എഴുത്ത്: വൈദേഹി വൈഗ
=================
പയ്യൻ ഗൾഫിലാണെന്ന് കേട്ട പാതി കേൾക്കാത്ത പാതി വാപ്പ ചാടിക്കേറി വാക്കുകൊടുക്കുകയായിരുന്നു,ഉമ്മാക്കും സമ്മതം. അതിനിടയിൽ എന്റെ താല്പര്യങ്ങൾക്ക് എന്ത് പ്രസക്തി…
പ്ലസ്ടു പഠിക്കുമ്പോഴായിരുന്നു നിക്കാഹ്, പഠിത്തം കഴിഞ്ഞിട്ട് മതി ഒരുമിച്ചു താമസിക്കൽ എന്ന് അവർ തന്നെ തീരുമാനിക്കുകയായിരുന്നു . നിക്കാഹിനു പോലും ആള് വന്നില്ല, വാപ്പയും ഉമ്മയും താത്തയും കുടുംബക്കാരും വന്ന് വളയിട്ട് പോവുകയായിരുന്നു
ഗൾഫിൽ നിന്ന് കാക്ക കൊടുത്തയച്ച ഫോണിലായിരുന്നു ഞങ്ങളുടെ പ്രണയവും സൗഹൃദവും വളർന്നത്. ഞാനും ഇക്കയും ആ കാലയളവുകളിൽ നല്ല സുഹൃത്തുക്കളാവുകയായിരുന്നു. ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഏകദേശം ഒരുപോലെയായിരുന്നു ഞങ്ങൾക്ക്…
ഞാൻ പലപ്പോഴായി തുടർന്നും പഠിക്കണമെന്ന എന്റെ ആഗ്രഹം വെളിപ്പെടുത്തിയപ്പോൾ അതിനെന്താ നിനക്കെത്രത്തോളം പഠിക്കണമോ അതിനുള്ള എന്തും ഞാൻ ചെയ്തു തരാം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. വെറുതെ വാക്ക് തരുകയായിരുന്നില്ല, അടുത്തത് ഏത് കോഴ്സ് എടുക്കണം, അതിനുള്ള ജോലിസാധ്യതകൾ എന്തൊക്കെ എന്ന് നിരന്തരം എന്നോട് ചർച്ച ചെയ്യുമായിരുന്നു…
പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും സാഹചര്യം അനുവദിക്കാത്ത ആളായിരുന്നു ഇക്ക, ആ ആഗ്രഹം അദ്ദേഹം എന്നിലൂടെ നിറവേറ്റാൻ ശ്രമിക്കുകയായിരുന്നു. കൂട്ടിക്കൊണ്ട് പോക്ക് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ചെറിയ രീതിയിൽ നടത്താം എന്ന് അദ്ദേഹത്തിന്റെ അഭിപ്രായമായിരുന്നു
ഒന്നര മാസത്തെ ലീവിനാണ് ഇക്ക വന്നത്, ആ ഒന്നര മാസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനങ്ങൾ. കുട്ടികൾ എന്റെ പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് ഇക്ക തന്നെ തീരുമാനിക്കുകയായിരുന്നു.
ശരീരത്തിൽ നിന്നും ജീവൻ വേർപെടുന്ന വേദനയാണ് തന്റെ ഇണയെ വിട്ട് പിരിയുമ്പോൾ ഓരോ പ്രവാസിയും അനുഭവിക്കുന്നത്. ഞങ്ങളുടെയും അവസ്ഥ മറ്റൊന്നായിരുന്നില്ല , ഞാൻ കരഞ്ഞെങ്കിലും എന്റെ സങ്കടം വെളിപ്പെടുത്തിയപ്പോൾ അതിന് പോലും കഴിയാതെ ഇക്ക വേദനയെല്ലാം ഒരു പുഞ്ചിരിയിലൊതുക്കി യാത്രയായി.
അടുത്തുള്ള ഒരു കോളേജിൽ അഡ്മിഷൻ ശരിയാക്കിയിട്ടാണ് ഇക്ക പോയത്. എന്നെ പഠിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ കുടുംബക്കാർക്കിടയിൽ വലിയ എതിർപ്പുകൾ ഉണ്ടായെങ്കിലും ഇക്ക അതൊന്നും കാര്യത്തിലെടുത്തില്ല. ഉമ്മയ്ക്കും ഉപ്പയ്ക്കും എതിർപ്പില്ലായിരുന്നെങ്കിലും കുടുംബക്കാർ എന്നെ ഒരു നികൃഷ്ട ജീവിയെപ്പോലെ നോക്കാൻ തുടങ്ങി.
എത്രയൊക്കെ ടെക്‌നോളജി വളർന്നാലും ഫോണിൽ സംസാരിക്കാം വീഡിയോ കാൾ ചെയ്യാം ചാറ്റ് ചെയ്യാം എന്നുണ്ടെങ്കിലും രാത്രിയിൽ പ്രിയപ്പെട്ടവന്റെ നെഞ്ചിന്റെ ചൂടേറ്റുറങ്ങാനും ഉറക്കത്തിൽ സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ ഒന്നുമില്ലെന്ന് പറഞ്ഞു ചേർത്തു പിടിക്കാനും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനും സായാഹ്നങ്ങളിൽ കൈകോർത്തു നടക്കാനിറങ്ങാനും ആഗ്രഹിക്കാത്ത ഏതെങ്കിലും പെണ്ണുണ്ടോ….
എന്റെ മനസും ആഗ്രഹങ്ങളിൽ ഊഞ്ഞാലാടുകയായിരുന്നു. ക്ലാസിലെ മറ്റു കുട്ടികൾ അവരുടെ ഭർത്താവിനെക്കുറിച്ചു പറയുമ്പോഴൊക്കെ അസൂയയോടെ മാത്രം ഞാൻ കേട്ടിരുന്നു ,രാത്രി ഇക്ക വിളിക്കുമ്പോ ആ സങ്കടമൊക്കെ കരഞ്ഞു തീർത്തു. എന്റെ സങ്കടങ്ങളിൽ ഇക്കയും ഉരുകുകയാണെന്ന് എനിക്കറിയാമായിരുന്നു
പക്ഷെ സന്തോഷങ്ങൾ ആകെ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. പ്രവാസിയുടെ ഭാര്യ ശരീരത്തിന്റെ ദാഹമടക്കി ജീവിക്കുകയാണെന്ന ദുഷിച്ച ചിന്തകളോടെ നടക്കുന്ന ചില മാന്യന്മാരുണ്ടാകുമല്ലോ…അതിൽ ചിലർ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി സമീപിച്ചപ്പോൾ കടുത്ത വാക്കുകളുപയോഗിച്ച് പ്രതികരിക്കേണ്ടി വന്നു
അതിൽ അരിശം മൂത്ത അവർ ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്ന ഇക്കയെ വിളിച്ചു അതുമിതും പറഞ്ഞുകൊടുക്കാൻ തുടങ്ങി. നാട്ടിൽ അപവാദം പരന്നപ്പോൾ വേറെ നിവർത്തിയില്ലാതെ ഞാൻ പഠിക്കാൻ പോകുന്നതും നിർത്തി, വീടിനുള്ളിൽ അടഞ്ഞിരുന്ന എന്നെ സമാധാനിപ്പിക്കാനും കുറ്റപ്പെടുത്താനും കുത്തിനോവിക്കാനും പലരും വന്നു
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഇക്ക എമർജൻസി ലീവിൽ നാട്ടിലെത്തി. പക്ഷെ ഇക്ക എനിക്ക് മുഖം തരാതെയായി. ആര് തള്ളിപ്പറഞ്ഞിട്ടും പിടിച്ചു നിന്ന എനിക്ക് ഇക്കയുടെ മൗനം സഹിക്കാൻ കഴിയുന്നതിനുമപ്പുറമായി
മനസ് നീറി കരഞ്ഞിട്ടും ഇക്ക മൈൻഡ് ചെയ്യുന്നില്ല. ഒരു മാസത്തെ ലീവിന് വന്ന ഇക്ക കോളേജിൽ നിന്ന് ലിവിങ് സിർട്ടിഫിക്കറ്റ് ശരിയാക്കാനും മറ്റുമായി ഓടിനടന്നു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ പോലീസ് പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി വീട്ടിൽ വന്നപ്പോഴാണ് ഇക്കയുടെ സർപ്രൈസ് എന്തെന്ന് പിടികിട്ടിയത്
ഇക്കയെ കെട്ടിപ്പിടിച്ചു കരഞ്ഞ എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തമിട്ട ഇക്ക എന്നോട് പറഞ്ഞത് ഇന്നും എന്റെ ചെവിയിൽ മുഴങ്ങുന്നു ,
“ആരെന്തു പറഞ്ഞാലും നിന്നെ എനിക്കറിയാം… മറ്റുള്ളവരുടെ സിർട്ടിഫിക്കറ്റ് കിട്ടീട്ടല്ല നമുക്ക് ജീവിക്കാൻ..കേട്ടോടീ മുത്തുമണീ …”
ഒരു മാസത്തെ ലീവിന് ശേഷം ഞാനും ഇക്കയും ഒരുമിച്ചു പറന്നു , ഞങ്ങൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് …..