നോക്കുമ്പോ ഒരു സുന്ദരി മോള് നല്ല ഈണവും താളവും ഒക്കെയായി ഭംഗിയായിട്ട് പാടുന്നു…

പത്താം ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പ്

Story written by Shabna Shamsu

=================

കഴുത്തിന് കത്തി വെച്ച്, കൊ ല്ലണ്ടെങ്കിൽ ഒരു പാട്ട് പാട് എന്ന് പറഞ്ഞാൽ പോലും ഒരു മൂളിപ്പാട്ട് പാടാത്ത എൻ്റെ മനുഷ്യനെ ഒരു മാസം മുമ്പാണ് പത്താം ക്ലാസിലെ വാട്ട്സപ്പ് ഗ്രൂപ്പിൽ ആരോ ആഡ് ചെയ്തത്.

ഒരാഴ്ച കഴിഞ്ഞുള്ള ഒരു അതിരാവിലെ പുട്ടിനുള്ള തേങ്ങ ചിരവി കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങളുടെ ബെഡ് റൂമിൽ നിന്നും ഒരു സിനിമാ പാട്ട് കേൾക്കുന്നത്, അതും അടുപ്പിൽ ചിരട്ട കത്തുന്ന ശബ്ദത്തിലുള്ള ഒരു പൊട്ടലും ചീറ്റലും,

ലാ ഹൗല വലാ….

മൂപ്പര് തന്നെ…

പകുതി ചിരവിയ തേങ്ങാമുറി കൊണ്ട് ഞാനും കുടിക്കാനുള്ള കട്ടൻ ചായ ഉണ്ടാക്കാനുള്ള പഞ്ചസാര കുപ്പി കൊണ്ട് മൂത്ത മോളും, ജമ്പനെയും തുമ്പനെയും പോലെ ലോകത്തെ എട്ടാമത്തെ അത്ഭുതം കാണാൻ ബെഡ് റൂമിലേക്ക് പറന്നു..

സാധാരണ വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനും മാത്രമാണ് ഞങ്ങൾടെ വീട്ടിൽ പാട്ട് വെക്കാറ്…സേമിയ പായസത്തിലേക്കുള്ള അ ണ്ടി പരിപ്പ് വറുത്ത് കോരുമ്പോ ഏഷ്യാനെറ്റ് പ്ലസിൽ മാപ്പിളപ്പാട്ടിൻ്റെ ഉച്ചത്തിലുള്ള താളം കേൾക്കാം…

അല്ലാത്ത ദിവസങ്ങളിൽ മക്കള് കാണുന്ന കാർട്ടൂണിൻ്റെ ഒച്ചയും റഹ്മത്തുള്ള ഖാസിമിയുടെ വയളും മാത്രമാണ് ഉണ്ടാവാറ്..

അപ്പോഴാണ് ഞങ്ങൾടെ ബെഡ്റൂമിന്ന് ഇക്കാൻ്റെ മൊബൈൽ ഫോണിന്ന് “പ്രേമിക്കുമ്പോൾ നീയും  ഞാനും ഒന്നായി തീരും പൂക്കൾ ” എന്ന ഗാനം ഒഴുകിയിറങ്ങുന്നത്..

കണ്ണടച്ച് കൈ കൊണ്ട് താളം പിടിച്ച് പാട്ടിനൊപ്പം ചുണ്ടനക്കുന്ന എൻ്റെ ഇക്കാനെ കണ്ടപ്പോ എനിക്ക് ആദ്യം പാല സജിയെ ഓർമ്മ വന്നു, പിന്നെ ബിന്ദു പണിക്കരെ ഓർമ വന്നു, എൻ്റെ കെട്ടിയോൻ പി ഴ ച്ച് പോയേന്നും പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കാൻ തോന്നി..

ഞങ്ങൾടെ വീട്ടിൽ അഞ്ച് എരുമയുണ്ട്..പണ്ട് ഇരുപത്തി നാല് എരുമയുണ്ടായിരുന്നുന്നും മു ല പ്പാലിനെക്കാൾ കൂടുതൽ എരുമപ്പാലാണ് കുടിച്ചതെന്നും അത് കൊണ്ടാണ് ഇങ്ങനെ മമ്മുട്ടിയെ പോലെ വെളുത്ത് ചുമന്നിരിക്കുന്നതെന്നും ഇക്ക ഇടക്കിടക്ക് വീമ്പ് പറയും..

എൻ്റെ വാപ്പാക്ക് വാഴക്കുല കച്ചവടം ആയിരുന്നുവെന്നും കണ്ട കാലം മുതലേ വാഴക്കറയിൽ കുളിച്ചാണ് വാപ്പാനെ കാണാറുള്ളതെന്നും അത് കൊണ്ട് തന്നെ ജീവിതത്തിൻ്റെ ഏത് പ്രതിസന്ധിയിലെ അഴുക്കിനെയും അലിയിച്ച് കളയാൻ കഴിയുന്ന മഞ്ജു വാര്യരെ പോലെയാണ് ഞാൻ എന്ന് തിരിച്ചും വീമ്പ് പറയും..

ഈ എരുമകളെ ചുറ്റിപ്പറ്റിയാണ് ഞങ്ങൾടെ എല്ലാവരുടെയും ഒരു ദിവസം ആരംഭിക്കുന്നത്..

നേരം പുലരും മുമ്പേ ഉപ്പ പാല് കറക്കാൻ ഇറങ്ങും, ഇക്ക പുല്ലരിയാൻ പോവും, ഞാൻ പാൽമെതക്കൻ ഉരലിലിട്ട് ഇടിച്ച് കപ്പയും ഉണക്കലരിയും തേങ്ങയും ചേർത്ത് എരുമക്ക് കഞ്ഞിയുണ്ടാക്കും..

ഉമ്മ അലൂമിനിയ കുടുക്കയില് അരിച്ചെടുത്ത പാല് കാച്ചിയെടുത്ത് ചൂടാറ്റി ഓരോരുത്തർക്കും കുടിക്കാൻ പാകത്തിനാക്കി വെക്കും…

ലേശം കുത്തനെയുള്ള തൊഴുത്തിലേക്ക് വെള്ളത്തിന്റെ ഹോസ് പിടിച്ച് ബക്കറ്റ് നിറയെ മക്കള് വെള്ളം പിടിക്കും..

ഇങ്ങനെ ഓരോ ദിവസവും എല്ലാവരും വളരെ തിരക്കില് ജീവിച്ചോണ്ടിരിക്കുന്ന സമയത്താണ് സോഫയിലിരുന്ന് ടീപ്പോയിലേക്ക് കാല് നീട്ടി അട്ടത്ത്ന്ന് വീണ കൂറയെ പോലെ മലർന്ന് കിടന്ന് ഒരു മനുഷ്യനിങ്ങനെ പാട്ട് കേൾക്കുന്നത്…

കൈയ്യിലുള്ള തേങ്ങാ മുറി കൊണ്ട് ഒരേറ് കൊടുത്താലോന്ന് വിചാരിച്ചതാ, പിന്നെ നെറ്റി പൊട്ടി ചോര ചിന്തിയാൽ ഞാൻ തന്നെ നോക്കണല്ലോ എന്നുള്ളത് കൊണ്ട് എന്റെ ഐഡിയ ഞാൻ തന്നെ തിരിച്ചെടുത്തു.

“കണ്ടോ…എന്റെ കൂടെ പത്തില് പഠിച്ച സൂറാബിന്റെ മോള് റിയാലിറ്റി ഷോയില് ഇന്നലെ പാടിയ പാട്ടാ..”

നോക്കുമ്പോ ഒരു സുന്ദരി മോള് നല്ല ഈണവും താളവും ഒക്കെയായി ഭംഗിയായിട്ട് പാടുന്നു…

തേങ്ങാമുറിയും കൊണ്ട് ഞാനും പഞ്ചസാര കുപ്പിയും കൊണ്ട് മോളും സോഫയിലിരുന്ന് പാട്ട് കേൾക്കാൻ തുടങ്ങി…

അന്ന് തൊട്ട് ആ വാട്ട്സാപ് ഗ്രൂപിലെ ഓരോരുത്തരും ഞങ്ങൾക്ക് വളരെ പരിചയമുള്ളവരായി..

മഞ്ജുഷയുടെ മോൾടെ കല്യാണവും റീജ കോയമ്പത്തൂർ പോയതും റഊഫ് ദുബായിന്ന് വന്നതും പ്രകാശിന് പ്രമോഷനായതും ഞങ്ങളോരോരുത്തരും അറിയാൻ തുടങ്ങി..

അല്ലേലും ഞങ്ങളെല്ലാ ജോലികളും കൂട്ടമായി ചെയ്യുന്നവരാണല്ലോ..

ഇബ്രാഹിമിന്റെ ചെറിയേ പെങ്ങൾടെ നിക്കാഹ് ഇന്നല്ലേ എന്ന് ബാപ്പ ഓർമപ്പെടുത്തുന്ന വരെക്കും കാര്യങ്ങളെത്തി..

റീയൂണിയനുകളിൽ പഴയ കാമുകനൊപ്പം ഒളിച്ചോടുന്ന കാമുകിമാരുള്ള നാട്ടിൽ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്…

ഇല വന്ന് മുള്ളില് വീണാലും മുള്ള് വന്ന് ഇലയില് വീണാലും കേട് മുഴുവനും എനിക്കും മക്കൾക്കും ആണല്ലോ എന്നോർക്കുമ്പോൾ ഞാനും അതീവ ജാഗ്രതയിലാണ്…

Shabna shamsu ❤️