ഇനി കൂടുതലൊന്നും കാത്ത് നിൽക്കേണ്ട. നാളെ തന്നെ നിക്കാഹങ്ങ്‌ നടത്തിയാലോ എന്ന് ഞാൻ പെണ്ണ് കാണലിന്റെ അന്ന് തന്നെ…

Story written by Sameer Ilan Chengampalli

=================

പിടക്കണ മീനിനെ എത്ര നേരാ പൂച്ച ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാ. ഒന്നുകിൽ പിടക്കണ മീനിനല്പം വിവരം വേണം ,അല്ലെങ്കിൽ പൂച്ചക്ക് അല്പം ഉളുപ്പ് വേണം.

ലീവ് തീരാൻ ഇനി വെറും ഏഴ് ദിവസമേ ബാക്കിയുള്ളൂ.

ആദ്യത്തെ പത്ത് ദിവസം പെണ്ണിനെ തപ്പി നടന്നു.നാട്ടിൽ തേങ്ങയെക്കാൾ കൂടുതൽ പെണ്ണുങ്ങളുണ്ടെങ്കിലും എന്റെ നേരെ കഴുത്ത് നീട്ടാൻ തയ്യാറായവൾ ഈ ഒരുത്തി മാത്രമായിരുന്നു.

ഇനി കൂടുതലൊന്നും കാത്ത് നിൽക്കേണ്ട. നാളെ തന്നെ നിക്കാഹങ്ങ്‌ നടത്തിയാലോ എന്ന് ഞാൻ പെണ്ണ് കാണലിന്റെ അന്ന് തന്നെ കൂടെ വന്ന അളിയനോട് സൂചിപ്പിച്ചു നോക്കി.അന്നേരം അവനെന്റെ മുഖത്തേക്കൊന്ന് നോക്കി.

” കഷ്ടം തന്നെ മുതലാളി തന്റെ കാര്യം” എന്നൊരു ധ്വനിയുണ്ടായിരുന്നു ആ നോട്ടത്തിൽ.

” കഷ്ടപ്പാടുകൊണ്ടാണ് അളിയാ ” എന്ന് ഞാൻ തിരിച്ചൊന്ന് നോക്കികൊണ്ട് പറയാതെ പറഞ്ഞു.

അളിയന് എന്റെ ദയനീയാവസ്ഥ മനസ്സിലായതുകൊണ്ട് അവൻ എങ്ങനെയെക്കൊയോ പത്ത് ദിവസങ്ങൾക്കൊണ്ട് കെട്ട് നടത്താമെന്ന തീരുമാനത്തിൽ എത്തിച്ചു.

ആദ്യ രാത്രി.

നമ്ര ശിരസ്കയായി അവൾ മണിയറയിലേക്കെത്തിയതും ഞാൻ കാര്യത്തിലേക്ക് കടന്നു.

” സുഹ്‌റ….നീ എത്ര സുന്ദരിയാണ് ?? ”

അവൾ മുഖത്തോട്ടൊട്ടും നോക്കീല്ല.

ഞാൻ വീണ്ടും തുടർന്നു.

” നിന്റെ സൗന്ദര്യം എന്നെ മത്ത്പിടിപ്പിക്കുന്നു.”

എന്റെ വാല് എന്തിനാണ് പൊങ്ങുന്നതെന്ന് അവൾ മനസ്സിലാക്കുന്നതുവരെ ഇങ്ങനെ കടിച്ചാൽ പൊട്ടാത്ത വർണ്ണനകൾ നടത്തിയാലേ രക്ഷയുള്ളൂ.

” നീ എന്താ ഒന്നും പറയാത്തെ ???..”

” ഇക്കാ… ഒന്നും തോന്നരുത് വല്ലാത്ത ക്ഷീണം. ക്യാമറയുടെ ലൈറ്റ് കൊണ്ടാണെന്ന് തോന്നുന്നു നല്ല തലവേദനയും ഉണ്ട്.”

അവളുടെ അപ്രതീക്ഷിത മറുപടി കേട്ടതും എന്റെ വികാരങ്ങളെല്ലാം ആലില വീഴുന്നപോലെ താഴേക്ക് ”ശൂ” എന്നായിപ്പോയി.

ക്യാമറയും ആൽബവും ഒന്നും വേണ്ടാ എന്ന് ഞാൻ അളിയനോട് മുന്നേ പറഞ്ഞതായിരുന്നു.ആ സാമ ദ്രോഹിയുടെ നിർബന്ധം കാരണം ഇപ്പോൾ പണി കിട്ടിയത് എനിക്കാണ്.

”സ്പർശനമേ പാപം, ദർശനമേ പുണ്യം” എന്ന ശ്ലോകം മനസ്സിൽ ഉരുവിട്ടുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

പിറ്റേ ദിവസത്തെ പ്രഭാതമായതും അവളൊരു ഗ്ലാസ് കട്ടൻ ചായയും കയ്യിലേന്തിക്കൊണ്ട് മുറിയിലേക്ക് കടന്നുവന്നു. താടിയിലേക്ക് ഒലിച്ചിറങ്ങിയ കേയ തുടച്ചുകൊണ്ട് ഞാൻ കിടക്കയിൽ അറ്റെൻഷൻ ഇരുന്നു.

” ഇക്കാ..സോറി, ഇന്നലെ ഞാൻ കാരണം നമ്മുടെ ഫസ്റ്റ് നൈറ്റ് കുളമായല്ലേ ?? ”

” അതെ…” എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല.

” ആദ്യം ആക്ഷൻ, അതുക്കപ്പുറം പേച്ച് ” എന്ന മമ്മൂട്ടി ഡയലോഗ് മനസ്സിൽ വന്നതും ഞാൻ അവളുടെ ചുമലിൽ കൈവെച്ചു.

അപ്പോഴതാ….

” ഷുക്കൂറെ, കുട്ടികൾ സ്‌കൂളിൽ പോകാൻ നിന്നെ കാത്ത് നിൽക്കാൻ തുടങ്ങീട്ട് കുറെ നേരായി. നീ വരുന്നുണ്ടോ ?? ”

ഉമ്മയാണ്. പെങ്ങളുടെ മക്കൾ കാറിലേ സ്‌കൂളിൽ പോകുള്ളൂത്രെ.

സ്‌കൂളിലെ ടീച്ചർമാരെ വായിൽ നോക്കാൻ ഞാൻ തന്നെ കണ്ടുപിടിച്ച തന്ത്രം എനിക്ക് നേരെ തിരിയാൻ തുടങ്ങിയിരിക്കുന്നു.

ഞാൻ അളിയനെയും പെങ്ങളെയും മനസ്സിൽ പ്രാകിക്കൊണ്ട് മുറിവിട്ട് പുറത്തിറങ്ങി. ഇനി നാളെ മുതൽ സ്‌കൂളിൽ കൊണ്ടുപോകാൻ നിങ്ങളുടെ ഉപ്പാനോട് പറ എന്ന താക്കീത് നൽകിയതിന് ശേഷമാണ് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്‍തത്.

ഉച്ച സമയമായി.

ചുമ്മാ അടുക്കളയിലിരുന്ന് ചുറ്റി തിരിയുകയായിരുന്ന അവളോട് ഞാൻ സ്വകാര്യമായി ചോദിച്ചു.

” നിനക്ക് ഉച്ചക്ക് ഉറങ്ങുന്ന ശീലമൊന്നും ഇല്ലേ?…”

പക്ഷെ മറുപടി പറഞ്ഞത് പെങ്ങളാണ്.

” അവൾക്ക് ആ ശീലമില്ലത്രേ… നിനക്കത് ഒട്ടും ഇല്ലല്ലോ , എന്താ…ഇന്നലെ മുതൽ പുതിയ ശീലങ്ങളൊക്കെ തുടങ്ങിയോ ??

അവളുടെ അർത്ഥമുനയുള്ള നോട്ടവും ആളെ ഐസാക്കിക്കൊണ്ടുള്ള ചിരിയും കൂടെ കണ്ടപ്പോൾ തന്നെ എന്റെ പ്രണയകൂടാരം അവിടെ തകർന്നുപോയി.

വേവും വരെ കാത്തതുകൊണ്ട് ആറും വരെ കാക്കാം എന്നാണല്ലോ ചൊല്ല്, ഞാൻ ക്ഷമയോടെ ഏഴു മണി വരെ എത്തിച്ചു.

പെട്ടെന്നതാ സുഹ്‌റ നിന്ന് പൊട്ടിക്കരയുന്നു.

അവളുടെ ഉമ്മുമ്മക്ക് തളർച്ച വന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ടത്രെ..സംഗതി അല്പം ക്രിട്ടിക്കലാണ്.

നാളെ രാവിലെ സൂര്യനുദിക്കുന്നതിന് മുൻപേ ഇക്ക കൊണ്ട് പോകാല്ലോ എന്റെ മോളെ എന്ന് പറഞ്ഞു നോക്കിയതായിരുന്നു ഞാൻ.

അപ്പോൾ ഉമ്മ

” ആ കുട്ടി കരയുന്നത് കണ്ടില്ലേ ഷുക്കൂറെ, അതിനെ വളർത്തി വലതുതാക്കിയ ആളല്ലേ,ഇപ്പൊ തന്നെ പോയാൽ എന്താ ബുദ്ധിമുട്ട് ??”

ആ ബുദ്ധിമുട്ട് എന്താണെന്ന് പറയണമെന്നുണ്ട്, പക്ഷെ പെറ്റ തള്ളയോട് അത് എങ്ങനെയാ പറയാ.

ഹോസ്പിറ്റലെങ്കിൽ ഹോസ്പിറ്റൽ ,ചലോ ചലോ ഹോസ്പിറ്റൽ ചലോ ..

ICU റൂമിന്റെ വരാന്തയിൽ കൊതുക് കടിയും കൊണ്ട് ഉറക്കം വരാതെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നേരം വെളുപ്പിച്ചു.

നേരം വെളുത്തതും ഉമ്മുമ്മ കറണ്ട് വന്നതുപോലെ കണ്ണ് തുറന്നു. സോഡിയം അല്പം കുറഞ്ഞു പോയത്കൊണ്ട് മയങ്ങി വീണതാണ്. ഇപ്പൊ പുള്ളിക്കാരി പെർഫെക്റ്റ് ഓക്കേ ആണ്.

കണ്ണ് തുറന്ന ഉമ്മുമ്മയുടെ ചുറ്റും എല്ലാവരും ഇരുന്നു. ഉമ്മുമ സംസാരിക്കാൻ തുടങ്ങി.

ഉമ്മുമക്ക് ഇനി ജീവിതത്തിൽ ഒരേ ഒരു ആഗ്രഹം മാത്രമേ കാണാൻ ബാക്കിയുള്ളൂ.

സുഹറയുടെ കുട്ടിയെകൂടെ കാണണം.

ആഗ്രഹമൊക്കെ ശെരിയാണ്, പക്ഷെ അതിന് ഉമ്മുമ കൂടെ സമ്മതിക്കണമെന്ന് പറയാൻ വാ തുറന്നതും അവൾ ദയനീയ ഭാവത്തിൽ എന്റെ മുഖത്തേക്ക് നോക്കി.

ഞാൻ വാ പൂട്ടിവെച്ച് നിഷ്കളങ്കത അഭിനയിച്ചു.

സമയം ഉച്ച തിരിഞ്ഞ് നാല് മണിയായതും ഞാൻ അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.

ഇനി മുന്നിലുള്ളത് വെറും മൂന്ന് ദിവസമാണ്.

അത് അടിച്ചു പൊളിക്കണം.

രാത്രി ഒമ്പത് മണിയാകുന്നതിന് മുൻപേ ഞാൻ തലവേദന അഭിനയിച്ച് മുറിയിൽ കേറി കിടന്നു. എന്റെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയ അവൾ അടക്കളയിലെ ജോലികളെല്ലാം വേഗത്തിൽ പൂർത്തിയാക്കി മുറിയിലേക്ക് വന്നു.

ഇതാ ആസന്നമായ ആ നിമിഷം എത്തി കഴിഞ്ഞിരിക്കുന്നു. ഇനി എന്തും സംഭവിക്കാം.

മനസ്സിൽ ഒരു ഫൈനൽ മാച്ച് നടക്കാൻ പോകുന്ന പ്രതീതി.

പെട്ടെന്നതാ പുറത്ത് നിന്നൊരു വിളി.

” ഷുക്കൂറെ ….”

പെങ്ങളാണ്…ഈ കുരിപ്പ് ഇത് എന്ത് ഭാവിച്ചാണ്??

ഞാൻ മനസ്സില്ലാ മനസ്സോടെ വാതിൽ തുറന്നതും. അവൾ …

” ഡാ ഇക്കയുടെ പച്ചക്കറി വണ്ടി ഒരു ജീപ്പിന് ഇടിച്ചല്ലോ. തലവേദനക്ക് കുറവുണ്ടെൽ നീ ഒന്ന് പോയി നോക്കുമോ ???”

ഞാൻ സുഹറയുടെ മുഖത്തേക്ക് നോക്കി. അവൾ ദയനീയ ഭാവത്തിൽ തിരിച്ചും.

” സാരല്യ മോളെ,യോഗം വേണം “

അഴയിൽ തൂക്കിയിട്ട ഒരു ടീ ഷർട്ടും ഇട്ടുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.

ഇൻഷുറൻസ് തെറ്റിയ വണ്ടിയുംകൊണ്ട് പച്ചക്കറി കച്ചോടം നടത്താൻ ഇറങ്ങുന്നതിന് മുൻപേ ഞാൻ അവന് വാണിംഗ് നൽകിയിരുന്നു. ഈ പണി നല്ലതിനല്ല എന്ന്.

പോലീസ് സ്റ്റേഷനിൽ പാറാവുകാരന് കൂട്ട് നിൽക്കുകയായിരുന്ന അളിയനെ എസ് ഐ യുടെ കാല് പിടിച്ച് ഒരുവിധം വെളിയിലിറക്കി. ആ വകയിൽ പതിനായിരം രൂപ അങ്ങനെയും പോയി കിട്ടി.

വീട്ടിലെത്തിയതും ഉമ്മയും പെങ്ങളും അളിയന്റെ നേരെ കരഞ്ഞുകൊണ്ട് ഓടി വന്നു.

” മോനെ …അനക്ക് എന്തേലും പറ്റിയോ ??..”

പറ്റിയത് അവനല്ല തള്ളെ എനിക്കാണ് എന്ന് ഞാൻ മനസ്സിൽ ഉത്തരം പറഞ്ഞു.

സുഹ്‌റ മുറിയിൽ തന്നെ കാണണമേ എന്ന പ്രാർത്ഥനയിൽ മുറിയിൽ കേറാൻ തുടങ്ങിയതും പിറകെ നിന്ന് ഉമ്മ

” ഡാ ഷുക്കൂറെ, നിന്റെ അമ്മോൻ ഇന്നാണ് ഉംറക്ക് പോകുന്നതെന്ന് നീ മറന്നോ??, രാത്രി 2 മണിക്കാണ് ഫ്‌ളൈറ്റ് ,മൂപ്പര് അന്നെ ഓർമ്മിപ്പിക്കാൻ വിളിച്ചിരുന്നു.”

അത് കൂടെ കേട്ടതും എന്റെ മനസ്സിലെ അഗ്നിപർവ്വതം പൊട്ടി മേലോട്ട് ഉയർന്നു.ഞാൻ പോലും അറിയാതെ

” ഇനി ആരേലും പോകാനുണ്ടോ തള്ളെ, മനുഷ്യനായാൽ അല്പം വക തിരിവ് വേണം. ആദ്യ രാത്രി അവളുടെ ഉമ്മാന്റെ തലവേദന, പിറ്റേ ദിവസം ഉമ്മുമ്മാന്റെ ഒലക്കമ്മലെ ഹോസ്പിറ്റൽ കേസ്, മാങ്ങാത്തൊലി അളിയന്റെ ആക്സിഡന്റ്, കുട്ടികളുടെ സ്‌കൂൾ, പലചരക്ക് കട, റേഷൻ കട, വല്ലിപ്പാന്റെ മുറുക്കാൻ തൊലി ….

ഞാനും ഒരു മനുഷ്യനാണ്. എനിക്കും ഉണ്ട് വിചാരങ്ങളും വികാരങ്ങളും.

അടുത്ത ബുധനാഴ്ചയാണ് ഞാൻ പോകുന്ന ദിവസം. അതിന് മുൻപ് ഞാൻ പറയുന്നത് വരെ ആ മുറിക്ക് പുറത്ത് നിങ്ങളിൽ ഒരുത്തനേം കണ്ടു പോകരുത്.

കണ്ടാൽ ഷുക്കൂർ ആരാണെന്ന് നിങ്ങൾ അറിയും….

cultureless ഫൂൾസ്…”

ഉമ്മ ഒന്നും മനസ്സിലാകാതെ പെങ്ങളെ നോക്കി. പെങ്ങൾ കണ്മിഴിച്ച് സുഹ്‌റയെ നോക്കി.

സുഹ്‌റ ഈ രാജ്യക്കാരിയേ അല്ലാ എന്ന ഭാവത്തിൽ മുറിയിലേക്ക് നടന്നു.

~സമീർ ചെങ്ങമ്പള്ളി