ന് നാട്ടുകാർ നേരിട്ടും അല്ലാതെയും വിളിക്കാനും അറിയപ്പെടാനും തുടങ്ങി അതൊക്കെ തന്റെ കുട്ടിക്കാലത്ത് ആണ് ..
നാട്ടിലെ കലാസാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു അമ്മാവൻ അത്യാവശ്യം എഴുത്തും വായനയും ഉണ്ടായിരുന്ന അമ്മാവൻ തന്നെയാണ് നാട്ടിൽ ഒരു വായനശാലതുടങ്ങാൻ സ്ഥലം കൊടുത്തതും പുസ്തകങ്ങൾ ശേഖരിച്ചതും
വായനശാലയുടെ പേര് മാനവീയം എന്നായിരുന്നെങ്കിലും നാട്ടുകാർ ബ്ലിങ്കസ്യാ വായനശാല ബ്ലിങ്കസ്യയുടെ വായനശാല എന്നായിരുന്നു വിളിച്ചിരുന്നത് ക്രമേണ വായനശാല നിൽക്കുന്ന വട്ടത്താണി അങ്ങാടിയും ബ്ലിങ്കസ്യാ എന്ന് വിളിക്കപ്പെട്ടു..
അവൾ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു പുറത്തേക്ക് നോക്കിയാൽ പോലും സ്‌ഥലം അറിയാൻ കഴിയില്ല ഒരു പക്ഷേ ബ്ലിങ്കസ്യാഎത്തിയാൽ പോലും അറിയാൻ കഴിയില്ലായിരിക്കും പത്ത് വർഷം കഴിഞ്ഞു താൻ നാട്ടിലേക്ക് വന്നിട്ട്..
വീട്ടിൽ അമ്മാവനും അമ്മയും ഉണ്ടാകും അമ്മാവൻ വിവാഹം കഴിച്ചിരുന്നെങ്കിലും ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല എന്നാണ്.അറിവ് അമ്മായി എപ്പോഴും അവരുടെ വീട്ടിൽ ആയിരിക്കും അമ്മാവൻ ഇവിടെയും സ്വന്തമായി ഒരു വായനശാല അമ്മാവന് വീട്ടിലും ഉണ്ട് സദാസമയവും അമ്മാവനതിനുള്ളിലായിരിക്കും..
നീയൊരു ജേർണലിസ്റ്റ് ആകണം എന്ന് ആദ്യം പറഞ്ഞത് അമ്മാവനായിരുന്നു അമ്മാവന്റെ വായന മുറിയിൽ പ്രവേശനം ഉള്ള ഏക വ്യക്തിയും താനായിരുന്നു..
ഡിഗ്രിക്ക് പഠിക്കുന്ന കാലം എല്ലാ പുസ്തകങ്ങളും ആർത്തിയോടെ വായിക്കുമായിരുന്നു
എല്ലാ ഷെല്ഫുകളും അലമാരകളും തനിക്ക് തുറക്കാം ഒന്നൊഴികെ അതിന്റെ താക്കോൽ എപ്പോഴും അമ്മാവൻ സൂക്ഷിച്ചു
ഒരു ദിവസം ചാവി വീടിനുള്ളിൽ നിന്നും എടുക്കാൻ മറന്നു
അന്ന് താൻ ജിജ്ഞാസ കൊണ്ട് അത് തുറക്കാൻ നോക്കിയപ്പോഴാണ് ആദ്യമായി അമ്മാവൻ തന്നോട് ക്ഷോഭിക്കുന്നത് ഒരു നിസ്സഹായതയുടെ ദുര്ബലതയുടെ സ്വരം പോലെയായിരുന്നു അത് മാത്രം തുറക്കരുത് എന്ന് അമ്മാവൻ തന്നോട് പറയുമ്പോൾ കണ്ടത്..
ബ്ലിങ്കസ്യാ വട്ടത്താണി എന്ന് ക്ളീനർ വിളിച്ചു പറയുന്നത് കേട്ടതും അവൾ തന്റെ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു അവൾ ബാഗും കൈയ്യിൽ എടുത്ത് പുറത്തേക്കിറങ്ങി..
അവളൊരു മോഡേണ് വേഷധാരി ആയിരുന്നു അവളുടെ ശരീരഭാഗങ്ങൾ ഓരോന്നായി തിരിച്ചറിയപ്പെടും വിധത്തിലായിരുന്നു അവളുടെ വസ്ത്രങ്ങൾ ക്രമീകരിക്കപ്പെട്ടിരുന്നത് നാട്ടുകാരുടെ ഭാഷയിൽ കാഴ്ച്ചയിൽ..
ചായം തേച്ച ചുണ്ടുകൾ നെറ്റിയിൽ വെച്ച കൂളിംഗ് ഗ്ലാസ്സ് വലിയൊരു ബാഗ് ഇതെല്ലാം ഒരു അന്യ നാട്ടുകാരിയാണ് എന്നുള്ള തിരിച്ചറിവിനേക്കാൾ ഇത്തരം വസ്ത്രം ധരിച്ച ഒരു പെണ്ണിൽ ഞങ്ങൾക്ക് നോക്കാൻ അവകാശം ഉണ്ടെന്ന അധികാര ബോധത്തോടെയാണ് ആബാലവൃദ്ധം ജനങ്ങളും അവളെ നോക്കുന്നത്…
ബാർബർ ഷോപ്പിലെ ബാബു പലചരക്ക് കടയിലെ ബാവ ലോട്ടറി കച്ചവടക്കാരൻ ചന്ദ്രേട്ടൻ എല്ലാവരും..
അപ്പോഴാണ് വിജയൻ നായർ എല്ലാവരും കേൾക്കെ എന്നാൽ അധികം ഉച്ചത്തിൽ അല്ലാതെ അവളെ കുറിച്ച് പറഞ്ഞത് അത് പുത്തൻ വീട്ടിലെ രവിയുടെ അനന്തിരവൾ ആണെന്ന് പറഞ്ഞത്..നമ്മുടെ ബ്ലിങ്കസ്യയുടെയോ ..? എല്ലാവരും ഏക സ്വരത്തിൽ ചോദിച്ചപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു അതേ…
അവൾക്ക് ഒരു സന്തോഷം ഉണ്ടായി നാട് അധികം മാറിയിട്ടില്ല വഴികളും ആൾക്കാരും ചിന്തകളും ഒന്നും എല്ലാവർക്കും ഒരു ചിരി കൊടുത്ത് അവൾ നടന്ന് നീങ്ങി..കൂടെ മഴപെയ്തു തോർന്നാൽ പെയ്യുന്ന മരം പോലെ ആളുകളുടെ പിറു പിറുക്കലുകളും..
ഡൽഹിയിൽ ആയിരുന്നു പത്രത്തിലും ടിവിയിലും ഒക്കെ വല്ല്യ ശമ്പളം ഒക്കെ ഉണ്ടാകും ഏതോ നസ്രാണി ചെക്കന്റെ കൂടെ ആയിരുന്നെത്രെ പൊറുതി..ആളുകളുടെ സംസാരം അങ്ങനെ പലദിക്കിലേക്കും ഒഴുകി മഴവെള്ളം പോലെ താഴ്ച്ചയുള്ളിടങ്ങളിലേക്ക്…
വിജയൻ നായർ പറഞ്ഞു..നമ്മുടെ നാടിന്റെ പേര് പത്താൾ അറിഞ്ഞത് അവളുടെ പേരിലാണ് അവൾക്ക് പഠിക്കാനും ദൂരെ ജോലിക്ക് പോകാനും എല്ലാം കൂടെ നിന്നത് നമ്മുടെ ബ്ലിങ്കസ്യായുമാണ്..
അവൾ വീട്ട് പടിക്കൽ എത്തിയപ്പോൾ കുറച്ചു നേരം മൗനിയായി..
എത്രയൊക്കെ മനസ്സിനെ ഉറപ്പിച്ചു പിടിച്ചിട്ടും വീടിന് അടുത്ത് എത്തിയപ്പോൾ നാട്ടിൻ പുറത്ത് പാടവരമ്പിലൂടെ ദാവണി ചുറ്റി അമ്മാവന്റെ കൈ പിടിച്ചു നടന്നിരുന്ന ആരതി കുട്ടിയായി..അച്ഛനെ കണ്ട ഓർമ്മകൾ ഇല്ലെന്ന് തന്നെ പറയാം എല്ലാം അമ്മാവനായിരുന്നു..
അമ്മ തന്നെ കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ സ്തംഭിച്ചു നിന്നു ഒരു നിമിഷമെങ്കിലും പിന്നീട് മോളെ എന്നും വിളിച്ചു ഓടി വന്ന് കെട്ടിപിടിച്ചു..
ആരോ വന്ന പോലെ തോന്നിയത് കൊണ്ടാകും അമ്മാവനും പുറത്തേക്ക് വന്നു..ആരതി അമ്മാവന് അടുത്തേക്ക് ഓടി അയാൾ അവളെ തന്നോട് ചേർത്ത്നിർത്തി നെറുകയിൽ പതിയെ ചുംബിച്ചു…
അവൾ അങ്ങനെ ആ തിണ്ടിന്മേൽ ഇരുന്ന്ഓരോ വിശേഷങ്ങളായി പറയാൻ തുടങ്ങി പത്ത് വർഷത്തെ വിശേഷങ്ങൾ അവൾ അമ്മയെയും അമ്മാവനെയും ശ്രദ്ധിച്ചു രണ്ട് പേരും തന്നെ എത്ര സന്തോഷത്തോടെയാണ് കേട്ട് കൊണ്ടിരിക്കുന്നത്..
അമ്മാവന് വലിയ മാറ്റമൊന്നും കാലംവരുത്തിയിട്ടില്ല എന്നാൽ അമ്മ പറ്റെ അവശയാണ്..അമ്മായിയെ കുറിച്ചു ചോദിച്ചപ്പോൾ അവിടെ പോകാറുണ്ട് അവർക്ക് സുഖമാണ് എന്ന് എപ്പോഴുമെന്ന പോലെ അമ്മാവൻ പറഞ്ഞു..ഒരു മോനാണ് അമ്മാവന് അവനൊരിക്കലും അമ്മാവനോട് സ്നേഹത്തോടെ ഇടപെഴകുന്നത് കണ്ടിട്ടില്ല…
അമ്മാവൻ ആരെയും ഒന്നിനും നിര്ബന്ധിക്കുന്നില്ല ആകെ ഉള്ളൊരു പെങ്ങൾ ഒരു പ്രണയത്തിൽ ആയപ്പോഴും അന്യ മതസ്ഥൻ ആയിട്ടും നടത്തി കൊടുക്കുകയാണ് അമ്മാവൻ ചെയ്തത് അയാൾ ഇട്ടേറിഞ് പോയിട്ടും ഒരു കുത്ത് വാക്ക് പോലും അമ്മാവൻ പറഞ്ഞിട്ടില്ല….
കൂടെജോലി ചെയ്യുന്ന ഒരു കൃസ്ത്യൻ പയ്യനുമായിഇഷ്ടത്തിൽ ആണെന്ന് പറഞ്ഞപ്പോഴും ഒരു അനിഷ്ഠവും പറഞ്ഞില്ല തോൽക്കരുത് അമ്മയെ പോലെ അമ്മാവനെ പോലെ..എന്ന് മാത്രമായിരുന്നു പറഞ്ഞത്…അമ്മാവൻ എവിടെയാണ് തോറ്റത് എന്ന് മാത്രം ചോദിച്ചില്ല ഒരു പക്ഷേ വിവാഹ ജീവിതം ആയിരിക്കാം എന്നുകരുതിയിരുന്നു..
അമ്മാവൻ തോറ്റത് ദാമ്പത്യത്തിൽ മാത്രമല്ല എന്ന് മനസ്സിലായത് നാട്ടിൽ വന്ന് ഒരാഴ്ച്ചകഴിഞ്ഞപ്പോഴാണ്..
തുറക്കരുത് എന്ന് പറഞ്ഞിരുന്ന ഷെല്ഫിലേക്ക് എടുത്ത് വെക്കാൻ മറന്ന ഡയറിയിൽ നിന്ന് കിട്ടിയ ഒരെഴുത്ത്..ഹൃദയം പെരുമ്പറ കൊട്ടി അവളാ എഴുത്ത് വായിക്കുമ്പോൾ..
‘എന്റെ പ്രിയപ്പെട്ട മാഷേ…! അസ്തമയ സൂര്യൻ മങ്ങി ഇരുട്ട് വ്യാപിച്ച ചിലനിഴലുകൾക്കുള്ളിൽ ദിശയറിയാതെ പറന്ന് കളിക്കുന്ന ഒരു മിന്നാമിന്നിയെ അവൾ എരിഞ്ഞു തീരാൻ അധികം ബാക്കിയില്ലാത്ത ഒരു അവസാന നിമിഷത്തിലാണ് ചില ചിരിയുടെ സൗന്ദര്യ ശാസ്ത്രവുമായി മാഷ് അവൾക്കരികിലേക്ക് വന്നത്..
അവൾക്ക് നിങ്ങൾ പ്രകാശം നൽകി..പുഞ്ചിരി നൽകി കവിതകളോടൊപ്പം സ്ഫുടം ചെയ്ത പ്രണയവും..
അവളധികം വായിച്ചില്ല അമ്മാവൻ ഇപ്പോഴേത്തും അവൾ താഴെ എഴുതിയ പേര് മാത്രം വായിച്ചു..എന്ന് മാഷിന്റെ സ്വന്തം ചാരുത…
അവളാ എഴുത്ത് ഡയറിയിൽ തന്നെ തിരികെ പഴയത് പോലെ എടുത്ത് വെച്ചു…
അമ്മയോ വലിയമ്മയോ ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് അമ്മാവന് ഒരു പ്രണയം ഉണ്ടായിരുന്നെന്ന്..അമ്മാവൻ മുറിയിലേക്ക് വന്നു മോളെ ഞാൻ അങ്ങാടി വരെ ഒന്ന് പോയി വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി…
അവളുടൻ തന്നെ ഡയറിയിൽ നിന്ന് കത്തെടുത്ത്ബാക്കി വായിച്ചു..ഓരോ വരികളിലും പ്രണയവും വിരഹവും സ്നേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്നു പലപ്പോഴും എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു..
‘ജനലിന്റെ ജാലകത്തിലൂടെ നോക്കിയാൽ കാണുന്ന ഒരൊറ്റ മരത്തെ കുറിച്ചു ഞാൻ പറഞ്ഞിട്ടില്ലേ..അതിപ്പോഴും പൂത്ത് നിൽക്കുന്നു..മാഷ് പുഞ്ചിരിക്കും പോലെ..മാഷേന്നെ ചീത്ത പറയുമ്പോൾ അതിലെ ഇലകളും പൂവുകളും കൊഴിഞ്ഞു പോകാറുണ്ട്..നിമിഷ നേരത്തേക്ക് മാത്രമാണ് അതും മാഷിന്റെ ദേഷ്യം പോലെ..എത്ര പെട്ടെന്നാണ് അത് വന്ന് പോയി മറയുന്നത്..
‘ആരാണ് ഞങ്ങളുടെ ബ്ലിങ്കസ്യയുടെ എന്റെ പ്രിയപ്പെട്ട അമ്മാവന്റെ സ്നേഹം ആവോളം നുകരാൻ ഭാഗ്യം ലഭിച്ചവൾ..അവളാ ഡയറി വായിക്കാൻ തുടങ്ങി..അമ്മാവന്റെ മനോഹരമായ കൈയ്യക്ഷരങ്ങളാൽ അവളെ ആ ഡയറിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.അവൾക്ക് വേണ്ടി മാത്രം എഴുതപ്പെട്ട കഥകൾ കവിതകൾ എല്ലാം ചാരുത….
തന്റെ കൂടെ ഒരേ സ്കൂളിൽ പഠിപ്പിച്ചിരുന്ന ടീച്ചറിൽ തുടങ്ങിയ സ്വാഭാവികമായ സൗഹൃദം
ചാരുതകുട്ടി എന്നായിരുന്നു അവളെ വിളിച്ചിരുന്നത് കുസൃതികാരിയായ ഒരു കൊച്ചു കളിക്കുടുക്ക എന്ത് പറഞ്ഞാലും ചിരിക്കുന്ന പെണ്ണ്..
അവളെന്നോട് എന്തെങ്കിലും പരിഭവം പറഞ്ഞിട്ടുണ്ടോ ഇല്ല ഒന്നുമില്ല ഓർക്കാനുള്ള ഒരു പരിഭവം പോലും അവൾക്ക് ഉണ്ടായിരുന്നില്ല..തനിക്കോ പരിഭവമേ ഉണ്ടായിരുന്നുള്ളൂ
എന്നും ഒരുമിച്ചിരുന്നത് ഭക്ഷണം കഴിച്ചിരുന്നത് അപ്പോഴെല്ലാം അനുഭവിച്ച മാനസിക ഉല്ലാസം എല്ലാം അമ്മാവൻ എഴുതിയിട്ടുണ്ട്…
മാഷേ എന്ന് വിളിച്ചിരുന്നത് എന്റെ മാഷേ എന്നായത്..പ്രണയിക്കാൻ തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അവൾക്ക് ട്രാൻസ്ഫർ പേരറിയാത്ത നാടറിയാത്ത ഒരുദിക്കിലേക്ക്…എങ്ങനെയാണ് ഞാൻ ആ ദിനങ്ങൾ കടന്ന് പോയത്…
അവൾ പേജുകൾ മറിച്ചു കൊണ്ടിരുന്നു..
യാത്ര പറയുന്ന ദിവസം ഹൃദയവും അവൾക്ക് സമർപ്പിച്ചിരുന്നു..അവളില്ലാത്ത സ്കൂളിലേക്ക് പോകാൻ തന്നെ കഴിഞ്ഞിരുന്നില്ല..സ്റ്റാഫ് റൂമിൽ ക്ലാസ് റൂമിൽ മാവിൻ ചുവട്ടിൽ സ്കൂൾ മുറ്റത്ത് എല്ലായിടത്തും അവൾ മാത്രം എന്റെ ചാരുത..
പുറത്ത് അമ്മാവൻ വന്ന പോലെ തോന്നിയപ്പോൾ അവൾ ഡയറി പഴയ പോലെ വെച്ചു..അവൾക്ക് നല്ലോണം സങ്കടവും കരച്ചിലും വന്നിരുന്നു..അവൾ ആ മുറിയിൽ മറ്റൊരു ബുക്ക് വെറുതെ മറിച്ചു നോക്കിയിരുന്നു..
കൂടെ ഇപ്പോൾ ആ പറഞ്ഞ ചെറുപ്പക്കാരൻ ഇല്ലേ…റൂമിൽ കയറി കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ ചോദിച്ചു..
അവൾ വീട്ടിൽ വന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മാത്രമാണ് അവളുടെ പ്രണയത്തെ കുറിച്ച് അമ്മാവൻ അവളോട് ചോദിച്ചത്..
ഇല്ല അയാൾ പോയി..അവളുടെ ശബ്ദം ചിലമ്പി..
സാരമില്ല ജീവിതം ഇങ്ങനെയൊക്കെയാണ്..അമ്മാവൻ അവളുടെ തലയിൽ പതിയെ തട്ടി പറഞ്ഞു..
അയാൾ മുറിയിലെ ഒരു ചാരി കസേരയിൽ ചാരി ഇരുന്നു…
എന്തേ അവരെ ഇഷ്ടപെട്ടിട്ടും കൂടെ കൂട്ടിയില്ല…അവൾ പതിയെ ചാരുതയെ കുറിച്ചു ചോദിച്ചു..
അയാൾ അവളെ ഒന്ന് നോക്കി..ഞാൻ ഡയറി മുഴുവൻ വായിച്ചു..ചാരുതയെ കൂടെ കൂട്ടായിരുന്നില്ലേ…
അവൾ മറ്റൊരാളുടെ ഭാര്യ ആയിരുന്നു…
അയാളൊന്ന് ദീർഘ നിശ്വാസം വിട്ടു..ഈ ഷെൽഫിനുള്ളിലെ എന്റെ ഹൃദയത്തിലേക്കുള്ള വാതിൽ തുറക്കാനുള്ള സമയമായി നീ അറിയാനും..നിന്നോട് പറഞ്ഞാൽ അത് ഉൾക്കൊള്ളാനും മനസ്സിലാക്കാനും നീ പ്രാപ്‌തയായി പ്രണയത്തിന്റെ രുചിയും കൈപ്പും മധുരവും നൊമ്പരവും നീയും അറിഞ്ഞല്ലോ..
അത് കൊണ്ടാണ് ആ ഡയറി ഞാൻ പുറത്തേക്ക് വെച്ചത് ഒരാളെങ്കിലും എന്റെ ചാരുതയെ കുറിച്ചു അറിഞ്ഞിരിക്കണം..
കാലത്തിന്റെ വിളി അടയാളങ്ങളിൽ ചിലത് ഉണരാത്ത നിദ്രയാണ് അങ്ങനെ അവൾക്ക് മുന്നേ ഞാൻ ഉറങ്ങിയാൽ അവളെ അറിയിക്കണം അപ്പോൾ അവൾ വരും അവസാനമായി അവളുടെ മാഷിന് ഒരു ചുംബനം നൽകാൻ..
അവളെഴുതിയ വരികൾ അവളൊന്ന് കൂടി ഓർത്തു..
ആരും കാണാത്ത ആരും അറിയാത്ത ആരുടെയും ശ്രദ്ധയിൽ പെടാത്ത ചില വജ്രങ്ങളുണ്ട് അടുത്തറിഞ്ഞാൽ മാത്രം അതിന്റെ പ്രകാശത്താൽ വെളിച്ചം പരക്കുന്നവ മാഷെനിക്ക് ഒരു വെളിച്ചമാണ് അന്ധകാരത്തിൽ കൊളുത്തി വെച്ച ഒരൊറ്റത്തിരി വിളക്ക്.. അവളമ്മാവനെനോക്കി..ബ്ലിങ്കസ്യാ ഒരു പീ ഡി തനെ പോലെ ഇരിക്കുന്നു…
പിന്നെ അവരെ കണ്ടിട്ടില്ലേ…? അവൾ ചോദിച്ചു..
കണ്ടു ഒരു ദിവസം ഒരു പകൽമുഴുവൻ ഞങ്ങൾഒരുമിച്ചിരുന്നു…അയാൾ മറ്റൊരു ഡയറി അവൾക്ക് കൊടുത്തു…
‘ഇന്നത്തെ ദിവസം എന്റെ ജീവിതത്തിൽ ഞാനൊരിക്കലും മറക്കാൻ പാടില്ലാത്ത ദിവസമാണ് എന്റെ ചാരുതയെ കുറെ കാലങ്ങൾക്ക് ശേഷം ഞാൻ കാണാൻ പോകുന്നു പോകുന്ന സ്ഥലം എനിക്ക് അത്ര പരിചയമില്ല മണിക്കൂറുകൾ യാത്ര ചെയ്യണം എങ്കിലും ഞാൻ സന്തോഷവാനാണ് ഞാനെന്റെ ചാരുതയെ കാണാൻ പോകുന്നു
‘തലേന്ന് തന്നെ അവൾക്ക് ഞാൻ എന്ത് കൊടുക്കണം എന്നുള്ള ചിന്തകളിൽ ആയിരുന്നു..ജീവിതത്തിൽ ലക്ഷ്മിക്ക് പോലും. ഒരു കമ്മൽ വാങ്ങി കൊടുക്കാത്ത ഞാൻ കമ്മൽ ഇട്ട് നടക്കുന്ന സ്ത്രീകളെ ശ്രദ്ധിക്കാൻ തുടങ്ങി പുതിയ മോഡൽ വേണം അവൾക്ക് കൊടുക്കാൻ കാരണം അവൾ അത്തരം മോഡൽ കമ്മലുകൾ അണിയാറുണ്ട്…
ഫാൻസി ഷോപ്പിൽ കയറി ഒരപചിരിതനെ പോലെ ഞാൻ നിന്നു ഓരോന്ന് കാണുമ്പോഴും അത് ഇഷ്ടപ്പെടുമോ പറ്റുമോ.എന്നൊക്കെ മാറ്റിയും മറിച്ചും ചിന്തിച്ച് അവസാനം രണ്ട് തരം ഞാൻ തിരഞ്ഞെടുത്തു..
അവളുടെ കുഞ്ഞിനൊരു ഉടുപ്പും കൂടാതെ അവൾക്കൊരു വാച്ചും ഇനിയൊരു കൂടി കാണൽ ഉണ്ടായില്ലെങ്കിലോ..
അവൾക്ക് ട്രെയിൻ മിസ്സായി ബസ്സിനാണ് വരുന്നതെന്ന് പറഞ്ഞപ്പോഴും എത്ര കാത്ത് നിന്നാലും അവളെ കാണാമല്ലോ എന്ന് മാത്രമായിരുന്നു ഒരാശ്വാസം..
ട്രൈനിലിരിക്കുമ്പോൾ കാലം അവൾക്ക് എന്തൊക്കെ മാറ്റമാണ് വരുത്തിയതെന്നും അവൾ തന്നോട് ചേർന്ന് നിൽക്കില്ലേ അതോ അന്യരെ പോലെ എന്തെങ്കിലും സംസാരിച്ചു യാത്ര പറഞ്ഞു പോകുമോ..അതോ തന്നെ കണ്ട മാത്രയിൽ തന്നെ അടുത്തബസ്സിന്സ്ഥലം വിടുമോ തുടങ്ങി ഒരു പതിനേഴ്കാരന്റെത് പോലുള്ള ആശങ്കയും ഭയവിഹ്വലതയുമായി ഞാൻ അവളെ കാത്ത് നിന്നു..
മണിക്കൂറുകൾ അവൾക്ക് വേണ്ടി കാത്ത് നിൽക്കുമ്പോഴും മുഷിഞ്ഞില്ല അവൾ വരുന്നുണ്ടല്ലോ ഓരോ പത്ത് മിനിട്ടും ഇടവിട്ട് വിളിച്ചു കൊണ്ടിരുന്നു എവിടെ എത്തി എന്നറിയാനുള്ള പരിഭ്രമം…
അവൾ വന്നിറങ്ങിയാൽ ആദ്യം ഞാൻ കാണണം എന്നുള്ള എന്റെ ആഗ്രഹത്തെ തെറ്റിച്ചു കൊണ്ട് അവൾ മാഷേ എന്നും വിളിച്ചു അടുത്തേക്ക് വന്നു..
അവൾക്ക് വലിയ മാറ്റങ്ങൾ ഒന്നുമില്ല മോളെ എന്നേ അവളെ വിളിക്കാറുണ്ടായിരുന്നുള്ളൂ…
അവളെയും കൂട്ടി നേരെ എന്തെങ്കിലും ഭക്ഷണം കഴിക്കാൻ ആണ് പോയത് ഭക്ഷണം ഒന്നും വേണ്ട മാഷേ എനിക്ക് എന്തേലും വെള്ളം മതി എന്നവൾ പറഞ്ഞപ്പോൾ രണ്ട് ജ്യൂസിന് ഓർഡർ കൊടുത്ത് മുഖത്തോടെ മുഖം നോക്കിയിരുന്നു…
ഡയറിയിൽ നിന്ന് ഒരിക്കൽ പോലും മുഖം ഉയർത്താതെ അത്രയും വായിച്ച അവൾ അപ്പോൾ മാത്രം അമ്മാവനെ ഒന്ന് നോക്കി.അമ്മാവൻ കണ്ണടച്ചു കിടക്കുകയാണ്…
അവൾ വായന തുടർന്നു..ജ്യൂസിന് വേണ്ടി കാത്തിരിക്കുമ്പോൾ പതിയെ അവളുടെ കൈകളെ തൊട്ടു..ഞാൻ അവളുടെ കണ്ണുകളെയും.മൂക്കിനെയും അവളുടെ ചെവിയെയും .ഓരോ രോമ കൂപങ്ങളെ പോലും നോക്കിയിരുന്നു…
ജ്യൂസ് പകുതി ആയപ്പോൾ ഗ്ലാസ്സ് പരസ്പരം മാറ്റി കുടിക്കാം.എന്നുള്ളത് എന്റെ ആശയമായിരുന്നു..അതും കഴിഞ്ഞു ഞങ്ങൾ നടന്നു…
ഒരുപാട് കാര്യങ്ങൾ സംസാരിച്ചു..അവളുടെ ജോലിയെ കുറിച്ച് ചില തമാശകൾ പറയുമ്പോൾ അവൾ നിറഞ്ഞു ചിരിക്കുന്നത് ഞാൻ സന്തോഷത്തോടെ വീക്ഷിച്ചു..അവളെ ചിരിപ്പിക്കാൻ ഞാനും കുറെയൊക്കെ പരിശ്രമിച്ചു..
അതൊരിക്കലും ശോഭ ചിരിക്കുന്നില്ലേ എന്ന് ചോദിക്കുന്ന ശ്രീനിവാസൻ കഥാപാത്രത്തെ പോലെയായിരുന്നില്ല..ഞാൻ എന്ത് പറഞ്ഞാലും അവൾക്ക് ഇഷ്ടമാകും ഞാൻ അവളുടെ പ്രിയപ്പെട്ട മാഷല്ലേ….
ഒരുമിച്ചു നടക്കുമ്പോൾ ഞാൻ അവളുടെ കൈകൾ പിടിച്ചെങ്കിലും അവൾക്ക് ആളുകൾ കാണുന്നത് ഭയമായിരുന്നു..ഞങ്ങൾ അവിടെ നിന്നും നടന്നും.ഓരോ കാര്യങ്ങൾ സംസാരിച്ചു..
വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ ഞങ്ങൾ ഓരോട്ടോയിൽ കയറി…ഇവിടെ ഞാനൊന്ന് ദീർഘനിശ്വാസം വിടട്ടെ…അതായിരുന്നു ഞങ്ങളുടെ കൂടികാഴ്ച്ചയിൽ ഒരിക്കലും മറക്കാൻ കഴിയാത്തത്…
ഓട്ടോയിൽ കയറിയപ്പോൾ എന്റെ ചാരുത എന്നോട് ചേർന്നിരുന്നു അവളെന്റെ കൈകൾ പിടിച്ചു രണ്ട് കൈകൾ കൊണ്ടും അമർത്തി പിടിച്ചു…
ഞാൻ അവൾക്ക് എന്റെ സമ്മാനങ്ങൾ കൈമാറി..അവളുടെ കൈ കൈകളിൽ പിടിച്ചു ഞാൻ അവൾക്ക് വാച്ച് കെട്ടി കൊടുത്തു അപ്പോൾ അവളിലുണ്ടായ വികാരം അവളുടെ ശരീരത്തിലൂടെ ഞാൻ അറിഞ്ഞു…
ഞാൻ അവളോട് ഞാൻ നിന്നെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിക്കട്ടെ എന്ന് ചോദിച്ചു..ഞാൻ അവളുടെ പുറകിലൂടെ കൈ വെച്ചു അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു പതിയെ ചുണ്ടുകൾ കവിളിലും ഒന്നുരസി..അവളൊരു വാടിയ ചേമ്പിൻ തണ്ട് പോലെ എന്റെ കൈകളിൽ കിടന്നു…
അപ്പോഴേക്കും റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു..ഞങ്ങളവിടെ ഒരു ബെഞ്ചിൽ ഇരുന്നു..
എത്ര പറഞ്ഞാലും തീരാത്ത ഓരോ കഥകൾ പറഞ്ഞു ചിരിച്ചു ഇടക്കൊക്കെ കണ്ണുകളിൽ നനവുകളും..
രാത്രി ഭക്ഷണവും ഞങ്ങൾ ഒരുമിച്ചു കഴിച്ചു..മസാല ദോശ രണ്ട് പേർക്കും പ്രിയപ്പെട്ടതായിരുന്നു..ഭക്ഷണം എത്തും മുമ്പുള്ള ഇടവേളയിൽ ഞങ്ങൾ വീണ്ടും കൈകൾ കോർത്ത് പിടിച്ചു..
ട്രെയിൻ ടിക്കറ്റ് രണ്ടിടത്തേക്ക് എടുക്കുമ്പോൾ നെഞ്ചിൽ ഒരമ്പു തറച്ചു..വിട പറയാൻ പോകുന്നതിന്റെ ആദ്യ പടി…
ടിക്കറ്റ് എടുത്തും ഒപ്പം നടന്നു..അതിനിടയിൽ ഒരു വല്ല്യമ്മയും വല്യപ്പച്ചനും ഞങ്ങളുടെ അടുത്ത് വന്നിരുന്ന് സംസാരിച്ചു..
ആരാണ് കൂടെയെന്ന് ചോദിച്ചാൽ എന്ത് പറയും എന്ന് ഞാൻ തമാശയായി ചോദിച്ചപ്പോൾ കാര്യ ഗൗരവത്തിൽ തന്നെ അവൾ പറഞ്ഞു എന്റെ ഹസ്ബെന്റ് എന്ന് പറയും അപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം കണ്ണിൽ നനവായി പടർന്നു..
എന്റെ അത്ര ആധുനികമല്ലാത്ത ഫോണിൽ എത്ര ഫോട്ടോകൾ എടുത്തു എന്നറിയില്ല ഫോട്ടോകൾ എടുത്ത് കൊണ്ടേ ഇരുന്നു…
അപ്പോൾ അവൾ ഡയറി വായന നിർത്തി അമ്മാവനോട് ഫോട്ടോ ചോദിച്ചു അമ്മാവൻ അവൾക്ക് ഫോൺ എടുത്ത് കൊടുത്തു..അവൾ ഫോട്ടോകൾ ആവേശത്തോടെ നോക്കി…
ഒരു ശാലീന സുന്ദരി..ആഭരണങ്ങളോ മേക്കപ്പൊ ഒന്നുമില്ലാതെ നീളമുള്ള മുടി മെടഞ്ഞു മുന്നിലേക്ക് ഇട്ട് അമ്മാവനോട് ചേർന്ന് ഇരിക്കുന്നു ഒരു കുസൃതി ചിരിയോടെ…എന്ത് രസമാണ് അവരെ കാണാൻ..ആരണ്യകത്തിലെ നായികയെ പോലെ.സ്വന്തം ജാനകി കുട്ടിയിലെ കഥാപാത്രത്തെ പോലെ ഒരു സുന്ദരി പെണ്ണ്…അവൾ തന്റെ അമ്മാവനെ ഓർത്ത് ഒന്ന് കൂടെ അഭിമാനിച്ചു..അമ്മാവനും സുന്ദരനാണ്..
എവിടെയൊക്കെയോ കണ്ടു മറന്നൊരു നാടൻ പെണ്കുട്ടി..
അവൾ അമ്മാവന്റെ മുഖത്തേക്ക് നോക്കി കൈ കൊണ്ട് സുന്ദരിയാണ് എന്ന മുദ്ര കാണിച്ചു..
വീണ്ടും ഡയറി വായിക്കാൻ.തുടങ്ങി…
ഞങ്ങളുടെ ട്രെയിൻ വരുന്നതിന് മുമ്പുള്ള സൈറൺ കേട്ടപ്പോൾ തന്നെ അവളുടെ മുഖത്ത് കണ്ട വേദന ഒരിക്കലും മനസ്സിൽ നിന്ന് പോകില്ല…ഞാനും പ്രാണ വേദനയോടെ അവളുടെ കൈകൾ പിടിച്ചമർത്തി..
അപ്പോഴേക്കും ട്രെയിൻ അടുത്തേക്ക് വന്നിരുന്നു..യാത്ര പറച്ചിലാണ്…
മാഷേ ..! ഞാൻ പോട്ടെ…
വീണ്ടും ഞാൻ അവളുടെ കൈ പിടിച്ചു..ചങ്ക് പറിയുന്ന വേദന…അവൾ ലേഡീസ് കമ്പാട്ട്മെന്റ് നോക്കി നടക്കുമ്പോൾ എനിക്കവളെ പോകാൻ അനുവദിക്കാതെ എന്റെ വീട്ടിലേക്ക് കൊണ്ട് വന്നാലോ എന്ന് വരെ ചിന്തിച്ചു…
അവസാനം ട്രെയിൻ നീങ്ങാൻ തുടങ്ങി അവളൊരു പ്രതിമ കണക്കെ എന്റെ കണ്ണിൽ നിന്ന് മറയും വരെ കൈ വീശി കാണിച്ചു കൊണ്ടിരുന്നു..
അവൾ മറഞ്ഞപ്പോൾ ഞാൻ.ഏകനായി ആ പ്ലാറ്റ് ഫോമിലൂടെ നടന്നു..ഞാൻ പൊട്ടി കരഞ്ഞു ഒന്നിന് മേലേ ഒന്നൊന്നായി പൊട്ടി പൊട്ടി കരഞ്ഞു..അവൾ പാതി കുടിച്ചു എന്റെ കൈയ്യിൽ തന്ന ഒരു ബോട്ടിലും സ്വന്തം മാഷ്‌ക്ക് എന്നെഴുതി അവളുടെ പേരെഴുതിയ അവൾ സമ്മാനിച്ച പുസ്തകവുമായി.ഞാനൊരു അനാഥപ്രേതം പോലെ നടന്നു…..
ഞങ്ങൾ നടന്ന ഇരുന്ന ഇടങ്ങൾ അവളില്ലാതെ കാണുമ്പോൾ എനിക്ക് ഒന്ന് ഉറപ്പായിരുന്നു ലോകത്ത് എന്റെ അത്ര നഷ്ടം പറ്റിയവർ വേറെ ആരുമില്ലെന്ന്…
അനന്തിരവൾ ഡയറിയും പിടിച്ചു.തേങ്ങി കരഞ്ഞു…അയാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു അയാൾ അവളുടെ തോളിൽ പതിയെ തട്ടി..
ഇനി അവരെ കാണാൻ പറ്റുമോ അമ്മാവാ….
അറിയില്ല അയാൾ പതിയെ പറഞ്ഞു..
അവൾ ആ മുറിക്ക് പുറത്തേക്ക് നടന്നു….അവളപ്പോഴും ചാരുതയുടെ വരികൾ ഓർക്കുകയായിരുന്നു…
മാഷേ മാഷ്‌ക്ക് മാത്രമേ എന്നെ അറിയാനും മനസ്സിലാക്കാനും പറ്റൂ..പലപ്പോഴും മാഷേനിക്ക് ഒരച്ഛനെ പോലെയാണ്..മാഷ് എന്നും കൂടെ വേണം..ഞാൻ മരിക്കും വരെയും..
അവളും മനസ്സിൽ പറഞ്ഞു..എനിക്കും അതേ ഒരച്ഛൻ തന്നെയാണ് തന്റെ അമ്മാവൻ..അയാൾ അപ്പോഴും അവൾ അയാൾക്ക് മാത്രമായി ആരെയും കാണിക്കരുത് എന്ന് പറഞ്ഞ മറ്റൊരു ഷെൽഫിൽ വെച്ച ഒരെഴുത്ത് വായിക്കുകയായിരുന്നു….
മാഷേ എനിക്കൊരു കുഞ്ഞിനെ വേണം മാഷിൽ നിന്ന് മാഷേ പോലൊരു കുഞ്ഞ്….അയാൾ അത് ഷെൽഫിൽ തന്നെ തിരികെ വെച്ചു പൂട്ടി..അയാളുടെ കണ്ണുകൾ വീണ്ടുംനിറഞ്ഞൊഴുകി…
*************
ഒത്തിരി സ്നേഹത്തോടെ…
സ്വന്തം Abdulla Melethil