ഇന്നുവരെ കേൾക്കാത്ത അമ്മയുടെ ജീവിതത്തിലെ കഥകൾ കേൾക്കെ ദേവികയുടെ കണ്ണിൽ അത്ഭുതവും ആശങ്കയും നിറഞ്ഞു…

അതിജീവനം….

Story written by Reshma Devu

====================

ഗീതേച്ചി… ദേവിമോള് ഇങ്ങു വന്നൂല്ലേ… എന്താ പ്രശ്നം? കല്യാണം കഴിഞ്ഞു മാസം മൂന്നല്ലേ ആയുള്ളൂ അതിനുള്ളിൽ ഇറങ്ങി പോരാന്നൊക്കെ വച്ചാൽ എന്താ പറയ….ഇപ്പോഴത്തെ കുട്ട്യോള് എല്ലാം കണക്കാ… ആണും അതേ പെണ്ണും അതേ…

സരിതയാണ്..കൂടെ ജോലി ചെയ്യുന്നവൾ. അടുത്ത് നിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പായ്ക്ക് ചെയ്തുകൊണ്ട് നിന്ന പെണ്ണുങ്ങളുടെ എല്ലാം ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞു. ഉച്ചയൂണിന്റെ ഒപ്പം എരിവും പുളിയും കൂട്ടി വിളമ്പാൻ ഒരു പുതിയ വിഷയം കിട്ടിയ സന്തോഷം എല്ലാവരുടെയും മുഖത്ത് തെളിഞ്ഞു കാണാൻ ഉണ്ടായിരുന്നു.

അങ്ങനെ അല്ല സരിതേ.. അവള് വെറുതെ വന്നതാ ഒരാഴ്ച എന്റൊപ്പം നിക്കാൻ അതുകഴിഞ്ഞു അവളെങ്ങു പോകും. വാടിയ മുഖത്തോടെ സരിതയോട് അങ്ങനെ മറുപടി പറഞ്ഞുവെങ്കിലും ഗീതയുടെ മുഖത്തെ വേദനയും ഭയവും മറ്റുള്ളവർക്ക് വായിച്ചെടുക്കാൻ പോന്നത് ആയിരുന്നു.

ചേച്ചി എന്നോട് വെറുതെ കള്ളം പറയണ്ട ശരത്തിന്റെ വീടിന്റെ അടുത്തല്ലേ എന്റെ മോന്റെ പെണ്ണിന്റെ വീട്.അവള് വീട്ടിൽ വിളിച്ചപ്പോൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവനോട് എന്തോ നിസ്സാര കാര്യം പറഞ്ഞു വഴക്കിട്ടാണ് ദേവിക വന്നതെന്ന്. ഇനി അങ്ങോട്ട് ചെല്ലണ്ട എന്നാ അവര് പറഞ്ഞത് അല്ല്യോ… എന്നാലും ഈ കൊച്ച് കൊള്ളാവല്ലോ… സരിത പുച്ഛത്തോടെ ചുണ്ടുകോട്ടി.

ഒന്നും മിണ്ടാൻ ഇല്ലാതെ നിറഞ്ഞ കണ്ണുകളുമായി അവർക്കിടയിൽ ഇരിക്കുമ്പോൾ ഗീതയുടെ മനസ്സിൽ ഓർമകളുടെ വേലിയേറ്റം നടന്നു.

ദേവികയ്ക്ക് പതിനഞ്ച് വയസുള്ളപ്പോൾ ആണ് അവളുടെ അച്ഛന്റെ മരണം.. അന്നുവരെ ഒരുമിച്ചു മുന്നോട്ട് കൊണ്ടു പോയ കുടുംബ ഭാരം പിന്നീട് അങ്ങോട്ട് ഒറ്റയ്ക്ക് ചുമലേറ്റുമ്പോൾ മുന്നിലെ ഏക പ്രതീക്ഷ മകൾ മാത്രമായിരുന്നു. നല്ല വിദ്യാഭ്യാസവും ജീവിത സൗകര്യങ്ങളും കൊടുത്ത് അവളെ വളർത്താൻ ഗീത വീട്ടുപണി മുതൽ കൽച്ചുമടിനു വരെ പോയിട്ടുണ്ട്. അമ്മയുടെ കഷ്ടപ്പാട് കണ്ടു വളർന്നതിനാലാവണം എല്ലായിടത്തും ഒന്നാം സ്ഥാനം നേടി തന്നെ അവൾ ജയിച്ചു കേറി… പക്ഷെ അതിനൊപ്പം അൽപ്പം എടുത്തുചാട്ടവും തന്റേടവും കൂടുതൽ ഉണ്ട് ദേവികയ്ക്ക്.

പഠിത്തം പൂർത്തിയാക്കി ആണൊരുത്തന്റെ കയ്യിൽ അവളെ പിടിച്ചേൽപ്പിക്കാൻ ഗീത പിന്നെയും ഒരുപാട് കഷ്ടപ്പെട്ടു..ഇപ്പൊ അതിനൊന്നും ഫലം ഇല്ലാത്തതുപോലെ ആയി കാര്യങ്ങൾ. ഭർത്താവ് ശരത്തുമായി വഴക്കിട്ട് ദേവിക വീട്ടിലേക്ക് വന്നിട്ട് ഒരാഴ്ചയായി. ഇനി തിരിച്ചു പോകില്ല എന്ന വാശിയിൽ ആണ് അവൾ. ഇന്നെന്തായാലും അവളോട് ഉള്ളുതുറന്നത് പലതും പറയേണ്ടതുണ്ട് എന്ന തീരുമാനത്തോടെ ഗീത വേഗത്തിൽ തന്റെ ജോലികൾ തുടർന്നു.

വീട്ടിലേക് ചെന്നു കേറുമ്പോ സ്വീകരണമുറിയിലെ കസേരയിൽ മൊബൈൽ ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിക്കുന്ന ദേവികയെയാണ് ഗീത കണ്ടത്.

ആ അമ്മ ഇന്നെന്താ നേരത്തെ.. ഇവിടെ ഇരിക്ക്.. ഞാൻ ചായ എടുക്കാം..ഗീതയെ കണ്ട ഉടനെ ദേവിക അതും പറഞ്ഞു കസേരയിൽ നിന്നും എഴുന്നേറ്റു..

വേണ്ട…..

നീ ഇവിടെ ഇരിക്ക്. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. ഗീത പറഞ്ഞു.

അമ്മയുടെ മുഖം എന്താ വല്ലാതെ. എന്തെങ്കിലും പ്രശ്നം ഉണ്ടോ. ദേവിക ചോദിച്ചു.

നിനക്ക് അറിയില്ലേ എന്താ പ്രശ്നം എന്ന്.. കല്യാണം കഴിഞ്ഞു മൂന്നാം മാസം ബന്ധം ഉപേക്ഷിച്ചു നീ വീട്ടിൽ വന്നതിന്റെ കാരണം എല്ലാവരും ചോദിക്കുമ്പോ മറുപടി ഇല്ല എനിക്ക്. നീ ആണെങ്കിൽ തിരിച്ചു പോകില്ല എന്ന വാശിയിലും. എനിക്ക് അറിയണം എന്താ നിന്റെ ഉദ്ദേശം എന്ന്. ഗീത ദേഷ്യത്തോടെ പറഞ്ഞു.

ആ അതായിരുന്നോ കാര്യം..ഞാൻ പറഞ്ഞല്ലോ ഞാൻ ഇനി തിരിച്ചു പോകണം എങ്കിൽ അയാൾ ഇവിടെ വരട്ടെ.. ആ വീട്ടിലേക്ക് ഞാൻ ഇനി ഇല്ല. അവിടെ എനിക്ക് ഒരു വിലയും ഇല്ല അയാൾ അമ്മ പറയുന്നതേ കേക്കു. അയാൾ വെറും അമ്മക്കുട്ടി ആണ്. ദേവിക പറഞ്ഞു.

കൊള്ളാം മോളേ അസ്സലായി.. വിവാഹം കഴിഞ്ഞു എന്ന് വച്ചു ഒരു പുരുഷൻ അവന്റെ അമ്മയെ സ്നേഹിക്കാൻ പാടില്ല അല്ലെ. ഇങ്ങനെ ആണ് എങ്കിൽ നാളെ നീ എന്നെയും തള്ളിപ്പറയുമല്ലോ അവൻ മാത്രം മതി എന്ന് പറഞ്ഞു. നന്നായിരിക്കുന്നു.
ഗീത പറഞ്ഞു.

അമ്മേ അത് അങ്ങനെ ഒന്നും അല്ല. സ്നേഹം ഒക്കെ ആവാം ഇത് ഇത്തിരി കൂടുതൽ ആണ്. ദേവിക പിന്നെയും പറഞ്ഞു.

ദേവികേ… നീ ഒരു കാര്യം മനസിലാക്കണം ഞാൻ നിനക്കു വേണ്ടി കഷ്ടപ്പെട്ടതുപോലെ തന്നെ ആണ് ആ അമ്മ മകന് വേണ്ടിയും കഷ്ടപ്പെട്ടത്. അവരുടെ പ്രതീക്ഷയും ജീവിതവും അവനാണ്. അത് നിനക്ക് കൈമാറ്റം ചെയ്തു എന്ന് കരുതി അവൻ അവരുടേത് അല്ലാതെ ആവുന്നില്ല. നാളെ നിനക്ക് ഒരു മകൻ ഉണ്ടായാൽ അവനു വേണ്ടി നീ സഹിക്കേണ്ടി വരുന്ന ത്യാഗങ്ങൾ എല്ലാം അവരും സഹിച്ചു കാണണം. ഗീത വേദനയോടെ പറഞ്ഞു.

അമ്മേ അമ്മയ്ക്ക് അങ്ങനെ ഒക്കെ പറയാം അമ്മ ആണേൽ ഇതൊക്കെ സഹിക്കോ?? അച്ഛന്റെ സ്നേഹം വിട്ടുകൊടുക്കോ? ഉപദേശിക്കാൻ എല്ലാർക്കും എളുപ്പം ആണ്. അമ്മ ആയാലും ഇറങ്ങി പോരും സഹിക്കാൻ വയ്യാതെ ആയാൽ….സ്വന്തം കാര്യത്തിൽ വരുമ്പോൾ അറിയാം ഈ ന്യായം ഒക്കെ പറയോ എന്ന്.

ദേവിക പറഞ്ഞു നിർത്തിയപ്പോൾ ആ ചോദ്യം തന്റെ ഉള്ളിൽ ചെന്ന് തറയ്ക്കുന്നതുപോലെ ഗീതയ്ക്കു തോന്നി.

എന്താ അമ്മയ്ക്ക് ഇപ്പൊ ഒന്നും പറയാൻ ഇല്ലേ മരുമോനെയും അമ്മയെയും വലിയ സപ്പോർട്ട് ആയിരുന്നല്ലോ.അവൾ ചോദിച്ചു. ഗീത ഒന്നും മിണ്ടാതെ മിഴികൾ ഉയർത്തി മകളെ നോക്കി.. പെട്ടന്നുള്ള അവരുടെ ഭാവമാറ്റത്തിൽ അവളൊന്നു പകച്ചു.

ന്താമ്മേ… എന്തിനാ കരയണേ..അവൾ ഒരു പകപ്പോടെ ചോദിച്ചു.

മോള് ചോദിച്ചില്ലേ അമ്മയാണേൽ സഹിക്കോ എന്ന്.. അമ്മ സഹിച്ചിട്ടുണ്ട് പങ്കു വയ്ക്കലിന്റെ വേദന ഒരുപാട്.നിനക്ക് അറിയാത്ത ഒരുപാട് കഥകൾ ഉണ്ട് അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ. പക്ഷെ ഇനി നീയത് അറിയണം…നിനക്ക് അറിയാല്ലോ അമ്മയ്ക്ക് സ്വന്തം എന്ന് പറയാൻ ആരും ഇല്ലെന്ന്. ആകെ ഉണ്ടായിരുന്നത് ഒരു പാവം മുത്തശ്ശി മാത്രമാണ്. പഠിപ്പും യോഗ്യതയും ഒന്നും ഇല്ലാത്ത എനിക്ക് അമ്മാവൻമാർ കണ്ടു പിടിച്ചു കൊണ്ട് വന്നതാണ് നിന്റെ അച്ഛന്റെ ആലോചന. കല്യാണത്തോടെ പേരിനെങ്കിലും ഉള്ള ബാധ്യതകൾ ഒഴിവാക്കണം എന്ന് അവർ ചിന്തിച്ചിരുന്നത് കൊണ്ട് തന്നെ കൂടുതൽ അന്നെഷണം ഒന്നും നടത്തിയതും ഇല്ല. അമ്മയുടെ ഇഷ്ടവും സമ്മതവും ആരും ചോദിച്ചതും ഇല്ല.. വിവാഹം കഴിഞ്ഞു അമ്മ ഇറങ്ങിയ ആ പന്തലിൽ വച്ചു തന്നെ മുത്തശ്ശിയെ അവർ കൂടെ കൂട്ടി കൊണ്ട് പോയി. കൂട്ടത്തിൽ ഒരു ഉപദേശവും. അടങ്ങി ഒതുങ്ങി കഴിഞ്ഞോളണം ഇനി ഒന്നിനും അങ്ങോട്ട്‌ ചെല്ലരുത് എന്ന്.ഒരു തരത്തിൽ പറഞ്ഞാൽ ആരും ഇല്ലാത്തവൾ ആയിട്ട് തന്നെ ആണ് അന്നു വരെയും ജീവിച്ചത്. നല്ലൊരു ഉടുപ്പൊ ആഹാരമോ പോലും കിട്ടാതെ അവരുടെ വീടിന്റെ മൂലയിൽ ഒരു അഭയാർഥിയെ പോലെ.എങ്കിലും അന്ന് പൂർണ്ണമായി ഒറ്റപെട്ടു പോയി. പക്ഷെ മുന്നോട്ടു ജീവിക്കാനുള്ള വലിയൊരു ശക്തിയായി കഴുത്തിൽ വീണ താലിയെയും അത് കെട്ടിയ ആളെയും അപ്പോഴേക്കും എന്റെ മനസ് കണ്ടു തുടങ്ങിയിരുന്നു.. ആ വീട്ടിൽ കാലെടുത്തു വയ്ക്കും വരെ.

ഗീത ഇടറുന്ന ഒച്ചയിൽ പറഞ്ഞു നിർത്തി.

ഇന്നുവരെ കേൾക്കാത്ത അമ്മയുടെ ജീവിതത്തിലെ കഥകൾ കേൾക്കെ ദേവികയുടെ കണ്ണിൽ അത്ഭുതവും ആശങ്കയും നിറഞ്ഞു.

നിന്റെ അച്ഛന് എല്ലാരും ഉണ്ടായിരുന്നു അമ്മയും ചേട്ടനും ചേട്ടത്തിയും ഒക്കെ. ഒരു വശം തളർന്നു കിടപ്പിലായിപ്പോയ അമ്മയെയും ആ കുടുംബത്തെയും നോക്കുന്നതും നിയന്ത്രിക്കുന്നതും നിന്റെ വല്യച്ഛന്റെ ഭാര്യ ആയിരുന്നു. വിവാഹം കഴിഞ്ഞ് ആ വീട്ടിലേക്ക് വലതു കാൽ വച്ചു കേറിയ എന്നെ വരവേറ്റത് എന്റെ ഏട്ടത്തിയമ്മയുടെ ഇരുണ്ട മുഖം ആയിരുന്നു.

കല്യാണത്തിന്റെ ആളും ആരവവും ഒതുങ്ങി എല്ലാവരും പോയി കഴിയുന്ന വരെ അവിടെത്തെ അമ്മയായിരുന്നു എനിക്ക് കൂട്ട്. അടുത്ത് ചെന്നിരുന്ന അത്രയും നേരം കൊണ്ട് അവരിലെ നന്മ ഞാൻ തിരിച്ചറിഞ്ഞു..

എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോൾ അമ്മ തന്നെയാണ് എന്നെ മുകളിൽ നിന്റെ അച്ഛന്റെ മുറിയിലേക്ക് പറഞ്ഞു വിട്ടത്. ആ നേരം വരെ നിന്റെ വല്യമ്മയെ ഞാൻ അവിടെ പിന്നെ കണ്ടിട്ടില്ല. പക്ഷെ മുകളിൽ മുറിയിലേക്ക് ചെന്നപ്പോൾ ഞാൻ കണ്ടത് ഒരു പെണ്ണും സഹിക്കാത്ത ചില കാഴ്ചകൾ ആയിരുന്നു. മുറിയിൽ നിന്റെ അച്ഛനൊപ്പം അവർ..അതൊരു കല്യാണ വീട് ആണെന്നോ ഞാൻ എന്നൊരു പെണ്ണിന്റെ ജീവിതവും സ്വപ്നവും തുടങ്ങിയ ദിവസമാണെന്നോ ഓർക്കാതെ നിന്റെ അച്ഛനെ കെട്ടിപ്പുണർന്നു നിൽക്കുന്ന അവരെ കണ്ടപ്പോൾ ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്നുതോന്നി എനിക്ക്. എന്നെ കണ്ടിട്ടും അവർക്കൊരു കൂസലും ഉണ്ടായിരുന്നില്ല.

കെട്ടിലമ്മ എഴുന്നള്ളിയോ.. ഇപ്പൊ നിനക്ക് കാര്യങ്ങൾ മനസിലായല്ലോ ഞങ്ങൾ ഇവിടെ ഇങ്ങനെ ആണ് ജീവിച്ചത്. അതിനി നീ ആയിട്ട് തിരുത്താൻ ഒന്നും നിക്കണ്ട. നിന്നാലും നിനക്ക് ഞാൻ ഇവനെ വിട്ടുതരാൻ പോണില്ല. ബാക്കി നിനക്ക് അറിയേണ്ടത് എല്ലാം ഇവൻ പറയും…എന്റെ മുഖത്ത് നോക്കി അങ്ങനെ പറഞ്ഞുകൊണ്ട് ഇറങ്ങി പോകുന്ന ആ സ്ത്രീയെ കാൺകെ ദേഹം മുഴുവൻ പുഴുവരിക്കുന്ന പോലൊരു അറപ്പ് തോന്നി എനിക്ക്. സ്വന്തം അനിയനായി കാണേണ്ടവന്റെ കൂടെ കൂ ത്താ ടുന്നവൾ.

തലയ്ക്കുള്ളിൽ ആയിരം കടന്നലുകൾ ഒരുമിച്ചു മൂളുന്ന പോലെ തോന്നിയ ഞാൻ ഓടി ചെന്ന് അയാളുടെ ഷർട്ടിൽ ചേർത്ത് പിടിച്ചു. എന്റെ ജീവിതം കൂടി നശിപ്പിച്ചതിന് എനിക്കൊരു മറുപടി വേണമായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതിനു വിരുദ്ധമായൊരു മറുപടിയാണ് നിന്റെ അച്ഛൻ എനിക്ക് തന്നത്..അയാൾ എന്റെ കാലുകളിൽ വീണു കെട്ടിപിടിച്ചു കരഞ്ഞു.. ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയ തെറ്റാണത്രേ..പിന്മാറിയാൽ അവർ തന്റെ അമ്മയോടും ചേട്ടനോടും എല്ലാം തുറന്നു പറയും. അതോടെ അമ്മ ചങ്ക് പൊട്ടി മരിക്കും എന്റെ ഏട്ടൻ ആ ത്മ ഹത്യ ചെയ്യും..അതുകൊണ്ട് ആരും ഒന്നും അറിയരുത് എന്ന്. എനിക്കവിടെ ഒരു കുറവും വരാതെ അയാൾ നോക്കാം എന്ന് പറഞ്ഞു.

ഒറ്റ ദിവസം കൊണ്ട് ജീവിതം ഇല്ലാതെ ആയിപോയ ഒരു പെണ്ണിന്റെ അവസ്ഥ ചിന്തിക്കാൻ പറ്റോ മോളേ നിനക്ക്? ഇറങ്ങി പോരാം എന്ന് വച്ചാൽ എങ്ങോട്ടാ പോകുക? കേറി ചെല്ലാൻ ഒരിടം ഇല്ല. ആ ത്മ ഹത്യ ചെയ്യാനുള്ള ധൈര്യവും ബാക്കി ഇല്ലാത്തവൾക്ക് പിന്നെ തോന്നിയത് ജീവിക്കാൻ ആണ്. ആ ധൈര്യത്തിൽ ആണ് നിന്റെ അച്ഛനോട് അന്ന് ഞാൻ സംസാരിച്ചത്.അന്ന് ഞാൻ അയാളോട് ഒന്നേ പറഞ്ഞുള്ളു അന്നുവരെ ഉണ്ടായതെല്ലാം ഞാൻ മറക്കാം പക്ഷെ മുന്നോട്ടുള്ള ജീവിതത്തിൽ ഞാനെ ഉണ്ടാകുള്ളൂ എന്നൊരുറപ്പ് അത് എനിക്ക് വേണമായിരുന്നു.

നിറ കണ്ണുകളോടെ എന്റെ മുന്നിൽ തൊഴുതു നിന്ന നിന്റെ അച്ഛനെയും വിളിച്ചു കൊണ്ട് അവരുടെ മുന്നിൽ ചെന്ന് നിന്നതും കൈനീട്ടി അവരുടെ മുഖത്തടിച്ചതും എന്ത് ധൈര്യത്തിൽ ആണെന്ന് ഇന്നും എനിക്ക് അറിയില്ല. ഒരുപക്ഷെ എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോ അവസാന ശ്രമത്തിനിറങ്ങുന്ന എല്ലാവരും അങ്ങനെ തന്നെ ആവും.

അമ്മയോടും ഏട്ടനോടും എല്ലാം പറയുമെന്ന അവരുടെ ഭീഷണിയ്ക്ക് മേൽ സ്വന്തം ജീവിതം നിലനിർത്തേണ്ടത് അവരുട മാത്രം ആവശ്യം ആണെന്ന ഓർമപ്പെടുത്തൽ കൂടി നടത്തി ഞാൻ നിന്റെ അച്ഛന്റെ കയ്യും പിടിച്ചു തിരികെ നടന്നുവെങ്കിലും മനസ്സിൽ ആഴത്തിൽ ഒരു വെറുപ്പ് അടിഞ്ഞു കൂടിയിരുന്നു. എത്രത്തോളം ന്യായീകരിക്കാൻ ശ്രമിച്ചാലും തെറ്റ് തെറ്റ് തന്നെയാണ്… അതിൽ പെണ്ണ് മാത്രം കുറ്റക്കാരി ആകുന്നതെങ്ങനെ???

പിന്നീട് എല്ലാം അവസാനിപ്പിച്ചു നിന്റെ അച്ഛൻ എനിക്കായ് മാത്രം ജീവിച്ചു തുടങ്ങിയിട്ടും വർഷങ്ങൾ ഒരുപാട് വേണ്ടി വന്നു ഒന്നിച്ചൊരു ജീവിതം തുടങ്ങാൻ…പിന്നെ എപ്പോഴോ കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലാഞ്ഞിട്ടാവണം എല്ലാം മറക്കാനും പൊറുക്കാനും എനിക്ക് കഴിഞ്ഞു.

ഇനി നീ പറ മോളേ…. പങ്ക് വയ്ക്കപ്പെടുന്നവയുടെ കണക്ക് നോക്കി ഇറങ്ങി പോരുന്നവൾ ആണോ അമ്മ? ഇത്രയും കാലം നീ ഒന്നും അറിയണ്ട എന്ന് വച്ചത് അച്ഛൻ എന്ന വ്യക്തിയെ കുറിച്ച് തെറ്റായ ഒന്നും നിന്റെ മനസ്സിൽ ഉണ്ടാവണ്ട എന്ന് കരുതിയാണ്.

ഗീത പറഞ്ഞു നിർത്തുമ്പോൾ അവരുട ഇരു കണ്ണുകളും നിറഞ്ഞൊഴുകി.

ജീവിതം നഷ്ടപ്പെടുത്താൻ എളുപ്പമാണ് നേടിയെടുക്കാനും നിലനിർത്താനും ആണ് പാട്. എന്ന് കരുതി നിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഒന്നിനെയും സഹിച്ചു നീ ഒരിടത്തും നിൽക്കരുത്. അങ്ങനെ ഉണ്ടായാൽ ആ നിമിഷം നീ ഇറങ്ങി പോരണം..എനിക്കെ ആരും ഇല്ലാതെ ഉണ്ടായിരുന്നുള്ളു.. നിനക്ക് ഞാനുണ്ട്….ഏതവസ്ഥയിലും നിന്നെ ചേർത്ത് പിടിക്കാൻ ഈ അമ്മയുടെ കൈകൾക്ക് ഇന്നും കരുത്തുണ്ട്.ഇന്ന് നീ അവനിൽ ഒരു കുറവായി കാണുന്ന സ്നേഹവും വിധേയത്വവും ഒരുപക്ഷെ നിനക്ക് കരുത്തായി മാറാം..ഇനി എല്ലാം മോൾടെ ഇഷ്ടം.. നീ ആലോചിക്കൂ…. നിന്റെ ജീവിതം ആണ്.. തീരുമാനവും നിന്റേതു തന്നെ..

ഇത്രയും പറഞ്ഞു കൊണ്ട് ഗീത അകത്തേക്ക് നടന്നു മറഞ്ഞു.

അച്ഛനെന്ന വിഗ്രഹത്തിന്റെ തിളക്കം ഒരല്പം മങ്ങുന്നുവോ??? ഇല്ല… കാരണം ഓർമകളിൽ മുഴുവൻ കുടുംബത്തെ നെഞ്ചിലേറ്റി രാപകൽ കഷ്ടപ്പെടുന്ന ഒരച്ഛന്റെ മുഖമാണ്.. ഒരിക്കലും വേദനിപ്പിച്ചിട്ടില്ല മരണം വരെയും..എങ്കിലും അച്ഛനെന്ന പുരുഷൻ അമ്മയെന്ന സ്ത്രീക്ക് മുന്നിൽ ഒരുപാട് ചെറുതായ പോലെ….അവൾ ചിന്തിച്ചു.

അമ്മയിൽ നിന്നും ഉൾകൊണ്ട പുതിയ സത്യങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴേക്കും സ്വന്തം ജീവിതത്തിൽ ഇനിയുണ്ടാകേണ്ട മാറ്റത്തെ കുറിച്ചോർക്കേ അവൾ ഫോൺ കയ്യിലെടുത്തു ശരത്തിന്റെ നമ്പർ ഡയൽ ചെയ്തു ചെവിയോട് ചേർത്തു.

മറുതലയ്ക്കലെ പ്രതികരണത്തിനായി കാത്തിരിക്കുമ്പോഴേക്കും മാറ്റങ്ങളെയും മനുഷ്യരെയും ഉൾക്കൊള്ളുവാനും അവയോട് പൊരുത്തപ്പെടാനും പഠിച്ചു കഴിഞ്ഞിരുന്നു അവളിലെ പെണ്ണ്..

✍️ രേഷ്മദേവു