ജനനി ❤
Story written by Bindhya Balan
==================
“ആരോട് ചോദിച്ചിട്ടാടി നീയെന്റെ മുറിയിൽ കയറിയത്.. ഇപ്പൊ ഇറങ്ങിക്കോളണം.. വെറുതെ എന്റെ സ്വഭാവം മാറ്റരുത് “
കുളി കഴിഞ്ഞു ബാത്റൂമിൽ നിന്നിറങ്ങി വരുമ്പോൾ കണ്ടത്, ഷെൽഫിൽ അലങ്കോലമായി കിടക്കുന്ന പുസ്തകകങ്ങൾ അടുക്കി വയ്ക്കുന്ന ജനനിയെയാണ്..
പെട്ടന്നവളെ റൂമിൽ കണ്ടപ്പോൾ ദേഷ്യം ഇരച്ചു കയറിയെനിക്ക്. കാര്യം എന്റെ അമ്മാവന്റെ മകൾ ആണെങ്കിലും എനിക്കെന്തോ ജനനിയെ ഇഷ്ടമല്ല.
കലിയടങ്ങാതെയുള്ള എന്റെ ചോദ്യവും നിൽപ്പും കണ്ടിട്ടും ഒട്ടും ഗൗനിക്കാതെ ചെയ്തു കൊണ്ടിരുന്ന പണി അവൾ തുടർന്നു.
“നിനക്കെന്താടി ചെവി കേട്ടൂടെ.. എന്റെ മുറിയിൽ നിന്നിറങ്ങിപ്പോകാൻ “
ഞാൻ വീണ്ടും അലറി. എനിക്ക് മുഖം തരാതെ അവൾ വേഗം പറഞ്ഞു
“ശ്ശെടാ… ഇതിപ്പോ നല്ല കാര്യമായിപ്പോയി. ഒരുപകാരം ചെയ്യാമെന്ന് കരുതിയപ്പോ എന്നോട് നന്ദി പറയേണ്ടതിനു പകരം ഇങ്ങനെ നിന്നു കാവടി തുള്ളുവാണോ വേണ്ടത്. വലിയ ഡോക്ടർ ഒക്കെ ആയിട്ടും ഇതൊന്നും അറിയില്ലേ.. അയ്യേ.. “
“നിന്നോട് ഞാൻ പറഞ്ഞോടി പുല്ലേ ഇതൊക്കെ ചെയ്യാൻ.. ഇറങ്ങിപ്പോടി.. “
പല്ല് ഞെരിച്ചു ഞാൻ അലറി..
അവൾ തിരിഞ്ഞെന്നെ നോക്കി. അവളുടെ മുഖം കണ്ടതും എനിക്ക് പിന്നെയും ദേഷ്യം കൂടി. അല്ലെങ്കിലും അവളുടെ നെറ്റിയിലെ ആ കറുത്ത വട്ടപ്പൊട്ട് കാണുമ്പോൾ തന്നെ എനിക്ക് കലി വരും. ആ ദേഷ്യത്തിന്റെ കാരണം എനിക്ക് അറിയില്ല. വെറുതെ ഒരു ദേഷ്യം.
അവളുടെ നോട്ടം കണ്ടു ഞാൻ ചോദിച്ചു
“ആരെയാടി നീ കണ്ണുരുട്ടി പേടിപ്പിക്കുന്നത്. പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട് നിന്നോട് എന്നെയിങ്ങനെ തുറിച്ചു നോക്കരുതെന്നു. ഇനീം നീയിങ്ങനെ നോക്കിയാല് നിന്റെയീ തവളക്കണ്ണു രണ്ടും ഞാൻ കുത്തിപ്പൊട്ടിക്കും.. കേട്ടോടി കൊള്ളിക്കുഞ്ഞേ “
കുട്ടിക്കാലത്ത് അവളുടെ മെലിഞ്ഞ ശരീരം കണ്ട് ഞാൻ വിളിച്ച ഇരട്ടപ്പേരായിരുന്നു കൊള്ളിക്കുഞ്ഞ് എന്ന്. അങ്ങനെ വിളിച്ചപ്പോഴൊക്കെ എന്ത് മാത്രം ഇടി ഞാൻ കൊണ്ടിരിക്കുന്നു,അവൾ എന്ത് മാത്രം കരഞ്ഞിരിക്കുന്നു. ഇന്നും അങ്ങനെ വിളിച്ചാൽ അവൾക്ക് ദേഷ്യവും സങ്കടവും വരും. അതറിയാവുന്നത് കൊണ്ട് തന്നെയാണ് ഞാൻ അവളെ അങ്ങനെ വിളിച്ചത്. അവൾ കരഞ്ഞു കാണാൻ…
അതങ്ങ് കേട്ടതും പെയ്യാനൊരുങ്ങി അവളുടെ കണ്ണുകൾ നിറഞ്ഞെങ്കിലും,പക്ഷെ കരയില്ലെന്നുള്ള വാശിയോടെ ചുണ്ടുകൾ കൂർപ്പിച്ചു അവൾ പറഞ്ഞു
“ദേ ചെറുക്കാ എന്നെയിനീം അങ്ങനെ വിളിച്ചാലുണ്ടല്ലോ… ഈ ജാനീടെ സ്വഭാവം മാറും പറഞ്ഞേക്കാം. അല്ല മനുഷ്യാ നിങ്ങൾക്കിതെന്തിന്റെ കേടാണ്.. എന്നെ എപ്പോ കണ്ടാലുമൊരു കാവടി തുള്ളൽ. കുറെ നാളായി ഞാനിത് സഹിക്കുന്നു. ഇന്നെനിക്കു ഇതിന്റെ കാരണം അറിയണം.. “
“പറയാനെനിക്ക് സൗകര്യമില്ല.. നീയെന്ത് ചെയ്യും? “
ഞാനും വിട്ടു കൊടുത്തില്ല. അവളൊന്നും മിണ്ടാതെ കുറച്ചു നേരമെന്നേ നോക്കി നിന്നിട്ട്, മെല്ലെ മുറിക്കു പുറത്തേക്കിറങ്ങി. പിന്നെ തിരിഞ്ഞു നോക്കാതെ വീറോടെ പറഞ്ഞു
“എന്നോട് ഒരുപാട് ഇഷ്ട്ടം ഉണ്ടായിരുന്ന വിച്ചേട്ടൻ ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. ആ വിച്ചേട്ടന്റെ ജാനീന്നുള്ള വിളിയും…. ഈ ജീവിതകാലം മുഴുവൻ നിങ്ങളെ സ്നേഹിക്കാൻ എനിക്കത് മതി മനുഷ്യാ.. നിങ്ങളെന്നെ വെറുത്തോ എത്ര വേണേലും…. മേലേടത്തു വീട്ടിലേ വിഷ്ണുദത്തൻ വെറുത്തൂന്നു വച്ച് ഈ ജനനിക്ക് ഒരു ചുക്കുമില്ല “
തിരിച്ചൊന്നും പറയാതെ പല്ല് ഞെരിച്ചു കൊണ്ട് വാതിൽ വലിച്ചടക്കുമ്പോൾ, അകന്ന് പോകുന്ന കൊലുസിന്റെ താളത്തിനൊപ്പം അവളുടെ തേങ്ങൽ കേട്ടുവോ…?
അവളോടുള്ള കലി അടങ്ങാതെ ഷെൽഫിൽ നിന്നൊരു സിഗ രറ്റ് എടുത്തു കത്തിച്ചു പുക ആഞ്ഞു വലിക്കുമ്പോൾ മനസ് കുറെ വർഷം പിന്നിലേക്ക് പോയി.
ഓർമ വച്ച കാലം മുതൽ വിച്ചേട്ടാന്നു വിളിച്ച് എന്റെ വിരലിൽ തൂങ്ങി നടന്നിരുന്നൊരു പെറ്റിക്കോട്ടുകാരിയെ ഓർമ വന്നു.
അവളുടെ പൊട്ടുവർത്തമാനങ്ങൾക്കും കലപിലകൾക്കും കാതും മനസും കൊടുക്കാറുണ്ടായിരുന്നൊരു മുറിനിക്കറുകാരനെ ഓർമ വന്നു.
അമ്മാവന്റെ മകൾ.. കളിക്കൂട്ടുകാരി..എന്നും ഈ വിഷ്ണുവിനോട് ചേർന്ന് കൂടെയുണ്ടായിരുന്നവൾ .
പെറ്റിക്കോട്ടിൽ നിന്നും കുട്ടിനിക്കറിൽ നിന്നുമെല്ലാം വളർന്ന് വലുതായെങ്കിലും ഒന്നിച്ചൊന്നായി നടന്നവർ.
അവൾ വലിയ കുട്ടിയായി എന്നറിഞ്ഞ നിമിഷം, കുടുക്കയിൽ കൂട്ടി വച്ച കാശ് കൊണ്ട് അവൾക്ക് ഏറെ ഇഷ്ട്ടമുള്ള പച്ചയിൽ കസവു കരയുള്ള പട്ടുപാവാടയും ധാവണിയും,കറുത്ത പൊട്ടും വാങ്ങി ആ കൈകളിൽ വച്ച് കൊടുക്കുമ്പോൾ, എന്റെ വിച്ചേട്ടനാട്ടോ എന്ന് പറഞ്ഞൊരു ചിരിയോടെ എന്റെ കവിളിൽ ചുണ്ടുരുമ്മി അകത്തേക്ക് ഓടിപ്പോകുന്നവളോട് കൂടെ കളിച്ചു വളർന്നവൾ എന്നതിനപ്പുറം മറ്റൊരിഷ്ടം അന്നോളം തോന്നിയിട്ടില്ലായിരുന്നു. പക്ഷെ പിന്നിൽ നിന്നത് കണ്ട അമ്മാവന്റെ കണ്ണിൽ അതൊരു വലിയ അപരാധം തന്നെ ആയിരുന്നു. ഒന്നുമറിയാതെ നിന്ന എന്റെ ചെവിയടച്ചോരെണ്ണം തന്നിട്ട് അമ്മാവൻ പറഞ്ഞതിപ്പോഴും എന്റെ കാതിൽ ഉണ്ട്
“പെങ്ങളുടെ മോനാണെന്നൊന്നും നോക്കില്ല അസത്തെ ഞാൻ.. വേണ്ടാത്ത വല്ല വിചാരവും എന്റെ മോളെക്കുറിച്ചു നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ അതിപ്പഴേ അങ്ങ് കളഞ്ഞേക്ക്.. ഇനി മേലാൽ നിന്നെയീ വീട്ടിലോ പറമ്പിലോ കണ്ടു പോകരുത്. ഇറങ്ങിപ്പോടാ തെമ്മാടി “
ഒന്നുമറിയാത്തൊരു പതിനാലുകാരന്റെ മനസ്സിൽ ഒരിക്കലും ഉണങ്ങാത്തൊരു മുറിവുണ്ടാക്കിക്കൊണ്ടാണ് ആ വാക്കുകൾ ചെവിയിൽ വന്ന് വീണത്.
അന്ന് തൊട്ട് അമ്മാവനോട് വെറുപ്പായിരുന്നു മനസ്സിൽ. ആ വെറുപ്പ് അവളിലേക്കും പടരാൻ അധികം സമയം വേണ്ടി വന്നില്ല. അച്ഛനും അമ്മയും എല്ലാവരും മാറി മാറി ചോദിച്ചിട്ടും ശകാരിച്ചിട്ടും ഞാൻ ആരോടും ഒന്നും പറഞ്ഞില്ല.. ഭയമായിരുന്നു മനസ്സിൽ, എല്ലാവരും എന്നെ കുറ്റപ്പെടുത്തിയാലോ എന്ന്.
പിന്നെയങ്ങോട്ട് വാശി ആയിരുന്നു.. ആട്ടിയിറക്കിയ അമ്മാവന്റെ മുന്നിൽ തല ഉയർത്തി നിൽക്കണം. പഠിച്ചു… അച്ഛന്റെ ആഗ്രഹം പോലെ ഡോക്ടർ ആയി..മെഡിസിൻ പഠനം പൂർത്തിയാക്കി ഒരു ഡോക്ടർ ആയി നാട്ടിൽ തിരിച്ചെത്തിയെങ്കിലും ഒരു പക വീട്ടലിനു ഇടം തരാതെ അമ്മാവൻ ഈ ഭൂമി വിട്ടു പോയിരുന്നു.
അമ്മാവൻ മരണാനന്തര കർമ്മങ്ങൾപോലും ഞാൻ ചെയ്തില്ല.. ആ വീട്ടിൽ കയറിയില്ല ഞാൻ..വാശി ആയിരുന്നു എനിക്ക്.. പക ആയിരുന്നു…
മരിച്ചവരോട് വാശി കാണിക്കരുതെന്നു പലരും മാറി മാറി പറഞ്ഞിട്ടും എനിക്കത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഞാനും അമ്മാവനും തമ്മിലുള്ള വഴക്കും വാശിയും ഒന്നുമറിയാതെ ജനനി പഴയത് പോലെ തന്നെ ആ വായാടിപ്പെണ്ണായി എന്റെ പിന്നാലെ നടന്നു. അവളെ കാണുമ്പോഴെല്ലാം അമ്മാവൻ പറഞ്ഞ വാക്കുകളും അടിയുടെ ചൂടും ഓർമ വരും. ഒക്കെയും ജാനി കാരണമാണ് എന്ന് തോന്നുമ്പോൾ അവളോടുള്ള ദേഷ്യം പിന്നെയും കൂടും.
“വിഷ്ണു.. വാതിൽ തുറന്നേടാ.. “
ചിന്തകളുടെ ചരട് മുറിച്ചു കൊണ്ട് അമ്മയുടെ സ്വരമാണ് എന്നെ ഉണർത്തിയത് . കയ്യിലെ സിഗരറ്റ് ജനൽ വഴി പുറത്തേക്കെറിഞ്ഞു പുക മണം വീശിക്കളഞ്ഞു കൊണ്ട് ഞാൻ വാതിൽ തുറന്നു.
“എന്താ അമ്മേ. “
“നീയിന്നും ജാനിമോളെ കരയിച്ചോ.. മോള് സങ്കടപ്പെട്ടാണല്ലോ പോയത് “
അമ്മ ദേഷ്യത്തിലാണ്.
“അവളെ ഞാൻ കരയിച്ചൊന്നുമില്ല. അമ്മയോട് ഞാൻ ആയിരം തവണ പറഞ്ഞിട്ടുണ്ട് അവളെ ഇവിടെ കയറ്റരുതെന്നു.. “
ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
“ന്റെ വിച്ചാ.. നിനക്കെന്താ ജാനിമോളോട് ഇത്ര ദേഷ്യം.. കുഞ്ഞുന്നാളിൽ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അതൊക്കെ കഴിഞ്ഞില്ലേടാ.. നീയിപ്പഴും അതൊക്കെ മനസ്സിലിട്ട് നടക്കുവാനോ.. ഒന്നുമല്ലെങ്കിലും ഒരു ഡോക്ടർ അല്ലേടാ നീ.. “
“അമ്മ എന്തൊക്കെ പറഞ്ഞാലും അവള് ഇവിടെ വരുന്നത് എനിക്ക് ഇഷ്ടം അല്ല. ഞാൻ ഇവിടെ ഉള്ളപ്പോൾ മേലാൽ അവളെ ഇതിനകത്ത് കണ്ടു പോകരുത് “
അത്രയും പറഞ്ഞിട്ട് അമ്മയ്ക്കെന്തെങ്കിലും പറയാൻ ഇട കൊടുക്കാതെ ഞാൻ ബുള്ളറ്റിന്റെ താക്കോലുമെടുത്ത് മുറ്റത്തേക്കിറങ്ങി
🌷🌷🌷🌷🌷🌷🌷
“വിഷ്ണു.. മോനേ.. വിച്ചാ വാതിൽ തുറക്കെടാ.. “
രാവിലെ കരഞ്ഞു കൊണ്ടുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. ചാടിയെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്ന് അമ്മയോട് കാര്യം തിരക്കുമ്പോൾ വലിയൊരു പൊട്ടിക്കരച്ചിലോടെ അമ്മ പറഞ്ഞു
“മോനേ.. സാവിത്രി.. സാവിത്രി പോയെടാ… “
കേട്ടത് വിശ്വസിക്കാനാകാതെ തരിച്ചു നിന്ന് പോയി ഞാൻ.
അമ്മയെ കൈകളിൽ താങ്ങി, ഇനിയൊരിക്കലും കാല് കുത്തില്ല എന്നുറപ്പിച്ചു ഒരിക്കലിറങ്ങിപ്പോന്ന ആ വീട്ടുമുറ്റത്തേക്ക് വീണ്ടും കയറിചെല്ലുമ്പോൾ ശരീരത്തിന്റെ ബലം കുറയുന്നത് പോലെ തോന്നിയെനിക്ക്.
വെട്ടി വിരിച്ചിട്ട വാഴയിലയിൽ കോടി പുതപ്പിച്ചു കിടത്തിയിരിക്കുന്ന അമ്മായിയെ കാൺകെ ഉള്ളിലെവിടെയോ ഒരു നോവ് പൊട്ടുന്നു. തൊട്ടരികിൽ കരഞ്ഞു തളർന്ന് അവളും. അമ്മയെ കണ്ടതും അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു പെയ്യാൻ തുടങ്ങി. അവളുടെ നിലവിളിയും പതം പറച്ചിലും കേട്ട് നിൽക്കാൻ കഴിയാത്ത വിധമെന്നെ തളർത്തുന്നുണ്ടായിരുന്നു.
ഏറെ നാളുകൾക്ക് ശേഷം അമ്മായിയെ ഓർത്ത്.. അമ്മാവനെ ഓർത്ത്.. ജാനിയെ ഓർത്തെന്റെ മനസ് നൊന്തു.
കർമ്മങ്ങളെല്ലാം യഥാ വിധി ചെയ്ത്, ചിതയിലേക്ക് തീ പകരുമ്പോൾ അമ്മാവനോടും അമ്മായിയോടും ഉള്ളിൽ ഞാൻ മാപ്പിരക്കുകയിരുന്നു.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. ഞങ്ങൾ രണ്ടു വീട്ടുകാർ മാത്രമായി അവിടെ. എനിക്കെന്തോ അധികനേരമെവിടെ നിൽക്കാൻ തോന്നിയില്ല.
“ഞാൻ വീട്ടിലേക്ക് പോകുവാണ് “
എന്ന് മാത്രം പറഞ്ഞ് അവിടെ നിന്നിറങ്ങിപ്പോരുമ്പോൾ എനിക്ക് നേരെ നീണ്ട രണ്ടു നിറഞ്ഞ കണ്ണുകൾ എന്നെ കൊത്തി വലിക്കുന്നുണ്ടായിരുന്നു.
പിന്നെയുള്ള പതിനാറു ദിവസവും അമ്മ അവളോടൊപ്പം തറവാട്ടിൽ തന്നെയായിരുന്നു.
ചടങ്ങുകൾ എല്ലാം അവസാനിച്ച അന്ന് വൈകിട്ട് വീട്ടിൽ വന്നിരുന്നു കരയുന്ന അമ്മയെ കണ്ട് അടുത്ത് ചെന്ന് കാര്യം തിരക്കിയപ്പോൾ കരച്ചിലോടെ അമ്മ പറഞ്ഞു
“ജാനിമോളെ ഞാനൊത്തിരി വിളിച്ചതാ മോനേ ഇങ്ങോട്ട്. ആ വലിയ വീട്ടിൽ മോളെങ്ങനെ തനിച്ചു നിൽക്കും.. അമ്മ ചോദിച്ചപ്പോ അവള് പറയാണ്, അവള് ഇവിടെ കഴിഞ്ഞോളാന്ന്.. വിച്ചേട്ടന് ഇഷ്ടം ഇല്ലാതെ ഇവിടെ ഒരധികപ്പറ്റാവാൻ അവൾക്ക് വയ്യാത്രേ. മോനേ വിഷ്ണു.. അവള്.. അവള് നമ്മുടെ കുട്ടിയല്ലേടാ.. നിനക്കെപ്പഴാ മോനേ അവള് ശത്രു ആയത്. എനിക്ക് ഓർമ്മയുണ്ട്, നിനക്ക് എന്തിഷ്ട്ടായിരുന്നു ജാനിമോളെ.. ആ നീ തന്നെയാണോ വിച്ചാ അവളോടിങ്ങനെ.. മോനോട് അമ്മാവനോ അമ്മായിയോ എന്തെങ്കിലും പറഞ്ഞു പോയെങ്കിൽ നീ അമ്മയെ ഓർത്ത് ക്ഷമിക്കേടാ.. അവരൊന്നും ഇനി ഇല്ലല്ലോ വിച്ചാ… മരിച്ചവരോട് എന്തിനാ മോനേ ഇനീം വൈരാഗ്യം വയ്ക്കണേ.. ചെല്ല് മോനെ.. നീ ചെന്ന് വിളിച്ചാ മോള് വരും. നിനക്കൊരു ശല്യവും ആവാതെ ന്റെ കുട്ടി ഇവിടെ കഴിഞ്ഞോളും.. അമ്മേടെ മോനല്ലേ.. ചെന്ന് അവളെ ഇങ്ങ് കൊണ്ട് വാ.. “
എന്റെ നെഞ്ചിലേക്ക് വീണ് കിടന്ന് കരയുന്ന അമ്മയുടെ നെറുകിൽ ചുണ്ടമർത്തി
“ഞാൻ പോയി കൊണ്ട് വരാം അവളെ “
എന്ന് മാത്രം ഞാൻ പറഞ്ഞു
ബാക്കി ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…