കൊടിയേറ്റ്
Story written by Jayachandran NT
==================
ഇരുട്ടുമൂടിയ കാവും പരിസരവും. ആദ്യം അയാൾക്ക് ഭയം തോന്നിയിരുന്നു. മൂർത്തിയുടെ ശക്തി ക്ഷയിപ്പിക്കാനായി മൃ ഗര ക്ത വും പക്ഷിര ക്തവും തീണ്ടാരിത്തുണികളും ഉപയോഗിച്ച് അശുദ്ധിയാക്കിയിട്ട് വിഗ്രഹം കവർന്നെടുക്കാനായിരുന്നു അയാളുടെ പദ്ധതി.
ആ കർമ്മങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്കൊരു ധൈര്യം വന്നു. കാവിലെ പ്രതിഷ്ഠയിൽ നിന്നയാൾ വിഗ്രഹം പറിച്ചെടുത്തപ്പോൾ അകലെ എവിടെയോ ഒരലർച്ച പോലെ കേട്ടു. കൈയ്യിലുണ്ടായിരുന്ന മുഷിഞ്ഞ തുണികൊണ്ട് വിഗ്രഹം മൂടി. കാവിൽ നിന്നിറങ്ങി കാട്ടിനുള്ളിലൂടെ അയാൾ കിഴക്ക് ദിക്കിലേക്കോടി. കുറെ ദൂരം പിന്നിട്ടു. പുറകിലൊരു പടയിളകി വരുന്നതിൻ്റെ ആരവം കേൾക്കുന്നുണ്ടായിരുന്നു.
കൂരിരുട്ടിൽ കാട്ടിനുള്ളിലൂടെ അയാൾ വിഗ്രഹുമായി ഓടി. പുറകിലുള്ള പട അരികിലേക്കെത്തുന്നുണ്ട്. അവരുടെ ആരവങ്ങൾ, കൊ ലവിളികളാകുന്നു. തിരിഞ്ഞു നോക്കിയപ്പോൾ അനേകം തീപ്പന്തങ്ങൾ ആകാശത്തിലൂടെ തനിക്കു നേരെ പാഞ്ഞു വരുന്നു.
പൊതിഞ്ഞെടുത്ത വിഗ്രഹവുമായി അയാൾ വീണ്ടും ഓടി. ആരവങ്ങൾ പിന്തുടർന്നു കൊണ്ടിരുന്നു. തൊട്ടരികിലേക്കത് എത്തിയെന്ന് തോന്നിയപ്പോൾ വിഗ്രഹം അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. ഒരു മരത്തിൽ ചെന്നിടിച്ച് അത് വെള്ളത്തിലേക്ക് വീഴുന്ന ഒച്ച ഉണ്ടായി. പെട്ടെന്ന് തന്നെ പിന്തുടർന്നിരുന്ന ആരവങ്ങൾ നിലച്ചു. തീപ്പന്തങ്ങൾ അപ്രത്യക്ഷമായി. കാട്ടിനുള്ളിലെ ഇരുട്ടിലേക്കയാൾ ഓടി മറഞ്ഞു.
വിനോദയാത്രയ്ക്കായെത്തിയ വിദ്യാർത്ഥികൾ പുഴയിലിറങ്ങി കുളിക്കുമ്പോഴായിരുന്നു അവർക്കത് കിട്ടിയത്. അതിനു മുൻപായി ഞാനതൊരിക്കൽ കണ്ടിട്ടുണ്ട്. അതിനു പുറകെയുള്ള എൻ്റെ അന്വേഷണം പൂർത്തിയായപ്പോഴേക്കും ആ വിദ്യാർത്ഥികളത് കണ്ടെത്തിയിരുന്നു.
അടുത്ത ദിവസത്തേക്കായി ഞാനെഴുതി വച്ച പത്രത്തിലേക്കുള്ള മുൻപേജിലെ തലക്കെട്ട് ഒന്നൂടെ എടുത്തു നോക്കി തൃപ്തിവരുത്തി അച്ചടിക്കാനായി നൽകിയിട്ടാണ് കാവിലേക്ക് പോകാനായിറങ്ങിയത്.
കാവിലിന്ന് കൊടിയേറ്റാണ്. ഞാൻ ആ കാവിലെ ഉത്സവമേളങ്ങൾ കാണുകയായിരുന്നു. വർഷങ്ങൾക്കു ശേഷം കാവിൽ കൊടിയേറുകയാണ്. വിഗ്രഹവും വഹിച്ചുള്ള ഘോഷയാത്ര ഗംഭീരമായിരുന്നു. ആനപ്പുറത്തെഴുന്നള്ളിച്ചുകൊണ്ട് വന്ന് വിഗ്രഹം കാവിനുള്ളിൽ വീണ്ടും പ്രതിഷ്ഠിച്ചു. അദൃശ്യരൂപങ്ങളായി ആയിരക്കണക്കിന് തെയ്യക്കോലങ്ങൾ വിഗ്രഹത്തിനകമ്പടി സേവിക്കുന്നതായി കണ്ടു. എന്നെപ്പോലെ ആയില്ല്യം നക്ഷത്രക്കാരെല്ലാം അതു കാണുന്നുണ്ടാകും എന്നെനിക്കു തോന്നി.
മേളം, ചെണ്ടപ്പുറത്ത് തകർക്കുന്നു. പഞ്ചാരമണൽ വിരിച്ച വിശാലമായ പറമ്പിൽ ഉത്സവകാലത്ത് പലതരം കച്ചവടങ്ങളായിരുന്നു. ബലൂൺ വിൽപ്പനക്കാർ. കടലക്കച്ചവടക്കാർ ഇരുമ്പ് ചട്ടിയിലത് വറുക്കുന്ന മണം. ഇടയ്ക്കിടക്ക് അവർ ഇരുമ്പു ചട്ടുകം കൊണ്ട് തട്ടി ഒച്ചയുണ്ടാക്കുന്നുണ്ട്. ചെറിയ കതിനകൾ ഇടവിട്ട് പൊട്ടുന്നു ആ ഒച്ചയെ വെല്ലാൻ ഐസ്ക്രീം വിൽപ്പനക്കാരൻ്റെ ഇരുമ്പു കൊണ്ടുള്ള മണി.
പറമ്പ് നിറയെ ആൾക്കൂട്ടമാണ് തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുട്ടികൾ. അവരുടെ പിടിവിട്ട് ആകാശത്തേക്ക് പറന്നു പോകുന്ന ബലൂണുകൾ. അവയെ സ്വീകരിക്കാൻ ചിരിച്ച മുഖത്തോടെ ആകാശത്ത് പൂർണ്ണചന്ദ്രൻ. ആഗ്രഹിച്ച കളിപ്പാട്ടം കിട്ടാതെ അമ്മയുടെ തല്ലുമേടിച്ച് മൂക്കള ഒലിപ്പിച്ച് കരയുന്ന കുട്ടി.
മൊബൈലും നോക്കി തലകുനിച്ച് നടന്ന തലമുറകൾ അതെല്ലാം ഉപേക്ഷിച്ച് ഒരു ഉത്സവകാലം ആഘോഷമാക്കുകയാണ്. ചൂടു കടല വറുത്തെടുക്കുന്ന മണം.
കടലക്കാരനിൽ നിന്ന് ഞാനൊരു പൊതി കടല വാങ്ങി. അയാൾ കുമ്പിൾക്കൂട്ടിയ കടലാസ് പൊതിയിൽ ചൂട് കടല നൽകി. ഞാനതും കൊറിച്ചുകൊണ്ട് ഉത്സവപ്പറമ്പിലെ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നു.
കാവിനുള്ളിൽ ചെണ്ടമേളം ഉച്ചസ്ഥായിലായിരുന്നു. കൊടിയേറുകയാണ്. കതിനകൾ ഉച്ചത്തിലടുപ്പിച്ചു പൊട്ടി. കൊടിയേറി. പ്രദക്ഷിണം തുടങ്ങി. തോറ്റംപാട്ട് ആരംഭിച്ചു. ദേവിയെ കുടിയിരുത്തി. ഐസ്ക്രീംകാരൻ ചന്ദ്രൻ മണിയടി ഉച്ചത്തിലാക്കി. ഇന്നുമുതൽ ഏഴുദിവസം ഉത്സവം. ഏഴാം ദിവസം അവസാനം. നിലയ്ക്കുന്ന ഉത്സവമേളങ്ങൾ. പിന്നെ എല്ലാവരും പിരിഞ്ഞു പോകുന്നു. ഒഴിഞ്ഞ ഉത്സവപ്പറമ്പ്. പിന്നെ അടുത്ത വർഷത്തിനായുള്ള കാത്തിരിപ്പാണ്.
ഒരു യാത്രയ്ക്കിടയിൽ കേട്ട മുത്തശ്ശിക്കഥയ്ക്കു പുറകെയുള്ള അന്വേഷണമായിരുന്നു. എന്നെ ഒരുപാട് ദുരൂഹതകൾ നിറഞ്ഞ മറ്റൊരു വലിയ കഥയിലേക്കെത്തിച്ചത്. വർഷങ്ങൾക്കു മുൻപ് നടന്ന സംഭവങ്ങൾ!
ഒരു പത്രപ്രവർത്തകനായതു കൊണ്ട് വിവരങ്ങൾ ശേഖരിക്കുന്നത് എനിക്ക് ലളിതമായിരുന്നു. അക്കാലങ്ങളിലെ വാർത്തകളിലെല്ലാം ആ വിവരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമാനമായ മറ്റു ചില സംഭവങ്ങൾ കൂടെ കൂട്ടി വച്ചപ്പോഴായിരുന്നു. എന്നിലെ പത്രപ്രവർത്തകനിലെ അന്വേഷണത്ത്വര ഉണർന്നത്.
ആ സംഭവങ്ങളെ പറ്റി അവസാനമായി പത്രത്തിൽ വന്ന വാർത്ത ഒരു മരണമായിരുന്നു. എന്നെ അതിശയിപ്പിച്ചത് അന്നുവരെ വാർത്തയിൽ നിറഞ്ഞു നിന്ന ഈ സംഭവങ്ങളൊക്കെ അന്നത്തെ ഒറ്റ വാർത്തയോടെ അവസാനിക്കുകയായിരുന്നു. അടുത്ത ദിവസം പ്രമുഖ ഐ ടി പാർക്കിനരികിലായി നിർമ്മാണം ആരംഭിക്കുന്ന ഹോട്ടൽ സമുച്ചയത്തിൻ്റെ ചിത്രങ്ങളും വാർത്തകളുമായിരുന്നു നിറഞ്ഞിരുന്നത്.
വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ കാട്ടിൽ നിന്നും ആയിരം ഏക്കറോളം വെട്ടിത്തെളിച്ചായിരുന്നു, ഒരു അമേരിക്കൻ കമ്പനിക്കു വേണ്ടിയുള്ള ഐ ടി പാർക്കിൻ്റെ നിർമ്മാണം ആരംഭിച്ചത്. അതിനരികിലായി ഒരു വലിയ ഹോട്ടൽ സമുച്ചയം. പ്രമുഖ ബിൽഡർ കെ ആർ ഗ്രൂപ്പിൻ്റെ സ്വപ്നപദ്ധതിയായിരുന്നു. അതിനായുള്ള പ്ലാനുകളും മറ്റും തയ്യാറാക്കിയപ്പോഴാണ് അവർക്കിതിനെല്ലാം തടസ്സമായി ഒരു കാര്യം ഉയർന്നു വന്നത്.
അതൊഴിവാക്കാനായി അവർ ഒരു പദ്ധതി രൂപീകരിച്ചു. ആർക്കും സംശയമില്ലാതെ അവർ അത് നടപ്പിലാക്കിയിരുന്നു.
‘അറസ്റ്റിലായ വിഗ്രഹമോഷ്ടാവ് ജയിൽ മുറിയിൽ തൂങ്ങി മരിച്ചു.’ അതായിരുന്നു അവസാനമായെത്തിയ ആ വാർത്ത. വാർത്തയോടൊപ്പം അയാളുടെ ചിത്രവും ഉണ്ടായിരുന്നു. വട്ടക്കണ്ണുകളും, കഷണ്ടി കയറിയതലയും, കൂട്ടുപുരികങ്ങളുമായി ആൾക്കൊരു ക്രൂ രഭാവവും ചരമക്കോളത്തിലെ ആ ചിത്രത്തിലുമുണ്ടായിരുന്നു.
വിഗ്രഹമോഷണവുമായി ബന്ധപ്പെട്ട് രണ്ടു പേരാണ് ഇപ്പോൾ മരണപ്പെട്ടിരിക്കുന്നത്. ആദ്യം നഷ്ടപ്പെട്ട വിഗ്രഹം കണ്ടെടുത്ത് നൽകാമെന്ന് പറഞ്ഞ് മുന്നോട്ടു വന്ന മന്ത്രവാദി. വലിയൊരു തുകയായിരുന്നു അയാൾ പ്രതിഫലമായി ആവശ്യപ്പെട്ടത്. ഗ്രാമവാസികൾ അതു സമ്മതിച്ചു. അവരുടെ ആരാധനാമൂർത്തിയെ വീണ്ടെടുക്കുന്നതിന് എന്തു വില നൽകാനും അവർ തയ്യാറായിരുന്നു. അതിനായി യുവാക്കൾ ചേർന്നൊരു സംഘടന രൂപീകരിച്ചിരുന്നു. കാവിൻ്റെ നടയിലെ ആലിൻ ചുവട്ടിൽ മന്ത്രക്കളം ഒരുങ്ങി. ചുവന്ന പട്ടുടുത്ത് അയാൾ ആ കളത്തിനരികിലിരുന്നു. മുന്നിലെ കളത്തിനു നടുവിലായി മൂന്നു മൺകുടങ്ങൾ വച്ചിരുന്നു.
അർദ്ധരാത്രിയായിരുന്നു പൂജയുടെ ആരംഭം. മന്ത്രോച്ചാരണങ്ങൾക്കിടയിൽ മന്ത്രവാദി ഒരു കൈയ്യിൽ കമുകിൻപ്പൂക്കുലയും, മറ്റൊന്നിൽ ഒരു തീപ്പന്തവുമായി വിറച്ചുകൊണ്ടിരുന്നു. ഭയം പൂണ്ടപോലെ കണ്ണുകൾ മിഴിക്കുകയും പാതിയടക്കുകയും ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ അയാൾ ശാന്തനായി. മിഴികൾ തുറന്നു.
”വിഗ്രഹം ഇപ്പോൾ ഈ കാവിന് കിഴക്ക് മാറി തെക്ക് ദിക്കിൽ ഒരിടത്ത് മരം വീണു കിടക്കുന്ന ഒരു കുളത്തിനടിയിലാണ് ഉള്ളത്. എന്നാണ് പ്രശ്നവിധിയിൽ കാണുന്നത്.”
മന്ത്രവാദി പ്രവചിച്ചു. നേരം പുലർന്നിരുന്നു. ഗ്രാമത്തിലെ യുവാക്കളെല്ലാം കിഴക്ക് നോക്കി പരക്കം പാഞ്ഞു. കൃത്യമായി കാവിന് കുറച്ച് കിഴക്കു മാറി തെക്കുദിക്കിൽ അധികം അകലെയല്ലാതെ അവർ ഒരു കുളം കണ്ടെത്തി. ഒരു മരം അതിലേക്ക് ചാഞ്ഞ് വീണിട്ടുണ്ടായിരുന്നു. നിമിഷനേരങ്ങൾ കൊണ്ടവർ കുളം വറ്റിക്കാൻ ആരംഭിച്ചു.
സൂര്യൻ അസ്തമിക്കാറായപ്പോഴാണ് കുളത്തിലെ വെള്ളം വറ്റിക്കാനായത്. യുവാക്കൾ കുളത്തിലേക്കിറങ്ങി. മുട്ടോളം താഴ്ന്നു പോകുന്ന ചെളിയായിരുന്നു. മണിക്കൂറുകളോളം പരതിയിട്ടും അവർക്കൊന്നും കിട്ടിയില്ല.
മഴ പെയ്തു തുടങ്ങി. കുളത്തിലേക്ക് വീണ്ടും വെള്ളം കയറിത്തുടങ്ങിയിരുന്നു.
ശക്തമായുള്ളൊരു മിന്നലിൽ കുളത്തിനരികിൽ നിന്നൊരു മരത്തിന് തീപിടിച്ചു. എല്ലാവരും ഭയന്നു അവർ അന്വേഷണം അവസാനിപ്പിച്ചു.
യുവാക്കൾക്ക് മന്ത്രവാദിയിൽ ഉണ്ടായ സംശയമായിരുന്നു അയാളെ പോലീസ് സ്റ്റേഷനിലെത്തിച്ചത്. അന്വേഷണത്തിൽ അയാൾ മന്ത്രവാദം ഒരു തട്ടിപ്പായി ഉപയോഗിക്കുന്നതാണെന്നും. ചില കളവുകേസുകൾ അയാളുടെ പേരിൽ ഉണ്ടെന്നും കണ്ടെത്തി. അയാളിൽ നിന്നായിരുന്നു യഥാർത്ഥ വിഗ്രഹമോഷ്ടാവിൻ്റെ വിവരങ്ങൾ ലഭിച്ചതും അയാൾ അറസ്റ്റിലായതും.
പിറ്റേന്ന് തന്നെ അയാൾ ലോക്കപ്പ് മുറിയിൽ തൂ ങ്ങി മരിച്ചു. മന്ത്രവാദിയും ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു. എല്ലാ രഹസ്യങ്ങളും ഞാൻ കണ്ടെത്തി. നാളത്തെ പത്രത്തിലെ പ്രധാനവാർത്തകളതായിരിക്കും.
മാസങ്ങൾക്ക് മുൻപുള്ളൊരു തീവണ്ടിയാത്ര. ഒരു മുത്തശ്ശി പറഞ്ഞ കഥ കാവിലെ ഉത്സവപ്പറമ്പ് വരെ എന്നെ എത്തിച്ച രാത്രി. യാത്രയിലുടനീളം കോരിച്ചൊരിയുന്ന മഴയായിരുന്നു. സന്ധ്യാനേരം. മഴയൊന്നു ശമിച്ചിട്ടുണ്ട്. തീവണ്ടിയുടെ തൊട്ടിലാട്ടം നിലച്ചപ്പോഴായിരുന്നു ഞാനുണർന്നത്. മുകളിലെ ബർത്തിലാണ് ഉറങ്ങിയിരുന്നത്. ട്രെയിൻ എവിടെയോ പിടിച്ചിട്ടിരിക്കുന്നു. തീവണ്ടിപ്പാളത്തിനു കുറച്ചു മാറി ഒഴുകിയിരുന്ന ആറ്, പാളം കടന്നൊഴുകുകയാണ്.
”ഇനി, നാളെയെ തീവണ്ടിയാത്ര ആരംഭിക്കാൻ. പറ്റുകയുള്ളു. വർഷാവർഷമിത് പതിവാണ്. ഇവിടെ അടുത്തെവിടെയോ ഒരു കാവ് ഉണ്ടായിരുന്നത്രെ!”
താഴത്തെ ബർത്തിൽ നിന്നൊരു മുത്തശ്ശി കൊച്ചുമക്കളോട് കഥ പറയുകയാണ്….
”ഒരിക്കൽ ഇതുവഴിയായിരുന്നു ആറൊഴുകിയിരുന്നത്. ചുറ്റിനും കാട്ട്പ്രദേശമായിരുന്നു. കുടില് കെട്ടാൻ ഭൂമിതേടി കാട് കയറിയവർ ആറ്റിനരികിൽ കുടില് കെട്ടി താമസമായി. ഒരു മഴക്കാലത്ത് ആറ്റിൽ വെള്ളം പൊങ്ങി. കുടിലുകളെല്ലാം നഷ്ടമായി. മഴ തോർന്നു വെള്ളമിറങ്ങിയപ്പോൾ ആറ്റിനരികിൽ നിന്നവർക്കൊരു വിഗ്രഹം കിട്ടി. ആ വിഗ്രഹം അവിടെ തന്നെ പ്രതിഷ്ഠിച്ചു. അവരതു ചെറിയൊരു കാവാക്കി മാറ്റി. അന്നു മുതൽ ആറ് വഴിമാറി ഒഴുകാൻ തുടങ്ങി. പിന്നൊരു മഴക്കാലത്തും ആറ്റിലെ വെള്ളം കരയിലേക്ക് കയറി കുടിലുകളെ കവർന്നെടുത്തില്ല. വിഗ്രഹം കിട്ടിയ ദിവസം വർഷാവർഷം ഉത്സവമാക്കിയവർ ആഘോഷിച്ചിരുന്നു.
കഥ കേട്ട് ഞാനെപ്പൊഴോ ഉറങ്ങിപ്പോയിരുന്നു. അർദ്ധരാത്രി കഴിഞ്ഞു. ട്രെയിനിൽ എല്ലാവരും ഉറക്കത്തിലായിരുന്നു. വലിയൊരു അലർച്ചയുടെ ഒച്ചകേട്ടാണ് ഞാനുണർന്നത്. മുകളിലെ ബർത്തിൽ നിന്ന് താഴേക്കിറങ്ങി. എല്ലാവരും ഉറക്കത്തിലാണ്. ഞാൻ മാത്രമാണ് ആ ഒച്ച കേട്ടതെന്നു തോന്നി. തീവണ്ടിയുടെ വാതിലിനരികിലെത്തി പുറത്തേക്ക് നോക്കി. തീവണ്ടിപ്പാളത്തിന് ഇരുവശവും ആറ്റിലെവെള്ളം കയറിയിരിക്കുകയാണ്. അതൊരു വളവായതിനാൽ തീവണ്ടിയുടെ മുൻവശം കാണാൻ കഴിയുന്നില്ല. എങ്കിലും പാളം കവിഞ്ഞു വെള്ളമൊഴുകുന്നത് കാണാം. നല്ല നിലാവുണ്ട്. പൂർണ്ണചന്ദ്രനായിരുന്നു. പെട്ടെന്ന് നിലാവ് മറഞ്ഞു. വെള്ളത്തിനു മുകളിൽ വലിയ പൊക്കത്തിൽ തീയാളിക്കത്തി. കതിനകൾ കാതടപ്പിക്കുന്ന ഒച്ചയിൽ തുരുതുരാ മുഴങ്ങി. തീവെട്ടത്തിൽ ഞാനതു കണ്ടു. വെള്ളത്തിനു മുകളിൽ ഒരു ആന പ്രത്യക്ഷപ്പെട്ടു. ആനപ്പുറത്തൊരു രൂപം ഇരിക്കുന്നുണ്ടായിരുന്നു. നൂറു കണക്കിന് നാഗങ്ങൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതായിരുന്നു ആ രൂപം വസ്ത്രമായണിഞ്ഞിരുന്നത്. ദേവി എഴുന്നെള്ളുകയാണ്. ആനയോളം പൊക്കത്തിൽ തെയ്യക്കോലം കെട്ടിയ അകമ്പടിക്കാർ. ശ്രദ്ധിച്ചപ്പോൾ കണ്ടു. പല രൂപങ്ങൾക്കും നാലുകാലുകളായിരുന്നു. വായ് തുറന്നവ ഉച്ചത്തിൽ അലറിയപ്പോൾ കൂർത്ത കോമ്പല്ലുകൾ. പെട്ടെന്ന് ചെറിയ ചെറിയ തീക്കുണ്ഠങ്ങൾ അവിടവിടെയായി തെളിഞ്ഞു. വെള്ളത്തിന് മുകളിൽ ആയിരക്കണക്കിന് തെയ്യക്കോലങ്ങൾ എത്തി. ചെണ്ടമേളത്തിനനുസരിച്ചെല്ലാവരും നൃത്തം ചവിട്ടി. ആളിക്കത്തുന്ന തീയിലേക്ക് ചാടുന്നു. തീക്കനൽ വാരി കുളിക്കുന്നു. ദേവിയെ പുറത്തേറ്റിയ ആനയും നൃത്തം വയ്ക്കുന്നു. ആനപ്പുറത്തെഴുന്നള്ളിയ ദേവീ രൂപത്തിനെ ചുറ്റിയിരുന്ന നാഗങ്ങൾ തീയേറ്റ് പഴുത്ത ലോഹക്കഷണം പോലെ ചുവന്ന നിറമായി. കാതടപ്പിക്കുന്ന വാദ്യഘോഷങ്ങളാൽ അന്തരീക്ഷം ശബ്ദമുഖരിതമായി. വെള്ളത്തിനു മുകളിലെ അഗ്നിഗോളം വളരാൻ തുടങ്ങി….
ആകാശത്തിലേക്കതൊരു കൊടിമരമായുയർന്നു. വലിയ കതിനകൾ പൊട്ടി. കൊടിയേറ്റമായി. ആകാശത്ത് നിന്ന് പുഷ്പ്പവൃഷ്ടിയുണ്ടായി. തെയ്യക്കോലങ്ങൾ കെട്ടിയ രൂപങ്ങൾ ആഹ്ലാദനൃത്തം ചവിട്ടി. അവയുടെ ഗർജജനം കൊണ്ട് കാട് വിറച്ചു നിന്നു.
നേരം പുലർന്നു. സൂര്യൻ മേഘങ്ങൾക്കിടയിൽ നിന്ന് തലനീട്ടി. ആറ്റിലെ വെള്ളം തിരിച്ചിറങ്ങിയിരുന്നു. തീവണ്ടി യാത്ര ആരംഭിക്കുന്നതായി നീണ്ടൊരു ചൂളം വിളിച്ചു. പതിയെ പതിയെ ചലിച്ചു തുടങ്ങി. രാത്രിയിൽ ഞാൻ കണ്ട കാഴ്ച്ചകൾക്കരികിലെ ഭിത്തിയ്ക്കു മുകളിലെ പാളത്തിലൂടെ തീവണ്ടി പതിയെ പതിയെ നീങ്ങി.
”പിന്നെയാ കാവിനെന്തു പറ്റി മുത്തശ്ശീ?” തലേദിവസം കഥ കേട്ടുറങ്ങിപ്പോയ കുട്ടി, ബാക്കി കേൾക്കാനായി തയ്യാറായിരുന്നു.
മുത്തശ്ശി തീവണ്ടിയുടെ ജനാല വഴി ദൂരേക്ക് വിരൽ ചൂണ്ടി. അവിടെ പകുതിയിൽ പണി നിലച്ചുപോയ ഉയർന്നൊരു കെട്ടിടം ഉണ്ടായിരുന്നു.
”അകലെ പണി പൂർത്തിയാകാതെ കിടക്കുന്ന ഒരു വലിയകെട്ടിടം കണ്ടോ? അതിനരികിലായിരുന്നു ആ കാവ്. ഒരു ദിവസം ആ വിഗ്രഹം മോഷ്ടിക്കപ്പെട്ടു. അടുത്ത മഴക്കാലത്തു വീണ്ടും വെള്ളപ്പൊക്കമുണ്ടായി. കുടിലുകൾ നശിച്ചു. ആളുകളെയെല്ലാം പിന്നെ ഈ പ്രദേശത്തു നിന്നു ഒഴിപ്പിക്കപ്പെട്ടു. ഉത്സവവും, ഉത്സവമേളങ്ങളും നിലച്ചു. ഇനി ആവിഗ്രഹം തിരിച്ചുകിട്ടി പ്രതിഷ്ഠ നടത്തി കൊടിയേറ്റിയാലേ ഈ പ്രകൃതി ദോഷങ്ങൾ മാറുകയുള്ളു. അതുവരെ വർഷാവർഷം കൊടിയേറ്റ്ദിവസം ഇവിടെ വെള്ളം കയറുന്നത് പതിവാകും. എന്നാലും കൊടിയേറ്റിൻ്റെ അന്ന് അർദ്ധരാത്രി കഴിയുമ്പോൾ ദൈവങ്ങൾ ഇവിടെ ഉത്സവമേളം നടത്തുമെന്നാണ് പറയുന്നത്. മൃഗങ്ങളടക്കമുള്ള ആത്മാക്കൾ അന്നേരം തെയ്യക്കോലങ്ങൾ കെട്ടി ഉത്സവത്തിൽ പങ്കെടുക്കും. ചില നക്ഷത്രങ്ങളിൽ ജനിച്ചവർക്കൊക്കെ അതു കാണാൻ കഴിയും. രാത്രിയിൽ ചിലരൊക്കെ അതു കണ്ടിട്ടുണ്ടെന്നാ പറയപ്പെടുന്നത്.”
മുത്തശ്ശി കഥ പറഞ്ഞവസാനിപ്പിച്ചു. അപ്പോൾ ഞാൻ കണ്ട കാഴ്ച്ചകൾ!രാത്രിയിൽ ദൈവങ്ങൾ ഇവിടെ അവരുടെ ഉത്സവമേളങ്ങൾ ആഘോഷിച്ചിരുന്നോ? കാടൊക്കെ നശിച്ചെങ്കിലും ദൈവങ്ങൾ ഇന്നും ഉത്സവമേളങ്ങളാടുന്നുണ്ട് എന്നെനിക്കു തോന്നി.
കൗതുകത്തോടെ ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. വെള്ളം പൂർണ്ണമായും പിൻവലിഞ്ഞിട്ടില്ലായിരുന്നു. ഒഴുകുന്ന വെള്ളത്തിനു മുകളിൽ വാടിയ പൂക്കളും, കുരുത്തോലകളും കണ്ടു. കർപ്പൂരത്തിൻ്റെയും, നെയ്യിൻ്റെയും മണവും പേറി കാറ്റു വീശുന്നുണ്ടായിരുന്നു. നേർത്ത വെയിലിൽ വെള്ളത്തിനടിയിൽ എന്തോ തിളങ്ങുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോൾ ഞാൻ കണ്ടു. തെളിഞ്ഞു വരുന്ന വെള്ളത്തിനടിയിൽ തിളങ്ങുന്ന ഒരു വിഗ്രഹം അതിനരികിലായി ചാഞ്ഞു വീണു കിടക്കുന്നൊരു വൃക്ഷം. തീവണ്ടിയുടെ വേഗത കൂടിയിരുന്നു.
~ജെ