Story written by Sumayya Beegum T A
====================
മടുത്തു ഇനി അവളെ സഹിക്കാൻ എനിക്ക് വയ്യ. ഒന്നുകിൽ ഞാൻ ചാ കും ഇല്ലേൽ അവളെ പറഞ്ഞു വീട്ടിൽ വിടണം.
പന്ത്രണ്ട് മണിക്ക് ഫോണിൽ വിളിച്ചു വീടിനു വെളിയിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞത് ഫൈസൽ ആയതുകൊണ്ട് മാത്രം ആണ് ഉറക്കം കളഞ്ഞു സുധി എഴുന്നേറ്റത്.
വന്നയുടനെ വീട്ടിൽ കേറാതെ കാറിലോട്ട് കേറാൻ പറഞ്ഞപ്പോൾ ആദ്യം ഓർത്തു എന്തേലും അപകടം നടന്നോ എന്ന്. പിന്നെ ആണ് മനസിലായത് ഷാഹിനയുമായി വഴക്കുണ്ടാക്കി വണ്ടിയുമായി ഇറങ്ങിയതാണ് നട്ട പാതിരാക്ക് എന്ന്.
ഒരു സ്വസ്ഥതയുമില്ല അളിയാ ചെവിയിൽ മൂട്ട പോലെ അങ്ങ് നില്കും. ഇന്ന് താമസിച്ചു ചെന്നതിനാണെങ്കിൽ ഇന്നലെ നേരത്തെ ചെന്നപ്പോൾ ഫോണിൽ സ്റ്റാർ മാജിക് കണ്ടതിനു. എന്നും എന്തേലും ഒന്ന് ഒപ്പിക്കും.ഒരു ചൊല്ല് ഉണ്ടല്ലോ മഴ ഒരു ദിവസം പെയ്യും മരം എഴുദിവസം പെയ്യും എന്ന്. ലാസ്റ്റ് സഹികെട്ടു ഒരെണ്ണം കൊടുത്തു. അപ്പൊ മോങ്ങൽ ആയി. ഞാൻ ഇറങ്ങി പോന്നു
അല്ല ഇങ്ങോട്ട് വന്നത് എന്തിനാടാ പുല്ലേ എന്റെ ഉറക്കം കളയാനോ?
ഒരീച്ച പോലും ശേ ഒരു ഇല പോലും അനങ്ങാത്ത നിശബ്‌ദതയിൽ ടോം ആൻഡ് ജെറിയിലെ ടോമിനെ പോലെ പാത്തു ചെന്നു അവളെ ഒന്ന് തൊട്ടതെ ഉള്ളു അന്നേരം ആണ് നിന്റെ ഒടുക്കത്തെ കാൾ.എല്ലാം റെഡി ആക്കി ഫോൺ സൈലന്റ് ആക്കാൻ മറന്നാലുള്ള ദുരന്തം.മൂന്ന് മണിക്കൂർ ആട്ടി ഉറക്കിയ ചെറുതും അതിന്റെ മൂത്തതും കൂടി എഴുന്നേറ്റ് ഒരുമിച്ചു സാധകം തുടങ്ങി.
ഒറ്റ തള്ളിനു അവളെന്നെ മെത്തയിൽ നിന്ന് തട്ടിയിട്ടു. നല്ലൊരു രാത്രി കാ ളരാത്രി ആക്കിയിട്ട് അവന്റെ ഒരു കുമ്പസാരം.
പിന്നെ നേരവും കാലവും നോക്കാതെ രണ്ടെണ്ണത്തിനെ ഒറ്റ വയസ്സിന്റെ വ്യത്യാസത്തിൽ ഒപ്പിക്കാൻ നിന്നോട് ഞാൻ പറഞ്ഞോടാ.ഫൈസൽ സുധിയോട് കയർത്തു.
എന്നാലും സുധി നിന്റെ സിനി എന്റെ നീലിയെ വെച്ച് നോക്കുമ്പോൾ ദേവത ആണ്. ഇത് വെറും യക്ഷി കള്ളിയങ്കാട്ട് നീലി.
ഉവ്വുവ്വേ കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ.
ഡാ ഇന്ന് എന്തായിരുന്നു കാരണം നീ മൊബൈലിൽ നോക്കിയതോ.
ആ അതൊന്നുമല്ല അവൾക്ക് ഇന്ന് ഭ്രാന്ത്.
അമ്മയുമായി ഒടക്കിയോ?
അതിങ്ങനെ പുട്ടിനു പീര പോലെ കാണുമല്ലോ ഞാൻ എന്ത് ചെയ്യാനാ.
എന്തേലും ഉണ്ടായാൽ പിന്നെ ആ പേരിൽ മുഖം കടന്നൽ കുത്തിയപോലിരിക്കും. ഒന്നും വേണ്ട ഒരു കൂതറ നെറ്റി ഇട്ട് നടക്കുന്ന കണ്ടാൽ റോഡ് പണിക്ക് പോകുന്നൊരു ഫീൽ ആണ്. പിന്നെ ഇതിനെയൊക്കെ എങ്ങനെ സ്നേഹിക്കണം എന്നാണ് പറയുന്നത്.
നിർത്തെടാ നീ ആവശ്യമില്ലാത്തത് പറയാതെ. ഞാൻ കാണുന്ന ആളല്ലേ ഷാഹി. അത്യാവശ്യം സുന്ദരി ആണ് സ്മാർട്ട് ആണ്.
മാത്രല്ല മക്കളെയും നിന്നെയും നല്ലപോലെ നോക്കും. വീട്ടിലെ കാര്യങ്ങൾക്കും ഓള് പെർഫെക്ട് ആണ്. ഇവിടെ സിനി എപ്പോഴും പറയും ഷാഹി മിടുക്കി ആണെന്ന്.
അത് മാത്രം മതിയോ അളിയാ നമുക്കും ഇല്ലേ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ.
ഡാ ഇപ്പോഴത്തെ പിള്ളേർ ന്യൂ ജൻ ആണ് അവർക്ക് ഒന്നും പറഞ്ഞു കൊടുക്കണ്ട പക്ഷേ നമ്മളൊക്കെ അല്പം പഴഞ്ചനാണ്.
എല്ലാ കാര്യത്തിലും ഒരാൾ ഒരുപോലെ മുമ്പിൽ നിൽക്കില്ല ഓരോരുത്തർക്കും ഓരോ പോരായ്മകൾ ഉണ്ട്. അത് കണ്ടുപിടിക്കാനല്ല ഇല്ലാതാക്കാൻ നമുക്ക് അതായത് കെട്യോന്മാർക്ക് പറ്റണം.
അവൾക്കു ഇഷ്ടമുള്ള നിനക്ക് ഇഷ്ടമുള്ള ഡ്രെസ്സുകൾ ഒരുമിച്ചു ഷോപ്പിൽ പോയി വാങ്ങണം. നിന്റെ ഇഷ്ടങ്ങൾ പറയേണ്ട പോലെ പറഞ്ഞാൽ അവളും അതൊക്കെ ഇഷ്ടപ്പെടും.
നീ ചെല്ലുമ്പോൾ അവൾ വൃത്തിയില്ലാതെ നിൽക്കുക ആണെങ്കിൽ പോയി കുളിച്ചിട്ട് വാ എന്നുപറഞ്ഞു ഫുഡ് തന്നെ എടുത്തു കഴിക്കണം അല്ലെങ്കിൽ ഇളയകുഞ്ഞിനെ അര മണിക്കൂർ നോക്കണം.
ഒന്നും ചെയ്യാതെ എല്ലാം ഓക്കേ ആകണം എന്നുപറഞ്ഞാൽ അവർ സൂപ്പർ വുമൺ ഒന്നുമല്ല എന്നെപോലെ നിന്നെ പോലെ ഒരു മനുഷ്യജീവി ആണ്.
പിന്നെ നിന്റെ വീട്ടിലെ കൂട്ടുകുടുബ സമ്പ്രദായത്തിൽ വിരുന്നും ആഘോഷവും എന്നുമുണ്ടല്ലോ നഗരത്തിൽ ഒരു ന്യൂക്ലിയാർ ഫാമിലിയിൽ ജീവിച്ച അവൾ അതിനോടൊക്കെ പൊരുത്തപെടുന്നത് തന്നെ ഒരു ഭാഗ്യം അല്ലേടാ.
അപ്പോഴും പശുവിനെ വളർത്തുന്നില്ല ചാണകം വാരുന്നില്ല എന്നൊക്കെ പറഞ്ഞു നിന്റെ ഉമ്മ കുത്താറുണ്ട്.
ഉമ്മ പറയുന്നതിൽ എന്താണ് തെറ്റ് പെണ്ണുങ്ങൾ ആയാൽ പണി ചെയ്യണം എങ്കിലേ ആരോഗ്യം ഉണ്ടാകൂ.
എങ്കിൽ നീ ബാങ്കിലെ ജോലി കളഞ്ഞു ഒരു ഫാമും കൂടി തുടങ്ങു.
സുധി നീ ചുമ്മാ ഉടായിപ്പ് ന്യായീകരണം പറയണ്ട. അവളെപ്പോലെ ആണോ ഞാൻ.
നീയും അവളും ബി കോം.അവൾ പശുവിനെ വളർത്തണം നിന്നെ കൊണ്ട് പറ്റൂല്ല അത് എവിടുത്തെ ന്യായം ആണ് അളിയാ.
നീ കാറിൽ നിന്ന് ഇറങ്ങിക്കെ ഞാൻ വീട്ടിലോട്ട് പോവാ ഇതിലും ഭേദം അവടെ കൂവലാ.
ഡാ ഫൈസലെ നിന്റെ മക്കളെ പ്രസവിച്ചവളാണ് അവൾ നിങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൾ അവൾക്കിട്ട് ഒരെണ്ണം കൊടുക്കാൻ നിനക്ക് പറ്റും പക്ഷേ ഒരിക്കൽ പോലും നിന്റെ കാലിൽ ഒരു മുള്ള് കൊള്ളാൻ പോലും അവൾ പ്രാർത്ഥിക്കില്ല. ഉശിര് കാണിക്കുമ്പോൾ ഓർത്തോ ഒരു തലകറക്കം മതി കിടന്ന കിടപ്പിൽ കിടന്നു ജീവിതം തീരാൻ അത്രേയുള്ളൂ ഞാനും നീയും ഒക്കെ.
പോടാ,ചുമ്മാ ഉള്ള സമാധാനം കളയാതെ. ബെഡ്‌റൂമിൽ പോലും അവൾ ഓക്കേ അല്ല.
കൊള്ളാം പിന്നെ പൂജിച്ചാണോ മക്കളെ കിട്ടിയത്. നിന്റെ ഈ പറച്ചിൽ തന്നെ അധിക പ്രസംഗമാണ്. മീശ പൊടിക്കും മുമ്പേ കണ്ടും വായിച്ചും നമ്മൾ പി എച് ഡി എടുത്ത പോലൊരു കാലമൊന്നും അവർക്കില്ല. അതുകൊണ്ടൊക്കെ പ്രതീക്ഷിക്കുന്ന പോലൊന്നും ബെഡ് റൂമിൽ നടന്നില്ല എന്ന് വരാം. പക്ഷേ സ്നേഹം കൊടുത്താൽ ബാക്കി ഒക്കെ ഓക്കേ ആവും ഡാ..
ഫൈസലെ പ്രസവ വേദന പോലെ തന്നെ ഓരോ മാസവും വേദന തിന്നുന്നവരാണ് പെണ്ണുങ്ങൾ. അപ്പോഴൊക്കെ നല്ല പോലെ മൂഡ് ചേഞ്ചസ് ഉണ്ടാകും ഹോർമോൺ വേരിയേഷൻ കൊണ്ട്. ആ സമയം ഒക്കെ വല്ലാതെ ദേഷ്യപ്പെടുകയും കരയുകയും ഒക്കെ ചെയ്യും. ഒന്ന് നൈസ് ആയിട്ട് മാനേജ് ചെയ്താൽ അവർക്ക് അതും ഒരു സ്വാന്തനം ആകും.
ഇന്ന് അവൾക്ക് വയ്യാരുന്നെന്ന് തോന്നുന്നു. വേദന എടുക്കുന്നെന്നു ഇടയ്ക്ക് പറയുന്ന കേട്ട്. ദേഷ്യം കാരണം ഞാൻ മൈൻഡ് ചെയ്തില്ല.
എന്നിട്ട് നീ ഒരെണ്ണം കൂടി കൊടുത്തു മിടുക്കൻ.
ഡാ ഒരു ദിവസം അവളില്ലെങ്കിൽ നിന്റെ വീട് എന്താകും എന്ന് നിനക്ക് നല്ല പോലെ അറിയാല്ലോ. നിനക്ക് വേണ്ട എന്നൊക്കെ നീ അഭിനയിച്ചാലും മക്കൾക്ക് അവളെ പ്രാണനാണ് പിന്നെ എന്തിനാടാ ഈ വഴക്കും ബഹളവും.
ചെല്ല് പോയി അവളുടെ കൂടെ കിടന്നുറങ്ങു.
പിന്നെ എന്റെ പട്ടി പറയും സുധി സോറി.
ഹഹഹ അതിനു അവൾക്ക് നിന്റെ സോറി വേണ്ടല്ലോ. ഒന്ന് ചേർത്തു പിടിച്ചാൽ അവൾ എല്ലാം മറക്കും. പിന്നെ നിന്റെ ഉള്ളിൽ ഇപ്പോൾ പറയാൻ മടിച്ചൊരു സോറി കിടപ്പില്ലേ ഇനി എല്ലാം ശരിയാവും.
പിന്നെ നാളെ സെക്കന്റ് സാറ്റർഡേ അല്ലേ രണ്ടാളും മക്കളുമായി വാ നമുക്ക് ഒരുമിച്ചു കുറച്ചു പർച്ചെയ്സിങ് ഒക്കെ നടത്തി വെളിയിൽ നിന്ന് ഫുഡ് ഒക്കെ കഴിച്ചു അടിച്ചുപൊളിക്കാം.
ഓക്കേ ഡാ രാവിലെ കാണാം ഗുഡ് നൈറ്റ്.
ഹഹഹ ഗുഡ് നൈറ്റ് അല്ല ഗുഡ് മോർണിംഗ്. ഓക്കേ ഡാ.
സുധി കാറിൽ നിന്നിറങ്ങി ഫൈസൽ വീട്ടിലേക്ക് കാറോടിച്ചു പോകുന്നതും നോക്കി നിന്നു.
തിരിച്ചു വീട്ടിലോട്ട് കേറാൻ പോകുമ്പോ വാതിൽക്കൽ സിനി.
എന്താണ് പാതിരാത്രി കാറിലൊരു ചുറ്റിക്കളി.
ഈശ്വര.
അയ്യടാ പറഞ്ഞതൊക്കെ ഞാൻ കേട്ടു എന്താ ഒരു ഉപദേശം. ഇതൊക്കെ നിങ്ങളെ ഒന്ന് മനസിലാക്കിക്കാൻ ഞാൻ എത്ര വർഷം എടുത്തു എന്റെ മനുഷ്യനെ..
നീ മുത്തല്ലേ അവളുടെ മൂക്കിൽ പിടിച്ചവൻ അത് പറഞ്ഞു പോക്കറ്റിൽ കിടന്ന ഫോൺ എടുത്തു നോക്കി.
ഫൈസൽ വന്നപ്പോൾ പുറത്തിറങ്ങിയ തന്നെ കാണാഞ്ഞിട്ട് സിനി വിളിച്ചപ്പോൾ കാൾ എടുത്തിട്ട് കട്ട് ചെയ്തിട്ടില്ല. അവളെല്ലാം കേട്ടു.
വിളറണ്ട. നിങ്ങൾ പറഞ്ഞതൊക്കെ കാര്യം ആണ് ഇത്തിരി നേരത്തെ ഉപദേശിക്കാരുന്നു.
പിള്ളേരുറങ്ങിയോ.
മ്മ്.
നമുക്കു ഉറങ്ങണ്ടേ.
വേണം പക്ഷേ ഇന്ന് ഹോർമോൺ ചേഞ്ച്സ് ആണ് മനുഷ്യനെ..
കട്ടപ്പൊക.
ഒന്ന് പോടീ എന്നുപറഞ്ഞു സിനിയെ ചേർത്തു പിടിച്ചു അവർ റൂമിലേക്ക്
.നല്ലൊരു നാളെക്കായി അവരുറങ്ങട്ടെ നമുക്ക് ഇനി അങ്ങോട്ട് നോക്കണ്ട..
പരസ്പരം കുറ്റം കണ്ടുപിടിക്കാനുള്ള സാമർഥ്യം സ്വന്തം കുറവുകൾ മെച്ചപ്പെടുത്താൻ ഉപയോഗിച്ചാൽ ആ ജീവിതം മനോഹരമായ ഒരു ഗാനം പോലെ ഇമ്പമാർന്നിരിക്കും. പരസ്പരം സ്നേഹിക്കാൻ മത്സരിക്കുന്ന എല്ലാ ദമ്പതികൾക്കും ആശംസകൾ ❤