ഇരുഹൃദയം
എഴുത്ത്: ലച്ചൂട്ടി ലച്ചു
=====================
“അച്ഛനെങ്ങനെയാ ഈ അമ്മയെ ഇഷ്ടപ്പെട്ടെ…?? നിറവുമില്ല ….വിവരവുമില്ല …”
അച്ഛനൊപ്പം ഒട്ടിനിന്നുകൊണ്ട് നന്ദുമോളത് ചോദിയ്ക്കുമ്പോൾ ഞാൻ തൊഴുത്തിൽ നിന്നും പറ്റിപ്പിടിച്ച ചാണകം പൈപ്പിൻചുവട്ടിൽ വൃത്തിയാക്കുന്ന തിരക്കിലായിരുന്നു….
നാളെത്തെയ്ക്കുള്ള കാര്യം ഓർത്തപ്പോൾ അടുക്കളയിലേക്കോരോട്ടമായിരുന്നു …
നന്ദുമോൾക്കും ഋതുക്കുട്ടനും നാളത്തേയ്ക്കുള്ള ടിഫിൻ ആയിട്ടില്ല …
ദിവസവും പ്രാതലിന് തന്നെ രണ്ടു കൂട്ടം വേണം അവനു ഇഷ്ടമുള്ളതൊന്നും അവൾക്ക് പിടിക്കില്ല അതുപോലെ തന്നെ തിരിച്ചും…
അച്ഛന്റെയും മകളുടെയും സംസാരം അടുക്കളയിൽ നിന്നു തന്നെ കേൾക്കാമായിരുന്നു…
“അച്ഛന്റെ അടുത്ത് ഇതാരാണ്നിൽക്കണെ…??”
അവൾ ആകാംഷയോടെ ചോദിയ്ക്കുന്നത് കേട്ടു… വാതിലിന്റെ മറവിൽ നിന്നു അച്ഛന്റെയും മകളുടെയും സംസാരം ഒളിഞ്ഞു കേൾക്കാൻ തോന്നി ….
“മോൾക്കിഷ്ടായോ…??”
അവൾ ഇഷ്ടമായെന്ന ഭാവത്തിൽ തലകുലുക്കിക്കൊണ്ടു ആൽബത്തിൽ കണ്ണെടുക്കാതെ നോക്കി നിന്നു….
“ഇതാണ് നിന്റെ ഋതുവേട്ടന്റെ അമ്മ..”
“എന്റെ അമ്മയല്ലേ അപ്പോൾ ഏട്ടന്റെയും അമ്മ..??”
അന്ധാളിപ്പോടെ നന്ദു അതു ചോദിച്ചപ്പോൾ അതേ ഭാവം തന്നെയായിരുന്നു എനിയ്ക്കും..
അദ്ദേഹം പുഞ്ചിരിയോടെ അവളെ നോക്കുന്നുണ്ട്
“നിന്റെ ഏട്ടന്റെ അമ്മ നിന്നെക്കാൾ സുന്ദരിയായിരുന്നു നന്ദു…
ദൃഷ്ടിപഥത്തിലെ അരങ്ങിൽ അവൾ ഭരതനാട്യമാടിയപ്പോൾ പിന്നീടുള്ള ഓരോ നിമിഷവും നിന്റെ അച്ഛയുടെ ഹൃദയം അവളെക്കുറിച്ചുള്ള ഓർമ്മകൾക്ക് അരങ്ങേറ്റം കുറിയ്ക്കുവാനായി സ്വയം വേദിയൊരുക്കുകയായിരുന്നു …
അച്ഛനെന്തുണ്ടായിരുന്നു അർഹത അവളെ പ്രണയിക്കുവാൻ…??
എന്നിട്ടും പ്രണയിച്ചു …
അരചക്രം കിട്ടുന്ന ഒരു ജോലി സംഘടിപ്പിച്ചെടുത്തു കൊണ്ട് അവളെ കൈപിടിച്ചു കൂടെക്കൂട്ടുമ്പോൾ അവൾ ആധി പൂണ്ടില്ല …
ജനിച്ചിടത്തെ സൗഭാഗ്യങ്ങൾ ഇനിയോരോർമ്മ മാത്രമായിരിക്കും എന്നതായിരുന്നു എനിയ്ക്ക് അവൾക്കായി നൽകാൻ കഴിഞ്ഞിരുന്ന വാക്ക്…
ഇരു നിലയിൽ നിന്നും ഇരുമുറി കെട്ടിടത്തിലേക്ക് യാതൊരു പരിഭവവും കൂടാതെ അവൾ എനിയ്ക്കായി വന്നു…
എന്റെ ഋതുവിന്റെ അമ്മയായി മാറി…
നിന്നെ വയറിൽ പേറുന്ന സമയമായിരുന്നു അവൾക്ക് ഏറെ ഇഷ്ടം പെണ്കുഞ്ഞുങ്ങളെ ഞാൻ ഒരുപാട് കൊതിച്ചിരുന്നു അതുകൊണ്ടാകാം…
നിന്റെ കാൽപാദം അവളുടെ ഗർഭപാത്രത്തിൽ പതിഞ്ഞ നിമിഷമായിരുന്നു അവൾ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചത്….
മകളോ അമ്മയോ എന്ന ചോദ്യം എല്ലാ മാസങ്ങളിലും ഡോക്ടർ ആവർത്തിച്ചുപോന്നിരുന്നു…
മൂന്നാം മാസം തികയും മുൻപേ അവളുടെ ജീവനുവേണ്ടി നിന്നെ കളയുന്നതിനു ഈ അച്ഛനടക്കം അവളെ നിർബന്ധിച്ചപ്പോൾ വെറുപ്പോടെ എന്റെ കൈകൾ തട്ടിയെറിഞ്ഞു അവൾ നിന്നെ ചുറ്റിയ ഉദരത്തിനെ വിട്ടുകളായില്ലെന്ന ഭാവത്തോടെ അമർത്തിപ്പിടിച്ചത് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട്…
എന്തുവന്നാലും മോളെ വേണ്ടാന്നു വയ്ക്കല്ലേ എന്നു മാത്രമായിരുന്നു നീ ജനിയ്ക്കുന്നതിനു മുൻപും അവൾ ജപം പോലെ മന്ത്രിച്ചുകൊണ്ടേയിരുന്നത്…
ഒരു കുഞ്ഞിനെ കൂടി താങ്ങാനുള്ള ശേഷി അവളുടെ ഉദരത്തിനില്ലായിരുന്നു…അത്രയും ശേഷി പക്ഷെ അവളുടെ മനസ്സിനുണ്ടായിരുന്നു…
നീ ഉയിർത്തപ്പോൾ തളർന്നു വീണത് അവളുടെ ദേഹമായിരുന്നു മോളെ …
ശരീരമാസകലം നുറുങ്ങുന്ന വേദനയുണ്ടായിട്ടും നിനക്ക് ചുരത്തുന്ന പാലിന്റെ കൃത്യതയിൽ അവൾ കണിശയായിരുന്നു ….
പോകെപ്പോകെ എല്ലുകൾ ശോഷിച്ചും കവിളുന്തിയും നിറം കറുത്തും സ്വയം വൈകൃതം അവളേറ്റെടുത്തപ്പോൾ കരഞ്ഞത് പകുതിയിലുപേക്ഷിച്ച ആ ചിലങ്കയോർത്തുമാത്രമായിരുന്നു…
എന്നിരുന്നാലും നിന്നെ ജനിപ്പിച്ചതോർത്ത് അവൾ സ്വയം ഭാഗ്യവതിയായ ഒരു അമ്മയെന്ന മേലാടയാണിഞ്ഞു….
എന്നെയും ഈ നാലുചുവരുകളെയും അറിയാതെ പോലും ഞാൻ അവൾക്കൊരു പരിമിതിയാക്കി മാറ്റുമ്പോൾ അടുക്കളയിലെ തീച്ചൂളയിലും തൊഴുത്തിലെ അഴുക്കിലും വടക്കേകോണിലെ അലക്കുകല്ലിലും അവളുടെ സ്വപ്നങ്ങളെ അവൾ ഹോമിച്ചു ….
നമുക്ക് മുൻപേ ഉണർന്നു നമുക്ക് ശേഷം ഉറങ്ങി നമുക്കായി ജീവിയ്ക്കാൻ അമ്മയ്ക്ക് മാത്രമേ കഴിയൂ കുട്ടി…..!!
അവളന്നും ഇന്നും എന്നും അച്ഛയ്ക്കു സുന്ദരിയാണ് …”
പറഞ്ഞു തീർന്നതും അച്ഛനും മകൾക്കുമൊപ്പം എന്റെ കണ്ണുകളും പെയ്തുതുടങ്ങിയിരുന്നു …
തിരിഞ്ഞു നിന്നു കണ്ണുകൾ അമർത്തിതുടയ്ക്കവേ അരക്കെട്ടിൽ രണ്ടു കുഞ്ഞിക്കൈകൾ ചുറ്റിപ്പിണഞ്ഞിരുന്നു അമ്മയുടെ സൗന്ദര്യമാണോ അച്ഛാ മോൾക്ക് കിട്ടിയിരിക്കുന്നെ വാരിയെടുത്ത് അവളെ ഉമ്മ വയ്ക്കുമ്പോഴേക്കും അവളെന്നെ ഇറുകെ കെട്ടിപ്പിടിച്ചിരുന്നു ….
കയ്യിൽ പൊതിഞ്ഞുപിടിച്ചിരുന്ന ചിലങ്ക എനിയ്ക്കായി അവൾ നൽകുമ്പോൾ അകലെ നിന്ന് ഞങ്ങളെ നോക്കി നിൽക്കുന്ന കണ്ണുകളിൽ ഒരായിരം പുഞ്ചിരിയും നൊമ്പരങ്ങളും ഒളിമിന്നുന്നുണ്ടായിരുന്നു…..