Story written by Jishnu Ramesan
===============
ഡീ സുഭദ്രെ നിന്റെ മോൾക്ക് ആലോചന ഒന്നും വരണില്യേ..?
“ആലോചന വരാണ്ടൊന്നും അല്ല ചേച്ചീ, ഗൗരി മോള് കൃഷിയാഫീസിൽ ഒരു മാസല്ലെ ആയിട്ടുള്ളൂ പോയി തുടങ്ങിട്ട്.. ഒരു കൊല്ലം കൂടി കഴിഞ്ഞിട്ട് നോക്കാം എന്ന് വെച്ചു..;”
അയൽക്കാരോട് അമ്മേടെ പതിവ് മറുപടി ഇപ്പൊ ഇതാണ്..കാര്യം നിക്ക് ഇപ്പൊ വയസ് ഇരുപത്തി മൂന്ന് കഴിഞ്ഞു.. എനിക്ക് ഓർമ്മ വെച്ച കാലത്ത് തന്നെ അച്ഛൻ ഞങ്ങളെ വിട്ട് പോയി.. അന്ന് അച്ഛന് ഇൗ നാട്ടിലെ ഒരു സോപ്പ് കമ്പനിയിൽ ഉണ്ടായിരുന്ന ജോലി അമ്മക്ക് കിട്ടി..പറ്റുന്നത് വരെ പോയി, പിന്നെ നിർത്തി..
അത്താഴം കഴിക്കാനിരുന്നപ്പോ അമ്മ പറഞ്ഞു, “മോളെ ഗൗരി അമ്മയെ ഒറ്റയ്ക്ക് ആക്കണം എന്നതിന്റെ പേരിലാണ് വരുന്ന ആലോചന മുഴുവൻ നീ വേണ്ടെന്ന് പറയുന്നതെന്ന് എനിക്കറിയാം..ഇനി അത് വേണ്ട മോളെ, അമ്മക്ക് കൂട്ട് അപ്പുറത്ത് സുധയുണ്ട്,നിന്റെ ദേവകി അമ്മായി ഉണ്ട്, പിന്നെന്താ..!”
വേണ്ടമ്മെ, നമ്മുടെ അവസ്ഥയും സാഹജര്യവും മനസ്സിലാക്കി എന്നെ സ്വീകരിക്കാൻ വരുന്നവർ മതി..ഇനി ഈ സംസാരം വേണ്ട, നമുക്ക് പാത്രമൊക്കെ കഴുകി വെച്ചിട്ട് കിടക്കാം അമ്മേ, നാളെ നേരത്തേ ഓഫീസിൽ പോകണം, പുതിയ കൃഷി ഓഫീസർ വരുന്നുണ്ട്..
പിറ്റേന്ന് കുറച്ച് നേരത്തെ ഇറങ്ങി ഗൗരി.. പാടത്തിനു നടുവിലൂടെയുള്ള റോഡിലൂടെ നടക്കുമ്പോ മനസ്സ് മുഴുവനും പാലിന്റെ കണക്കും, പത്രത്തിന്റെ കണക്കും, എന്തിനേറെ കല്യാണ കാര്യം പറഞ്ഞ് അമ്മയുടെ വഴക്കു വരെ മനസ്സിലൂടെ കടന്നുപോയി..പെട്ടന്നാണ് തന്റെ മുന്നിലൂടെ നടന്നു പോവുകയായിരുന്ന ഒരാളെ ഒരു കാർ ഇടിച്ചിട്ട് പോയത്.. ആരും കണ്ടില്ല എന്നോർത്തിട്ട് ആയിരിക്കണം കാറുകാരൻ നിർത്താതെ പോയി..
ഞാൻ ഓടി ചെന്ന് അയാളെ ഏണീപ്പിച്ചു..തല മുറിഞ്ഞ് നല്ലത് പോലെ രക്തം വരുന്നുണ്ട്..ഭാഗ്യത്തിന് അതുവഴി വന്ന കുമാരേട്ടന്റെ ഓട്ടോയിൽ കയറ്റി ഞങ്ങള് ആശുപത്രിയിലേക്ക് കൊണ്ടുപോയി..കുമാരേട്ടൻ പറഞ്ഞതനുസരിച്ച് അയാളുടെ പോക്കറ്റിൽ തിരഞ്ഞു, അഡ്രസോ ഫോൺ നമ്പറോ ഒന്നും തന്നെ കിട്ടിയില്ല..ഈ നാട്ടിലോന്നും കണ്ടിട്ടുള്ള ആളല്ല…
ഐ സി യു വിന്റെ മുന്നിൽ നിന്ന് വന്ന കുമാരേട്ടൻ പറഞ്ഞു, “മോളെ കുഴപ്പമൊന്നും ഇല്ല്യ, പക്ഷേ ചോര കുറെ പോയിട്ടുണ്ട്..ബോധം വന്നാലും ഓർമ കിട്ടാൻ ചിലപ്പോ ഒരു മാസത്തിൽ അധികം വേണ്ടിവരും..”
അപകടം ആയതിനാൽ പോലിസ് വന്നു..അവരു പറഞ്ഞത്, “അയാൾക് ഓർമ കിട്ടുന്നത് വരെയെങ്കിലും നിങ്ങള് കൂടെ ഉണ്ടാവണം..അല്ലാതെ ഇട്ടിട്ട് പോവാനൊന്നും പറ്റില്ല..”
കുമാരേട്ടൻ അമ്മയെ വിളിച്ചു കൊണ്ട് വന്നു..അമ്മയുടെ വക കുറെ ചീത്ത കേട്ടു..”ഓരോ പ്രശ്നങ്ങൾ എന്തിനാ ഗൗരി തലയിൽ വെക്കുന്നത്..?”
ഒരാള് മരിക്കാൻ കിടന്നപ്പോ രക്ഷിച്ചതാണോ അമ്മെ എന്റെ തെറ്റ്..നാളെ ഇൗ അവസ്ഥ എനിക്ക് വന്നാലോ..?
പോലീസുകാര് ആശുപത്രിയുടെ ഒരു സംഘടന വഴി സഹായിച്ചത് കൊണ്ട് ചികിത്സയുടെ ചിലവ് പാതി മുക്കാലും കുറഞ്ഞു..പിറ്റേന്ന് ബോധം തെളിഞ്ഞപ്പോൾ അയാൾക്ക് പേര് ഓർമ്മയുണ്ട്, “വിനായകൻ” ആരൊക്കെയോ തന്നെ വിനു എന്ന് വിളിക്കും പോലും…പിന്നെ ഒരു മേരി ടീച്ചറെ ഓർമ്മയുണ്ട്..അല്ലാതെ കഴിഞ്ഞതോന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല…ഡോക്ടർ പറഞ്ഞു ഇപ്പൊ ഒന്നും ഓർക്കാൻ ശ്രെമിക്കണ്ട പതിയെ എല്ലാം ശരിയാവും എന്ന്..;
പിന്നത്തെ ഒരു മാസം ഞാനും അമ്മയും തന്നെയായിരുന്നു അയാൾക്ക് എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തത്..രാവിലെ ഓഫീസിൽ പോകുന്നതിനു മുൻപ് അയാൾക്കുള്ള ഭക്ഷണവും കൊണ്ട് ഞാനും കുമാരേട്ടനും പോകും..ആശുപത്രിയിലെ എല്ലാ കാര്യത്തിനും അവിടെ നഴ്സുമാർ ഉണ്ട്..ഇടക്ക് അമ്മ പോയി അന്വേഷിക്കും..അമ്മ ഒരോന്നോക്കെ അയാളോട് കുത്തി കുത്തി ചോദിക്കും..വീട്, സ്ഥലം, ആരുടെയെങ്കിലും ഫോൺ നമ്പർ, ഇതൊക്കെ തന്നെ..
ഞാൻ എന്നും പോകുന്നത് കൊണ്ട് എന്നോട് വല്ല്യ കാര്യാ..ഒരിക്കൽ ഞാൻ ചോദിച്ചു, “ഇയാളോരു ചെറുപ്പക്കാരൻ അല്ലേ, ഈ വിനായകൻ എന്ന പേര് ആരാ ഇട്ടത്..?” എന്തെങ്കിലും ഓർത്തെടുക്കാൻ പറ്റുമെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിച്ചാണ് ഞാനത് ചോദിച്ചത്..
“അല്ല ഞാനൊന്നു ചോദിക്കട്ടെ, ആ ഓട്ടോക്കാരൻ തന്നെ ഗൗരി ഗൗരി എന്ന് വിളിക്കുന്നത് കേട്ടു, ഇത്രയും സാമർത്ഥ്യവും, വായാടിയും ആയ തനിക്ക് ആരാ ഗൗരി എന്ന പേരിട്ടത്…?”
മറുപടി കേൾക്കേണ്ട താമസം ഞാൻ പൊട്ടി ചിരിച്ചുപോയി..
ഒരിക്കൽ അയാള് എന്നോട് പറഞ്ഞു, “ഗൗരി ഒന്നെനിക്ക് ഉറപ്പാ, എന്റെ പേഴ്സും ബാഗും എല്ലാം ഞാൻ എവിടെയോ വെച്ചിട്ടുണ്ട്..പക്ഷേ എവിടെയാണെന്ന്….! ഞാൻ എങ്ങോട്ടോ പോകാൻ വേണ്ടി വന്നതാ..അത് എന്തിനാണെന്ന് ഓർമ കിട്ടുന്നില്ല..”
ന്റേ ദേവീ നിക്ക് സമാധാനമായി..ഇയാള് ഇത്രയെങ്കിലും ഓർത്തല്ലോ…അന്ന് വീട്ടിൽ പോകും വഴി കുമാരേട്ടന്റെ ഐഡിയ ആയിരുന്നു അയാളുടെ ഫോട്ടോ വെച്ച് പത്രത്തിൽ വാർത്ത കൊടുക്കാൻ..കൂടെ കുമാരേട്ടന്റെ ഫോൺ നമ്പറും..
എന്തായാലും കുമാരേട്ടന്റെ ബുദ്ധി ഏറ്റു.. വാർത്ത കൊടുത്ത് രണ്ടു ദിവസം കഴിഞ്ഞ് കുമാരേട്ടൻ ഓടി കിതച്ച് വീട്ടിൽ വന്നു..
“ഗൗരി കുട്ടീ, എന്നെ വിളിച്ചത് കുറച്ച് ദൂരെയുള്ള ഒരു അനാഥാലയ മന്ദിരത്തിൽ നിന്നാ..ഒരു മേരി ടീച്ചർ ആണെന്നാ പറഞ്ഞത്..ഞാൻ പറഞ്ഞു കുറച്ച് കഴിഞ്ഞ് അങ്ങോട്ട് വിളിക്കാം..ഇനി മോള് വിളിച്ച് കാര്യം പറയ്..;”
തിരിച്ചു വിളിച്ചപ്പോ ഒരു സ്ത്രീയാണ് ഫോൺ എടുത്തത്..ഞാൻ മേരി ടീച്ചറാണ് എന്ന് സ്വയം പരിചയപ്പെടുത്തി..ഇങ്ങനെ ഒരാള് അപകടം പറ്റി ഓർമയില്ലാത്ത അവസ്ഥയിൽ ഇവിടെയുണ്ട് എന്ന് പറഞ്ഞപ്പോ ഒരു കരച്ചിൽ ആയിരുന്നു അവര്..ഞാൻ പറഞ്ഞത് പ്രകാരം അവരു നേരിട്ട് വരാമെന്ന് പറഞ്ഞു..
പിറ്റേന്ന് ഞാനും കുമാരേട്ടനും അമ്മയും കൂടെ ആശുപത്രിയിൽ ചെന്നു..അവിടെ ചെന്നപ്പോ മൂന്ന് കന്യാസ്ത്രീകളും ഒരു പ്രായം ചെന്ന ആളും ഉണ്ടായിരുന്നു…
“ടീച്ചറമ്മേ ഇതാണ് ഗൗരി..കാണുന്നത് പോലൊന്നും അല്ല, കുറച്ച് വായാടി ആണ്..ഗൗരി കുട്ടി ദേ ഇതാണ് എന്റെ മേരി ടീച്ചർ….”
ഇതൊക്കെ കേട്ട് അത്ഭുതത്തോടെ ഞാൻ ചോദിച്ചു, “ആഹാ കൊള്ളാലോ, ഇപ്പൊ ഇയാള് പഴയപോലെ ആയല്ലോ… “
ഞങ്ങളുടെ ഇടയിലേക്ക് കയറിവന്ന ഡോക്ടർ പറഞ്ഞു,” ഗൗരി പറഞ്ഞിരുന്നു വിനു കുറച്ച് കുറച്ച് കാര്യങ്ങൾ ഓർമിച്ചു പറഞ്ഞു എന്ന്..അപ്പോഴേ എനിക്ക് ഉറപ്പായി നല്ല അടുപ്പമുള്ള ആരെയെങ്കിലും വിനു നേരിട്ട് കണ്ടാൽ സ്ട്രെസ്സ് ഇല്ലാതെ പഴയ രീതിയിലേക്ക് വരുമെന്ന്..”
മേരി ടീച്ചർ എന്നോട് വന്നിട്ട് പറഞ്ഞു, “മോളെ ദൈവം അനുഗ്രഹിക്കും, ദേ ഇവൻ ഞങ്ങളുടെ മോനാ..ഒരു മാസം മുമ്പ് ജോലി മാറ്റം കിട്ടി പോയതാ എന്റെ കുട്ടി…പിന്നീട് ഒരു വിവരവും ഇല്ല.. പോലിസ് കുറെ അന്വേഷിച്ചു.. ഏകദേശം ഒരു വയസുള്ളപ്പോ ഒരു ഗണപതി ക്ഷേത്രത്തിന്റെ മുന്നിൽ നിന്ന് കിട്ടിയതാണ് ഇവനെ ഞങ്ങൾക്ക്..അത് കൊണ്ട് ഭഗവാന്റെ പേര് തന്നെ ഇട്ടു, “വിനായകൻ” വിനു എന്നാ വിളിക്കുന്നത്..ഒരു ലോഡ്ജിലെ ആളാണ് ഇവന്റെ ബാഗും പേഴ്സും മറ്റും കൊണ്ടു വന്നു തന്നത്..രാവിലെ ലോഡ്ജിൽനിന്ന് ഇറങ്ങിയിട്ട് പിന്നെയൊരു അറിവുമില്ല..അങ്ങനെ അവര് മുറി തുറന്ന് അഡ്രസ്സ് എടുത്തു…എന്തായാലും ദൈവം മോൾടെ രൂപത്തിൽ വന്നു…
ആരുമില്ലാത്ത അയാളുടെ ബന്ധങ്ങൾ കേട്ടപ്പോ എന്തോ അസൂയ തോന്നി എനിക്ക്… എപ്പോഴും മുഖത്ത് ചിരിയുള്ള പ്രകൃതം…വേണ്ടപ്പെട്ടവർ ഇല്ലാത്തത് കൊണ്ട് ഡിസ്ചാർജ് ചെയ്യാതെ ഇരുന്ന ഹോസ്പിറ്റലുകാർ അന്ന് തന്നെ അയാളെ അവരുടെ കൂടെ വിട്ടു..
ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു, ഇടക്ക് ഒരു സ്വപ്നം പോലെ കഴിഞ്ഞതൊക്കെ ഓർക്കും, പിന്നെ പ്രാരാബ്ധം തനിയെ എല്ലാം മറക്കും..വിളിക്കണം എന്നൊക്കെ തോന്നും, പിന്നെ വേണ്ടെന്ന് വെക്കും..
ഇപ്പൊ ഒരു തോന്നൽ ഒന്ന് അവിടം വരെ പോയി സുഖ വിവരങ്ങൾ തിരക്കിയാലോ..!.അങ്ങനെ ഓഫീസിൽ പോകുന്ന ദിവസം കുറച്ച് നേരത്തെ വീട്ടിൽ നിന്നിറങ്ങി.. കുമാരേട്ടനെയും വിളിച്ച് അയാളുടെ മഠത്തിലേക്ക് തിരിച്ചു..പോകുന്ന വഴി ഓഫീസിലെ പ്യുണ് ചേട്ടന്റെ വീട്ടിൽ കയറി ” ഇന്ന് ഞാൻ ഉച്ചക്കെ വരുള്ളു” എന്നും പറഞ്ഞു..
“മോളെ നാളു കുറെയായി പുതിയ ഓഫീസർ വരുമെന്ന് പറയുന്നു, എപ്പോ വരുമെന്ന് അറിയില്ല, പെട്ടന്ന് വരണം കേട്ടല്ലോ…”
ഞാൻ ഉച്ചക്ക് മുമ്പേ എത്തും ചേട്ടാ.. ഒന്ന് നോക്കിക്കൊണെ ചേട്ടാ..
അനാഥാലയത്തിൽ എത്തിയ എന്നെ കണ്ട മേരി ടീച്ചർക്ക് പെട്ടന്ന് മനസ്സിലായി..അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി എല്ലാരെയും പരിചയപ്പെടുത്തി..കുറച്ച് നേരം അവിടെ ചിലവഴിച്ച ശേഷം ഇറങ്ങാൻ നേരമാണ് ഞാൻ അയാളെ കുറിച്ച് ചോദിച്ചത്…
“അയ്യോ മോളെ വിനു ഇവിടുന്ന് സ്ഥലമാറ്റം കിട്ടി പോയല്ലോ, ഇന്നലെ രാത്രിയാണ് അവൻ പോയത്..ഇത്ര നാളും വിശ്രമം ആയിരുന്നു..അവൻ ഇടക്ക് നിന്റെ കാര്യം പറയും…ഇനി ലീവ് കിട്ടുമ്പോ വരും..”
ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ ഞാൻ യാത്ര പറഞ്ഞിറങ്ങി..കുമാരേട്ടൻ എന്നെ പെട്ടന്ന് ഓഫീസിൽ എത്തിച്ചു..ഓഫീസിലേക്ക് കയറിയപ്പോ എല്ലാരും തകൃതിയായി ജോലി ചെയ്യുന്നുണ്ട്..
എന്നെ കണ്ട ഓഫീസിലെ ചെച്ചി പറഞ്ഞു, “എന്റെ ഗൗരി നീ എവിടെ പോയതാ..! പുതിയ ഓഫിസർ ആളു ഭയങ്കരൻ ആണ്..കുറെ വഴക്ക് കേട്ടു.. ഫയലൊക്കെ ശരിയല്ല, മറ്റേത് മറച്ചത് എന്നൊക്കെ പറഞ്ഞു.. നിന്നെ സീറ്റിൽ കാണാതെ ആയപ്പോ മ്മ്ടെ പ്യുണ് ചേട്ടനെയും കൊണ്ട് നിന്റെ വീട്ടിലേക്ക് പോയിട്ടുണ്ട്…”
“എന്റെ ദേവീ,” കേട്ട പാതി കേൾക്കാത്ത പാതി ഞാൻ വീട്ടിലേക്ക് ഓടി..ഓടി കിതച്ച് വീട്ടിലേക്ക് കയറിയപ്പൊഴാണ് ആ കാഴ്ച കണ്ടത്.. “ദേ ഇരിക്കുന്നു സാക്ഷാൽ വിനായകൻ.”
എന്നെ കണ്ട പ്യുണ് ചേട്ടൻ പറഞ്ഞു, “പേടിക്കണ്ട ഇത് തന്നെയാണ് പുതിയ ഓഫിസർ..”
അപ്പോഴേക്കും അമ്മ ചായയും കൊണ്ട് വന്നേക്കണ്..എനിക്ക് എന്ത് പറയണം എന്നറിയാതെ അന്താളിച്ച് നിന്നപ്പോ എന്റെ അടുത്ത് വന്നിട്ട് അയാള് പറഞ്ഞു,
” എന്താ വായാടി പെണ്ണിന് ഇപ്പൊ നാവ് ഇറങ്ങി പോയോ…? ഞാൻ തന്നെയാടോ തന്നെ ഒരുമാസം ബുദ്ധിമുട്ടിച്ച ആ വിനു തന്നെ..എന്നെ വണ്ടിയിടിച്ച തലേന്ന് ഞാൻ ഇവിടെ അടുത്ത ലോഡ്ജിൽ എത്തി..പിറ്റേന്ന് ഓഫീസിലേക്ക് കാൽ നടയായി പോകാമെന്ന് വിചാരിച്ചു..കൃഷി ഓഫിസർ അല്ലേ, ഗ്രാമം ഒക്കെ കാണാമെന്ന് വിചാരിച്ചു..അങ്ങനെ നടന്നു വന്നപ്പോഴാണ് വണ്ടി തട്ടിയത്..”
ഇത് കേട്ട് അമ്മ പറഞ്ഞു, “മോളെ വിനു മോന് ലോഡ്ജിൽ എത്ര ദിവസം താമസിക്കാൻ പറ്റും, അത് കൊണ്ട് നമ്മടെ പഴയ പത്തായപ്പുരയിൽ താമസിക്കട്ടെ അല്ലേ ..! എന്നും ഇവിടുന്ന് നടന്നു പോകാലോ..;
“അത് വേണ്ടമ്മെ, നമ്മൾ പെണ്ണുങ്ങൾ താമസിക്കുന്ന സ്ഥലത്ത് അത് ശരിയാവില്ല.. നാട്ടുകാര് വല്ലതും പറയും.. സാറ് ഒന്നും വിചാരിക്കരുത്..”
എന്താ സാറേ എന്നോ..! അങ്ങനെ അല്ലാലോ ഗൗരി അന്നൊക്കെ വിളിച്ചത്.. പത്തായപ്പുരയിൽ വേണ്ട ഈ വീട്ടിൽ താമസിക്കും ഞാൻ..ഈ വായാടി പെണ്ണിന്റെ കഴുത്തിൽ ഒരു താലി കെട്ടിയതിന് ശേഷം..എന്താ അമ്മേ, അമ്മക്ക് എതിർപ്പ് വല്ലതും ഉണ്ടോ..? ആരുമില്ലാത്ത എനിക്ക് ഒരമ്മയെ കിട്ടും..പിന്നെ വഴിയരുകിൽ ആരുമല്ലാത്ത എന്നെ അപകടം പറ്റി കിടന്നപ്പോ ഒരു മാസത്തോളം നോക്കിയ ഗൗരിക്ക് ജീവിതകാലം മുഴുവനും നല്ലൊരു ഭാര്യയാവാനും കഴിയും..
അത് കേട്ടതും തരിച്ചു നിന്നുപോയി ഞാൻ..അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ കണ്ടു..
“അടുത്ത ആഴ്ച്ച എന്റെ മേരി ടീച്ചറെയും കൊണ്ട് വരും ഞാൻ..സമ്മതം അല്ലെന്നെങ്ങാനും പറഞ്ഞാല് ഈ ഗൗരി പെണ്ണിനെ സ്ഥലം മാറ്റിക്കും ഇവിടുന്ന്, കേട്ടല്ലോ…!”
അത് കേട്ടതും അറിയാതെ പൊട്ടിച്ചിരിച്ചു പോയി ഞാൻ..
കല്യാണം പ്രമാണിച്ച് ഒരാഴ്ച ലീവായിരുന്നൂ ഞാനും പിന്നെ എന്റെ കൃഷി ഓഫിസറും..നാളെ മുതൽ ഓഫീസിൽ പോയി തുടങ്ങണം, അതും എന്റെ വിനുവേട്ടന്റെ കൂടെ……
~ജിഷ്ണു രമേശൻ