നമുക്ക് രണ്ടു പേർക്കും ബാക്കിയായത് നഷ്ടങ്ങൾ മാത്രമായിരുന്നല്ലോ കണ്ണാ…നിനക്ക് നിന്റെ ജീവിതവും എനിക്കെന്റെ ജീവന്റെ ജീവനും…

Story written by Jainy Tiju

=============

പ്രിയപ്പെട്ട അനുജന്…..

കണ്ണാ, നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നില്ല. ഞാൻ അനുഭവിക്കുന്ന അതേ മനോവേദന, ഒരു പക്ഷേ, അതിലധികം ഇപ്പോൾ നീ അനുഭവിക്കുന്നുണ്ടാകും എന്ന് എനിക്കറിയാം. നിനക്കിപ്പോൾ തോന്നുന്നുണ്ടാവും ഞാനെന്താ ഇപ്പോൾ ഇങ്ങനൊരു കത്ത് എഴുതുന്നതെന്ന്…

കാരണം, കുറച്ചു നാളുകളായി നമ്മൾ പരസ്പരം പോരടിക്കുന്ന ശത്രുക്കളായിരുന്നല്ലോ. അവസാനമായി നിന്നെ കണ്ടപ്പോൾ നിന്നെ കൊ ല്ലും എന്നാണ് ഞാൻ അലറി വിളിച്ചത്. പോലീസ് കസ്റ്റഡിയിൽ അല്ലായിരുന്നു നീ എങ്കിൽ ഞാനത് ചെയ്യുമായിരുന്നു താനും. സ്വന്തം മകന്റെ കൊ ലയാളി കൺമുന്നിൽ കിട്ടിയാൽ ഏതൊരച്ഛന്റെ നിയന്ത്രണമാണ് നഷ്ടമാകാത്തത്?

എപ്പോഴാണ് മോനെ നമ്മൾ ശത്രുക്കളായി മാറിയത്?എവിടെയായിരുന്നു നമുക്ക് തെറ്റുപറ്റിയത്? പണ്ടും നമ്മൾ ഇങ്ങനെയൊക്കെ ആയിരുന്നല്ലോ അല്ലേ? ഒരു മിഠായി കഷ്ണത്തിനും തുണ്ടു പെൻസിലിനും വേണ്ടി നമ്മൾ വഴക്കിട്ടിരുന്നു. പലപ്പോഴും എന്റെ ജ്യേഷ്ഠാവകാശം നിന്നെ തോൽപ്പിച്ചു. അതെല്ലാം നിന്റെ മനസ്സിൽ ഇത്രയ്ക്ക് വലിയ  മുറിവുകയുണ്ടാക്കിയിരുന്നോ?വളർന്നപ്പോൾ നീ അൽപ്പം നിഷേധിയും തന്നിഷ്ടക്കാരനുമായിരുന്നു. നിന്റെ പരാജയങ്ങളുടെയും കൂട്ടുകെട്ടിന്റെയും പേരിൽ ഞാൻ നിന്നെ പരിഹസിച്ചപ്പോഴും കുറ്റപ്പെടുത്തിയപ്പോഴും നിന്റെ മനസ്സിൽ എന്നോടുള്ള പക വളരുകയായിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ല മോനെ.

പലപ്പോഴായി പല കാരണം പറഞ്ഞ് അച്ഛന്റെ കയ്യിൽ നിന്ന് നീ വാങ്ങിച്ചെടുത്ത് മുടിപ്പിച്ചു കളഞ്ഞ പണം ഞാൻ അന്യനാട്ടിൽ പോയി കഷ്ടപ്പെട്ടുണ്ടാക്കുന്നതാണെന്ന ചിന്ത എന്നെ നിന്റെ മുന്നിൽ കൂടുതൽ കർക്കശക്കാരനാക്കി. നീ ഉണ്ടാക്കിയ ലക്ഷങ്ങളുടെ കടം വീട്ടാൻ തറവാടിന്റെ ആധാരം പണയപ്പെടുത്തിയതും പറമ്പിലെ തടിയെല്ലാം വെട്ടി വിറ്റതും എന്നെ ദേഷ്യം പിടിപ്പിച്ചു. നിനക്കെതിരെ കേസ് കൊടുത്തതും വീടും പറമ്പും എന്റെ മോന്റെ പേർക്ക് എഴുതാൻ തീരുമാനിച്ചതും നിന്റ മുന്നിൽ ജയിക്കാൻ വേണ്ടി തന്നെയായിരുന്നു. എന്നെ തോൽപ്പിക്കാൻ നീയും തീരുമാനിച്ചു. ഒടുവിൽ, നമുക്ക് രണ്ടു പേർക്കും ബാക്കിയായത് നഷ്ടങ്ങൾ മാത്രമായിരുന്നല്ലോ കണ്ണാ…നിനക്ക് നിന്റെ ജീവിതവും എനിക്കെന്റെ ജീവന്റെ ജീവനും…

എന്റെ, അല്ല നമ്മുടെ നന്ദൂട്ടൻ. നിനക്ക് തരാത്ത ആ സ്വത്ത് അനുഭവിക്കാൻ എനിക്കൊരു അവകാശി വേണ്ടെന്ന് നീ തീരുമാനിച്ചു. നീ പുന്നാരിച്ചു വളർത്തിയ അവനെ അറിഞ്ഞു കൊണ്ട് മരണത്തിലേക്ക് തള്ളി വിട്ടപ്പോൾ നിനക്ക് ഒട്ടും കൈ വിറച്ചിരുന്നില്ലെ? ആ മിഴികളിലെ നിഷ്കളങ്ക സ്നേഹം നിന്റെ മനസ്സിനെ ഒട്ടും ചഞ്ചലിപ്പിച്ചില്ലെ?വർഷത്തിലൊരിക്കൽ മിഠായിയും കളിപ്പാട്ടവുമായി വരുന്ന അച്ഛനെക്കാൾ, അവനെ ആന കളിപ്പിക്കുന്ന, ബൈക്കിൽ കറങ്ങാൻ കൊണ്ടുപോകുന്ന, ഉത്സവം കാണിക്കുന്ന ചെറിയച്ഛനെ ആയിരുന്നു അവനിഷ്ടം. നീയായിരുന്നു അവന്റെ ഹീറോ. അതു കൊണ്ടു തന്നെയാവണം , “ആരോടും പറയണ്ട നമുക്ക് അക്കരപ്പാലത്തിൽ വെള്ളം കാണാൻ പോകാമെന്ന് ” നീ പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ കൂടെ വന്നത്. ചുറ്റിലും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി നീ അവനെ താഴേക്ക് വലിച്ചെറിഞ്ഞപ്പോഴും വീഴും മുമ്പേ  നീ അവനെ കോരിയെടുക്കുമെന്ന് അവൻ വിശ്വസിച്ചിട്ടുണ്ടാവണം. കുതിച്ചൊഴുകുന്ന വെള്ളത്തിൽ ഇടയ്ക്ക് എപ്പോഴെങ്കിലും അവനൊന്ന് ശ്വാസം എടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവൻ വിളിച്ചു കരഞ്ഞതും മറ്റാരെയുമായിരിക്കില്ല. സ്വത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ മനുഷ്യൻ ആരെയും അപായപ്പെടുത്തും എന്ന് തിരിച്ചറിയാനുള്ള ബുദ്ധി അവനായിട്ടുണ്ടായിരുന്നില്ലല്ലോ…

പിന്നെയും വേദനിപ്പിച്ചോ ഏട്ടൻ. ക്ഷമ ചോദിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ അത് നിന്റെ ഏട്ടത്തിയോട് മതി. അമ്മയില്ലാത്ത കുറവ് അറിയിക്കാതെ നിനക്ക് വെച്ചുവിളമ്പി, നിന്റെ എല്ലാ കള്ളത്തരങ്ങൾക്കും കൂട്ടുനിൽക്കുന്ന, നിനക്ക് വേണ്ടി എന്നോടും അച്ഛനോടും വാദിക്കാറുള്ള നിന്റെ മായേട്ടത്തിയോട്. അവസാനം വരെയും അവൾ നിനക്ക് വേണ്ടിയാ എന്നോട് വഴക്കിട്ടത്. സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട് അലറിക്കരഞ്ഞ എന്നോടവൾ ചോദിച്ചത് “നിങ്ങൾ എന്തിനാ കരയുന്നത്, നിങ്ങളുടെ ഭൂമിയോ ബാങ്ക് ബാലൻസോ ഒന്നും നഷ്ടപ്പെട്ടിട്ടില്ലല്ലോ” എന്നായിരുന്നു. തളർന്നതെങ്കിലും തീക്ഷ്ണമായിരുന്നു അവളുടെ സ്വരം. എന്നെ ജീവനോടെ ദഹിപ്പിക്കാനുള്ള അഗ്നി അതിലുണ്ടായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയായിട്ട് അവൾ ആരോടും സംസാരിച്ചിട്ടില്ല, ഉറങ്ങിയിട്ടില്ല, ശരിക്കും ഭക്ഷണം കഴിച്ചിട്ടില്ല, കണ്ണീർ പൊഴിച്ചിട്ടു കൂടിയില്ല. ആശ്വസിപ്പിക്കാൻ ഞാനും ശ്രമിച്ചില്ല. ധൈര്യമില്ലെന്നതാണ് സത്യം…

പേറ്റുനോവറിഞ്ഞവളുടെ നെഞ്ചിലെ തീയണയ്ക്കാൻ ആശ്വാസവാക്കുകൾ മതിയാവില്ലല്ലോ. എല്ലാവരും പറയുന്നു, ഇനിയൊരു കുഞ്ഞുണ്ടാവുമ്പോൾ അവൾടെ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന്…പക്ഷേ, നമുക്കറിയാമല്ലോ, നന്ദൂട്ടന്റെ ജനനസമയത്ത് ഉണ്ടായ ര ക്തസ്രാവത്തിൽ മായയുടെ ജീവൻ രക്ഷിക്കാൻ പ്രസവത്തോടൊപ്പം അവളുടെ ഗർഭാപാത്രം കൂടെ……

എനിക്ക് ഇപ്പോൾ എല്ലാം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. നീയൊരു മനുഷ്യമൃ ഗമായി മാറിപ്പോയിട്ടുണ്ടെങ്കിൽ നിന്നെ അങ്ങനെ ആക്കിയതിൽ ഒരു പങ്ക് എനിക്കുമുണ്ടെന്ന്. ഈ കത്ത് നിനക്ക് കിട്ടുമ്പോഴേക്കും ഞാനും മായയും ഈ വീടുവിട്ട് പോയിട്ടുണ്ടാവും. ചെയ്ത തെറ്റിന് പരിഹാരം തേടി, മനസ്സിന് ശാന്തി തേടി ഒരു തീർത്ഥാടനം. നീ ഇവിടെ നിന്നിറങ്ങിയാൽ വീട്ടിലേക്ക് ചെല്ലണം. അവിടെ ഇനിയും നിന്നെ പൂർണമായി വെറുക്കാൻ കഴിയാത്ത ഒരാൾ നിന്നെയും കാത്തിരിപ്പുണ്ട്. നമ്മുടെ അച്ഛൻ. അച്ഛന് നിന്നോട് സ്നേഹവുണ്ടായിരുന്നു കണ്ണാ. പിന്നെ , എന്നോട് കാണിച്ച ചായ്‌വ്; അത് കുടുംബം പുലർത്തുന്ന മകനോട് ഒരു വൃദ്ധനായ അച്ഛന്റെ വിധേയത്വം മാത്രമാണ്…

പ്രിയ അനിയാ, പോകുമ്പോൾ എന്റെ എല്ലാ സമ്പാദ്യവും നിനക്ക് തന്നിട്ട് പോകുന്നു. വീടും സ്ഥലവും ബാങ്ക് ബാലൻസും എല്ലാം നീ എടുത്തു കൊള്ളുക…പകരം ഒരു ആറടി മണ്ണ് എനിക്ക് വെച്ചേക്കുക. അച്ഛന്റെയും ചെറിയച്ഛന്റെയും സ്വത്തു തർക്കത്തിൽ വിടരും മുമ്പ് പൊഴിഞ്ഞു പോയ ഒരു നാലു വയസുകാരന്റെ സ്വപ്നങ്ങൾ ഉറങ്ങുന്ന മണ്ണ്. എന്നെങ്കിലും ഒരിക്കൽ ഞങ്ങൾ തിരിച്ചു വരുകയാണെങ്കിൽ, ഞങ്ങൾക്ക് വീണലിയാൻ വെറും ഒരു ആറടിമണ്ണ്”…..

~ജെയ്നി ടിജു