മുന്നറിയിപ്പ്….
Story written by Jainy Tiju
===================
“കേസ് നമ്പർ നൂറ്റി പന്ത്രണ്ട് ബാർ രണ്ടായിരത്തി പതിനാല്, രാജീവ് ഹാജരുണ്ടോ?” ബഞ്ച് ക്ലാർക്ക് വിളിച്ചു.
രാജീവ് അക്ഷോഭ്യനായി പ്രതിക്കൂട്ടിൽ കയറി നിന്നു.
“ചാരുത എന്ന പെൺകുട്ടി ഭർതൃഗൃഹത്തിൽ വച്ച് മരണപ്പെടുകയും ആ ത്മ ഹത്യയെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുകയും ചാരുതയുടെ പിതാവ് മരണത്തിൽ ദുരൂഹതയുള്ളതായി കാണിച്ച് സമർപ്പിച്ച ഹർജിയിൻ മേൽ വാദം പൂർത്തിയായിരിക്കുന്നു. കൂടുതലെന്തെങ്കിലും വാദിഭാഗത്തിനൊ പ്രതിഭാഗത്തിനോ ബോധിപ്പിക്കാനുണ്ടോ?” ജഡ്ജി ചോദിച്ചു.
“ഇല്ല യുവറോണർ .” രണ്ടു വക്കീലുമാരും എഴുന്നേറ്റ് മറുപടി പറഞ്ഞു.
“ആയതിനാൽ, ഈ കേസ് വിധി പറയുന്നതിനായി ഈ മാസം 26-ലേക്ക് മാറ്റി വച്ചിരിക്കുന്നു”.
ജഡ്ജി അതും പറഞ്ഞ് സീറ്റിൽ നിന്നും എഴുന്നേറ്റു. കോടതി പിരിഞ്ഞു.
ശങ്കരനാരായണൻ അസ്വസ്ഥതയോടെ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു. വരാന്തയിൽ രാജീവും അയാളുടെ വക്കീലും തികഞ്ഞ ആത്മവിശ്വാസത്തോടെ എന്തൊക്കെയോ ചർച്ചയിലാണ്. അയാൾ പതിയെ തന്റെ അഡ്വക്കേറ്റിന്റെ അടുത്തേക്ക് ചെന്നു. പബ്ലിക് പ്രോസിക്യൂട്ടറാണ് അദ്ദേഹം.
“സാറേ, വിധി നമുക്കനുകൂലമാകില്ലേ?” അയാൾ പതിയെ ചോദിച്ചു.
“ശങ്കരേട്ടാ, വാദമെല്ലാം ശങ്കരേട്ടൻ കേട്ടതല്ലേ? നമ്മുടെ കയ്യിൽ ആവശ്യത്തിന് തെളിവുകളില്ല”.
അയാളുടെ സ്വരത്തിൽ നിരാശ പടർന്നിരുന്നു.
“പക്ഷേ , സത്യം നമ്മുടെ ഭാഗത്തല്ലേ? ഞാൻ എല്ലാം പറഞ്ഞതല്ലേ? ഒരച്ഛന്റെ കണ്ണീരിനിവിടെ….”
ഒരു വിതുമ്പലിൽ ശങ്കരന്റെ വാക്കുകൾ മുറിഞ്ഞു.
ഒരു നിമിഷം അഡ്വക്കേറ്റ് ശങ്കരേട്ടനെ നോക്കി നിന്നു.
“ശങ്കരേട്ടാ, കോടതിയ്ക്ക് വേണ്ടത് അച്ഛന്റെയും അമ്മയുടെയും കണ്ണുനീരോ മറ്റെന്തെങ്കിലുമോ അല്ല. വിശ്വസനീയമായ തെളിവുകളാണ്. നമുക്ക് അതില്ല. അതേ സമയം, നിങ്ങളുടെ മകൾക്ക് മറ്റൊരുത്തനുമായി ബന്ധമുണ്ടായിരുന്നെന്നും അവളുടെ മോറൽ സൈഡ് അത്ര നല്ലതായിരുന്നില്ലെന്നും അവർക്ക് തെളിവും സാക്ഷികളും ഉണ്ട്. അവൾടെ കാമുകൻ നേരിട്ട് ഹാജരായത് കണ്ടതല്ലേ? അവളുടെ ഭർത്താവ് രാജീവിനിവിടെ ഭാര്യ ചതിച്ചതു പോലും മനസ്സിലാക്കാൻ കഴിയാതെ പോയ നിഷ്കളങ്കന്റെ രൂപമാണ് ഉള്ളത്.
ഇതെല്ലാം കെട്ടിച്ചമച്ചത് തന്നെയാണ്. പക്ഷേ, തെളിവുകൾ ? അയാളുടെ വക്കീലിനെ കണ്ടില്ലേ, തോമസ് ചെറിയാൻ. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങൾ കിട്ടുന്ന ബുദ്ധിരാക്ഷസൻ. പോലീസും അവർക്ക് സപ്പോർട്ടാണ്. ആ നിലയ്ക്ക് നമ്മൾ ജയിക്കണമെങ്കിൽ നീതിദേവത തന്നെ കനിയണം. നമുക്ക് പ്രതീക്ഷിക്കാം, സത്യം വിജയിക്കുമെന്ന് “.
ഇതും പറഞ്ഞ് ശങ്കരന്റെ തോളിൽ തട്ടി അഡ്വക്കേറ്റ് നടന്നകന്നു.
വീട്ടിൽ ചെന്നു കയറിയ ശങ്കരൻ ഉമ്മറക്കോലായിലെ ചാരുകസേരയിൽ തളർന്നു കിടന്നു. ഒരിത്തിരി വെള്ളം കൊണ്ടുത്തരാൻ പോലും അകത്താരുമില്ലല്ലോ എന്ന് വേദനയോടെ ഓർത്തു കൊണ്ട് കണ്ണുകൾ അടച്ചു.
“അച്ഛാ, നമ്മൾ തോറ്റു പോകുകയാണോ”
എന്റെ ചാരു മോൾടെ സ്വരമല്ലേ അത്. അയാൾ കണ്ണുകൾ ഇറുക്കെ അടച്ചു, തുറന്നു നോക്കാൻ ധൈര്യമില്ലാത്ത പോലെ. അല്ലെങ്കിലും അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം നാലു വർഷം മുൻപേ നഷ്ടപ്പെട്ടിരുന്നല്ലോ.
ചാരുത….സ്വർണ്ണപ്പണിക്കാരൻ ശങ്കരന്റെ ഒരേ ഒരു മകൾ. ഭാര്യ അമ്മിണി വിഷം തീണ്ടി മരിക്കുമ്പോൾ അവൾക്ക് 4 വയസ്സ്. അന്നു തൊട്ട് അവൾടെ അച്ഛനും അമ്മയും ഈ താൻ തന്നെ.
ഡിഗ്രി ഫൈനൽ ഇയറിൽ പഠിക്കുമ്പോഴാണ് നാട്ടിലെ പേരുകേട്ട തറവാട്ടിലെ ഏക മകൻ രാജീവിന്റെ ആലോചന വന്നത്. ചാരുവിന്റെ സൗന്ദര്യം കണ്ട് ഇഷ്ടപ്പെട്ടാണത്രേ പാവപ്പെട്ട വീട്ടിൽ നിന്നും കെട്ടാൻ തയ്യാറായത്.
നാട്ടുകാർക്ക് പൊന്നുരുക്കി പണ്ടം ഉണ്ടാക്കി കൊടുക്കുന്ന തട്ടാന് മകൾക്ക് കൊടുക്കാൻ ഒരുപാടൊന്നുമില്ലായിരുന്നു. എങ്കിലും മാന്യമായി കല്യാണം നടത്തി. ചാരു മോൾക്ക് ആ ബന്ധത്തിൽ വലിയ താൽപര്യം ഇല്ലായിരുന്നു. നമ്മുടെ നിലയ്ക്ക് ചേരുന്ന ബന്ധം പോരെ അച്ഛാ എന്ന് അവൾ ചോദിച്ചപ്പോഴും ഒരച്ഛന്റെ നെഞ്ചിന്റെ നീറ്റൽ പറഞ്ഞവളെ നിശബ്ദയാക്കി.
ഒരു മകനാവുമെന്ന് കരുതിയ രാജീവ് ഒരിക്കലും ശങ്കരന് ഒരു മരുമകൻ പോലും ആയിരുന്നില്ല. എങ്കിലും മകൾ സന്തോഷത്തിലാവുമെന്ന് വ്യാമോഹിച്ചു. നിറഞ്ഞ ചിരി എപ്പോഴും മുഖത്തുള്ള മകൾ, ചിരിക്കാൻ മറന്നപ്പോഴും വീട്ടിലേക്കുള്ള വരവ് കുറഞ്ഞപ്പോഴും മനപ്പൂർവ്വം തന്നെ അകറ്റി നിർത്തിയപ്പോഴും വേദനിച്ചെങ്കിലും അത് ഒരു വീട്ടമ്മയുടെ പക്വത എന്ന് ശങ്കരൻ ആശ്വസിച്ചു, അവളെ അമ്പലത്തിൽ വെച്ച് കാണുന്നത് വരെ.
“നമുക്ക് തെറ്റുപറ്റി അച്ഛാ. അയാൾക്ക് വേണ്ടിയിരുന്നത് ഒരു ഭാര്യയെ അല്ലായിരുന്നു. നാട്ടുകാർക്ക് മുന്നിൽ ഒരു മറ, ഇടവേളകളിൽ ദാഹം തീർക്കാൻ ഒരു ശരീരം, അയാളുടെ ഭ്രാ ന്തിന്റെ നിമിഷങ്ങളിൽ വേദനിപ്പിക്കാൻ ആരോടും പരാതി പറയാത്ത ഒരു ജീവി, പിന്നെയും എന്തൊക്കെയോ വില കുറഞ്ഞ വസ്തു. “
അവളുടെ ചുരുങ്ങിയ വാക്കുകളിൽ ഒരു വർഷത്തെ അവളുടെ യാതനകൾ മുഴുവനും ഉണ്ടായിരുന്നു.
“മോളെ, നീ എന്തൊക്കെയാ പറയുന്നത്? രാജീവന് നിന്നെ… ?”
അയാളുടെ ചോദ്യത്തെ മുറിച്ചുകൊണ്ട് പുറത്ത് രാജീവിന്റെ കാറിന്റെ ഹോൺ മുഴങ്ങി.
“നാട്ടുകാരുടെ മുന്നിൽ മാന്യൻ. പക്ഷേ, വീട്ടിൽ….രാജീവേട്ടൻ വിളിയ്ക്കുന്നു. ഞാൻ അച്ഛനോട് വല്ലതും പറഞ്ഞാലോ എന്നോർത്താ. ഇന്നത്തേക്ക് ഇത് മതി. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അച്ഛനെങ്കിലും സത്യം അറിയണ്ടെ അതാ ഞാൻ. പക്ഷേ, അതിനു പോലും ഉള്ള സ്വാതന്ത്ര്യം എനിയ്ക്കില്ല “.
വീണ്ടും കാറിന്റെ ഹോൺ കേട്ടതും കണ്ണീർ തുടച്ചു കൊണ്ട് അവൾ കാറിന് നേരെ ഓടി.
അന്നു രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ തന്നെ മോളെ പോയി കാണണം, പറ്റുമെങ്കിൽ കൂട്ടിക്കൊണ്ടുവരണം എന്നൊക്കെ ചിന്തിച്ചാണ് എഴുന്നേറ്റത്.
പക്ഷേ, ഒരു ഫോൺ കോൾ…ചാരുമോൾ ആത്മഹത്യ ചെയ്തെന്ന്. എങ്ങനെയോ ഓടിപ്പിടിച്ചു ചെന്നപ്പോൾ തെക്കേ പുറത്തെ മാവിൻ കൊമ്പിൽ തന്റെ പ്രാണൻ.
തലേ ദിവസം വൈകിട്ട് ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ പോയ രാജീവൻ എത്തിയത് താൻ എത്തിക്കഴിഞ്ഞായിരുന്നു. മോൾ അവസാനമായി വിളിച്ചത് രാജിവനെ…മരിക്കുന്നതിന് മുമ്പ് ഒരു മെസ്സേജും അയച്ചുവത്രേ.
“രാജീവേട്ടൻ ഈ പാപിയോട് ക്ഷമിക്കണം. ഇനിയും ഒന്നുമറിയാത്ത നിങ്ങളെ വഞ്ചിക്കാൻ എനിക്കാവില്ല. എന്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി”
ഇതിനോടൊപ്പം ഭാര്യയെ നഷ്ടപ്പെട്ട ഭർത്താവിന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചപ്പോൾ അവന്റെ ഭാഗം സുരക്ഷിതമായി. അവൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് തെളിയിക്കാൻ ഒരു പാട് സാക്ഷികൾ, തെളിവുകൾ.
സത്യം തെളിയിയ്ക്കാൻ അലറി വിളിച്ച കിളവന്റെ ശബ്ദം പോലിസിലെയും നാട്ടുകാരിലെയും നാടക നടൻമാർക്ക് മുന്നിൽ അലിഞ്ഞില്ലാതെയായി.
എന്നിട്ടും താൻ തളർന്നില്ല. കേസ് നടത്തി. മൂന്നു വർഷം. കോടതി മുറിയിൽ തന്റെ മകളുടെ ചാരിത്ര്യവും സ്വഭാവശുദ്ധിയും പലവുരു ചോദ്യം ചെയ്യപ്പെട്ടു. അവർ നിരത്തിയ കാര്യകാരണങ്ങൾക്കും സാക്ഷികൾക്കും പകരം വെയ്ക്കാൻ തന്റെ കയ്യിൽ സത്യം മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരച്ഛന്റെ പരാജയം.
പെട്ടെന്ന് വെട്ടിയ ഒരിടിയുടെ ആഘാതത്തിൽ ശങ്കരൻ ചിന്തയിൽ നിന്നുണർന്നു. നേരം വല്ലാതെ ഇരുണ്ടിരിക്കുന്നു. വിളക്ക് കത്തിച്ചിട്ടില്ല. അല്ലെങ്കിലും ഈ വീടിന്റെ വിളക്ക് അണഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷം കഴിഞ്ഞില്ലേ. അണഞ്ഞതല്ലല്ലോ, അണച്ചതല്ലേ ആ ദുഷ്ടൻ.
ആ വീടിന്റെ ഇരുൾ നിറഞ്ഞ അകത്തളങ്ങളിൽ എവിടെയോ ചാരു മോൾടെ തേങ്ങലുകൾ അലയടിക്കുന്നുണ്ട്.
“നമ്മൾ തോറ്റു പോവും അല്ലേ അച്ഛാ “.
“ഇല്ല മോളെ, നമ്മൾ തോൽക്കില്ല. കാരണം നമ്മളാണ് സത്യം. സത്യത്തിന് ജയിച്ചേ മതിയാവൂ”.
ആരോടെന്നില്ലാതെ അയാൾ പറഞ്ഞു കൊണ്ടേ ഇരുന്നു.
വിധി വരുന്ന ദിവസം. ശങ്കരൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി. പോകുന്നതിന് മുമ്പ് പണിശാലയിൽ കയറി. സ്വർണ്ണം ശുദ്ധിയാക്കാൻ എടുക്കുന്ന സയനൈഡ്, വക്കു പൊട്ടിച്ച ചെറിയ ചില്ലു കുപ്പിയിൽ എടുത്തു ഭദ്രമായി അടച്ചു മുണ്ടിനിടയിൽ തിരുകി. കോടതിയിൽ വിധി കേൾക്കാൻ വർധിച്ച നെഞ്ചിടിപ്പോടെ അയാളിരുന്നു. ജസ്റ്റിസ് സീറ്റിലെത്തി. എല്ലാവരും എഴുന്നേറ്റു തൊഴുതതിന് ശേഷം ഇരുന്നു
“ഓർഡർ, ഓർഡർ. ചാരുത മരണക്കേസിലെ വിധി പ്രസ്താവിക്കുകയാണ്. വിശദമായ സാക്ഷി വിസ്താരത്തിന്റെയും അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ചാരുതയുടെ ഭർത്താവ് രാജീവ് കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ചാരുത എന്ന പെൺകുട്ടിയുടെ സ്വകാര്യ ജീവിതം ശുദ്ധമായിരുന്നില്ലെന്നും തന്റെ ജീവിതം നശിപ്പിക്കാൻ വാദിഭാഗം ഈ കേസ് കെട്ടിച്ചമയ്ക്കുകയുമാണെന്ന പ്രതിയെന്ന് ആരോപിക്കപ്പെട്ട രാജീവിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ, ആരോപണ വിധേയനായ രാജീവനെ നിരുപാധികം വെറുതെ വിട്ടു കൊണ്ട് ഈ കോടതി വിധിയ്ക്കുന്നു.”
വിധിന്യായം കേട്ടുകൊണ്ട് അസ്ത പ്രജ്ഞനായി ശങ്കരൻ ഇരുന്നു. ജഡ്ജിയെ വിനയപൂർവ്വം തൊഴുത് , ശങ്കരന്റെ നേരെ പരിഹാസമുനയോടെയുള്ള ഒരു നോട്ടമെറിഞ്ഞ് രാജീവ് കോടതി മുറിയിൽ നിന്നിറങ്ങി.
കോടതി വരാന്തയിൽ സ്റ്റെപ്പിറങ്ങുന്നതിന്റെ അടുത്തായി ചുമരിൽ ചാരി ശങ്കരൻ നിന്നു. രാജിവും വക്കീലും സുഹൃത്തുക്കളും കളിച്ചു ചിരിച്ചു കൊണ്ട് നടന്നു വരുന്നുണ്ടായിരുന്നു. ശങ്കരനെ കടന്നു പോകുന്നതിന് മുമ്പായി രാജീവ് ഒന്ന് നിന്നു .
“ഒരു മിനിട്ട്, ഞാനിതാ വരുന്നു” സുഹൃത്തുക്കളോട് പറഞ്ഞിട്ട് രാജീവ് ശങ്കരന്റെ അടുത്തേക്ക് നടന്നു.
“എന്താ ടോ, എന്നെ തൂക്കിക്കൊ ല്ലുമെന്ന് കരുതിയോ താൻ ? എന്നാൽ കേട്ടോ, ഞാൻ തന്നെയാ അവളെ കൊന്നത്. എന്റെ പല കാര്യങ്ങൾക്കും അവൾ തടസമായിരുന്നു. അഷ്ടിയ്ക്കില്ലാത്ത വീട്ടിൽ നിന്ന് കെട്ടിയത് അടങ്ങി നിന്നോളുമല്ലോ എന്നോർത്താ…പക്ഷേ, അവൾക്ക് തമ്പുരാട്ടി സ്ഥാനവും അധികാരവും വേണമെന്ന്…ഈ കൈ കൊണ്ടാ ഞെക്കിക്കൊന്ന് കെട്ടിത്തൂക്കിയത്. പക്ഷേ, തെളിവില്ല. പറ്റുമെങ്കിൽ പോയി തെളിയിക്കെടോ കിളവാ “.
ശങ്കരന്റെ കണ്ണുകൾ ചുവന്നു, മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. വലതു കയ്യിൽ ഭദ്രമായി ഒളിച്ചു പിടിച്ച കുപ്പിയിൽ മുറുകെ പിടിച്ചു. തന്റെ മുഖത്ത് നോക്കി ഒരു വിജയിയെ പോലെ ചിരിച്ച് തിരിഞ്ഞു നടക്കാനൊരുങ്ങിയ രാജിവന്റെ കഴുത്തിൽ ശങ്കരൻ തന്റെ ഉരുക്കു പോലെയുള്ള ഇടതുകൈ കൊണ്ട് ഇറുകെ പിടിച്ചതും വലതു കയ്യിലെ കുപ്പി ചുണ്ടിൽ അമർത്തി കോറിയതും ഒന്നിച്ചായിരുന്നു. ചുറ്റും നിന്നവർക്ക് എന്തെങ്കിലും മനസ്സിലാകും മുമ്പേ ചു ണ്ടു മുറിഞ്ഞ് ര ക്തമൊഴുകി അയാൾ ഒന്നു പിടച്ചു , താഴേയ്ക്ക്ഊർന്നു വീണു.
ഒരു നടുക്കത്തിൽ ആളുകളും പോലീസും വക്കീലുമാരും ഓടിയടുത്തു.
“ഒരൊറ്റയെണ്ണം അടുത്തു വരരുത്.” ചുവരിനോട് ചേർന്ന് നിന്ന് സയനൈഡ് കുപ്പി നീട്ടിപ്പിടിച്ചു കൊണ്ട് ശങ്കരൻ അലറി.
“എനിക്ക് പറയാനുള്ളത് നിങ്ങൾ കേൾക്കണം. കേട്ടേ പറ്റൂ. ഇരുപത്തൊന്ന് വർഷം ഞാൻ അമ്മയില്ലാതെ പോറ്റി വളർത്തിയ എന്റെ മോളെ ഒരൊറ്റ വർഷത്തിനുള്ളിൽ ഇവൻ ഞെ ക്കിക്കൊന്ന് കെട്ടിത്തൂ ക്കി. എന്നിട്ട്, എന്റെ മുഖത്ത് നോക്കി പറയാ പറ്റുമെങ്കിൽ തെളിയിക്കാൻ.
മൂന്നു വർഷം, മൂന്നു വർഷമാ സാറൻമാരേ ഞാൻ ഈ പടി കയറി ഇറങ്ങുന്നു എന്റെ മോൾടെ ആത്മാവിനെങ്കിലും നീതി വാങ്ങിക്കൊടുക്കാൻ…സത്യം എന്റെ ഭാഗത്തായിട്ടും ഞാൻ തോറ്റു പോയി. വയ്യ സാറേ, അവൾടെ ജീവിതത്തിലും മരണത്തിലും തോറ്റു പോയ ഒരച്ഛനായി നിൽക്കാൻ എനിക്ക് വയ്യ. അതാ ഞാനിവനെ കൊ ന്നത്.
കൊ ല്ലാ ൻ തീരുമാനിച്ചപ്പോ, അത് നിങ്ങളുടെ ഒക്കെ മുന്നിലായിക്കോട്ടെ എന്ന് വച്ചു. തെളിവിനും സാക്ഷിക്കും വേണ്ടി വേറെ എവിടേം പോകണ്ടല്ലോ.
തെളിവില്ലാത്തതു കൊണ്ടല്ലേ, ഇവനെ വെറുതെ വിട്ടത്.? ചാവുന്നവർക്ക് തെളിവുകൂടെ ഉണ്ടാക്കി വെച്ചിട്ട് ചാവാൻ പറ്റുമോ സാറേ ?”
വികാരക്ഷോഭത്താൽ അയാളൊന്ന് കിതച്ചു.
“നിയമത്തിന്റെ കാവൽക്കാരെന്ന് പറയുന്ന വക്കീൽ സാറുമ്മാരേ, നിങ്ങളുടെ ജോലിയാണെന്ന് പറഞ്ഞ് , ഏത് കുറ്റവാളിയേം അറിഞ്ഞു കൊണ്ട് രക്ഷിക്കുമ്പോൾ കിട്ടുന്ന പണത്തിനോട് കാണിക്കുന്ന ആത്മാർത്ഥതയുടെ ഒരംശമെങ്കിലും സ്വന്തം മനസ്സാക്ഷിയോട് കാണിക്കണം. കാക്കിയിട്ട നിയമപാലകരേ, അറിഞ്ഞോ അറിയാതെയോ അന്വേഷണത്തിൽ നിങ്ങൾ കാണിക്കുന്ന അനാസ്ഥകൊണ്ട് നഷ്ടപ്പെടുന്നത് എന്നെ പോലുള്ളവർക്ക് നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതി യോടുള്ള വിശ്വാസമാണ്. “
ശങ്കരന്റെ സ്വരം വീണ്ടും ഉറച്ചു.
“സാറേ, ഇതൊരു മുന്നറിയിപ്പാണ്. പണവും പിടിപാടും നീതി ദേവതയുടെ കണ്ണു മൂടിക്കെട്ടുമ്പോൾ, നിയമസംഹിതകൾ നോക്കു കുത്തികളാവുമ്പോൾ, നീതി നിഷേധിക്കപ്പെട്ട എന്നെപ്പോലുള്ള സാധാരണക്കാർ നിയമം കൈയ്യിലെടുത്തു പോകും..രക്ഷിക്കാൻ കഴിയാത്ത നിയമം ശിക്ഷിക്കാനും വരണ്ടെന്ന് ചിന്തിച്ചു പോകും. അതുണ്ടാവാതെ നോക്കേണ്ടത് നിങ്ങളാ സാറേ…നിങ്ങളുടെ കടമയാ… “
“ഇനി നിങ്ങൾക്ക് വിധിക്കാം, എനിക്ക് എന്തു ശിക്ഷ വേണമെങ്കിലും. അത് മരണ ശിക്ഷ ആണെങ്കിൽ സന്തോഷം. വാദിയെ പിടിച്ച് പ്രതിയാക്കാൻ എനിക്ക് വേണ്ടി ഒരു വക്കീലും വരില്ല. നട്ടുച്ചക്ക് പാതിരാത്രിയാണെന്നുള്ള തെളിവുമായി ഒരുദ്യോഗസ്ഥനും വരില്ല. വിധിക്കൂ സാർ, ഇതെങ്കിലും മാതൃകാപരമായി ശിക്ഷ വിധിക്കൂ.”
പൊട്ടിക്കരഞ്ഞുകൊണ്ട് ശങ്കരൻ നെഞ്ചു പൊത്തി നിലത്തേയ്ക്കിരുന്നപ്പോഴും കോടതി വരാന്തയിൽ പ്രതികരിക്കാൻ മറന്ന് ഒരു പറ്റം ജനങ്ങൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
~ജെയ്നി റ്റിജു