മീരാ നമ്മുടെ വീടിന്റെ പിന്നിലെ വാതിലിന്റ ഒരു കൊളുത്ത് ലേശം ഇളകി നിൽക്കുകയാണ്. വാതിൽ അടച്ചിട്ടു ഒരു…

പ്രാണന്റെ മണം

Story written by Ammu Santhosh

=================

“ഒരു മീറ്റിംഗ് ഉണ്ട് വയനാട് വെച്ച്. രണ്ടു ദിവസം ഉണ്ട്. നാളെ പോകണം “

ഓഫീസിൽ നിന്ന് വന്ന് ഒരു ചായ കുടിച്ച് അങ്ങനെ ഇരിക്കുമ്പോഴാണ്  ഉണ്ണി പറഞ്ഞത്.

മീര തെല്ല്  അമ്പരന്നു

“വേറെ ആരെങ്കിലും പോരെ എന്ന് മാനേജരോട് ഞാൻ പറഞ്ഞു നോക്കി. സമ്മതിക്കുന്നില്ല. രണ്ടു ദിവസത്തെ കാര്യമല്ലേയുള്ളു, എന്ന കക്ഷി ചോദിക്കുന്നത്. ബുധനാഴ്ച രാവിലെ കാർ വരും. ശനിയാഴ്ച വൈകുന്നേരം തിരികെ എത്തുമായിരിക്കും “

ഉണ്ണി ചായ കുടിച്ച ഗ്ലാസ്‌ കഴുകി മേശപ്പുറത്ത് വെച്ചു.

“താൻ വരുന്നോ? ഒന്ന് പുറത്ത് പോയി വരാം. പോകുമ്പോൾ കൊണ്ട് പോകാൻ കുറച്ചു സാധനങ്ങൾ വാങ്ങണം “

മീര മെല്ലെ തലയാട്ടി.

കല്യാണം കഴിഞ്ഞ് കഷ്ടിച്ച് രണ്ടു മാസമാകുന്നതേയുള്ളു. തങ്ങൾ രണ്ടു പേരും ബാങ്കിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. രണ്ടു നഗരത്തിലെ രണ്ടു ബാങ്കിലാണ് എന്ന് മാത്രം. ഉണ്ണിയേട്ടന്റെ നഗരത്തിലേക്ക് ഏകദേശം മുക്കാൽ മണിക്കൂറോളം യാത്ര ഉണ്ട്. പക്ഷെ തനിക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളു. ആ ഒരു സൗകര്യം നോക്കിയാണ് ഇവിടെ വീട് എടുത്തത്. ഉണ്ണിയേട്ടന്റെ വീട്ടിൽ നിന്നാണെങ്കിലും തന്റെ വീട്ടിൽ നിന്നാണെങ്കിലും ഇവിടേക്ക് നല്ല ദൂരമുണ്ട് താനും

“മീരാ….ഞാൻ എന്റെ അമ്മയോട്  വരാൻ പറയാം “

“അമ്മയ്ക്ക് സ്കൂളിൽ പോകണ്ടേ. എസ്എസ്എൽസി എക്സാം ടൈം ആണ്. നമുക്ക് അറിയാമല്ലോ സ്കൂൾ പ്രിൻസിപ്പലിന്റെ തിരക്കുകൾ. സാരമില്ല. രണ്ടു ദിവസം അല്ലെ ഒറ്റയ്ക്ക് മാനേജ് ചെയ്തോളാം. അടുത്ത് വത്സല ചേച്ചി ഒക്കെ ഉണ്ടല്ലോ.”

മീര പറഞ്ഞു

“Are you sure?”

ഉണ്ണി അവളുടെ കണ്ണുകളിലേക്ക് നോക്കി

“ഉം ” അവൾ ഒന്ന് മൂളി

“എന്നാ വീട് പൂട്ടിക്കോ ഞാൻ വണ്ടി എടുക്കാം. പോയി വരാം “

മീര തലകുലുക്കി

ഉണ്ണിയേട്ടൻ വളരെ റിസർവ്ഡ് ആയ ഒരാളാണെന്ന് വിവാഹമാലോചിച്ചു വന്നപ്പോ തന്നെ തോന്നിയിരുന്നു. അധികം നാട്യങ്ങളില്ല. ചെറിയ വാചകങ്ങളിൽ കാര്യം പറഞ്ഞു തീർക്കും. പക്ഷെ എല്ലാം കണ്ടറിഞ്ഞു ചെയ്യും. ഒന്നും ഇല്ല എന്നോ തീർന്നു എന്നോ ഉണ്ണിയേട്ടനോട് പറയേണ്ടതില്ല. അത് അടുക്കളയിലെ കാര്യം ആണെങ്കിൽ പോലും. മല്ലിയും മുളകും മഞ്ഞളും ജീരകവുമൊക്കെ തീരുന്നത് പുള്ളി എങ്ങനെ അറിയുന്നു എന്ന് അതിശയിച്ചു പോയിട്ടുണ്ട്.

രണ്ടു പേർക്കും ജോലിക്ക് പോകേണ്ടത് കൊണ്ട് രാവിലെ നല്ല ജോലിയാണ്. പുലർച്ചെ എഴുനേൽക്കാൻ താൻ കുറച്ചു പിന്നോട്ടാണ്. ഉണ്ണിയേട്ടന് പരാതി ഒന്നുമില്ല. ആൾ പുലർച്ചെ ഉണരും തനിക്കും കൂടിയുള്ള കാപ്പി ഇട്ട് ഫ്ലാസ്കിൽ വെച്ചിട്ട് നടക്കാൻ പോകും. തിരിച്ചു വന്ന് ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കുന്ന തനിക്കൊപ്പം കൂടും. പിന്നെ ഉച്ചഭക്ഷണവും ഉണ്ടാക്കി ലഞ്ച് ബോക്സിൽ നിറച്ച് അങ്ങനെ പോകും വരെ തന്റെ ഒപ്പം തന്നെ.

വിളിക്കുന്നത് കേൾക്കാൻ നല്ല രസമാണ്

എല്ലാവരും മീരേ എന്ന് വിളിക്കുമ്പോൾ ആൾ വിളിക്കുന്നത് മീരാ എന്നാണ്. ആ മുഴക്കമുള്ള ശബ്ദത്തിൽ മീരാ എന്നുള്ള വിളിയൊച്ച കേൾക്കുമ്പോൾ നല്ല സുഖമാണ്.

മീരാ ആ തുണികൾ ഇങ്ങേടുക്ക് ഞാൻ കഴുകി വിരിച്ചിട്ട് വരാം ആദ്യമൊക്കെ അത് കേൾക്കുമ്പോ ഒരു മടിയായിരുന്നു. തന്റെ വീട്ടിൽ അച്ഛന്റെ തുണി അമ്മയാണ് കഴുകുക

“വേണ്ട ഉണ്ണിയേട്ടാ ഞാൻ കഴുകിക്കൊള്ളാം എന്ന് പറഞ്ഞാൽ പറയും

ഇതിലൊന്നും gender വ്യത്യാസം ഇല്ല കുട്ടി. തരു…നല്ല ചുരിദാർ ഒക്കെ വാഷിംഗ്‌ മഷിനിലിട്ടാൽ ചീത്ത ആയി പോകും. എന്റെ അമ്മയുടെ നല്ല സാരികളൊക്കെ വീട്ടിൽ ഞാനും അച്ഛനും വാഷ് ചെയ്യാറുണ്ട്. അമ്മയ്ക്ക് എക്സാം ടൈമിലൊക്കെ നല്ല തിരക്കാവും. ഒട്ടും ടൈം കാണില്ല. അപ്പൊ ഞങ്ങളുടെ ഡ്യൂട്ടി ആണ് അത്..താൻ മടിച്ചു നിൽക്കണ്ടന്ന്. തന്നേക്ക്..

പിന്നെ പിന്നെ എതിർക്കില്ല. ആരു ഫ്രീ ആയിരിക്കുന്നോ അവരങ്ങ് കഴുകും. എല്ലാമങ്ങനെ തന്നെ.

ഉണ്ണിയേട്ടനെ പിരിഞ്ഞ് ആദ്യം നിൽക്കുകയാണ്

ഉള്ളിലൊരു കാർമേഘം ഉരുണ്ട് കൂടുന്നതവൾ അറിയുന്നുണ്ടായിരുന്നു

ഉണ്ണിയേട്ടന് ഭാവഭേദങ്ങളൊന്നുമില്ല

ആൾക്ക് വിഷമമൊന്നുമില്ലേ?

അവൾ ഒളിക്കണ്ണിട്ട് ആ മുഖത്ത് നോക്കി

വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചിരിക്കുകയാണ്

“ആ മീരാ നമ്മുടെ വീടിന്റെ പിന്നിലെ വാതിലിന്റ ഒരു കൊളുത്ത് ലേശം ഇളകി നിൽക്കുകയാണ്. വാതിൽ അടച്ചിട്ടു ഒരു കസേര ചേർത്ത് ഇട്ടേക്കണം “

പെട്ടെന്ന് ഉണ്ണി പറഞ്ഞപ്പോൾ മീരയ്ക്ക് ദേഷ്യം വന്നു

കുന്തം…ഇവിടെ താൻ രണ്ടു  മൂന്ന് ദിവസം ഈ മനുഷ്യനെ എങ്ങനെ കാണാതിരിക്കുമെന്നോർത്ത് ആധി പിടിച്ചിരിക്കുമ്പോഴാ കതകിന്റ കൊളുത്ത്.

“ഞാൻ പറഞ്ഞത് കേട്ടോ “

കേൾക്കാതിരിക്കാൻ ഞാൻ പൊട്ടിയൊന്നുമല്ലലോ എന്ന് പറയാനാണ് അവൾക്ക് തോന്നിയത്. പക്ഷെ പറഞ്ഞില്ല തലയാട്ടി.

കടയിൽ ചെന്നു സാധനങ്ങൾ വാങ്ങുമ്പോൾ ഒരു പെർഫ്യൂം നീട്ടി ഉണ്ണി

“മീരയ്ക്ക് പെർഫ്യൂം ഇഷ്ടമല്ലേ? ഇത് ഒന്ന് ട്രൈ ചെയ്തു നോക്ക് നല്ല മണമാണ് ” ശരിയായിരുന്നു അത് നല്ല സുഗന്ധം നിറഞ്ഞ ഒന്നായിരുന്നു. മീരയ്ക്കത് ഇഷ്ടമായി.

തിരിച്ചു വരുമ്പോൾ മീര മെല്ലെ അവന്റെ തോളിലേക്ക് തല ചായ്ച് വെച്ചു

എങ്ങനെ ആണ് കുറച്ചു ദിവസങ്ങൾ കൊണ്ട് ഒരു മനുഷ്യൻ ഇത്രയ്ക്കൊക്കെ പ്രാണനിൽ അലിഞ്ഞു ചേരുന്നത്?

അകലാൻ പറ്റാത്ത പോലെ ഇഴ ചേരുന്നത്?

വിവാഹമെന്നത് അത്ര മേൽ മനുഷ്യരെ തമ്മിൽ ഒന്നാക്കുന്നത് എങ്ങനെയാണ്?

ഉണ്ണി ഇടതു കൈ കൊണ്ട് അവളുടെ തോളിൽ ഒന്ന് ചുറ്റിപിടിച്ച് തന്നോട് ചേർത്തു.

വീടെത്തി…

സാധനങ്ങൾ ഒക്കെ ട്രാവൽ ബാഗിൽ അടുക്കി വെച്ചത് ഉണ്ണി തന്നെയാണ്

“പുലർച്ചെ ഞാൻ പോകും. മീര ഉറക്കം കളയണ്ട. ഞാൻ പൂട്ടി പൊയ്ക്കോളാം “

മീരയ്ക്ക് കണ്ണ് നിറഞ്ഞു തുടങ്ങി. അത് ഉണ്ണി കാണാതിരിക്കാൻ അവൾ വേഗം മുറി വിട്ട് പൊയ്ക്കളഞ്ഞു. രാത്രി ഉറങ്ങിയില്ല മീര. ഉണ്ണി എഴുന്നേറ്റതും റെഡി ആകുന്നതുമൊക്കെ അവൾ അറിയുന്നുണ്ടായിരുന്നു. അവൾ പോയി ഒരു കാപ്പി ഇട്ട് കൊണ്ട് കൊടുത്തു

“നല്ല കാപ്പി ആണല്ലോ “അവൻ പുഞ്ചിരിച്ചു

അവൾ വാടിയ ഒരു ചിരി ചിരിച്ചു

“രണ്ടു ദിവസം ഇഡലിക്കോ ദോശയ്ക്കോ ഒക്കെ ഉള്ള മാവ് ഫ്രിഡ്ജിൽ ഉണ്ട്. പിന്നെ ഉച്ചക്കുള്ള ഫിഷ് അതൊക്കെ മസാല പുരട്ടി വെച്ചിട്ടുണ്ടല്ലോ ഫ്രൈ ചെയ്താൽ മാത്രം മതി. താൻ ബാങ്കിൽ നിന്ന് വന്ന് കുറെ ജോലി ഒന്നും ചെയ്യണ്ട. ഞാൻ വന്നിട്ട് ഒന്നിച്ചു ചെയ്യാം “

പെട്ടെന്ന് മീര ഉണ്ണിയേ ഇറുകെ കെട്ടിപിടിച്ചു.

ഉണ്ണി പെട്ടെന്ന് ഒന്ന് അമ്പരന്നെങ്കിലും അവനും അവളെ ചേർത്ത് പിടിച്ചു

“ഞാൻ വേഗം വരും ” അവൻ മെല്ലെ പറഞ്ഞു

കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൻ അവളെ മെല്ലെ അടർത്തി മാറ്റി

“പോയിട്ട് വരാം. ഉം?”

ഉണ്ണി ആ മുഖത്ത് നോക്കിയില്ല. തല തിരിച്ച് അങ്ങനെ അങ്ങ് നടന്നു പോയി കാറിൽ കയറി.

ഉണ്ണി പോയപ്പോൾ മീര കട്ടിലിലേക്ക് വീണു. കണ്ണ് നിറഞ്ഞൊഴുകുന്നു.

ബാങ്കിൽ പോയിരുന്നിട്ടും ഒന്നിനും ഏകാഗ്രതയില്ല

ഉച്ചക്ക് ഉണ്ണി വിളിക്കുമ്പോഴും അവളുടെ സ്വരം നനഞ്ഞു തന്നെ ഇരുന്നു.ഉണ്ണിക്ക് അത് മനസിലായെങ്കിലും അവനതൊന്നും ഭാവിച്ചില്ല. അവന്റെയുള്ളും പൊള്ളുന്നുണ്ടായിരുന്നു. മീരയുടെ തുടുത്ത ചുവന്ന മുഖം ഉള്ളിലേക്ക് വരുമ്പോൾ ഉള്ളു പിടയുന്ന പോലെ. ഉണ്ണിയേട്ടാ എന്നാ വിളിയൊച്ച ഓർക്കുമ്പോൾ ഒരു വീർപ്പുമുട്ടൽ.

വൈകുന്നേരം വീട്ടിൽ വരുമ്പോൾ വത്സല ചേച്ചി ഗേറ്റിനരികെ തന്നെ ഉണ്ട്

“മോളെ രാത്രി കൂട്ട് വന്ന് കിടക്കണോ. മോൻ പറഞ്ഞിട്ടാ പോയത്..”

വേണ്ട എന്ന് പറയാൻ തോന്നിയില്ല. ആരെങ്കിലും വേണം കൂടെ. ഒറ്റയ്ക്ക് വയ്യ. അവൾ തലയാട്ടി

രാത്രി കിടക്കുമ്പോൾ ശൂന്യമായ ഇടതു ഭാഗത്തേക്ക്‌ അവൾ വെറുതെ കൈ വെച്ചു. ഉണ്ണിയേട്ടന്റെ ചുമലിൽ തല വെച്ചാണ് ഉറങ്ങുക. ആദ്യമൊക്കെ പറയണം ഉണ്ണിയേട്ടാ കൈ നീട്ടി വെയ്ക്ക്. പിന്നെ പിന്നെ താൻ വരുമ്പോൾ തന്നെ ആൾ കൈ നീട്ടി തന്നേ ചേർത്ത് പിടിക്കും. അങ്ങനെ കിടന്നാവും പുസ്തകങ്ങൾ വായിക്കുക. അല്ലെങ്കി മൊബൈൽ നോക്കുക.

“മോൾ വിഷമിക്കണ്ട. രണ്ടു ദിവസം കഴിയുമ്പോൾ മോനിങ് വരൂലേ?”

അപ്പുറത്തെ ബെഡിൽ കിടന്നു കൊണ്ട് ചേച്ചി ചോദിക്കുന്നു

ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെ വേഗം മനസിലാകും. അത് ഇരുട്ടിൽ ഉതിരുന്ന ഒരു ദീർഘ നിശ്വാസത്തിൽ കൂടിയാണെങ്കിലും.

രാവിലെ ചേച്ചി പോയി. അവൾ മുഷിഞ്ഞ വസ്ത്രങ്ങൾ നനയ്ക്കാൻ എടുത്തു

അവന്റെ ഷർട്ട്‌ പാന്റ്സ്..അവൾ അത് മുഖത്ത് ചേർത്ത് മണം ഉള്ളിലേക്ക് എടുത്തു. ഉണ്ണിയേട്ടന്റെ മണം. ഈശ്വര  ഭർത്താക്കന്മാർ വിദേശത്ത് ആയിരിക്കുന്ന ഭാര്യമാരുടെ വേദന ഊഹിക്കാൻ വയ്യ.

രണ്ടു ദിവസങ്ങൾ രണ്ടു യുഗങ്ങൾ പോലെ കടന്ന് പോയി.

വെള്ളിയാഴ്ച രാത്രി കാറിന്റെ ശബ്ദം കേട്ട് അവൾ എഴുനേറ്റു. ശനിയാഴ്ച വരുമെന്നാണല്ലോ പറഞ്ഞത്

വത്സല ചേച്ചിയും എഴുന്നേറ്റു കഴിഞ്ഞു

ഉണ്ണി കാറിൽ നിന്നിറങ്ങുന്നത് കണ്ട് അവൾ ഒറ്റ ഓട്ടത്തിന് വാതിൽ തുറന്നടുത്തെത്തി.

“മീറ്റിംഗ് ഉച്ചക്ക് മുന്നേ തീർന്നു. വെറുതെ എന്തിനാ അവിടെ..അപ്പൊ തന്നെ തിരിച്ചു “

അവളുടെ കണ്ണീരിൽ ആ മുഖം മറഞ്ഞു

“എന്നാ പിന്നെ മോനെ ഞാൻ അങ്ങോട്ട് പോവാ കേട്ടോ ” ചേച്ചി ഒരു ചിരിയോടെ അയല്പക്കത്തേയ്ക്ക് നടന്നു

അവൻ അവരോട് നന്ദിയോടെ ചിരിച്ചു

കതക് അടച്ച് ഉണ്ണി അവളെ നെഞ്ചിലേക്ക് വരിഞ്ഞു ചേർത്ത് പിടിച്ചു

ആദ്യമായി അവന്റെ കണ്ണുകൾ നിറയുന്നതവൾ കണ്ടു

“ശ്വാസം മുട്ടുവാരുന്നു മീരാ..എന്തൊ പോലെ..ഞാൻ ഡ്രൈ ആയ പോലെ….ആകെ വാക്വം ഫീൽ…വായു പോലും ചുറ്റും ഇല്ലാത്ത പോലെ “

അവന്റെ ശബ്ദം ഇടറിയടഞ്ഞു

“ഞാൻ ജീവിച്ചിരിക്കുന്നില്ല എന്ന് തോന്നിയെനിക്ക് “പറഞ്ഞതും
മീര കരഞ്ഞു പോയി

“ഇനിയിങ്ങനെ ഉണ്ടാവില്ല ട്ടോ ഞാൻ പോകുമ്പോൾ നിന്നെയും കൊണ്ട് പോകും. അതെത്ര ദിവസം ആണെങ്കിലും. എത്ര ദൂരെ ആണെങ്കിൽ കൂടിയും “

ഉണ്ണി ആ നിറുകയിൽ ചുംബിച്ചു പറഞ്ഞു.

മീര ആ നെഞ്ചിലേക്ക് ചേർന്ന് ആ മണം ഉള്ളിലേക്ക് എടുത്തു

അവളുടെ പ്രാണന്റെ മണം….പ്രണയത്തിന്റെ മണം….

~Ammu Santhosh