അവളെ പൊന്നുപോലെ രാവും പകലും ശുശ്രുഷിച്ചു അയാളും എപ്പോഴും കൂടെയുണ്ട്….

Story written by Sumayya Beegum T A

===================

ആ പാത്രം ഒക്കെ അവിടെ ഇട്ടേക്കാൻ നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു. നാളെ തൊട്ട് ഇവിടെ ഭക്ഷണം ഉണ്ടാക്കേണ്ട. ഇനിയും ഞാൻ പറയുന്നത് അനുസരിച്ചില്ലെങ്കിൽ എന്റെ വിധം മാറും.

അയാൾ കോപത്തോടെ ഒച്ചയുയർത്തി അത്രയും പറഞ്ഞപ്പോൾ അവളുടെ മുഖം വാടി, കണ്ണുകൾ ഈറനായി.

അതുകണ്ടപ്പോൾ അയാളുടെ മുഖത്തും ഒരല്പം മയം വന്നു.

പിണങ്ങി റൂമിലേക്ക് പോകാൻ തുനിഞ്ഞവളെ ചേർത്ത് പിടിച്ചു അയാൾ ശാന്തനായി പറഞ്ഞു.

ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ സൂക്ഷിക്കണം എന്ന്. ആദ്യത്തെ മൂന്നുമാസം നീ റസ്റ്റ്‌ എടുത്തേ പറ്റു അതുകഴിഞ്ഞു ചെറിയ ജോലികൾ ഒക്കെ ചെയ്യാം. കുറച്ചു നാൾ ഞാൻ പറഞ്ഞത് അനുസരിച്ചു മിടുക്കിയായി ഇരിക്ക്.

ഇക്കാ നമുക്ക് രണ്ടാൾക്കുള്ള ഫുഡ്‌ ഞാൻ ഉണ്ടാക്കിക്കൊള്ളാം അതൊക്കെ പുറത്ത് നിന്ന് വാങ്ങിക്കേണ്ട കാര്യമുണ്ടോ?

റസ്റ്റ്‌ എടുക്കാൻ പറഞ്ഞാൽ ഫുഡ്‌ ഉണ്ടാക്കുന്ന കാര്യം വീണ്ടും പറയുന്നു. ഫുഡ് ഉണ്ടാക്കിയാൽ പാത്രവും കിച്ചനും നിരക്കും പിന്നെ നീ അത് ക്ലീൻ ചെയ്യാൻ ഓടി നടക്കും. വേണ്ട അതൊന്നും വേണ്ട.

അയാൾ അവളെ കസേരയിൽ പിടിച്ചിരുത്തി പുറത്തു നിന്നു ഇപ്പോൾ വാങ്ങികൊണ്ടുവന്ന പിസ്ത ഷേക്ക്‌ കയ്യിലേക്ക് കൊടുത്തു.

ഇക്കാ ഞാൻ ഇപ്പോൾ ഒരു ഗ്ലാസ് പാൽ കുടിച്ചതല്ലേ ഉള്ളു പിന്നെ ആവട്ടെ.

അതൊന്നും പറ്റില്ല നീ കുടിക്ക്.

അയാളുടെ കണ്ണുകളിലേക്ക് നോക്കി ആ സ്നേഹത്തിൽ നിറഞ്ഞു ഒട്ടും ആവശ്യം അപ്പോൾ ഇല്ലാതിരുന്നിട്ട് കൂടി സന്തോഷത്തോടെ അവൾ അത് മുഴുവനും കുടിച്ചു തീർത്തു.

ഇനി നീ പോയി വിശ്രമിക്ക്. വായിക്കാൻ കുറെ പുസ്തകങ്ങൾ വാങ്ങി കൊണ്ടുവന്നിട്ടുണ്ട് എല്ലാം ഗർഭകാലത്തു അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ്. ഇടയ്ക്കൊക്കെ നിനക്ക് ബോറടിക്കാതെ വായിക്കുകയോ അല്ലെങ്കിൽ ടിവി കാണുകയോ എന്തേലും ചെയ്തു സന്തോഷത്തോടെ ഇരിക്ക്.

ഇക്കാ വാ നമുക്ക് കുറച്ചു നേരം ടിവി കാണാം.

ഇല്ല മോളെ എനിക്ക് അടുക്കളയിൽ അല്പം പണിയുണ്ട്. ഈ പാത്രങ്ങൾ കഴുകണം. പിന്നെ നിനക്ക് ഇന്ന് ഫുഡ് ഉണ്ടാക്കി തരുന്നത് ഞാൻ ആണ്. നല്ല നെയ്ച്ചോറും കോഴി കറിയും.

എനിക്ക് വേണ്ടി ഇക്കാ എന്തിനിങ്ങനെ കഷ്ടപെടുന്നു എങ്കിൽ ഞാനും ഇവിടിരിക്കാം.

മേശപ്പുറത്തു കൊണ്ടുവെച്ച പാക്കറ്റുകളിൽ നിന്നും ബിരിയാണി അരിയും കോഴിയും എടുത്തു അയാൾ പാചകം തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നെയ്‌ച്ചോർ റെഡി അല്പം കൂടി കഴിഞ്ഞപ്പോൾ നല്ല കോഴിക്കറിയുടെ മണം അടുക്കളയിൽ നിറഞ്ഞു.

ഗർഭ സമയത്തു മറ്റൊരാൾ ഉണ്ടാക്കിത്തരുന്ന ഫുഡിന് അപാര രുചിയാണ്. അയാൾ ഉണ്ടാക്കികൊടുത്ത ചോറും ഇറച്ചിക്കറിയും കഴിച്ചു കട്ടിലിൽ ഇടതു വശം തിരിഞ്ഞു കിടക്കുമ്പോൾ അവൾ ഓർത്തു.

തന്റെ അതി സുന്ദരിയായ ഇരുപത്തി അഞ്ചുകാരി ഭാര്യയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത നിർവൃതിയിൽ അയാൾ ഉത്സാഹത്തോടെ അടുക്കള വൃത്തിയാക്കി..

അയാളുടെ ഭാര്യക്ക് ഇപ്പോൾ രണ്ടര മാസം ആയി. അവളെ പൊന്നുപോലെ രാവും പകലും ശുശ്രുഷിച്ചു അയാളും എപ്പോഴും കൂടെയുണ്ട്.

ഭാഗ്യം ചെയ്ത പെൺകുട്ടി അവളെ കാണുന്ന ആരും ഓർത്തുപോകും. ഈയിടെ അവളുടെ മൂത്തുമ്മയുടെ മോൾ അവളോട് പറഞ്ഞു ചെറുപ്പക്കാരനും സുന്ദരനുമായ എന്റെ ഇക്കയെക്കാൾ എന്തൊരു നല്ല മനുഷ്യൻ ആണ് നിന്റെ ഇക്കാ, അയാൾ നിന്നെ സ്നേഹിക്കുന്ന കാണുമ്പോൾ ഏതു പെണ്ണിനാണ് അസൂയ തോന്നാത്തത്.

അതെ ശരിയാണ് വീട്ടിലെ ഓമനയായ വെള്ള പൂച്ച തട്ടിൽ ചാടിക്കേറിയപ്പോൾ താഴെ വീണ അയാളുടെ കല്യാണ ആൽബത്തിലെ ലേശം കറുത്ത് മെലിഞ്ഞ നീളൻ മിഴികളുള്ള മണവാട്ടിയും എവിടെയോ ഇരുന്നു ഇതൊക്കെ ചിന്തിക്കുന്നുണ്ടാവും..ഇരുപത്തി അഞ്ചു കൊല്ലം മുമ്പ് തൊട്ടുള്ള ഓരോന്നും.

പതിനെട്ടു വയസ്സിൽ അയാളുടെ ബീവി ആയതു. ചെയ്താൽ തീരാത്ത പണികളുമായി വീട് മൊത്തം ഓടിനടന്നത്. അതിനിടയിൽ മൂന്ന് മക്കൾക്ക് ജന്മം കൊടുത്തത്. അവരെയൊക്കെ അല്ലല്ലില്ലാതെ വളർത്തി നല്ല നിലയിൽ എത്തിച്ചത്. കണ്ണെത്താ ദൂരത്തു ജോലി ചെയ്യുന്ന അയാളെ കാത്തു വർഷങ്ങൾ ആഗ്രഹങ്ങളും സ്വപ്നങ്ങളും അടക്കി ജീവിച്ചത്. കൊടുക്കുന്ന പൈസ മിച്ചം വെച്ചു ഓരോന്നായി സമ്പാദിച്ചത്.

പിന്നെ അയാളുടെ പൈസ കളയണ്ടാന്നോർത്തു മുന്തിയ ആശുപത്രികളിലെ ചികിത്സ കൊള്ളില്ലെന്നു പറഞ്ഞു സർക്കാർ ആശുപത്രിയിൽ പോയി ഊഴം കാത്തു നിന്ന് മരുന്ന് വാങ്ങി പിന്നെ ബെഡ് ഒഴിവില്ലാത്ത അതെ ആശുപത്രിയിൽ നിലത്തു ഒരു ആഴ്ചയോളം കിടന്നു ചികിത്സ തേടിയത്.

അപ്പോഴേക്കും ശരീരം മൊത്തം പടർന്ന രോഗത്തെ ഇനി ഒന്നും ചെയ്യാനില്ല എന്ന തിരിച്ചറിവോടെ അംഗീകരിച്ചത്. ഒരിക്കൽ പോലും സ്വന്തം കാര്യം ശ്രദ്ധിക്കാതെ ആരംഭത്തിലെ പിഴുതുകളയേണ്ട അസുഖത്തെ ഇത്ര ഗുരുതരമാക്കിയതിനു തന്റെ മകളുടെ പ്രായമുള്ള ഡോക്ടർ ഒരുപാട് അവരെ ശാസിച്ചത്. നിരാശയും വേദനയും കലർന്ന ആ ഡോക്ടറുടെ ശകാരത്തിനു മുമ്പിൽ പോലും നിറയാതിരുന്ന കണ്ണുകൾ പിന്നെ ഒരിക്കൽ നിർത്താതെ ഒഴുകിയത്.

അന്ന് അയാൾ താൻ കേൾക്കെ തന്റെ രൂപത്തെ പരിഹസിച്ചത്. ഒട്ടിയ മുഖവും എല്ലുമാത്രമായ ശരീരവും അറപ്പാണെന്നു പറഞ്ഞത്. ഒരു പുരുഷൻ ആയ തനിക്ക് ഇങ്ങനെ എത്ര നാൾ പിടിച്ചു നില്കാൻ പറ്റും എന്ന് മുറുമുറുത്തു ഫോണുമായി മറ്റൊരു റൂമിൽ കേറി കതക് അടച്ചത്.മണിക്കൂറുകൾ അതുപോലുള്ള വിഡിയോകളും കണ്ടു തന്നെ ജീവനോടെ കുഴിച്ചു മൂടിയത്.

ഒരിക്കൽ ഇതൊന്ന് ചത്താൽ മതിയാരുന്നു എന്ന് തെല്ലുറക്കെ മക്കൾ കേൾക്കെ പറഞ്ഞതിന് അവർ വഴക്കിട്ടു ഇറങ്ങിപോയത്. അവസാനം മനസ്സ് നൊന്തു ഹൃദയം പൊട്ടി താൻ മരിച്ചത്.

ഇല്ല ഇതൊന്നും ഉറക്കെ പറയാൻ ആൽബത്തിലെ നീളൻ കണ്ണുള്ള പെണ്ണിന് ഇന്ന് ജീവനില്ല.

…………………..

അവസാനത്തെ വരി എഴുതി പൂർത്തി ആക്കിയപ്പോൾ കേട്യോൻ വന്നു പുറകിൽ നിന്ന് കുറച്ചു വായിച്ചു.

എന്താണ് ഭാര്യേ അയല്പക്കത്തെ ഹനീഫിക്ക വീണ്ടും ഒരു കൊച്ചുപെണ്ണിനെ കെട്ടി സുഖായി ജീവിക്കുന്ന കണ്ടിട്ട് നിനക്ക് സഹിക്കുന്നില്ല അല്ലേ? ഉടനെ അതൊരു കഥയാക്കിയല്ലോ?

അല്ല ഭാര്യേ അയാൾക് വയസ്സാൻ കാലത്ത് വെള്ളം അനത്തി കൊടുക്കാൻ ആരേലും വേണ്ടേ?

അതെ കെട്യോനെ ഈ പറച്ചിൽ നിങ്ങളൊക്കെ അങ്ങ് നിർത്തിയേക്ക്. വെള്ളം അനത്തി കൊടുക്കാൻ ആണെങ്കിൽ മക്കളും മരുമക്കളും ഒക്കെ ഉണ്ട്. ഇനി അതല്ലെങ്കിൽ പൂത്ത പൈസ കൊണ്ടു വേലക്കാരെ വെക്കണം ഇനി അതിനും പറ്റില്ലെങ്കിൽ തന്നെ വെച്ചു കുടിക്കണം. ഇത് അതൊന്നുമല്ല രണ്ടാമതു കെട്ടുന്നത് ഒരു പുരുഷന്റെ ശരീരികവും മാനസികവുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ തന്നെ ആണ്.ഒരു ഇണ അതിനു ആദ്യത്തെക്കാൾ നല്ലൊരെണ്ണത്തെ തിരഞ്ഞെടുക്കുന്നു.

ശരി സമ്മതിച്ചു അതിൽ എന്താണ് തെറ്റ്?

ഒരു തെറ്റുമില്ല ജീവിതം മൊത്തം കേട്യോൻ മക്കൾ എന്നുപറഞ്ഞു യാതൊരു സുഖവും അനുഭവിക്കാതെ മീൻ ഉളുമ്പും കരിയുമായി ജീവിതം വീടിനുള്ളിൽ തീർക്കുന്ന ചില സ്ത്രീകൾ ഉണ്ട്. അവരുടെ ചിന്ത ആണ് തെറ്റ്. അവർക്ക് വേണ്ടി എന്തേലും എഴുതണം എന്ന് തോന്നി.

കയ്യിലിരുന്ന ഫോൺ മാറ്റി കിടക്കാൻ പോകുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാൽ കുടിച്ചുകൊണ്ട് ഞാൻ വരാന്തയിൽ വന്നുനിന്നു .മഴയ്ക്കു മുന്നോടിയായുള്ള തണുത്ത കാറ്റേറ്റ് നിൽകുമ്പോൾ കാറ് മൂടിയ ആകാശത്ത് കാണുന്ന ഒറ്റ നക്ഷത്രം ഹനീഫീക്കയുടെ ഭാര്യ സഫിയ ഇത്ത ആണെന്ന് തോന്നി.

ആ നക്ഷത്രത്തോടായി ഞാൻ ചോദിച്ചു ആർക്ക് വേണ്ടിയാണ് സഫിയ ഇത്ത നിങ്ങൾ ജീവിച്ചത്?ആ ഒറ്റ നക്ഷത്രം അവളുടെ പരിഭവത്തിന് നേർക്ക് ഒന്ന് കണ്ണ് ചിമ്മി. എപ്പോഴും ഉള്ളപോലെ സഫിയ ഇത്തയുടെ നിഷ്കളകമായ പുഞ്ചിരി… ❤