ലല്ലു
Story written by Suresh Menon
==================
“ദേ വണ്ടിയൊന്ന് സൈഡിലേക്കൊതുക്കിയെ….”
വിക്ടർ തന്റെ ഡ്രൈവറോട് പറഞ്ഞു. ഡ്രൈവർ വണ്ടി സൈഡിലേക്കൊതുക്കി.
അവിടവിടെയായി തലേന്ന് പെയ്ത മഴയുടെ ഫലമായി ചളി കട്ടപിടിച്ച് കിടപ്പുണ്ട്. തന്റെ ചെരുപ്പും മുണ്ടറ്റവും അതിൽ മുട്ടാതെ വിക്ടർ കാറിൽ നിന്നറങ്ങി ഫ്രൂട്ട്സ് വിൽക്കുന്ന ആ കൊച്ചു കടയിലേക്ക് നടന്നു. അവിടെ നിന്ന ഒരു നീല ഷർട്ടുകാരന്റെ അടുത്തേക്ക് പതിയെ ചെന്നു.
“എക്സ്ക്യൂസ് മി … “
ശബ്ദം കേട്ട നീല ഷർട്ടിട്ട അയാൾ തിരിഞ്ഞു നോക്കി ..
“സുധിയല്ലെ…..”
മനസ്സിലായില്ലെങ്കിലും ആ നീല ഷർട്ടുകാരൻ ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി..
“വിക്ടോറിയയിൽ പഠിച്ച സുധിയല്ലെ…..”
“അതെ”
“ഞാൻ വിക്ടർ….82 ഫിസിക്സ്ബാച്ച് “
“ഹോ മൈ ഗുഡ്നെസ്സ്…ആഫ്റ്റർ എ ലോങ്ങ് ഗാപ് ഓഫ് ആൾ മോസ്റ്റ് ഫോർട്ടി ഇയേർസ് …ന്നാലും നിനക്കെങ്ങിനെ എന്നെ മനസ്സിലായി “
സുധിയുടെ വാക്കുകൾ കേട്ട വിക്ടർ പൊട്ടിചിരിച്ചു…
“ഇളനീർ കുടിക്കുന്ന നിന്നെ കണ്ടപ്പോൾ ഒരു ചെറിയ സംശയം തോന്നി…പിന്നെ എന്റെ ഒരു സ്വഭാവം നിനക്കറിയാലൊ…..ഒരു സംശയം വന്നാൽ അതിന് ഒരു തീരുമാനം ആയില്ലെങ്കി എനിക്കുറക്കം വരൂല ….”
ഒന്നു നിർത്തി വിക്ടർ തുടർന്നു.
“ടാ സുധി നീയിപ്പോഴും ചെറുപ്പമായിരിക്കുന്നു പഴയത് പോലെ തന്നെ യു ലുക്ക് ഹാൻസം…സത്യത്തിൽ നിന്നെ മാത്രമായിരുന്നു നമ്മുടെ ആ ബാച്ചിൽ പിടി കിട്ടാനുണ്ടായിരുന്നത് “
“നീയെങ്ങിനെ….ഇവിടെ….”
“എന്റെ സുധി ഇന്ന് നമ്മുടെ ലളിതയുടെ മകളുടെ കല്യാണമാണ്…ഓർമ്മയില്ലെ നിന്റെ പഴയ ലല്ലു…”
“ഹോ റിയലി…..അതൊരു സർപ്രൈസ് ആണല്ലൊ ” സുധിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. “
“അപ്പൊ നീ അതറിഞ്ഞിട്ട് വന്നതല്ലെ” വിക്ടർ സംശയത്തോടെ സുധിയോട് ചോദിച്ചു:
“ഏയ് അല്ല “
“അത് സാരമില്ല നമുക്ക് ഒരുമിച്ച് പോകാം “
“ഏയ് ഞാനില്ല അത് ശരിയല്ല ” സുധി ഒഴിഞ്ഞു മാറി…
“എന്റെ സുധി..ഇതിൽ ഒരു ഫോർമാലിറ്റിയും വേണ്ട. ജോസുട്ടിയും ബാബുവും ശിവരാജും ദീപ്തിയും കൃഷ്ണകുമാറും എല്ലാം എത്തും..എല്ലാവരെയും ഒന്ന് കാണാം..പിന്നെ ലളിത ഇതറിഞ്ഞാൽ വളരെ ഹാപ്പിയാകും..നിന്നെ കൊണ്ടുചെന്നില്ലെങ്കി അവൾ ഒരു പക്ഷെ ചീത്ത പറയും “
എന്ത് പറയണമെന്നറിയാതെ സുധി കുഴങ്ങി
“നിന്റെ വണ്ടിയെവിടെ ” വിക്ടറിന്റെ ചോദ്യത്തിന് സുധി ചൂണ്ടിക്കാണിച്ചു…
“ങ്ങാ അതവിടെ കിടക്കട്ടെ….നീ വാ നമുക്കൊരുമിച്ച് പോകാം “
“ടാ അത് വേണൊ ഞാനവളെയൊക്കെ കണ്ടിട്ട് വർഷങ്ങളായി….” സുധി മടികാണിച്ചു.
“നീ ഒന്നും പറയണ്ട….” വിക്ടർ സുധിയെ പിടിച്ച് വണ്ടിയിൽ കയറ്റി.
പോകുന്ന വഴി വിക്ടർ ഒരു പാട് വിശേഷങ്ങൾ പങ്കു വെച്ചു. കോളേജ് വിശേഷങ്ങൾ…ഔദ്യോഗിക വിശേഷങ്ങൾ….
“ടാ വിശേഷങ്ങളുടെ തിരക്കിൽ ഞാൻ പറയാൻ വിട്ടു പോയി….ലളിത ലോസ്റ്റ് ഹേർ ഹസ്ബന്റ് ….ഇറ്റ് വാസ് ആൻ ആക്സിഡന്റ്….” വിക്ടർ സുധിയോടായി പറഞ്ഞു..
“ഹോ റിയലി സാഡ്…..ഞാനൊന്നും അറിഞ്ഞില്ല “
കാർ അവരെയും കൊണ്ട് ഹോട്ടൽ റോസ് ഗാർഡൻസ്ന് മുന്നിൽ എത്തി….മുഹൂർത്തത്തിന് സമയം അടുത്തു…രണ്ടു പേരും ആഡിറ്റോറിയത്തിനകത്തേക്ക് നടന്നു…അലങ്കരിച്ച സ്റ്റേജിൽ നിറയെ ആൾക്കാർ..
“ജോസുട്ട്യേ…ദാ രാ വന്നതെന്ന് നോക്കിയെ…”
മുൻപിലിരിക്കുന്ന ജോസുട്ടിയുടെ ചെവിയിൽ മന്ത്രിച്ച് വിക്ടറും സുധിയും തൊട്ടു പിറകിൽ ഇരുന്നു. ശബ്ദം കേട്ട ജോസുട്ടിയും ദീപ്തിയും മറ്റെല്ലാവരും തിരിഞ്ഞു നോക്കി…
“അയ്യോ ഇത് നമ്മുടെ സുധിയല്ലെ” ദീപ്തി അതിശയത്തോടെ പറഞ്ഞു.
“ടാ ജോസുട്ട്യേ ഇവനെ നോക്കിയേടാ. മുടിയൊക്കെ ഡൈ ചെയ്ത് കുട്ടപ്പനായി….ആ പഴയ സൗന്ദര്യം അങ്ങിനയേയുണ്ട് ….”
പിന്നെ ആ പഴയ കാല സുഹൃത്തുക്കളുടെ ഒരു കൂട്ടരങ്ങായിരുന്നു അവിടെ. നീണ്ട വർഷങ്ങൾക്കിടയിൽ പങ്കു വെക്കാതെ പോയ ഒരു പാട് വിശേഷങ്ങൾ. ഒരുമിച്ച് ഒന്ന് കൂടിയിരുന്നപ്പോൾ എല്ലാം കെട്ടഴിഞ്ഞ് പുറത്തേക്ക് ചാടി…
“ടാ സുധി നീ ലല്ലുവിനെ കണ്ടില്ലെ ….” വധുവിന്റെ അടുത്ത് നിൽക്കുന്നു …
ജോസുട്ടി അത് പറഞ്ഞപ്പോൾ സുധി ശ്രദ്ധിച്ചു. കാലത്തിന്റെ കണക്കെടുപ്പിൽ ആ മുഖത്ത് നല്ല മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പഴയ പോലെ തന്നെ നെറ്റിയിൽ വലിയ പൊട്ട്. നെറുകയിലൂടെ ചീകിയൊതുക്കിയ മുടി….ഒരിളംപച്ച സാരിയുടുത്ത് നിൽക്കുന്ന ലല്ലു വിനെ കണ്ടപ്പോൾ പഴയ കോളേജ് ക്യാംപസിലെ ദിനങ്ങൾ സുധി അറിയാതെ ഓർത്തു പോയി..
രാവിലെ ഒമ്പത് മണിയോടെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് വരുന്ന വിദ്യാർത്ഥിനികൾ. അവരെ നിത്യേന സ്വീകരിക്കുകയും ഹാജർ വരവ് വെക്കുകയും ചെയ്യുക എന്നത് ഒരു ഉത്തരവാദിത്വമായി ഏറ്റെടുത്ത് നടത്തുന്ന ഒരു കൂട്ടം ആൺപിള്ളേർ….കൂട്ടത്തിൽ താനും..പ്രീഡിഗ്രി പുതിയ ബാച്ചിലെ പിള്ളേർ വരുന്ന ദിവസം .സുധി ഓർത്തു. അന്ന് താൻ ഡിഗ്രി ഫൈനൽ ഇയറിന്…മറ്റുള്ളവരോടൊപ്പം നിന്നു…നടന്നുനീങ്ങുന്ന പുതിയ പിള്ളേരെ കാണാൻ…കുറെ പേർ നടന്നുനീങ്ങി…പെട്ടെന്നാണ് മുടി പിന്നിയിട്ട് വലിയൊരു പൊട്ടും ചാർത്തി പാവാടയും ബ്ലൗസും ധരിച്ച് നടന്നു നീങ്ങിയ ഒരു പെൺകുട്ടിയെ ശ്രദ്ധിച്ചത്…എന്തോ ഒരിഷ്ടം. അതീവ സുന്ദരിയാണൊ എന്ന് ചോദിച്ചാൽ അല്ല. എന്നാലും വല്ലാത്തൊരു കൗതുകം ആ കൊച്ചിനുണ്ടായിരുന്നു.
പിന്നെ പതിവ് പോലെ അന്വേഷണങ്ങൾ ആരംഭിച്ചു.
പേര്…ഊര്…കുടുംബകാര്യങ്ങൾ…പ്രീഡിഗ്രിയുടെ സബ്ജക്റ്റ്…
പേര് ലളിത. ലളിത യിൽ നിന്ന് അത് ലല്ലുവായി ചുരുങ്ങി…അങ്ങിനെ പലതും….
നിത്യേന രാവിലെ പിന്നെ കാത്ത് നിൽപ്പായി. ഒന്നു കാണാൻ…പിന്നെ എങ്ങിനെയൊക്കെയൊ തിരിച്ചിങ്ങോട്ടും നോട്ടം വീണു. കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ മനസ്സിൽ ഏതാണ്ടൊക്കെ ഉറപ്പിച്ച പോലെ…
എന്നാൽ വീണ്ടുവിചാരമില്ലാത്ത ആ പ്രായത്തിൽ അതൊരു പ്രേമമായിരുന്നൊ എന്ന് ചോദിച്ചാൽ തനിക്കൊരു ഉത്തരമില്ലായിരുന്നു. പക്ഷെ എന്തൊ വല്ലാത്തൊരിഷ്ടമായിരുന്നു ആ കുട്ടിയോട്…
പൊതുവെ ഒരു ഇൻട്രോവർട്ടായ തന്റെ പ്രകൃതം മനസ്സിലാക്കിയ വിക്ടർ ആണ് ആദ്യമായി അവളുമായി രണ്ടു വാക്ക് സംസാരിക്കാൻ ഒരു സന്ദർഭം ഒരുക്കി തന്നത്. കോളജ് ഡേ ദിവസം രാത്രി നാടകം സ്റ്റേജിൽ നടക്കുന്നു. ഒരു പ്രത്യേക രംഗത്തിൽ മരിച്ചു പോയ കാമുകിയുടെ ശബ്ദം കേട്ട നായകൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു. ആ കാമുകിയുടെ ശബ്ദം സ്റ്റേജിന് പിറകിൽ നിന്ന് മൈക്കിലൂടെ നൽകിയത് ലല്ലുവായിരുന്നു. ഒന്ന് സംസാരിക്കണം എന്ന തന്റെ അഗ്രഹം അറിഞ്ഞ വിക്ടർ തന്റെ കൈ പിടിച്ച് സ്റ്റേജിന്റെ പിറകിൽ കൊണ്ടുപോയി നിർത്തി…
“ദേ ആ സീൻ കഴിയുമ്പൊ അവൾ ഇത് വഴി വരും. പറയാനുള്ളത് പറഞ്ഞേക്കണം. പിന്നെ ക ണ സാ കു ണ സാന്ന് പറഞ്ഞേക്കരുത് “
പക്ഷെ അന്ന് തനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. വെറുമൊരു ആശംസകൾ അല്ലാതെ…പക്ഷെ തന്നിൽ നിന്ന് എന്തൊക്കെയൊ കേൾക്കാൻ ആഗ്രഹിക്കുന്നത് പോലെ തോന്നി അവളുടെ കണ്ണുകൾ ശ്രദ്ധിച്ചപ്പോൾ…
പിന്നെ കുറെ ദിനങ്ങൾ…
ഫൈനൽ ഇയർ പരീക്ഷയുടെ തിരക്ക്. അത് കഴിഞ്ഞാൽ വിദേശത്തേക്ക് ചെന്ന് മാതാപിതാക്കളുടെയൊപ്പമുള്ള താമസം. ഉന്നത വിദ്യാഭ്യാസം. ഇതിന്നിടയിൽ എന്തൊക്കെയൊ മറന്നു. ഒരിക്കലും മറക്കാൻ ഇഷ്ടപെടാത്തത് പോലും എവിടെയൊക്കെയൊ വെച്ച് മറന്നു പോയി.
എങ്കിലും പഠിത്തം അവസാനിച്ച് കോളേജിൽ നിന്നിറങ്ങുന്നതിന് മുമ്പ് അവളെ കാണണമെന്ന് തോന്നി. മനസ്സിലുള്ളതെല്ലാം പറയണമെന്നും കൂട്ടിന് വിക്ടറെ വിളിച്ചു. വാർഡനില്ലാത്ത സമയത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് ചെന്നു .ഭാഗ്യത്തിന് അവൾ അരളി പൂക്കൾ പൂത്ത് നിൽക്കുന്ന ആ വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ ഉണ്ടായിരുന്നു…
അന്നാണ് കുറെ സംസാരിച്ചത്. ആദ്യമായി അവളും കുറെ സംസാരിച്ചു. ഒരു പാട് എന്തൊക്കെയൊ സംസാരിച്ചു. ആ എന്തൊക്കെ യോയിൽ ഇഷ്ടങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ല. എന്തിഷ്ടമാണ് എന്ന് ഒരു വല്ലാത്ത പരതിലിൽ ആയിരുന്നു താനപ്പോൾ…അവളുടെ വാക്കുകളും അതേ പോലെ ആയിരുന്നു. എന്തൊക്കെയൊ പറയാനുള്ളത് പോലെ…അവളുടെ ഒരു വരിയും പൂർണ്ണതയിൽ എത്താത്ത പോലെ….ആ വീർപ്പുമുട്ടലിൽ നിന്ന് എങ്ങിനെയൊക്കെയോ യാത്ര പറഞ്ഞ് ഇരുവരും പുറത്തിറങ്ങി….
“എന്തുവാടേയ് വലിയ അലോചനയിൽ ആണല്ലൊ. ” വിക്ടറിന്റെ ശബ്ദം സുധിയെ ചിന്തയിൽ നിന്നുണർത്തി.
“വാ നമുക്ക് സ്റ്റേജിൽ ചെന്ന് വധുവരന്മാരൊടൊപ്പം ഫോട്ടം പിടിക്കാമെടെയ്….പിന്നെ ലല്ലുവിനോടൊപ്പം ഓരോ സെൽഫിയും “
സ്റ്റേജിലേക്ക് കയറിയപ്പോൾ തന്നെ വിക്ടർ ലല്ലുവിന്റെ അടുത്തേക്ക് ചെന്നു.
“ലളിതെ…ഇതാരാന്ന് നോക്കിയെ….”
തന്റെ പിറകിൽ നിൽക്കുന്ന സുധിയെ ചൂണ്ടി വിക്ടർ അത് പറഞ്ഞപ്പോൾ ലളിതയുടെ നെറ്റി ഒന്നു ചുരുങ്ങി പിന്നെ കണ്ണുകൾ വിടർന്നു…..
“സു…സുധി…എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതെങ്ങിനെ ഇവിടെ…മൈ ഗോഡ്…ന്തായാലും ഒരു പാട് സന്തോഷായിട്ടോ എനിക്ക്….കല്യാണം അറിഞ്ഞ് സുധി വന്നല്ലൊ…. എങ്ങിനെ അറിഞ്ഞു “
പെട്ടെന്നുണ്ടായ അമ്പരപ്പിൽ ലളിത കുറെ പറഞ്ഞു കൊണ്ടിരുന്നു.
“”ലല്ലു എല്ലാത്തിനും മറുപടി ഞാൻ തരാം…നമുക്കാദ്യം ഒരു തകർപ്പൻ ഫോട്ടോ പിടിക്കാം “
വിക്ടറിന്റെ മറുപടിയിൽ എല്ലാവരും ഫോട്ടോക്കായി പോസ് ചെയ്തു..
…………………………..
ആ വലിയ മാളിന്റെ ഫുഡ് കോർട്ടിൽ അവർ മുഖാമുഖം നോക്കിയിരുന്നു ….
“സുധി പോകുന്നതിന് മുമ്പ് എനിക്ക് കുറെ സംസാരിക്കണമെന്ന് തോന്നി. അതാ ഞാൻ ഫോൺ നമ്പർ മേടിച്ചതും വിളിച്ചതും ” ചുടുകാപ്പി നുണയുന്നതിനിടയിൽ ലല്ലു സുധിയോടായി പറഞ്ഞു.
“അതെ പണ്ടും നമ്മൾ കുറെ സംസാരിച്ചിട്ടുണ്ട്. പക്ഷെ വേണ്ടതൊന്നും പറഞ്ഞില്ല…ല്ലെ”
“സത്യം. രണ്ടു പേർക്കും കഴിഞ്ഞില്ല നമ്മൾ പറയാനുള്ളത് എവിടെയൊക്കെയൊ തപ്പി തപ്പി നടന്നു….”
“ഇങ്ങനെ നമ്മൾ മാത്രമല്ല. ഒത്തിരി പേരുണ്ട് മനസ്സിലുള്ളത് മുഖത്ത് നോക്കി പറയാൻ മടിയുള്ള ഭീരുക്കൾ “
സുധിയുടെ വാക്കുകൾ കേട്ട ലല്ലു മൗനം പൂണ്ടു. കുറച്ചു നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല.
“കോളജിൽ നിന്ന് പിരിഞ്ഞതിന് ശേഷം സുധിയെ കോൺടാക്റ്റ് ചെയ്യാൻ ഒത്തിരി ശ്രമിച്ചു. നടന്നില്ല .പിന്നെ അതങ്ങിനെയങ്ങ് പോയി…എ ടോട്ടൽ ഡൈ വെർജൻസ് ഓഫ് മൈൻഡ് “
“പക്ഷെ വൈശാഖ് എന്റെ ജീവിതത്തിൻ എത്തിയതോടെ ഐ ബികം സൊ ഫ്രഷ്….എന്നെ ഒരുപാടിഷ്ടായിരുന്നു വൈശാഖിന്…ഹിവാസ് സൊ ലവിങ്ങ് ആൻഡ് കെയറിങ്ങ് “
സുധി പുഞ്ചിരിയോടെ എല്ലാം കേട്ടിരിക്കുന്നു.
“പക്ഷെ എന്ത് ചെയ്യാം. പെട്ടെന്നായിരുന്നു മരണം വൈശാഖിനെ കൊണ്ടുപോയത് “
” വിക്ടർ എന്നോട് എല്ലാം പറഞ്ഞിരുന്നു”
വീണ്ടും മൗനം.
“സുധി ചോദിക്കുന്നത് കൊണ്ടാന്നും തോന്നരുത് വിക്ടർ എന്നോട് പറഞ്ഞു ” യു ആർ എ ഡൈവോഴ്സി എന്ന്. എന്താ പറ്റിയെ സുധി”
“ഐ ആം സോറി. ആ ഒരു വിഷയം സംസാരിക്കാൻ എനിക്കൊട്ടും താൽപ്പര്യമില്ല നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം “
“ഹോ ഐ ആം എക്സ്ട്രീമിലി സോറി സുധി. ഞാനത് ചോദിക്കാൻ പാടില്ലായിരുന്നു…. ഒ കെ അത് വിട് സുധി വൈശാഖിനെ കണ്ടിട്ടില്ലല്ലൊ… “
ലല്ലു തന്റെ മൊബൈൽ എടുത്തു.
“ഇതാ എന്റെ വൈശാഖ് …”
സുധി നോക്കി.
“ഹോ ഹി ഈസ് ഹാൻ സം “
മനസ്സ് തുറന്ന് ഒരു പാട് അന്നവർ സംസാരിച്ചു.
“സുധി ഇനി പഴയ പോലെ ആകരുത്. വിളിക്കണം. സമയം കിട്ടുമ്പോൾ ഒക്കെ നമുക്ക് സംസാരിക്കാം”
സുധി തലകുലുക്കി.
യാത്ര പറഞ്ഞ് കാറിന്റെ ചില്ലു കയറ്റുമ്പോൾ ലല്ലു പുഞ്ചിരിച്ചു കൊണ്ട് കൈ വീശി. തിരിച്ച് സുധിയും….
………………………..
“എനിക്കയാളെ ഇഷ്ടമാണ്. ഫേസ് ബുക്ക് വഴിയാ ഞങ്ങൾ പരിചയപ്പെട്ടത് “
രാത്രി ഏതാണ്ട് പത്ത് മണിയായിക്കാണും, ഐസ് ക്യൂബ് വിസ്കിയിലേക്ക് വീഴുന്ന നിമിഷം ബാൽക്കണിയിലിരിക്കുന്ന തന്റെ നേരെ നടന്ന് വന്ന് ആതിര പറഞ്ഞു. താൻ പതിയെ തലയുയർത്തി നോക്കി …
ലല്ലുവിനോട് യാത്ര പറഞ്ഞ് ഡ്രൈവ് ചെയ്ത് ഹോട്ടലിലേക്ക് തീരിച്ചു പോകും വഴി സുധി ഓർത്തു. ആ രാത്രി…
“എന്താ അയാളുടെ പേര് “
“വൈശാഖ് “
“എത്ര കാലമായി ഈ ബന്ധം തുടങ്ങിയിട്ട് ….”
“കുറച്ചു കാലമായി..മോർദാൻ റ്റു ഇയേഴ്സ്. ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. സുധിയുമായി ഒത്ത് പോകാൻ എനിക്ക്, ബുദ്ധിമുട്ടുണ്ട് “
താൻ അന്ന് വളരെ ശാന്തനായിരുന്നു. ഒരു ബഹളവും വെച്ചില്ല. തന്നോടൊപ്പം ജീവിക്കാൻ താൽപ്പര്യമില്ല എന്ന് ആതിര തുറന്ന് പറഞ്ഞ സ്ഥിതിക്ക് തനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. എങ്കിലും ഒരു ആകാംക്ഷയുടെ പുറത്ത് വെറുതെ ചോദിച്ചു.
“ഈ വൈശാഖിന് കുടുംബം ഇല്ലെ ……”
“വൈശാഖിന്റെ മകളുടെ കല്യാണമാണ്. അത് കഴിഞ്ഞാൽ ഹി വിൽ ഗോ ഫോർ എ ഡൈവോഴ്സ് “
പെട്ടെന്ന് ഫോൺ ബല്ലടിച്ചു. സുധി ചിന്തയിൽ നിന്നുയർന്നു.
“ഹലോ”
“സുധി സാറല്ലെ”
“അതെ…”
“സാറിന്റെ ടിക്കറ്റ് കൺഫേം ആയിട്ടുണ്ട്. ‘കൊച്ചി റ്റു സാൻ ഫ്രാൻസ് സി കൊ. മറ്റന്നാൾ …details വാട്സാപ്പിൽ വിടാം സർ “
ഒ കെ താങ്ക്സ് ….
സുധി വണ്ടി സൈഡിൽ പാർക്ക് ചെയ്തു. കുറച്ചുനേരം കണ്ണടച്ചിരുന്നു. മനസ്സ് ആകെ ശൂന്യമായിരുന്നു.
“ഹീ ഈസ് സൊ ലവിങ്ങ് ആൻഡ് കെയറിങ്ങ് “
വൈശാഖിനെ ക്കുറിച്ച് ലല്ലു പറഞ്ഞത് ചെവിയിൽ മുഴങ്ങി. പാവം ലല്ലു അവൾ ഒന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു. അന്നും ഇന്നും അതെ അവൾ ഒരു പാവമാണ്.
വീണ്ടും മൊബൈൽ ശബ്ദിച്ചപ്പോൾ സുധി നോക്കി. ലല്ലുവാണ് ലൈനിൽ…ന്താണാവൊ പ്പൊ വിളിക്കുന്നത്
“ഹലോ “
“സുധി “
“ങ്ങാ. പറയു …..”
“ഹോട്ടലിൽ എത്തിയൊ ….”
“ഇല്ല ഓൺ ദ വെ ആണ് “
“സുധി എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു. നേരത്തെ പറയാൻ എന്തൊ മനസ്സ് സമ്മതിച്ചില്ല. പണ്ടും അങ്ങിനെ ആയിരുന്നല്ലൊ അല്ലെ. ഒന്നും തുറന്ന് പറയില്ലല്ലൊ…പക്ഷെ ഇനി അത് വയ്യ എനിക്കെല്ലാം പറയണം “
“എന്താ പ്രത്യേകിച്ച്…ലല്ലു പറയു ഞാൻ കേൾക്കാം ….”
“വൈശാഖിനെ കുറിച്ചാണ്. ആദ്യമൊക്കെ എന്നോട് ഒത്തിരി സ്നേഹമായിരുന്നു സുധി . എന്നാൽ കഴിഞ്ഞ ഒന്നു രണ്ട് വർഷമായിട്ട് ഹി വാസ് ഹേ വിങ്ങ് ആൻ അഫെയർ….മനസ്സിലാക്കിയപ്പോൾ ഞാൻ തകർന്നു പോയി. ആത്മഹത്യ ചെയ്താലൊ എന്ന് പോലും ചിന്തിച്ചു. പക്ഷെ എന്റെ മോൾടെ ഭാവി. അവൾക്ക് ഒരു പാട് നല്ല പ്രൊപ്പോസൽ വരുന്നുണ്ടായിരുന്നു. അച്ഛന്റെ തനിനിറം അറിഞ്ഞാൽ ഒരു പക്ഷെ……എല്ലാം ഞാൻ മനസ്സിൽ അടക്കിപിടിച്ചിരുന്നു. കുറെക്കാലമായി വീട്ടിൽ അപരിചിതരെപ്പോലെയായിരുന്നു ഞങ്ങളുടെ ജീവിതം . മോൾ ടെ വിവാഹം കഴിഞ്ഞാൽ ഡൈവോഴ്സ് അതായിരുന്നു എന്റെ തീരുമാനം പക്ഷെ അതിന് മുൻപ് വൈശാഖ് പോയി “
സുധി എല്ലാം മൂളിക്കേട്ടു …
“മാളിൽ വെച്ച് പറയണമെന്നുണ്ടായിരുന്നു പറ്റിയില്ല. ഇപ്പോ എല്ലാം സുധിയോട് തുറന്ന് പറഞ്ഞപ്പോൾ വല്ലാത്ത സുഖം…സുധി ക്കൊന്നും പറയാനില്ലെ ….! “
സുധി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല
“എനിക്കും പറയാനുണ്ട്. ഒരു പാട്…ഒരു പാട് കാര്യങ്ങൾ….കുറെ പറയാനുണ്ട് ലല്ലു…പക്ഷെ ഇപ്പോഴില്ല…. മറ്റന്നാൾ ഞാൻ പോകും. ഞാൻ ഒരു ദിവസം വിളിക്കാം. കുറെ സംസാരിക്കണം നമുക്ക്. പലതും നമ്മൾ അറിയാനുണ്ട്..പഴയ പോലെയല്ല. തുറന്ന മനസ്സുമായി കാത്തിരിക്കണം “
“തീർച്ചയായും ഞാൻ കാത്തിരിക്കും “
ബൈ
ബൈ
……………….
സുധി പതിയെ വണ്ടി മുന്നോട്ടെടുത്തു.
അവിടം മുതൽ ഒരു കാത്തിരിപ്പ് തുടങ്ങുകയായിരുന്നു. ലല്ലുവിനും സുധിക്കും ഇടയിൽ….
പറയാൻ ബാക്കി വെച്ചതെല്ലാം പറയാനുള്ള കാത്തിരിപ്പ്…..