ഒളിച്ചോട്ടം
Story written by Rajitha Jayan
===============
“”അച്ഛനുമമ്മയ്ക്കും ഞാൻ പറയണത് മനസ്സിലാവുന്നുണ്ടോ….””
ഞാനീ പറഞ്ഞ കാര്യങ്ങൾ അതേപ്പോലെ നിങ്ങൾ അനുസരിക്കണം. ഇവളെ പറഞ്ഞു മനസ്സിലാക്കുകയും വേണം…
ഇതൊന്നും എനിക്ക് വേണ്ടിയല്ല നിങ്ങളുടെയും ഇവളുടെയും നല്ലതിനും നന്മയ്കും വേണ്ടിയാണ്..മനസ്സിലായോ…
ആജ്ഞാശക്തിയുളള ശബ്ദത്തിൽ ചേച്ചി പറഞ്ഞവസാനിപ്പിച്ച വാക്കുകൾക്ക് അച്ഛനുംഅമ്മയും സമ്മതരൂപത്തിൽ തലയാട്ടുന്നത് കണ്ടപ്പോൾ തന്റ്റെ വിധി നിശ്ചയിക്കപ്പെട്ടെന്ന് രേഖയ്ക് മനസ്സിലായി.
ഒരു ദീർഘ നിശ്വാസത്തോടെ മുറിയിലേക്ക് നടന്ന അവളെ നോക്കി. ഒരു വിജയിയുടെ ചിരിയുമായ് അവളുടെ ചേച്ചി അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു
നിറഞ്ഞൊഴുക്കുന്ന മിഴികളുമായ് കണ്ണാടിയിലെ തന്റ്റെ പ്രതിബിംബത്തിലേക്ക് നോക്കി നിൽക്കുമ്പോൾ രേഖയ്ക് തന്നോട് തന്നെ പുച്ഛം തോന്നി.
അരയ്ക്കൊപ്പം മുറിച്ചിട്ട ഇടതൂർന്ന മുടിയും മെലിഞ്ഞുനീണ്ട വെളുത്ത ശരീരവും,ഒപ്പം മാൻമിഴികളുമായാൽ രേഖയായെന്ന കൂട്ടുക്കാരുടെ കളിവാക്കുകൾ ഓർത്തപ്പോൾ ഒരു നിമിഷം അവൾതന്നെ തന്നെ ശ്രദ്ധിച്ചു….
ശരിയാണ്…താൻ അങ്ങനെ തന്നെയാണ്…പക്ഷേ തന്റ്റെ മനസ്സ്…അതാരും കണ്ടില്ലല്ലോ….അറിയാൻ ശ്രമിച്ചില്ലല്ലോ???
എന്നും എപ്പോഴും ചേച്ചിയുടെ തടവറയിലെ തടവുപുളളിയായ തന്നെ ആകെ തിരിച്ചറിഞ്ഞത് രാജീവേട്ടൻ മാത്രമായിരുന്നു….
എന്നാൽ ആ പ്രതീക്ഷയും അണഞ്ഞിരിക്കുന്നു ഇപ്പോൾ…അതും ചേച്ചിയുടെ വാശിയുടെയും അസൂയയുടെയും പേരിൽ…സ്വന്തം അച്ഛനമ്മമാരുടെ നിസംഗത മൂലം….
തനിക്കോർമ്മവെച്ച കുട്ടിക്കാലം മുതലേ കാര്യങ്ങൾ ഇങ്ങനെയെല്ലാം തന്നെയാണ്. എന്നും എപ്പോഴും ചേച്ചിക്കു തന്നോട് ദേഷ്യവും പകയുമായിരുന്നു…
തന്റെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾപോലും നടത്തിയെടുക്കാൻ നേടാൻ അവൾ തന്നെ അനുവദിച്ചിട്ടില്ല.
കൂലിപണികഴിഞ്ഞു വരുമ്പോൾ അച്ഛൻ കൊണ്ടുവരുന്ന മിഠായിപൊതി ആദ്യം അവളാണ് കയ്യ്ക്കലാക്കുക…എന്നിട്ടവൾക്കാവശ്യമുളളതെടുത്തിട്ട് തനിക്ക് നേരെ നീട്ടുന്ന ബാക്കിയിൽ വരെ അവളുടെ വാശിയും പ്രതിക്കാരവുമുണ്ടാവും
എന്നും എപ്പോഴും അവളുപയോഗിച്ചത്തിന്റ്റെ ബാക്കികൾ മാത്രമായിരുന്നു തനിക്കു ലഭിച്ചിരുന്നത്…ഉടുപ്പുകളും ബുക്കും ചെരിപ്പും എല്ലാം അവളുടെ ബാക്കികൾ…
അവളുടെ വാശികൾ നടത്തികൊടുക്കുമ്പോൾ തകർന്നു പോവുന്ന, തളർന്നു പോവുന്ന തന്റെ കുഞ്ഞുമനസ്സിന്റ്റെ വേദന തന്റ്റെ കുട്ടിക്കാലത്തൊരിക്കലും അച്ഛനുമമ്മയും കണ്ടിരുന്നില്ല.
അഥവാ അവരത് കാണാൻ ശ്രമിക്കുമ്പോഴെല്ലാം ചേച്ചിയവരെ തന്നിൽ നിന്നകറ്റിയിട്ടുണ്ടാവും…
തനിക്കേറെ ഇഷ്ടമുള്ള തന്റെ നീണ്ട മുടിയിഴകൾ ഒരിക്കൽ താനുറങ്ങുമ്പോൾ പകുതിവെച്ചവൾ മുറിച്ചു മാറ്റിയത് തന്റ്റെ യൗവനാരംഭത്തിലാണ്…
പലവട്ടം അതുമുറിക്കാൻ അവൾ പറഞ്ഞപ്പോൾ താൻ അനുസരിക്കാത്തതിലുളള ദേഷ്യം അവൾ തീർത്തത് അങ്ങനെയായിരുന്നു…അന്ന് മനസ്സിലായതാണ് തന്റ്റെ വെളുത്ത നിറത്തോട് തന്നിലെ സൗന്ദര്യമുളള എന്തിനോടും അവൾക്ക് പകയും ദേഷ്യവുംമാണെന്ന്…
പിന്നീടിന്നോളം താൻ മുടിയിഴകൾ അരയ്ക് താഴേക്ക് വളർത്തുകയോ അവൾക്ക് മുന്നിൽ അഴിച്ചിടുകയോ ചെയ്തിട്ടില്ല…
ചേച്ചിക്കൊപ്പം എന്തിനും കൂട്ടുനിൽക്കുന്ന അച്ഛനുമമ്മയും തനിക്ക് ഒരൽത്ഭുതംതന്നെയായിരുന്നു…ഒരിക്കൽ താനവരോട് ചോദിച്ചിട്ടുണ്ട് ഞാനും നിങ്ങളുടെ മകൾ തന്നെയല്ലേന്ന്….
അന്നവരുടെ നിസംഗതയ്ക് മുകളിൽ ഉയർന്നു കേട്ടത് ചേച്ചിയുടെ മറുപടി ആയിരുന്നു…
“”നീ ഇവരുടെ മകളല്ലെടീ…നീ എന്റെ അനിയത്തിയുമല്ല…നിന്നെ അമ്മ പ്രസവിച്ചതാണോയെന്ന് അമ്മയ്ക്ക് തന്നെ സംശയം ആണ്. കാരണം ഞങളെല്ലാം കറുത്തിട്ടാണ്….തടിച്ചിട്ടാണ്…എന്നാൽ നീയോ വെളുത്തൊരു തമ്പുരാട്ടിയും…
നിന്നെ പ്രസവിച്ചന്ന് ആശുപത്രിയിൽ വച്ച് മാറിപോയതാണെന്ന സംശയം ഇവർക്കും നാട്ടുക്കാർക്കുമെല്ലാം ഉണ്ടെടീ…അമ്മ നിന്നെ പെറ്റ ദിവസം ആശുപത്രിയിൽ കുറെ പെണ്ണുങ്ങൾ പെറ്റായിരുന്നു…അപ്പോൾ ഉറപ്പായിട്ടും നീ ഇവരുടെ മകളല്ല…””
ചേച്ചിയുടെ വാക്കുകളെ തടയാനോ ശാസിക്കാനോ ശ്രമിക്കാതെ അച്ഛനുമമ്മയും ഇരുന്നപ്പോൾ മനസ്സിലായി ചേച്ചി പറഞ്ഞത് എല്ലാം അവർ ശരി വെയ്ക്കുന്നുവെന്ന്…
ശരിയാണ്…താനും വീട്ടുക്കാരും പുറമേ പോകുമ്പോൾ തങ്ങളുടെ ഈ വ്യത്യാസം എല്ലാവരും അത്ഭുതത്തോടെ പറയാറുണ്ട്…
പക്ഷേ അപ്പോൾ തന്നെ തങളെ അറിയുന്നവർ പറയാറുണ്ട് താൻ അച്ഛൻ പെങ്ങളെ പോലെയാണെന്ന്…ശരിയാണ് തനിക്കെവിടെയെല്ലാമോ അമ്മായിയുടെ ഛായയുണ്ട്…എന്നിട്ടും ഇവരെന്താ ഇങ്ങനെ….
തന്റെ പഠനം മുടക്കാൻ ചേച്ചി കുറെ ശ്രമിച്ചതാണ്. എന്നാൽ പഠിച്ച ക്ളാസിൽ എല്ലാം ഒന്നാമതെത്തിയിരുന്ന തന്റെ പഠന ചിലവുകൾ വീടിനടുത്തുളള പളളിക്കാർ ഏറ്റെടുത്തപ്പോൾ അവൾ ആദ്യമായി തനിക്കു മുന്നിൽ തോറ്റു.
അതുകൊണ്ട് അതുകൊണ്ട് മാത്രം താനിന്നൊരു ഉയർന്ന വിദ്യാഭ്യാസക്കാരിയാണ്…
രണ്ട് വർഷങ്ങൾക്ക് മുമ്പായിരുന്നു ചേച്ചിയുടെ വിവാഹം…
സമ്പന്നനായ ഒരു തമിഴനായിരുന്നു അവളെ വിവാഹം കഴിച്ചത്. നാട്ടിലെ അറിയപ്പെടുന്ന പലിശക്കാരനായ അയാളെ ചേച്ചി വളച്ചെടുത്തതാണെന്ന് നാട്ടുകാർ പറയാറുണ്ടെങ്കിലും താനതിന്റ്റെ സത്യാവസ്ഥ അറിയാൻ ശ്രമിച്ചിട്ടില്ല.
ആശ്വാസം ആയിരുന്നു തനിക്ക്…സന്തോഷമായിരുന്നു തനിക്കവളുടെ വിവാഹം.
കാരണം കഴിഞ്ഞ രണ്ടു വർഷവും അവളുടെ ശല്യം അധികമുണ്ടായിരുന്നില്ല…
എന്നാലിപ്പോൾ ഇതാ വീണ്ടും അവൾ…..
തങ്ങളുടെ വീടിനടുത്തുള്ള രാജീവേട്ടന് തന്നെ ഇഷ്ടമാണെന്ന് തനിക്ക് ആദ്യം മുതലേ അറിയാമായിരുന്നു. പക്ഷേ ഒരിക്കലും പരസ്പരം അത് തുറന്നു പറഞ്ഞിട്ടില്ല.
പെയ്റ്റിംങ് പണിയാണ് രാജീവേട്ടന്…അമ്മയും രണ്ട് പെങ്ങൻമാരുമുണ്ട്..അവരുടെ ആശ്രയം രാജീവേട്ടനാണ്…
ഇപ്പോഴിതാ രാജീവേട്ടന്റ്റെ ഒരനിയത്തിയുടെ കല്യാണം ആണ്…അതിന്റെ കൂടെ രാജീവേട്ടന്റ്റെയും വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ അവർ തന്നെ പെണ്ണുചോദിച്ചു ഇന്നിവിടെ വന്നിരുന്നു.
അതറിഞ്ഞു പാഞ്ഞെത്തിയതാണ് ചേച്ചി…
തന്നെ രാജീവേട്ടനു കൊടുക്കരുതെന്നു പറയാൻ…!!
വിവാഹം കഴിഞ്ഞു രണ്ടു വർഷമായിട്ടും അവർക്കു മക്കൾ ഉണ്ടാകാത്തത് ചേച്ചിയുടെ കുറ്റമാണ്..
അതുകൊണ്ട് എന്നെ ചേച്ചിയുടെ ഭർത്താവിനു വിവാഹം കഴിച്ചു നൽകണമെന്ന്…!!
പകച്ചുപോയ തന്നെ വിജയ ചിരിയോടെ നോക്കിയാണ് ബാക്കി ചേച്ചി പറഞ്ഞത്…അവിടെ തമിഴ് നാട്ടിൽ അതെല്ലാം പതിവാണെത്രെ…
ചിന്ന വീടുകൾ ധാരാളം ഉണ്ടാവും ഓരോ പണിക്കാരനും…മാത്രമല്ല ചേച്ചിയുടെ ഭർത്താവിന് തന്നെയേറെ ഇഷ്ടമാണെത്രെ…തന്നെ നൽകിയാൽമാത്രമെ ചേച്ചിക്കുമവിടെ തുടർന്ന് നിൽക്കാൻ പറ്റുകയുളളൂ…അല്ലെങ്കിൽ എല്ലാ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് അവൾ മടങ്ങേണ്ടി വരുമെന്ന് പറഞ്ഞപ്പോൾ…..തന്നെ വേറെ വിവാഹം കഴിക്കാൻ അയാളും അവളും സമ്മതിക്കില്ലാന്നറിഞ്ഞപ്പോൾ…അച്ഛനുമമ്മയ്ക്കു എതിർപ്പില്ലായിരുന്നു…അല്ലെങ്കിലും തന്നെ പണ്ടേയവർ അവൾക്ക് തട്ടികളിയ്കാനായ് ഇട്ടുകൊടുത്തിരിക്കുവാണല്ലോ
തന്റ്റെ വിധിനിർണ്ണയം പൂർണമായിരിക്കുന്നിപ്പോൾ…ഇനിയും വയ്യ ഈ അടിമ ജീവിതം….
രക്ഷപ്പെടണം ഇവിടെ നിന്ന്…
ഒരിക്കലും രാജീവേട്ടനരിക്കിലേക്ക് പോവാൻ പറ്റില്ല..കാരണം അനിയത്തിയുടെ കല്യാണം നടത്താൻ അവർ പണം വാങ്ങിയിരിക്കുന്നത് ചേച്ചിയുടെ ഭർത്താവിൽ നിന്നാണ്…
എല്ലാവരെയും എതിർത്തൊരു ജീവിതം….അവർക്കു മുമ്പിൽ അങ്ങനെ ജീവിക്കാൻ തങ്ങൾക്കാവില്ല..
രാജീവേട്ടനാണ് ആ കുടുംബത്തിന്റെ അത്താണി. തന്നെ സ്വീകരിച്ചാൽ എന്നും ചിലപ്പോൾ ദുരിതങ്ങൾ മാത്രമായിരിക്കും ആ കുടുംബത്തിന്….
വേണ്ട….എന്നും എപ്പോഴും ചേച്ചിയുടെ ഇഷ്ടങ്ങൾക്കു മുന്നിൽ തന്റെ പല ഇഷ്ടങ്ങളും താൻ വേണ്ടാന്നുവച്ചിട്ടില്ലേ…?അതിലൊന്നാവട്ടെ രാജീവേട്ടനും..
എന്നും എപ്പോഴും ചേച്ചിയുടെ ബാക്കികൾ മാത്രം സ്വീകരിച്ചു ജീവിച്ച തനിക്കെന്തായാലും ചേച്ചിയുടെ ഭർത്താവെന്ന ഈ ബാക്കി……അവളുടെ ഈ എച്ചിൽ…അതു വേണ്ട…..അതെന്നും അവൾക്കിരിക്കട്ടെ….
ഒരിക്കലെങ്കിലും തനിക്ക് ജയിക്കണം അവൾക്ക് മുന്നിൽ….
പിറ്റേ ദിവസം പ്രഭാതം രേഖയുടെ വീടുണർന്നത് അവളില്ലാതെയാണ്…
തനിക്കെടുക്കാനുളളതെല്ലാം എടുത്തവൾ ദൂരെയൊരിടത്തേക്ക് തന്റ്റെ സ്വതന്ത്ര ജീവിതം തേടി ഒറ്റക്ക് ഒളിച്ചോടിയപ്പോൾ ആ നാട്ടുക്കാരും വീട്ടുകാരും തിരയുകയായിരുന്നു…
അവൾക്കൊപ്പം ഒളിച്ചോടിയ പുരുഷനെ…
അങ്ങനെയൊരാളില്ലാന്നറിയാതെ….
ഈ ലോകത്തൊരു പെണ്ണിനു ജീവിക്കാൻ കൂടെയൊരു പുരുഷനില്ലങ്കിലും സാധിക്കുമെന്ന് അവർ തിരിച്ചറിയുന്ന കാലംവരെ അവരാ തിരച്ചിൽ തുടരുക തന്നെ ചെയ്യും…..തുടരട്ടെ….