എന്റെ ജീവനിൽ…..
Story written by Unni K Parthan
==============
“നിനക്ക് അല്ലേലും ഓരോന്നിനും നൂറു ന്യായങ്ങൾ ഉണ്ടാവുമല്ലോ..” ദീപ്തിയുടെ വാക്കുകൾ കേട്ട് പുതപ്പ് ഒന്നുടെ വാരി തലയ്ക്കു മുകളിലൂടെ പുതച്ചു അനൂപ് ചുരുണ്ടു കൂടി..
“ഞാൻ ഉള്ളടിത്തോളം നിനക്ക് ഇങ്ങനെ മൂടി പുതച്ചു കിടക്കാം..ഞാൻ ഇല്ലാതായാൽ കാണാം..
അല്ലേലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല ലോ..നൊന്തു പെറ്റ വയറിന്റെ ദണ്ണത്തോളം വലുതല്ലലോ ലെ നിനക്ക് നിന്റെ..” ഇടറിയിരുന്നു ദീപ്തിയുടെ വാക്കുകൾ..
“അമ്മാ..” ഇത്തവണ അനൂപ് ചാടി എഴുന്നേറ്റു..
“ഒന്ന് പോയേച്ചും വാ.. ഡാ..അമ്മയ്ക്ക് വേണ്ടി അല്ല…മോന് വേണ്ടി..മോന്റെ നല്ലൊരു ഭാവിക്ക് വേണ്ടി..” ദീപ്തിയുടെ വാക്കുകൾ വിങ്ങി..
“അമ്മയെ തനിച്ചാക്കി..എനിക്ക് എവിടേം പോവണ്ട മ്മാ..”
“ചെക്കാ..അച്ഛൻ അച്ഛന്റെ ഇഷ്ടം നോക്കി ഒന്നും മിണ്ടാതെ അങ്ങോട്ട് പോയി..എന്നും ഇങ്ങനെ നോക്കി ഇരുന്നു ചിരിക്കാൻ കൊറേ ഓർമ്മകൾ മാത്രം നൽകി..ആരോടും പറയാതെ..” ചുമരിലെ മനോഹരന്റെ ചിത്രത്തിലേക്ക് നോക്കി ദീപ്തി പാതിയിൽ നിർത്തി..
“ജീവിച്ചു കൊതി തീരാത്ത ജീവിതം പാതിയിൽ നിർത്തി പോകുമ്പോ..അമ്മയ്ക്ക് നല്ല പേടി ഉണ്ടായിരുന്നു മോനേ..
പക്ഷെ..ആ പേടി ധൈര്യത്തിന് വഴി മാറുന്നത് മെല്ലെ ഞാൻ അറിഞ്ഞു തുടങ്ങിയത്..ഇനി നമ്മുടെ കൂടെ അച്ഛൻ ഓർമ മാത്രമാണ് എന്ന് അറിഞ്ഞപ്പോൾ മുതലാണ്..
ഏഴു വയസുള്ള നിന്നെയും കൂട്ടി മദ്രസിൽ നിന്നും നാട്ടിലേക്ക് തീവണ്ടി കയറുന്ന ദിവസം നിനക്ക് നല്ല പനിയായിരുന്നു..
അന്നാണ് മോന്റെ അച്ഛൻ എനിക്ക് എത്ര വലുതായിരുന്നുന്ന് അറിയാൻ തുടങ്ങിയത്..ഒരു പനി വന്നാൽ..അല്ലേൽ കുഞ്ഞു ജലദോഷം വന്നാൽ..അതുമല്ലെങ്കിൽ മോന്റെ വളർച്ചയുടെ കാലം പോലും ഞാൻ അറിയാൻ തുടങ്ങിയത് അന്ന് ആ യാത്രയിൽ ആയിരുന്നു..അത്ര നാൾ ഞാനും ഒരു കുഞ്ഞു കുട്ടിയായിരുന്നു..നിന്നെക്കാൾ പ്രായം കുറവുള്ള ഒരു പൊട്ടി പെണ്ണ്..
സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു..എന്റെ കുറുമ്പുകൾക്ക് ഒപ്പം നിന്നിരുന്ന പാവം അച്ഛൻ..
ഇന്നിപ്പോ..അച്ഛൻ ജോലി ചെയ്തിരുന്ന കമ്പനിയിൽ ആണ് മോന് അവർ ജോലി നൽകുന്നത്..ഒന്ന് ഓർത്ത് നോക്കൂ അച്ഛൻ പോയിട്ട് വർഷം ഒരുപാടായി വേണേൽ അവർക്ക് അച്ഛനെ മറക്കാമായിരുന്നു..പക്ഷെ അച്ഛൻ ചെയ്ത നല്ല കാര്യങ്ങൾ മറാക്കാൻ അവർക്കായില്ല..അതുകൊണ്ട് ഈ ജോലി വേണ്ടായെന്ന് മാത്രം പറയല്ലേ..ചിലപ്പോൾ അച്ഛന്റെ ആത്മാവിന് നോവും…”
“കാലം വല്ലാത്തൊരു ക്രൂ രനാണ് ല്ലേ..” അനൂപിന്റെ വാക്കുകൾ കേട്ട് ദീപ്തി ഒന്ന് പിടഞ്ഞു..
“എന്തേ ഡാ..” അനൂപിന്റെ അടുത്തു വന്നിരുന്നു തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് ദീപ്തി മെല്ലെ ചോദിച്ചു..
“ജീവിതം തുടങ്ങുമ്പോൾ..പലർക്കും പലതും നഷ്ടപെടുന്നു..നഷ്ടങ്ങളോട് പരാതി പറയാൻ നിൽക്കാതെ പൊരുതാൻ മനസിനെ ഒരുക്കിയെടുക്കുന്നു..ഒടുവിൽ..വീണ്ടും ഒറ്റപെടലിന്റെ വേദനയിലേക്ക് മുങ്ങാം കുഴിയിടാൻ കാലം വീണ്ടും മുന്നിലേക്ക്..”
“എന്നെ ഓർത്തിട്ടാണോ..”
“അമ്മയെ മാത്രമല്ല..എന്നേം..അമ്മ ഒന്ന് ആലോചിച്ചു നോക്കൂ…എന്റെ ജീവിതത്തിന്റെ ഒരു ട്ടേർണിങ് പോയിന്റിൽ ആണ് ഞാൻ ഇപ്പൊ..
ഇനിയുള്ള കാലം ഞാൻ എന്റെ ഭാവിയിലേക് ശ്രദ്ധിക്കണം..ഒറ്റയ്ക്കാവുന്ന അമ്മയേ ഞാൻ കണ്ടില്ല എന്ന് നടിക്കണം..എന്റെ ജോലി തിരക്കുകളെല്ലാം കഴിഞ്ഞു ഒരു ഫോൺ കോളിൽ അമ്മയേ അറിയണം..വല്ലപ്പോഴും കിട്ടുന്ന ലീവിൽ നാട്ടിലേക്ക് ഓടിയെത്തണം..
അപ്പൊ അമ്മ അടുത്ത പരാതികെട്ട് അഴിച്ചിടും..എന്റെ വിവാഹം..അമ്മയുടെ കാലം കഴിയും മുൻപേ അമ്മയ്ക്ക് പേരകുട്ടിയേ കാണണം..
അതിലും ഞാൻ അനുസരണയോടെ നിന്നു തരണം..ഒടുവിൽ..അമ്മയ്ക്ക് ഞാൻ ഒരു വിരുന്നുകാരൻ മാത്രമാവും..ഈ നാട് വിട്ടു എന്റെ കൂടെ വരാൻ പറഞ്ഞാലും അച്ഛന്റെ ഓർമകളേ ചേർത്ത് പിടിച്ചു അമ്മ വീണ്ടും തനിച്ച്..” അനൂപിന്റെ ശബ്ദം ഇടറി..
“ഡാ..” ഒറ്റ വിളിയിൽ നെഞ്ചിൽ നിന്നും പുറത്തേക്ക് വന്നത് കാലങ്ങൾ ഒതുക്കി വെച്ച വിങ്ങലുകളുടെ മറുപടിയായിരുന്നു..വിങ്ങൽ പൊട്ടികരച്ചിലിന്റെ പെരുമഴക്കാലത്തിന് വഴി മാറുമ്പോൾ..നെഞ്ചിലേക്ക് കയറി കൂടുന്നത് സംതൃപ്തിയുടെ..സന്തോഷത്തിന്റെ..പൂർണതയുടെ നിമിഷങ്ങളായിരുന്നുവെന്ന് ദീപ്തി അറിയുകയായിരുന്നു..
“അമ്മയ്ക്ക് നീ ഇല്ലേ..എത്ര ദൂരം പോയാലും..അമ്മയുടെ വിളി പുറത്ത് ഉണ്ട് ചെക്കാ നീ..നല്ലൊരു കാലം വരുമ്പോൾ..അമ്മയ്ക്ക് തണലേകാൻ എന്റെ മോൻ ഉണ്ടാവുമെന്ന് എനിക്കറിയാം മോനേ..എല്ലാം..എല്ലാം നല്ലതിനാ..നല്ലതിന്..പോണം..പോയേച്ചും മിടുക്കനായി തിരികേ വരണം..” മൂർദ്ധാവിൽ ദീപ്തിയുടെ ചുണ്ടുകൾ വിറകൊള്ളുമ്പോൾ..പിടയുന്ന ഹൃദയത്തോടെ അനൂപ് ഒന്ന് മൂളി..
“മ്മ്…”
ശുഭം