Story written by Abdulla Melethil
================
“രവി നേരം വെളുക്കുമ്പോൾ തന്നെ അമ്മയുടെ വർത്തമാനം കേട്ടാണ് കണ്ണ് തുറന്നത് പുതപ്പ് തല വഴി ചുരുട്ടി കയറ്റി ഒന്ന് കൂടി ഉറങ്ങാൻ ശ്രമിച്ചെങ്കിലും അമ്മയുടെ സംസാരം ചെവിയിലേക്ക് ഒന്നിന് മേലേ ഒന്നായി വന്ന് കൊണ്ടിരുന്നു..
‘അപ്പുറത്ത് ‘കേറടാ കേറ്..എന്നുള്ള ഉണ്യാലന്റെ ശബ്ദവും കേൾക്കുന്നുണ്ട്. ഏതെങ്കിലും പശുവിനെ ചിവിട്ടിക്കാൻ കൊടുന്നിട്ടിട്ടുണ്ടാകും ഇടക്ക് കൂറ്റൻ ഒന്ന് നാണിച്ചു നിൽക്കും അപ്പോൾ ഉണ്യാലന്റെ ശബ്ദവും ഉയരും..നേരം പുലരുമ്പോൾ തന്നെയാണ് എല്ലാം ഉയരുന്നത്..! മുണ്ടെവിടെ..?
‘നാശം തള്ള രാവിലെ തന്നെ ആരുമായിട്ടാണ് ലഹള എന്ന് പ്രാകി കൊണ്ട് എണീൽക്കാൻ നോക്കുമ്പോൾ ഉടുത്തിരുന്ന മുണ്ട് കാണുന്നില്ല..മുണ്ട് ഉടുത്ത് കിടന്നാലും ഉണരുമ്പോൾ പിറന്ന പടി ആയിട്ടുണ്ടാകും കട്ടിലിലും ബെഡിലും എല്ലാം മുണ്ട് തിരഞ്ഞെങ്കിലും കിട്ടിയില്ല അവസാനം കട്ടിലിന് താഴെ ഒരു മൂലയിൽ ഒരു അപരാധിയെ പോലെ ചുരുണ്ട് കിടന്നിരുന്നു..
‘മുണ്ട് വാരി ഉടുത്ത് പാതി തുറന്ന കണ്ണുകളോടെ പുറത്തേക്ക് നോക്കിയപ്പോൾ അമ്മ വഴക്ക് കൂടുന്നത് മീനുവിന്റെ അമ്മയും ആയിട്ടാണ് എന്ന് മനസ്സിലായി..വഴിത്തർക്കം,അതിർത്തി തർക്കം ഈ അമ്മക്ക് വേറെ പണിയൊന്നുമില്ലേ..
അമ്മേ എന്നൊരു വിളിയിൽ തന്നെ രവിയുടെ അമ്മ തങ്കമണി സംസാരം നിർത്തി അടുത്ത വിളിയോടെ വീട്ടിനുള്ളിലേക്കും വന്നു..
‘അപ്പോൾ അതിരത്ത് നിന്നിരുന്ന വള്ളി പകർപ്പുകൾക്കിടയിൽ നിന്നും ഒരു മുഖം കണ്ടു മീനുവിന്റെ…!
‘രവി പെട്ടെന്ന് കുളിച്ച് വസ്ത്രം മാറി കടയിലേക്ക് പോകാൻ തയ്യാറായി വന്നു..അമ്മ അപ്പോഴേക്കും അവന് പ്രാതൽ തയ്യാറാക്കി വെച്ചിരുന്നു..
രവിയും അമ്മയും അടങ്ങുന്നതാണ് രണ്ട് പേരുടെയും ലോകം അച്ഛനെ കുറിച്ചുള്ള ഓർമ്മഒരു കരിഞ്ഞ മണ്ണെണ്ണ ഗന്ധത്തിൽ അവസാനിക്കുന്നു..നിന്ന് കത്തുകയായിരുന്നു അച്ഛനും മണ്ണെണ്ണയും എന്നമ്മ പറഞ്ഞു കേട്ടിട്ടുണ്ട്..
‘രവി തൻ്റെ പുസ്തകകടയിലേക്ക് നടന്നു..മീനുവും രവിയുടെ കൂടെയായിരുന്നു ടൗണിലേക്ക് പോയിരുന്നത് കുറെ നാളുകളായിട്ട് അവൾ രവി പോയിട്ടേ പോകൂ..
‘നാട്ടിലെ പൂരത്തിന് നാട് മുഴുവൻ ആഘോഷത്തിലായിരുന്നു..ഓരോ വീടും വീട്ടുകാരും എല്ലാം ആഘോഷത്തിൽ..
‘പകൽ വരവുകളും താലമെടുപ്പും എല്ലാം കഴിഞ്ഞപ്പോൾ രാത്രിയിൽ നാടകം ആയിരുന്നു..സ്റ്റേജിൽ നാടകം അരങ്ങു തകർക്കുമ്പോൾ രവി മീനുവുമായി ഉത്സവപറമ്പിൽ ചുറ്റി നടക്കുകയായിരുന്നു..
‘മീനുവിന് കരിവളയും മാലയും ചിരട്ട മോതിരവും എല്ലാം വാങ്ങി കൊടുത്ത് വീട്ടിലേക്ക് പോരുമ്പോൾ വീട്ടിലുള്ളവർ എത്തിയിരുന്നില്ല..
‘അവളെപ്പോഴും എന്ന പോലെ തന്നെ പൊട്ടിച്ചിരിച്ചും അടിച്ചും പിണങ്ങിയും ഉമ്മറത്ത് രവിയോട് ചേർന്നിരുന്നു..അവൾക്കിഷ്ടമായിരുന്നു കഥകൾ കേൾക്കാൻ…പ്രണയത്തിന്റെ കഥകൾ..!
‘കഥകൾക്കിടയിൽ അവളുടെ മാ റിലൊന്ന് തൊട്ടപ്പോൾ രവിയേട്ടാ എന്ന് പറഞ്ഞു അവളൊന്നു നോക്കി..
‘കഥയിൽ നായകൻ നായികയുടെ ചുണ്ടിൽ ഉമ്മ വെച്ചിരുന്നു മീനു ഒന്ന് കുതറിയെങ്കിലും രവി വിട്ടില്ല വാങ്ങിച്ച പുതിയ കരിവളകൾ പൊട്ടി ചിതറി..എല്ലാം കഴിഞ്ഞപ്പോൾ രവിയെ തുറിച്ചു നോക്കി അവളിരുന്നു.. !കഥയിൽ നായിക കരയുകയായിരുന്നു മീനു കരഞ്ഞില്ല..
‘എന്നാൽ മീനു കരഞ്ഞത്.രണ്ട് ദിവസത്തിന് ശേഷമായിരുന്നു..നാക്കിന് എല്ലില്ലാത്ത അമ്മ അവളോട് പറഞ്ഞു..നീയും രവിയുമായി പൂരത്തിന്റെ അന്ന് രാത്രി കെട്ടി മറിയുന്നത് ഞാൻ കണ്ടതാണ് നിന്റെ അമ്മ ചെയ്ത പോലെ നീ ഇനി എന്റെ മോനെയും തട്ടിയെടുക്കല്ലേ..
‘അന്നൊരു മണ്ണെണ്ണയുടെ ഗന്ധം മൂക്കിലൂടെ കടന്ന് വന്നു മീനുവിന്റെ അമ്മയും..
‘രവി മീനു വരുന്നതും നോക്കി നിന്നു.. അവൾ കടയുടെ മുന്നിലൂടെയാണ് കോളേജിൽ വരുന്നതും പോകുന്നതും
‘അമ്മ പലതും പറയും നീയെന്നും എന്റേതാണ് എന്നവളോട് ഒരിക്കൽ പിന്നാലെ നടന്ന് പറഞ്ഞതാണ്..എങ്കിൽ എന്നെ താലി ചാർത്തൂ..എന്ന് മാത്രമേ അവൾ പറഞ്ഞുള്ളൂ..
‘അച്ഛന്റെ കാല ശേഷവും തനിക്കു വേണ്ടി ജീവിച്ച അമ്മയുടെ മുഖം രവിയുടെ ശിരസ്സ് കുനിപ്പിച്ചു..മീനു ഒന്ന് ചിരിച്ചു ഒരു പുച്ഛചിരി അതോ തോറ്റവളുടെയോ..
‘അന്ന് മീനു പതിവില്ലാതെ രവിയുടെ കടയിലേക്ക് വന്നു..ഒന്ന് രണ്ട് പേര് കണ്ട് പോയിട്ടുണ്ട് ഏതെങ്കിലും ഒരുത്തന് മുന്നിൽ തല കുനിക്കാൻ എനിക്ക് കഴിയില്ല…അവളതും പറഞ് പോയി..രവി ഒന്നും പറയാനാകാതെ നിന്നു..
‘രവി അന്ന് അമ്മയോട് ചോദിച്ചു..അച്ഛനും മീനുവിന്റെ അമ്മയും തമ്മിൽ ഉണ്ടായത്…കാവിലെ ഏതോ ഉത്സവത്തിന് അമ്മ എന്തോ ആവശ്യത്തിന് നാടകം കളികാണുന്നതിനിടയിൽ വീട്ടിലേക്ക് വന്നപ്പോൾ രണ്ട് പേരും കെട്ടിമറയുന്നത് അമ്മ കണ്ട രാത്രിയിലാണെത്രെ അച്ഛനെ അഗ്നി വിഴുങ്ങിയത്..
‘ഇതിനെ കുറിച്ച് രവി ചിലയിടങ്ങളിൽ കേട്ടത് ഉറങ്ങി കിടന്നിരുന്ന അച്ഛനെ അമ്മ മണ്ണെണ്ണ ഒഴിച്ചു തീ കൊ ളുത്തിയതായിരുന്നു..
‘പിറ്റേന്നും മീനു കടയിലേക്ക് വന്നു..അവളുടെ മുടിയിഴകൾ കാറ്റിൽ പാറിപറന്നു ഇന്നവൾ ഒരുസെറ്റ് സാരിയാണ് ഉടുത്തിരിക്കുന്നത്..
‘അവൾ കടക്കുള്ളിലേക്ക് കയറി..ഓരോ പുസ്തകങ്ങൾ തിരഞ്ഞു..രവി ഒന്നും മിണ്ടാതെ നിന്നു..
‘രവിയേട്ടാ..ഇന്നലെ രാത്രി തീരെ ഉറക്കം കിട്ടിയില്ല..ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്കിങ്ങനെ എന്ന്..പൂര രാത്രിയിലെ ഒന്നിച്ചുള്ള ശയനമാണോ രവിയേട്ടന്റെ സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും ഉദ്ദേശം എന്ന് പോലും ഞാൻ സംശയിച്ചു..
‘അവൾ കണ്ണുകൾ തുടച്ചു..രവി എന്തൊക്കെയോ പറയാൻ വന്നെങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല..
‘അവൾ യാത്ര പറഞ്ഞു പോയി..
‘അന്നവളുടെ കോളേജിലെ അവസാന ദിവസമായിരുന്നു..രവി നേരത്തെ കട അടച്ചു അവളുടെ കോളേജിലേക്ക് പോയി..
‘അവിടെ ആട്ടും പാട്ടും കളിയും ചിരിയും കൂടി ചേർന്നിരുന്ന് സംസാരിച്ചും വിദ്യാർത്ഥി വിദ്യാർത്ഥിനികൾ നിൽക്കുമ്പോൾ മീനു രാവിലെ കണ്ട അതേ ശോകഭാവത്തോടെ തന്നെ ഒറ്റക്ക് ഇരിക്കുന്നുണ്ടായിരുന്നു..
‘കൂടെയുള്ളവർ അവളെ വിളിക്കുമ്പോൾ ഒക്കെ അവൾ നെറ്റിയിൽ കൈയമർത്തി ഇല്ലെന്നും പറയുന്നുണ്ട്..
‘അതിനിടയിൽ എപ്പോഴോ മീനു രവിയെ കണ്ടു.. അവൾ അത്ഭുതത്തോടെ രവിയുടെ അടുത്തേക്ക് ചെന്നു..രവി അവളുടെ കൈകൾ പിടിച്ചമർത്തി..ഇന്നലെ രാത്രി ഞാനും ഉറങ്ങിയിട്ടില്ല….
‘ഇന്നലെ എന്നല്ല കുറച്ചു നാലുകളായിട്ട്..എനിക്കിപ്പോൾ ഒരുത്തരം കിട്ടി അന്നത്തെ ശയനം ഇനിയും തുടരുമെന്ന് നിന്റെ കഴുത്തിൽ ഒരു മിന്ന് കെട്ടിയിട്ട്..
‘മീനു നാണത്താലും സന്തോഷത്താലും ഒന്ന് ചിരിച്ചു..
‘രവി വീട്ടിലേക്ക് തിരിച്ചു..മീനു കൂട്ടുകാരികളുടെ അടുത്തേക്കും…
‘ഒരു ദിവസം രാവിലെ രവിയുടെ അണിഞ്ഞൊരുങ്ങലും ബദ്ധപ്പാടും അമ്മയിൽ സംശയങ്ങൾ ഉണ്ടാക്കി..
‘എന്താടാ നിനക്കൊരു പരുങ്ങൽ ?ഒന്നുമില്ല രവി പറഞ്ഞു..
‘അപ്പുറത്ത് മീനുവും ഉടുത്തൊരുങ്ങുന്നത് കണ്ടപ്പോൾ തങ്കമണിയിൽ പല സംശയങ്ങളും ഉടലെടുത്തു..
‘രവി വീട്ടിൽ നിന്ന് പോയി കുറച്ചു കഴിഞ്ഞപ്പോൾ മീനുവും വീട്ടിൽ നിന്നിറങ്ങി..
‘തങ്കമണി തനിക്ക് കഴിയുന്ന വിവരങ്ങൾ വെച്ച് കാര്യങ്ങൾ അറിയാൻ ശ്രമിച്ചപ്പോൾ ഒരു കാര്യം മനസ്സിലാക്കി ഇന്നവരുടെ റജിസ്റ്റർ കല്യാണം ആണെന്ന്…
‘അവർ വീട്ടിനുള്ളിലേക്ക് നടന്നു..ചുമരിൽ തൂക്കിയിരുന്ന ചിത്രം അവരെ പരിഹസിച്ചു ചിരിക്കുന്ന പോലെ…
‘തങ്കമണി പുറത്തേക്കു നോക്കി..അവിടെ മീനുവിന്റെ അമ്മയുടെ മുഖത്തും സന്തോഷവും പുഞ്ചിരിയും..തങ്കമണി കണ്ണാടിയിൽ നോക്കി താൻ മാത്രം ചിരിക്കുന്നില്ലല്ലോ…
‘തങ്ക മണിയും ചിരിച്ചു..കണ്ണാടിയിൽ നോക്കി ചിരിക്കും കണ്ണാടി മാറ്റിയാൽ ഗൗരവത്തിൽ നിൽക്കും..വീണ്ടും കണ്ണാടിയിൽ നോക്കി ചിരിക്കും..
‘പിന്നെ കണ്ണാടി ഇല്ലാതെയും ചിരിക്കാൻ തുടങ്ങി..ഫോട്ടത്തിൽ ഉള്ള ചിരിയേക്കാളും മീനുവിന്റെ അമ്മയുടെ ചിരിയേക്കാളും…
സ്നേഹത്തോടെ Abdulla Melethil