ഇനിയൊരു സൂര്യോദയം കാത്ത്….
Story written by Jainy Tiju
=====================
“നവാഗതർക്കു സ്വാഗതം “
എന്നെഴുതിയ ഗേറ്റ് കടക്കുമ്പോൾ ഞാൻ ചുറ്റും നോക്കി. കോളേജ് പരിസരം മുഴുവൻ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു കുട്ടികൾ. എം ടെക് ൻറെ പുതിയ ബാച്ച് വന്നിരിക്കുന്നു കഴിഞ്ഞ ആഴ്ച. ചില ആരോഗ്യ പ്രശ്നങ്ങളാൽ വൈസ് പ്രിൻസിപ്പലിനെ ചാർജ് ഏല്പിച്ചു ലീവിൽ ആയിരുന്നതു കൊണ്ട് പുതിയ കുട്ടികളെ പരിചയപ്പെടാൻ കഴിഞ്ഞില്ല.
പ്രിൻസിപ്പാൾ എന്നെഴുതിയ റൂമിലേക്ക് കയറുമ്പോൾ വരാന്തയിൽ നിന്നൊരു വിരുതൻ പറയുന്നുണ്ടായിരുന്നു,
” എടാ, പ്രിൻസി വന്നു. ഇന്നിനി ഇങ്ങേരുടെ കത്തി കേൾക്കേണ്ടി വരുമല്ലോ ” എന്ന്.
മേശയിൽ കിടന്ന ഫയലുകൾ ഒന്ന് ഓടിച്ചു നോക്കി. തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും റിട്ടയർ ചെയ്ത് വീട്ടിലിരിക്കുമ്പോൾ,പ്രിയ സുഹൃത്തും ഈ കോളേജിന്റെ ഡയറക്ടറും ആയ ബാലകൃഷ്ണമേനോന്റെ നിർബന്ധം കൊണ്ട് മൂന്നു വർഷം മുമ്പാണ് ഇവിടെ ചാർജ് എടുത്തത്. സേലത്തെ പ്രശസ്തമായ കോളേജ് എന്ന നിലയിലും മലയാളി മാനേജ്മെന്റ് എന്നത് കൊണ്ടും അധ്യാപകരും വിദ്യാർത്ഥികളും ഭൂരിപക്ഷം മലയാളികൾ തന്നെയാണ്. ഓഫീസ് ബോയിയെ വിളിച്ചു 11 മണിക്ക് സ്റ്റുഡന്റസ് ആൻഡ് സ്റ്റാഫ് മീറ്റിംഗ് അറേഞ്ച് ചെയ്യാൻ പറഞ്ഞപ്പോൾ അവന്റെ മുഖത്തും കണ്ടു “പെട്ടല്ലോ ” എന്നൊരു ഭാവം.
ഓഡിറ്റോറിയത്തിൽ എല്ലാവരും എത്തി എന്നു വിവരം കിട്ടിയപ്പോൾ ഞാൻ അങ്ങോട്ട് ചെന്നു. ബഹളം വെച്ചു കൊണ്ടിരുന്ന കുട്ടികൾ പെട്ടെന്ന് നിശബ്ദരായി.
കോളേജ് യൂണിയൻ ചെയർമാൻ എല്ലാവരെയും സ്വാഗതം ചെയ്തു. കൃഷ്ണകൃപ കോളേജ് ന്റെ ചരിത്രത്തെ കുറിച്ച് പറഞ്ഞു. പിന്നെ വിദ്യാർത്ഥികളോട് സംസാരിക്കാൻ എന്നെ ക്ഷണിച്ചു.
” ഈ പ്രായത്തിലും നമ്മുടെ കോളേജ് ന്റെ ഓജസ്സും ചുറുചുറുക്കും ആയ പ്രിൻസിപ്പാൾ ജോർജ് ജേക്കബ് സർ നെ ക്ഷണിക്കുന്നു.”
സംസാരിക്കാനായി ഞാൻ എഴുന്നേറ്റപ്പോൾ തന്നെ ആൺകുട്ടികളുടെ ഭാഗത്തു ഒരു അനക്കം. ആരോ കമെന്റ് പറഞ്ഞതിന് എല്ലാവരും കൂടെ ചിരിക്കുന്നു. പെൺകുട്ടികൾ നെറ്റിയിൽ കൈ താങ്ങി താഴേക്കു നോക്കി ഇരിക്കുന്നു. പുതിയ ബാച്ച് മാത്രം ശ്രദ്ധയോടെ ഇരിക്കുന്നു. ഞാൻ പതുക്കെ തുടങ്ങി.
” ഞാൻ സംസാരിക്കാൻ വരുമ്പോൾ തന്നെ എന്താണ് പറയുക എന്നു നിങ്ങൾക്ക് കാണാപാഠം ആണെന്ന് നിങ്ങളുടെ മുഖഭാവത്തിൽ നിന്നും അറിയാം. എന്നാലും പറയാതിരിക്കാൻ എനിക്ക് കഴിയില്ല. ഇന്നു പക്ഷെ ഞാൻ നിങ്ങളോട് പറയുന്നത് ഒരു കഥയാണ്. എനിക്ക് നേരിട്ടറിയാവുന്ന ഒരു കുടുംബത്തിന്റെ കഥ.
ഡേവിഡ്, നല്ലൊരു കുടുംബത്തിലെ മിടുക്കനായ കുട്ടിയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമത് എത്തുന്ന, അധ്യാപകരുടെയും സഹപാഠികളുടെയും സ്നേഹഭാജനം. കുടുംബത്തിന്റെ അഭിമാനം.
അവനു എഞ്ചിനീയറിംഗ് നു അഡ്മിഷൻ കിട്ടിയത് ബാംഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജിൽ ആയിരുന്നു. അവിടെയും അവൻ നല്ല റിസൾട്ട് നേടി. കോഴ്സ് തീരുന്നതിനു മുൻപ് തന്നെ ക്യാമ്പസ് സെലെക്ഷനിൽ ഇന്ത്യയിലെ തന്നെമികച്ച ഒരു കമ്പനിയിൽ ജോലിയും ആയി. ജോലികിട്ടി രണ്ടു വർഷം കഴിഞ്ഞപ്പോൾ ഡേവിഡിന്റെ വിവാഹം തീരുമാനിച്ചു. അവന്റെ അച്ഛന്റെ പ്രിയ സുഹൃത്തിന്റെ മകൾ, ലണ്ടനിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. ജീവിതത്തിൽ അവർ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ. അമ്മയില്ലാത്ത ആ പെൺകുട്ടിക്ക് ഡേവിഡിന്റെ അമ്മ അമ്മായിഅമ്മ അല്ലായിരുന്നു. അവരുടെ സന്തോഷത്തിന്റെ മാറ്റു ഇരട്ടിയാക്കിക്കൊണ്ട് ആ പെൺകുട്ടി ഗർഭിണി ആയി.
അവരുടെ ജീവിതത്തോട് ആർക്കായിരിക്കും ഇത്ര അസൂയ തോന്നിയത്, ദൈവങ്ങൾക്കോ ? ഗർഭം 7 മാസം തികഞ്ഞപ്പോൾ പതിവ് പോലെ എല്ലാ ടെസ്റ്റുകളും നടത്തി. റിസൾട്ട് അവരെ ഞെട്ടിപ്പിക്കുന്നതായിരുന്നു, H I V പോ സി റ്റീ വ്. തകർന്നു പോയിരുന്നു അവർ.
വിവരം അറിഞ്ഞപ്പോൾ ഏതൊരു മനുഷ്യരെയും പോലെ ആ അച്ഛനും അമ്മയും ആ പെൺകുട്ടിയെ വെറുത്തു. അന്യനാട്ടിൽ അഴിഞ്ഞാടി നടന്നു സ്വന്തം ജീവിതം നശിപ്പിച്ചതോടൊപ്പം അവരുടെ മകന്റെയും അടുത്ത തലമുറയെ കൂടെ മഹാരോഗത്തിനു അടിമയാക്കിയ അവളോട് ക്ഷമിക്കാൻ അവർക്ക് എങ്ങനെ കഴിയും ?
സംഭവം അറിഞ്ഞ പെൺകുട്ടിയുടെ അച്ഛൻ തളർന്നു കിടപ്പിലായി. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് കരഞ്ഞു പറഞ്ഞ അവളെ വിശ്വസിക്കാൻ ആരും തയ്യാറായില്ല. എന്തിനു ഡേവിഡ് പോലും.
വീട്ടുകാരുടെ കുത്തുവാക്കുകളും ഭർത്താവിന്റെ അവഗണനയും സ്വന്തം അച്ഛന്റെ അവസ്ഥയും അവളുടെ മാനസിക നിലയെ ബാധിച്ചു തുടങ്ങി. പതുക്കെ പതുക്കെ ബന്ധുക്കളും നാട്ടുകാരും വിവരം അറിഞ്ഞു തുടങ്ങി.
അങ്ങനെയിരിക്കെ,ഒരുദിവസം ഡേവിഡിനോടൊപ്പം ബാംഗ്ലൂരിൽ പഠിച്ച സുഹൃത്ത് അനിൽ ഡേവിഡിനെ വിളിച്ചു. അവനു പറയാനുണ്ടായിരുന്നത് മറ്റൊരു കഥയായിരുന്നു. അവിവാഹിതനായ അവനു എ യ്ഡ് സ് ആണ്. ബാംഗ്ലൂർ പഠനകാലത്ത് അവനു പറ്റിയ ഒരു അബദ്ധത്തിന്റെ ബാക്കിപത്രം. അവൻ വിളിച്ചത് അവനു ഒന്നു ബാംഗ്ലൂർ വരെ പോകണം, ഈ രോഗം കിട്ടിയത് അവിടെ നിന്ന് തന്നെയാണോ എന്നു ഉറപ്പു വരുത്തണം. അതിനു ആദ്യം അവനോടൊപ്പം പഠനകാലത്ത് സീനിയർസിന്റെ പ്രലോഭനത്തിൽ ഒരു പെണ്ണ് എന്തെന്ന് അറിയാൻ പോയ ഡേവിഡിന്റെ ബ്ലഡ് കൂടെ ടെസ്റ്റ് ചെയ്യണം. അവിടെ തകരുകയായിരുന്നു ഡേവിഡ്. തെറ്റ് ചെയ്തത് തന്റെ ഭാര്യയായിരുന്നില്ല എന്ന തിരിച്ചറിവ് അയാളെ കുറച്ചൊന്നുമല്ല ഉലച്ചത്. ഉടനെ തന്നെ ബാംഗ്ലൂർക്ക് പോകാനും ആ സ്ത്രീയെ അന്വേഷിക്കാനും അവർ തീരുമാനിച്ചു.
ആരോടും മിണ്ടാതെ അവർ ആ യാത്ര പോയി. ആ വേശ്യാലയത്തിൽ ചെന്നു ആ സ്ത്രീയെ അന്വേഷിച്ചു. പലവിധ രോഗങ്ങൾ കാർന്നു തിന്നു മരണത്തോട് മല്ലിടുന്നുണ്ടായിരുന്നു അവർ. തന്നെ ഇങ്ങനെയാക്കിയ ലോകത്തോട് മുഴുവൻ പകയുമായ് ജീവിച്ചിരുന്ന അവർക്കു ഇപ്പോൾ കുറ്റബോധം മാത്രം.
എല്ലാം തിരിച്ചറിഞ്ഞ ഡേവിഡിന് തിരിച്ചു പോകാൻ ആവില്ലായിരുന്നു, തെറ്റു പറ്റിയത് തനിക്കാണെന്നു പറയാൻ ഉള്ള ധൈര്യം പോലും അവനില്ലായിരുന്നു. ഇതേ സമയം, ഡേവിഡിനെ കാണാതെ വിഷമത്തിലായിരുന്നു വീട്ടുകാർ. തന്നോടുള്ള വെറുപ്പ് മൂലം ഡേവിഡ് എങ്ങോട്ടോ പോയി എന്ന ചിന്തയാൽ ആ കുട്ടിയുടെ രക്തസമ്മര്ദം ഉയർന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഗര്ഭാവസ്ഥയിലെ രക്താതിസമ്മർദ്ദം എന്ന അപകടാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ സിസ്സേറിയൻ ചെയ്തു കുഞ്ഞിനെ രക്ഷിച്ചെടുത്തെങ്കിലും പിന്നീട് ഉണ്ടായ ബ്ലീ ഡി ങ്ങിനെ തുടർന്ന് അവൾ മരിച്ചു. മാസം തികയാത്ത ജനനം ആയതു കൊണ്ട് കുഞ്ഞു ഇൻക്യൂബേറ്ററിലും ആയി.
ഡേവിഡ് എല്ലാമറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി. തന്റെ ക്ഷമാപണം കേൾക്കാൻ പോലും കാത്തുനിൽക്കാതെ അവൾ പോയിരിക്കുന്നു. പൊട്ടിക്കരഞ്ഞു കൊണ്ട് അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറഞ്ഞു.
എല്ലാമറിഞ്ഞെങ്കിലും ഇപ്പോൾ നാട്ടുകാർ സഹതാപത്തോടെ കാണുന്ന മകൻ വെറുക്കപ്പെടാതിരിക്കാൻ, മരിച്ചു പോയ മരുമകളെ തന്നെ തെറ്റുകാരിയാക്കി സ്വാർത്ഥരായ ആ അച്ഛനും അമ്മയും.
പിന്നീട് അവന്റെ ശ്രമം മുഴുവൻ കുഞ്ഞിനെ രക്ഷിക്കാൻ ആയിരുന്നു. പല ഡോക്ടർമാരും ആയി ചർച്ച നടത്തി. എ യ്ഡ് സ് ബാധിച്ച അമ്മ പ്രസവിക്കുന്ന കുഞ്ഞുങ്ങളിൽ ഏകദേശം മുപ്പത്തി അഞ്ചു ശതമാനം മാത്രമേ പോസിറ്റീവ് ആകൂ എന്നും പ്രതിരോധമായി ചികിത്സ ഉണ്ടെന്നുള്ള അറിവും അവനു പ്രതീക്ഷ നൽകി. എല്ലാ സൗകര്യങ്ങളും ഉള്ള ഹോസ്പിറ്റലിലേക്ക് കുഞ്ഞിനെ മാറ്റി. ആളുകളുടെ പരിഹാസത്തിലും അവഗണനയിലും പതറാതെ ആ കുടുംബം പ്രാർത്ഥനയോടെ കാത്തിരുന്നു ഒരു വർഷത്തെ ചികിത്സക്കു ശേഷമുള്ള ടെസ്റ്റ് റിസൾട്ടിന് വേണ്ടി. ദൈവാനുഗ്രഹം കൊണ്ടോ എന്തോ കുഞ്ഞിന്റെ റിസൾട്ട് നെഗറ്റീവ് ആയിരുന്നു.
പരീക്ഷണങ്ങൾ അവിടെ കൊണ്ടൊന്നും തീർന്നിരുന്നില്ല. ഒരു ബൈക്കപകടത്തിൽ ഡേവിഡ് മരിച്ചു. മറ്റുള്ളവർക്ക് ഒരു ബാധ്യത ആവാതെ സ്വയം അവസാനിപ്പിച്ചതാണോ എന്നു ഇപ്പോഴും അറിയില്ല. ബന്ധുക്കളുടെയും നാട്ടുകാരുടെയും കുഞ്ഞിനോടുള്ള പെരുമാറ്റം വേദനിപ്പിക്കുന്നതായിരുന്നു. എ യ്ഡ് സ് ബാധിച്ച മാതാപിതാക്കളുടെ മക്കൾക്കും എയ്ഡ്സ് ഉണ്ടാകും എന്ന നാട്ടിൻപുറത്തെ മുൻവിധി മാറ്റാൻ ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും കഴിഞ്ഞിട്ടില്ലല്ലോ. അതു കൊണ്ടു തന്നെ ആ നാടും വീടും ഉപേക്ഷിച്ചു ആരും തിരിച്ചറിയാത്ത ഒരു നാട്ടിലേക്കു ആ മുത്തച്ഛനും മുത്തശ്ശിയും കുഞ്ഞിനേയും കൊണ്ട് പോയി.”
ഞാൻ പറഞ്ഞു നിർത്തി. കുട്ടികൾ നിശബ്ദരായിരുന്നു. ഞാൻ തുടർന്നു.
“ഞാൻ എപ്പോഴും പറയാറുണ്ട് നിങ്ങളോട് , മാതാപിതാക്കളിൽ നിന്ന് അകന്നു നിൽക്കുമ്പോൾ എല്ലാ സ്വാതന്ത്ര്യവും കിട്ടി എന്നു തോന്നിയേക്കാം, പല വിധത്തിലുള്ള പ്രലോഭനങ്ങളും ഉണ്ടായേക്കാം, പ്രായത്തിന്റെ ജിജ്ഞാസയും ഉണ്ടാകും. പക്ഷെ, ഓർക്കുക, ഒരു ബുദ്ധിമോശം കൊണ്ട് നിങ്ങൾ നശിപ്പിക്കുന്നത് ഒരുപാട് ജീവിതങ്ങളെ ആണെന്ന്. എല്ലാവരും അങ്ങനെ ആണെന്നല്ല, ഇതിൽ ഒരാൾക്ക് തെറ്റു പറ്റാൻ സാധ്യത ഉണ്ടെങ്കിൽ ആ ഒരാൾക്ക് വേണ്ടി, അയാൾക്ക് വേണ്ടി മാത്രം… “
പറഞ്ഞു പൂർത്തിയാക്കാൻ കഴിയാതെ ഞാൻ നിർത്തി. ഒരു നിമിഷത്തെ പരിപൂർണ്ണ നിശബ്ദതക്കു ശേഷം വന്ന നിലക്കാത്ത കയ്യടി കുട്ടികൾ എന്റെ വാക്കുകൾ ഉൾക്കൊണ്ടു എന്നതിന് തെളിവായി. നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചു ഞാൻ പ്രിൻസിപ്പാളിന്റെ ഗൗരവം നിറഞ്ഞ മുഖം മൂടി എടുത്തണിഞ്ഞു.
വൈകുന്നേരം വീട്ടിൽ ചെന്നു കയറുമ്പോൾ അന്ന കൊച്ചു മുഖവും വീർപ്പിച്ചു ഉമ്മറത്തു ഇരിക്കുന്നുണ്ട്. പ്രിയതമ ഒരു കസേരയിലും.
” എന്നാ പറ്റിയെടി ഡാഡിയുടെ മുത്തിന് ? മമ്മി വഴക്കു പറഞ്ഞോ ?”
ഞാൻ അവളെ വാരിയെടുത്തു കൊണ്ട് ചോദിച്ചു.
നിറഞ്ഞ കണ്ണു ഉയർത്തി അവൾ പതിയെ എന്നെ നോക്കി.
” ഡാഡി, ആ കിരൺ കൃഷ്ണ ഇന്നും എന്നെ കളിയാക്കി. ഡാഡിയെ കണ്ടാൽ അവരുടെ ഒക്കെ ഗ്രാൻഡ്പാ യെ പോലെയാണെന്ന്. “
ഞാൻ പൊട്ടിച്ചിരിച്ചു.
“ഇത്രേ ഉള്ളോ കാര്യം ? അവനോടു പറ വയസ്സായെങ്കിലും അവന്റെ അച്ഛനേക്കാൾ സ്ട്രോങ്ങ് ആണ് എന്റെ ഡാഡി. വേണേൽ ഒരു ദിവസം നോക്കാമെന്നു. “
“ഡാഡി സത്യമായും അവരെ ഇടിച്ചു തോൽപ്പിക്കുമോ ?”
“പിന്നെ ഇല്ലാതെ, സംശയം ഉണ്ടെങ്കിൽ മമ്മിയോട് ചോദിച്ചേ “
ആലിസ് എന്നേ ഒന്ന് നുള്ളി. അതിനിടയിൽ ചിരിച്ചു കൊണ്ട് അന്നകൊച്ചു അകത്തേക്ക് ഓടി .
” ഇച്ചായാ, എന്നെങ്കിലും ഒരിക്കൽ അവൾ എല്ലാം തിരിച്ചറിയില്ലേ, അന്ന് അവൾ നമ്മളെ വെറുക്കുമോ ?”
ആലിസിന്റെ കണ്ണുകൾ നിറഞ്ഞു.
” അറിയും. എല്ലാം മനസ്സിലാകുന്ന ഒരു പ്രായത്തിൽ ഞാൻ തന്നെ അവൾക്കു പറഞ്ഞു കൊടുക്കും, ഒരു നിമിഷത്തെ ചാപല്യം കൊണ്ട് ഒരു കുടുംബം മൊത്തം തകർത്ത അവളുടെ പപ്പയെ കുറിച്ച്, ഒരു തെറ്റും ചെയ്യാതെ തന്നെ മറ്റുള്ളവർക്ക് മുന്നിൽ അപമാനിതയായി ജീവിതം പാതി വഴിയിൽ നഷ്ടപ്പെട്ടു പോയ അവളുടെ അമ്മയെ പറ്റി, പിന്നെ അവൾക്കു വേണ്ടി നാടും വീടും ഉപേക്ഷിച്ച ഈ വല്യപ്പച്ചനെയും വല്യമ്മച്ചിയെയും പറ്റി. “
വിതുമ്പിത്തുടങ്ങിയ ആലീസിനെ ചേർത്തു പിടിച്ചു അകത്തേക്ക് കയറുമ്പോൾ അകത്തെ മുറിയിൽ നിന്നും മോളുടെ പാട്ടു ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു,
” ആദിയിൽ ദൈവം സൃഷ്ടിച്ചു ആകാശവും ഭൂമിയും സൃഷ്ടിച്ചു ദൈവം എനിക്കായി സ്വർഗവും ഈ മനുഷ്യർക്കായി ഭൂമിയും………
~ജെയ്നി റ്റിജു