എന്നെ നോക്കി അർത്ഥം വെച്ചു പറഞ്ഞുകൊണ്ട് അമ്മ ആ കണ്ണുകളൊന്നുരുട്ടി..

Story written by Saran Prakash

====================

ഉമ്മറത്തെ ചാര് കസേരയിൽ മലർന്നു കിടന്നു പത്രം വായിക്കുമ്പോഴായിരുന്നു പടിപ്പുര കടന്നൊരു പാദസര കിലുക്കം കാതിലേക്ക് നുഴഞ്ഞു കയറിയത്..

പത്രം മാറ്റി തലയുയർത്തി ഞാൻ ആ പടിപ്പുരയിലേക്ക് എത്തിനോക്കി..

വെള്ളികൊലുസിട്ട ഒരു പാവാടക്കാരി… അവളുടെ മൂക്കിൻ തുമ്പിലെ കല്ലു വെച്ച മൂക്കുത്തിയിൽനിന്നും സൂര്യകിരണങ്ങൾ പ്രതിഫലിച്ചുകൊണ്ടിരുന്നു..

കറവക്കാരൻ ഗോപാലേട്ടനെയും, പരദൂഷണം ശോഭേടത്തിയെയും മാത്രം കണ്ടു ശീലിച്ച പുലരികളിൽ നിന്നും കാലമൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു…

ചാടിയെഴുന്നേറ്റ് ഉടുമുണ്ട് നേരെയാക്കി.. അലങ്കോലമായി കിടന്നിരുന്ന മുടിയിഴകളെ കൈകളാൽ വാഞ്ഞൊതുക്കി…

മുഖത്തൊരു നേർത്ത പുഞ്ചിരിയോടെ ഉമ്മറത്തെത്തി നിന്ന ആ പെൺകൊടിയിലേക്ക് ഞാനെന്റെ കണ്ണുകളെ അർപ്പിച്ചു..

“അണ്ണാ ഇങ്ക ആക്രി എതാവിതു ഇറുക്കാ..”

കൈവഴുതി വീണ കുപ്പിഗ്ലാസ്സ് പോലെ,, ഹൃദയം വീണുടഞ്ഞുവോ…!!! വാഞ്ഞൊതുക്കിയ മുടിയിഴകൾ,, അവളുടെ വാക്കുകളിൽ അപ്പാടെ നിലംപരിശായി.. അവരെന്റെ കാതിൽ മൊഴിഞ്ഞു…

“അയ്യേ… ആക്രി പെറുക്കാൻ വന്ന തമിഴത്തിയാണ്..”

അകത്തളത്തിൽ അത്രനേരം ഇളയരാജയെ ആലപിച്ചുകൊണ്ടിരുന്ന ആകാശവാണി ആ നിമിഷം വൈദ്യനാഥന്റെ വരികളെ കടമെടുത്തു..

“കുണ്ട്രത്തിലെ കുമരനുക്കു കൊണ്ടാട്ടം.. അങ്കെ കുവിന്ദധമാ പെൺകളെല്ലാം വന്താട്ടം കൊണ്ടാട്ടം…”

മോഹഭംഗമേറിയ മനസ്സുമായി ഞാനവളെ തന്നെ നിർവികാരതയോടെ നോക്കിനിന്നു..

“അണ്ണാ കാത് കേക്കലിയാ.. ആക്രി.. ആക്രി…”

അവൾ പിന്നെയും പിന്നെയും എന്തൊക്കെയോ ഉരുവിട്ടുകൊണ്ടിരുന്നു…

“ഇവിടെ ആകെയുള്ള ഒരാക്രി ഇതാണ്.. ഇതെടുക്കുമെങ്കിൽ പൈസ ഞാൻ അങ്ങോട്ട് തരാം..”

പുറത്തെ ആൾപെരുമാറ്റമറിഞ്ഞു അകത്തുനിന്നുമെത്തിയ അമ്മ എന്നെ ചേർത്തുനിർത്തി പറയുമ്പോൾ,, അവളുടെ മുഖത്തൊരു നേർത്ത പുഞ്ചിരി വിടർന്നു…

“ഇല്ലമ്മാ.. എനക്ക് വന്ത് ഗാലികുപ്പി, ഒടഞ്ച ഗ്ലാസ്… അന്തമാതിരി ഏതാവത്..”

അവൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..

“ഓ.. കാലികുപ്പിയെടുക്കുമോ… എങ്കിൽ പിന്നാമ്പുറത്തിക്ക് വാ.. അവിടെ തെങ്ങിൻ കടക്കലുണ്ട് എന്റെ മോന്റെ വക ഒരുപാട് കാലിക്കുപ്പികൾ..”

എന്നെ നോക്കി അർത്ഥം വെച്ചു പറഞ്ഞുകൊണ്ട് അമ്മ ആ കണ്ണുകളൊന്നുരുട്ടി..

ഒന്നും മനസിലാകാതെ അവൾ കണ്ണുകൾ മിഴിച്ചു…

“പിന്നാടി… പിന്നാടി വാ കൊച്ചെ..”

കൈകാലുകളുയർത്തി അമ്മ കാര്യം വീണ്ടും വീണ്ടുമവതരിപ്പിച്ചു..

തലയാട്ടികൊണ്ടവൾ പിന്നാമ്പുറത്തേക്ക് നടന്നു നീങ്ങി..

ഇളിഭ്യനായി ഞാൻ വീണ്ടും ചാര് കസേരയിലേക്ക്…

പിന്നാമ്പുറത്തുനിന്നും കളി ചിരി തമാശകൾ ഉയർന്നു കേൾക്കുന്നുണ്ട്..

എന്നിലെ വിദൂഷക വേഷങ്ങളെ അമ്മ വർണ്ണിക്കുകയാകാം..

പക്ഷേ അവൾ ആ തമിഴത്തി.. അതെങ്ങനെ ഗ്രഹിച്ചെടുക്കുന്നു…!!!

അവളുടെ മറുപടികൾ അമ്മയെങ്ങനെ മനസിലാക്കുന്നു…

ചിന്തകളിലാഴ്ന്നങ്ങനെ ഇരിക്കുമ്പോഴായിരുന്നു, പടികയറി ബംഗാളികളുടെ വരവ്…

അകത്തളത്തിലെ ക്ലോക്കിൽ സമയം 10 അടിച്ചു..

തൊഴുത്തുപണി തുടങ്ങിയപ്പോൾ അതിരാവിലെ എത്തിയിരുന്നവയിരുന്നു… പോകെ പോകെ അവരുടെ വരവ് ഉച്ചയോടടുത്തിരിക്കുന്നു…

ഒരുപക്ഷേ ചോദിക്കാനും പറയാനും ഇവിടെ ആളില്ലെന്ന തോന്നലാവാം..

ഉടുത്തിരുന്ന മുണ്ടൊന്നു മടക്കി കുത്തി, കട്ടിയേറിയ മീശയൊന്നു പിരിച്ചു, ഞാൻ അവർക്ക് പുറകെ പാഞ്ഞു..

“അരെ ഭായ്.. നിങ്ങളിന്നും ലേറ്റ് ഹെ… ഇത് ശീലമാക്കരുത് ഹോ… കേട്ടല്ലോ..”??

എന്റെ ആ ഭീഷണിയിൽ അനുസരണയുള്ള കുട്ടികളെ പോലെ അവർ തലയാട്ടി..

അല്ലേലും ഭാഷയേതായാലെന്താ… ഭീഷണിക്കെവിടേയും ഒരേ സ്വരമല്ലേ…

ആദ്യമായെന്നെ ഭയന്നവരെ നോക്കി അനുഭൂതികൊണ്ട് പിന്തിരിഞ്ഞതും, പുറകിൽ മൂക്കത്തു വിരൽ വെച്ചുനിൽക്കുന്ന അമ്മയും.. ഒപ്പം ആ തമിഴത്തി കൊച്ചും…

മീശയൊന്നുകൂടി പിരിച്ചുകൊണ്ട്, ഞാനവളെനോക്കിയൊന്നു കണ്ണുരുട്ടി…

അവൾ തലതാഴ്ത്തി പതിയെ അമ്മയുടെ പുറകിലൊളിച്ചു…

“മോളിങ്ങനെ പേടിക്കാതെ.. കേട്ടിട്ടില്ലേ.. കുരക്കും പ ട്ടി കടിക്കില്ലാന്ന്.. ഇതും അത് തന്നെ…”

വീണ്ടും പുച്ഛമിട്ടുകൊണ്ട് അമ്മ പതിയെ നടന്നുനീങ്ങി..

അടക്കാനാകാത്ത ചിരിയെ കൈകൊണ്ട് പൊത്തിപിടിച്ച്‌ അവളും..

“ഇങ്ങനെ കിണിക്കാൻ മാത്രം, തനിക്ക് വല്ലതും പുറിഞ്ചോ..”??

അമ്മയോടുള്ള രോഷമെന്നിൽ ആളി പടർന്നു..

“ഉം.. ഏങ്ക അമ്മാവും സൊല്ലിര്ക്ക്.. കുരയ്കും നായ്കൾ ഒറുപോതും കടിയ്ക്കാത്..”

വീണ്ടുമൊന്നാർത്തു ചിരിച്ചുകൊണ്ട്.. ആ വെള്ളിക്കോലിസിട്ട പാദസര കിലുക്കം പടിപ്പുരയും കടന്നകന്നു…

ആക്രിപെറുക്കാനെത്തിയവൾക്ക് മുൻപിൽ, ആക്രിയേക്കാൾ വിലയില്ലാത്തവനായി നിൽക്കേണ്ടി വന്ന ഗതികെട്ടവനെന്ന് ഉള്ളിലിരുന്നാരോ എന്റെ ചെവിയിലോതി…

അന്ന്, എന്റെ ഉള്ളിലുളവെടുത്ത അരിശമെല്ലാം ഞാൻ തീർത്തത് ആ ബംഗാളികളോടായിരുന്നു..

ചെയുന്ന പണികളിലെ ചെറിയ കുറ്റവും കുറവും ചൂണ്ടിക്കാണിച്ചുകൊണ്ട്, ഞാനവർക്ക് നേരെ ആക്രോശിച്ചുകൊണ്ടേയിരുന്നു.

പിറ്റേന്നും, പടിപ്പുരകടന്നാ പാദസരകിലുക്കം പടികേറി വന്നിരുന്നു..

പിന്നാമ്പുറത്ത് അമ്മയോട് കുശലാന്വേഷണങ്ങൾ പങ്കിട്ട്‌, അന്നും കിട്ടിയതൊക്കെ പെറുക്കികൂട്ടിയവൾ നടന്നകന്നു..

പണിയായുധങ്ങളുമായെത്തിയ ബംഗാളികൾ എന്നെനോക്കിയൊന്നു പുഞ്ചിരിച്ചു..

ഞാൻ അകത്തളത്തിലെ ചുമരിലേക്ക് എത്തി നോക്കി..

സമയം പത്തും അതിക്രമിച്ചിരിക്കുന്നു..

ആകാശവാണിയിൽ ലാലേട്ടന്റെ കൊടുമ്പിരി കൊള്ളിക്കുന്ന സംഭാഷണങ്ങൾ ഉയർന്നു പൊങ്ങി…

“എന്റെ ഭീഷണിന്ന് പറഞ്ഞാൽ, ചില ഊച്ചാളി രാഷ്ട്രീയക്കാരെകൂട്ട്‌ സ്ഥലം മാറ്റി കളയുംന്നൊന്നാവില്ല… കൊ ന്നു കളയും ഞാൻ.. മടിക്കില്ല കേട്ടോ..”

ആവേശം അലയടിച്ചുയർന്ന നിമിഷം, മീശപിരിച്ചു മുണ്ടു മടക്കിക്കുത്തി ഞാൻ അവർക്ക് നേരെ പാഞ്ഞടുത്തതും,,

അരുതെന്ന് കെഞ്ചികൊണ്ടവൾ അലറിവിളിച്ചു.. നിറവയറുമായി നിൽക്കുന്ന എന്റെ അമ്മിണി പശു..

പുതിയ കൂരയുടെ പണി കഴിഞ്ഞുവേണം എനിക്കെന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനെന്ന്, അവളുടെ കണ്ണുകൾ എന്നെ ഓർമ്മപ്പെടുത്തി…

നിർവികാരതയോടെ ഞാൻ പണിക്കാരെ നോക്കി.. അപ്പോഴും,, അവർ പുഞ്ചിരിച്ചുകൊണ്ടേയിരുന്നു..

കൈകൂപ്പി തലതാഴ്ത്തി പണിതുടങ്ങാൻ ആവിശ്യപെട്ടുകൊണ്ട് ഞാൻ ഉമ്മറപടിയേറുമ്പോൾ, വാതുക്കൽ അടക്കിപ്പിടിച്ച ചിരിയോടെ അമ്മ നിൽപ്പുണ്ടായിരുന്നു…

“എന്ത് പറ്റി.. ഇന്ന് ഭീഷണിയൊന്നുമില്ലേ..”

പരിഹാസം തുളുമ്പുന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയെന്നോണം ഞാൻ അമ്മിണിയെ നോക്കി..

“അവളെ ഓർത്തുപോയി.. ആ നിറവയറിനുള്ളിലെ കുഞ്ഞുങ്ങളെയും..”

വികാരഭരിതമായ എന്റെ സ്വരം കേട്ടാകണം, അമ്മയുടെ അടക്കിപ്പിടിച്ച ചിരി പതിയെ ശമിച്ചു..

“നല്ലത്.. പക്ഷേ, ആ മിണ്ടാപ്രാണിക്ക് മാത്രമല്ല.. ഭാഷയും ദേശവുമറിയാതെ കൂടും കുടുക്കയും വിട്ടെറിഞ്ഞെത്തിയ ഇവർക്കുമുണ്ടൊരു ജീവിതം..”

പൊള്ളുന്ന വെയിലിനെ പോലും വകവെക്കാതെ തൊഴുത്തിന് മീതെയിരിക്കുന്ന ആ ബംഗാളി പണിക്കാരെ നോക്കി അമ്മ നെടുവീർപ്പിട്ടു…

“ദേ.. ആ താഴെ നിന്ന് പണിയുന്നവന്റെ ഭാര്യ.. ഗർഭിണിയാണ്.. അൽപ്പം കുഴപ്പം പിടിച്ചതായതുകൊണ്ട് പ്രസവത്തിനു പണച്ചിലവേറെയുണ്ടത്രേ…

ദാ.. ആ തൊഴുത്തിന് മുകളിരിക്കുന്നവൻ.. 18 വയസ്സ് തികഞ്ഞിട്ടില്ല.. കിടപ്പിലായ അച്ഛനും മൂന്നു പെങ്ങന്മാർക്കുള്ള ഏക തുണ…

പിന്നെ നീ കണ്ണുരുട്ടി പേടിപ്പിച്ച ആ തമിഴത്തി കുട്ടി…

പെണ്ണായി പോയതുകൊണ്ട് ആരോ കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചത്… എടുത്തു വളർത്തിയത് ആക്രിപെറുക്കന്നവരായതുകൊണ്ട് അതിന്റെ ജീവിതവും ആ വഴിയേ..”

പൊടിഞ്ഞ കണ്ണീർ തുള്ളികളെ സാരി തലപ്പുകൊണ്ടമ്മ തുടച്ചു നീക്കുമ്പോൾ,, ഉള്ളിലുളവെടുത്ത കുറ്റബോധത്താൽ ഞാൻ നിർവികാരനായിരുന്നു..

“പക്ഷേ അമ്മ എങ്ങനെ ഇതൊക്കെ മനസ്സിലാക്കി..”

എന്നിലെ ആ സംശയത്തിന് മറുപടിയെന്നോണം അമ്മയൊന്നു പുഞ്ചിരിച്ചു..

പുറത്ത്, പണിതീർന്നുകൊണ്ടിരിക്കുന്ന തന്റെ കൂരയിലേക്ക് നോക്കി അമ്മിണി പശു നീട്ടിയൊന്നു കരഞ്ഞു.. സന്തോഷാത്മകമായി…

അതേ… ഞാൻ തിരിച്ചറിയുകയാണ്… യഥാർത്ഥ ഭാഷ സ്നേഹമാണ്… അവിടെ നാടെന്നോ ദേശമെന്നോ മനുഷ്യനെന്നോ മൃഗമെന്നോയില്ല…!!!!

“സേട്ടാ… പണിയിന്നത്തോടെ തീർത്തുതരാം കേട്ടോ…”

തൊഴുത്തിനുമുകളിലിരുന്നുകൊണ്ട്, അവൻ കഷ്ട്ടപെട്ടു വിളിച്ചുകൂവുമ്പോൾ,, പഠിപ്പിച്ചുകൊടുത്തത്തിലെ പിഴവ് ചൂണ്ടിക്കാണിക്കുമെന്നോണം അമ്മ അവനെനോക്കി കണ്ണുചുളിച്ചു…

“സേട്ടനല്ലടാ.. ചേട്ടൻ…”!!!!!